Wednesday

നമുക്ക് ഏകപക്ഷ നിലപാടെടുക്കാം


എന്താണ് നമ്മുടെ രാജ്യത്ത് സംഭവിക്കേണ്ടത്. ഒരു രാജ്യത്തെ പൗരന്മാർ  എന്തൊക്കെയാണ് അവരെ ഭരിക്കുന്ന സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. എന്റെ നിലപാടിൽ ഇന്നുപരിശോധിക്കുന്നത് അതാണ്.

ഇന്ത്യയിൽ എന്തു സംഭവിക്കുന്നു ഇന്ത്യയിലെ സർക്കാരുകൾ ഇന്ത്യൻ ജനതക്ക് എന്തൊക്കെ നൽകുന്നു എന്നു പരിശോധിക്കുന്നതിനു മുമ്പ് ലോകത്ത് വേറെയും രാജ്യങ്ങളുണ്ടെന്ന് ഓർമ്മയിൽ കൊണ്ടുവരണം. ആ രാജ്യങ്ങളിലും രാജ്യം ഭരിക്കുന്ന സർക്കാരും പൗരബോധമുള്ള ജനങ്ങളും അധിവസിക്കുന്നുണ്ടെന്ന് ഉൾക്കൊള്ളണം.

ലോകത്ത് നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നു മാത്രമാണ് നമ്മുടെ രാജ്യമെന്നും, മറ്റു രാജ്യങ്ങളിലെ ജനങ്ങളെല്ലാം ജീവിക്കുന്നതുപോലെ നമ്മളും ഈ നൂറ്റാണ്ടിലാണു ജീവിക്കുന്നത് എന്നും ഉൾക്കൊണ്ടുകൊണ്ട്, തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യയിൽ എന്തു സംഭവിക്കണമെന്നും ഇന്ത്യക്കാർക്ക് ഭരണാധികാരികൾ എന്തൊക്കെ ചെയ്തുകൊടുക്കണമെന്നും ഒരു ഗവർമെന്റിന്റെ ഉത്തരവാദിത്വം എന്തൊക്കെയെന്നുമൊക്കെ ചിന്തിക്കേണ്ടത്.

രാജ്യത്തെ പൗരന്മാരുടെ സർവ്വോന്നമനവും രാഷ്ട്രപുരോഗതിയും ലക്ഷ്യമിട്ടുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു ഭരണകൂടവും ഭരണം നടത്തിയിട്ടില്ലെന്നതാണ് വാസ്തവം. അതതു സർക്കാരുകളുടെ കാമധേനുക്കളായ കോർപ്പറേറ്റുകൾക്കും സ്വന്തം പാർട്ടിക്കും സ്വന്തം കുടുംബാംഗങ്ങൾക്കും മാത്രം ഉപയോഗപ്പെടും വിധമാണ് ഇതുവരെ ഇന്ത്യയിൽ സർക്കാരുകൾ ഭരിച്ചിട്ടുള്ളത്, ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഓശാനപാടുന്നതിനും വഴികൾ വെടിപ്പാക്കുന്നതിനും ഉദ്യോഗസ്ഥ വിഭാഗത്തെ ഉപയോഗിക്കുന്നു.

അത് സംസ്ഥാന സർക്കാരുകളായാലും കേന്ദ്ര സർക്കാരുകളായാലും. അതിനു വേണ്ടിയുള്ള നിയമ നിർമ്മാണങ്ങളും ഭരണ പരിഷ്കാരങ്ങളും മാത്രമാണ് നാളിതുവരെ നടത്തിയിട്ടുള്ളതും. ഇന്ത്യയിലെ പൗരന്മാരുടേതെന്നു പറയാൻ ആകെയുള്ളത് ഇന്ത്യൻ ഭരണഘടന മാത്രമാണ്. അത് എങ്ങനെ വികലമാക്കാം എന്ന് ഗവർമെന്റുകൾ തന്നെ പരിശ്രമിക്കുന്നതും നമ്മൾ കാണുന്നുണ്ട്.

