Sunday

ഒരിക്കൽക്കൂടി സ്വാഗതം


  2007ലാണ് ആദ്യമായി ഒരു കമ്പ്യൂട്ടറിൽ കൈ വെക്കുന്നത്. ഇന്റെർനെറ്റ് എന്ന് വല്ലാത്ത നെറ്റ് ഉപയോഗിച്ചു തുടങ്ങിയതും അന്നാണ്. തുടർന്ന് എന്റെ സുഹൃത്തിന്റെ സഹായത്താൽ ബ്ലോഗുകളും വായിക്കാൻ തുടങ്ങി. ബെർളിതോമസിന്റെ പോസ്റ്റുകളാണ് ആദ്യം വായിച്ചത്. തുടർന്ന് സമകാല ബ്ലോഗർമാരുടെ പോസ്റ്റുകളും യഥേഷ്ടം വായിച്ചു തുടങ്ങി.

  രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് ബ്ലോഗ് എന്ന സംഗതി ആർക്കും തുടങ്ങാൻ പറ്റുന്ന വളരെ സാധ്യതയുള്ള മാധ്യമമാണെന്നതു മനസ്സിലായത്. തുടർന്നുള്ള സംഗതികൾ ഇവിടെ എഴുതിയിട്ടുള്ളതിനാൽ വിശദീകരിക്കുന്നില്ല. ഇതുവരെയുള്ള ബൂലോക സഞ്ചാരത്തിൽ അനുഭവസമ്പന്നമായ ഒരു ഭൂതകാലമാണ് എനിക്കു കിട്ടിയതെന്ന് പറയാതെ വയ്യ. ബൂലോകത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ള ബ്ലോഗർ ഞാനായിരിക്കും. ഞാനതിൽ അളവറ്റ് സന്തോഷിക്കുന്നു.

  ഇക്കാലത്തിനിടക്ക് നിരവധി ബ്ലോഗേഴ്സ് മീറ്റുകളിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആദ്യമായി തൊടുപുഴയിലും കഴിഞ്ഞ വർഷം കണ്ണൂരിലും നടന്ന രണ്ടു മീറ്റുകളിലൊഴികെ കേരളത്തിൽ നടന്ന എല്ലാ മീറ്റുകളിലും എനിക്കു പങ്കെടുക്കാൻ കഴിഞ്ഞു. ബ്ലോഗ് സൗഹൃദങ്ങളിലെ ആത്മാർത്ഥതയും ബ്ലോഗർമാരുമായുള്ള ചങ്ങാത്തവുമാണ് 2011 ഏപ്രിൽ 17ന് തിരൂർ തുഞ്ചൻ പറമ്പിലെ മീറ്റു സംഘടിപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചത്. മീറ്റുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ സൈബർ ലോകത്തുനിന്നും പുറത്തുനിന്നും പങ്കെടുത്ത ആ മീറ്റിൽ   ഡോ. ആർ.കെ. തിരൂർ, നന്ദു, ഡോ. ജയൻ ഏവൂർ, ഷെരീഫ് കൊട്ടാരക്കര തുടങ്ങിയ നല്ലൊരു നിരയുടെ നേതൃത്വവും കൂടെയുണ്ടായിരുന്നു. ശിൽപ്പശാലകളും ഇതര പരിപാടികളും നിറഞ്ഞു നിന്ന ആ മീറ്റിൽ എന്റെ അറിവിൽത്തന്നെ 60നു മുകളിൽ പുതിയ ബ്ലോഗർമാരുണ്ടായി എന്നത് അഭിമാനിക്കാവുന്നതാണ്. കൂട്ടത്തിൽ സൂഫിയുടെ കഥാകാരനും ബൂലോകത്തേക്കു കടന്നുവന്നു.

                                ബ്ലോഗർ നന്ദുവിന്റെ സംഭാവനകളിലൊന്ന്

  ആദ്യമായി അച്ചടി-ദൃശ്യമീഡിയകളെ സ്വാഗതം ചെയ്ത ആ മീറ്റിന്റെ ബാക്കിയായി നിരവധിപേർക്ക് അച്ചടിമേഖലയുടെ ഭാഗമാകാനും കഴിഞ്ഞു. ബ്ലോഗുകളെ ഒരു നാലാംകിട മാധ്യമമായി കണ്ടിരുന്ന ഭൂലോകത്തെ ചില പ്രസാധകർ ബ്ലോഗിലെ എഴുത്തുകാരെ തങ്ങളുടെ ഭാഗമാക്കുന്നതും ഭൂലോകത്തു വിരാചിച്ചിരുന്ന ചിലരെങ്കിലും ബൂലോകത്തേക്ക് കടന്നുവരുന്നതും നമുക്ക് കാണാൻ കഴിഞ്ഞു. എല്ലാം ആ മീറ്റിന്റെ ഫലമാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും നിലവിലുള്ള സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒരോളമുണ്ടാക്കാൻ ആ മീറ്റിനു കഴിഞ്ഞു എന്നതിൽ രണ്ടുപക്ഷമില്ല. ആ മീറ്റിൽ പങ്കെടുത്തും മനസ്സുകൊണ്ടു പിന്തുണ നൽകിയും മീറ്റിനെ വിജയിപ്പിച്ച ബൂലോകസുഹൃത്തുക്കൾക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു. 

  ഈ വരുന്ന ഏപ്രിൽ 21ന് തുഞ്ചൻപറമ്പിൽ ഒരിക്കൽക്കൂടി ഒരുമിച്ചുകൂടാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ മീറ്റിൽ നിന്നു വ്യത്യസ്ഥമായി ഇത്തവണ ബ്ലോഗർമാർ മാത്രമാണ് ഒരുമിച്ചുകൂടാൻ തീരുമാനിച്ചിരിക്കുന്നത്. നമുക്ക് പരിചയപ്പെടാനും പരിചയം പുതുക്കാനും നമ്മുടെ കലാവാസനകൾ പങ്കുവെക്കാനും യഥേഷ്ടം സമയമുണ്ടാവും. തുഞ്ചൻ പറമ്പിലെ ഈ രണ്ടാം ബ്ലോഗർസംഗമം എല്ലാം കൊണ്ടും ബൂലോകർക്ക് നല്ലൊരനുഭവവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരേടുമായിരിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏവരേയും തുഞ്ചൻപറമ്പിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

  ഇനിയും വരവറിയിക്കാത്ത സുഹൃത്തുക്കൾ മീറ്റ്ബ്ലോഗിൽ തങ്ങളുടെ ബ്ലോഗ്പ്രൊഫൈലിൽ നിന്ന് സംഗമത്തിൽ പങ്കെടുക്കുന്ന വിവരം രേഖപ്പെടുത്തുമല്ലോ. ബൂലോകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ അത് അത്യാവശ്യമാണ്. സംഗമത്തിന്റെ ലോഗോ ബ്ലോഗിൽ പ്രദർശിപ്പിച്ചാൽ ആ ലോഗോയിൽ ക്ലിക്കി മറ്റുള്ളവർക്ക് മീറ്റ്ബ്ലോഗിലേക്ക് എളുപ്പത്തിലെത്തിച്ചേരാൻ കഴിയും. ബ്ലോഗർസംഗത്തിന്റെ വിവരമറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് നിങ്ങളുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചാൽ നിങ്ങളുടെ വായനക്കാരായ ബ്ലോഗർമാരെയും  ഈ വിശേഷം അറിയിക്കാൻ സാധിക്കും.  ഏപ്രിൽ 21നു നടക്കുന്ന ഈ സംഗമത്തിൽ പല അത്ഭുതങ്ങളും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മീറ്റ്ബ്ലോഗിൽ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്. ചർച്ചകൾക്കുവേണ്ടി നിങ്ങളെ ഏവരേയും മീറ്റ്ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു

  5 comments:

Popular Posts

Recent Posts

Blog Archive