Thursday

നീതി - വിൽക്കാനും വിലക്കാനും

   ഈ രാജ്യത്ത് നീതിയും നിയമവും എല്ലാ പൗരന്മാർക്കും ഒരുപോലെയല്ല ലഭ്യമാക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അബ്ദുന്നാസർ മദനിയുടെ ജാമ്യ നിഷേധം. ഒരേ ജില്ലക്കാരായ രണ്ടുപേർക്ക് രണ്ടുതരത്തിൽ നീതി നടപ്പിലാക്കുന്നതുവഴി അതു തെളിഞ്ഞുകാണുന്നു. ഐ എസ് ആർ ഒയുടെ ആസ്ഥാനത്ത് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച ബ്യൂല എന്ന കൊല്ലംകാരിയും രാജ്യത്തിന്റെ തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാരനായ ബ്യൂലയുടെ ജില്ലക്കാരൻ തന്നെയായ മദനിയും ഒരേപോലെതന്നെ കുറ്റവാളികളാണ്, അല്ലെങ്കിൽ ആരോപിതരാണ്. പക്ഷേ ഒരേസർക്കാരിന്റെ കീഴിൽ കൈകാര്യം ചെയ്യപ്പെട്ട ഈ രണ്ടു കേസുകളും പരിശോധിച്ചാൽ ഇന്ന് പരിഷ്കൃത ഇന്ത്യയിൽ പരിപാലിച്ചു വരുന്ന മതേതരത്വത്തിന്റെ ഉദാഹരണം കണ്ടെത്താൻ കഴിയും.

   പിടിയിലായി നാലുനാൾ കഴിയുമ്പ് കടുത്ത ഏകാന്തതയും ഭർത്താവിന്റെ അസാന്നിദ്ധ്യവും കാരണം ഗുരുതര പ്രതിസന്ധിയിലേക്കു അതിവേഗം പാഞ്ഞടുത്ത ബ്യൂലക്ക് അതിനേക്കാൾ വേഗത്തിൽ ജാമ്യം നൽകി പരിരക്ഷിച്ചതിലൂടെ പല കാര്യങ്ങളും ദുരൂഹമായി ചീഞ്ഞു നാറാൻ തുടങ്ങി. ഒരു ഡ്യൂപ്ലിക്കേറ്റ് കാർഡുണ്ടെങ്കിൽ ഏത് സുരക്ഷാ മേഖലയിലും കടന്നുകയറാമെന്ന തരത്തിൽ നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ അധ:പതിച്ചു പോയെന്നു വിശ്വസിക്കേണ്ട അവസ്ഥയാണ്. ഐ എസ് ആർ ഒയുമായി യാതൊരു ബന്ധമില്ലാത്ത അവർ ഇതിനുമുമ്പും രണ്ടുദിവസം അവിടെ അനധികൃതമായി താമസിച്ചിരുന്നു എന്നതാണ് ദുരൂഹതക്ക് ആക്കം കൂട്ടുന്നത്. ആരുടെയെങ്കിലു  ഇടപെടലുകളില്ലാതെ അങ്ങനെ താമസിക്കാൻ ഒരുകാരണവശാലും സാധിക്കില്ലെന്നിരിക്കെ ആ വിധത്തിലുള്ള അന്വേഷണങ്ങളൊന്നും നടന്നിട്ടില്ലെന്നത് ഭീതിദായകമായ വാർത്തയാണ്. രാജ്യ സുരക്ഷയെത്തന്നെ ആപ്പാടെ ബാധിക്കുന്ന ഈ പ്രശ്നം വളരെ നിസാരമാക്കി തള്ളിയ നിയമ സംവിധാനത്തെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. പരിശോധിച്ച ഡോക്ടർമാരെല്ലാം ശാരീരത്തിനോ മനസ്സിനോ ഒരു കുഴപ്പവുമില്ലെന്നു റിപ്പോർട്ടു നൽകിയിട്ടും ഇല്ലാത്ത ഏകാന്തത ചേർത്ത് മാനസിക വിഭ്രാന്തിയും വിഷാദവും മേമ്പൊടി ചേർത്ത് വല്ലാത്ത പരിഗണന നൽകി ആരെയൊക്കെയോ രക്ഷിക്കാനായി ജാമ്യം കൊടുത്ത് അവരെ പറഞ്ഞയച്ചു.

