Tuesday

കഴിവുകേടിന് അന്താരാഷ്ട്ര അവാർഡ്


  നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചാൽ അതും ഒരു അലങ്കാരം. അടുത്ത കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ലഭിച്ച അവാർഡിനെക്കുറിച്ച് ഇങ്ങനെ പറയാനേ കഴിയുന്നുള്ളൂ. കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന അന്തരിച്ച ശ്രീ കെ കരുണാകരൻ കഴിഞ്ഞാൽ എങ്ങിനെ വീണാലും നാലുകാലിൽ നിൽക്കാൻ ത്രാണിയുള്ള കോൺഗ്രസ് നേതാവ് ഒരുപക്ഷേ കുഞ്ഞൂഞ്ഞച്ചായൻ തന്നെയാവണം. സോളാറും സരിതയും മൂക്കല്ലം മുക്കിക്കൊല്ലാൻ ശ്രമിച്ചപ്പോഴും പതറാതെ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതും അതുകൊണ്ടുതന്നെയാണ്. കണ്ണൂരിലെ കല്ലേറിന്റെ ബാക്കിപത്രമായി സോളാറിന്റെയും സരിതയുടേയും പ്രഭ അൽപ്പമെങ്കിലും നശിച്ചുപോയത് അതിന് ഒരുദാഹരണം മാത്രം. അതിനു വേണ്ടിയുള്ള നാടകമായിരുന്നോ അത് എന്നാണ് പലരും സംശയിക്കുന്നതും.

 ചാണ്ടിച്ചനു ലഭിച്ച ഭൂലോക അവാർഡിന്റെ ആന്തരിക അർത്ഥം യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയി എന്നതാണു വാസ്തവം. ഓരോ വിഷയങ്ങളിൽ അവാർഡുകൾ നിർണ്ണയിച്ച് സമ്മാനിക്കുന്നത് അവാർഡുനിർണ്ണയിക്കുന്ന പ്രദേശത്തെ സമ്പ്രദായങ്ങൾ അനുസരിച്ചായിരിക്കും. അവാർഡു ലഭിക്കുന്നവരുടെ ദേശത്തെ നിർണ്ണയ സമ്പ്രദായമനുസരിച്ചല്ല. അതാണ് ഇവിടെ വിസ്മരിക്കപ്പെട്ടുപോയത്. മുഖ്യമന്ത്രിക്കു ലഭിച്ച അവാർഡിന്റെ പ്രസക്തി അതിന്റെ അടിസ്ഥാനത്തിലാവണം വിലയിരുത്തേണ്ടത്.

  പാശ്ചാത്യരാജ്യങ്ങളുടെ രീതിവച്ചു നോക്കുമ്പോൾ ചാണ്ടിച്ചനു കിട്ടിയത് അവാർഡല്ല, അവഹേളനമാണ്.  അവരുടെ കാഴ്ചപ്പാടിലെ ജനപ്രതിനിധികൾ യഥാർത്ഥ ജനപ്രതിനിധികളാണ്. അവരുടെയടുത്തേക്ക് വോട്ടർമാർക്ക് ഒരിക്കലും പോകേണ്ടി വരുന്നില്ല. തങ്ങളുടെ വോട്ടർമാർക്ക് ആവശ്യമായ എല്ലാക്കാര്യങ്ങളും സാധ്യമാകാൻ തക്ക സംവിധാനങ്ങൾ ഒരുക്കുന്നതിലും അതിനുവേണ്ടി നിലകൊള്ളുന്ന ഉദ്യോഗസ്ഥരെ ചിട്ടപ്പെടുത്തുന്നതിലും അവർ ശ്രദ്ധാലുക്കളാണ്. ഇത്തരത്തിൽ ജനപക്ഷത്തു നിൽക്കുന്ന ജനപ്രതിധികളെ പാശ്ചാത്യരാജ്യങ്ങളും യുഎന്നും എപ്പോഴും ആദരിക്കാറുണ്ട്.

 അതതു നാട്ടിലെ സമ്പ്രദായമനുസരിച്ചാണ് ഓരോരുത്തരേയും ആദരിക്കേണ്ടത്. കേരളത്തിന്റെ മാനദണ്ഡമനുസരിച്ച് കേരളത്തിൽ വച്ച് ആദരിച്ചിരുന്നെങ്കിൽ ചാണ്ടിച്ചന്നു ലഭിച്ച അവാർഡ് എല്ലാ അർത്ഥത്തിലും ശരിയായേനെ. പക്ഷേ ഇവിടെ മുഖ്യമന്ത്രിയെ അവാർഡുനൽകി കളിയാക്കുകയും അവഹേളിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നു മനസ്സിലാക്കാനുള്ള ശേഷി ഒരു കോൺഗ്രസ്സുകാരനുമില്ലാതെ പോയത് അത്യന്തം ലജ്ജാവഹമാണ്.

