Sunday

അഫ്സലിന്റെ വിധി...?


 (തീവ്രവാദത്തെ കച്ചവടം ചെയ്യുന്നവർ ഭാഗം  5)

  ഒന്നുകിൽ പരിവാരത്തിന്, അല്ലെങ്കിൽ ഭരണകൂടത്തിന്...  രണ്ടുകൂട്ടർക്കും ക്ഷീണം തട്ടുമ്പോഴാണ് ഇന്ത്യയിൽ തീവ്രവാദ-ഭീകരവാദ പ്രവർത്തനങ്ങൾ അരങ്ങേറിയിട്ടുള്ളത്. മുൻകാല ഭീകരവാദ പ്രവർത്തനങ്ങളുടെ യഥാർത്ഥ വസ്തുതകൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അത് ഏവർക്കും സുവ്യക്തവുമാണ്. ആസന്നമായ തെരഞ്ഞെടുപ്പും അതിനു മുമ്പുള്ള മുഖം മിനുക്കലുമാണ് ഇപ്പോൾ ധൃതി പിടിച്ചു നടത്തുന്ന വധശിക്ഷ നടപ്പാക്കലുകൾ. അവയാകട്ടെ നാലാളെ അറിയിച്ചു നടത്താനുള്ള അണ്ടിയുറപ്പില്ലാതെയാണുതാനും.

   ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷിതത്വത്തിനും മതേതരത്ത്വത്തിനും തുരങ്കം വക്കുന്ന ഭീകരവാദികളെ അവരുടെ "യോഗ്യത"യനുസരിച്ചു ശിക്ഷിക്കുക തന്നെ വേണം. പക്ഷേ അത്തരക്കാർക്ക് അർഹമായ ശിക്ഷതന്നെയാണു ലഭിച്ചിട്ടുള്ളതെന്ന് സ്വന്തം രാജ്യത്തെ പൗരന്മാരെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടം കാണിക്കണം. കുറ്റാരോപിതർ ആരായാലും അവർക്കു പറയാനുള്ള വസ്തുതകൾ കൂടി കേൾക്കാൻ തീതിപീഠം തയ്യാറാവേണ്ടതുണ്ട്. നീതിപൂർവ്വമായിരിക്കണം വിചാരണകൾ നടക്കേണ്ടത്. നിർഭാഗ്യവശാൽ നീതിവൂർവ്വം നടക്കുന്ന വിചാരണകൾ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.

  ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങൾക്ക് ഉത്തരമായാണ് അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്. നന്ദിതാ ഹക്സറും അരുന്ധതിറോയിയുമുൾപ്പെടുന്ന എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന, രാജ്യത്തെ പക്ഷഭേദമില്ലാത്ത ചിതാഗതിക്കാരായ ബഹുഭൂരിപക്ഷവും ഒപ്പം ചോദിക്കുന്ന ചോദ്യങ്ങളെയും അഫ്സലിനൊപ്പം കുഴിച്ചുമൂടിയിരിക്കുന്നു. ശവപ്പെട്ടി അഴിമതി കൊടുമ്പിരികൊണ്ടു ബി.ജെ.പി. സർക്കാരിന്റെ മുഖം നഷ്ടപ്പെട്ടു നിൽക്കുമ്പോൾ നടന്ന ഒരു ഭീകരാക്രമണം എന്ന നിലയിൽ ആ വഴിക്ക് ഒരന്വേഷണം നടത്താൻ ഇന്ത്യയിൽ സത്യസന്ധമായ ഒരേജൻസിയില്ലാതെ പോയി.

  ദവീന്ദർ സിംഗെന്ന  പട്ടാള മേധാവി മുഹമ്മദ് യാസീനെ ദില്ലിയിലെത്തിക്കാൻ പോലീസിന്റെ ഇൻഫോർമറായിരുന്ന അഫ്സൽ ഗുരുവിനെത്തന്നെ ചുമതലപ്പെടുത്തിയതെന്തിനെന്നും ആരൊക്കെയാണ് അതിനു പിന്നിൽ പ്രവർത്തിച്ചതെന്നും അത് എന്തിനു വേണ്ടിയായിരുന്നെന്നും ഒരു ഏജൻസിയും അന്വേഷിക്കുകയോ കോടതിയിൽ വിചാരണക്കായി വരികയോ ചെയ്തിട്ടില്ല. 2001 ഡിസംബർ 13നാണ് പാർലിമെന്റ് ആക്രമണം നടക്കുന്നത്. ഡിസംബർ 12ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി അടുത്തുതന്നെ ഒരു പാർലിമെന്റ് ആക്രമണം നടക്കാൻ സാധ്യതയുള്ളതായി സൂചന  നൽകിയിരുന്നു. അതനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടും തീവ്രവാദികളുടെ കാർ എങ്ങനെ പാർലിമെന്റ് സമുച്ചയത്തിൽ കടന്നു എന്നതിൽ നിന്നും അതിനു മുമ്പു നടന്ന വാജ്പേയിയുടെ സൂചനയിൽ നിന്നും ഏകദേശം എല്ലാം വായിച്ചെടുക്കാവുന്നതേയുള്ളൂ.

   ക്ലോസ്ഡ് സർക്യൂട്ട് ടിവിയിൽ റിക്കാർഡു ചെയ്യപ്പെട്ടിരുന്ന ആറു ഭീകരരിൽ ഒരാൾ അപ്രത്യക്ഷമായതെങ്ങനെയെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ വിചാരണ വേളയിൽ പരിശോധനക്കു വന്നിട്ടേയില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നുവന്നപ്പോൾത്തന്നെ പാർലിമെന്റു പിരിഞ്ഞ കഥ എല്ലാർക്കും അറിയാവുന്നതാണ്. പ്രൊഫസർ ഗീലാനിയിൽ നിന്നാണ് അഫ്സൽ ഗുരുവിൽ എത്തിച്ചേർന്നതെന്നു പറയുമ്പോഴും ഗീലാനിയെ പിടിക്കുന്നതിനു മുമ്പുതന്നെ അഫ്സലിനെ കുടുക്കാൻ ശ്രമം തുടങ്ങിയതായി തെളിഞ്ഞിട്ടുള്ളതാണ്. ജമ്മുകാശ്മീർ സ്പെഷൽ ടാക്ഫോഴ്സുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന എപ്പോഴും അവരുടെ നിരീക്ഷണത്തിലായിരുന്ന അഫ്സൽ എങ്ങനെയാണ് പാർലിമെന്റ് ആക്രമണം പോലെയുള്ള ഒരു ഭീകര പ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്നത്, അല്ലെങ്കിൽ അങ്ങനെയുള്ള ഒരാളെ പ്രസ്തുത ദൗത്യം ഏൽപ്പിക്കാൻ ഭീകര സംഘടനകൾ മുതിരുമോ എന്നൊന്നും ചോദിക്കരുത്. കേരളാ പോലീസിന്റെ കാവലുണ്ടായിരുന്ന മദനിക്ക് അവരുടെ കണ്ണു വെട്ടിച്ച് കുടകിലെത്തി തിരിച്ചു പോരാമെങ്കിൽ ഇതും സംഭവിച്ചിരിക്കാമെന്നുതന്നെ നമുക്കു കരുതാം.

  ജമ്മുകാശ്മീർ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മുഹമ്മദ് യാസീൻ എങ്ങനെ പാർലിമെന്റ് ആക്രമണത്തിൽ പങ്കാളിയായി അന്വേഷണത്തിനു വിധേയമാക്കാത്തിടത്തോളം അഫ്സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയത് ഒട്ടും ശരിയായില്ല. അത് അന്വേഷണത്തിനു വിധേയമാക്കിയിരുന്നെങ്കിൽ അഫ്സലിനു പകരം മറ്റു പലരേയും തൂക്കിക്കൊല്ലേണ്ടി വന്നേനെ. നേരത്തേ എഴുതിയപോലെ പാർലിമെന്റ് ആക്രമണത്തിൽ പങ്കെടുത്ത അഞ്ചുപേരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാത്തത് ഒരുപക്ഷേ ഇതൊക്കെക്കൊണ്ടാവാം.

  നീതി പൂർവ്വമായ ഒരു വിചാരണ അഫ്സലിനു ലഭ്യമായില്ലെന്നു വ്യക്തമാണ്. കേസു വാദിക്കാൻ കോടതിതന്നെ ചുമതലപ്പെടുത്തി നൽകിയ അഭിഭാഷകർ അദ്ദേഹത്തോട് ഒന്നും അന്വേഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവരെ നീക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പകരം സംഘപരിവാര പക്ഷക്കാരനായ, തീരെ കോടതി പരിജ്ഞാനമില്ലാത്ത നിരാജ് ബെൻസലിനെത്തന്നെ ചുമതലപ്പെടുത്തിക്കൊടുത്തു. പ്രോസിക്യൂഷൻ സാക്ഷികളിലൊരാളെയും ക്രോസ് വിസ്താരം നടത്താതെ ഡൽഹിപോലീസിന്റെ പതിവു തിരക്കഥക്ക് അടിയൊപ്പു ചാർത്തിക്കൊടുക്കുകയാണ് ബെൻസൽ ചെയ്തത്. മുഹമ്മദ് യാസീനെ ഡില്ലിയിലെത്തിച്ചു എന്ന സമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അഫ്സലിനു വധശിക്ഷ നടപ്പിലായിരിക്കുന്നത്. മറ്റു തെളിവുകളൊന്നുമില്ലെങ്കിലും പോലീസ് പറയുന്നതു സംഭവിച്ചിരിക്കാനാണു "സാധ്യത"യെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