  ഇവിടെയാണ് മദനിയെ ചേർത്തു വായിക്കേണ്ടത്. ശക്തമായ വെളിച്ചം വിതറുന്ന മുറിയിൽ സകലമാന രോഗങ്ങളോടും മല്ലടിച്ച് ഉറക്കം നിഷേധിക്കപ്പെട്ട് കാഴ്ച നഷ്ടപ്പെട്ട് അവശതയനുഭവിക്കുമ്പോഴും ഒന്നു ചിത്സിക്കാനുള്ള ജാമ്യം പോലും നിഷേധിക്കപ്പെടുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. കുറ്റം തെളിയാതെ കോയമ്പത്തൂരിനു സമാനമായി നിരപരാധിയായി പുറത്തു വന്നാൽ ബാക്കിയുണ്ടാവുന്ന മദനിയെക്കൊണ്ട് കട്ടിലിനുപോലും കാര്യമുണ്ടായെന്നു വരില്ല. മരണാനന്തരം നിരപരാധിയായി വിധിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ വിചാരണത്തടവുകാരനായിരിക്കും ഒരു പക്ഷേ ഭാവിയിൽ മദനി. ചികിത്സിച്ച ആശുപത്രികളും പരിശോധിച്ച ഡോക്ടർമാരും ഇരുളണഞ്ഞ കണ്ണുകളും മരവിച്ച ഒന്നരക്കാലും പ്രമേഹം കാർന്ന ശരീരവും അടിയന്തിരമായി ചികിത്സക്കു വിധേയമാക്കണമെന്ന് എങ്ങനെയൊക്കെ റിപ്പോർട്ടു ചെയ്തിട്ടും കാണില്ല, കേൾക്കില്ല, മിണ്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാജ്യത്തെ കുറ്റമറ്റ നീതി വ്യവസ്ഥ.

 ഇവിടെ തീവ്രവാദികളുണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

കസബിന്റെ വിധിയും ഇന്ത്യക്കാരുടെ തലവിധിയും



  മുംബൈ ഭീകരാക്രമണക്കേസിലെ ഭീകരൻ അജ്മൽ കസബിനെ തൂക്കിക്കൊന്നിരിക്കുന്നു. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. നിരപരാധികൾ ശിക്ഷിക്കപ്പെടുകയുമരുത്. ഇന്ന് എത്രത്തോളം ഈ സംഗതി നടപ്പിലാവുന്നുണ്ടെന്നത് വേറെ കാര്യം.

   ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഇന്ന് ഇന്ത്യയെത്തന്നെ വിലക്കുവാങ്ങാൻ കെൽപ്പുള്ള പണച്ചാക്കുകൾക്കും രാഷ്ട്രീയ മുതലാളിമാർക്കും അഴിമതിക്കാർക്കുമായി സംവരണം ചെയ്തിരിക്കുന്നു. അവരെത്തൊട്ടു കളിക്കാൻ ഒരാൾക്കും ധൈര്യമില്ല. അഥവാ വേലി തന്നെയാണു വിളവു തിന്നുന്നത്. ലക്ഷക്കണക്കിനു കോടികളുടെ അഴിമതിക്കഥകൾ പുറത്തുവരുമ്പോഴും, അതേക്കുറിച്ച് അന്വേഷിച്ചു ബോധ്യപ്പെടുമ്പോഴും ഒരു രൂപയെങ്കിലും സർക്കാരിലേക്കു തിരികെപ്പിടിച്ചതായി എങ്ങും വായിച്ചുകണ്ടില്ല. പുറമേ പരസ്പരം ചെളിവാരിയെറിയുമ്പോഴും ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും അകത്തളങ്ങളിൽ ഒരുമയുടെ വിശാലമായ പങ്ക് ഇന്ത്യയിലെ രാഷ്ട്രീയ വർഗ്ഗീയ മുതലാളിത്ത ഫാസിസ്റ്റുകൾ ഒരുമിച്ച് അനുഭവിക്കുന്നുണ്ട്. പുറമേ കാട്ടുന്നതെല്ലാം ഇന്ത്യയിലെ സാധാരണക്കാരെ കബളിപ്പിക്കാനുള്ള പോറാട്ടു നാടകങ്ങളാണ്.

