Sunday

ആ മനുഷ്യൻ നീയാകാതിരിക്കട്ടെ...

വാർത്തയുടെ പിന്നാമ്പുറവും വരുംവരായ്കയും ആരും ചികയില്ലെന്ന തോന്നലുകൊണ്ടാവണം ഇപ്പോൾ മാധ്യമങ്ങൾ പല വാർത്തകളും മര്യാദയില്ലാത്ത കോലത്തിൽ അടിച്ചു വിടുന്നത്. ചിലതു സത്യവും ചിലത് അർദ്ധസത്യവും ചിലത് സ്വയം നിർമ്മിയ്ക്കുന്നതും മറ്റുചിലതാവട്ടെ ആരെങ്കിലും പടച്ചുവിടുന്നതിനെ അപ്പടി മഷിപുരട്ടുന്നതുമാണ്. തങ്ങളുടെ മാധ്യമത്തിന് ആളെക്കൂട്ടാനെന്നവണ്ണം വാർത്തകൾ പ്രസിദ്ധീകരിയ്ക്കുന്നത് ഇന്ന് ഒരു ഹോബിയായി നമ്മുടെ മാധ്യമങ്ങൾ പ്രവർത്തിച്ച് ആവർത്തിച്ചുകൊണ്ടേയിരിയ്ക്കുന്നു. അതിനു വേണ്ടി ലൈവു ചർച്ചകൾ സംഘടിപ്പിയ്ക്കുന്നു. പക്ഷേ ഇതെല്ലാം ചിലർക്കെങ്കിലും വിഷമമുണ്ടാക്കുന്നുണ്ടെന്നതും തങ്ങളെപ്പോലെ ചോരയും ചിന്തയുമുള്ള മറ്റൊരാളെക്കുറിച്ചാണ് ഇതൊക്കെ സംഘടിപ്പിയ്ക്കുന്നതെന്നതും സൗകര്യപൂർവ്വം മറക്കുന്നു. ആരാന്റെ പല്ലിടയിൽ കുത്തി മണപ്പിയ്ക്കുന്നത് അല്ലെങ്കിലും നമുക്ക് രസമാണല്ലോ...

കളവുകേസിൽ ശിക്ഷിയ്ക്കപ്പെട്ട ഒരാൾ അതിന്റെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തുവന്ന് മാനസാന്തരപ്പെട്ട് നന്നായി ജീവിയ്ക്കുമ്പോഴാകും നാട്ടിൽ മറ്റൊരു കളവു നടക്കുക. നിശ്ചയമായും നിയമപാലകർ ആദ്യം അന്വേഷിച്ചെത്തുന്നത് ആ മനുഷ്യനെയായിരിയ്ക്കും. തെറ്റു ചെയ്തോ ഇല്ലയോ എന്നത് പിന്നത്തെ കാര്യം, ടിയാനെ ഒരു പരുവമാക്കാതെ അവർക്ക് ഇരിയ്ക്കപ്പൊറുതിയുണ്ടാവില്ല. ഒരുതവണ കട്ടവൻ അവൻ പിന്നെ തെറ്റു ചെയ്തില്ലെങ്കിലും എന്നും കള്ളനായിത്തന്നെ അറിയപ്പെടണമെന്നത് ആർക്കൊക്കെയോ നിർബ്ബന്ധമുള്ളതുപോലെ. ഒരു തവണയെങ്കിലും സ്വന്തം വീട്ടിൽ നിന്നെങ്കിലും കക്കാത്തവൻ ഭൂലോകത്തുണ്ടെന്നു തോന്നുന്നില്ല. ആ നിലയ്ക്ക് പാവം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് കൽപ്പിച്ചാൽ ആരും ഏറുകാരായുണ്ടാവുമെന്നും തോന്നുന്നില്ല. ഇപ്പോഴാകട്ടെ പോലീസുകാരുടെ പണി നാട്ടുകാരും ഏറ്റെടുത്ത് ഭംഗിയായി ചെയ്യുന്നുണ്ട്. വടക്കുമാത്രം കണ്ടിരുന്ന ഈ സംസ്കാരശൂന്യ പ്രവൃത്തികൾ ദൈവത്തിന്റെ സ്വന്തം നാട്ടിലും നന്നായി നടപ്പിലാക്കുന്നതിൽ ഇക്കൂട്ടർ വിജയിയ്ക്കുന്നുണ്ട്.

അവസാനമായി ഒരു പ്രമുഖ ചാനലിലെ റിയാലിറ്റിഷോയിലെ മത്സരാർത്ഥിയെയാണ് മലയാളത്തിലേതന്നെ ഒരു പ്രമുഖ പത്രം ശിക്ഷിച്ചിരിയ്ക്കുന്നത്, അല്ലെങ്കിൽ അതിനു മുന്നിട്ടിറങ്ങിയത്. ശിക്ഷ അനുഭവിയ്ക്കേണ്ടി വന്നയാൾ നല്ലവനാണെന്ന അഭിപ്രായമൊന്നും എനിയ്ക്കില്ല. മാത്രമല്ല നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടയാളാണുതാനും. അയാൾ ആരോ ആയിക്കോട്ടെ അയാളും ഈ സമൂഹത്തിൽ ജീവിയ്ക്കുന്നയാളായതിനാൽ ആവശ്യമായ നീതി അയാളുടെ കാര്യത്തിലും നടപ്പാവേണ്ടതുണ്ട്. കവർച്ചക്കേസിലെ പ്രതിയായതുകൊണ്ട് റിയാലിറ്റിഷോയിൽ പങ്കെടുത്തുകൂടെന്ന് എവിടെയാണ് എഴുതിവച്ചിട്ടുള്ളത്? ആരാണ് ആ നിയമം പാസാക്കിയത്? കൊലപാതകക്കേസുകളിലോ ബലാത്സംഗകേസുകളിലോ തീവ്രവാദമുൾപ്പടെ മറ്റുകേസുകളിലോ പ്രതി ചേർക്കപ്പെട്ടവരുടെ വർത്തമാനങ്ങൾ ലൈവായിത്തന്നെ കൊടുക്കാറുണ്ടല്ലോ. അവസാനമായി കേന്ദ്രമന്ത്രിയുടെ കരണത്തടിച്ചവന്റെ നേരെയും നമ്മുടെ മാധ്യമങ്ങൾ ക്യാമറ തിരിച്ചു പറഞ്ഞതെല്ലാം അപ്പടി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. പത്രക്കാരും മോശമാക്കിയില്ല, പലവാർത്തകളും വായിച്ചപ്പോൾ ഒരു വീരപരിവേഷം അയാൾക്ക് ചാർത്തിക്കൊടുക്കുന്നുണ്ടോയെന്നു തോന്നിപ്പോവുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും അതേ പരിവേഷത്തോടെതന്നെ അതാഘോഷിച്ചു. ഇപ്പോഴും ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്നു. ജയിൽ ശിക്ഷയനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരാൾ ജയിലിലിരുന്ന് ഏതെങ്കിലും ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചാൽ അത് വലിയ വാർത്തയായി പ്രസിദ്ധീകരിയ്ക്കാൻ മടിയില്ല. ഏതെങ്കിലും പരീക്ഷയെഴുതി പാസ്സായാലോ അതും വലിയ വാർത്തയാക്കുന്നു, അവരെക്കുറിച്ച് പുകഴ്മപാടുന്നു.

അത് കുറ്റം തെളിയിയ്ക്കപ്പെട്ട് ശിക്ഷ അനുഭവിയ്ക്കുന്നവരുടെ കാര്യം, ഇവിടെ കുറ്റാരോപിതനായ വ്യക്തി ഒരു റിയാലിറ്റിഷോയിൽ പങ്കെടുത്തപ്പോൾ അത് മഹാപരാധമായി ചിത്രീകരിയ്ക്കുന്നു. കുറ്റം തെളിയിയ്ക്കപ്പെട്ടവർ എന്തെങ്കിലും ചെയ്യുമ്പോൾ അത് മഹാകാര്യവും. എന്തിനാണ് ഈ വേർതിരിവെന്നാണ് എനിയ്ക്കു മനസ്സിലാവാത്തത്. കുറ്റാരോപിതന്റെ റിയാലിറ്റിഷോയിലെ പങ്കാളിത്തം കൊടിയ അപരാധമായി വിളിച്ചുപറയുന്നവർ കുറ്റം തെളിയിയ്ക്കപ്പെട്ടവരുടെ മഹിമകൾ ഹൈലൈറ്റു ചെയ്യുന്നതെന്തിനാണ്? അതോ പങ്കാളിയായത് റിയാലിറ്റിഷോയിൽ ആയതുകൊണ്ടാണോ? അത്രയ്ക്കു മഹിമ പറയാൻ എന്താണു റിയാലിറ്റി ഷോയ്ക്കുള്ളത്. സത്യസന്ധമായി നടക്കുന്ന എത്ര റിയാലിറ്റിഷോകൾ നമ്മുടെ ചാനലുകളിലുണ്ട്? എല്ലാം എസ്. എം. എസ്സിന്റെ "ബലത്തിൽ" പൂർണ്ണമാകുമ്പോൾ അർഹരായ എത്രപേരുടെ അമർഷം ക്യാമറയ്ക്കു പിറകിൽ ശാപമായി പെയ്യുന്നുണ്ടാവും!

ഒരു റിയാലിറ്റിഷോയിൽ ഏറ്റവും നന്നായി പെർഫോം ചെയ്ത് ഏറ്റവും കൂടുതൽ മാർക്ക് വൻ വ്യത്യാസത്തിൽ നേടി ഒന്നാം സ്ഥാനക്കാരനായുയർന്നുവന്ന ഹിഷാം എന്ന പാട്ടുകാരൻ ചാനലിന്റെ എസ്. എം. എസ്. കുരുക്കിൽപ്പെട്ട് പുറത്തായകാര്യം മലയാളികൾ മറന്നിട്ടുണ്ടാവില്ലല്ലോ. അതുമായി ബന്ധപ്പെട്ട് ജഡ്ജിംഗ് പാനലിലെ ഒരു പ്രശസ്ഥ തന്റെ എതിർപ്പു പ്രകടിപ്പിച്ച് തുറന്നടിച്ചപ്പോൾ പ്രസ്തുത പാനലിലും ചാനലിലും നിന്ന് അവരെയും പുറത്താക്കി പ്രതികാരം പൂർത്തിയാക്കിയതും നമ്മൾ മറക്കരുത്. സത്യസന്ധമായി നടക്കുന്ന ഷോകളുണ്ടാവാം. ബഹുഭൂരിപക്ഷവും മുൻകൂട്ടി വിധി നിർണ്ണയം നടക്കുന്നതു തന്നെയാണ്. ഹിഷാം അതിന് ഒരു ഉദാഹരണമാണ്.

സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുമാണല്ലോ ഒരാളെ കുറ്റവാളിയായി തീരുമാനിക്കുന്നതിനും ശിക്ഷവിധിയ്ക്കുന്നതിനും കോടതി മാനദണ്ഡമാക്കുന്നത്. കുറ്റം തെളിയിയ്ക്കപ്പെടാതെ പുറത്തുവരുന്നപക്ഷം നാസറിനെയും നിരപരാധിയായി കാണേണ്ടിവരും. അയാൾക്കുനേരേ കല്ലെറിയുന്നവർക്ക് അപ്പോൾ എന്തു പറയാനുണ്ടാവും? കുറ്റം തെളിയിയ്ക്കപ്പെട്ട് ശിക്ഷയനുഭവിയ്ക്കുന്ന പക്ഷം നാളെ അയാളും ഒരു പുസ്തകമെഴുതിയെന്നിരിയ്ക്കും. ഇപ്പോൾ കല്ലെറിയുന്നവർ അന്ന് വാനോളം പുകഴ്‌ത്തുമായിരിയ്ക്കും. അവസരത്തിനൊത്ത വാർത്തകൾ അവതരിപ്പിയ്ക്കുന്നതിലാണല്ലോ ഇന്ന് മാധ്യമങ്ങൾക്കു കൂടുതൽ താല്പര്യം. രണ്ടുമൂന്നു ദിവസത്തേയ്ക്കുള്ള ചാകരയൊക്കണം. അതിൽക്കവിഞ്ഞുള്ള ആത്മാർത്ഥതയൊന്നും ഇന്ന് വാർത്താവതരണ രംഗത്ത് മാധ്യമങ്ങൾക്കുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ല. വലിയ പ്രാധാന്യത്തോടെ പ്രഘോഷിച്ച വാർത്തകളിൽ ഭൂരിഭാഗത്തിനും അനന്തരം എന്തു സംഭവിച്ചു എന്നത് അറിയാൻ ഇന്ന് ഒരു മാർഗ്ഗവുമില്ല. വായനക്കാരോടും ചാനൽ പ്രേക്ഷകരോടും അവ അറിയിയ്ക്കേണ്ട ബാധ്യത വാർത്ത ആഘോഷിച്ചവർക്കില്ലല്ലോ! സൗമ്യ വധക്കേസു മാത്രമാണ് സമീപകാലത്തായി ഇതിനൊരപവാദമായി നിലകൊണ്ടത്.

ഏതെങ്കിലും ഒരു കേസിലെ പ്രതിയെ ഇരയായി കിട്ടുമ്പോൾ അവരും മനുഷ്യരാണെന്നതു മറന്ന് മാധ്യമങ്ങൾ ആഘോഷമാക്കുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല. കുറ്റവാളിയെന്ന ലേബൽ മറന്ന് സമൂഹത്തിൽ നന്നായി നല്ലവരായി ജീവിയ്ക്കാനുള്ള സാഹചര്യം തേടുന്ന ഒരു കൂട്ടരെയെങ്കിലും ഇത് ക്രൂരമായി ബാധിയ്ക്കുന്നുണ്ടാവും. സമൂഹത്തെ സമുദ്ധരിയ്ക്കാൻ നടക്കുന്നവർക്ക് ഈ ചിന്തയില്ലാതെ പോകുന്നത് കഷ്ടം തന്നെ. സമൂഹത്തിൽ ആരും കുറ്റവാളിയായി ജനിയ്ക്കുന്നില്ലെന്നിരിയ്ക്കെ താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചതിനു ശേഷം സ്വയം തെറ്റുതിരുത്തി സമൂഹത്തിന്റെ ഭാഗമാവാൻ ഒരാൾ ആഗ്രഹിച്ചാൽ അയാൾക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയല്ലാതെ മറ്റെന്താണ് നമ്മൾ ചെയ്യേണ്ടത്? തെറ്റു ചെയ്യുന്നവർ ആരായാലും ശിക്ഷിയ്ക്കപ്പെടണം. പക്ഷേ അതിനു മുമ്പുള്ള മാധ്യമ വിചാരണയും ശിക്ഷാ വിധിയും ഒഴിവാക്കുകതന്നെ വേണം. അതുകൊണ്ടുതന്നെ ആവശ്യത്തിൽക്കവിഞ്ഞ പ്രാധാന്യം ഇത്തരം വാർത്തകൾക്കു നൽകേണ്ടതില്ല.

വാർത്താമാധ്യമങ്ങളിൽക്കൂടി പുറത്തുവരുന്ന വാർത്തകളിൽ എത്രയെണ്ണം സംസ്കാര സമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുന്നതിന് ഉതകുന്നുണ്ടെന്ന് നാം ചിന്തിയ്ക്കേണ്ടതുണ്ട്. പത്രങ്ങളിലും ചാനലുകളിലും നിറയുന്ന വാർത്തകളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. പീഢനം, കൊലപാതകം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടിപോകൽ, അടിപിടി, കത്തിക്കുത്ത്, സമരങ്ങൾ, വാഹനങ്ങൾ കത്തിയ്ക്കൽ, ബന്ദ്, ഹർത്താൽ, പണിമുടക്ക് എന്നുവേണ്ട ഇത്തരത്തിലുള്ള വാർത്തകളായിരിയ്ക്കും നമുക്ക് കേൾക്കാൻ കഴിയുക. ചാനൽ മാധ്യമങ്ങൾ അവ ദൃശ്യവത്കരിക്കുകകൂടി ചെയ്യുന്നതോടെ സംഗതി ക്ലീനാകുന്നു. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന പുതു തലമുറ ഇതൊക്കെ മാത്രമാണ് ഇവിടെ നടക്കുന്നതെന്നു വിശ്വസിച്ച് അതിനെ അനുകരിച്ച് സ്വയം കുറ്റവാളികളായി മാറുമ്പോൾ അതിന് നാം ആരെ കുറ്റം പറയണം ?

കാരുണ്യം, ദീനാനുകമ്പ, പരസഹായം, സഹവർത്തിത്വം തുടങ്ങിയവ സംബന്ധിച്ചുള്ള വാർത്തകൾ ഒരിഞ്ച് ഒറ്റക്കോളം വാർത്തയാക്കാതെ അത്യാവശ്യം വലുപ്പത്തിൽത്തന്നെ കൊടുക്കാൻ നമ്മുടെ മാധ്യമങ്ങൾ തയ്യാറാവണം. ലോകത്ത് നന്മയെന്ന മറുവശംകൂടിയുണ്ടെന്ന് പുതിയ തലമുറയെങ്കിലും മനസ്സിലാക്കട്ടെ. അതനുസരിച്ചു നടക്കാൻ അവർ സ്വയം തയ്യാറായിക്കൊള്ളൂം. കാരണം കാണുന്നതും കേൾക്കുന്നതും അനുകരിക്കാനാണ് എല്ലാരും ശ്രമിയ്ക്കുന്നത്. അതുകൊണ്ടുതന്നെ നല്ല വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്നതു തന്നെയാണ് സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ഏറ്റവും നന്നാവുക. കുറ്റവാളുകളെ കൊടും കുറ്റവാളികളും സാധാരണക്കരനെ കുറ്റവാളികളാക്കാനുമല്ല മാധ്യമങ്ങൾ ശ്രമിയ്ക്കേണ്ടത്. നല്ലവാർത്തകൾക്ക് പ്രാധാന്യം കൊടുക്കുക, മറ്റുവാർത്തകൾ അറിയാൻ മാത്രമായി ക്രമേണ ഒതുങ്ങട്ടെ. അതിക്രമ വാർത്തകൾ മാത്രം വായിച്ച് അത്തരത്തിലുള്ള വാർത്തകൾ മാത്രം ഇഷ്ടപ്പെടുന്ന അതുമാത്രം ശ്രദ്ധിയ്ക്കുന്ന തരത്തിലുള്ള ബഹുഭൂരിപക്ഷത്തെ സൃഷ്ടിച്ചതു നമ്മുടെ മാധ്യമ സമൂഹം തന്നെയാണ്. അതുകൊണ്ടുതന്നെ സമൂഹത്തിനു നേർവഴി തെളിച്ചുകൊടുക്കേണ്ട ബാധ്യതയും അവർക്കുള്ളതാണ്.

  26 comments:

 1. കുറെക്കാലത്തിനു ശേഷം വായിച്ച പോസ്റ്റില്‍ തെങ്ങയുടക്കുന്നു...
  ആ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കും തോന്നിയ കാര്യമാണ്. മുന്‍പ് ചെയ്ത കുറ്റങ്ങള്‍ മാത്രമേയുള്ളൂ... അടുത്തകാലത്തൊന്നും കേസുകള്‍ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അപ്പോള്‍ പിന്നെ നന്നാകുമെന്കില്‍ നന്നാകട്ടെ.. അതുകൊണ്ടാണ് മനോരമയായിട്ടും ഒന്നും എഴുതാതിരുന്നത്..:)
  പിന്നെ, അയാളെ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് മാധ്യമ(ങ്ങള്‍) മാത്രമല്ല, സൂപ്പര്‍ ബ്ലോഗര്‍മാരും പറയുന്നുണ്ട്..

  ReplyDelete
 2. ഇന്നലെയുടെ തെറ്റുകള്‍ തിരിച്ചറിയുന്നതും തിരുത്തുന്നതും ഒരപരാധമാകുന്നത് ‘തിന്മയെ നന്മയെകൊണ്ട് നേരിടുക‘ എന്ന ഓതിപഠിക്കുന്നവര്‍ക്ക് വെറും ഓത്ത് മാത്രമാവുന്നു.

