പൗരൻ തിരിച്ചറിയുമ്പോൾ...
അഞ്ചുവർഷത്തെ പിണറായിഭരണവും പിന്നീടുള്ള തുടർ ഭരണവും ജനങ്ങളിൽ വലിയ രാഷ്ട്രീയ സ്വാധീനമാണ് വരുത്തിയത്. സത്യത്തിൽ പിണറായിക്കു ലഭിച്ച തുടർഭരണം UDFന്റെ സംഭാവനയാണ്. ഇടതിനെയും വലതിനെയും മാറി മാറി ഭരണമേൽപ്പിക്കുന്ന മലയാളിയുടെ ശീലവും. അതുകൊണ്ടുതന്നെ ഭരണം ലഭിക്കുമെന്ന അമിത് ആത്മവിശ്വാസവും UDF നേതാക്കളിൽ അഹങ്കാരമായുണ്ടായിരുന്നു എന്നതാണ് ശരി
അതുകൊണ്ടുതന്നെ ആർക്കാണ് അധികാരം കൂടുതലെന്ന മട്ടിൽ തമ്മിൽ തല്ലും ഐക്യമില്ലായ്മയും പാർട്ടിയിൽ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനം മാറി ചിന്തിച്ചത് അതുകൊണ്ടാണ്. കേന്ദ്രത്തിന്റെ സഹായം സ്വന്തം പേരിട്ട് ജനങ്ങളിലെത്തിച്ച് അത്യാസന്ന വേളയിൽ ജനങ്ങൾക്കൊപ്പം സർക്കാർ കൂടെയുണ്ടെന്ന തോന്നൽ ജനങ്ങളിലെത്തിക്കാൻ സിപിഎമ്മിനു സാധിച്ചു
ജനങ്ങളിലെത്തിയ ഈ മരീചികയും UDF പടലപ്പിണക്കങ്ങളും പിണറായി മന്ത്രിസഭക്കു തുടർ ഭരണം നൽകി. ഈ അവസരം ലഭിക്കുമെന്ന് വ്യക്തമായറിയാമായിരുന്ന പിണറായി തുടർഭരണം തന്റെ കൈപ്പിടിയിലൊതുക്കാൻ അപ്പോൾ മുതൽ ശ്രമിച്ചു. അതിന്റെ ഫലമാണ് അല്പമെങ്കിലും കഴിവുള്ള മന്ത്രിമാരെ പുറത്തു നിർത്തി സ്വന്തം വരുതിക്കു നിൽക്കുന്നവരെ മന്ത്രിമാരാക്കിയത്. അതിന്റെ ഗുണഫലമാണ് കഴിഞ്ഞ അഞ്ചുവർഷമായി കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സാധാരനക്കാരന് ഈ നാട്ടിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥയായി. നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോ അതിലധികമോ ഒക്കെയായി. ഇരട്ടിമുതൽ താങ്ങാൻ കഴിയാത്തവിധം വരെ വിവിധ ഫീസുകൾ വർദ്ധിച്ചു, കുടുംബ പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും കോടതിയിൽ പരിഹാരം തേടാൻ വയ്യാത്ത അവസ്ഥയിലാക്കി. സാമൂഹ്യ പെൻഷനുകളും ക്ഷേമ പെൻഷനുകളും മുടങ്ങി. കർഷക ആത്മഹത്യകൾ പെരുകി.
അതിനു പുറമേ പെൻഷൻ കിട്ടാത്തതുകൊണ്ട് മരുന്നിനുപോലും നിർവ്വാഹമില്ലാതെ ആളുകൾ ആത്മഹത്യ ചെയ്യുന്നത് സാധാരണമായി. ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങി. മുഖ്യമന്ത്രിയുടെ കുടുംബം പോലും അഴിമതിയുടെയും കള്ളക്കടത്തിന്റെയും പേരിൽ അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുമുന്നിൽ മുട്ടിവിറച്ചു നിന്നു. സാധാരണക്കാരന്റെ പണം കൊള്ളയടിക്കപ്പെട്ടു, നിക്ഷേപിച്ച പണം ലഭിക്കാതെയും പലരും ആത്മഹത്യ ചെയ്തു.
ഇതെല്ലാം കണ്ട് ഭ്രാന്തുപിടിച്ച് പുതിയ തലമുറ കൂട്ടത്തോടെ മറ്റു രാജ്യങ്ങളിൽ ചേക്കേറിക്കൊണ്ടിരിക്കുന്നു. സർക്കാർ ആർക്കു വേണ്ടിയെന്നും എന്തിനു വേണ്ടിയെന്നും ജനം ചിന്തിച്ചു തുടങ്ങുന്നതു സ്വാഭാവികം.
ഒരു സർക്കാർ എങ്ങനെയെല്ലാം ആയിക്കൂടാ എന്ന് കേരളത്തെ പഠിപ്പിച്ചത് പിണറായി സർക്കാരാണ്. ചില നേതാക്കളെങ്കിലും കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ ആശങ്കാകുലരും അസ്വസ്ഥരുമാണ്. ഇതുവരെ പരീക്ഷിച്ചു പരാജയപ്പെട്ടവരിൽ നിന്ന് ഇറങ്ങിപ്പോയി. പുതിയ ലാവത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്നത് അതൊക്കെക്കൊണ്ടാണ്.
അതുകൊണ്ടുതന്നെ പാർട്ടി ചിഹ്നം നോക്കി വോട്ടുചെയ്യുന്ന കീഴ്‌വഴക്കം മലയാളികളിൽ നിന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല. കാലം മാറിയെന്നും ഭരനവർഗ്ഗം ജനങ്ങൾക്കു വേണ്ടി ഭരിക്കേണ്ടവരാണെന്നും ജനങ്ങളാണു രാജാവെന്നും തിരിച്ചറിയുന്നസമൂഹം അങ്ങിങ്ങായി ഉദയം കൊണ്ടുകഴിഞ്ഞു...
0 comments:
Post a Comment