  ഈ രാജ്യത്തെ സമാധാനവും സഹവർത്തിത്വവും സാഹോദര്യവും നശിക്കപ്പെടണമെന്നു കരുതുന്ന ഇന്ത്യയിലേതന്നെ ചെറിയ ഒരു കൂട്ടമാണ് യഥാർത്ഥ ഭീകരർ. ഇന്ത്യയുടെ സകല നിർവ്വഹകണ മേഖലകളിലും ഇവർക്ക് ശക്തമായ ആധിപത്യമുണ്ടാകും. ഇവരുടെ ഒത്താശയില്ലാതെ ഒരുതരത്തിലുള്ള ഭീകരപ്രവർത്തനങ്ങളും ഇന്ത്യയിലേക്കു കടന്നെത്തില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങളുടെ ലാഭം ആരാണനുഭവിക്കുന്നതെന്ന് വെളിപ്പെടേണ്ടതുണ്ട്.

  അജ്മലിനെ തൂക്കിലേറ്റിയതോടെ ഇന്ത്യയിലെ യഥാർത്ഥ ഭീകരർക്ക് അവസരം തുറന്നിരിക്കുന്നു. കസബിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ പ്രതിഷേധം ഭീകര സംഘടനകൾ പ്രതികാരമായി അവതരിപ്പിക്കുമെന്ന് അഡ്വാൻസായി നമ്മുടെ ഭരണാധികാരികളും നിയമപാലക സംവിധാനവും പ്രതീക്ഷിക്കുമ്പോൾ പലയിടത്തും ആക്രമണങ്ങൾ ഉടൻ ഉണ്ടാവുമെന്നുതന്നെ കരുതണം. മുമ്പ് സൂചിപ്പിച്ചതിനാൽ കൂടുതൽ എഴുതി എരപ്പാക്കുന്നില്ല.

 ഹേമന്ദ് കാർക്കറെയെക്കൊന്നിട്ട് അജ്മൽ കസബിനെന്തു കാര്യമെന്ന് ആരും ചോദിച്ചും കണ്ടില്ല. അജ്മൽ കസബിന്റെ വാക്കുകളെ ആരൊക്കെയോ ഭയപ്പെട്ടിരുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെയാവണം നേരിട്ട് കോടതിയിൽ ഹാജരാക്കാൻ കൂട്ടാക്കാതിരുന്നത്. എസ്. എം മുഷ്‌രിഫിന്റെ "ഹു കിൽഡ് കാർക്കറെ", കാർക്കറെയ്ക്കൊപ്പം കൊല്ലപ്പെട്ട അഷോക് കാംതെയുടെ വിധവ എഴുതിയ "ടു ദി ലാസ്റ്റ് ബുള്ളറ്റ്" മുതലായവ ഓരോതവണകൂടി വായിക്കാം...



Tuesday

സഹയാത്രികന്റെ ആക്ടീവ് വോയിസും പാസീവ് വോയിസും

  കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ രാവിലേതന്നെ തിരൂർ റയിൽവേ സ്റ്റേഷനിലെത്തി. പത്തുമണിക്ക് എറണാകുളം നോർത്തിലെ മെക്ക ഹാളിലാണു മീറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. നമ്മുടെ ചിത്രകാരനും കൂട്ടരും മുമ്പ് ബൂലോക ശിൽപ്പശാല നടത്തിയ അതേ ഹാൾ. ജനശദാബ്ദി 9:40നു തന്നെ എറണാകുളത്തെത്തുമെന്ന വിശ്വാസത്തിനു നല്ല ഉറപ്പുണ്ടായിരുന്നു. അധികം സ്റ്റോപ്പുകൾ അതിനില്ലല്ലോ. ഷൊർണ്ണൂർ കഴിഞ്ഞപ്പഴാ ശരിക്കും വിവരമറിഞ്ഞത് ചാലക്കുടിയിൽ ട്രാക്കിനടിയിലെ മണ്ണിടിഞ്ഞ് ട്രയിൻ സമയങ്ങൾ ആകെ താറുമാറായിരിക്കുന്നു. ഏന്തിയും വലിഞ്ഞും പന്ത്രണ്ടുമണിക്ക് നോർത്തിലെത്തി. പിന്നെ മഹാരാജാ ബ്ലോഗർ ശ്രീമാൻ ജോ ജോഹർ എന്ന ബ്ലോഗർ ജോയെക്കാത്ത് ഒരു പതിനഞ്ചു മിനിട്ടുകൂടി. 

  തന്റെ ഒരു അടുത്ത ബന്ധുവിനോടു കാട്ടിയ സിറ്റി ബാങ്കിന്റെ കൂതറത്തരത്തിന് ഒരു പണികൊടുക്കലാണു ജോയുടെ ലക്ഷ്യം. ഹാളിലെത്തിയപ്പൊ സമാധാനമായി. റയിൽ കുഴയൽ തെക്കോട്ടും ബാധിച്ചിരുന്നതിനാൽ എല്ലാരും എത്താൻ വൈകിയിരിക്കുന്നു. വൈകാതെ കമ്മിറ്റികൂടി തീരുമാനങ്ങളെടുത്തു വിശാലമായ സദ്യയും കഴിച്ചു പിരിഞ്ഞു. വരാനുള്ളതു വഴിയിൽ തങ്ങില്ലെന്നതിനു തിലകം ചാർത്തിക്കൊണ്ട്, ബ്ലോഗർ ശ്രീമാൻ ജോയെ കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാനക്കമ്മിറ്റിയിലേക്ക് ഇതിനകം ചുഴറ്റിയെറിഞ്ഞുകഴിഞ്ഞിരുന്നു. മൂപ്പർക്കും ഇരിക്കട്ടെ കുറച്ചു പണി.

  എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ ട്രയിനിൽ കയറിയപ്പോഴാണ് എനിക്കു പണികിട്ടിയത്. പൊട്ടനെ കിട്ടൻ ചതിച്ചാൽ കിട്ടനെ ദൈവം ചതിക്കും എന്നത് അന്വർത്ഥമായതുപോലെ.

  എന്റെ അവകാശമായ വിൻഡോ സീറ്റിൽ ഒരു മധ്യവസ്കൻ നല്ല ഗമയിൽ ഞെളിഞ്ഞിരിക്കുന്നു. സൗത്തീന്നു കേറിയതാന്നു തോന്നുന്നു. കയ്യിൽ ഒരു ഇംഗ്ലീഷ് ദിനപ്പത്രം. അടുത്തദിവസം പരീക്ഷയാണെന്നതുപോലെയാണു പഠിപ്പ്. അൽപ്പസമയം അയാളെയും സീറ്റുനമ്പരിലേക്കും മാറിമാറിനോക്കി ശ്രദ്ധക്ഷണിച്ചു നിന്നു. നോ മൈന്റ്... മുതിർന്നയാളല്ലേ, കാറ്റുകൊണ്ട് ഇരിക്കണമെന്നു തോന്നിക്കാണും, അവിടെ ഇരുന്നോട്ടെയെന്നു കരുതി അടുത്ത നമ്പർ സീറ്റിൽ ഇരിക്കാമെന്നു വച്ചു.

"ഒന്നു നീങ്ങിയിരിക്കാമോ..?".

  രൂക്ഷമായ ഒരു നോട്ടത്തോടെ ആ തിരുചന്തി ഒരൊന്നരയിഞ്ച് നീക്കിവച്ചുതന്നു. എന്നിലെ "ഉണരൂ ഉപഭോക്താവേ ഉണരൂ.." തിളച്ചു വന്നെങ്കിലും "അടങ്ങസുമാ..."യെന്നു പറഞ്ഞ് ഞാൻ പരിത്യാഗിയായി. പത്രം മുഴുവൻ കാണാതെ പഠിച്ച് നാലായി മടക്കി ബാഗിൽ വച്ച് മാന്യദേഹം ഒന്നിളകിയിരുന്നു.

"എവിടേക്കാ...."  ഒരുമാതിരി ചോദ്യമാണ്.ആ ശൈലി അത്ര ദഹിച്ചില്ലെങ്കിലും വിനയാന്വിത കഞ്ചകകുഞ്ചനായിപ്പറഞ്ഞു.
"തിരൂരിറങ്ങും..."  അതങ്ങനെയാണ്, മസിലു പിടിച്ചു സംസാരിക്കാൻ വരുന്നവരോട് പരമാവധി എത്ര പഞ്ചപുച്ഛമടക്കാൻ പറ്റുമോ അത്രയും ചെയ്യൂം. ചുമ്മാ അങ്ങു പൊക്കിക്കൊടുക്കും, ടാക്സ് കൊടുക്കണ്ടാല്ലോ കെടക്കട്ടെ....

"താങ്കൾ എങ്ങോട്ടാ...?"
"കോഴിക്കോട്, ഇയാൾ ഇവിടെ..?" മൂപ്പരു വിടുന്ന മട്ടില്ല.
"നോർത്തുവരെ ഒന്നു വന്നതാ ഒരു ചെറിയ കാര്യമുണ്ടായിരുന്നു..."
"നോർത്തിലെവിടെ.."
"മെക്ക ഹാളിലാ..."
"അവിടെന്താ പരിപാടി.."
"കൺസ്യൂമർ കൗൺസിലിന്റെ സ്റ്റേറ്റ് കമ്മിറ്റി ഒന്നു കൂടിയതാ.."
"നിങ്ങളാരാ...?"
"ഞാൻ സാബു കൊട്ടോട്ടി..."
"അതല്ല, ആ കമ്മിറ്റിയിലെ ആരാന്ന്..."
"ഒരു സാധാരണ അംഗം.. എന്തേ....?"
"വെറുതേ..."

  സംഗതി എനിക്കു ചൊറിഞ്ഞു തുടങ്ങിയിരുന്നു. കാരണം സാധാരണ നടക്കുന്ന ഒരു സൗഹൃദ സംഭാഷണത്തിന്റെ രീതിയല്ലായിരുന്നു ആ ചോദ്യങ്ങൾക്ക്. അയാൾ വലിയ ആരൊക്കെയോ ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള മറ്റുള്ളവരെ കൊച്ചാക്കുന്ന ധ്വനിയിലുള്ള ഒരുതരം സംസാരം..

"എവിടെയാ ജോലി ചെയ്യുന്നെ..."
"ഒരു സാധാരണ കൂലിപ്പണിക്കാരനാ..."
"എന്തു കൂലിപ്പണിയാ..."
"ഈ ഇരുമ്പും സ്റ്റെയിലെസ് സ്റ്റീലുമൊക്കെ ഒട്ടിക്കുന്ന പണിയാ..."
"ഉം... വെൽഡിങ്ങാണു പണി അല്ലേ.. അതീന്നു ജീവിച്ചു പോകാനുള്ളതൊക്കെ കിട്ടുമോ...?"
"എന്നെപ്പോലുള്ളവർക്കു കിട്ടും.. മറ്റുള്ളവരുടെ കാര്യമറിയില്ല".
 "വേറെന്തു ചെയ്യുന്നു..."

"പ്രത്യേകിച്ച് ഒന്നുമില്ല. ചില്ലറ സാമൂഹ്യ പ്രവർത്തനങ്ങളും കുറച്ചു ബ്ലോഗെഴുത്തും ചെറിയ ട്രയിനിംഗ് പരിപാടികളുമായി അങ്ങു പോകുന്നു..." ചോദ്യങ്ങളുടെ എണ്ണം കുറക്കാൻ ഞാൻ ഉത്തരങ്ങളുടെ എണ്ണം കൂട്ടി.
"എന്തു ബ്ലോഗിങ്ങാ...?
"അത് ഇന്റെർനെറ്റിലൂടെ കഥകളും കവിതകളും ലേഖനങ്ങളും മറ്റു പരിപാടികളുമൊക്കെ പ്രസിദ്ധപ്പെടുത്തുന്ന ഏർപ്പാടാ".
"പൈസാ കിട്ടുമോ..?"
"ഇല്ല"
"എന്തു ട്രയിനിംഗാ നീ ചെയ്യുന്നത്...?" മൂപ്പർ വിടാൻ ഒരുക്കമില്ലെന്നു തോന്നുന്നു.
"ഓർത്തിരിക്കാൻ ചില സൂത്രപ്പണികൾ സ്കൂളുകളിലും കോളേജുകളിലും പിന്നെ ആരെങ്കിലുമൊക്കെ ആവശ്യപ്പെട്ടാൽ എവിടെയും ചെയ്യും..."

"എത്ര രൂപാ കിട്ടും..?"
"ആ പരിപാടിക്കു കാശു വാങ്ങാറില്ല. ജീവിക്കാൽ എനിക്ക് കളർക്കോളർ ജോലിയുണ്ടല്ലോ..."(വെള്ളക്കോളർ എന്നതിന്റെ വിപരീദമായി ഇതിനെ കണ്ടാൽ മതി).

"ഏതുവരെ പഠിച്ചു..?"
"വലിയ പഠിപ്പൊന്നുമില്ല. പത്താം ക്ലാസ് കഷ്ടിച്ചു ജയിച്ചു. പിന്നീടുള്ളതെല്ലാം വായനയിലൂടെ കിട്ടിയതാ....
"അപ്പൊ ഇംഗ്ലീഷ് പരിജ്ഞാനമൊന്നുമില്ലേ.. പിന്നെങ്ങനാ ട്രൈനിംഗൊക്കെ നടത്തുന്നെ...?"
 "അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഇംഗ്ലീഷ് അറിയണമെന്നില്ലല്ലോ.. താങ്കളെന്തു ചെയ്യുന്നു...? ഒരു മറുചോദ്യമെറിഞ്ഞു.
"ഞാൻ സ്റ്റ്ച്യസ് ക്യൂക്സിക് പിപ്ലിക്കൂസിയൽ എഞ്ചിനീയറായി കഴിഞ്ഞ കൊല്ലം വിരമിച്ചു. ഇപ്പോൾ പത്തിരുപത്തയ്യായിരം രൂപ പെൻഷനും വാങ്ങി വീട്ടിലിരിക്കുന്നു.." (സത്യത്തിൽ അയാൾ പറഞ്ഞ ഇംഗ്ലീഷ് എനിക്ക് മനസ്സിലായില്ല. ശരിക്ക് കേട്ടതുമില്ല, അല്ലെങ്കിൽ എനിക്ക് മനസ്സിലാവാതിരിക്കാൻ മനപ്പൂർവ്വം അയാൾ പറഞ്ഞു. ഏതായാലും ഞാൻ കേട്ടപോലെ ഇവിടെ എഴുതിയെന്നു മാത്രം. കൂടുതൽ അയാളിൽ കൂടുതൽ പ്രതീക്ഷയുള്ളതുകൊണ്ട് സംഗതിയെന്താണെന്ന് എടുത്തു ചോദിച്ചില്ല).

"നിനക്ക് ആക്ടീവ് വോയിസും പാസ്സീവ് വോയിസുമൊക്കെ അറിയാമോ...?" എന്നിലെ സഹനത്തിനു ക്ഷതം സംഭവിച്ചുതുടങ്ങി. ഇയാളെ ഇനി വെറുതേ വിട്ടാൽ പറ്റില്ല.

"അല്ല മാഷേ, നിങ്ങൾക്കറിയുമോ ഈ ആക്ടിവും പാസീവും...? അതോ നിങ്ങൾക്കു മാത്രമേ അറിയുവോളോ...? നമ്മളൊക്കെ ഗ്രാമർ പഠിച്ചിട്ടാണോ മലയാളം സംസാരിക്കുന്നത്...?"

"ആക്ടീവ് വോയിസും പാസീവ് വോയിസുമെന്നും അറിയാതെ നിന്നെക്കാൾ വിവരവും വിദ്യാഭ്യാസവുമുള്ളവർക്ക് നീ ക്ലാസ്സെടുക്കുന്നതെങ്ങനാന്നാ ചോദിച്ചത്..."
"അതു ഞാനെങ്ങനെയെങ്കിലുമെടുത്തോളാം. എല്ലാരും എല്ലാം പഠിച്ചോണ്ടല്ലല്ലോ എല്ലാം ചെയ്യുന്നത്. ഈ ആക്ടീവും പാസ്സീവുമില്ലാതെനിവിടാർക്കും ജീവിക്കാൻ പറ്റില്ലേ? അതോ അവ രണ്ടുമാണോ നമുക്കൊക്കെ ചെലവിനുതരുന്നത്? ഹല്ലപിന്നെ " കൂതറയാവാൻ നമ്മളും മോശമല്ലല്ലോ!

കറുത്തകോട്ടുമിട്ട് ചീട്ടു പരിശോധകൻ ഞങ്ങളുടെ അടുത്തെത്തി. മൊബൈലിലെ റിസർവേഷൻ മെസേജ് എടുത്തു കാണിച്ചു, ഐഡി കാർഡും...
ശേഷം നമ്മുടെ മഹാനോടു ടിക്കറ്റ് ചോദിച്ചു. ഒരു ഇ-പ്രിന്റ് ടിക്കറ്റ് മൂപ്പരും കൊടുത്തു.
"കൺഫേമല്ലല്ലോ.... ഇതിൽ യാത്ര ചെയ്യാൻ പറ്റില്ല.." ടിടിആർ.
അപ്പൊ ഈ പഹയൻ ഇത്രയും നേരം എന്റെ വിൻഡോസീറ്റു കവർന്നത്...? എന്നെ വിശദീകരിച്ചു വിസ്തരിച്ചത്...?

"ഇതിൽ യാത്ര ചെയ്യാൻ പറ്റില്ല, ഫൈനടക്കണം..." എന്റെ സഹയാത്രികൻ ചെറുതായി വിളറിയോന്ന് എനിക്കു സംശയം തോന്നി.  ഇത്രയും നേരം വലിയ മാന്യനായതല്ലേ അൽപ്പം വിയർക്കട്ടെ.
"ഞാൻ കൺഫേമാകുമെന്നാ കരുതിയത്, ഇവിടെ ആളില്ലല്ലോ ഞാനിവിടെ ഇരുന്നോളാം..."
"അതിനു റയിൽവേ താങ്കൾക്കു ഫ്രീയായി യാത്ര അനുവദിക്കാൻ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല"
"ഞാൻ ടിക്കറ്റിനു പൈസ കൊടുത്തതാണല്ലോ..."
"ആണെങ്കിൽ അത് ടിക്കറ്റെടുത്ത അക്കൗണ്ടിലെത്തിക്കൊള്ളും. ഇപ്പൊ ഫൈനടക്കണം അല്ലേൽ മറ്റുകാര്യങ്ങൾ നോക്കേണ്ടിവരും..."
അപ്പോഴേക്കും ട്രയിൻ രണ്ടു സ്റ്റോപ്പുകൾ പിന്നിട്ടുകഴിഞ്ഞിരുന്നു. കയ്യിൽ കാശില്ലാഞ്ഞിട്ടോ വാശിമൂത്തിട്ടോ അതോ മസിൽ അയഞ്ഞിട്ടോ അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു "അടുത്ത സ്റ്റോപ്പിൽ ഞാൻ ജനറലിലേക്കു മാറിക്കൊള്ളാം..."

"മാറണം..." ടിടിആർ അടുത്തയാളുടെ അടുത്തേക്കു നീങ്ങി. എന്റെ സഹയാത്രികനാകട്ടെ  എന്തോ കളഞ്ഞ അണ്ണാനെപ്പോലെിരിക്കുകയാണ്.

"ചേട്ടാ ഒന്നിങ്ങോട്ടു മാറൂ, അതെന്റെ സീറ്റാ.. ഞാനവിടിരിക്കട്ടെ..." ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ ചന്തി പൂർണ്ണമായിത്തന്നെ ഒഴിവാക്കിതന്നു. അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പാഞ്ഞുചെന്ന് ടിക്കറ്റെടുമെത്ത് ജനറൽ കമ്പാർട്ടുമെന്റിലേക്കു ഓടുമ്പോൾ അദ്ദേഹത്തോട് ആക്റ്റീവ് വോയിസും പാസീവ് വോയിസും മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ ഓർമ്മിപ്പിക്കാൻ എന്തുകൊണ്ടോ തോന്നിയില്ല. എന്തായാലും ഇനിയുള്ളകാലം അവ രണ്ടും അയാളും പിന്നെ ഞാനും മറക്കുമെന്നു തോന്നുന്നില്ല.

വാൽ: റയിവേ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ കൺഫേമാകാത്ത പക്ഷം അത് ഓട്ടോമറ്റിക് ക്യാൻസൾഡ് ആയി ഏത് അക്കൗണ്ടിൽ നിന്നാണോ പണം റയി‌ൽവേക്കു കിട്ടിയത് അതേ അക്കൗണ്ടിലേക്ക് തുക തിരികെ അയച്ചുകൊടുക്കും. ഇതറിയാവുന്ന വിരുതനായിരുന്നു എന്റെ സഹയാത്രികൻ. ഇ-ടിക്കറ്റായിരുന്നതിനാൽ പണം അയാൾക്കു തന്നെ തിരികെക്കിട്ടും. യാത്ര സൗജന്യവുമാകും. അതാണ് എക്സാമിനർ തടഞ്ഞത്.

