കേന്ദ്രത്തിൽ എൻ ഡി എ അധികാരത്തിൽ
വന്നതിനു ശേഷം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണ പരിഷ്കാരങ്ങൾ ഭാരതത്തെയും ഭാരതീയരെയും
എവിടെക്കൊണ്ടെത്തിക്കും എന്ന എന്റെ ആശങ്കയാണ് ഈ പോസ്റ്റിനാധാരം. അതുകൊണ്ടുതന്നെ ഭാരതീയർ
എന്ന ഒറ്റ യാഥാർത്ഥ്യത്തിൽ മാത്രമാണ് ഞാൻ സംസാരിക്കുന്നത്. അതിന് ഹിന്ദുവെന്നോ മുസ്ലിമെന്നോ
മെറ്റേതെങ്കിലും മതവിഭാഗങ്ങളെന്നോ ദളിത് പിന്നോക്ക വിഭാഗങ്ങളെന്നോ വേർതിരിച്ചിട്ടില്ല.
ഗോവധ നിരോധനമോ കശാപ്പിനുള്ള
കച്ചവട നിരോധനമോ ഇന്ത്യയിലെ ഹൈന്ദവ സഹോദരങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കാനാണെന്ന് കരുതാൻ
കഴിയുന്നില്ല. രാമന്റെയും അവതാരങ്ങളുടെയും പേരിലും മറ്റു മതസ്ഥരുടെ ജീവിത-വിശ്വാസ ശൈലിയിലും
കുറ്റങ്ങൾ കണ്ടെത്തി അവരെ നിരന്തരം താറടിച്ചുകൊണ്ടിരിക്കുന്നത് ഹൈന്ദവ വിശ്വാസത്തെ സംരക്ഷിക്കാനല്ല. ഗോക്കളുടേതടക്കം
മാംസം ഭക്ഷിക്കാമെന്നും അങ്ങനെ ചെയ്തിരുന്നെന്നും വേദങ്ങൾ നമ്മെ പഠിപ്പിക്കുമ്പോൾ അതു
മറച്ചുവെച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിന്റെ ഗൂഢലക്ഷ്യമാണു ഭാരതത്തിലെ ഹിന്ദുവും
മുസൽമാനും മനസ്സിലാക്കേണ്ടത്. ഈ പരിഷ്കൃത നൂറ്റാണ്ടിൽ ജാംബവാന്റെ കാലത്തെ കാട്ടുപരിഷ്കാരങ്ങൾ
പ്രചരിപ്പിച്ച് ഭാരതത്തിലെ ഹിന്ദുവിനെയും മുസൽമാനെയും പരസ്പരം വിരോധികളാക്കി അകറ്റി
നിർത്തുമ്പോൾ ഭാരതത്തിന് സംഭവിക്കുന്നതെന്ത് എന്ന് ഓരോ ഹിന്ദുവും മുസൽമാനും ചിന്തിക്കേണ്ടതാണ്.
ഒരു വശത്ത് ഹിന്ദുവെന്നോ മുസൽമാനെന്നോ
മറ്റേതെങ്കിലും വിഭാഗമെന്നോ ബി ജെപി യും ആർ എസ് എസ്സും അടക്കമുള്ള ഇന്ത്യയിലെ വിവിധ
രാഷ്ട്രീയ മത സംഘടനകളെന്നോ വേർതിരിവില്ലാതെ ഇന്ത്യയിലെ മുഴുവൻ ജനവിഭാഗങ്ങളെയും ഈ ഭരണപരിഷ്കാരങ്ങൾ
ഒരേപോലെ ബാധിക്കുന്നുണ്ടെന്ന് എല്ലാവരും മനസ്സിലേക്കേണ്ടതുണ്ട്. സ്വന്തം പാർട്ടിയിലെ
നേതാക്കന്മാരുടെ തീരുമാനങ്ങളായതുകൊണ്ട് നിവൃത്തിയില്ലാതെ വെള്ളം തൊടാതെ വിഴുങ്ങാനും
അംഗീകരിക്കാനും വിധിക്കപ്പെട്ടവരായി അണികൾ മെരുങ്ങിപ്പോകുന്നു എന്നതാണ് യാഥാർത്ഥ്യം.
ഓരോ പരിഷ്കാരങ്ങളും ഉത്തരവുകളും നടപ്പിലാക്കുമ്പോൾ ആത്യന്തികമായി ആർക്കാണു ഗുണമെന്ന്
ഇനിയെങ്കിലും പരിശോധിക്കേണ്ടതുണ്ട്. ഭാരതത്തിലെ വോട്ടവകാശമുള്ള ജനങ്ങൾക്കെങ്കിലും ബോധോദയം
ഉണ്ടായാൽ ഭാരതത്തെ രക്ഷിക്കാൻ നേരം വൈകിയിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ പ്രതീക്ഷയ്ക്കു
വകയില്ല.
