കൊച്ചൗസേപ്പുചേട്ടൻ സി.പി.എം.നോട് നന്ദികേടു കാണിക്കരുത്.
വഴിമുടക്കിയെന്ന് ആരോപിച്ച് സി.പി.എം.ന്റെ സമരഭടന്മാരോടു തട്ടിക്കയറിയ വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ സമ്മാനിച്ച കൊച്ചൗസേപ്പു ചേട്ടനോട് സി.പി.എം.നു വൈരാഗ്യം തോന്നുന്നത് സ്വാഭാവികം മാത്രം. പക്ഷേ അവരെ തിരിച്ചു കുറ്റപ്പെടുത്തും മുമ്പ് ചേട്ടൻ രണ്ടു നിമിഷം ആലോചിക്കേണ്ടതായിരുന്നു.
തൃശ്ശൂർക്കാരായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും കുര്യൻ ചേട്ടനും ചേർന്ന് 1970കളുടെ അവസാനം എറണാകുളത്ത് കലൂരിലും പരിസരപ്രദേശങ്ങളിലുമായി സ്റ്റെബിലൈസർ മാനുഫാക്ചറിംഗ് യൂണിറ്റും മറ്റും ആരംഭിച്ചു. കെൽട്രോണാണ് അന്ന് ഗുണമേന്മയുള്ള ആ സ്റ്റെബിലൈസറുകൾ വിതരണം നടത്തിയിരുന്നത്. കെൽട്രോണുമായി പിരിഞ്ഞ ശേഷം വി-ഗാർഡ് എന്ന പേരിൽ ഒരുമിച്ച് നിർമ്മാണവും വിതരണവും തുടങ്ങി. തുടർന്ന് കുര്യൻ ചേട്ടൻ വിജിൽ എന്നപേരിലും കൊച്ചൗസേപ്പുചേട്ടൻ വി-ഗാർഡ് എന്നപേരിലും വേർപിരിഞ്ഞു സ്റ്റെബിലൈസർ നിർമ്മാണവും വിതരണവും ആരംഭിച്ചു. ഗുണമേന്മ നിലനിർത്തുന്നതിൽ രണ്ടുപേരും ഒരേപൊലെ ശ്രദ്ധ പുലർത്തിയിരുന്നെങ്കിലും മീഡിയകളിലെ പരസ്യവും സ്വാധീനവും കൊണ്ട് വിപണി കീഴടക്കി വി-ഗാർഡ് മാർക്കറ്റിലെ അധിപനായി.
ട്രേഡ്‌യൂണിയനുകൾക്ക് ഒരു കമ്പനി പൂട്ടിക്കാൻ പ്രത്യേകിച്ചു കാരണമൊന്നും ആവശ്യമില്ലല്ലോ.
എല്ലായിടത്തും വിവിധ തൊഴിലാളി സംരക്ഷകർ സമരം നടത്തുന്നതുപോലെ അദ്ദേഹത്തിന്റെ വിഗാർഡിനെതിരേയും സമരം തുടങ്ങി. ഇവിടെ സി.ഐ.ടി.യു. ആയിരുന്നു തൊഴിലാളി സംരക്ഷരകരായത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊടുക്കാൻ കൊച്ചൗസേപ്പുചേട്ടന് തന്റെ കമ്പനി പൂട്ടേണ്ടിയും വന്നു.
പിതാവിന്റെ ആദർശ ശുദ്ധി പിന്തുടരുന്ന മകന് പഠിച്ച പണി ചെയ്തു ജീവിക്കാൻ ആരുടേയും സമ്മതം ആവശ്യമില്ലല്ലോ. ബുദ്ധിമാനായ അദ്ദേഹവും പാതിരിമാരുടെയും കന്യാസ്ത്രീകളുടേയും വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളുടേയും സഹായത്താൽ നിർമ്മാണയൂണിറ്റുകൾ തുടങ്ങി. ബാംഗ്ലൂരിൽ നിന്നു പാർട്സുകളെത്തിച്ച് ഐടിഐയും ഇലക്ട്രോണിക്സും അറിയാവുന്നവരെ ഉപയോഗിച്ച് യൂണിറ്റുകൾ വിപുലമാക്കി. തൽഫലമായി ടാറ്റായുടെ നെൽക്കോയെയും മറികടന്ന് ഔസേപ്പുചേട്ടന്റെ വി-ഗാർഡ് വിപണി വാണു.
തന്റെ വ്യാവസായിക വളർച്ചയിൽ കൊച്ചൗസേപ്പുചേട്ടൻ ഏറ്റവും കൂടുതൽ നന്ദി കാണിക്കേണ്ടത് സി.പി.എം.നോടാണ്. അദ്ദേഹത്തെ പ്രശസ്തനാക്കിയത് സി.ഐ.ടി.യു.വിന്റെ അദ്ദേഹത്തിനെതിരേയുള്ള സമരമായായിരുന്നല്ലോ. തന്റെ ഉല്പന്നത്തിന്റെ ഗുണമേന്മയോ ഉപഭോക്താക്കൾക്കു നൽകുന്ന വില്പനാന്തര സേവനമോ കൊണ്ടുമാത്രം ഒരു സ്ഥാപനം വളരില്ലെന്ന് ചേട്ടൻ ഓർത്തില്ല. അവർ അദ്ദേഹത്തിന്റെ കമ്പനി പൂട്ടിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം ഈ നിലയിൽ എത്തില്ലായിരുന്നു (കുര്യൻ ചേട്ടന്റെയും കൊച്ചൗസേപ്പുചേട്ടന്റെയും ഇപ്പോഴത്തെ വ്യാവാസായിക പ്രസിദ്ധി ഓർക്കുന്നതു നന്നായിരിക്കും). അതുകൊണ്ടുതന്നെ കൊച്ചൗസേപ്പുചേട്ടൻ സി.പി.എമ്മിനെ കുറ്റം പറയുന്നതിന് ഒരു ന്യായീകരണവും നിരത്താൻ സാധിക്കില്ലെന്ന് ആവർത്തിച്ചു പറയേണ്ടിവരുന്നു.
വാലുചോദ്യം: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഒതുക്കാനുള്ള എളുപ്പമാർഗ്ഗം അദ്ദേഹത്തിന്റെ വി-ഗാർഡിനെ ജനങ്ങളിൽനിന്ന് അകറ്റുക എന്നതാണ്. സി.പി.എം.ന് കെ.എസ്.ഇ.ബി.യിലെ തങ്ങളുടെ 80% വരുന്ന അണികളെക്കൊണ്ട് ഒന്ന് ആഞ്ഞുപിടിപ്പിച്ചാൽ വ്യതിയാനമില്ലാതെ കൃത്യമായ അളവിൽ വൈദ്യുതി വിതരണം നടത്താനാവില്ലേ..? വൈദ്യുതി വ്യതിയാനമില്ലെങ്കിൽ പിന്നെന്തിനു സ്റ്റെബിലൈസർ..!! ഇതു ചിന്തിക്കാൻ സി.പി.എം.ന് സമയമില്ലെങ്കിൽ പാവം കൊച്ചൗസേപ്പിനെ വെറുതേ വിട്ടൂടേ..?