 മുഹമ്മദ് യാസീൻ ദില്ലിയിലെത്തിയ കഥ വെളിപ്പെടാതെ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ഒരുതരത്തിലും ശരിയായില്ല. അതു വെളിപ്പെടുന്നതിന്നായി ശരിയായ ഒരന്വേഷണം സമീപഭാവിയിൽ പ്രതീക്ഷിക്കുന്നുമില്ല.

(ഭാഗം 4 ഇവിടെ)

  5 comments:

 1. ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷിതത്വത്തിനും മതേതരത്ത്വത്തിനും തുരങ്കം വക്കുന്ന ഭീകരവാദികളെ അവരുടെ "യോഗ്യത"യനുസരിച്ചു ശിക്ഷിക്കുക തന്നെ വേണം. പക്ഷേ അത്തരക്കാർക്ക് അർഹമായ ശിക്ഷതന്നെയാണു ലഭിച്ചിട്ടുള്ളതെന്ന് സ്വന്തം രാജ്യത്തെ പൗരന്മാരെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടം കാണിക്കണം. Well Said

  ReplyDelete
 2. തൂക്കുരാഷ്ട്രീയക്കളികള്‍

  ReplyDelete
 3. അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകള്‍ ഫേസ് ബുക്കില്‍ പാറിപ്പറന്ന് നടക്കുകയാണല്ലോ.

  അഫ്സല്‍ ഗുരു പ്രതിയാണോ, നിരപരാധിയാണോ എന്ന് വിധിയെഴുതാന്‍ ഞാന്‍ ആളല്ല. പ്രതിയാണെങ്കില്‍ അഫ്സല്‍ ഗുരുവിന് ലഭിക്കേണ്ടത് വധശിക്ഷ തന്നെയാണ് എന്നതില്‍ ഒരു സംശയവും ഇല്ല. അജ്മല്‍ കസബിന്റെ കാര്യത്തില്‍ കസബ് പ്രതിയാണ് എന്നതിന്റെ തെളിവുകള്‍ എല്ലാം ക്ലിയര്‍ ആയിരുന്നു. സംശയത്തിന്റെ ഒരു കണികപോലും അതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അഫ്സല്‍ ഗുരുവിന്റെ കാര്യത്തില്‍ നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട് എന്നത് വാസ്തവമാണ്.

  ഒരു പ്രതിയെ വധശിക്ഷക്ക് വിധിക്കുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും സംശയ രഹിതമായി തന്നെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോടതിക്കും, ഭരണകൂടങ്ങള്‍ക്കും ഉത്തരവാധിത്വം ഉണ്ട്. വധശിക്ഷയില്‍ മാത്രമല്ല എല്ലാ ശിക്ഷകളിലും ഇങ്ങിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ നീതി ന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകൂ. ഒരു ആരോപണ വിധേയനെ നിരപരാധി എന്ന് വിധിക്കുമ്പോഴും ഇതുപോലെ കാര്യകാരണങ്ങള്‍ സഹിതം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം.

  നമ്മുടെ നിയമവ്യവസ്ഥക്ക് കളങ്കമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ വരെ കേസില്‍ ഉള്‍പ്പെട്ട വസ്തുതയും നമ്മള്‍ മറക്കരുത്.

  അബസ്വരം :
  വിധികള്‍ ഒരിക്കലും മുന്‍വിധികള്‍ ആവരുത്. ന്യായ വിധികള്‍ തന്നെയാവണം.
  ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്. ഒരു കുറ്റവാളിയും രക്ഷപ്പെടരുത്. അതാണ്‌ നീതി, അത് മാത്രമാണ് നീതി. അതാണ്‌ ന്യായം, അതുമാത്രമാണ് ന്യായം.

  ReplyDelete
 4. ഇന്ത്യന്‍ നിയമവ്യവസ്ഥികളെയും രാഷ്ട്രിയത്തോടുമുള്ള വെറുപ്പെരുകയാണ്....

  ReplyDelete
 5. നിരപരാധികള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നതു ഏറ്റവും വേദനാജനകം തന്നെ ... സര്‍ക്കാരും നീതിപീഠവും ശരിയായ വഴിക്കല്ല നീങ്ങുന്നത് എന്ന് തോന്നിപ്പോകുന്നു ...

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts