സരിതയും ആർ. വി. ജി. മേനോനും പിന്നെ മനോരമയുടെ മണ്ടത്തരവും
എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം സാമ്പത്തിക ശാസ്ത്രമാണ്. ഇതിന് വിധേയമല്ലാത്തമൊരു ശാസ്ത്രവും സാമ്പത്തിക പിൻബലമില്ലാത്തതുകൊണ്ട് ദീർഘകാലം നിലനിൽക്കില്ല. ഏതൊക്കെ മേഖലകളിലായാലും ഈ പരമാർത്ഥം ആർക്കും നിഷേധിക്കാനും പറ്റില്ല.
വിദേശരാജ്യങ്ങളിലെ ന്യൂക്ലിയർ വൈദ്യുതനിലയങ്ങളിലെ മിച്ച വൈദ്യുതിയും ചൈനയിലെ ഏറ്റവും വിലകുറഞ്ഞ ജല വൈദ്യുതിയും ഉപയോഗിച്ച് മൂന്ന് അമേരിക്കൻ കുത്തകക്കമ്പനികൾ നിർമ്മിക്കുന്ന സോളാർ വൈദ്യുത മോഡ്യൂളുകൾ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ വിറ്റ് അതേ കുത്തകകൾ സഹസ്രകോടികൾ കൊള്ളയടിക്കുകയാണ്. അവരാരും മറ്റുള്ള വൈദ്യുതോല്പാദന മേഖലകൾ ഉപേക്ഷിച്ച് “ലഭകരമായ” സോളാർ വൈദ്യുതി വിൽപ്പനക്കുവേണ്ടി വ്യാവസായികമായി ഉല്പാദിപ്പിക്കുന്നില്ല എന്നത് മനഃപൂർവ്വം മൂടിവെക്കുകയാണ്.
വൻകിട വിദേശ കുത്തൾക്കുമാത്രം അനേകകോടികൾ ലാഭമുണ്ടാക്കികൊടുത്ത് അതിൽനിന്നു ലഭിക്കുന്ന കോടികളുടെ കമ്മീഷൻ കീശയിലാക്കാൻ മാത്രം പടച്ചുണ്ടാക്കിയതാണ് ഇപ്പോഴത്തെ സോളാർ പാനൽ നിർബ്ബന്ധമാക്കിയ സർക്കാർ പരിപാടി. ലോകത്തൊരിടത്തും സാധാരണക്കാരൻ ലാഭകരമായി സോളാർ വൈദ്യുതി നഗരങ്ങളിൽ ഗർഹികാവശ്യത്തിന് ഉപയോഗിക്കുന്നില്ല. ഉല്പാദന മേഖല ലാഭകരമല്ലെന്നതുതന്നെ കാരണം. ഇപ്പോഴത്തെ നിരക്കനുസരിച്ച് സോളാർ വൈദ്യുതിക്ക് യൂണിറ്റിന് 19 രൂപയോളം വിലവരുമ്പോൾ ഗാർഹികാവശ്യത്തിനുള്ള യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ രണ്ടുലക്ഷത്തിലധികം രൂപ മുടക്കേണ്ടിയും വരുന്നു. കെ എസ് ഇ ബി യുടെ വൈദ്യുതി നാലുരൂപക്കാണ് കിട്ടുന്നതെന്ന് ഓർക്കുക.
2012 മാർച്ച് ആദ്യവാരം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ആർ വി ജി മേനോന്റെയും സരിതയുടേയും വിദേശ കുത്തകളുടേയും നേതൃത്വത്തിൽ സോളാർ വൈദ്യുതിയെക്കുറിച്ച് ഒരു ബഡാ സെമിനാർ നടക്കുകയുണ്ടായി. മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്ത സെമിനാറിൽ വകുപ്പുതല മേധാവികളും ഇതര ഉന്നത ഉദ്യോഗസ്ഥന്മാരും സംബന്ധിച്ചിരുന്നു.