  ഇവിടെ മാധ്യമം പത്രത്തിന്റെ സദാചാര ആശങ്കകളായിരുന്നോ ഒരാളുടെ ഫോട്ടോവെച്ച് റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമത്തെ പ്രേരിപ്പിച്ചത്? ചാനലില്‍ പ്രത്യക്ഷപ്പെട്ട ഇയാളുടെ ഭാര്യയും കുഞ്ഞും ബലിയാടാവുന്നത് മാധ്യമത്തിനോ അതു ബ്ലോഗിലിട്ടലക്കുന്ന വള്ളിക്കുന്നിനോ ബോധമില്ലാഞ്ഞിട്ടാണോ ?

  ReplyDelete
 3. മാധ്യമം പത്രത്തിനു താഴെ മോഡറേറ്റര്‍ അപ്രൂവ് ചെയ്തു മനോരമക്കെതിരെ പേര് വെച്ച് പ്രസിദ്ധീകരിക്കുന്ന കമന്റ്‌ വായിച്ചാലറിയാം അവരുടെ "മനോരമ" ആശങ്കകള്‍. ഒരിക്കല്‍ മനോരമയുമായി കേസില്‍ നിന്ന് ഒഴിവവാന്‍ ഖേതം പ്രകടിപ്പിക്കേണ്ടി വന്നിരുന്നു മാധ്യമത്തിന്.
  "എന്റെ മോന്‍ തെറ്റൊന്നും ചെയ്തിട്ടില്ല ,നാസറിന്റെ ഉമ്മ ","ന്യൂനപക്ഷം ആയതിന്റെ പേരില്‍ മാധ്യമവേട്ട" എന്നെയുതാറുള്ള മാധ്യമം ഇങ്ങിനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നില്‍ അന്ധമായ വിരോധം മാത്രം .

  ReplyDelete
 4. കൊള്ളാം അതിനെ പിന്താങ്ങി ചില ബ്ലോഗര്‍മാരും പോസ്റ്റിറക്കി
  കല്ലെറിയാന്‍ ഒന്നും വേണമെന്നില്ലല്ലൊ

  ReplyDelete
 5. ഉദാത്തമായ പത്ര(മാധ്യമ)ധർമ്മം.ഒരു പച്ചയായ മനുഷ്യനെ എത്രത്തോളം അപമാനിക്കാനും അടിച്ചമർത്താനും പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണം..പത്രങ്ങളായാൽ ഇങ്ങനെവേണം.അതും ഏതങ്കിലും സമുദായത്തിന്റെ പത്രം(മാധ്യമം)ആണെങ്കിൽ പ്രത്തേകിച്ചും!!!പലപ്പോഴും ജേർണലിസം പാസ്സാക്കുക എന്ന് പറഞ്ഞാൽ കളവ് പറയാനും പൊതുജനത്തെ അപമാനിക്കാനും അവഹേളിക്കാനും പഠിച്ച് പുറത്തിറങ്ങുക എന്നാണോ എന്ന് തോനിപ്പോകുന്നു. സാഹചര്യങ്ങളാണ് മനുഷ്യനെ കള്ളനും കൊലപാതകിയും ഒക്കെ ആക്കി മാറ്റുന്നത്.ജയിലിൽ പോകുന്നവരൊക്കെ കള്ളന്മാരും കുറ്റവാളികളും ആണന്ന് ധരിക്കാൻ മാത്രം വിധ്ധികൾ ഒന്നുമല്ല കേരള ജനത. കോടതിയുടെ മുന്നിൽ വരുന്ന തെളിവുകൾ മാത്രമാണ് ശിക്ഷക്ക് ആധാരം.അത് സത്യമായാലും കളവായാലും. അത് പോട്ടെ..ഇനി ഒരാൾ കുറ്റം ചെയ്ത് ശിക്ഷയും അനുഭവിച്ച് കഴിഞ്ഞാൽ അയാൾക്ക് നന്നായി സമൂഹത്തിൽ ജീവിക്കാൻ പാടില്ലേ?.മനസ്സ് മാറി പശ്ചാതാപിക്കുന്നവന്ന് ദൈവം പോലും പൊറുത്ത് കൊടുത്താലും ഈ പത്ര(മാധ്യമ)പ്രവർത്തകർ വിട്ട് കൊടുക്കില്ല എന്ന് പറഞ്ഞാൽ ഇതാണോ നിങ്ങളുടെ പത്ര(മാധ്യമ)ധർമ്മം?. ദൈവത്തിന്റെ മതമെന്ന് പറഞ്ഞ് സംഘടിച്ച് അവർ തന്നെ പുറത്തിറക്കുന്ന ഒരു പത്രത്തിന്ന് ഒരിക്കലും അനുയോജ്യമല്ലാത്ത ഒരു വാർത്തയായി ഇതിനെ കാണാനേ നമ്മുക്ക് പറ്റുന്നുള്ളൂ..അത് കൊണ്ട് ഇനിയെങ്കിലും ഇത് പോലെയുള്ള വാർത്തകൾ കൊടുക്കുംബോൾ ഒരിക്കലെങ്കിലും എത്ര കുടുംബത്തെ,വെക്തികളെ,യാണ് ഞങ്ങൾ ഉപദ്രവിക്കുന്നത് എന്ന് ചിന്തിക്കുക..ഇത് കൊണ്ട് നിങ്ങൾക്ക് എന്ത് കിട്ടി യെന്നങ്കിലും ചിന്തിക്കുക

  ReplyDelete
 6. ഒരു നല്ല ലേഖനം ..കാര്യങ്ങള്‍ പറയേണ്ട പോലെ പറഞ്ഞു ...മാധ്യമങ്ങള്‍ നന്നായാല്‍ തന്നെ സമൂഹം കുറെ നന്നാവും

  ReplyDelete
 7. ജേർണലിസം പാസായി തേരാപാരാ നടക്കുന്നവരെ പിടിച്ച് റിപ്പോർട്ടർമാരാക്കുംബോൾ അവർ എഴുതി കൊണ്ട് വരുന്ന വാർത്തകൾ(ചവറുകൾ) പ്രിന്റ് ചെയ്യുന്നതിന്ന് മുന്നെ ഒന്ന് വായിക്കാനുള്ള സന്മനസ്സെങ്കിലും ആരെങ്കിലും ഒക്കെ കാണിച്ചിരുന്നെങ്കിൽ ഈ അപരാധം ഒഴിവാക്കാമായിരുന്നു...പിന്നെ അപൂർവ്വം ചില ബ്ലോഗ്ഗർമാരും ഉണ്ട്..എഴുതാൻ മറ്റ് വിഷയങ്ങൾ ഒന്നും കിട്ടാത്തപ്പോൾ ഏത് വള്ളിയും കുന്നും ഒക്കെ വിഷയം ആക്കും.അവരോട് ഒക്കെ എന്ത് പറയാൻ?..സ്വന്തം മനസ്സിന്റെ സമാധാനവും ശാന്തിയും ഒക്കെ മറ്റുള്ളവരും അർഹിക്കുന്നു എന്നെങ്കിലും ഓർക്കുക.പ്രീണിപ്പിക്കുന്നില്ലെങ്കിലും പീഢ്ഹിപ്പിക്കാതിരിക്കാൻ ശ്രമിക്കുക..നാളെ ഈ ദുരവസ്ഥ നമ്മുക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു.....

  ReplyDelete
 8. രാമായണം എഴുതിയ വാത്മീക്കി മഹർഷി പൂർവ്വാശ്രമത്തിൽ കാട്ടാളനായിരുന്നു! എന്നത് മറക്കാതിരുന്നാൽ നന്നായിരുന്നു!......എന്റെയും അഭിപ്രായം ഇതുതന്നെയാണ്,ഒരാൾ നന്നാവാൻ തിരുമാനിച്ചെങ്കിൽ പിന്നെയും പിന്നെയും അയാളെ കള്ളനെന്നു മുദ്രകുത്തുന്ന ഈ സ്വഭാവം നല്ലതല്ലയെന്നാണ്.ഒരു മാധ്യമത്തിൽ അടിച്ചു വന്ന വാർത്ത എടുത്ത്,അതിലെ തെറ്റും ശരിയും നോക്കാതെ ഷെയർ ചെയ്യുന്ന ഈ പ്രവണത നമ്മൾ മാറ്റണം!.എന്തിലെങ്കിലും മനോരമ എന്നു കണ്ടാൽ മതി അവരെ അങ്ങ് കുറ്റപ്പെടുത്തി പ്രചരണം തുടങ്ങും!മുൻപ് ഇതുപോലെ പ്രഥ്യുരാജിനോടും ഉണ്ടായിരുന്നു!ഇപ്പോൾ അത് മനോരമയോടാണെന്നു മാത്രം!കലികാലം..........എല്ലാം കാണുക തന്നെ!.

  ReplyDelete
 9. ലക്ഷക്കണക്കിനു കോടികൾ കട്ടവരെ പ്രാധാധാന്യത്തോടെ അവതരിപ്പിക്കുന്ന മാധ്യമസമൂഹം നാസർ എത്രകോടി കട്ടെന്നുകൂടി പറഞ്ഞാൽ ഉപകാരമായിരുന്നു. കുറ്റക്കാരനെങ്കിൽ അയാളെ കോടതി ശിക്ഷിക്കട്ടെ. കുറ്റം ചെയ്തവരോ ശിക്ഷ അനുഭവിച്ചവരോ തുടർന്ന് ഒരിക്കലും ഒരു വേദിയിൽ പ്രത്യക്ഷപ്പെടരുതെന്ന് വല്ല നിയമവുമുണ്ടോ? കുറ്റാരോപിതർക്ക് ഏതൊക്കെ പരിപാടികളിൽ പങ്കെടുക്കാം, ഏതൊക്കെ വാഹനങ്ങളിൽ സഞ്ചരിക്കാം, എവിടെയൊക്കെ അവർക്കു പോകാം, എപ്പോഴൊക്കെ ഭക്ഷണം കഴിക്കാം, എപ്പോഴൊക്കെ വിസർജ്ജിക്കാം എന്നിങ്ങനെ ഒരു വിശദീകരണം മാധ്യമങ്ങൾ നൽകുന്നത് നല്ലതാണ്.....

  ReplyDelete
 10. ലേഖനത്തിന്റെ അന്തസ്സത്തയോട് യോജിക്കുന്നു.പക്ഷേ മറ്റ് ചില കാര്യങ്ങള്‍ അറിയാതെയും ചിന്തിക്കാതെയുമാണ് ചിലരുടെ കമന്റുകള്‍, ഇവിടെയും പരാമര്‍ശമായ “അവിടെയും” പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു കാര്യവും ബോദ്ധ്യമാകുന്നുണ്ട്, വൈരാഗ്യ മനസ്ഥിതിയോടെ “മാധ്യമം” പത്രത്തെ വിമര്‍ശിക്കുമ്പോഴും ടി പത്രം ഏത് തത്വത്തിലാണ് നിലകൊണ്ട് പ്രവര്‍ത്തനം നടത്തുന്നത് എന്ന് അറിയാതെ വെളിപ്പെട്ട് പോകുന്ന ഒരു അവസ്ഥയും കാണപ്പെട്ടു.ചുരുക്കത്തില്‍ വഷളാക്കാന്‍ വന്ന് നന്നാക്കുന്ന അവസ്ഥ.ടി പത്രത്തെ പറ്റി “അവിടെയും” അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ നടന്നു.പോസ്റ്റ്കാരന്‍ തന്നെ മാധ്യമത്തിന്റെ കട്ടിംഗ് പ്രസിദ്ധപ്പെടുത്തിയിട്ട് ഏതോ ഒരു പത്രം(മാധ്യമം ആണെന്ന് തോന്നുന്നു) എന്ന് കാച്ചി.ആരോ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇ.മെയിലില്‍ പരിചയക്കാരന്‍ അയച്ച് തന്നതാണെന്നും മറ്റും ന്യായീകരണവും നടത്തി. ചുരുക്കത്തില്‍ പോസ്റ്റിന്റെ വിഷയത്തില്‍ നിന്നകന്ന് ഒരു പത്രത്തിന്റെ നല്‍പ്പ് നില്‍പ്പ് അളക്കുന്ന ഗതിയിലെത്തി കമന്റുകള്‍. ഇവിടെയും അത് ആവര്‍ത്തിക്കുന്ന മട്ട് കണ്ടതു കൊണ്ടാണ് ഇത്രയും കുറിച്ചത്.

  ഇനി വിഷയത്തിലേക്ക് വരാം.ഒരുത്തന്‍ അവന്‍ പൂര്‍വാശ്രമത്തില്‍ കള്ളനും കൊലപാതകിയും ആയിരുന്നാല്‍ തന്നെയും ഇപ്പോള്‍ അവനു സ്വയം തിരുത്തണമെന്ന് തോന്നിയാല്‍ ഈ സമൂഹം അതിനു അവസരം കൊടുക്കുകയില്ലേ എന്നാണ് ചോദ്യം. തീര്‍ച്ചയായും അവനു അതിനു അവസരം കൊടുക്കുക തന്നെ വേണം. അത് പൊതു തത്വം.
  പക്ഷേ ഇവിടെ അതല്ല കേസ്. ഇപ്പോള്‍ വിചാരണയിലിരിക്കുന്ന ഇരുപത്തിനാലോളം കേസുകളില്‍ പ്രതിയായിരിക്കുന്ന ഒരു വ്യക്തി( അയാല്‍ നിരപരാധിയാണോ അപരാധിയാണോ എന്ന് കോടതി തീരുമാനിക്കട്ടെ) മറ്റുള്ളവരോടൊപ്പം ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ട് ഭാര്യയ്ക്ക് പ്രേമലേഖനം എഴുതിയും ഭാര്യയെ സ്നേഹിച്ചും നല്ല ഭര്‍ത്താവിന്റെ വേഷം അവതരിപ്പിച്ചും ഒരു “നല്ല മുഖം” സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നു.

  ReplyDelete
 11. (തുടര്‍ച്ച)അയാളെ പ്രതിയാക്കിയ കേസുകളില്‍ ചാര്‍ജു ഷീറ്റ് അവതരിപ്പിക്കാന്‍ തെളിവുകള്‍ നിരത്താന്‍ വെമ്പുന്ന ഏമാനന്മാര്‍ അത് കണ്ട് അന്തം വിടുന്ന കാഴ്ച്ച നമുക്ക് അവഗണിക്കാം; എന്നാല്‍അയാളെ വിചാരണ നടത്തുന്ന ഒരു ന്യായാധിപന്‍ ഈ ചാനല്‍ കാണുന്നു എന്ന് സങ്കല്‍പ്പിക്കുക. ന്യായാധിപന്മാരും മനുഷ്യരാണ്, എല്ലാ വികാരങ്ങള്‍ക്കും അവര്‍ വശംവദരാകാം.ചാനല്‍ കാണരുത് എന്ന് ഒരു ജഡ്ജിക്കും ബഹുമാനപ്പെട്ട ഹൈക്കോടതി നിരോധനവും ഏര്‍പ്പെടുത്തിയിട്ടില്ല.തന്റെ മുമ്പില്‍ പല കേസുകളിലും പലപ്പോഴും ഹാജരാക്കപ്പെടുന്ന പ്രതി ചാനല്‍ ഷോയില്‍ അങ്ങിനെ മാന്യതാ പരിവേഷം അണിഞ്ഞ് പ്രേക്ഷകരുടെ ഹീറോ ആയി നില്‍ക്കുന്നത് കണ്ടിട്ട് അയാളെ സംബന്ധിച്ച് ഒരു വിധിന്യായം എഴുതേണ്ടി വരുമ്പോള്‍ ന്യായാധിപന്റെ മനസിന്റെ ഗമനം എങ്ങോട്ടായിരിക്കും എന്നുള്ളത് ചിന്തിക്കേണ്ട പ്രശ്നമല്ലേ? വിധികഴിഞ്ഞ് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിയാണെങ്കില്‍ ഇത് ബാധകമല്ല. ഇവിടെ ഈ പ്രതി വിചാരണ ചെയപ്പെടേണ്ട ആളാണ് ഒന്നല്ല ഇരുപത്തിനാലോളം മോഷണ കേസുകളിലും ക്ഷേത്രകവര്‍ച്ച കേസുകളിലും.ചാനലിലെ പരിവേഷം അയാള്‍ക്കെതിരായ കേസുകളില്‍ വിധിന്യായം വരുമ്പോള്‍ സഹതാപത്തിനു അയാളെ അര്‍ഹനാക്കും എന്ന് ശങ്കിക്കുന്നതില്‍ തെറ്റില്ലല്ലോ! വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു ന്യായാധിപന്മാരും മനുഷ്യരാണ്. ഈ കാരണം തന്നെ മറിച്ചും ചിന്തിക്കുക. നിരപരാധിയായ ഒരുത്തനെ ഒരു സ്ത്രീ പീഡന കേസില്‍ കുടുക്കിയെന്ന് കരുതുക. അയാളെ കസ്റ്റഡിയില്‍ എടുക്കുന്നതും അയാളുടെ ഐസ്രാക്കോണം വരെ ഇടിച്ച് കലക്കി അയാളെക്കൊണ്ട് സമ്മതിപ്പിച്ച കുറ്റ സമ്മത മൊഴി ആലങ്കാരിക ഭാഷയില്‍ ചാനല്‍ അവതാരിക മൊഴിഞ്ഞും ചപ്രം ചിപ്രം ചിന്നിയ അയാളുടെ തലമുടിയോടെയും പ്രാകൃത വേഷത്തോടെയും ചാനലില്‍ അയാളെ പ്രദര്‍ശിപ്പിക്കുകയും ഇരയുടെ മാതാപിതാക്കളുടെ കരച്ചിലും അയല്‍ക്കാരുടെ പ്രതിയോടുള്ള രോഷവും ബുദ്ധി ജീവികളുടെ കേസിനെ പറ്റിയുള്ള കമന്റുകളും നമ്മുടെ കുട്ടികളുടെ നേരെ ഇങ്ങിനെ പീഢനം ഉണ്ടാകാതിരിക്കാന്‍ പ്രതിക്ക് മാതൃകാ ശിക്ഷ തന്നെ നല്‍കണം എന്നുള്ള വനിതാ നേതാക്കളുടെ അപേക്ഷയും ചാനലില്‍ എലൈറ്റ് ചെയ്ത് കാണിക്കുകയും ചെയ്തു കഴിയുമ്പോള്‍ ആ കേസ് വിചാരണ ചെയ്യുന്ന ന്യായാധിപന്‍ ഈ വാര്‍ത്ത കാണുന്നു എങ്കില്‍ ആ കേസിലെ വിധിന്യായത്തെ ഈ കാഴ്ചകള്‍ സ്വാധിനിക്കില്ല എന്ന് എന്താണ് ഉറപ്പ്?!പക്വതയും പാകതയുമുള്ള ന്യായാധിപന്മാര്‍ തങ്ങളുടെ സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ പോലും തന്റെ വിചാരണയില്‍ ഇരിക്കുന്ന കേസുകളെ സംബന്ധിച്ച ചെറിയ പരാമര്‍ശം പോലും ഒഴിവാക്കും എന്ന് കൂട്ടി വായിക്കുക. പക്ഷേ എല്ലാവരും അങ്ങിനെ ആയിരിക്കും എന്ന് എങ്ങിനെ കരുതും.
  ഇവിടെ രണ്ട് മാര്‍ഗം ഉണ്ട്(ഒന്ന്) ന്യായാധിപന്മാര്‍ ചാനല്‍ കാണുന്നത് അവസാനിപ്പിക്കുക.(രണ്ട്) ഒരു പ്രതി കുറ്റക്കാരന്‍ ആണെന്ന് തീര്‍ച്ച ആക്കുന്നതിനു മുമ്പ് അയാളെ പറ്റി അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പരാമര്‍ശങ്ങള്‍ ചാനലുകളും പത്രങ്ങളും ഒഴിവാക്കുക. ആദ്യത്തേത് അപ്രായോഗികമാണ്. രണ്ടാമത്തേത് സാധിതമാണ്.
  അത് കൊണ്ടല്ലേ “മാധ്യമം“ പറഞ്ഞു, “മനോരമ“ അനുസരിച്ചു എന്ന എപ്പിസോഡ് ഇവിടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത്.

