ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും
ഇന്ത്യയിലെ പതിനഞ്ചു ശതമാനത്തിൽ തഴെവരുന്ന വിശേഷണങ്ങൾക്കതീതമായ സമ്പന്നന്മാരായ ഭരണകർത്താക്കളുൾപ്പടെയുള്ളവർക്കു വേണ്ടി ബാക്കി എൺപത്തഞ്ചിലധികം ശതമാനം ജനങ്ങളെ കുരുതികൊടുക്കാനുള്ള തീരുമാനമെടുത്ത് നടപ്പിലാക്കിത്തുടങ്ങിയിട്ടും ഇരകളായ എൺപത്തഞ്ചു ശതമാനത്തിന്റെയും സംരക്ഷകരെന്നു നടിക്കുന്ന (നായ്ക്കളെന്നു വിളിച്ചാൽ നായകൾക്കു നാണക്കേടാവുമെന്നതിനാൽ അങ്ങനെ വിളിക്കുന്നില്ല) ഇന്ത്യയിലെ രാഷ്ട്രീയ മുതലാളിമാർ പേരിനെങ്കിലും ഒറ്റപ്പെട്ട ഒരു പ്രതിഷേധം ആത്മാർത്ഥമായി നടത്താതിരിക്കുന്നതു കാണുമ്പോൾ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത് ഏറ്റവും വലിയ കൊടും വിപത്തായി ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ "വികസിക്കാത്ത" മനസ്സുകളിൽ തോന്നിത്തുടങ്ങിയാൽ ഒരുതരത്തിലും അവരെ കുറ്റപ്പെടുത്താൻ പറ്റുമെന്നു തോന്നുന്നില്ല.
ഇന്ത്യൻഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവുമുൾപ്പടെയുള്ള ഇന്ത്യയിലെ "എണ്ണക്കമ്പനികൾ"ക്ക് നാളിതുവരെയും ഒരു നഷ്ടവും സഹിക്കേണ്ടിവന്നിട്ടില്ലെന്നു മാത്രമല്ല അനിയന്ത്രിതമായ അമിതലാഭത്തിലാണു പ്രവർത്തിക്കുന്നതെന്ന് രാജ്യത്തെ ചിന്തിക്കുന്ന ഏതൊരുത്തനും മനസ്സിലാവും. വർഷങ്ങളായി നഷ്ടത്തിലെന്നു പറയുന്നതുതന്നെ അവരുടെ ലാഭക്കണക്കുകളെ അവരുടെ നിലനില്പുതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏതു കമ്പനിക്കാണ് നഷ്ടം സഹിച്ച് മുന്നോട്ടു പോകാൻ കഴിയുക? ഒന്നോരണ്ടോ മാസം ചിലപ്പോൾ കടം വാങ്ങി മുന്നോട്ടു പോകാൻ കഴിഞ്ഞേക്കും. അതിനു ശേഷവും കമ്പനി നിലനിൽക്കുന്നുണ്ടെങ്കിൽ ലാഭമില്ലാതെയല്ലെന്നു മാത്രമേ കരുതാൻ കഴിയൂ. വർഷങ്ങളായി നഷ്ടക്കണക്കുകൾ പറയുന്നവരുടെ ദൈനംദിന ചെലവുകളുടെ തുക എവീടുന്നാണു കണ്ടെത്തിയതെന്നുകൂടി വെളിപ്പെടുത്തുന്നതു നന്നാവും. ഇത്തരക്കാരുടെ സമ്പാദ്യങ്ങളുടെ വളർച്ചാ നിരക്ക് ഏവരേയും അത്ഭുതപ്പെടുത്തും വിധമാണ്. അതുതന്നെയാണ് അവർ ലാഭത്തിൽത്തന്നെയാണ് പ്രവർത്തിച്ചു വരുന്നതെന്നതിനു പ്രത്യക്ഷമായ ഒരു തെളിവ്. എന്നിട്ടും നഷ്ടങ്ങളുടെ പെരും നുണക്കണക്കുകൾ എഴുന്നള്ളിച്ചു വിട്ട് അനുദിനം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ അടിക്കടി വർദ്ധിപ്പിക്കുമ്പോൾ അനുബന്ധമായുണ്ടാകുന്ന ഭീമമായ വിലക്കയറ്റം രാജ്യത്തെ സാധാരണക്കാരുടെ കൊരവള്ളിയിലെ കുരുക്കു മുറുക്കുമ്പോൾ കണ്ണടച്ചിരുട്ടാക്കി വിചിത്ര വാഗ്ധോരണികൾ എഴുന്നള്ളിച്ചുവിടുന്ന ഭരണ നേതൃത്വവും അവർക്ക് ഓശാന പാടിക്കൊടുക്കുന്ന ഒരു വിഭാഗവുമാണ് ഇന്ന് നമ്മുടെ ശാപം.
