Saturday

പി. ടി. ഉഷയോ.. അതാരാ....?

ഇന്ത്യയുടെ അഭിമാനമെന്നും കേരളത്തിന്റെ മാണിക്യമെന്നും വിവരണങ്ങൾക്കതീതമായ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ നെഞ്ചോടു ചേർത്ത് വാഴ്ത്തിയതു നമ്മളൊക്കെത്തന്നെയാണ്. പി. ടി. ഉഷയെന്ന ആ മാണിക്യത്തിനു മുമ്പോ അദ്ദേഹത്തിനു ശേഷമോ ലോകറാങ്കിങ്ങിലെ ആദ്യപത്തിൽ മറ്റൊരാൾക്ക് അത്ലറ്റിക്സിൽ ഇന്ത്യയിൽനിന്ന് കടന്നുകൂടാൻ കഴിഞ്ഞിട്ടില്ലെന്നത് ഒരു കാരണവശാലും ആരും മറക്കാൻ പാടില്ലാത്തതാണ്. ഇന്ത്യൻ കായികലോകത്തിൽ ഇതുവരെ ആ സ്ഥാനത്തിരിയ്ക്കാൻ മറ്റിരാൾ കടന്നുവന്നിട്ടില്ലെന്നിരിയ്ക്കെ ഇത്രയും മോശമായതരത്തിൽ അവരെ അപമാനിയ്ക്കാൻ തക്ക കാരണം എന്താണെന്ന് അറിയേണ്ടതുണ്ട്. ഉഷയെ അവർ തിരിച്ചറിഞ്ഞില്ലെന്നാണോ അതോ മറ്റെന്തെങ്കിലും കാരണം? ഏതായാലും കേവലം ഒരു പ്രവേശന സ്ലിപ്പിന്റെ പേരിൽ സംസ്ഥാൻനസ്കൂൾ കായിക മേള നടക്കുന്ന എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ പ്രവേശനം നിഷേധിയ്ക്കപ്പെട്ടു എന്നത് മഹാ മോശമായിപ്പോയി. പ്രവേശന പാസ് നിർബ്ബന്ധമാണെങ്കിൽത്തന്നെ അവർക്ക് സ്നേഹപൂർവ്വം ഒരു ബാഡ്ജ് സമ്മാനിച്ചാൽ ഇങ്ങനെ ഒരു അവസ്ഥ സംജാതമാകുന്നതു തടയാമായിരുന്നു. അതുകൊണ്ട് ആകാശമിടിഞ്ഞു വീഴുകയൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ.