  ReplyDelete
 12. ഇപ്പോള്‍ വിചാരണയിലിരിക്കുന്ന ഇരുപത്തിനാലോളം കേസുകളില്‍ പ്രതിയായിരിക്കുന്ന ഒരു വ്യക്തി( അയാല്‍ നിരപരാധിയാണോ അപരാധിയാണോ എന്ന് കോടതി തീരുമാനിക്കട്ടെ) മറ്റുള്ളവരോടൊപ്പം ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ട് ഭാര്യയ്ക്ക് പ്രേമലേഖനം എഴുതിയും ഭാര്യയെ സ്നേഹിച്ചും നല്ല ഭര്‍ത്താവിന്റെ വേഷം അവതരിപ്പിച്ചും ഒരു “നല്ല മുഖം” സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നു.

  അതെന്താ ഷെരീഫിക്ക, ഒരാൾ കേസുകളിൽ പ്രതിയാണെന്നുകരുതി അയാളുടെ "നല്ലമുഖം" പ്രകടിപ്പിയ്ക്കാൻ പാടില്ലെന്നാണോ? അതോ കുറ്റവാളികൾക്കും കുറ്റാരോപിതർക്കും "നല്ല മുഖം" ഇല്ലെന്നാണോ ? അങ്ങനെയാണെങ്കിൽ സുറുമിയുടെ കമന്റിൽ പറഞ്ഞതുപോലെ ലക്ഷക്കണക്കിനു കോടികൾ കട്ട മഹാന്മാർക്കും അവർക്ക് മൂടുതാങ്ങുന്ന മാധ്യമങ്ങൾക്കും ഇതു ബാധകമാവണമല്ലോ. അതെങ്ങനെ, അങ്ങനെയുള്ളവനെ തൊട്ടാൽ കൈ നന്നായി പൊള്ളും, അപ്പൊ എതമുള്ളിടത്തേ പതമുണ്ടാവൂ..

  തന്റെ മുമ്പില്‍ പല കേസുകളിലും പലപ്പോഴും ഹാജരാക്കപ്പെടുന്ന പ്രതി ചാനല്‍ ഷോയില്‍ അങ്ങിനെ മാന്യതാ പരിവേഷം അണിഞ്ഞ് പ്രേക്ഷകരുടെ ഹീറോ ആയി നില്‍ക്കുന്നത് കണ്ടിട്ട് അയാളെ സംബന്ധിച്ച് ഒരു വിധിന്യായം എഴുതേണ്ടി വരുമ്പോള്‍ ന്യായാധിപന്റെ മനസിന്റെ ഗമനം എങ്ങോട്ടായിരിക്കും എന്നുള്ളത് ചിന്തിക്കേണ്ട പ്രശ്നമല്ലേ?

  ന്യായാധിപന്മാർക്ക് സൗകര്യമുണ്ടാക്കാൻ വേണ്ടി കുറ്റവാളികളും കുറ്റം ചെയ്തവരും അങ്ങനെതന്നെ നിലനിന്നുകൊള്ളണമെന്ന് ഇന്ത്യയിലെ ഏതെങ്കിലും നിയമപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ? അപ്പൊ കുറ്റവാളികൾ കുറ്റം ചെയ്തുകൊണ്ടേയിരിക്കണമെന്നാകുമല്ലോ! ഇപ്പൊ നിലവിലുള്ള ന്യായാധിപന്മാരെല്ലാം വികാരങ്ങൾക്കടിപ്പെട്ട് വിധി പ്രഖ്യാപിയ്ക്കുന്നവരാണോ? അങ്ങനെയെങ്കിൽ നീതിപീഢത്തിൽ ഉപവിഷ്ടരായരെല്ലാം അതിന് അയോഗ്യരായവരായിരിയ്ക്കണമല്ലോ..!

  ഒരപകടം സംഭവിച്ചികിടക്കുന്ന സഹജീവിയെ രക്ഷപെടുത്താൻ ഒരു കുറ്റവാളിയ്ക്കു തടസ്സമില്ലെങ്കിൽ ഒരു ജീവനെ നിലനിർത്താൻ (ദുരഭിമാനമുള്ളവർക്ക് മറ്റു മാർഗ്ഗങ്ങളില്ലാതെ വരുമ്പോഴെങ്കിലും) കുറ്റവാളിയുടെ രക്തം ഉപയോഗിക്കാമെങ്കിൽ നിയമപാലകരുടെ ഇൻഫോർമർമാരായി പല കുറ്റവാളികളും (ആയിരുന്നവർ പ്രധാനമായും) ഇപ്പോഴും നിലനിൽക്കുന്നുവെങ്കിൽ ഒരു റിയാലിറ്റിഷോയിൽ ഒരു കുറ്റവാളി പങ്കെടുക്കുന്നതിൽ എന്തു കുഴപ്പമാണു കാണുന്നത്? എന്റെ (ഇപ്പൊ താമസിക്കുന്ന) നാട്ടിലെ ഒരു വലിയ സ്കൂൾബസ്സപകടത്തിൽ ആദ്യം രക്ഷാപ്രവർത്തകനായത് ഒരു കളവുകേസിലെ പ്രധാന പ്രതിആയിരുന്നു. നാലുകുട്ടികളെ അയാൾ രക്ഷപെടുത്തുകയും അതിൽ ഒരു കുട്ടിക്ക് രക്തം കൊടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കുറ്റം തെളിയിയ്ക്കപ്പെട്ട് ജയിലിൽ കഴിയുന്ന അയാൾ ആ രക്ഷാപ്രവർത്തനം നടത്തിയത് തെറ്റായിപ്പോയി എന്ന് അഭിപ്രായമുണ്ടോ? മറ്റുള്ളവർക്ക് ആനന്ദിയ്ക്കാനുള്ള വക ഒരു കുറ്റവാളി പ്രവർത്തിച്ചാൽ അത് നല്ലകാര്യവും സ്വയം ആനന്ദിയ്കാൻ പ്രവർത്തിച്ചാൽ അത് മഹാപരാധവും! ഒരു കുറ്റവാളിയ്ക്ക് നന്നാവാൻ ഒരു റിയാലിറ്റിഷോ കാരണമാവുമെങ്കിൽ അതനുവദിയ്ക്കുകയാണു വേണ്ടത്, അല്ലാതെ മുഖമടച്ച് ആട്ടുകയും നിരപരാധിയായ ബാക്കി കുടുംബാംഗങ്ങളെ അവഹേളിയ്ക്കുകയല്ല.

  ReplyDelete
 13. @@എന്നാല്‍അയാളെ വിചാരണ നടത്തുന്ന ഒരു ന്യായാധിപന്‍ ഈ ചാനല്‍ കാണുന്നു എന്ന് സങ്കല്‍പ്പിക്കുക. ന്യായാധിപന്മാരും മനുഷ്യരാണ്, എല്ലാ വികാരങ്ങള്‍ക്കും അവര്‍ വശംവദരാകാം@@


  ചാനലില്‍ അയാളുടെ നല്ല രീതി ന്യായാധിപനെ സ്വാധീനിക്കുന്നത് ഒരു മനുഷ്യന് നന്മയിലേക്ക് മടങ്ങാന്‍ കാരണം ആകുന്നുവെങ്കില്‍ അതില്‍ എന്താണ് മോശം ആയിട്ടുള്ളത്. നിയമം മനുഷ്യന് വേണ്ടിയാണ്, മനുഷ്യന്‍ നിയമത്തിനു വേണ്ടിയിട്ടല്ല എന്നതാണ് സത്യം.

  ReplyDelete
 14. പാത്രധർമ്മമല്ലല്ലോ പത്രങ്ങളുടെ ലക്ഷ്യം..?
  പത്രധർമ്മമല്ലേ..

  ReplyDelete
 15. kidilam.. kondottikkara...i love you...