കോടിക്കണക്കിനു കോടി രൂപയാണ് ഭരണസാരഥികളുടേയും അവരുടെ ശിങ്കിടികളുടേയും അഴിമതിക്കണക്കുകളിൽ തെളിഞ്ഞു കണ്ടുകൊണ്ടിരിക്കുന്നത്. കാലാകാലങ്ങളിൽ ഈ അഴിമതിക്കെതിരേ (കപട)കലാപങ്ങളും നിയമ നടപടികളും നടക്കുന്നുണ്ടെങ്കിലും നാളിതുവരെയും ഒറ്റപ്പൈസപോലും സർക്കാർ ഖജനാവിലേക്ക് തിരിച്ചുപിടിച്ചതായി അറിവിലില്ല. ഈ അന്വേഷണവും ബഹളവുമൊക്കെ വെറും പ്രഹസനം മാത്രമാണെന്നാണ് ഇതു തെളിയിക്കുന്നത്. ഈ അഴിമതിക്കഥകളിൽ എല്ലാർക്കും തുല്യ പങ്കാളിത്തമാണുള്ളത്. അതുകൊണ്ടാണ് പ്രതികരണങ്ങൾ നാളികൾക്കുള്ളിൽ അപ്രത്യക്ഷമാകുന്നത്. ഇന്ത്യയിലെ സാധാരണക്കാർക്ക് അടുത്ത ഇരുപതു വർഷക്കാലം ഉണ്ണാനും ഉടുക്കാനും അവരുടെ അത്യാവശ്യകാര്യങ്ങൾ നടത്താനുമുള്ള തുക ടൂജി സ്പെക്ട്രം എന്ന ഒറ്റ അഴിമതിയിലൂടെ കൊള്ളയടിക്കപ്പെട്ടു. എണ്ണിയാലൊടുങ്ങാത്ത അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സമാന സംഭവങ്ങളിലൂടെ കൊള്ളയടിക്കപ്പെട്ട തുകയുടെ ചെറിയ ഒരു ഭാഗം പിടിച്ചെടുത്ത് ഖജനാവിലേക്കെത്തിച്ചാൽ ഇന്ന് ഇന്ത്യയിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഇല്ലാതാവും. അതിനു നട്ടെല്ലും കഴിവും പ്രാപ്തിയുമുള്ള അപ്പക്കാണുന്നവനെ അപ്പാന്നു വിളിക്കാത്ത ഭരണകർത്താക്കൾ ഇനി ജനിച്ചു വരേണ്ടിയിരിക്കുന്നു.
