സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്, പ്ലീസ്...
ഒരു വീടു വെക്കാൻ ശ്രമിക്കുന്നവർക്ക് പെർമിറ്റ് ഫീസിനത്തിൽ മാത്രം പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ സർക്കാർ കൊള്ള തുടങ്ങിയിട്ട് അധിക കാലമായില്ല. ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണ് ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവയൊക്കെ, അതുകൊണ്ടുതന്നെ യാതൊരുതരത്തിലുള്ള കൊള്ളയും ഉണ്ടാവാൻ പാടില്ലാത്തതാണ്. പ്രത്യേകിച്ച് സിപിഎം അതിന് അനുവദിക്കാൻ പാടില്ലാത്തതാണ്.
വീടില്ലാതെ അന്യന്റെ പറമ്പിൽ കുടിൽ കെട്ടി അന്തിയുറങ്ങേണ്ടി വന്ന പാവങ്ങളെ നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്നു പാടിപ്പഠിപ്പിച്ച പ്രസ്ഥാനമാണ് ഇന്ന് അതേ സാധാരണക്കാരന്റെ മുതൽ പിടിച്ചുപറിച്ചു ഭരിക്കുന്നത്. മുമ്പ് വരുമാനമുള്ള വലിയ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചെടുത്തിരുന്ന തൊഴിലാളി ക്ഷേമനിധി പിരിവ് അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരൻ അവന്റെ കുടുംബത്തെ വെയിലും മഴയും ഏൽക്കാതെ ചേർത്തുവെക്കാൻ അടിച്ചുകൂട്ടുന്ന ഒറ്റമുറി കൂരക്കുവരെ ചുമത്തിയ പാവപ്പെട്ടവനോടുള്ള കപട സ്നേഹം കണ്ടില്ലെന്നു നടിക്കരുത്.
ക്ഷേമ പെൻഷനുകൾക്കു ദിവസവും പിരിച്ചെടുക്കുന്നത് കോടികളാണ്. പെട്രോൾ പമ്പുകളിൽ നിന്ന് ഓരോ ലിറ്ററിനും രണ്ടുരൂപ അതിനു വേണ്ടി മാത്രം കൊള്ളയടിക്കുന്നുണ്ട്. എന്നിട്ടും ക്ഷേമ പെൻഷനുകൾ മുടക്കത്തിൽ തന്നെയാണ് ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്ന പണമെല്ലാം സുപ്രീം കോടതിയിലെ അഭിഭാഷകർക്ക് കൊടുക്കാനേ പിണറായിക്കു തികയുന്നുള്ളൂ അന്തിയുറങ്ങാൻ ഒരു കൂരയുണ്ടാക്കാൻ ശ്രമിക്കുന്നവന് യാതൊരു വിധ സഹായവുമില്ല. മാത്രമല്ല ഫീസിനത്തിൽ വലിയ തുക കൊടുക്കുകയും വേണം. ഇനി എങ്ങനെയെങ്കിലും തട്ടുക്കൂട്ടാമെന്നു വെച്ചാൽ തൊഴിലാളി ക്ഷേമനിധിയെന്നു പറഞ്ഞ് വൻ തുക ചുമത്തും. അതടക്കാൻ കഴിഞ്ഞില്ലെങ്കിൽ അവന്റെ വീടും പറമ്പും പിടിച്ചെടുത്ത് അവരെ തെരുവിലിറക്കും.
ഇവിടെ ജനങ്ങളെ കൊള്ളയടിക്കാൻ മാത്രമറിയുന്ന സർക്കാർ. സർക്കാരിന്റെ വരുമാനം എങ്ങനെ ഉണ്ടാക്കണമെന്ന് യാതൊരു ചിന്തയുമില്ല. ഓരോ ദിനവും കടം വാങ്ങും, കടം അനുദിനം കൂടുന്നു. അതിനനുസരിച്ച് ജനങ്ങളെ പിഴിയുന്നതു തുടരുന്നു. ജനങ്ങൾ എങ്ങനെ എത്ര കഷ്ടപ്പെട്ടാണ് പനമുണ്ടാക്കുന്നതെന്ന് സർക്കാരിനറിയണ്ട. പുതിയ ചില പിഴിയലുകൾക്കുകൂടി അണിയറയിൽ നീക്കം നടക്കുന്നതായി അറിയുന്നു. അത് ജനജീവിതം കൂടുതൽ ദുരിതമാക്കുമെന്നുറപ്പ്.
0 comments:
Post a Comment