  ReplyDelete
 16. ഇവിടെ ഞാന്‍ ഉദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്ഥമാണ് നിരീക്ഷണങ്ങളും അഭിപ്രായങ്ങളും..കോടതി അലക്ഷ്യം ആകുമോ എന്ന ശങ്ക ഇല്ലായിരുന്നു എങ്കില്‍ നിറയെ ഉദാഹരണങ്ങള്‍ നിരത്തീ എന്റെ വാദം സ്ഥാപിക്കാന്‍ എനിക്ക് കഴിയും. ഞാന്‍ ഏതായാലും അതിനു മുതിരുന്നില്ല. എങ്കിലും ഇവിടെ വന്ന അഭിപ്രായങ്ങളെ മാനിച്ച് കൊണ്ട് തന്നെ ചിലത് പറയേണ്ടി ഇരിക്കുന്നു.
  എത്രമാത്രം അഴിമതി ആരോപണം ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെയും ഭാരതത്തില്‍ അവശേഷിച്ചിരിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളില്‍ ഇനിയും ആദരവ് നില നില്‍ക്കുന്നത് ഈ നാട്ടിലെ കോടതികളോട് മാത്രമാണ്. ഈ ആദരവ് നില നിര്‍ത്താന്‍ എന്തും മാത്രം ത്യാഗം ന്യായാധിപന്മാര്‍ സഹിക്കേണ്ടി വരുന്നു എന്ന് പലര്‍ക്കും അറിയില്ല. അവരുടെ സ്വന്തം ജില്ലയില്‍ അവര്‍ക്ക് സ്ഥലം മാറ്റം ലഭിക്കില്ല, ഭാര്യയുടെ സ്ഥലത്തും ജോലി ചെയ്യാന്‍ സാധിക്കില്ല. മറ്റുള്ളവരെ പോലെ ഉത്സവ സ്ഥലങ്ങളില്‍ മുണ്ട് മടക്കി കുത്തി കൂട്ടുകാരുമായി തോളില്‍ കയ്യിട്ട് കാഴ്ച്ചകള്‍ കാണാന്‍ കഴിയില്ല.അതേ ജോലി ചെയ്യുന്നവരൊഴികെ ആരുമായി ചങ്ങാത്തം കൂടാന്‍ ഒക്കില്ല.
  വഴിയില്‍ കാറു കേടാകുകയും കുട്ടികളുമായി പൊരി വെയിലില്‍ നില്‍ക്കുന്നത് കണ്ട് ഒരു അഭിഭാഷകന്റെ ബന്ധുവിന്റെ കാറില്‍ കയറി പോയതിനു ഒരു കക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ എക്സ്പ്ലനേഷന്‍ എഴുതേണ്ടി വന്ന ന്യായാധിപനും ഈ നാട്ടില്‍ ഉണ്ടായിരുന്നു. അന്യസ്ഥലത്ത് വാടക വീട്ടില്‍ താമസിക്കേണ്ടി വന്നാല്‍ അത് അഭിഭാഷകരുടെ അല്ലെങ്കില്‍ കക്ഷികളുടെ വീടായിരിക്കരുത്.ചുരുക്കത്തില്‍ ഒരു സ്വതന്ത്ര മനുഷ്യനെ പോലെ ചായക്കടയില്‍ കയറി ഒരു ചായ കുടിക്കാന്‍ പോലും ന്യായാധിപനു കഴിയില്ല.വീട് വിട്ടാല്‍ കോടതി. കോടതി വിട്ടാല്‍ വീട്. ഇങ്ങിനെ കഴിയുന്ന എത്രയോ പേര്‍ നീതിന്യായ വകുപ്പില്‍ ഇന്നുമുണ്ട്. ന്യായാധിപന്റെ അയല്‍ വാസിക്ക് ഒരു കേസ് തന്റെ കോടതിയില്‍ ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ ഹൈക്കോടതിയിലോ ജില്ലാക്കോടതിയിലോ എഴുതി അറിയിച്ച് ആ കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റിയിരിക്കണം.നമുക്ക് ഒരു സിവില്‍ കേസ് ഉണ്ടായിരിക്കുകയും അയല്പക്കത്ത് ആ കേസ് കൈകാര്യം ചെയ്യുന്ന ഒരു ന്യായാധിപന്‍ താമസിക്കുകയും ചെയ്താല്‍ അര മൈല്‍ ദൂരത്തിലുള്ള കോടതിയിലെ നമ്മുടെ കേസ് അന്‍പത് കിലോമീറ്റര്‍ ദൂരെയുള്ള വേറെ ഒരു കോടതിയിലേക്ക് മാറ്റിയിരിക്കും.
  വിഷയവുമായി ബന്ധമില്ലാത്ത ഈ വക കാര്യങ്ങള്‍ ഇവിടെ ഇപ്പോള്‍ കുറിക്കാന്‍ കാരണം ഇത്രയും നിഷ്ക്കര്‍ഷയും സൂക്ഷ്മതയും പാലിക്കുന്നത് ഒരു കേസിന്റെ തെളിവെടുത്ത് വിധിന്യായം എഴുതുമ്പോള്‍ യാതൊരു വിധത്തിലുള്ള ചായ്‌വും മനസിന്റെ ഒരു മൂലയില്‍ ഉണ്ടായിരിക്കരുത് എന്ന മുന്‍ കരുതലിനാലാണ് എന്ന് പറയാന്‍ വേണ്ടിയാണ്.
  ന്യായാധിപന്മാരെല്ലാം വികാരങ്ങള്‍ക്ക് അടിപെട്ട് വിധി പ്രഖ്യാപിക്കുന്നവരാണ് എന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞില്ല. പക്ഷേ ഈ ചാനലുകള്‍ കണ്ട് കൊണ്ടിരിക്കുന്ന ന്യായാധിപന്മാരും ഉണ്ടാകാം എന്നുള്ളത് മറക്കരുത്. മുകളില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍ വിചാരണയിലിരിക്കുന്ന ഒരു കേസിലെ പ്രതിയെ അയാളെ നല്ലവനാക്കിയോ ചീത്തയാക്കിയോ ചാനലുകളില്‍ കൂടി പ്രദര്‍ശിപ്പിക്കുന്നത് അയാളുടെ കേസ് കോടതികളില്‍ നിലവിലിരിക്കുന്ന അവസ്ഥയില്‍ അയാളെ സംബന്ധിച്ച് ഒരു മുന്‍ ധാരണ സൃഷ്ടിക്കുന്നത് (അതു നല്ലതായാലും ചീത്തയായാലും) ശരിയായ പ്രവണതയല്ല എന്ന് ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത്രയൊക്കെ വിശദീകരിച്ചത്.മേല്‍പ്പറഞ്ഞ ചാനല്‍ ന്യായാധിപന്‍ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം പക്ഷേ വിചാരണയില്‍ ഇരിക്കുന്ന പ്രതിയെ സംബന്ധിച്ച് നല്ല വശം മാത്രം എലൈറ്റ് ചെയ്ത് കാണിക്കുകയും അയാളെ ഹീറോ ആക്കി അവതരിപ്പിക്കുകയും അയാളുടെ കേസുകള്‍ മറച്ച് വെക്കുകയും ചെയ്യുന്നത് ശരിയല്ല.

  ReplyDelete
 17. ഇനി മറ്റൊരു
  കാര്യം ഉദാഹരണമായി ചൂണ്ടി കാണിക്കട്ടെ, ഈ മനുഷ്യനു ഒരു സാഹിത്യ അവാര്‍ഡ്
  ലഭിച്ചു, അയാള്‍ ഒരു ക്രിമിനല്‍ കേസിലെ പ്രതിയാണു എന്നും കരുതുക, ഒരു
  സദസ്സില്‍ വെച്ച് അയാള്‍ക്ക് ആ അവാര്‍ഡ് നല്‍കുന്നതിനു അയാളുടെ കേസ്
  കൈകാര്യം ചെയ്യുന്ന ന്യായാധിപനെ ക്ഷണിക്കുന്നത് ശരിയായ നടപടിയല്ലാ എന്ന്
  നമുക്കറിയാം. ഇവിടെ പാലിച്ച സൂക്ഷ്മത നില നിര്‍ത്തുന്നതിനു വേണ്ടിയാണ്
  വിചാരണ ചെയ്യപ്പെടേണ്ട പ്രതിയെ അയാള്‍ എത്ര കൊടുംകുറ്റവാളിയായാലും ശരി
  എത്ര പുണ്യവാളനായാലും ശരി ന്യായാധിപന്മാര്‍ ഉള്‍പ്പടെ പൊതു സമൂഹം
  കാഴ്ച്ചക്കാരായുള്ള ചാനലുകളില്‍ അവതരിപ്പിച്ച് എലൈറ്റ് ചെയ്ത്
  കാണിക്കുന്നത് ശരിയല്ല എന്ന് ഞാന്‍ അഭിപ്രായപ്പെട്ടത്. അയാള്‍ക്കും
  ഭാര്യയില്ലേ കുഞ്ഞുങ്ങളില്ലേ അയാള്‍ക്കും കലാബോധമില്ലേ എന്നൊക്കെയുള്ള
  ചോദ്യങ്ങള്‍ സൂക്ഷ്മ തലത്തില്‍ ചിലപ്പോള്‍ അവഗണിക്കേണ്ടി വരും. കാരണം
  എല്ലാറ്റിനും ഉപരി പ്രാധാന്യം കൊടുക്കേണ്ടത് സമൂഹ രക്ഷക്ക് തന്നെ ആണ്.
  ഇവിടെ ഒരാള്‍ 42 ക്രിമിനല്‍ കേസുകളില്‍ പ്രതിആണ്. അയാളുടെ കേസുകളില്‍
  അയാള്‍ കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് തെളിയിക്കപ്പെട്ടിട്ടുമില്ല.
  അത് മറച്ച് വെച്ച് അയാളെ എലൈറ്റ് ചെയ്ത് ചാനലുകളില്‍ നിരന്തരം
  അവതരിപ്പിക്കുന്നതിനാല്‍ സത്യം
  എത് മിഥ്യ് ഏത് എന്ന അന്വേഷണ അവസ്ഥയില്‍ കേസുകളെല്ലാം
  കെട്ടിച്ചമച്ചതായിരിക്കാം എന്നതോന്നലിനെങ്കിലും കാരണമായേക്കാം.
  ഉദാഹരണത്തിനു അയാള്‍ നിരപരാധി ആണെന്ന് തെളിയിക്കപ്പെടുന്നതിനു മുമ്പ്
  തന്നെ അയാള്‍ അങ്ങിനെ തന്നെയാണ് എന്ന സമര്‍ത്ഥിക്കുന്ന വിധത്തിലുള്ള
  സൂചനകള്‍ വന്നു കഴിഞ്ഞു. സത്യമേതെന്ന് ആര്‍ക്കറിയാം. മനസില്‍ ഏത് പ്രതിയെ
  സംബന്ധിച്ചും മുന്‍ ധാരണകള്‍ ഉണ്ടാക്കാന്‍ ഉതകുന്ന പത്ര വാര്‍ത്തകളും
  ചാനല്‍ പ്രദര്‍ശനങ്ങളും നമ്മുടെ കാഴ്ച്ചപ്പാടുകളെ വികലമാക്കുക തന്നെ
  ചെയ്യും എന്നതിനു ഉദാഹരണമാണ് മാലഗോവ് സ്ഫോടനവും അതില്‍
  പ്രതിയാക്കപ്പെട്ടവരുടെ കഥകളും.അസ്മാനന്ദാ എന്ന സന്യാസി
  വിചാരിച്ചിരുന്നില്ലെങ്കില്‍ ആ ചെറുപ്പക്കാര്‍ കൊടിയ ഭീകരര്‍ എന്ന നമ്മുടെ
  വിധി എഴുത്ത് ഇപ്പോഴും മാറുമായിരുന്നോ?
  ഇവിടെ നാസര്‍ എന്ന വ്യക്തി കലാകാരനാണോ അയാള്‍ നന്നാകുന്നതിന് പത്രങ്ങള്‍
  തടസം സൃഷ്ടിക്കുകയാണൊ അയാള്‍ക്കും വിചാരങ്ങളും വികാരങ്ങളും ഇല്ലേ എത്ര
  എത്ര കോടികള്‍ മറ്റുള്ളവര്‍ കട്ടുമുടിക്കുന്നു ഇയാളെ മാത്രം
  കുറ്റക്കാരനാക്കുന്നതെന്തിനു എന്ന ചോദ്യങ്ങള്‍ക്കൊന്നും എനിക്ക്
  ഉത്തരമില്ല.(ഒരു തേങ്ങാ മോഷ്ടാവിനെ കയ്യോടെ പിടിച്ച് എന്തിനാണ് നീ
  മോഷ്ടിച്ചത് എന്ന് ചോദിക്കുമ്പോള്‍ “ദേ ഒരുത്തന്‍ അവിടെ ബാങ്ക് കുത്തി
  തുറന്ന് കോടികള്‍ കടത്തി, നിങ്ങള്‍ അവനെ എന്ത് ചെയ്തു? അത്കൊണ്ട് ഈ
  തേങ്ങായുമായി എന്നെ പിടിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല” എന്ന
  മോഷ്ടാവിന്റെ ന്യായവാദം പലരും ഉന്നയിച്ചിരുന്നത് രസാവഹമായി അനുഭവപ്പെട്ടു)
  വിചാരണ കഴിഞ്ഞ് ശിക്ഷിക്കപ്പെട്ട വ്യക്തി അയാളുടെ ശിക്ഷയെ പറ്റി പറഞ്ഞു
  കൊണ്ട് തന്നെ ഇതേപോലെ ചാനലുകളില്‍ തന്റെ കഴിവ് തെളിയിക്കുന്നതിനും എനിക്ക്
  അഭിപ്രായ വ്യത്യാസമില്ല. പക്ഷേ വിചാരണയില്‍ സത്യം ഏത് കള്ളം ഏത് എന്ന്
  തെളീക്കുന്നിടം വരെ, ഏത് കലാകാരനായാലും മന്ത്രി ആയാലും സാമൂഹ്യ
  സേവകനായാലും ആരായാലും ഇതേ പോലുള്ള വേദികളില്‍ നിന്നു ഒഴിഞ്ഞ്
  നില്‍ക്കുന്നത് വെറും സാമൂഹ്യ മര്യാദ മാത്രമാണ്, മാത്രമല്ല സുഭദ്രമായ,
  നിക്ഷ്പക്ഷമായ കോടതി നടപടികള്‍ക്ക് അത് അനിവാര്യമാണെന്ന് തന്നെയാണ്
  എനിക്ക് തോന്നുന്നത്.