ഇത് ആദ്യമായല്ല അവർക്ക് അപമാനം നേരിടേണ്ടി വന്നിട്ടുള്ളത്. ഭോപാലിൽ വച്ചുനടന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ തന്റെ കുട്ടികളുടെ പ്രകടനം കാണാൻ ഏതാണ്ട് ഒൻപതു മണിയോടെ എത്തിയ ഉഷയ്ക്ക് തന്റെ ബാഗ് തോളത്തുനിന്ന് ഒന്നിറക്കിവയ്ക്കാൻ ഒരിടം കിട്ടിയത് മൂന്നുമണിയോടെ. പ്രഭാതകൃത്യങ്ങൾ നിർവ്വഹിയ്ക്കാനോ ഒന്നിരിയ്ക്കാനോ കഴിയാതെ മഴയത്തലഞ്ഞ് ഒടുവിൽ പരിചയമില്ലാത്ത ദേശത്ത് സ്വന്തം നിലയിൽ ഒരു റൂം തരപ്പെടുത്തേണ്ടിവന്നു. ''ഞാന്‍ വലിയ താരമല്ലായിരിക്കാം. രാജ്യത്തിനു വേണ്ടി കുറച്ച് മെഡലുകളെങ്കിലും നേടിയ കായികതാരമെന്ന നിലയ്ക്ക് സ്‌പോര്‍ട്‌സിനോടുള്ള സ്‌നേഹംകൊണ്ടു മാത്രം സ്വന്തം ചെലവില്‍ ഭോപ്പാലില്‍ എത്തിയ എന്നെ മണിക്കൂറുകളോളം നഗരത്തില്‍ ചുറ്റിച്ചതെന്തിനായിരുന്നു?'' എന്ന ഉഷയുടെ അന്നത്തെ ചോദ്യത്തിന് ഇന്നും ആരും മറുപടി കൊടുത്തിട്ടില്ല. രാജ്യത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിയ്ക്കുന്ന കായികതാരങ്ങൾക്ക് ഇന്ത്യയിലെങ്ങും ഇതാണു ഗതിയെങ്കിൽ കായികരംഗത്ത് ആരും വരാതിരിയ്ക്കുന്നതാവും നല്ലത്. അതുതന്നെയാണ് ഉഷയും പറഞ്ഞത്, "ഇതൊക്കെ അനുഭവിയ്ക്കാൻ തയ്യാറുണ്ടെങ്കിൽ മാത്രം ഇതിനൊക്കെ ഇറങ്ങിയാൽ മതി"യെന്ന്. അടിസ്ഥാന സൗകര്യങ്ങളോ സാഹചര്യങ്ങളോ വേണ്ടത്രയില്ലതെയാണ് നമ്മുടെ കായിക പ്രതിഭകൾ പരിശീലനത്തിനിറങ്ങുന്നത്. വേണ്ടത്ര പരിഗണന കൊടുക്കാതിരിയ്ക്കുന്നതിനു പുറമേ ഇത്തരത്തിലുള്ള അവഗണനകളും അപമാനവും നാളെ നമുക്കും പ്രതിഫലമാണെന്ന തിരിച്ചറിവിൽ കായികരംഗത്തു നിന്ന് പുറം തിരിയാൻ അവരെ ഒരു പക്ഷേ പ്രേരിപ്പിച്ചേക്കാം.

1984ലെ ലോസ്ഏഞ്ജൽസ് ഒളിമ്പിക്സിനു ശേഷം ഉഷയ്ക്ക് അഭനന്ദനക്കത്തയയ്ക്കാൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് മത്സരമായിരുന്നു. പി.ടി. ഉഷ, ഇന്ത്യ എന്നു മാത്രം മേൽവിലാസമെഴുതിയ കത്തുകൾ അവരെത്തേടി എത്തിക്കൊണ്ടിരുന്നു. പത്രത്താളുകളിൽനിന്ന് ഉഷയുടെ ചിത്രം വെട്ടിയെടുത്ത് മേൽവിലാസത്തിന്റെ സ്ഥാനത്തൊട്ടിച്ച് കത്തയച്ചവരും ഉണ്ടായിരുന്നു. ആ കത്തുകളെല്ലാം ഇന്നും അവർ സൂക്ഷിയ്ക്കുന്നുമുണ്ട്. അന്ന് അവർക്കു ആശംസകൾ അയയ്ക്കാനും അതിനുമറുപടി ലഭിയ്ക്കാനും ഭാഗ്യം സിദ്ധിച്ച ഒരാളെന്ന നിലയിൽ ഒരു പ്രതികരണം എഴുതണമെന്നു തോന്നി. അന്ന് ഉഷയ്ക്ക് കത്തയച്ചവരിൽ ഒരുപക്ഷേ ഏറ്റവും പ്രായം കുറവ് എനിയ്ക്കായിരിയ്ക്കണം. കേവലം ഒൻപതു വയസ്സു മാത്രമായിരുന്നു അന്ന് എനിയ്ക്കു പ്രായം. ആ ഒൻപതു വയസ്സുകാരന്റെ തിരിച്ചറിവും ആദരവും ബോധവും ഇന്ന് അൻപതു വയസ്സുകാർ പോലും അവരോട് കാണിയ്ക്കുന്നില്ലല്ലോ എന്നതോർക്കുമ്പോൾ വല്ലതെ വേദന തോന്നുന്നു.

