Wednesday

നക്ഷത്രങ്ങളുടെ കൂട്ടുകാരിക്കൊരു ബ്ലോഗ്

പ്രിയപ്പെട്ടവരെ,
അകാലത്തിൽ നമ്മോടു വിടപറഞ്ഞു പറന്നകന്ന നക്ഷത്രങ്ങളുടെ കൂട്ടുകാരി ബ്ലോഗർ നീസ വെള്ളൂരിന്റെ ഇനിയും പ്രസിദ്ധീകരിക്കാത്ത രചനകളെ പരിചയപ്പെടുത്തുന്നതിനാണ് ഇതെഴുതുന്നത്. അവളെ ബൂലോകത്തേക്കു കൈപിടിച്ചു നടത്തുമ്പോൾ ഒരു നല്ല ലക്ഷ്യമുണ്ടായിരുന്നു. ലുക്കീമിയ ബാധിച്ചു ചികിത്സയിലായിരുന്നു ഏറെക്കാലം അവൾ. മുമ്പൊക്കെ വല്ലപ്പോഴും പനികൂടുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകലായിരുന്നു പതിവ്. ഇക്കാലത്താണ് വളരെ യാദൃശ്ചികമായി അവളുടെ കവിതചൊല്ലൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. പിന്നെ അവൾക്കു ബ്ലോഗു പരിചയപ്പെടുത്തുകയും നിലാമഴകൾ തുടങ്ങുകയും ചെയ്തു. കാണുന്ന അവസരങ്ങളിൽ അവൾ കവിതകൾ എന്നെ ഏൽപ്പിക്കുകയും ഞാനത് ബ്ലോഗിലിടുകയുമായിരുന്നു പതിവ്, അവൾക്ക് കമ്പ്യൂട്ടർ ഇല്ല്ലായിരുന്നു.

അവളുടെ വിയോഗ ശേഷമാണ് എന്നെ ഏൽപ്പിച്ചതിൽ കൂടുതൽ കവിതകൾ അവൾ എഴുതിക്കൂട്ടിയിരുന്നു എന്നു മനസ്സിലായത്. കവിതകൾ മാത്രമല്ല കഥകളും പതിനഞ്ച് അദ്ധ്യായങ്ങളിലായി "നിശാ ശലഭങ്ങൾ" എന്ന പേരിൽ ഒരു നോവലും അവൾ എഴുതിയിരുന്നു. എഴുതി സൂക്ഷിച്ചിരുന്ന കുറേയധികം കഥകളും കവിതകളും അവൾ ഉദ്ദേശിച്ചത്ര നന്നായില്ലെന്ന കാരണം പറഞ്ഞ് അവൾ നശിപ്പിച്ചു കളഞ്ഞിരുന്നു. ഒരു പക്ഷേ അവളുടെ രചനകൾക്ക് മറ്റുള്ളവർ വേണ്ടവിധം ശ്രദ്ധ കൊടുക്കുന്നില്ലെന്ന തോന്നലാവാം അങ്ങനെ ചെയ്തതിനു പിന്നിൽ. ബ്ലോഗിൽ തന്റെ കവിതയ്ക്കു വന്ന ആദ്യകമനു കണ്ടപ്പോഴുണ്ടായ സന്തോഷം നേരിട്ടറിഞ്ഞയാളെന്ന നിലയിൽ എനിക്ക് അങ്ങനെതന്നെയാണു തോന്നുന്നത്. കാരണം പിന്നെയൊരിക്കലും അവൾ എഴുതിയതു നശിപ്പിച്ചിട്ടില്ല.


അവളുടെ രോഗാവസ്ഥയുടെ സ്ഥിതിയനുസരിച്ച് അവളുടെ ബ്ലോഗിൽ പോസ്റ്റുകൾ തമ്മിലുള്ള സമയം വ്യത്യാസപ്പെട്ടിരുന്നു. തന്റെ രചനകൾ ബൂലോകത്തെത്തിക്കുന്നതിലും അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരുടെ ബ്ലോഗുകൾ വായിക്കുന്നതിലും അവൾ വളരെ സന്തോഷം കണ്ടെത്തിയിരുന്നു. ആ സന്തോഷം അവൾക്ക് തുടർന്നു നൽകാനുംവളുടെ വ്യസനത്തിൽ പങ്കാളിയാകാനും അവളെ സഹായിക്കാനും അങ്ങനെ ലക്ഷ്യപ്രാപ്തിയിലെത്താൻ നമുക്കു കുറേയെങ്കിലും സാധിച്ചിട്ടുണ്ട്. കഥകളും നോവലും കവിതകളുമായി ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവൾ ആഗ്രഹിച്ചിരുന്ന സൃഷ്ടികൾ തുടർന്നും ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ ഞാൻ ശ്രമിക്കുകയാണ്. അതിനുവേണ്ടി "നിലാമഴകൾ" എന്നപേരിൽ മറ്റൊരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. നീസ വെള്ളൂരിന്റെ കഥകളും കവിതകളും ഇനി അവിടെ വായിക്കാം. "പറയാതെ ഒരു യാത്ര" എന്ന പേരിൽ അവൾ എഴുതിയ ഒരു കഥയാണ് ആദ്യപോസ്റ്റാക്കിയിരിക്കുന്നത്.

നമ്മോടു വിടപറയുമ്പോൾ അവൾ ഒമ്പതാം തരം വിദ്യാർത്ഥിയായിരുന്നു. ഏഴാം ക്ലാസിനു ശേഷം അവൾക്ക് കൃത്യമായി സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. അവളുടെ ദുരിതവേദനകൾ മറക്കാൻ എഴുതിക്കൂട്ടിയ വേദനാ സംഹാരികളായി മാത്രമേ അവളുടെ രചനകളെ കാണാവൂ എന്നൊരു നിർദ്ദേശമുണ്ട്. വലിയ സാഹിത്യസൃഷ്ടിയുടെ കെട്ടും മട്ടും ഒരുപക്ഷേ അവയിൽ കണ്ടുകൊള്ളണമെന്നില്ല. എന്തുതന്നെയായാലും അവളുടെ പോസ്റ്റുകളിലെ കമന്റുകൾക്കു മറുപടിയുണ്ടാവില്ല. നിർദ്ദേശങ്ങളും വിമർശനങ്ങളും അവൾ അറിയുന്നുമുണ്ടാവില്ല. ആശംസകൾ വായിക്കാൻ അവൾ ഇന്നു ജീവിച്ചിരിപ്പില്ല. അവളുടെ ബ്ലോഗിലെ അവസാന പോസ്റ്റിലെ ആദ്യ കമന്റിനുണ്ടായ അവളുടെ പ്രതികരണം ഞാനറിഞ്ഞതാണ്. അതുകൊണ്ടുതന്നെ ആ ബ്ലോഗിന്റെ കമന്റുബോക്സ് ഞാൻ തുറന്നുതന്നെ വയ്ക്കുന്നു. ഒരുപക്ഷേ നമ്മൾ കാണാത്ത ലോകത്തിരുന്ന് അവൾ നമ്മളെഴുതുന്ന അഭിപ്രായങ്ങൾ വായിച്ചു സന്തോഷിക്കുന്നുണ്ടാവുമെങ്കിലോ... ബൂലോകത്തെ ഒരുപാടു സ്നേഹിച്ച അവളുടെ ആ വരികളിലും വാക്കുകളിലും കൂടിയാവട്ടെ ഇനി അവൾ നമ്മോടു സംവദിക്കുന്നത്.

Saturday

ശിഹാബുദ്ദീന്റെ ഒരു പരീക്ഷാക്കാലം...

വിധിയിൽ വിശ്വസിയ്ക്കാം, പക്ഷേ വിധിയെപ്പഴിച്ചുകൊണ്ട് ജീവിതം മുന്നോട്ടുരുട്ടാൻ ശിഹാബുദ്ദീൻ തയ്യാറല്ല. പൂക്കോട്ടൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ ഇരുപത്തെട്ടാം നമ്പർ മുറിയിൽ ഈ വർഷം പ്ലസ് ടു സയൻസ് പരീക്ഷയെഴുതുമ്പോൾ പകരക്കാരനെ വയ്ക്കാൻ അവൻ തയ്യാറാവാതിരുന്നതും അതുകൊണ്ടുതന്നെയാണ്. മറ്റാരെങ്കിലും എഴുതിയാൽ തന്റെ കയ്യക്ഷരത്തിനാണു ക്ഷീണമെന്ന് തമാശയായെങ്കിലും അവൻ കാരണം നിരത്തുന്നു.