ഇന്ത്യക്കു സ്വതന്ത്രമായ ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ പോലും സാമ്പത്തികപരമായും സാംസ്കാരികപരമായും വിദ്യാഭ്യാസപരമായുമെല്ലാം അടുത്തെങ്ങും ഇന്ത്യക്കാർക്ക് എത്തിനോക്കാൻ പോലും കഴിയാത്തത്ര വളർന്നു കഴിഞ്ഞു. ഇന്ത്യൻ ജനത ലോകജനതക്ക് ഒപ്പമെത്തണമെങ്കിൽ ഇന്ത്യൻ ഭരണാധികാരികൾ ഇന്ത്യക്കു വേണ്ടി പണിയെടുക്കണം.

ലോകത്തെ രാജ്യങ്ങളിലെ ഭരണാധികാരികൾ തങ്ങളുടെ രാജ്യത്തെ പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉറപ്പുവരുത്തുകയും രാജ്യ പുരോഗതിക്കുവേണ്ടി നിയമനിർമ്മാണം നടത്തുകയും അവ നടപ്പിലാകുന്നതിന് അക്ഷീണം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മതവും, വിശ്വാസവും, തങ്ങൾ ഏതു പാർട്ടി, ഏതുകുലം എന്നതൊന്നും പൗരന്മാരുടെ വളർച്ചക്ക് തടസ്സമോ വളമോ ആകുന്നില്ല. രണ്ടും രണ്ടുവഴിക്കാണു നീങ്ങുന്നത്. രാജ്യത്തിന്റെ പുരോഗതിയുടെ കാര്യത്തിൽ ഭരണാധികാരികൾക്കും പൊതുജനത്തിനും അവിടങ്ങളിലെല്ലാം ഏകാഭിപ്രായമാണ്.

നമ്മുടെ പിടിയരികൊണ്ട് പട്ടിണിമാറ്റാൻ പരിശ്രമിച്ചിരുന്ന സമൂഹം പോലും നമ്മുടെ ഇന്നത്തെ അവസ്ഥ കണ്ട് പരിതപിക്കുകയാണ്. മതവും ആചാരങ്ങളും വിവിധ രാഷ്ട്രീയപ്പാർട്ടികളിലുള്ള വിശ്വാസങ്ങളുമൊന്നും രാഷ്ട്രപുരോഗതിക്കു തടസ്സമായിക്കൂടാ എന്ന് പഠിപ്പിക്കുന്നില്ല.

ആവശ്യത്തിനു വിദ്യാഭ്യാസമോ ജീവിത സാഹചര്യങ്ങളോ ഒരുക്കി ഈ നൂറ്റാണ്ടിലെ പൗരന്മാരായി ഉയർത്തിക്കൊണ്ടു വരുന്നതിനു പകരം അന്ധവിശ്വാസങ്ങളുടെയും അസമത്വത്തിന്റെയും അശാന്തിപടർത്തി വോട്ടുബാങ്കായി മാത്രം പൗരന്മാരെ തളച്ചിടുന്നു. അവർ സംസ്കാരസമ്പന്നരായി വളർന്നുവന്നാൽ തങ്ങളുടെ അധികാരം നഷ്ടപ്പെട്ടുപോകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം അവകാശമായ നാട്ടിൽ ബഹുഭൂരിപക്ഷത്തിന് വിദ്യാഭ്യാസപരമായ വളർച്ച നിഷേധിക്കുന്നു.

വിവിധ ഭാഷാ സംസ്കാരങ്ങളിൽ അധിവസിക്കുന്ന സമൂഹങ്ങളിൽ അശാന്തി പടർത്തുന്ന നിയമങ്ങൾ പ്രാവർത്തികമാക്കുന്നു. ലോകം ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ചിന്തിക്കുമ്പോൾ നമ്മൾ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഔഷധഗുണത്തെപ്പറ്റിയാന് ചർച്ചചെയ്തു തുടങ്ങുന്നത്. ഭരണാധികാരികൾ തന്നെ അതിനു നേതൃത്വം കൊടുക്കുന്നു. ലോകത്തിനു മുമ്പിൽ നമ്മുടെ ഭരണാധികളെയോർത്ത് അവരുടെ പ്രസ്താവനകളെയും പ്രവൃത്തികളെയും കുറിച്ചോർത്ത് നമുക്ക് തലകുനിക്കേണ്ടിവരുന്നു.

