" ജനാധിപത്യ സംരക്ഷകർ " ഇത് കൂടി വായിക്കണം
അഡ്വക്കേറ്റ് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത കുറിപ്പാണു താഴെ. കേരളത്തിൽ നാം അനുഭവിക്കുന്ന പൊതു പ്രശ്നമെന്നനിലക്ക് ഹരീഷ് തുടങ്ങിവച്ച പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. ആ കുറിപ്പ് അദ്ദേഹത്തിന്റെ അനുമതിയോടെ ഇവിടെയും പോസ്റ്റു ചെയ്യുന്നു.
ഋഷിരാജ് സിംഗ് IPS ആന്റി തെഫ്റ്റ് സ്ക്വാഡിൽ വരുന്നതിനു മുൻപും വൻകിടക്കാരുടെ വൈദ്യുതി മോഷണം ഇവിടെ നടക്കുന്നുണ്ട്, പിടിച്ചാൽ മോഷണത്തിന് ശിക്ഷ നല്കാവുന്ന നിയമവുമുണ്ട്. പക്ഷെ, ഋഷിരാജ് സിംഗ് വരുമ്പോൾ മാത്രമാണ് പദ്മജ വേണുഗോപാലും മുത്തൂറ്റ് പാപ്പച്ചനും ഒക്കെ നടത്തുന്ന കോടിക്കണക്കിനു രൂപയുടെ മോഷണം പിടിക്കുന്നതും അവരൊക്കെ അറസ്റ്റ് ഭയക്കുന്നതും. സിങ്ങ് സ്ഥലം മാറുമ്പോൾ നിയമം മാറുന്നില്ല, മോഷണം അവസാനിക്കുന്നില്ല, എന്നാൽ നിയമം മാത്രം പ്രവർത്തിക്കാതെയാകുന്നു.
ജേക്കബ് തോമസ് IPS വരുന്നതിനു മുൻപും ശേഷവും വിജിലൻസിൽ നിയമങ്ങൾ ഒന്നായിരുന്നു. പക്ഷെ ജേക്കബ് തോമസ് വന്നശേഷം ധനമന്ത്രിയും എക്സൈസ് മന്ത്രിയും അടക്കം വൻ സ്രാവുകൾക്ക് അറസ്റ്റ് ഭയപ്പെട്ട് കുറച്ചു ദിവസത്തെ ഉറക്കം പോയി. അദ്ദേഹം സ്ഥാനക്കയറ്റം കിട്ടി പോയപ്പോൾ, കാര്യങ്ങൾ പഴയ പടിയായി.
ജേക്കബ് തോമസ് എത്തും മുൻപും ഫയർഫോഴ്സിൽ ബഹുനില കെട്ടിടങ്ങൾക്ക് ചുറ്റും ഫയർഎഞ്ചിൻ പോകാനുള്ള സ്ഥലം ഉണ്ടെങ്കിലേ അനുമതി നല്കാവൂവെന്ന നിയമം ഉണ്ടായിരുന്നു. പക്ഷെ ജേക്കബ് തോമസ് വന്ന ശേഷമാണ് ആ നിയമം പ്രവർത്തിച്ചു തുടങ്ങിയത്, വൻകിട ഫ്ലാറ്റ് നിർമ്മാതാക്കൾ താമസക്കാരുടെ ജീവന്റെ സുരക്ഷ വിറ്റു കാശുണ്ടാക്കാൻ കഴിയാത്ത അവസ്ഥയിലായത്. സിവിൽ സപ്ലൈസിലെ അഴിമതി തടഞ്ഞപ്പോൾ പണ്ട് സ്ഥലം മാറ്റിയതുപോലെ, പോലീസ് സേനയിൽ പുതിയ തസ്തിക ഉണ്ടാക്കിയാണെങ്കിലും ഉടനേ അങ്ങേരെ സ്ഥലം മാറ്റും. അതോടെ നിയമം പഴയപടി പ്രവർത്തിക്കാതെയാകും.