നോട്ടുനിരോധം ഡിജിറ്റലൈസേഷനു
വേണ്ടിയായിരുന്നെന്നു വിശ്വസിപ്പിക്കാൻ നരേന്ദ്രമോഡി സർക്കാർ നിരന്തരം പരിശ്രമിച്ചിരുന്നെങ്കിലും
അതിനു വേണ്ടിയായിരുന്നില്ലെന്ന് എസ് ബി ഐയെ റിലയൻസിനു കൊടുത്ത നടപടിയിലൂടെ വ്യക്തമായിരിക്കുകയാണ്.
വൻകിട കോർപ്പറേറ്റുകളുടെ സാമ്പത്തിക ബാധ്യത ഓരോ ഭാരതീയന്റെയും വിയർപ്പിൽനിന്നും അവന്റെ
ജീവസമ്പാദ്യത്തിൽ നിന്നും ഊറ്റിയെടുത്ത് പരിഹരിക്കാനുള്ള കളിമാത്രമായിരുന്നുവെന്ന്
ബാങ്കിന്റെ സമീപകാല പരിഷ്കാരങ്ങളിൽ നിന്ന് മനസ്സിലാകുന്നുണ്ട്. ഇന്ത്യയിലെ സാധാരണക്കാരന്റെ
സ്ഥാപനമെന്നു വിശേഷിപ്പിച്ചിരുന്ന ഏറ്റവും വലിയ പണമിടപാടുപ്രസ്ഥാനത്തിലാണ് ഈ സ്ഥിതിയെന്നത്
ലക്ഷ്യം പ്രത്യക്ഷമായതല്ല്ല മറ്റെന്തൊക്കെയോ ആണെന്നുകൂടി വിളിച്ചു പറയുന്നുണ്ട്. ഭാരതമെന്ന
മഹാരാജ്യത്തിലെ പ്രജാപതികളായ കോർപ്പറേറ്റുകൾക്ക് കച്ചവടം ചെയ്യാനുള്ള മൂലധനം ഈ രാജ്യത്തെ
മുഴുവൻ ജനങ്ങളുടെയും ബാങ്കക്കൗണ്ടിൽ നിന്ന് ഉപയോഗിക്കാൻ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നേ
മനസ്സിലാക്കാൻ കഴിയുന്നുള്ളൂ. സ്വന്തം പണം സ്വന്തം ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതും
ക്രയവിക്രയം ചെയ്യുന്നതും പിഴകളിലൂടെ തടയിടുന്നത് മറ്റെന്തിനാണ് ?
പ്രത്യക്ഷത്തിൽ മുസ്ലിങ്ങളെ
പാഠം പഠിപ്പിക്കാനെന്ന് തോന്നുമ്പോഴും, ഹിന്ദുക്കളുടെ വിശ്വാസപ്രമാണങ്ങളെ സംരക്ഷിക്കാനെന്നു
തോന്നുമ്പോഴും ഇരു വിഭാഗത്തിന്റെ വികാരങ്ങളും സംരക്ഷിക്കാൻ ഇരു വിഭാഗങ്ങളും അതുപോലെ
മറ്റു വിഭാഗങ്ങളും ചാടിയിറങ്ങി തമ്മിലടിക്കാനും ഭിന്നിക്കാനും ശ്രമിക്കുമ്പോഴും ചിലരുടെ
താല്പര്യങ്ങൾ വളർത്തുകയും സംരക്ഷിക്കപ്പെടുകയുമാണു ചെയ്യുന്നത്. ഇവരാകട്ടെ ഇന്ത്യയിലെ
ജനങ്ങളെ എക്കാലവും ചൂഷണം ചെയ്യുന്നവരുമാണ്. അദാനിയും അംബാനിയും അതുപോലുള്ളവരുടെ താല്പര്യങ്ങളും
വാനോളം വളരട്ടെ. അതിനു വഴിയൊരുക്കുന്നവർ കൂലിയും വാങ്ങട്ടെ. ഇന്ത്യയിലെ ജനവിഭാഗങ്ങൾ
തമ്മിലടിച്ചും പട്ടിണികിടന്നും തുലയട്ടെ. അധികാരികളുടെ ഇന്നത്തെ ഭരണം അതിനു മാത്രമേ
ഉതകൂ. അതിനു മുന്നോടിയായി രോഹിങ്ക്യകളുടെ ഇന്ത്യൻ പിറവി പ്രതീക്ഷിച്ചിരിക്കാം.
Click Here