പൗരന്മാരുടെ സമാധാനപൂർണ്ണമുള്ള ജീവിതമോ, രാജ്യത്ത് ലോക പുരോഗതിക്ക് അനുസരിച്ചുള്ള വളർച്ച സൃഷ്ടിക്കലോ, അതിനുവേണ്ടി നിയമങ്ങൾ നടപ്പിലാക്കുകയോ ചെയ്യുന്നില്ല. ഓരോ നിയമങ്ങളും പൗരന്മാരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ അവസാനമായി ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ അതിന് ഒരുദാഹരണം മാത്രം.

 രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയപ്പാർട്ടികളെല്ലാം തങ്ങളുടെ പാർട്ടി വളരുന്നതിനും അധികാരം സ്ഥാപിക്കുന്നതിനും വേണ്ടി മാത്രമാണു പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. അതിനു വേണ്ടി മാത്രം പ്രത്യേക അജണ്ടകൾക്കു രൂപം കൊടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അവ വിളിച്ചു പറയാതിരിക്കാനും അവയ്ക്കെ നേരേ പ്രതികരിക്കാതിരിക്കാനും അധികാരികൾ നൽകുന്ന അപ്പക്കഷണം പോലെ ജനങ്ങളിലേക്ക് ഇടക്കിടെ ചിലത് എറിഞ്ഞുകൊടുക്കുന്നു. ചിന്താശേഷിയില്ലാത്ത അണികൾ അതൊരു മഹാ സംഭവമാക്കി ആഘോഷിക്കുകയും ചെയ്യുന്നു.

സാംസ്കാരികവും സാമൂഹികവും ആയി വളർച്ച പ്രാപിക്കാതെ രാഷ്ട്രപുരോഗതിയുണ്ടാവില്ലെന്ന് ആലോചിക്കാനോ ഭാവനയിൽ കാണാനോ പോലും കഴിവില്ലാത്ത, പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവരെ നേതാക്കളായി തെരഞ്ഞെടുക്കുമ്പോൾ, അവർ നമ്മെ ഭരിക്കുമ്പോൾ അവരിൽ നിന്ന് നമ്മൾ പിന്നെ എന്താണു പ്രതീക്ഷിക്കേണ്ടത്?

ഇപ്പോഴത്തെ നിലയിൽ, ജനങ്ങൾ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ രാജ്യവും അതിലെ ജനജീവിതവും അധികം വൈകാതെ പൂർണ്ണമായും അശാന്തിയുടെ വിളനിലമാവുകയും നശിച്ചുപോവുകയും ചെയ്യും. ഈ രാജ്യത്തെ രക്ഷപെടുത്താൻ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം ഒരുപക്ഷേ വേണ്ടിവന്നേക്കും. അതിന് രാജ്യത്തെ പൗരന്മാർ വിദ്യാഭ്യാസപരമായി വളരണം, ലോകം ജീവിക്കുന്ന അതേ നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും പുരോഗതികളും തങ്ങൾക്കും യഥാകാലം അനുഭവിക്കണമെന്ന് ആഗ്രഹിക്കണം.

 അതിനുവേണ്ടി കളമൊരുക്കാനും പ്രവർത്തിക്കാനുമാണ് തങ്ങളുടെ പ്രതിനിധികളെ ഭരണമേൽപ്പിക്കുന്നതെന്ന് തിരിച്ചറിയണം. അവർ അതു ചെയ്യുന്നില്ലെങ്കിൽ അവർക്കെതിരേ ശബ്ദിക്കാൻ നമുക്കുതന്നെ നാവുയരണം. ജനങ്ങളെ തങ്ങൾക്കിഷ്ടമുള്ള വിധം ഭരിക്കാനുള്ള അധികാരമായാണ് ഇന്ന് ഭരണാധികാരികൾ തങ്ങളുടെ പദവിയെ ഉപയോഗിക്കുന്നത്.

അതിനു പകരം നമ്മുടെ രാജ്യത്തെ ലോക നിലവാരത്തിലെത്തിക്കുന്നതിനും പൗരന്മാരെ സമകാലികരായി ജീവിക്കാൻ അവസരമൊരുക്കുന്നതിനും രാജ്യത്തെ പ്രാപ്തമാക്കുകയായിരുന്നു അവർ ചെയ്യേണ്ടത്. അത് ഇനിയെങ്കിലും നമ്മെ ഭരിക്കുന്നവരോട് നമ്മൾ പറഞ്ഞുകൊടുക്കണം. നമ്മൾ വോട്ടുകൊടുത്ത് തെരഞ്ഞെടുത്ത് അധികാരം ഏറ്റുവാങ്ങിയവരാണവർ. അവർക്ക് മനസ്സിലാവുന്നില്ലെങ്കിൽ അധികാരക്കസേരകളിൽ നിന്നും നമ്മുടെ മനസ്സുകളിൽ നിന്നും പടിയിറക്കിവിടണം.

Monday

കേരള ജനതയെ കൂട്ടക്കൊല ചെയ്യരുത്

 


ഒരാറുമാസം കഴിയുമ്പോൾ നമ്മുടെ നാട്ടിലെ സാധാരണക്കാർ കൂട്ടമായി ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞാൽ ഒരുപക്ഷേ എന്നെ കളിയാക്കുമായിരിക്കും. പക്ഷേ അതാണു സംഭവിക്കാൻ പോകുന്നത്.

അൽപ്പം പോലും ദീർഘവീക്ഷണമോ സ്വന്തം ആലോചനാ ശേഷിയോ ഉപയോഗപ്പെടുത്താതെ സമൂഹത്തിലെ ആരോഗ്യ സാമൂഹ്യ വിചക്ഷണന്മാർ ചൊല്ലിക്കൊടുക്കുന്ന മന്ത്രങ്ങൾ അപ്പടി നടപ്പിലാക്കുമ്പോൾ അത് സമൂഹത്തെ എങ്ങനെയാണു സ്വാധീനിച്ചും സമൂഹം അനുഭവിച്ചും കൊണ്ടിരിക്കുന്നതുകൂടി നടപ്പിലാക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്.

മറ്റുള്ളവരുടെ ബിൽഡിംഗുകളോ അല്ലെങ്കിൽ അവയിൽ ഏതാനും കടമുറികളോ അല്ലെങ്കിൽ ഒന്നോരണ്ടോ റൂമുകളെങ്കിലും വാടകക്കെടുത്തുകൊണ്ട് ലോണെടുക്കുകയോ പണയം വെക്കുകയോ പലിശക്കു കടം വാങ്ങിയോ ഒക്കെ ഉപജീവനത്തിനു മാർഗ്ഗം തേടിയവരാണ് സാധാരണക്കാർ.

എന്തിന്റെ പേരിലായാലും ആ മാർഗ്ഗങ്ങൾ മാസങ്ങൾ അടഞ്ഞുകിടക്കുമ്പോൾ സ്വന്തം വരുമാനം നിലക്കുക മാത്രമല്ല ചെയ്യുന്നത്. ഭീമമായ വാടകക്കുടിശ്ശിഖ എന്ന ബാധ്യതക്കുപുറമേ ഇതര ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള ബാധ്യതകൂടി പിന്നീട് പരിഹരിക്കാൻ കഴിയാത്ത വിധം പെരുകിവരുന്നുണ്ട്. ബിൽഡിംഗ് ഓണറെ സംബന്ധിച്ചിടത്തോളം വാടക ആവശ്യമാണ്. കച്ചവടക്കാരന്റെ സൗകര്യവും സാഹചര്യവും നോക്കിയല്ല ഇവിടുത്തെ വാടക സംവിധാനം നിലനിൽക്കുന്നത്. വാടക മുടങ്ങുമ്പോൾ സ്വാഭാവികമായും സ്ഥാപനം ഒഴിഞ്ഞുകൊടുക്കാൻ അവർ ആവശ്യപ്പെടും.

കൂടുതൽ വാടകൊടുത്തെടുക്കാൻ ആൾക്കാർ ക്യൂ നിൽക്കുന്നുണ്ട്. അവയെല്ലാം തുടങ്ങി എത്രകാലം നിലനിൽക്കുന്നു എന്നത് വേറേകാര്യം. ചെറിയ ആശ്വാസമെന്നു തോന്നിപ്പിക്കുന്ന താൽക്കാലിക നിലപാടുകൾക്കൊന്നും ഈ പ്രതിസന്ധി യെ പരിഹരിക്കാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. അങ്ങനെ ഒഴിയേണ്ട സാഹചര്യം ഉണ്ടാവുമ്പോൾ വീണ്ടും പലിശക്കെടുത്തോ ലോണെടുത്തോ കുടിശ്ശിഖ തീർത്ത് സ്ഥാപനം നിലനിർത്താൻ ശ്രമിക്കും. കാരണം അത്രത്തോള ചെലവാക്കിയായിരിക്കും തന്റെ വ്യാപാര സ്ഥാപനം ഓരോരുത്തരും സ്ഥാപിച്ചിട്ടുണ്ടാവുക.

മാത്രമല്ല തന്റെ ഭീമമായ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനുള്ള സാധ്യതയായി ഓരോ കച്ചവടക്കാരനും കരുതുന്നത് തന്റെ പ്രതീക്ഷയായ വ്യാപാര സ്ഥാപനത്തെത്തന്നെയാണ്. അത് വലുതായാലും ചെറുതായാലും. ബാധ്യതകൾ അതിനൊപ്പിച്ച അളവുകളിലായിരിക്കുമെന്നു മാത്രം. സമൂഹത്തിലെ സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്നവരും സർക്കാർ ജോലിക്കാരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഇത്തരം പ്രതിസന്ധികൾ തീരെയോ അല്ലെങ്കിൽ വേണ്ടത്രയോ അനുഭവിക്കുന്നവരല്ല.

അന്നന്നു ജോലിചെയ്തു വിശപ്പടക്കുന്നവർക്കും അവർക്കു കിട്ടുന്ന സഹായങ്ങളോ സൗജന്യ റേഷനോ ഒക്കെ കൊണ്ട് ഈ സാഹചരത്തെ അതിജീവിക്കാൻ പറ്റും. കാരണം നേരത്തേ പറഞ്ഞ ബാധ്യത അവരെ ബാധിക്കുന്നില്ല. പക്ഷേ സാധാരണക്കാരുടെയും കച്ചവടക്കാരായ ഇടത്തട്ടുകാരുടെയും സ്ഥിതി അതല്ല. എങ്ങനെ ഈ പ്രതിസന്ധിയെ അതിജീവിക്കും എന്ന അങ്കലാപ്പിലാണ് അവർ ജീവിക്കുന്നത്. കച്ചവടരംഗത്ത് വലിയ പ്രതിസന്ധികൂടിയാണു വരാൻ പോകുന്നത്. ഇപ്പോഴത്തെ എല്ലാ സാഹചരങ്ങളും ഓൺലൈൻ കുത്തകകളെ മാത്രമേ സഹായിക്കുന്നുള്ളൂ.

ജപ്തിനോട്ടീസായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സ്ഥാപനം ഒഴിവാകാനായി ബിൽഡിംഗ് ഓണർമാരിൽ നിന്നും ഭീഷണി വരുമ്പോൾ ജീവിതം വഴിമുട്ടുമെന്നറിയുന്ന ഏതൊരു സാധാരണക്കാരനും പകച്ചുപോകും. മുന്നിൽ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ കഴിയാതെ വരുന്ന സാഹചര്യമുണ്ടാകുമ്പോൾ കൂട്ടത്തോടെ കയറെടുക്കുന്ന സാഹചര്യം വരും.

 ഒന്നാം ലോക്ഡൗൺ കാലത്തിനു ശേഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ കണ്ടതാണ് കടയുടമ കനിഞ്ഞാലും മേൽവാടകക്കാരൻ കനിയാത്തതുകൊണ്ട് കടയൊഴിയേണ്ടി വന്നതും ഉള്ള കിടപ്പാടം വിറ്റ് കടം തീർത്ത് വാടക വീട്ടിലേക്കു മാറേണ്ടി വന്നതുമെല്ലാം നാം കണ്ട ജീവിത യാഥാർത്ഥ്യങ്ങളാണ്. നമ്മുടെ ഭരണകൂടങ്ങളും അവർ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ വിഭാഗവും ഈ അവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്. 

അടിയന്തിരമായി എല്ലാ രീതിയിലും ലോക്ഡൗൺ നിർത്തി ജനജീവിതം സാധാരണ നിലയിൽ കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്. മാസ്കും സാനിറ്റൈസറും സാമൂഹ്യ അകലവും ഇപ്പോഴത്തെ സാഹചര്യം പോലെ തുടരുകയും, ആവശ്യത്തിനല്ലാതെ പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടികളെടുക്കുകയും ചെയ്താൽ ഇപ്പോൾ ഉദ്ദേശിക്കുന്നതുപോലെ തന്നെ കൊറോണയെ പിടിച്ചുകെട്ടാൻ സാധിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ ഇനി വരാൻ പോകുന്ന ദുരന്തത്തെ നമുക്ക് മറികടക്കാനും സാധിക്കും.

അശാസ്ത്രീയ ലോക്ഡൗണുകളും സ്ഥാപനങ്ങൾ തുറക്കുന്ന സമയക്കുറവും നിയന്ത്രണങ്ങളും സ്ഥാപനങ്ങളുടെ മുമ്പിൽ വലിയ ജനക്കൂട്ടത്തെ സൃഷ്ടിക്കുകയാണിപ്പോൾ. ദിവസം മുഴുവൻ തുറന്നിരുന്നാൽ അല്ലെങ്കിൽ കൂടുതൽ സമയം തുറന്നിരുന്നാൽ എല്ലായിടത്തും തിരക്ക് ഒഴിവാവുകയായിരിക്കും ചെയ്യുക.

 ഇത്രയും കാലം ലോക്ഡൗൺ ഏർപ്പെടുത്തിയിട്ട് എന്തു സംഭവിച്ചു എന്നു ചിന്തിക്കാനും മനസ്സിലാക്കാനും ഭരണകൂടവും ഉദ്യോഗസ്ഥ വിഭാഗവും ആലോചിച്ചേ മതിയാവൂ. അതല്ല ഉള്ള അവസരം മുതലെടുത്തുകൊണ്ട് സാധാരണക്കാരുടെ ഉള്ളകാശും കൂടി പിടിച്ചു പറിച്ച് കൊള്ളയടിച്ച് ഖജനാവു നിറക്കാനാണ് ഇപ്പോഴത്തെ ഈ നടപടികളെങ്കിൽ കഷ്ടമെന്നേ പറയാനുള്ളൂ. ഇവിടെ ജീവിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ ഗതികേട്.

വ്യാപാരികൾ ഇപ്പോൾ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് ലോക്ഡൗൺ വിജയിപ്പിക്കുന്നത്, ഗതികേടുകൊണ്ടാണെന്നും ഉദ്യോഗസ്ഥ നിയമ വിഭാഗങ്ങൾ ചുമത്താൻ സാധ്യതയുള്ള വൻ സാമ്പത്തിക ഭാരവും അപമാനവും താങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണെന്നുകൂടി മനസ്സിലാക്കുന്നതു നല്ലത്. കാരണം ഇപ്പോൾ കൊറോണയെക്കാൾ അത്രത്തോളം ഭീകരമാണ് സാധാരണക്കാരന്റെ ജീവിത സാഹചര്യം.

ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. ചിന്തിക്കുന്നവനു മാത്രം....


Popular Posts

Recent Posts

Blog Archive