അമേരിക്കൻ താല്പര്യം സംരക്ഷിക്കാൻ മാത്രം രാജ്യം ഭരിക്കുന്ന മന്മോഹൻമന്ത്രിസഭയിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കാമെന്നു ഉറപ്പു വരുന്നു. ഇറാൻ വാതക പൈപ്പുലൈൻ യാഥാർത്ഥ്യമാക്കാതെ ഒളിച്ചുകളിച്ച് കലമിട്ടുടച്ച സംഭവം തന്നെ ഈ ഓശാനക്കുദാഹരണമാണ്. അമേരിക്കൻ താല്പര്യമനുസരിച്ച് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടപ്പോൾ ഇന്ത്യക്കാരന് നഷ്ടപ്പെട്ടത് ഒരു പ്രതീക്ഷകൂടിയാണ്. ഇന്ന് പാചക വാതകത്തിന്റെ നിയന്ത്രണവും വിലവർദ്ധനയും സാധാരണക്കാരന്റെ ജീവിതത്തിന്റെ സ്വൈര്യത കെടുത്തുമ്പോൾ ഇതിന്റെ ഉദ്ദേശ ലക്ഷ്യം വെളിവാകുന്നുണ്ട്. സ്വന്തമായി വീടില്ലാതെ വാടകവീട്ടിൽ കഴിയുന്ന പാവങ്ങൾ ഇനി ഭക്ഷണം കഴിക്കേണ്ടതില്ലെന്നു തീരുമാനിച്ച കേന്ദ്ര സർക്കാർ എന്തായാലും പ്രശംസഹർഹിക്കുന്നുണ്ട്! ഒരു മരം നട്ടു വളർന്നു മരമായി വിറകിനുപയോഗിക്കുന്നതു വരെ ജനം എങ്ങനെ ഭക്ഷണം പാകം ചെയ്യുമെന്ന് മനോവികലൻ പറഞ്ഞുതരുന്നില്ല. ഒരു സെന്റു ഭൂമിപോലും സ്വന്തമായില്ലാത്തവർക്ക് വിറകിനു മരം നടാനുള്ള സ്ഥലം സർക്കാർ കൊടുക്കുമായിരിക്കും. നിലവിൽ വാടക കൊടുക്കാൻ വിഷമിക്കുന്ന ഇക്കൂട്ടരുടെ ഗ്യാസ് കണക്ഷനുകൾ റദ്ദാക്കുന്നതുവഴി അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവും. അതിനും പുറമേയാണ് പുതിയ കണക്ഷനെടുക്കുന്നവരുടെ മേൽ ചുമത്തിയ അധിക ബാധ്യത.
നേരം വെളുക്കാത്ത രാഷ്ട്രീയവും നാഷ്ട്രീയ നേതാക്കളുമാണു നമ്മുടെ ശാപം. കാലഹരണപ്പെട്ട പദ്ധതികളും മാർഗ്ഗ രേഖകളും അതിനെ ശരിവക്കുന്നു. കാലം മാറുന്നത് ഇക്കൂട്ടർ അറിയുന്നില്ല. ലോകത്തിന്റെ വളർച്ചക്കനുസരിച്ച് നൂതന സാങ്കേതിക വിദ്യകൾ കൈവരിച്ച് സമൂഹത്തെ കൈപിടിച്ചു നടത്തിക്കുന്നതിനു പകരം അവരെ കാളവണ്ടിയുഗത്തിലേക്കു തള്ളിവിടുന്ന തലതിരിഞ്ഞ പരിഷ്കാരം ഈ രാജ്യത്തു മാത്രമേ കാണൂ. ഓരോ രാഷ്ട്രീയപ്പാർട്ടികളിലും മുതലാളുന്ന തീരെച്ചെറിയ വിഭാഗത്തിന്റെ രാഷ്ട്രീയ കച്ചവടത്തിനും കയ്യിട്ടുവാരലിനും അറിയാതെയെങ്കിലും കൂട്ടുനിന്ന് അവർക്കു സിന്ദാബാദ് വിളിക്കുന്നതിനും മാത്രം തയ്യാറായി താറുടുത്തുനടക്കുന്ന പൊതുജനമെന്ന വിവരദോഷികൾക്ക് ഇനിയെങ്കിലും ബോധം വെക്കേണ്ടതുണ്ട്. ഇവനൊക്കെ ജയിച്ചു ചെന്ന് എന്താണു ചെയ്യുന്നതെന്നു ചോദിക്കാത്തിടത്തോളം ഇതൊക്കെ ആവർത്തിച്ചുകൊണ്ടിരിക്കും. ജയിപ്പിച്ചു വിടുന്നവർ തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