ശിഹാബുദ്ദീന് ജന്മനാതന്നെ രണ്ടുകാലുകളുമില്ല. കൈകളാവട്ടെ മുട്ടിനു മുകളിൽ പേരിനുമാത്രവും. കൈപ്പത്തിയും വിരലുകളും സങ്കൽപ്പത്തിൽ മാത്രം. നല്ലൊരു ചിത്രകാരനായ അവൻ വരച്ചുകൂട്ടിയിരിക്കുന്നത് ജീവൻ തുടിക്കുന്ന നൂറുകണക്കിന് ചിത്രങ്ങൾ. ശിഹാബ് പൂക്കോട്ടൂർ എന്ന പേരിൽ തന്റെ ചിത്രബ്ലോഗിലൂടെ അത് ലോകമാകെ പ്രദർശിപ്പിക്കാനും തുടങ്ങിയിരിക്കുന്നു ഈ കൊച്ചു മിടുക്കൻ. പ്ലസ് ടു പഠനവുമായി ബന്ധപ്പെട്ട് ബ്ലോഗിലെ ചിത്രപ്രദർശനം താൽക്കാലികമായി മുടങ്ങിയിട്ടുണ്ടെങ്കിലും പരീക്ഷ കഴിയുന്നതോടെ ബ്ലോഗിൽ സജീവമാകാൻ കഴിയുമെന്നാണ് ശിഹാബുദ്ദീൻ കരുതുന്നത്. കലാരംഗത്തെ നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനുള്ള നിയോഗവും പലതവണ ശിഹാബുദ്ദീന് കൈവന്നിട്ടുണ്ട്. കഥയെഴുത്ത്, പെൻസിൽ ഡ്രോയിംഗ്, ജലച്ഛായം തുടങ്ങിയവയിലെല്ലാം കഴിവുതെളിയിച്ചിട്ടുള്ള ഈ താരകം സ്കൂളിലെ ഏറ്റവും മികച്ച കൈയക്ഷരത്തിനുള്ള സമ്മാനജേതാവും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ നിപുണനുമാണ്.


പൂക്കോട്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പത്താംതരം ഉയർന്ന ഗ്രേഡിൽ പാസ്സായപ്പോൾ ശിഹാബ് തുടർ പഠനത്തിനു തെരഞ്ഞെടുത്തത് സർവ്വാംഗർപോലും അൽപ്പം ആലോചിച്ചുമാത്രം കൈകാര്യം ചെയ്യുന്ന സയൻസ് ഗ്രൂപ്പാണ്. ആ ഗ്രൂപ്പ് തെരഞ്ഞെടുത്താൽ തനിക്ക് എന്താണു ബുദ്ധിമുട്ടെന്നു മനസ്സിലാക്കാനും അതിനെ വെല്ലുവിളിച്ചു മുന്നോട്ടുപോകാനും മാത്രമാണ് അതുതന്നെ തെരഞ്ഞെടുത്തതെന്ന് അവൻ പറയുന്നു.

 കലാരംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ശിഹാബ് തന്റെ ജീവിതം മാതൃകയാക്കിയിരിക്കുന്നത് തന്നെപ്പോലെ ജന്മനാ കൈകാലുകളില്ലാത്ത, പരിശീലനരംഗത്ത് ലോകാദ്ഭുതമായി മാറിയ അന്താരാഷ്ട്ര പരിശീലകൻ “നിക്ക് വുജി”യെയാണ്. അദ്ദേഹത്തെപ്പോലെ പേരെടുത്ത ഒരു പരിശീലകനായിത്തീരും താനെന്ന് അവൻ ഉറപ്പിച്ചു പറയുന്നു. അതിനുള്ള പരിശീലനം ഇപ്പോഴേ തുടങ്ങിയിട്ടുമുണ്ട്. നിലവിൽ തന്റെ ദൈനംദിനം നടക്കേണ്ടുന്ന എല്ലാ കാര്യങ്ങളും അവൻ സ്വയമാണു ചെയ്യുന്നത്. ക്രിക്കറ്റുകളിപോലും തനിക്കു വഴങ്ങുമെന്നു തെളിയിച്ച ശിഹാബിനെ വിളിച്ച് ഒരിക്കൽ ക്രിക്കറ്റ് താരം ശ്രീശാന്ത് അഭിനന്ദനമറിയിച്ചിരുന്നു.
                            ശിഹാബിനു കിട്ടിയ അംഗീകാരങ്ങളിൽ ചിലതു മാത്രം...

പൂക്കോട്ടൂർ പള്ളിപ്പടി ചെറുപറമ്പൻ അബൂബക്കറിന്റേയും മെഹ്ജാബിന്റേയും മകനായ ശിഹാബുദ്ദീൻ എന്ന പതിനേഴുകാരൻ ചരിത്രമുറങ്ങുന്ന പൂക്കോട്ടൂരിൽ മറ്റൊരു ചരിത്രം കുറിയ്ക്കാൻ തുടക്കമിടുമ്പോൾ സർവ്വസഹായങ്ങളും നൽകി അവനെ നയിക്കാൻ അവന്റെ സഹപാഠികളും നാട്ടുകാരും മുന്നിലുണ്ട്. അതുകൊണ്ടുതന്നെ അവൻ പൂക്കോട്ടൂർ ഹയർ സെക്കൻഡറി സ്കൂളിന്റേയും പൂക്കോട്ടൂർ എന്ന ഗ്രാമത്തിന്റേയും അതിരുകൾ വിട്ട് ലോകമറിയുന്ന വിശേഷവ്യക്തിത്വങ്ങളിൽ ഒരാളായിത്തീരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
(മാർച്ച് 13ന് തേജസ് ദിനപ്പത്രത്തിൽ ഇതു പ്രസിദ്ധീകരിച്ചിരുന്നു)

Popular Posts

Recent Posts

Blog Archive