  ReplyDelete
 18. ലക്ഷകണക്കിനാളുകൾ വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന സദാസമയവും റിയാലിറ്റിഷോ കൾ നടത്തുന്ന രാഷ്ടീയകാരും മന്ത്രിമാരും കോടികൾ കട്ടും മറ്റ് കേസുകളിലും പെട്ട് (പീഢന കേസ് ഉൾപെടെ) കോടതിയിൽ എത്തിയാൽ ഈ ജട്ജിമാർ എന്ത് ചെയ്യും? എന്തിനേറെ സൂപ്പർ സ്റ്റാറുകൾ വരെ കോടതി കേറുന്ന ഈ സമയത്ത് കോടതിയുടെ വിധിന്യായങ്ങൾ അവരെ ബാധിക്കും യന്നാണോ നമ്മൾ കരുതേണ്ടത്? താങ്കളുടേ അഭിപ്രായത്തിൽ നമ്മുടെ ന്യായാധിപന്മാർ കുറ്റം ചെയ്തവന്റെ മുഖം നോക്കിയാണോ ശിക്ഷ വിധിക്കുന്നത്? അങ്ങിനെയെങ്കിൽ ഇവിടെ ഒരു ടി വി അവതാരകനും സിനിമാനടന്മാരും ഒന്നും ശിക്ഷിക്കപ്പെടാൻ പാടില്ലല്ലോ?..അതോ പാവപ്പെട്ടവനായത് കൊണ്ട് അങ്ങിനെയൊക്കെ മതിയന്നാണോ?അങ്ങിനെയെങ്കിൽ അടുത്ത കാലത്ത് കുറെ കേന്ത്രമന്ത്രിമാരേയും മറ്റും കോടതി ജാമ്യം പോലും നിഷേധിച്ച് റിമാന്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.ഇവരാരും ടി വി യിൽ പ്രത്യക്ഷപെടാത്ത എന്തെങ്കിലും ഒക്കെ നല്ല കാര്യങ്ങൾ ചെയ്യാത്തവരും ആയിരുന്നു എന്നാണോ അഭിപ്രായം ?അതോ ആ വിധി നെൽകിയ ജട്ജിമാർ ടി വി കാണാത്തവരാണോ? ചുരുകത്തിൽ പാവപ്പെട്ടവനെ ക്രൂഷിക്കാൻ എല്ലാവർക്കും ഉണ്ടാകും ഓരോ ന്യായങ്ങൾ..കള്ളന്മാരാകുബോൾ കോടികൾ കട്ട് കള്ളന്മാരാകുക...എന്നാൽ പത്രകാരുടെയും, മുഖപുസ്തക കാരുടെയും,ബ്ലോഗ്ഗികളുടേയും പരിപൂർണ്ണ പിന്തുണ നേടിയെടുക്കാം...പടച്ചോനെ നീ തന്നെ കാത്ത് കൊള്ളേണമേ...ഈശ്വരോ രക്ഷ...

  ReplyDelete
 19. “കുട്ടി മരിച്ചതെങ്ങിനെ?“ ഒരു അന്ധന്റെ ചോദ്യം
  “പാല് നെറുകയില്‍ കയറിയിട്ടാണ്.“ അയല്‍ വാസിയുടെ ഉത്തരം.
  “പാലോ? പാലു എങ്ങിനിരിക്കും“? അന്ധന്‍
  “പാല് വെളുത്തിരിക്കും“. ഉത്തരം.
  “വെളുപ്പോ? അതെങ്ങിനിരിക്കും“? അന്ധന്‍ .
  “വെളുപ്പ്....അത്...കൊക്കിനെ പോലിരിക്കും“. ഉത്തരം.
  “കൊക്കോ ..അതെത് സാധനം..അതെങ്ങിനിരിക്കും? അന്ധന്‍ .
  അത്...അത്...(തൊട്ടടുത്ത് ഒരു കിണ്ടി ഇരിപ്പുണ്ടായിരുന്നത് എടുത്ത് അന്ധന്റെ കയ്യില്‍ കൊടുത്തിട്ട് അയല്‍ വാസി മൊഴിഞ്ഞു) ദാ ഇത് പോലിരിക്കും“.
  അന്ധന്‍ കിണ്ടി തടകി നോക്കിയിട്ട് അഭിപ്രായം പറഞ്ഞു.
  “ചുമ്മാതല്ല കുട്ടി മരിച്ചത്...ഇത് തലയില്‍ കയറിയാല്‍ എങ്ങിനെയാ കുട്ടി മരിക്കാതിരിക്കുന്നത്.“
  ചില വിഷയങ്ങള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ പോകുമ്പോള്‍ കാര്യങ്ങള്‍ ലളിതമായി പറഞ്ഞാലും മനസിലാകാത്ത ചിലരോട് പഴകി പതിഞ്ഞ ഈ കഥ ഞാന്‍ പറഞ്ഞ് കൊടുക്കാറുണ്ട്. ഇവിടെയും ആ കഥ പറഞ്ഞ് കൊണ്ട് തല്‍ക്കാലത്തേക്ക് വിട.

  ReplyDelete
 20. പോസ്റ്റ് വായിച്ചു. (കമന്റുകൾ വായിച്ചില്ലാ)

  പ്രസ്തുത വ്യക്തിക്ക് ഉറങ്ങാനും കഴിക്കാനും ചിരിക്കാനും അവകാന്മുള്ളതു പോലെ തന്നെ സമൂഹത്തിലിടപെടാനും സ്വാതന്ത്ര്യമുണ്ട്.
  ഒത്തിരി കേസുകളിലെ പ്രതി ആണെന്ന് വന്നാൽ തന്നെ കോടതി (തടവ്)ശിക്ഷ വിധിക്കും വരെ സമൂഹത്തിൽ ഇടപെടാൻ അദ്ദേഹത്തിനു പൂർണ്ണാവകാശമുണ്ട്. ആ പരിഗണനയിൽ (തന്നിലെ ക്രിമിനലിനെ സമൂഹത്തിനു മുന്നിൽ ഹൈലേറ്റ് ചെയ്യാത്ത)റിയാലിറ്റി ഷോയിലും അദ്ദേഹത്തിനു പങ്കെടുക്കാം.

  മാധ്യമത്തിനോട് ഒരു കാര്യം
  മിനിയാന്ന് വഴിയിൽ മൂത്രമൊഴിച്ചതിനു എനിക്ക് കേസ് ചാർജ്ചെയ്തിട്ടുണ്ട്
  ഈ മാസം ലാസ്റ്റ് കുഞ്ഞുമ്മാടെ മോന്റെ കല്യാണത്തിനു നിക്ക് പോകാവോ???
  (ചെയ്യാവുന്ന/ ചെയ്യാൻ പാടില്ലാത്ത ഭരണഘടനയിലുപരി നിങ്ങൾ ഏർപ്പെടുത്തുന്ന (മാധ്യമ)ചട്ടം അറിയുവാൻ ആഗ്രഹിക്കുന്നു)

  (പ്രസ്തുത ഷോയോ പത്ര വാർത്തയോ നേരിട്ടറിയാൻ കഴിഞ്ഞിട്ടില്ലാ, കേട്ടറിവ് വെച്ചുള്ള എന്റെ അഭിപ്രായം മാത്രം)

