Thursday

ആര്യാടനു തിരിഞ്ഞ സത്യവും ചില തുടർചിന്തകളും...


മന്ത്രി ആര്യാടൻ മുഹമ്മദ് ചിലപ്പോൾ സത്യം വിളിച്ചുപറയും. അത് സ്വന്തം പാർട്ടിയിലെ അത്യുന്നതന്മാരുടെ താല്പര്യങ്ങൾക്ക് അത് എതിരാവുകയും ചെയ്യും. ഡീസൽ വില വർദ്ധനയും സബ്സിഡിയുടെ വെട്ടിച്ചുരുക്കലുമായി നട്ടം തിരിഞ്ഞ കെ എസ് ആർ ടി സിയുടെ രക്ഷാകവചമായി ബസ്സുകൾ ഗയിൽ വാതകത്തിലേക്കു മാറാൻ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തതാണു 4000 കോടി രൂപ. അതാണ് ഗെയിലുമായി നടത്തിയ ആലോചനയിൽ വരും കാലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതി മനസ്സിലാക്കി മന്ത്രി ആര്യാടൻ വേണ്ടെന്നു വച്ചത്. സഹായധനം ഉപയോഗിച്ച് ബസ്സുകളെല്ലാം ഗയിൽ വാതകത്തിലേക്കു മാറിക്കഴിയുമ്പോൾ അവരുടെ സ്വഭാവം മാറില്ലെന്ന് ആരുകണ്ടു? ആ സമയത്ത് വാതകവില വർദ്ധിപ്പിച്ചാൽ കെ എസ് ആർ ടി സിയെ മരണത്തിനു വിട്ടുകൊടുക്കുകയോ ഗയിലിനു തീറെഴുതുകയോ അല്ലാതെ മറ്റൊരു ഗതിയുമുണ്ടാവില്ല.

ഗയിൽ  വാതക പദ്ധതികൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ലാഭക്കണക്കുകൾ ശ്രദ്ധിച്ചാൽത്തന്നെ വരും കാല "ഗുണ"ങ്ങളും വ്യക്തമാവും. ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനിൽ നിന്ന് സബ്‌വേകൾ നിർമ്മിച്ച് പാചകവാതകം കുറഞ്ഞ ചെലവിൽ വീടുകളിലും ലഭ്യമാക്കുമെന്നും അത് കുടുംബ ബജറ്റിൽ കാതലായ മാറ്റമുണ്ടാക്കുമെന്നുമാണു വാഗ്ദാനം .  ഭൂമികുലുക്കമോ മറ്റെന്തെങ്കിലുമോ കൊണ്ട് പൈപ്പ്‌ലൈന് എന്തെങ്കിലും സംഭവിച്ചാൽ ഒരു പ്രദേശം മുഴുവൻ തുടച്ചു നീക്കപ്പെടുമെന്നതും ജീവിതകാലം മുഴുവൻ സ്വന്തം ഭൂമിയിൽ അന്യരായി ഭീതിയോടെ ജീവിക്കേണ്ടി വരുമെന്നുള്ളതും മറച്ചുവെക്കുകയാണ്.

വീട്ടമ്മമാർക്ക് ഗ്യാസിനേക്കാൾ ഇൻഡക്ഷൻ കുക്കറുകളോടാണ് ഇന്ന് കൂടുതൽ താല്പര്യം. താരതമ്യേന ഏറ്റവും അപകടം കുറഞ്ഞതും എളുപ്പവും മാലിന്യമുക്തവുമായതും ഇൻഡക്ഷൻ കുക്കറുകൾ തന്നെയാണ്. ആവശ്യത്തിനു വൈദ്യുതി ലഭ്യമായാൽ നമുക്ക് ഏറ്റവും നന്നാകുന്നതും ഇതുതന്നെയാണ്. ഇടക്കിടെയുണ്ടാകുന്ന കറണ്ടുപോക്കാണ് ഇൻഡക്ഷൻ കുക്കറിന്റെ ശാപം. അതുകൊണ്ടുതന്നെ നമ്മുടെ വൈദ്യുതിപ്രതിസന്ധി മറികടക്കാൻ കഴിഞ്ഞാൽ ഗാർഹിക ഗാർഹികേതര വ്യവസായ മേഖലകളിൽ സാമ്പത്തികമായി ഒരു കുതിച്ചുചാട്ടം തന്നെ നമുക്കുണ്ടാകും.

