Tuesday

കമ്മീഷണർ പദവിയ്ക്ക് അപ്പീലില്ല!

വിവരാവകാശ നിയമം നടത്താൻ വിവരമില്ലാത്ത നിയമനങ്ങൾ!!

   ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാൻ ബാധ്യതപ്പെട്ടതും പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം-2005.

   വിവരാവകാശപ്രവർത്തകരും വിവരം അന്വേഷിക്കുന്നവരും നീതിയും നിയമവും സത്യസന്ധമായി നടപ്പിൽ വരണമെന്നാഗ്രഹിക്കുന്നവരും ഏറ്റുപറയുന്ന വാചകമാണു മുകളിൽ കൊടുത്തിരിക്കുന്നത്. വിവരങ്ങൾ നൽകേണ്ടവരും നീതിനിയമങ്ങൾ നടപ്പിലാക്കേണ്ടവരും സൗകര്യപൂർവ്വം വിസ്മരിക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നതും ഇതേ വാചകം തന്നെ. സാധാരണഗതിയിൽ സംഭവിക്കാറുള്ളതുപോലെ ഈ നിയമവും ഉണ്ടാകുന്നത് സുപ്രീം കോടതിയുടെ ഇടപെടൽ കൊണ്ടാണ്. അറിയാനും വിവരങ്ങൾ ശേഖരിക്കാനുമുള്ള അവകാശം (19(1)A) ഭരണഘടനാപരമായി പൗരന്റെ അവകാശങ്ങളിലൊന്നാണ്. ഇതുമായി ബന്ധപ്പെട്ട് 2002ൽ പാസ്സാക്കിയ വിവര സ്വാതന്ത്ര്യ നിയമത്തെ അന്നത്തെ രാഷ്ടസേവകർ ഗർഭഛിദ്രം ചെയ്തുകളഞ്ഞു. പിന്നെയാണ് വിവരാവകാശനിയമം 2005 മെയ് മാസത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ചേർന്ന് പാസ്സാക്കിയത്. 2005 ഒക്ടോബർ 12ന് പ്രാബല്യത്തിൽ വന്ന ഈ നിയമത്തെ (Right to Information Act 2005) ഗർഭവധം നടത്താൻ കഴിയാത്ത രാജ്യത്തെ ജനപാലകർ ശ്വാസംമുട്ടിച്ചും പട്ടിണിക്കിട്ടും കൊല്ലാക്കൊലചെയ്യുന്നുവെന്നത് ഇത്തരക്കാരുടെ സേവനമനസ്സിന്റെ നേർക്കാഴ്ചയെ തുറന്നുകാണിക്കുന്നു.