  ReplyDelete
 21. കോട്ടോട്ട്യേ.....!
  വളരെ സാധാരണവും സ്വാഭാവികവുമായ ഒന്നല്ലേ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടുക എന്നത്....?
  വെറുതെ അല്ല ഭാര്യ എന്ന {മുന്‍കൂര്‍ തിരക്കഥ യുള്ള}റിയാലിറ്റി ഷോ യുടെ മല്‍സരാര്‍ത്തികളുടെ അഭിമാനപ്രശ്നവും കൂടിയാണിത്.... പാലക്കാട് സമ്പത് വധക്കേസില്‍ ആരോപണവിധേയനായ DySP യെ സര്‍വികെ ല്‍ നിന്നും മാറ്റിനിര്‍ത്തിയതും ഇപ്പോള്‍ വീണ്ടും ക്യാമ്പ് ഡയറക്ടര്‍ ആയി തിരിച്ചുവരുന്നതും ഇതിന്റെ ഭാഗമാണെന്ന് {മുഴുവനായല്ലെങ്കിലും} പറയാം..
  പിന്നെ , സമൂഹത്തിലെ ,ന്ടെ , സാംസ്കാരിക മായതോ അല്ലാത്തതോ ആയ ഉയര്‍ച്ചയെ ചൂണ്ടിക്കാണിക്കുകയല്ലേ ഒരു പത്രം ചെയ്യേണ്ടത്.....?
  ഒരു മോഷണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അദ്ധ്യാപകന്‍ ഇംഗ്ലിഷ് പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ നമ്മള്‍ നമ്മുടെ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കുമോ....?ഭൂരിഭാഗത്തിന്റെയും ഉത്തരം ഇല്ല എന്നായിരിക്കില്ലേ...
  സത്യത്തില്‍ , വേട്ടക്കാരനോടൊപ്പം കൂടുകയും ,ഇരയോടൊപ്പം ഓടുകയും ചെയ്യുകയാണ്..ഇത്തരം ഒരു പോസ്റ്റില്‍ നിന്നും എനിക്കു മനസ്സിലായത്....പത്തു പേര്‍ പറയുന്ന അഭിപ്രായം ശരിവെച്ചാല്‍, അയാള്‍ ആള്‍കൂട്ടത്തിലെ വെറും പതിനൊന്നാമന്‍...,അതല്ല മറിച്ച് ,വേറൊന്നാണെങ്കില്‍ അവിടെ ഒന്നാമനാകുന്നു... ഈ ലോജിക് ആണ് ഇവിടെ എനിക്കു മനസ്സിലായത്....ഒരു പക്ഷേ...എന്റെ പിഴവാകാം.....

  ReplyDelete
 22. അല്ല പുതിയ ന്യൂസ്‌ വായിച്ചില്ലേ. കൊട്ടോട്ടിക്കാരന്‍ എവിടെ പോയി.. ഇനീം അവരെ നന്നാകാന്‍ ശ്രമിക്കണോ.

  ReplyDelete
 23. ഒന്നാലോചിക്കൂ, മനോരമചാനലുമായി ബന്ധപ്പെട്ട് റിയാലിറ്റിവിവാദമുണ്ടാക്കി സായൂജ്യമടഞ്ഞ പ്രമുഖമാധ്യമവും വിചാരണകൂടാതെ തൂക്കിക്കൊല വിധിക്കുന്ന നീതിസംവിധാനമാണ്. ഇപ്പോൾ വീണ്ടും അതേപ്രാധാന്യത്തോടെ ഒരുപക്ഷേ അതിൽക്കൂടുതൽ പ്രാധാന്യത്തോടെ വീണ്ടും വിചാരണ തുടങ്ങുമ്പോൾ പലകാര്യങ്ങളും ചിന്തിച്ചും സംശയിച്ചും പോകയാണ്. ഇപ്പോഴും കെട്ടിയോളും കുട്ടിയോളുമ്മായി ലോഡ്ജിൽ താമസിക്കുന്നയാളാണ് കൊട്ടോട്ടി. ആ ലോഡ്ജിനാവട്ടെ ഒരു മുതലാളിയുമുണ്ട്. പക്ഷേ അവിടെ ഞാൻ മാനേജരല്ലെന്ന ഒരു വ്യത്യാസം കിടക്കുന്നുണ്ടെന്നു മാത്രം. ആരെങ്കിലും തോന്ന്യാസത്തിനു വന്നാൽ തടയിടുന്നതു സ്വാഭാവികം. പിടിക്കപ്പെടുന്നവർക്കു ബുദ്ധിയുണ്ടെങ്കിൽ കൊട്ടോട്ടീടെ ഗതിയും ഇതുപോലെ തന്നെയാവും.

  ഇവിടെ കുറ്റാരോപിതൻ മനുഷ്യനല്ലെന്ന മട്ടിൽ വാർത്താപ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്, നിങ്ങൾ തകർത്തെറിയുന്നത് ഒരു ജീവിതമാണ്. തെറ്റു തെളിയുന്നപക്ഷം അവർ ശിക്ഷിയ്ക്കപ്പെടട്ടെ. അതിനുമുമ്പുള്ള കൊലവെറി നിർത്തണമെന്നേ പറയുന്നുള്ളൂ. ഭർത്താവുകൂടെയില്ലാത്ത യുവതി അയലുപക്കത്തെ യുവാവുമായി ലോഡ്ജിൽ തങ്ങിയതു തമാശപറഞ്ഞിരിയ്ക്കാനാവണം. ആ താമാശകൾ ഒരുപക്ഷേ ലവർ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. അപ്പൊപ്പിന്നെ രക്ഷപ്പെടാൻ കണ്ടവരെ പ്രതിയാക്കാതെ തരമില്ലല്ലോ. പീഢന-ബ്ലാക്മെയിൽ വാർത്തകൾക്കും കേസുകൾക്കും പ്രചാരവും മാർക്കറ്റും ഉള്ള ഈകാലത്ത് അതിന് എളുപ്പമാണുതാനും.

  ഇവിടെ പ്രതിയാക്കപ്പെട്ടയാൾ കുടുംബസമേതം അവിടെ താമസിക്കുന്നയാളാണ്. പ്രസ്തുത സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനും. ആ നിലയ്ക്ക് അയാൾക്കു പറയാനുള്ളതു മറച്ചുവെയ്ക്കുന്നതു നീതിയല്ല. നഗ്നചിത്രവാർത്ത വിശ്വസിക്കാൻ അൽപ്പം പ്രയാസമുണ്ട്. കാരണം ഭർത്താവ് സ്ഥലത്തില്ലാത്ത യുവതി അയൽപക്കക്കാരനുമൊത്ത് അവിടെ റൂമെടുത്തത് ചായകുടിക്കാനാവില്ലെന്നുറപ്പ്. അതുകൊണ്ടുതന്നെ കേസിന്റെ ആ വശം കൂടി ഒന്ന് ആലോചിക്കേണ്ടതുണ്ട്. അതില്ലാതെ ഒരു വൈരാഗ്യമുള്ളതുപോലെ ഇങ്ങനെ പെരുമാറുന്നതു ശരിയല്ല. ചിത്രമെടുത്തു എന്നു മാധ്യമങ്ങൾ വിളിച്ചുപറയുമ്പോൾ അതു കണ്ടെടുക്കാൻ ഈകമന്റെഴുതുന്നതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത് (അതെങ്ങനെ, അതുണ്ടെങ്കിലല്ലേ കിട്ടൂ..! ഇത് മറ്റതു പിടിച്ചപ്പോൾ പടച്ചുണ്ടാക്കിയതാവാമല്ലോ). ലവനു കൂട്ടുപറയുകയാണെന്നു കരുതണ്ട, ഇങ്ങനെയും ആവാൻ സാധ്യതയുണ്ടെന്നും ഒരുപക്ഷേ അതിനാവും സാധ്യതകൂടുതലെന്നും പറഞ്ഞുവെന്നും മാത്രം. ഏതായാലും ഒരു വിചാരണയും ശിക്ഷാവിധിയും നടത്താൻ തൽക്കാലം പദ്ധതിയില്ല.

  ReplyDelete
 24. നളിനി ജമീല അവതരിപ്പിക്കുന്ന ഒരു റിയാലിറ്റി ഷോയുടെ കാലം അതിവിദൂരമല്ല, എന്ന് തോന്നുന്നു!! ചാനല്‍ റേറ്റിംഗ് കൂട്ടണ്ടേ?

  ReplyDelete
 25. 2012 മാര്‍ച്ച് 4
  യുവതിയുടെ നഗ്നത പകര്‍ത്തി ഭീഷണി: ലോഡ്ജ് ഉടമയും സഹായികളും റിമാന്‍ഡില്‍
  മാള: കിഴക്കെ അങ്ങാടിയിലെ ഹസ്കര ലോഡ്ജില്‍ മുറിയെടുത്ത യുവതിയേയും അയല്‍വാസിയേയും ഭീഷണിപ്പെടുത്തി നഗ്നത കാമറയില്‍ പകര്‍ത്തി പണം തട്ടിയ ലോഡ്ജ് ഉടമയും സഹായികളും റിമാന്‍ഡില്‍. ലോഡ്ജ് ഉടമ വടമനായകത്ത് മുഹമ്മദാലി (60), മാനേജര്‍ എറണാകുളം തമ്മനം തോപ്പില്‍ നാസര്‍ (32), നാസറിന്‍െറ ഭാര്യ റെജുല (28), ജീവനക്കാരന്‍ കുഴിക്കാട്ടുശേരി കാരൂര്‍ തട്ടില സൈമണ്‍ (50) എന്നിവരെ ചാലക്കുടി ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച മാള സ്വദേശിയായ യുവതിയും അയല്‍വാസിയും സംസാരിച്ചുകൊണ്ടിരിക്കെ മുറിക്കുള്ളില്‍ കടന്ന് ലോഡ്ജ് മാനേജര്‍ നാസറും ഉടമ മുഹമ്മദാലിയും നിര്‍ബന്ധിച്ച് അശ്ളീല രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. പകര്‍ത്തിയ രംഗങ്ങള്‍ കാണിച്ച് ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50,000വും പിന്നീട് ലക്ഷവും ആവശ്യപ്പെട്ടു. നാലര പവന്‍ മാല നല്‍കി യുവതി ലോഡ്ജില്‍നിന്നും രക്ഷപ്പെട്ടു. പിന്നീട് മാല നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കി. മാള എസ്.ഐ. ഡി. മിഥുന്‍െറ ഇടപെടലാണ് ലോഡ്ജ് ഉടമയേയും സംഘത്തേയും കുടുക്കിയത്. ലോഡ്ജ് ഉടമയെ കേസില്‍നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമം എസ്.ഐ പരാജയപ്പെടുത്തി. 33 കേസുകളില്‍ പ്രതിയായ നാസറിനേയും ഭാര്യയേയും ഉടമ ലോഡ്ജില്‍ താമസിപ്പിച്ചുവരികയായിരുന്നു.

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive