Saturday

2013ലെ മന്ദബുദ്ധികൾ...


 നിത്യേന കാണുന്ന ചാനലുകളിലെ ലൈവു തെറിവിളികളും ന്യൂസ് ചവറുകളും അച്ചടി മാധ്യമങ്ങളിലെ പ്രധാന "തലേ"ക്കെട്ടുകളും പരിശോധിച്ചാൽ കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണെന്ന് അറിയാതെ ആരും സമ്മതിച്ചുപോകും. നിത്യേന പടച്ചുവിടുന്ന കച്ചവടച്ചരക്കുകളിൽ സംസ്ഥാനത്തെ ജനവിഭാഗങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന പ്രശ്നങ്ങളോ പരിഹാരനിർദ്ദേശങ്ങളോ കാണാനില്ല. അങ്ങിനെയെന്തെങ്കിലുമുണ്ടെങ്കിൽ അവക്ക് ഒരു പ്രധാന സ്ഥാനം ഉണ്ടാകുമായിരുന്നല്ലോ.

 കേരളത്തിലെ സാധാരണക്കാർക്ക് പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നാണ് മനസ്സിലാക്കേണ്ടത്. സുഗമ സഞ്ചാരം പകരുന്ന പൊതു നിരത്തുകളും, മൂക്കുപൊത്താതെ നടക്കാവുന്ന അന്തരീക്ഷവും, ഭയപ്പാടില്ലാതെ ആർക്കും വിശേഷിച്ച് നമ്മുടെ സഹോദരിമാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന സാഹചര്യങ്ങളും, സുരക്ഷിതമായ തൊഴിൽ മേഖലകളും, പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നിയമ സംവിധാനങ്ങളും, സർവ്വോപരി പ്രജാപരിപാലനവും കൃത്യമായി നടക്കുന്ന വിവരവിതരണ സാംസ്കാരിക സംവിധാനങ്ങളും നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെയാണു ജീവിക്കുന്നത് എന്നലാതെ എന്താണു കരുതേണ്ടത്?

 ഇത്രയും മനോഹര സാഹചര്യങ്ങളിൽ നമ്മുടെ മാധ്യമങ്ങളുടെ നിലനില്പിനു വേണ്ടി നമ്മൾ തെരഞ്ഞെടുത്തയച്ചവർ തമ്മിലടിച്ചു കളിക്കുകയും നമുക്കാനന്ദിക്കാൻ മാധ്യമങ്ങൾ അവ ചൂടോടെ വിളമ്പുകയും ചെയ്യുന്നുവെന്നു കരുതാം. അട്ടപ്പാടിയടക്കം ആദിവാസികോളനികളിൽ നടക്കുന്ന പട്ടിണി മരണങ്ങളോ കൊടിയ ദാരിദ്ര്യമോ കേരളത്തിലെ വിവിധ വിഭാഗങ്ങളിലെ ആയിരങ്ങളുടെ ഭവനരാഹിത്യമോ, അതിവേഗം ബഹുദൂരം കുതിച്ചുപായുന്ന സാധാരണക്കാരനെ പട്ടിണിക്കിടുന്ന വിലക്കയറ്റമോ, നിയമനീതിരാഹിത്യമോ സുരക്ഷിതത്വമില്ലായ്മയോ അഴിമതിക്കൊള്ളകളോ നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ഏതാനും ചിലർക്കു മാത്രം കൊള്ളയടിക്കാൻ വിധത്തിൽ കൈവശപ്പെടുത്തിയ നാടാണെന്നും നമ്മുടെ മാധ്യമങ്ങൾ അവരെ വിറ്റു ജീവിക്കുന്നവരാണെന്നും നമുക്കു വിളിച്ചുപറയേണ്ടിവരും.

 ഇന്നുള്ള ചർച്ചകൾ മാധ്യമങ്ങളുടെ വരുമാനം മാത്രം ലക്ഷ്യം വച്ചുള്ളതാണ്. രാജ്യ-ജന നന്മകൾ ലക്ഷ്യം വച്ചെന്നു പറയുമ്പോഴും അവ പ്രഹസനങ്ങളുടെ വനരോദനം മാത്രമായാണ് അനുഭവപ്പെടുന്നത്. ആത്മാർത്ഥതയുടെ ഏഴയലത്തുപോലും അവയെത്തുന്നില്ല. ഗണേഷിനേയും ജോർജ്ജിനേയും സരിതയെയും ഉമ്മൻചാണ്ടിയെയും അച്ചുമ്മാനെയും കുഞ്ഞാലിക്കുട്ടിയെയുമൊക്കെ വിട്ട് ജനങ്ങളിലേക്കും അവരുടെ വിഷമങ്ങളിലേക്കും സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലേക്കും അഴിമതിരഹിത പരിഹാരചർച്ചകളിലേക്കും നമ്മുടെ മാധ്യമങ്ങൾ ഇറങ്ങിവരാത്തിടത്തോളം, അതിനുവേണ്ടി ചാനൽ ചർച്ചകളും ന്യൂസ് അവറുകളും സദുദ്ദേശവും സത്യസന്ധവുമായി നീക്കി വെക്കാത്തിടത്തോളം ഈ നാടു നന്നാവാൻ പോകുന്നില്ല.

  2 comments:

  1. ദൈവങ്ങളുടെ സ്വന്തം നാട്!!

    ReplyDelete
  2. Njanum oru madhyamapravarthaka

    ReplyDelete

Popular Posts

Recent Posts

Blog Archive