Sunday

കുറ്റം ചെയ്തില്ലെങ്കിലും വധശിക്ഷ




പ്രായം 160 വയസ്സ്....
നിറുത്താതെയുള്ള ഓട്ടമായിരുന്നു. സങ്കടങ്ങളും അലമുറകളും ആർത്തനാദങ്ങളും ആഹ്ലാദവാർപ്പുകളും സന്തോഷാശ്രുക്കളും പ്രതീക്ഷയുടെ പൊൻകിരണങ്ങളും അങ്ങിയങ്ങിനെ ഏതെല്ലാം തരത്തിൽ മാനവ വീർപ്പുകളുയരുന്നതിനു സാക്ഷ്യം വഹിച്ചിരിക്കുന്നു...

കേവലം രണ്ടോ മൂന്നോ വാക്കുകളിൽ ഒരു ജീവനത്തിന്റെ വ്യാപ്തി കുറിച്ചിടുന്ന മഹാത്ഭുതം തന്നെയായിരുന്നല്ലോ അത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ആ ചെറുകുറിപ്പുകളുടെ അർത്ഥവ്യാപ്തിയെ നാം വേണ്ടുവോളം തൊട്ടറിഞ്ഞിരുന്നുവല്ലോ... അതിനു ശേഷമാവണം ആ ലഘുവാക്യങ്ങളെ ഭീതിയോടെ കാണുന്നതിനു നാം മുൻഗണനകൊടുത്തത്.

കറക്കിവിളിയും കുത്തിവിളിയും തോണ്ടി വിളിയും കഴിഞ്ഞ് ഇപ്പോൾ മാടിവിളിയുടെ കാലത്ത് ആത്മഹത്യക്കു പോലും ശേഷിയില്ലാതെ നിൽക്കുന്ന കമ്പിയില്ലാക്കമ്പിയെ കശാപ്പു ചെയ്തുകളയാൻ തീരുമാനിച്ചത് നല്ലതിനെന്നു പറയുമ്പോഴും അതൊരു കൊലപാതകമായി കാണുന്നതു തന്നെയാണ് ഉചിതം. ലോകത്തെ ഏറ്റവും വലിയ ടെലിഗ്രാം ശൃംഘലയുടെ കൊലപാതകം.

1850ൽ തുടങ്ങിയ ഈ കമ്പിയില്ലാകമ്പി ഏർപ്പാട് 1854 മുതൽ ഇന്ത്യൻ ജനത ഉപയോഗിച്ചു വരുന്നുണ്ട്. അതിവികസനത്തിൽ മുട്ടിനിൽക്കുന്ന വർത്തമാനകാല ഭാരതത്തിന്റെ പല മുക്കിലും മൂലകളിലും ഇന്നും പൂർണ്ണ ആരോഗ്യത്തോടെ ഇതു നിലനിൽക്കുന്നുണ്ട് എന്നതുകൂടി കൂട്ടിയോർക്കണം. വികസനം കൊണ്ടു പൊറുതിമുട്ടിയ ഇത്തരമിടങ്ങളിലെങ്കിലും ആകെ ആശ്രയമായ കമ്പിയില്ലാക്കമ്പിയെ ഇതര സൗകര്യങ്ങൾ എത്തും വരെയെങ്കിലും നിലനിറുത്തേണ്ടത് അത്യാവശ്യമാണ്. ഇന്റെർനെറ്റും ഈമെയിലും മൊബൈലും എന്തിനേറെ വൈദ്യുതിപോലും അന്യമായ ദേശങ്ങൾ നമ്മുടെ സമ്പന്ന ഭാരതത്തിലുണ്ടെന്നതു സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് ഈ കൊലപാതകം നടക്കുന്നത്.

ജൂലായ് 15, നാളെ വാർദ്ധക്യകാല പെൻഷൻ കൂടി നിഷേധിക്കപ്പെട്ട് കാലയവനികക്കുള്ളിൽ മറയാൻ വിധി തേടുന്ന ടെലിഗ്രമിന്.....

  5 comments:

  1. ഇങ്ങനെ എത്രപേര്‍ നില്‍ക്കുന്നു ഊഴം കാത്ത്!!!

    ReplyDelete
  2. തിരക്ക് പിടിച്ച പാച്ചിലിലാണ് ലോകം.ഇന്നലെകളില്‍ എന്തായിരുന്നു എന്ന് മറന്നു വൃദ്ധസദനങ്ങള്‍ പടുത്തുയര്‍ത്തുന്ന നമുക്ക് ഇനി എന്തിനീ കമ്പിയില്ലാക്കമ്പി എന്നാവും..ശ്രദ്ധേയം ഈ കുറിപ്പ്

    ReplyDelete
  3. കമ്പിയില്ലാ കമ്പിക്കൊരു ചരമ കുറിപ്പ് . നന്നായി

    ReplyDelete
  4. ഇനിയിപ്പോള്‍ തപാല്‍ പെട്ടിയും അകാല ചരമത്തിലേക്ക് എന്നാണു കേള്‍ക്കാന്‍ കഴിഞ്ഞത്,

    ReplyDelete
  5. ഇനി അടുത്തത് AM റേഡിയോ ആയിരിക്കും. അതുതന്നെ, നമ്മുടെ പാവം ആകാശവാണി. പകരം FM നു പൂക്കാലവും!

    ReplyDelete

Popular Posts

Recent Posts

Blog Archive