ഉഷയുമായി ഇന്നുനടന്ന സംഭാഷണത്തിന്റെ രത്നച്ചുരുക്കം..


ഇന്നലെ താങ്കൾക്ക് ഗ്രൗണ്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചതിനെപ്പറ്റി....

 സാധാരണക്കാരായ ധാരാളം പേർക്ക് ഗ്രൗണ്ടിലേയ്ക്ക് പ്രവേശനം അനുവദിച്ച അതേസമയം തന്നെയാണ് എനിയ്ക്ക് അതു നിഷേധിച്ചത്. ഗ്രൗണ്ട്‌പാസില്ലാതെ കടത്തിവിടില്ലെന്ന് വാശിപിടിച്ചു നിൽക്കുന്ന അതേസമയം തന്നെയാണ് ക്രിക്കറ്റ് താരം ശ്രീശാന്തിന് പ്രവേശനം അനുവദിച്ചത്. ഞാൻ നോക്കിനിൽക്കെയാണത്. ഇതിൽനിന്നുതന്നെ വളരെയേറെ വിവേചനം നടക്കുന്നുണ്ട്വെന്നതു വ്യക്തമാണ്. മറ്റു സ്കൂളുകളിൽ നിന്നും വന്നിട്ടുള്ള കായിക താരങ്ങളുടെ കൂടെ വന്നവർക്കാർക്കും ഇങ്ങനെ ഒരനുഭവം ഉണ്ടായതായി അറിവില്ല. മാത്രമല്ല അവരെല്ലാം നിർബാധം സഞ്ചരിയ്ക്കുന്നുണ്ടായിരുന്നു. കാർഡില്ലാതെ കടത്തിവിടില്ലെന്ന് അവർ വാശി പിടിച്ചപ്പോൾ  ഞാൻ തർക്കത്തിനു നിൽക്കാതെ ഗ്യാലറിയിലേയ്ക്കു പോവുകയായിരുന്നു.

എന്താണ് താങ്കൾക്ക് ഇങ്ങനെ ഒരനുഭവമുണ്ടാവാൻ കാരണമായി താങ്കൾക്കു തോന്നുന്നത്?

മറ്റുള്ളവരെക്കാൾ മികച്ച കുറേയേറെ കുട്ടികളെ പരിശീലിപ്പിയ്ക്കാനും ശരിയാം വണ്ണം പരിപാലിയ്ക്കാനും എനിയ്ക്കു കഴിയുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതിൽ ഒരു പക്ഷേ മറ്റുള്ളവർക്ക് വിരോധമുണ്ടാവാം. സ്പോർട്സ് സ്കൂൾ തുടങ്ങുമ്പോൾത്തന്നെ ഒരു പാടു പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കേണ്ടി വന്നിട്ടുണ്ട്.പല ഭാഗങ്ങളിൽ നിന്നുള്ള എതിർപ്പുകളെ അതിജീവിച്ചാണ് സ്കൂൾ തുടങ്ങിയത്. ഇന്നും അതിന്റെ ചില്ലറ പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. മറ്റുള്ളവർക്ക് അഴിമതി നടത്താൻ സാഹചര്യമില്ലാത്തതിനാലാവണം ഒരു പക്ഷേ ഈ എതിർപ്പ്. മറ്റുള്ളവരേക്കാൾ മികച്ച രീതിയിലാണ് ഞങ്ങൾ കായികതാരങ്ങളെ വാർത്തെടുക്കുന്നത്. അതും ഒരു പക്ഷേ കാരണമാവാം.

പ്രവേശനം നിഷേധിച്ചപ്പോൾ വിഷമം തോന്നിയില്ലേ?

അതില്ലാതിരിയ്ക്കില്ലല്ലോ... പക്ഷേ അതിനേക്കാൾ കൂടുതൽ വിഷമം പ്രവേശനം നിഷേധിയ്ക്കപ്പെട്ട് ഞാനവിടെ നില്ക്കുമ്പോൾത്തന്നെ മറ്റു പലരെയും കടത്തിവിടുന്നതു കണ്ടപ്പോഴാണ് എനിയ്ക്കു തോന്നിയത്. ഞാനവിടെ നിൽക്കുമ്പോഴാണ് ശ്രീശാന്തിനെ കടത്തിവിട്ടത്. എനിയ്ക്ക് ആദ്യമായല്ല ഇങ്ങനെയൊരനുഭവം. മുമ്പു പലപ്പോഴും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വച്ച്  ഇതിനു മുമ്പും അനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയിൽ മറ്റൊരു കായിക താരത്തിനും ഇത്രയേറെ അവഗണന ഉണ്ടായിട്ടുണ്ടാവില്ല.

ഇന്ത്യൻ ദേശീയ കായിക വിനോദത്തെ മറന്ന്, മറ്റുള്ള കായികവിനോദങ്ങളെയെല്ലാം മറന്ന് ഇരുപത്തിരണ്ട് കുട്ടിച്ചാക്കുകളെക്കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരന്റെ സമയവും സാമ്പത്തികവും കൊള്ളയടിയ്ക്കുന്ന കൊള്ളക്കളിയ്ക്ക് കൊടുക്കുന്നതിന്റെ നൂറിലൊന്നു പരിഗണനയെങ്കിലും ഇന്ത്യയിലെ മറ്റു കായിക വിഭാഗങ്ങൾക്കു നൽകിയെങ്കിൽ, ക്രിക്കറ്റിലെ മഹാരഥന്മാർക്കു നൽകുന്നതിന്റെ ആയിരത്തിലൊരു ഭാഗമെങ്കിലും പരിഗണന ഇന്ത്യയിലെ മറ്റു കായിക താരങ്ങൾക്കു കൊടുത്തിരുന്നെങ്കിൽ ഇന്ത്യൻ കായികരംഗം എന്നേ അഭിവൃദ്ധി പ്രാപിച്ചേനെ. ഇവിടെ എന്താണ് ഉഷ ചെയ്ത കുറ്റം? ഇന്ത്യയിലെ നൂറുകോടി മനുഷ്യകണങ്ങളുടെ അഭിമാനമായതോ? ലാഭേച്ഛ കൂടാതെ രാജ്യത്തിന്റെ യശ്ശസ്സുയർത്താൻ കഴിവും പ്രാപ്തിയുമുള്ള ഒരു കൂട്ടം കായികതാരങ്ങളെ വാർത്തെടുക്കുന്നതോ? അർഹതയുള്ളവരെ അംഗീകരിയ്ക്കാനും അവരെ ബഹുമാനിയ്ക്കാനും നമ്മൾ പഠിയ്ക്കുന്നതെന്നാണ്? രാജ്യത്തിന്റെ അഭിമാനമായ ഈ നക്ഷത്രങ്ങളെ ആദരിയ്ക്കുന്നതെങ്ങനെയെന്ന് നാം തീർച്ചയായും തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിയുന്ന സമൂഹത്തിൽ മാത്രമേ ഉഷയ്ക്കോ അതുപോലെ സാധാരണക്കരായ മറ്റുള്ള പ്രതിഭകൾക്കോ പരിഗണന പ്രതീക്ഷിയ്ക്കേണ്ടതുള്ളൂ. പി.ടി. ഉഷയുടെ വാക്കുകൾ തന്നെ നമുക്ക് കടമെടുക്കാം.

"ഇതൊക്കെ അനുഭവിയ്ക്കാൻ തയ്യാറാണെങ്കിൽ മാത്രം ഈ രംഗത്തേയ്ക്ക് ഇറങ്ങിയാൽ മതി"

  12 comments:

  1. ശരിയാ ഇതൊക്കെ അനുഭവിയ്ക്കാൻ തയ്യാറാണെങ്കിൽ മാത്രം ഈ രംഗത്തേയ്ക്ക് ഇറങ്ങിയാൽ മതി
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  2. കൊട്ടോട്ടിക്കാരൻ...രാജ്യത്തിന്റെ യശസ്സിനും, കീർത്തിക്കുംവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവർക്ക്, അത് ഏത് മേഖലയിലായാലും അവഗണന മാത്രമാണ് ബാക്കിയുണ്ടാവുക..സ്വന്തം കീശ് വീർപ്പിക്കുവാൻ,സാധാരണ ജനത്തിന്റെ പോക്കറ്റിലും, സർക്കാർ ഖജനാവിലും കൈയിട്ട് വാരുന്നവർക്ക് മാത്രമാണ്, ഇന്നത്തെ സമൂഹത്തിൽ മാന്യന്മാരുടെ പരിവേഷം ലഭിക്കുക. പി.ടി. ഉഷ, ഈ കയ്യിട്ടുവാരലുകാർക്ക് ഓശാന പാടാതെ, സ്വന്തം നാടിനുവേണ്ടി തന്നാലാവുന്നവിധം പ്രവർത്തിക്കുന്നു എന്നത്, ഇത്തരക്കാരുടെ കണ്ണുകളിൽ മാപ്പർഹിക്കാത്ത കുറ്റം തന്നെയായിരിക്കും..അപ്പോൾ ഇതൊക്കെ അനുഭവിച്ചേ മതിയാകൂ......ഇതൊക്കെ നടമാടുന്ന കേരളത്തെയോർത്ത് നമുക്ക് ലജ്ജിക്കാം....അതായിരിക്കും എന്നും ഒരു യഥാർത്ഥ മലയാളിയുടെ വിധി...

    ReplyDelete
  3. മറ്റുള്ളവര്‍ക്ക് ഇവരോട് അസൂയയാണെന്ന് ഇവരു പറയുന്നു. മികച്ചരീതിയില്‍ പരിശീലനം കൊടുക്കുന്നതിലുള്ള മറ്റുള്ളവരുടെ അസൂയയാണത്രേ.. ഈ സ്വഭാവം തന്നെയാണ് ഇവരുടെ ശത്രു. ഏതു വലിയ കായികതാരം ആണെങ്കിലും സ്വഭാവം ഇങ്ങിനെയായാല്‍ പോയി.. ബഹുമാനം പിടിച്ച് വാങ്ങേണ്ടതല്ലല്ലോ. ഏതിനേയും വിമര്‍ശനബുദ്ധിയോടെ മാത്രമേ കാണുകയുള്ളൂ. കഴിഞ്ഞ ഒളിമ്പിക്സ് ശരിയായി നടത്തിയില്ലെന്ന് വിമര്‍ശിക്കുന്നതു കേട്ടിരുന്നു, മലയാളം അറിയാവുന്ന വോളണ്ടിയേഴ്സ് ചൈനയില്‍ ഇല്ലായിരുന്നുപോലും!!

    ReplyDelete
  4. പ്രശസ്തിയേക്കാൾ കുപ്രശസ്തി ആഗ്രഹിക്കുന്ന ഈ നാട്ടിൽ പ്രശസ്തി യുള്ളവരെ കുറിച്ചെഴുതി എന്തിന്ന് വെറുതെ പത്രത്തിന്റെ വിൽപ്പന കുറക്കുന്നു...ആര് വാഴിക്കാൻ ? ആര് കാണാൻ ? കൊട്ടോട്ടിയുടെ വെഷമം എനിക്ക് മനസ്സിലാവുന്നുണ്ട്....

    ReplyDelete
  5. ഇവിടെ കൊട്ടോട്ടിയും അദ്ദേഹത്തിന്റെ ബ്ലോഗും ഉണ്ടായിരുന്നത് കൊണ്ട് ഇങ്ങിനെ ഒരു പ്രതിഷേധമെങ്കിലും നാലു ബ്ലോഗേര്‍സ് അറിഞ്ഞു. നാസറിന്റെ മഹാപാതകം നാലു കോളത്തില്‍ കാണിച്ച് മഴവില്‍ മനോരമയെ ആഫീസ് പൂട്ടിച്ച “മാധ്യമം” പത്രം ഈ വാര്‍ത്ത സ്പോര്‍ട്സ് പേജില്‍ രണ്ട് കാളത്തില്‍ ഒതുക്കി. ഇന്ത്യയുടെ അഭിമാനഭാജമായിരുന്ന ഈ വനിതയെ അപമാനിച്ചതില്‍ പത്രധര്‍മ്മത്തെ ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്ന മാധ്യമം പോലും ഈ തരത്തില്‍ ചുരുക്കി വാര്‍ത്ത കൊടുത്തപ്പോള്‍ മറ്റുള്ളവരുടെ കാര്യം എന്ത് പറയാനാണ്. കുട്ടീം കോലും കളിക്കുന്ന ശ്രീകാന്ത് ശൂന്ന് അകത്തേക്ക് പോയപ്പോല്‍ ലോകത്തിന്റ് മുമ്പില്‍ ഇന്ത്യയുടെ അഭിമാനം കാത്ത പയ്യോളി എക്സ്പ്രേസ്സിനോട് ഈ അപമാനം പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പ്രതിഷേധിക്കുക.

    ReplyDelete
  6. സത്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ അതും ഒരു പെണ്ണ് എങ്കില്‍ പിന്നെ അവരുടെ സ്വഭാവം ശരിയല്ല എന്നൊക്കെ പറയുന്നവരാണ് നമ്മുടെ സമൂഹത്തിന്റെ ശാപം. എങ്കില്‍ പിന്നെ കിട്ടുന്നിടത്ത് അവരെ അപമാനിക്കുക എന്ന പ്രതിജ്ഞയുമായി ഇത് പോലെ അവര്‍ ഇറങ്ങും!!!

    ReplyDelete
  7. ശ്രിശാന്തിനെ കടത്തിവിട്ടു എന്ന് പറയുന്നതിൽ ഒരു ശരികേട് ഉണ്ട്... കാരണം... ശ്രിശാന്ത് സമ്മാനദാനം നിർവഹിക്കാൻ വന്നതാണ്... അതിനാൽ തന്നെ ക്ഷണിക്കപ്പെട്ട വ്യക്തിയാണ്...

    പി.ടി. ഉഷയുടെ കുട്ടികൾ മൽസരിക്കുന്നതുകൊണ്ട് ഉഷയെ തൽക്കാലം ഒരു കോച്ചെന്ന നിലയിലും കാണേണ്ടിവരും... ഉഷയെ കടത്തിവിടുകയും ഉഷ ട്രാക്കിലും സ്വന്തം കുട്ടികൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുമ്പോൾ പ്രശ്നമാകും കാരണം മറ്റു വിദ്യാലയങ്ങളിലെ കോച്ചുമാരെ ട്രാക്കിലേക്ക് കടത്തിവിടുന്നില്ല... അത് ഉഷയ്ക്കുമറിയാമല്ലോ...

    ഇന്ത്യയുടെ എക്കാലത്തേയും തിളക്കമുള്ള കായികതാരമെന്ന നിലയിലും ഇപ്പോഴും ഇതേ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിലും ഉത്ഘാടനം പോലെയുള്ള വേദികളിലോ സമ്മാനദാനം പോലെയുള്ളതിലും ക്ഷണിച്ച് പി.ടി. ഉഷയെപോലെയുള്ളവരെ ആദരിക്കണം...

    ReplyDelete
  8. ഓരോ രാജ്യത്ത് വേരുപിടിക്കുക ഓരോരോ കായിക ഇനങ്ങളായിരിക്കും. ഇന്ത്യയില്‍ ക്രിക്കറ്റിന് ഇത്ര വലിയ പ്രശസ്തി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരസ്യവും സ്പോണ്‍സര്‍ താല്‍പര്യങ്ങളും കൊണ്ട് മാത്രമല്ല, കളി ജയിക്കാനും കായികഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്താനും ആ ടീമിന് അറിയുന്നത് കൊണ്ടുകൂടിയാണ്. അതല്റ്റിക്സില്‍ താല്‍പര്യമുള്ളവര്‍ അതുകാണട്ടെ, ക്രിക്കറ്റില്‍ താല്‍പര്യമുള്ളവര്‍ അതുകാണട്ടെ, ദേശീയ കായികവിനോദം ദേശീയ തോല്‍വിവിനോദമാവുമ്പോള്‍ അത് പിന്നാട്ട് പോയെന്നിരിക്കും. അതാണ് കായികരംഗത്തെ പരിണാമങ്ങള്‍. നിങ്ങള്‍ പറഞ്ഞ പതിനൊന്ന് കുട്ടിച്ചാക്കുകളാണ് ഇന്ത്യക്ക് അഭിമാനിക്കാന്‍ അല്‍പമെങ്കിലും വകയുണ്ടാക്കുന്നതെന്ന് ഓര്‍ത്താല്‍ നന്ന്.

    ReplyDelete
  9. ബഹുമാനവും ആദരവും പിടിച്ചു വാങ്ങേണ്ടതല്ല. നേടിയെടുക്കേണ്ടതാണ്. ശരി.. വളരെ ശരി

    ReplyDelete
  10. ഉഷ തുടര്‍ച്ചയായി അപമാനിക്കപ്പെടുന്നു.കായികരംഗത്തുള്ള ചില ആളുകള്‍ക്ക് അഹംഭാവം കൂടുതലാണ്.മറ്റുള്ളവരെ പരിഹസിച്ചു കൊണ്ടു തളര്‍ത്തി കൊണ്ടുമാണ് അവര്‍ ആസ്വദിക്കുന്നത്. ഉഷ പറഞ്ഞ ‘"ഇതൊക്കെ അനുഭവിയ്ക്കാൻ തയ്യാറാണെങ്കിൽ മാത്രം ഈ രംഗത്തേയ്ക്ക് ഇറങ്ങിയാൽ മതി" എന്ന വാക്കില്‍ നിന്നു തന്നെ അസഹിഷ്ണുത എത്രത്തോളം ഉണ്ടാകും എന്നു മനസ്സിലാക്കാം.ഇനിയും അപമാനിക്കപ്പെടാതിരിക്കാന്‍ പ്രതിഷേധം അറിയിക്കുക തന്നെ വേണം.ഈ കാര്യം ശ്രദ്ധയില്പെടുത്തിയ സാബുവിനു നന്ദി.

    ReplyDelete
  11. കായിക രംഗത്ത് പലപ്പോഴും അവഗണന ക്രിക്കറ്റ് ഒഴികെ വ്യാപകമാണ് ,പി.ടി ഉഷയോടു ആകാമെങ്കില്‍ വേറെ ആരോടുമാകാം ,എന്ത് parayaaan

    ReplyDelete
  12. സത്യാവസ്ഥ ഇപ്പോളും വ്യക്തമല്ല കാരണം ഇവിടെ പി.ടി .ഉഷ മാത്രം പറഞ്ഞതെ അറിയൂ ...ഗ്രൗണ്ടില്‍ കയറ്റി വിടതതിന്നു അവര്‍ എന്ത് മറുപടി നല്‍കുന്നു എന്ന് വ്യക്തമല്ല .അല്ലാതെ മറ്റൊരാളെ കയറ്റി വിട്ടു,.... എന്ന് പറയുന്നതിനോട് എനിക്ക് തിരെ യോജിക്കാന്‍ ആവില്ല ......തീര്‍ച്ച ആയും പി ടി .ഉഷ മലയാളികള്‍ക്ക് ഒരു അഭിമാനം തന്നെയാ അതില്‍ ഒരു സംശയം ഇല്ല .....

    ReplyDelete

Popular Posts

Recent Posts

Blog Archive