Tuesday

തൃക്കാക്കരയിലെ വണ്ടിതള്ളലും ഉപതെരഞ്ഞെടുപ്പും...

  ഫേസ്‌ബുക്ക് വാട്സാപ്പ് മുതലായവയുടെ തള്ളലിൽ ബ്ലോഗ് അൽപ്പം പിന്നോട്ടു പോയെന്നു പരിതപിക്കുമ്പോഴും ഒരു റഫറൻസ് പോലെ എളുപ്പത്തിൽ തപ്പിയെടുക്കാൻ കഴിയുന്നതും ഭാവിയിൽ നൊസ്റ്റാൾജിയ പോലെ വായിച്ച ആസ്വദിക്കാൻ കഴിയുന്നതും ബ്ലോഗ് ആയതുകൊണ്ടുതന്നെ ഈ കുറിപ്പും ബ്ലോഗിലാകാമെന്നു വച്ചു.

  തൃക്കാക്കര ഇലക്ഷന്റെ ചൂടിന്റെ നടുവിലൂടെയാണു യാത്ര. എന്നോടൊപ്പം പ്രിയ സുഹൃത്ത് ബി.ടി.വി. ലബീബ്, ഫ്രെയും 24 ചെയർമാൻ ബിനു വണ്ടൂർ എന്നിവരുമുണ്ട്. ഇടക്ക് വികസനങ്ങൾക്കു പേരുകേട്ട 20 ട്വന്റിയുടെ കിഴക്കമ്പലം നാട്ടിലൂടെയും സഞ്ചരിച്ചു. കിഴക്കമ്പലത്തിന്റെ എല്ലാ മേഖലകളിലും ഒരു പോപോലെ സമൃദ്ധിയെത്തിയിട്ടുണ്ടാവും എന്ന എന്റെ മുൻകാല കാഴ്ചപ്പാടുകളെ നിരാശയിലാക്കും വിധം കുണ്ടും കുഴിയും നിറഞ്ഞതും സാധാരണ നാട്ടും പുറം പോലെയുള്ള റോഡുകളുമാണ് എനിക്കു കാണാൻ കഴിഞ്ഞത്. മറ്റു ചില മേഖലകളിൽ ശരിയായി കാര്യങ്ങൾ എത്തിയിട്ടുണ്ടാവാം.

  സിനിമാ മേഖലയിലെ ചിലരെ കാണാനാണു യാത്ര, ഒപ്പം ചില രാഷ്ട്രീയ നേതാക്കളെയും. അത് ആദ്യം എത്തി നിന്നത് നിർമ്മാതാവും സിനിമയുടെ ശക്തനായ പിന്നണിക്കാരനുമായ അലിക്കയുടെ അടുത്താണ്. ഇന്ദ്രൻസ് എന്ന നടന് ഒരു ബ്രേക് ത്രൂ സമ്മാനിക്കുന്നതിൽ പ്രധാനി. ഏറെ നേരം സംസാരിക്കുകയും ഒരു സൗഹൃദച്ചായ കുടിക്കുകയും ചെയ്ത ശേഷം താൽക്കാലികമായി ഞങ്ങൾ പിരിഞ്ഞു. അടുത്ത ദിവസം വീണ്ടും തമ്മിൽ കാണുകയും ചെറിയ ചില യാത്രകളും അനിവാര്യമായ ചില കൂടിക്കാഴ്ചകളും നടത്തുകയും ചെയ്തു.

അലിക്കയും ഞാനും

  അക്കാർഡിയ ഹോട്ടലിൽ നിന്ന് ഇന്നും എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സഞ്ചരിക്കുകയാണ്. നേരേ പോയത് വീണ്ടും അലിക്കായുടെ അടുത്തേക്കാണ്. ഇന്ന് തിരക്കിട്ട ചില കാര്യങ്ങൾ തീർക്കേണ്ടതുണ്ട്. അലിക്കായെയും കൂട്ടി നേരേ ഷെരീഫിന്റെ അടുത്തേക്ക്. എം‌പി ബന്നി ബഹനാനോട് അടുത്ത വ്യക്തിയാണ് ഷെരീഫ് ബന്നിബഹനാനെ കാണുകയാണു ലക്ഷ്യം. 

ഷെരീഫും ഞാനും

 കാത്തിരിപ്പിനു വിരാമമിട്ട് ശ്രീ ബന്നി ബഹനാൻ എത്തി. എറണാകുളത്തെ ചില പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരക്കിനിടയിലാണ് ഞങ്ങൾക്കു വേണ്ടി അല്പസമയം ചെലവഴിച്ചത്. ഞങ്ങൾ ഉദ്ദേശിച്ച വിഷയങ്ങളും അല്പം ഇലക്ഷൻ കാര്യങ്ങളും അദ്ദേഹവുമായി സംസാരിച്ചതിനു ശേഷം ഞങ്ങൾ അവിടെനിന്ന് യാത്രയായി.

MP ബന്നി ബഹനാൻ, അലിക്ക, ഷെരീഫ്

 അലിക്ക ഞങ്ങളോട് യാത്രപിറഞ്ഞു പിരിഞ്ഞു. ഇനി മന്ത്രി പി, രാജീവിനെ കാണാനുള്ള ശ്രമമാണ്. എറണാകുളത്തെ സി പി എം ഓഫീസിലെത്തിയെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ ഓഫീസിൽ കാര്യങ്ങൾ ധരിപ്പിച്ച് ഞങ്ങൾ ഹോട്ടലിലേക്കു മടങ്ങി. 

ബിജു ചാലക്കുടിയും ഷിഹാബും

രാവിലേതന്നെ ഷിഹാബ് ഞങ്ങളോടൊപ്പം ചേർന്നു. ഇന്നത്തെ ലക്ഷ്യം സ്ഥലം എം എൽ എയും അജ്മൽ ബിസ്മിയും നിർമ്മാതാവ് ബാദുഷയുമടക്കം ചിലരെ കാണുക എന്നതാണ്. ഇതിനിടയിൽ ചാലക്കുടിയിൽ നിന്നു വന്ന് ബിജുവും ഞങ്ങളോടൊപ്പം ചേർന്നു. അജ്മൽ ബിസ്മിയുടെ ഓഫീസ് സന്ദർശനവും കഴിഞ്ഞ് നാടൻ ഭക്ഷണവും കഴിച്ച് നേരേ ബാദുഷായെ കാണാൻ പോയി.

നിർമ്മാതാവ് ബാദുഷ

വഴിതെറ്റി അദ്ദേഹത്തിന്റെ വർക്ക് സൈറ്റിലേക്കാണ് എത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ ഓഫീസിലെത്തി. ഓഫീസിൽ തന്നെ ഒരു പ്രൊജക്ടറും സ്ക്രീനും ഒരു മ്യൂസിക് കീബോർഡും സെറ്റു ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വീകരണവും പൂർണ്ണ സഹകരണവും ഞങ്ങൾക്കു കിട്ടി.

 അദ്ദേഹത്തിന്റെ സഹായിയും ഒപ്പമുണ്ടായിരുന്നു. എല്ലാവരും ബാദുഷയുമായുള്ള ഫോട്ടോയെടുക്കലിൽ വ്യാപൃതരായപ്പോൾ അദ്ദേഹത്തിന്റെ സഹായിയെക്കൂടി ഞാൻ ഫ്രെയിമിലാക്കി അവിടെ നിന്നു യാത്രതിരിച്ചു. തുടർന്ന് ഒരു സ്വകാര്യ വിസിറ്റിന്റെ ഊഴമായിരുന്നു. അതിനു വേണ്ടി ലബീബും ബിനുവും ഷിഹാബും പോയപ്പോൾ ഞാനും ബിജു ചാലക്കുടിയും കാർ പാർക്കിൽ വിശ്രമിച്ചു.

ഏസി ഓണാക്കാൻ വണ്ടി സ്റ്റാർട്ടു ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരുതരത്തിലും വണ്ടി സ്റ്റാർട്ടാവുന്നില്ല. ഒടുവിൽ വണ്ടി തള്ളുന്ന ജോലി പാവം സിനിമാനടന്റെ തലയിലായി. തുടർന്ന് അവിടെയെത്തിയ മറ്റൊരാളുടെ സഹായത്തോടെ വണ്ടി സ്റ്റാർട്ടാക്കി. പിന്നെ ഹോട്ടലിലെത്തുവോളം ഓഫാക്കിയില്ലെന്നതാണു സത്യം.

 ഇതിനിടയിൽ തൃക്കാക്കര ഇലക്ഷൻ അവലോകനങ്ങളും ഞങ്ങൾ നടത്തുന്നുണ്ടായിരുന്നു. കുന്നത്തുനാടുൾപ്പടെ തൃക്കാക്കരയുടെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഞങ്ങൾ ഇലക്ഷനു വേണ്ടിയല്ലെങ്കിലും യാത്ര നടത്തി. ആ യാത്രകളും വിവിധ രാഷ്ട്രീയ നേതാക്കളും അണികളുമായുള്ള ക്ഷണ നേരത്തേക്കെങ്കിലുമുള്ള സംസർഗ്ഗവും ഞാനും ബിജുവുമടക്കമുള്ളവരുടെ വിലയിരുത്തലുകളും ഒരു പ്രവചനത്തിനു പ്രേരിപ്പിക്കുന്നു.

  ഒരു രാഷ്ട്രീയപ്പാർട്ടിയോടും പ്രത്യേകിച്ച് അനുഭാവമില്ലെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യൂ.ഡി.എഫ് സ്ഥാനാർത്ഥി ഉമാതോമസ് പതിനായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് എന്റെ വിലയിരുത്തൽ.

  ഒരുപക്ഷേ എന്റെ തോന്നലാവാം. യാതൊരു മുൻകാഴ്ചപ്പാടുകളുമില്ലാതെ അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രം പറയുന്നതുകൊണ്ടും രാഷ്ട്രീയമായ വകതിരിവുകളില്ലാത്തതുകൊണ്ടും ഈ പ്രവചനം ഒരു അഹങ്കാരമായതാവാം അബദ്ധവുമാവാം. എന്നാലും ബ്ലോഗുവായന മരവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അധികമാരും പൊങ്കാലയിടാൻ വരില്ല എന്ന സമാധാനത്തോടെ എഴുതിയിടുന്നു എന്നു മാത്രം.

ഇന്നുതന്നെ അക്കാർഡിയയിൽ നിന്നു യാത്രതിരിക്കണം, അതിനുവേണ്ടി ബാഗൊരുക്കുകയാണ്. കാർ സ്റ്റാർട്ടാവുമെന്നുതന്നെ പ്രതീക്ഷിക്കാം...

Popular Posts

Recent Posts

Blog Archive