കെ. എസ്. ഇ. ബി യുടെ തലതിരിഞ്ഞ തീരുമാനങ്ങളാണ് സഹിക്കാൻ പറ്റാത്ത മറ്റൊന്ന്. കോടിക്കണക്കിനു രൂപ വിദ്യുച്ഛക്തിവകുപ്പിനു കൊടുക്കാനുള്ള കുത്തകമുതലാളിമാരുടെ കടബാധ്യതക്കു നേരേ കണ്ണടച്ച് പാവങ്ങളുടെ കുത്തിനു പിടിക്കുന്ന ഏർപ്പാട് അപലപനീയമാണ്. ഗ്യാസ് കണക്ഷനിലുള്ള നിയന്ത്രണത്തിൽ പൊറുതിമുട്ടുന്ന ജനത്തിന് അൽപ്പമെങ്കിലും ആശ്വാസമായിരുന്നു ഇൻഡക്ഷൻ കുക്കറുകൾ. ഇപ്പൊ അതുകൂടി നിരോധിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ജനങ്ങളെ സംരക്ഷിക്കാനല്ലെങ്കിൽ പിന്നെ വലിക്കാനാണോ ഇവനെയൊക്കെ ഭരണത്തിലേറ്റിയത്..? ഈ സാധാരണക്കാർക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞാൽ പിന്നെ ഈ മുതലാളിമാർക്കും നിലനിൽപ്പുണ്ടാവില്ലെന്നു മറക്കാതിരുന്നാൽ നന്ന്.
കേന്ദ്രമായാലും കേരളമായാലും ഏതു പാർട്ടിയുടെ മുതലാളിമാർ ഭരിച്ചാലും ഈ രാജ്യത്തെ എൺപത്തഞ്ചു ശതമാനത്തിലധികം വരുന്ന സാധാരണക്കാർ എങ്ങനെ അവരുടെ ജീവിതം തള്ളിനീക്കുമെന്ന് ഇനിയെങ്കിലും ആലോചിക്കണം. ഭരണ നേതൃത്വവും അവരുടെ പിണിയാളുകളും കയ്യിട്ടുവാരുന്ന അഴിമതിക്കോടികൾക്ക് ഈ പാവങ്ങളെക്കൊണ്ട് സമാധാനം പറയിക്കുന്ന രീതി നിർത്തിയില്ലെങ്കിൽ ഇന്ത്യയിൽ ഒരു യഥാർത്ഥ സ്വാതന്ത്ര്യ സമരം ഉണ്ടാകും. അതുമല്ലെങ്കിൽ ഇന്ത്യയിലെ സാധാരണക്കാർക്ക് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുന്നതുപോലെ പെരുമാറേണ്ടിവരും.
വോട്ടുചെയ്ത് ജയിപ്പിച്ചവരുടെ നേരേ കുനിഞ്ഞുനിന്ന് മുണ്ടുപൊക്കി ആസനം കാണിക്കുന്ന ഏർപ്പാട് ഭരണത്തിലേറുന്നവർ ഇനിയെങ്കിലും നിറുത്തിയാൽ നന്ന്. ഇല്ലെങ്കിൽ പഴഞ്ചൊല്ലിൽ പറയുന്നതു ചെയ്യേണ്ടിവരും....
payanchollil pathirilla ennanallo pazhanchollu
ReplyDeleteവെറുതെ ഓരോന്ന് പറഞ്ഞ് നാവിട്ടടിക്കാതെ ഞങ്ങൾ തരുന്നത് നക്കി തിന്ന് അവിടെ മിണ്ടാതെ ഇരുന്നോണം...അല്ലങ്കിൽ ഒബാമ ചേട്ടന്റെ മസിൽ പവറും ഞങ്ങളെ പൈസക്കാരെ പൈസ പവറും നീ തിരിച്ചറിയും...പറഞ്ഞില്ലെന്ന് വേണ്ട....ഹാാാ.
ReplyDeleteകേരളം ഞങ്ങളാ ഭരിക്കുന്നത് യന്ന് ഓർമ്മ വേണം