ആർക്കും ബുദ്ധിമുട്ടില്ലാതെ നഷ്ടം തീരെയില്ലാതെ ഗയിൽപദ്ധതി നടപ്പിലാക്കാൻ കഴിയും. വാതകത്തിന്റെ വിപണനവും വരുമാനവുമാണ് അവരുടെ ലക്ഷ്യമെങ്കിൽ പദ്ധതി നടപ്പിലാകുന്നതോടൊപ്പം നമ്മുടെ വൈദ്യുതിപ്രതിസന്ധിയും പരിഹരിക്കപ്പെടും. ഇപ്പോൾ ഇവരുടെ സ്റ്റോറേജ് പുതുവൈപ്പിനിലാണുള്ളത്. അവിടെനിന്ന് 5 കിലോമീറ്റർ വടക്ക് മാറിയാണ് ഞാറക്കൽ 220 കെ. വി. സബ് സ്റ്റേഷൻ. ഇവിടേക്കുള്ള വൈദ്യതി കളമശ്ശേരിയിൽ നിന്നാണു കൊണ്ടുവരുന്നത്.

പുതുവൈപ്പിനിൽ എൽ എൻ ജി ടെർമിനലിനോടു ചേർന്ന് 2000 മെഗാവാട്ടെങ്കിലും ശേഷിയുള്ള പവർ സ്റ്റേഷൻ സ്ഥാപിക്കുക. നിലവിൽ ആവശ്യത്തിന് സ്ഥലസൗകര്യം അവിടെ ലഭ്യമാണ്. അവിടെനിന്ന് അഞ്ചു കിലോമീറ്റർ മാറിയുള്ള ഞാറക്കലിലും തുടർന്ന് കളമശ്ശേരി വഴി മാടക്കത്തറയിലും വൈദ്യുതിയെത്തിച്ചാൽ അവിടെനിന്ന് ഇന്ത്യയിലെവിടേക്കും എത്തിക്കാൻ ഒരു തടസ്സവുമുണ്ടാവില്ല. ഗയിലിനു വാതകവും ചെലവാകും പൈപ്പ്‌ലൈൻ കടന്നു പോകുന്ന വഴിയിലെ ജനങ്ങളും അവരുടെ വാസസ്ഥലങ്ങളും കൃഷിയിടങ്ങളും സുരക്ഷിതമാവും. ഒപ്പം നാം നേരിടുന്ന രൂക്ഷമായ വൈദ്യുതപ്രതിസന്ധിക്കും പരിഹാരമാവും. ആര്യാടൻ ഇത്രയൊക്കെ ചിന്തിച്ചിട്ടുണ്ടാവില്ലെങ്കിലും ഗയിൽ പദ്ധതിയിലെ ഭാവിയിലെ ലാഭക്കണ്ണുകൾ തിരിച്ചറിഞ്ഞു എന്നത് അംഗീകരിക്കതെ വയ്യ.

ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് പാചകവാതകം എത്തിക്കുമെന്നു പറഞ്ഞ എൽ എൻ ജി കുറഞ്ഞനിരക്കിൽ വൈദ്യുതി എത്തിക്കുമെന്നു തീരുമാനിച്ചാൽ മതി (വിതരണം നടത്താനുള്ള എൽ പി ജി അല്ല പൈപ്പിലൂടെ പോകുന്നതെന്ന് മനഃപൂർവ്വം വറച്ചു വെക്കുകയാണ്). പൈപ്പ്‌ലൈൻ കടന്നു പോകുന്ന പ്രദേശങ്ങൾക്കു കൊടുക്കാനുദ്ദേശിക്കുന്ന ഭീമമായ തുകയുടെ ചെറിയ ഭാഗം മതിയാവും പവർപ്ലാന്റ് സ്ഥാപിക്കാൻ. ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ ജീവിതത്തെ ദുരിതത്തിലാഴ്‌ത്തിക്കൊണ്ടും "വികസന"പദ്ധതികൾ നടപ്പിലാക്കാൻ തുനിഞ്ഞിറങ്ങുമ്പോൾതിനേക്കാൾ മികച്ചതും ആരെയും ബിദ്ധിമുട്ടിക്കാത്തതും എന്നാൽ തങ്ങളുടെ ലക്ഷ്യം നിറവേറുന്നതുമായ രീതിയിൽ പ്രസ്തുത പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമോയെന്ന് ആരായുന്നത് എപ്പോഴും നല്ലതാണ്. പദ്ധതികൾ വരണം, പക്ഷേ അതു ആളെക്കൊല്ലാനാവരുത്.

Popular Posts

Recent Posts

Blog Archive