Thursday

ഓർമ്മശക്തി കൂട്ടാൻ ചില സൂത്രപ്പണികൾ

റിഫ്രെഷ് മെമ്മറി എന്ന ബ്ലോഗിനെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്. 2009ലാണ് ഇത് ബൂലോകരിലെത്തിയത്. ഏതാനും അദ്ധ്യായങ്ങളിലായി വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കുമായി ചില്ലറ മെമ്മറി ടിപ്സുകൾ  ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ബ്ലോഗിൽ പുതിയ പോസ്റ്റുകൾ വരാത്തതിനാൽ അഗ്രിഗേറ്ററുകളിൽ ലിസ്റ്റു ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഈ ബ്ലോഗിനെ ഇപ്പോൾ പലർക്കും അറിയില്ല.

ഉപബോധ മനസ്സിനെ ഉപയോഗപ്പെടുത്തി ബോധ മനസ്സില്‍ നമുക്കാവശ്യമുള്ളവ ഓര്‍ത്തുവയ്ക്കാനും ആവശ്യത്തിന് ഉപയോഗിയ്ക്കാനും ചില നുറുങ്ങു വിദ്യകളാണ് ഈ ബ്ലോഗില്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്. സൈഡുബാറിലെ ലിങ്കുകളിലൂടെ അദ്ധ്യായങ്ങളിലേയ്ക്കു പ്രവേശിയ്ക്കാം. സംശയങ്ങൾക്ക് ബ്ലോഗിൽ കൊടുത്തിരിക്കുന്ന നമ്പരിലേക്കു വിളിച്ചോ കമന്റിൽ ചോദിച്ചോ നിവൃത്തിവരുത്താം.  ഒരുകാര്യം പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടത് ഇത് ഒരു പഠനസഹായി ആയതിനാല്‍ അദ്ധ്യായങ്ങള്‍ ക്രമപ്രകാരം മാത്രമേ പഠിയ്ക്കാവൂ എന്നതാണ്. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടിക്കൊള്ളണമെന്നില്ല. ചില അദ്ധ്യായങ്ങളില്‍ ചിഹ്നങ്ങളെയും രൂപങ്ങളെയും മറ്റും അദ്ധ്യയന സഹായികളായി ചേര്‍ത്തിട്ടുണ്ട്. ആശയം നന്നായി മനസ്സിലാകുന്നപക്ഷം കൂടുതല്‍ സൌകര്യമെന്നു തോന്നുന്നവ സ്വയം നിര്‍മ്മിയ്ക്കാവുന്നതാണ്.

അറിവ് എന്നത് ലോകത്ത് പരമപ്രധാനമായ ഒന്നുതന്നെയാണ് എന്നതിലാര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. അറിയാവുന്നത് മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കുന്നില്ലെങ്കില്‍ ആ അറിവുകൊണ്ട് പ്രയോജനമില്ലെന്ന അറിവാണ് ഇങ്ങനെ ഒരു സാഹസത്തിന് എന്നെ പ്രേരിപ്പിച്ചത്. ആത്മവിശ്വാസവും മനോഭാവവും മനുഷ്യജീവിതം മുന്നോട്ടുരുട്ടുന്നതില്‍ പരമപ്രധാനമായ രണ്ടു സംഗതികളാണല്ലോ. ഈ ശ്രമം അതിനു കുറച്ചെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. ഈ അറിവുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നു തോന്നിയാല്‍ ഇതിന്റെ ലിങ്ക് നിങ്ങളുടെ ബ്ലോഗിലും ചേര്‍ക്കുമല്ലോ. സൈഡ്ബാറില്‍ ഈ ബ്ലോഗിന്റെ ലോഗോയും അതിന്റെ html കോഡും ചേര്‍ത്തിട്ടൂണ്ട്. താല്പര്യമുള്ള കുറച്ചുപേര്‍ക്കെങ്കിലും അതുകൊണ്ട് ഉപകരിയ്ക്കുകയും ചെയ്യും.

ഇവിടെ ക്ലിക്കു ചെയ്ത് റിഫ്രെഷ് മെമ്മറിയിലെത്താം

Popular Posts

Recent Posts

Blog Archive