തുടർന്ന് മാർച്ച് 24ന് മനോരമയിൽ ആർ വി ജി മേനോന്റെ കാഴ്ചപ്പാട് ലേഖനം കേരളത്തിൽ തങ്കസൂര്യോദയമുണർത്തി വെണ്ടക്കാ നിരത്തി! ഇടുക്കി റിസർവോയറിൽ സോളാർ പാനലുകൾ നിരത്തിവച്ചുണ്ടാക്കുന്ന വൈദ്യുതി ഉപയോഗിച്ച് മഹാത്ഭുതം സൃഷ്ടിക്കാമെന്ന് ആർ വി ജി വിളമ്പി. റിസർവോയറിന് 800 മീറ്റർ താഴെ വൈദ്യുതോല്പാദനം കഴിഞ്ഞ് പുറത്തു വരുന്ന ജലം സോളാർ വൈദ്യുതി ഉപയോഗിച്ച് തിരിക ഡാമിലെത്തിക്കാമെന്ന മണ്ടൻ വിശദീകരണം അപ്പടി നിരത്തി മനോരമയെന്ന പത്രം മണ്ടത്തരമെഴുന്നള്ളിക്കുന്നതിൽ ഒന്നാമതായി. ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അഞ്ചിരട്ടിയിലധികം വേണം ഈ കർമ്മം നടപ്പിലാക്കാൻ എന്നത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിപോലുമില്ലാത്ത പത്രമായി മനോരമ മാറി.
നിലവിൽ ഇടുക്കിയിലെ ആകെയുള്ള ആറു ജനറേറ്ററുകൾ ഉല്പാദിപ്പിക്കുന്ന 770 മെഗാവാട്ട് വൈദ്യുതി മുഴുവനായി ഉപയോഗിച്ചാൽ പോലും രണ്ടു ജനറേറ്ററിൽ വൈദ്യുതി ഉല്പാദിപ്പിച്ച് പുറന്തള്ളുന്ന ജലം പോലും തിരികെ ഡാമിലെത്തിക്കാൻ കഴിയില്ലെന്നതാണു വാസ്തവം. മുഴുവൻ ജലവും സംഭരണിയിലെത്തിക്കാൻ ആവശ്യമായ വൈദ്യുതി സോളാറുപയോഗിച്ച് ഉല്പാദിപ്പിക്കാമെങ്കിൽ അത് അഞ്ചിലൊന്നു വൈദ്യുതി ഉല്പാദിപ്പിക്കാൻ പാഴാക്കാതെ നേരേ വിതരണത്തിന് ഉപയോഗിച്ചുകൂടേ? മനോരമയിൽത്തന്നെ ജോലിചെയ്യുന്ന മെക്കാനിക്കൽ ഇലക്ട്രിക്കൽ ബിരുദമുള്ള ആരോടെങ്കിലും അഭിപ്രായമാരാഞ്ഞിരുന്നെങ്കിൽ ഈ അബദ്ധം അവർക്ക് ഒഴിവാക്കാമായിരുന്നു. വായനക്കാരോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സാമ്പത്തിക ശാസ്ത്രത്തിന്റെ യാതൊരു പിന്തുണയുമില്ലാത്ത ആർ. വി. ജി. യുടെ ലേഖനം പ്രസിദ്ധീകരിച്ചത് അബദ്ധമായിപ്പോയെന്ന് മനോരമ ഇനിയെങ്കിലും സമ്മതിക്കണം.
ഏപ്രിൽ 14ന് ആർ വിജിയുടെ വീട്ടിൽ സോളാർ സ്ഥാപിച്ചു എന്നാണു വിവരം. കേന്ദ്രഗവർമെന്റ് ഏജൻസികൾ വിദേശത്തുനിന്ന് രണ്ടുലക്ഷം രൂപയിലധികം മുടക്കി വാങ്ങിയ സൗരോർജ്ജപാനൽ അദ്ദേഹത്തിന് ഒരു ലക്ഷത്തിനാണ് ലഭിച്ചത്. സരിതയാണ് അവിടെ അതു സ്ഥാപിച്ചു കൊടുത്തതെന്നാണ് പിന്നാമ്പുറ വർത്താനം. കൺട്രോൾ പാനലിന്റെ അരലക്ഷവും നാലു ബാറ്ററികൾക്കു വേണ്ടിയുള്ള അരലക്ഷവും ചേർത്ത് രണ്ടുലക്ഷമാണ് ചെലവ്. പാനലുകൾക്ക് പത്തുവർഷം വരെയും ബാറ്ററികൾക്ക് നാലുവർഷം വരെയാണ് പരമാവധി ആയുസ്സ്. പത്തുവർഷം തികച്ച് ഉപയോഗിക്കാൻ 75000 രൂപയുടെ ബാറ്ററികൂടി വേറേ വാങ്ങേണ്ടിയും വരും. അപ്പോൾ ചെലവ് പത്തുവർഷത്തേക്ക് 275000 രൂപ. പ്രതിദിനം 5 യൂണിറ്റ് വൈദ്യുതിവച്ച് 18250 യൂണിറ്റ് വൈദ്യുതിയാണ് ഇക്കാലയളവിൽ പരമാവധി ഉല്പാദിപ്പിക്കാൻ കഴിയുന്നത്. അതായത് യൂണിറ്റൊന്നിന് 15.06 രൂപ. കേന്ദ്രകവർമെന്റിന്റെ പാനൽ വിഹിതമായ ഒരുലക്ഷം കൂടി ചേർത്താണെങ്കിൽ ഇത് 20.54 രൂപയാകും. ഉപയോഗശൂന്യമാകുന്ന ബാറ്ററികളിലെ ലെഡ് ആസിഡും ഫോട്ടോഓൾട്ടിക് സെല്ലുകളിലെ . കാഡ്മിയം ഓക്സൈഡുകളും സൃഷ്ടിക്കുന്ന മാലിന്യം ശുദ്ധീകരിക്കാൻ വേണ്ടിവരുന്ന ചെലവുകൂടി ഉൾപ്പെടുത്തിയാൽ ഒരു യൂണിറ്റ് സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് അൻപതു രൂപയിലധികം ചെലവുവരും. ഇതാണ് സോളാർ വിഷയത്തിൽ സരിതയുടേയും ആർ വി ജി മേനോന്റെയും ലാഭസാമ്പത്തിക ശാസ്ത്രം!
ലോകത്തെവിടെയെങ്കിലും 10HPയുടെ സ്ക്വരൾഗേജ് ഇൻഡക്ഷൻ മോട്ടോർ സോളാർ വൈദ്യുതി ഉപയോഗിച്ച് സാമ്പത്തികമായി ലാഭത്തിൽ പ്രവർത്തിക്കുന്നതായി ആർ വി ജി മേനോനോ സോളാറിൽ സൂര്യോദയമൊരുക്കുന്ന മറ്റാർക്കെങ്കിലുമോ തെളിയിക്കാൻ സാധിക്കില്ല.
കൂടം കുളത്ത് ആണവ നിലയത്തിനും അമേരിക്കൻ കുത്തകൾക്കും എതിരേ സമരം ചെയ്യുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാക്കൾക്ക് അതേ കുത്തകകളുടെ ആണവ വൈദ്യുതിയുടെ ഉപോൽപ്പന്നമായ സോളാർ പാനലുകൾ ഉപയോഗിക്കുന്നതിന് ഒരുളുപ്പുമില്ല. സമരം ചെയ്യുന്നവരുടെ നേതാക്കൾക്ക് സമരം തൊഴിലാണ്. അതുകൊണ്ടുതന്നെ സമരങ്ങൾക്ക് പരിഹാരമുണ്ടാവാനോ അത് ആത്മാർത്ഥതയോടെയാകാനോ അവർ ശ്രമിക്കാറുമില്ല. കുത്തകൾക്ക് കാശുണ്ടാക്കിക്കൊടുക്കുന്നതിൽ ഇക്കൂട്ടർക്കുള്ള പങ്ക് ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിൽ ഭൂരിഭാഗം വീടുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നുണ്ട് എന്ന ആർ വി ജി യുടെയും മനോരമയുടേയും “കണ്ടെത്തൽ” കൂടി ഇതിനോട് ചേർത്ത് വായിക്കുക.