Sunday

നിലവിളക്ക് കൊളുത്തൽ ഹറാമോ ഹലാലോ...



 മുസ്ലീങ്ങൾക്ക് നിലവിളക്കു കൊളുത്താമോ എന്നതിലുള്ള തർക്കം കുറച്ചുനാളായി തുടങ്ങിയിട്ട്. മുസ്ലിം ലീഗിന്റെ ഇക്കാര്യത്തിലെ നിലപാടു വ്യക്തമാക്കണമെന്ന് ശ്രീ കെ ടി ജലീൽ നിയമസഭയിൽ ആവശ്യപ്പെടുന്നതും കണ്ടു. ഇങ്ങനെ ഒരു മണ്ടൻ ചോദ്യം ജലീൽ നിയമസഭയിൽ വച്ച് “ലീഗിനോട് ചോദിക്കുമെന്ന് സ്വപ്‌നേപി വിചാരിച്ചതല്ല. കള്ളുകുടിക്കുന്നതു കൂടി ചേർത്തു ചോദിച്ചിരുന്നുവെങ്കിൽ അല്പം ആശ്വാസമുണ്ടായേനേ.

  ജലീലിന്റെ ചോദ്യത്തിന്റെ മറുപടി മുസ്ലിം ലീഗിൽ നിന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷ വേണ്ട. അതിനു മറുപടി പറഞ്ഞാൽ ലീഗിൽ പിന്നെ ബാക്കിയാവുക വിരലിലെണ്ണാവുന്ന അണികളായിരിക്കും. അവർക്കുവേണ്ടിയല്ലെങ്കിലും ഒരു മറുപടി പറയേണ്ടത് ഒരു വിശ്വാസിയെന്ന നിലയിൽ എന്റെ കടമയാണെന്നു തോന്നി. വിശ്വാസികൾ, വിശ്വാസത്തിൽ മായം കലർത്തിയവർ, തീരെ വിശ്വാസമില്ലാത്തവർ എന്നിങ്ങനെ മൂന്നുവിധത്തിൽ മുസ്ലീങ്ങളെ ഇക്കാര്യത്തിൽ ഞാൻ തിരിക്കുകയാണ്. നമുക്ക് അതുവച്ചുതന്നെ തുടങ്ങാം. ഈ കുറിപ്പ് എന്റെ മാത്രം അഭിപ്രായമാണ്, അതുകൊണ്ടുതന്നെ വാലിട്ടു കെട്ടിയവരും വാലിടാതെ കെട്ടുന്നവരും തീരെ കെട്ടാത്തവരും ദയവായി ഇത് ഇസ്ലാമിലെ വിധിയായി കരുതുകയോ എന്നെ ചേകന്നൂരാക്കുകയോ ചെയ്യരുത്.

വിശ്വാസികൾ

 സ്രഷ്ടാവായ ദൈവത്തിൽ മാത്രമാണ് ആരാധന. ഖുർആൻ സത്യ വേദഗ്രന്ഥമായും മുഹമ്മദ് അന്തിമ നബിയായും വിശ്വസിക്കുന്നു. ആരാധനാക്രമങ്ങളിൽ എവിടേയും നിലവിളക്ക് കൊളുത്തേണ്ടി വരുന്നില്ല എന്നതിനാൽ അത് വിശ്വാസികളുടെ ആരാധനയല്ല. നിലവിളക്ക് കൊളുത്തൽ ഒരാരാധനയായി വിശ്വാസികൾക്ക് തോന്നുന്നില്ല. മറ്റെല്ലാ പ്രവൃത്തികളെയും പോലെ നിലവിളക്ക് കൊളുത്തലും ഒരു സാധാരണ പ്രവൃത്തി മാത്രമാണ്. സാധാരണ പ്രവൃത്തികളിൽ നല്ലതും ചീത്തയും ഉണ്ടാവും. മാനസികവും ശാരീരികവുമായി അവനവനെയും മറ്റു വ്യക്തികളെയും ഈ ലോകത്തെയും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കുകയോ നശിപ്പിക്കുകയോ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോകുന്നതോ ആണ് പാപമായി കണക്കാക്കുന്നത്. ആരാധനയുടെ ഭാഗമല്ലാതെ സദുദ്ദേശപൂർവ്വം ചെയ്യുന്ന നിലവിളക്കു കൊളുത്തൽ പാപമല്ല. അതു ചെയ്യുന്നതിൽ കുറ്റവുമില്ല.

വിശ്വാസത്തിൽ മായം കലർത്തിയവർ

 സ്രഷ്ടാവായ ദൈവത്തിൽ മാത്രമാണ് ആരാധനയെന്നും ഖുർആൻ സത്യ വേദഗ്രന്ഥമായും മുഹമ്മദ് അന്തിമ നബിയായും വിശ്വസിക്കുന്നുവെന്നും പ്രഘോഷിച്ചു നടക്കുന്നു. അവനവന്റെ പാപങ്ങളും തെറ്റുകളും തന്റെ സ്രഷ്ടാവായ ദൈവത്തിനോട് സമ്മതിച്ച് പാപമോചനം തേടുന്നതിൽ ഭയപ്പെടുന്നവരാണ് ഇക്കൂട്ടർ. ഏകനായ ദൈവത്തെ മാത്രം ആരാധിക്കണമെന്നും അവനോടുമാത്രം തേടണമെന്നും തങ്ങളുടെ ജീവിതരീതികൊണ്ട് പഠിപ്പിച്ച് മരിച്ചുപോയ മനുഷ്യരോടാണ് ഇവർ കൂടുതലും പ്രാർത്ഥിക്കുന്നത്. ദൈവത്തോട് പ്രാർത്ഥിക്കുമ്പോഴും മരണപ്പെട്ടുപോയ മയാന്മാരെ പങ്കുചേർക്കാൻ ഇവർ മറക്കുന്നില്ല. ഖബറുകളിലും മറ്റും നിലവിളക്കു കത്തിച്ചും അല്ലാതെയും ഇവർ ആരാധന നടത്തുന്നതിനാൽ ഒരു തരത്തിലും നിലവിളക്ക് കത്തിക്കുന്നത് പാപമല്ല. നിലവിളക്കു കത്തിച്ച് ഉദ്ഘാടനം നടത്തുന്നത് ഹറാമാണെന്ന് വിളിച്ചുപറയുന്നതിൽ ഭൂരിഭാഗവും ഇക്കൂട്ടരാണ്.

തീരെ വിശ്വാസമില്ലാത്തവർ

  മുസ്ലീം നാമങ്ങൾ മാത്രമാണ് ഇവർ മുസ്ലീമാണെന്ന് സൂചിപ്പിക്കുന്നത്. ആരും അറിയില്ലെന്നുറപ്പിച്ചാൽ കള്ളുകുടി, പെണ്ണുപിടി, ചീട്ടുകളി തുടങ്ങി സകല തോന്ന്യാസങ്ങളും ചെയ്യും. മുസ്ലീങ്ങളുടെ വക്താക്കളായി പ്രസ്താവനകൾ പടച്ചുവിടുന്നതിൽ ഭൂരിഭാഗവും ഇതിൽപ്പെടും. തങ്ങൾ വിശ്വാസികളാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ പരമാവദി ശ്രമിച്ചുകൊണ്ടിരിക്കും. ഇവരെ സംബന്ധിച്ചിടത്തോളം നിലവിളക്ക് കൊളുത്തൽ ഹറാമാണ്, പരിഹാരമില്ലാത്ത പാപമാണ്.


 മേൽ വിശദീകരിച്ച മൂന്നു വിഭാഗങ്ങളിൽ രണ്ടും മൂന്നും ഭാഗങ്ങളിൽ നിന്നുള്ളവരാണ് മുസ്ലിം ലീഗിൽ കൂടുതലുള്ളത്. ഒന്നമത്തെ വിഭാഗത്തിൽ പെട്ടവർ ലീഗിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ഭരണ നിയന്ത്രണം നടത്താൻ തക്ക പദവി ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടാണ് നിലവിളക്കു കൊളുത്തലിലെ മുസ്ലിം വിധിയെ ലീഗിൽ ചോദിച്ചത് മണ്ടത്തരമെന്നു പറഞ്ഞത്. മുസ്ലിം ലീഗ് ഇതിൽ ഏതു വിഭാഗത്തിൽപ്പെടും എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്.

  1 comment:

  1. നിലവിട്ടുപോയ വിളക്കുകള്‍

    ReplyDelete

Popular Posts

Recent Posts

Blog Archive