  സോണി തെങ്ങമം പാപ്പരാണെന്നു തെളിയിക്കുന്ന അദ്ദേഹത്തിന്റെതന്നെ സാക്ഷ്യം

   സർക്കരാപ്പീസുകൾ കയറിയിറങ്ങി ഉദ്യോഗസ്ഥപ്രഭുക്കളുടെ രൂക്ഷവും പരുഷവുമായ നോട്ടത്തിനും വാക്കുകൾക്കുമിടയിൽ വിയർത്തുകുളിച്ചുകൊണ്ടിരുന്ന സാധാരണക്കാരന് ഈ നിയമം ആശ്വാസക്കടലായിയെന്നത് നിഷേധിക്കാൻ കഴിയാത്തതാണ്. വിദ്യാസമ്പന്നരെന്നും ഭേദപ്പെട്ട ജനസേവകരെന്നും കേൾവികേട്ട കേരളസമൂഹത്തിലും ഉദ്യോഗസ്ഥരുടെ നിർഭാഗ്യം കൊണ്ട് ഈ നിയമം നടപ്പിലായിപ്പോയി. തങ്ങൾ കാണാനും കേൾക്കാനും കൈകാര്യം ചെയ്യാനും ഇഷ്ടപ്പെടാതെ ചുവപ്പുനാടയെന്ന സാങ്കേതികമുടക്കത്തിൽ തളച്ചിട്ട ഫയലുകൾ പൊടിതട്ടിയെടുക്കേണ്ടിവന്നു. അഴിമതി നടത്തുമ്പോൾ അവർക്ക് അൽപ്പം ആലോചിക്കേണ്ടതായും വന്നു. അതുകൊണ്ടുതന്നെ ഇന്ത്യകണ്ട ഏറ്റവും ജനോപകാരപ്രദമായ നിയമത്തെ കശാപ്പു ചെയ്യാനും വരിഞ്ഞുകെട്ടാനും കഴിയുമെങ്കിൽ കൊന്നുകളയാനും ഭരണസാരഥികളെത്തന്നെ കൂട്ടുപിടിച്ച് ഇവിടെയും ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിയമമനുശാസിക്കുന്ന യാതൊരു യോഗ്യതയുമില്ലാത്തവരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ നിയമിയ്ക്കുന്നതിലൂടെ പ്രസ്തുത നിയമത്തെ വ്യഭിചരിച്ചുകൊണ്ട് നമ്മുടെ ഭരണാധികാരികൾ ആനന്ദനൃത്തം ചെയ്യുന്നു. ഭരിക്കപ്പെടുന്ന പൊതുജനത്തിന്റെ ആവലാതികൾക്ക് ഇവിടെ കാലണയുടെ വിലപോലും കൽപ്പിക്കപ്പെടുന്നില്ല.

   ഒന്നര ലക്ഷത്തോലം രൂപ മാസശമ്പളം കൈപ്പറ്റുന്ന ഇക്കൂട്ടർ ഒന്നര പരാതികൾപോലും പ്രതിമാസം തീർപ്പാക്കുന്നില്ലയെന്നിടത്താണ് ഇവരുടെ സേവനസന്നദ്ധത മനസ്സിലാക്കേണ്ടത്. കാലാവധി പൂർത്തിയാക്കുന്ന കർഷക കടാശ്വാസ കമ്മീഷൻ മാസംതോറും തീർപ്പാക്കിയിരുന്നത് അയ്യായിരത്തിലധികം പരാതികളായിരുന്നുവെന്നത് ഇതിനോടു ചേർത്തു വായിക്കാം. അതായത് പ്രതിദിനം 160നു മേലെ പരാതികൾക്ക് അവർ തീർപ്പു കൽപ്പിച്ചിരുന്നു. ഇവിടെയാണ് ഒന്നരലക്ഷം പറ്റുമ്പോൾ ഒന്നരപ്പരാതിപോലും സംസ്ഥാനവിവരാവകാശ കമ്മീഷണർമാർ തീർപ്പാക്കുന്നില്ലെന്നതിനു പ്രസക്തി വർദ്ധിക്കുന്നത്. നൂറുകണക്കിനു ഫയലുകളാണ് കമ്മീഷണർമാർ വശം കെട്ടിക്കിടക്കുന്നത്. . http://keralasic.gov.in എന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ വെബ് സൈറ്റിൽ ഓരോകമ്മീഷണർമാർ എത്രകേസുകൾ തീർപ്പാക്കിയെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

   വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ബാലപാഠങ്ങൾപോലും വശമില്ലാത്തവരാണ് വിവരാവകാശ കമ്മീഷണർമാരിൽ ചിലരെങ്കിലും, മിക്കവരും ഈ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ലാത്തവരും. രാഷ്ട്രീയക്കാരും ശാരീരികാസ്വസ്ഥതയുള്ളവരും (സെക്ഷൻ 17(3)b) പാപ്പരായവരുമൊന്നും (സെക്ഷൻ 17(3)a) വിവരാവകാശ കമ്മീഷണർമാരായി നിയമിക്കപ്പെടാൻ പാടില്ലെന്നതാണു നിയമം. സംസ്ഥാന വിവരാവകാശ കമ്മീഷണർ സോണി തെങ്ങമം പാപ്പരാണെന്ന് അദ്ദേഹംതന്നെന്നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പദവിയിലെത്തുമ്പോൾ ജോലി ചെയ്യാനാകാത്തവിധം അസുഖബാധിനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പ്രതിമാസം ശമ്പള അലവൻസുകളുൾപ്പടെ ഒന്നര ലക്ഷത്തോളം രൂപ കൈപ്പറ്റുന്ന അദ്ദേഹം പലമാസങ്ങളിലും ഒരു കേസുപോലും തീർപ്പാക്കിയിരുന്നില്ല എന്നാണു രേഖകളിൽ. ഇപ്പോഴും തൽസ്ഥനത്തു തുടരുന്ന അദ്ദേഹത്തിന് അനാരോഗ്യാവസ്ഥയിൽ കൃത്യമായി ഓഫീസിൽ വരാൻ പോലും കഴിയുന്നില്ല. സി.പി.ഐ. കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതിയംഗവുമായിരുന്നു കമ്മീഷ്ണറാകുന്നതിനു മുമ്പ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിയമനം അന്ന് വിവാദവുമായിരുന്നു.

   വിവരാവകാശനിയമം സാധാരണക്കാരനു സുതാര്യവും പ്രയോജനപ്രദവുമാവണമെങ്കിൽ അതു ഫലപ്രദമാക്കുന്നതിൽ അധികാരികൾ ശ്രദ്ധാലുക്കളായേ പറ്റൂ. വിവരങ്ങൾ നൽകുന്നതിലെ കാലതാമസം അടിയന്തിരമായി ഒഴിവാകണം. രണ്ടുദിവസം കൊണ്ട് നൽകാൻ കഴിയുന്ന വിവരങ്ങൾ നൽകാൻ മുപ്പതു ദിവസം കാത്തിരിക്കുന്നത് മതിയാക്കണം. വിവരാവകാശ കമ്മീഷണർ വിധിച്ചിട്ടുള്ള വിധികളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്നതാണു വസ്തുത. ഒരു വിധിയിൽ പറയുന്നു, “പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ ഫയൽ കണ്ടെത്താൻ കഠിനപ്രയത്നം നടത്തിയിട്ടുണ്ട്. എന്നിട്ടും അവർക്ക് കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ അത് PIOയുടെ കുറ്റമല്ല. അതിനാൽ അവർക്കെതിരേ നടപടിയെടുക്കുന്നില്ല!”. ഫയൽ പൂഴ്തിവയ്ക്കുന്നതും നശിപ്പിക്കുന്നതും കറ്റകരമല്ലെന്നു ദ്യോതിപ്പിയ്ക്കുന്ന വിധിയായിപ്പോയി അത്. ഫയൽ കണ്ടെത്തിയില്ലെങ്കിലും കുഴപ്പമില്ലല്ലോ. ഒന്നാം അപ്പീലും രണ്ടാം അപ്പീലുമെല്ലാം കൊടുത്ത് രണ്ടുവർഷത്തോളം കാത്തിരിയ്ക്കുന്നവരോടാണ് ഇതു പറയുന്നതെന്നോർക്കണം.
2010ൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് ഒരു വിവരം ചോദിച്ചിട്ട് കിട്ടാത്തതിന്റെ പേരിൽ അപ്പീൽ കൊടുത്തു. ആ വർഷം തന്നെ അതിന്റെ നമ്പരെടുത്ത് കമ്മീഷനിൽ പരാതികൊടുത്തു. രണ്ടുവർഷത്തോളമായ ഈ പരാതിയിൽ ഇതുവരെ തീർപ്പു കൽപ്പിച്ചിട്ടില്ല. ഇപ്പോൾ പുകഞ്ഞുകൊണ്ടിരിക്കുന്ന സമ്പത്തുവധക്കേസുമായി ബന്ധപ്പെട്ട വിവരമായിരുന്നു ചോദിച്ചിരുന്നത്. മിക്ക പരാതിയിലും ബാഹ്യശക്തികൾ ഇടപെടുന്നുണ്ടെന്നതിന് ഇതു തെളിവാകുമെന്നു കരുതാം. ജുഡീഷ്യൽ കപ്പാസിറ്റിയിൽ വരുന്ന വിവരമായതിനാൽ കൈമാറാനാവില്ലെന്ന ന്യായം നിരത്തിയ ബന്ധപ്പെട്ടവർ സക്കാരിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകൾ തമ്മിൽ നൽകുന്ന ഉപദേശങ്ങൾ ജുഡീഷ്യൽ കപ്പാസിറ്റിയിൽ വരില്ലെന്നതു സൗകര്യപൂർവ്വം അവഗണിച്ചു. ഇതുവരെ ഇതേക്കുറിച്ച് അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.

    വിവരാവകാശ നിയമത്തിലെ 19, 20, 25 വകുപ്പുകളനുസരിച്ച് കമ്മീഷൻ ചീഫിനുള്ള അധികാരങ്ങൾ ബൃഹത്താണ്. വവരങ്ങൾ നൽകുന്നതു സംബന്ധിച്ച സർവ്വാധികാരങ്ങളും ചീഫിനാണ്. അദ്ദേഹത്തിന്റെ കീഴിൽ ജോലിചെയ്യുന്നവരാണ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ. സാമാന്യ ജനങ്ങൾക്കു വിവരങ്ങളും രേഖകളും ലഭ്യമാക്കാൻ ബാധ്യതപ്പെട്ട അവർ അതു നിർവ്വഹിക്കാതെ നിയമലംഘനം നടത്തുമ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ വിവരാവകാശ കമ്മീഷൻ കൈക്കൊള്ളുന്നത്. വിവരാവകാശ കമ്മീഷണറുടെ സർവ്വീസ് ബുക്കിന്റെ പകർപ്പിനപേക്ഷിച്ചപ്പോൾ അങ്ങനൊന്നില്ലെന്നു മറുപടികൊടുത്തവരെ പൂജിക്കേണ്ടതുണ്ട്. ഇല്ലാത്ത ഒരു വിവരം ഉള്ളിടത്തേക്ക് 6(3) പ്രകാരം അയച്ചുകൊടുത്ത് വിവരം ലഭ്യമാക്കണമെന്നത് ഒരുപക്ഷേ അറിയാഞ്ഞിട്ടാവും. ഇതേ ആവശ്യം പോലീസ്‌ഡിപ്പാർട്ടുമെന്റിനയച്ചപ്പോൾ കാലവിളംബം കൂടാതെ ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.

   സർക്കാരാപ്പീസിൽ പാചകക്കാരിയായി ജോലിക്കു കയറിയ കേരളത്തിലെ ഒരു മുന്മന്ത്രിയുടെ മരുമകൾ എങ്ങനെ ഗസറ്റഡ് ഓഫീസറായി എന്നതു പുറത്തുകൊണ്ടുവരാൻ പതിമൂന്നു വിവരാവകാശ അപേക്ഷകളാണ് ഉപയോഗിച്ചത്. കേരളാ ഗവണ്മെന്റിനുകീഴിൽ പ്രവർത്തിക്കുന്ന നോഡൽ ഡിപ്പാർട്ടുമെന്റായ ജനറൽ അഡ്മിനിസ്റ്റ്രേഷനിൽ നിന്ന് വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിന് അവർ വളരെ കൃത്യമായി മറുപടി നൽകി. വിവരാവകാശ കമ്മീഷനാവട്ടെ എങ്ങനെ വിവരങ്ങൾ കൊടുക്കാതിരിക്കാമെന്നാണു ശ്രദ്ധിക്കുന്നത്.

   വിവരങ്ങൾ നൽകാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാനടപടികൾ സ്വീകരിക്കണം. താക്കീതു ചെയ്യാനും ശിക്ഷായിളവു ചെയ്യാനും നിയമത്തിൽ വ്യവസ്ഥയില്ല, ശിക്ഷിക്കണമെന്നു തന്നെയാണ് നിയമം പറയുന്നത്. പരാതികൾ സ്വീകരിക്കുന്നതിലെ അപാകതകൾക്ക് പരിഹാരമാവേണ്ടതുണ്ട്. വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടികൾക്ക് ശുപാർശചെയ്യണം. അപ്പീൽ നൽകുന്നവരെ ക്രിമിനലുകളെപ്പോലെ കാണുന്ന കാഴ്ചപ്പാട് നീതിവ്യവസ്ഥക്ക് ഭൂഷണമല്ല. എല്ലാ സർക്കാരാപ്പീസുകളിലും വിവരാവകാശനിയമത്തിലെ നാലാം വകുപ്പ് അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. വിവരാവകാശ കമ്മീഷൻ ഓഫീസിൽത്തന്നെ ഇതു നടപ്പിലാക്കുന്നതിൽ അപാകത സംഭവിച്ചിരിക്കുന്നു എന്നത് ഈ നിയമത്തിന്റെയും അതുകൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യങ്ങളുടേയും നല്ല ഉദ്ദേശത്തിനു നാണക്കേടാണ്.

  8 comments:

  1. നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ളവയാണ് എന്ന് വീണ്ടും തെളിയിക്കപ്പെടുന്നു. എന്തായാലും ഖജനാവ് ചോരുന്നുണ്ടല്ലോ. അതു മതി. ജനങ്ങള്‍ അറിയേണ്ട വിഷയമാണ്.

    ReplyDelete
  2. നിയമങ്ങള്‍ ലംഘിക്കപ്പെടുവനുല്ലതാണ് എന്നതിലുപരി അത് പാലിക്കാന്‍ ബാധ്യസ്തരയവര്‍ കേവലം വയറ്റുപിഴപ്പിനു വേണ്ടി മാത്രം സര്‍ക്കാര്‍ ജോലിക്ക് ഇറങ്ങുന്നു എന്ന വസ്തുതയാണ് പ്രസക്തം.

    ReplyDelete
  3. സാധാരണക്കാരന് ഈ നിയമം ആശ്വാസക്കടലായിയെന്നത് നിഷേധിക്കാൻ കഴിയാത്തതാണ്.

    ReplyDelete
  4. “ഒന്നര ലക്ഷത്തോലം രൂപ മാസശമ്പളം കൈപ്പറ്റുന്ന ഇക്കൂട്ടർ ഒന്നര പരാതികൾപോലും പ്രതിമാസം തീർപ്പാക്കുന്നില്ലയെന്നിടത്താണ് ഇവരുടെ സേവനസന്നദ്ധത മനസ്സിലാക്കേണ്ടത്.”


    എനിക്കെങ്ങാനും ആ ജോലി കിട്ടിയിരുന്നെങ്കില്‍ കാണിച്ചുകൊടുക്കാമായിരുന്നു.

    ReplyDelete
  5. വിവരാവകാശം തരുവാൻ വിവരമില്ലാത്തവർ....!

    ReplyDelete
  6. സ്വന്തം അവകാശങ്ങളെ കുറിച്ചെങ്കിലും അറിയാമായിരുന്നെങ്കിൽ അവരൊന്നും ഈ ജോലിക്ക് വരില്ലായിരുന്നല്ലോ!!..

    ReplyDelete
  7. ഉദ്യോഗസ്ഥന്മാർ ഈ നിയമം ആദ്യമൊരു തമാശയായാണു കണ്ടിരുന്നത്. അവർക്ക് ഇതുസംബന്ധിച്ച് അത്രയ്ക്കുള്ള വിവരമൊക്കെയേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് ചിലർക്ക് “പണി” കിട്ടിയപ്പോൾ നിയമം നടപ്പിലായി തുടങ്ങി. എന്നാൽ ഇപ്പോഴും ഉദ്യോഗസ്ഥമേധവിത്വം ഈ നിയമത്തെ ദുർബ്ബലപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. വിവരാവകാശക്കമ്മീഷന്റെ തലപ്പത്തുള്ളവർതന്നെ ഈ നിയമത്തിന്റെ ഗൌരവം ഉൾക്കൊണ്ടു പ്രവർത്തിക്കാതെ വന്നാൽ പിന്നെ ഈ നിയമം വാതം പിടിച്ച് കിടക്കാൻ പോകുന്നുവെന്നല്ലാതെ എന്തു പറയാൻ!

    ReplyDelete
  8. പത്രത്തിലും പോയി ലേഖനത്തിനു താഴെ കമന്റ് ഇട്ടിട്ടുണ്ട്.

    ReplyDelete

Popular Posts

Recent Posts

Blog Archive