മരട് മുനിസിപ്പാലിറ്റിയിൽ 50 ലധികം അനധികൃത കയ്യേറ്റ നിർമ്മാണങ്ങൾ ഉണ്ടെന്ന വിവരം ഫയലിലുണ്ട്. അത് കോടതിയിൽ റിപ്പോർട്ട് കൊടുത്ത് വൻകിട കയ്യേറ്റങ്ങൾ തടഞ്ഞതോടെ സെക്രട്ടറി കൃഷ്ണകുമാറിന് മാവേലിക്കരയ്ക്ക് സ്ഥലംമാറ്റം കിട്ടുന്നു. അതിനു മുൻപും കയ്യേറ്റമുണ്ട്, തടയാൻ നിയമങ്ങളുമുണ്ട്. കൃഷ്ണകുമാർ പോയതോടെ നിയമം വീണ്ടും പ്രവർത്തിക്കാതെയാകുന്നു, ഫയലുകൾ ഉറങ്ങുന്നു.
ഇങ്ങനെ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും തരാം, മന്ത്രിമാർ മാറുന്നില്ല, നിയമം മാറുന്നില്ല, നയമോ നിലപാടോ മാറുന്നില്ല, എന്നിട്ടും ചില ഉദ്യോഗസ്ഥർ വരുമ്പോൾ മാത്രം ചില നിയമങ്ങൾ പ്രവർത്തിക്കുകയും, കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ആ ഉദ്യോഗസ്ഥർ തെറിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാകും? നിയമം പ്രവർത്തിക്കാതിരിക്കാൻ ഭരിക്കുന്നവർ സത്യസന്ധരായ ഉദ്യോഗസ്ഥരെ മാറ്റിക്കഴിഞ്ഞാൽ വേറെയാരും ഈ നിയമലംഘനങ്ങളെ ചോദ്യം ചെയ്യില്ല എന്ന ഉറപ്പാണ് ഈ സ്ഥാനചലനങ്ങൾക്ക് പിന്നിൽ. ജേക്കബ് തോമസ് പോയാൽ ഫയർ സേഫ്ടി നിയമലംഘനങ്ങൾ ഫയലിൽ നിന്ന് കോടതിയിൽ എത്തില്ലെന്നും, വിജിലൻസിൽ ഉള്ള വിവരങ്ങൾ കോടതിയിൽ എത്തില്ലെന്നും, മുത്തൂറ്റ് പാപ്പച്ചന്റെ മോഷണ രേഖകൾ കോടതിയിലെത്തില്ലെന്നും, കൃഷ്ണകുമാർ പോയാൽ കായൽ കയ്യേറ്റങ്ങൾ സംബന്ധിച്ച രേഖകൾ കോടതിയിൽ എത്തില്ലെന്നും സർക്കാർ കരുതുന്നു.
ഈ തോന്നൽ പൊളിക്കാൻ നമുക്കാവണം. അഴിമതികൊണ്ട് നശിച്ച ഈ രാഷ്ട്രീയ-സർക്കാർ സംവിധാനത്തിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ഉണ്ടാകുന്നുണ്ടെങ്കിലും, അത് പ്രായോഗികതലത്തിൽ ഉണ്ടാകുന്നില്ല. ഇത്തരം പ്രധാന നിയമലംഘനങ്ങൾ ഫോളോ അപ്പ് ചെയ്യാനും, രേഖകൾ സംഘടിപ്പിക്കാനും, അത് കോടതിയിൽ എത്തിക്കാനും, നിയമം നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും കഴിയുന്ന ചെറു സംഘങ്ങൾ സോഷ്യൽ മീഡിയയിൽ വേണം. പ്രായോഗിക തലത്തിൽ ഇത്തരം ഒറ്റയാൾ സമരങ്ങൾക്ക് പിന്തുണ ഉണ്ടാകുകയും, നടപടി ഉണ്ടാകുകയും ചെയ്താലേ പ്രയോജനമുള്ളൂ. അതിനൊരു ഓണ്‍ലൈൻ കൂട്ടായ്മ ഉണ്ടാക്കുന്നു. വല്ലപ്പോഴുമെങ്കിലും വമ്പൻസ്രാവുകൾക്കെതിരെ നിയമം പ്രവർത്തിപ്പിക്കുന്ന ഒരു ചെറു ഓണ്‍ലൈൻ കൂട്ടായ്മ.
ആദ്യമായി മുത്തൂറ്റ് പാപ്പച്ചന്റെ മോഷണം സംബന്ധിച്ച ഫയൽ വിവരാവകാശ നിയമപ്രകാരം എടുക്കുന്നു. മോഷണം തെളിവുണ്ടെങ്കിൽ ക്രിമിനൽ കേസ് എടുപ്പിക്കുന്നു. അതുവരെ നിയമനടപടി തുടരും. അത് കഴിഞ്ഞാൽ അനധികൃത കായൽ കയ്യേറ്റങ്ങൾ, അങ്ങനെ ഓരോന്ന്. താൽപ്പര്യമുള്ളവർ ഈ പോസ്റ്റ് ഷെയർ ചെയ്യുക, ഒരു ഗ്രൂപ്പ് ഉണ്ടാക്കുക, നിയമപരമായ പിന്തുണയും സഹായവും ഉണ്ടാവും. ആളുണ്ടോ ഈ എളിയ ശ്രമം ഏറ്റെടുക്കാൻ? ചുമ്മാ കേറി സൈബർ പിന്തുണ പ്രഖ്യാപിച്ചാൽ പോരാ, ഫോണ്‍ നമ്പർ സഹിതം ലിസ്റ്റ് ഉണ്ടാക്കും, ഫോളോഅപ്പ് ഗ്രൂപ്പിൽ ഇടും, വിവരവാകാശ നിയമം ഉപയോഗിക്കാനും, വാർത്തയാക്കാനും, കേസിന് പോകാനും ഒക്കെ ഭൌതിക സഹായം ചോദിക്കും. അതിനൊക്കെ ഒരു നൂറുപേർ തയ്യാറാണെങ്കിൽ ഗ്രൂപ്പ് ഉണ്ടാക്കാം.
(ഹരീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ)
കള്ളന്മാര്‍ക്കും അഴിമതിക്കാര്‍ക്കും പാദസേവചെയ്യുന്ന മന്ത്രിയാണൂ ചങ്കുറപ്പോടെ കള്ളന്മാരേയും അഴിമതിക്കാരേയും പിടികൂടുന്ന ഋഷിരാജ് സിങിനെ സലൂട്ട് ചെയ്യേണ്ടത്.....
ReplyDelete-മുത്തുറ്റിന്‍റെ വൈദ്യുതി മോഷണം പിടിച്ചെതിന്നാണു ഇദ്ദേഹത്തിന്നെതിരെ മുഖ്യമന്ത്രിയുടെ കലിപ്പ് ഇതുവരെ മാറിയിട്ടില്ല. മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയിരിക്കുന്നിടത്തോളം കാലം കള്ളന്മാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ ശബ്ദിക്കുന്ന ഒരുത്തനേയും മര്യാദക്ക് ജീവിക്കാന്‍ അനുവദിക്കില്ല..... കള്ളന്മര്‍ക്ക് പാദസേവ ചെയ്യുന്ന പോലീസ് മന്ത്രിയെ സലൂട്ട് ചെയ്യാതിരുന്ന ഋഷിരാജ് സിങിനെയാണു ആദരിക്കേണ്ടത്.....കള്ളന്മാര്‍ക്കും അഴിമതിക്കാര്‍ക്കും പാദസേവചെയ്യുന്ന മന്ത്രിയാണൂ ചങ്കുറപ്പോടെ കള്ളന്മാരേയും അഴിമതിക്കാരേയും പിടികൂടുന്ന ഋഷിരാജ് സിങിനെ സലൂട്ട് ചെയ്യേണ്ടത്.....
കള്ളനെ സത്യസന്ധന്‍ സല്യൂട്ട് ചെയ്യേണ്ടിവരുന്ന ഗതികേടിന്റെ പേരാണ് ജനാധിപത്യം
ReplyDeleteനമ്മുടെ നാട് ഇപ്പോൾ ദൈവത്തിന്റെ നാടല്ല
ReplyDeleteസാക്ഷാൽ കൊള്ളക്കാരുടെ നാടായി മാറിയിരിക്കുന്നു
ഭരണക്കാരും ,പ്രതിപക്ഷവുമൊക്കെ ഇവർക്ക് കുട ചൂടി നിൽക്കുന്ന
കാഴ്ച്ചകളുമാണ് ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നു...