 ജനങ്ങളുടെ സുരക്ഷിതവും സമധാനപൂർണ്ണവുമായ ജീവിതം ഉറപ്പുവരുത്താൻ നിയമങ്ങളുണ്ടാക്കാനും ഇതര സംവിധാനങ്ങളൊരുക്കാനുമാണു നമുക്ക് മന്ത്രിമാർ. അവരുടെ കടമ അതാണ്. അതു പ്രാവർത്തികമാകും വിധം തന്താങ്ങളുടെ ജോലി കൃത്യമായി ഉദ്യോഗസ്ഥവൃന്ദങ്ങൾ ചെയ്യുന്നുണ്ടോ എന്നു മാത്രമാണ് അവർ ശ്രദ്ധിക്കേണ്ടത്. അല്ലാതെ നേരിട്ട് ജനമദ്ധ്യത്തിലേക്കിറങ്ങി അപേക്ഷയും ആവലാതിയും കേൾക്കാനല്ല. ആവലാതിയില്ലാതെ സ്വൈരജീവിതം മുന്നോട്ടുപോകാൻ ഓരോ പൗരനെയും സഹായിക്കേണ്ടതും അതിനുള്ള സാഹചര്യമൊരുക്കേണ്ടതും ഉദ്യോഗസ്ഥന്മാരുടെ കർത്തവ്യമാണ്. അവർ അതു ചെയ്യുന്നില്ലെങ്കിൽ മുഖ്യമന്ത്രിയും മറ്റു വകുപ്പു മന്ത്രിമാരും അത്തരക്കാരെ പിരിച്ചു വിട്ട് പ്രാപ്തരായവരെ പകരം നിയമിക്കുകയാണു വേണ്ടത്.

 ജനസമ്പർക്ക പരിപാടിയിൽ ആളുകൾ കൂടുന്നത് മന്ത്രിയുടെ കഴിവുകേടിനെയാണു വെളിവാക്കുന്നത്. കഴിവും പ്രാപ്തിയുമുള്ളവരെന്നു വീമ്പിളക്കുന്ന ഭരണാധികാരികൾ മാറിമാറി ഭരിച്ചിട്ടും  പൗരന്മാർക്ക് സ്വൈര ജീവിതം അന്യമെങ്കിൽ, നമ്മുടെ ഭരണാധികാരികൾക്കും അവരുടെ ഭരണ നിർവ്വഹണത്തിനും എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്നു നാം തിരിച്ചറിയണം. മറ്റെന്തോ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് അവർ അഹോരാത്രം കഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കണം. വില്ലേജാപ്പീസിലും പഞ്ചായത്താപ്പീസിലും ലഭ്യമാകേണ്ട സാധാരണ രേഖകൾ പോലും വോട്ടർമാർക്ക് ലഭ്യമാകാൻ മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടേണ്ടി വരുന്നു എന്നത് അദ്ദേഹത്തിന്റെ കഴിവുകേടല്ലാതെ മറ്റൊന്നുമല്ല വെളിവാക്കുന്നത്.

  ജനപക്ഷത്തെ ആവലാതികൾ കേൾക്കുന്ന ജനകീയനായ മുഖ്യമന്ത്രിക്ക് ലഭിച്ച അവാർഡിന്റെ പ്രസക്തി ഇവിടെയാണ് ചർച്ച ചെയ്യേണ്ടത്. അവർ കേരളത്തിന്റെ മാനദണ്ഡമനുസരിച്ച് ഇവിടെ വച്ചല്ല അവാർഡു നൽകിയതെന്ന് ഓർക്കുക. അവരുടെ മാനദണ്ഡമനുസരിച്ച് അവിടെവച്ചു കൊടുക്കുമ്പോൾ അത് ഇവിടെയുള്ള വരെ കളിയാക്കാൻ മാത്രമായിരുന്നെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. ഒരു പക്ഷേ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി എന്ന യോഗ്യത പരിഗണിച്ചാവും അവർ ഈ അവാർഡ് സമ്മാനിച്ചിട്ടുണ്ടാവുക, അതു വാങ്ങിയവർക്കു മനസ്സിലായില്ലെങ്കിലും…

  3 comments:

  1. എത്ര കഷ്ടപ്പെട്ടിട്ടാ അവാര്‍ഡ് സംഘടിപ്പിച്ചതെന്ന് വല്ലോര്‍ക്കും അറിയ്യോ?

    ReplyDelete
  2. Sabu,
    You are just firing in the bush, all your remarks are just bull-shit, put some effort and get some vision and then start addressing major issues.

    ReplyDelete
  3. എല്ലാം തികഞ്ഞ ഒരു പാട് മന്ത്രിമാര്‍ നമ്മുടെ കേരളത്തില്‍ വന്നു പോയി ..ഇനിയും വരും . അവരവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ !
    പിന്നീട് അവര്‍ മണ്മറഞ്ഞു പോയാല്‍ നമ്മള്‍ അവരെ ഒരുപാട് പ്രകീര്തിക്കും .ജീവിച്ചിരുന്നപ്പോള്‍ കളിയാക്കിയതിന്റെ നാലിലൊന്ന് !!

    അസ്രൂസാശംസകള്‍ :)

    ReplyDelete

Popular Posts

Recent Posts

Blog Archive