Sunday

രണ്ടു താരാട്ടു പാട്ടുകള്‍


ഏതാണ്ട് ഒന്നര വയസ്സു പൂര്‍ത്തിയായപ്പോഴാണ് എനിയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതോ മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതോ എന്ന് അറിയില്ല. ഇതു കുറിയ്ക്കുന്ന സമയത്ത് അദ്ദേഹം ജീവനോടെയുണ്ടോയെന്നും... കാണണമെന്ന് ആഗ്രഹത്തോടെ മുതിര്‍ന്നതിനു ശേഷം പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടുകൊല്ലം മുമ്പാണ് അവസാനം കണ്ടത്. അക്കഥ പിന്നെപ്പറയാം. ഉമ്മയുടെ ബാപ്പ, അതായത് ഉപ്പാപ്പ ഒരു ബാപ്പയുടെ സ്നേഹം കിട്ടാത്തതിന്റെ കുറവു പരിഹരിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം ഞങ്ങള്‍ ചെറുമക്കളെ തറയില്‍ വച്ചല്ല നോക്കിയിരുന്നത് എന്നു പറയുന്നതാണു ശരി.

വായുവിന്റെ അസുഖം അദ്ദേഹത്തിന് വളരെക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം വായു അലിയാര്‍ എന്നാ‍ണ് അറിയപ്പെട്ടിരുന്നത്. അതിന് മരുന്നും അദ്ദേഹം തന്നെ കണ്ടുപിടിച്ചിരുന്നു. അത് എത്രകണ്ടു ഫലപ്രദമായിരുന്നു എന്ന് എനിയ്ക്കറിയില്ല. ചില്ലുകുപ്പിയില്‍ അപ്പക്കാരം (സോഡാപ്പൊടി) വെള്ളമൊഴിച്ചു കുലുക്കി കൂടെക്കൊണ്ടു നടന്നിരുന്നു, ഇടയ്ക്കിടയ്ക്കു ഓരോ കവിള്‍ കുടിയ്ക്കുകയും. എന്റെ ജീവിതത്തെ സ്വാധീനിച്ച എന്റെ കുടുംബത്തിലെ ഏക വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹം കുട്ടികളെ പാടിയുറക്കുമായിരുന്ന രണ്ടു താരാട്ടു പാട്ടുകള്‍ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റിലൂടെ ശ്രമിയ്ക്കുന്നത്. ഏതു മാപ്പിളപ്പാട്ടിന്റെയും ഈണത്തിലും ഈ പാട്ടുകള്‍ പാടാന്‍ കഴിയും. ബൂലോകത്തു വന്നതിനു ശേഷം ആദ്യമായി മീറ്റിയ ചെറായിയില്‍ എന്റെ ബൂലോക സുഹൃത്തുക്കളില്‍ ചിലരെങ്കിലും ഈ പാട്ടുകളിലൊന്നു കേട്ടിട്ടുണ്ടാവും. കൊട്ടോട്ടി സൂപ്പര്‍ ജൂനിയറിന്റെ കരച്ചിലടക്കാന്‍ ഞാന്‍ പാടിയതു കേട്ട് അവര്‍ മൂക്കത്തു വിരല്‍ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇന്ന് ഈപാട്ടുകള്‍ എനിയ്ക്കു മാത്രമേ അറിയാവൂ എന്നാണു തോന്നുന്നത്. പതിമൂന്നുകാരന്‍ മുഹമ്മദ് അസ്ലവും ആറുവയസ്സുകാരന്‍ മുസ്ഫറുല്‍ ഇസ്ലാമും കേട്ടു വളര്‍ന്നതും, ഇപ്പോള്‍ ആറുമാസക്കാരന്‍ മുര്‍ഷിദ് ആലം കേട്ടുറങ്ങുന്നതും ഈ താരാട്ടു പാട്ടുകള്‍ മാത്രമാണ്. നിങ്ങള്‍ക്കിഷ്ടമുള്ള താളത്തിലും രാഗത്തിലും ഇവപാടിനോക്കൂ...

ചായക്കടക്കാരോ
ചായ ഒന്നു തായോ
തിന്നാനൊന്നും വേണ്ടേ
ഓഹോ ഓഹോ ഓഹോ

ഇതായിരുന്നു ചെറായി താരാട്ടു പാട്ട്. അടുത്തതു താഴെ...

പാട്ടു പാടെടാ പണ്ടാരാ
എങ്ങനെ പാടണം വീട്ടിലമ്മോ
കാശിയ്ക്കു പോയവന്‍ വരാതെ പോണേ
അങ്ങനെ പാടെടാ പണ്ടാരാ...

രണ്ടാമതെഴുതിയ പാട്ട് മിയ്ക്കവാറും എല്ലാ പാട്ടിന്റെ രീതിയിലും ഞാന്‍ പാടാറുണ്ട്. സത്യത്തില്‍ എന്റെ ഉപ്പുപ്പായുടെ ഓര്‍മ്മ എന്നില്‍ മായാതെ നിര്‍ത്തുന്നത് ഈ പാട്ടുകള്‍ മാത്രമാണെന്നു പറയാം. ഇത് പാട്ടുകളാണോ എന്നും ആരാണ് ഇവ എഴുതിയതെന്നും എനിയ്ക്കറിയില്ല. ഇവ രണ്ടും പാടാത്ത ഒരു ദിവസവും എന്റെ ജീവിതത്തിലില്ല.

  14 comments:

  1. കേരളത്തിന്റെ ജന്മദിനത്തില്‍ എന്റെ ജന്മത്തെ കുറിച്ചോര്‍ത്തപ്പോള്‍ ഇതൊന്നു കുറിയ്ക്കണമെന്നു തോന്നി.

    ReplyDelete
  2. നല്ല ഓര്‍മ്മ...
    എന്റെ അപ്പൂപ്പന്‍ (അച്ഛന്റെ അച്ചന്‍ ) ഇത്തരം പല പാട്ടുകളുടെയും ഒരു ഉസ്താദ്‌ ആയിരുന്നു...

    ഒരു ഉദാഹരണം

    "അപ്പൂപ്പനോന്നടിച്ചു
    അമ്മൂമ്മ മുറ്റത്തുരുണ്ട് വീണു..
    മാനമുള്ളപ്പൂപ്പനെ
    അമ്മൂമ്മ പാണനെന്നു വിളിച്ചു..!"

    ഇത് പാടി അപ്പൂപ്പന്‍ ചിരിക്കും...
    അത് കേട്ട് ഞാനും!
    (ഇക്കഥ വിശദമായി പിന്നെയെഴുതാം...)

    ReplyDelete
  3. കൊട്ടോട്ടിക്കാരാ, ഉപ്പൂപ്പായുടെ പാട്ടും അവതരണവും പെരുത്ത് ഇഷ്ടായിഷ്ടാ..

    ReplyDelete
  4. കൊട്ടോട്ടിയേ...
    വായിക്കുന്നവന് നിസ്സാരമെന്ന് തോന്നിയേക്കാമെങ്കിലും ഇത് മുഴുവന്‍ ഒരു ജീവിതത്തിന്റെ ശേഷിപ്പാണെന്നത് സത്യം മാത്രം.
    എന്റെ താഴെ ഏഴെണ്ണം. അതില്‍ ആറെണ്ണത്തിനെ പാടി ആട്ടി കുറേ പ്രാകിപ്പറഞ്ഞുറക്കിയ എനിക്ക്.....

    മുമ്പ് ഇടവഴിയിലൂടെ നടക്കുമ്പോള്‍
    ആരുടെയൊക്കെ ശബ്ദത്തില്‍..
    എന്തെല്ലാം പാട്ടുകള്‍..
    ഏതെല്ലാം രീതിയില്‍..
    ഇനി അങ്ങനെ ഒന്ന് ഉണ്ടാവില്ല എന്നറിഞ്ഞിട്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന മനസ്സുകള്‍ക്ക്
    റിയാലിറ്റിയുടെ കാതടപ്പിക്കുന്ന ഒച്ച മാത്രം.

    നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി.

    ReplyDelete
  5. രസകരമായ ലളിതമായ പാട്ടുകള്‍.ഞങ്ങള്‍ക്കതു വെറും പാട്ടുകളാവാം.പക്ഷേ കൊട്ടോട്ടിക്കാരനതു ജീവിതത്തിന്റെ ഓര്‍മ്മകള്‍ തന്നെയല്ലേ.

    ReplyDelete
  6. ഈ പാട്ടിനെപറ്റി താങ്കളുടെ സഹധര്‍മ്മിണി എന്തു പറയുന്നു എന്നു കൂടി പറയാമായിരുന്നില്ലേ?(കഴിഞ 13 കൊല്ലമായി ഇത് സഹിക്കുന്ന ആള്‍ക്കും എന്തെങ്കിലും പറയാന്‍ ഉണ്ടാകുമല്ലോ?)

    ReplyDelete
  7. പാട്ടിന്‍റെ ഒരു ഓഡിയോ ഫയല്‍ വയ്ക്കാമായിരുന്നു

    ReplyDelete
  8. ഇങ്ങിനെ ചില പാട്ടുകളാണു ജീവിതാന്ത്യം വരെ സമ്പാദ്യമായി അവശേഷിക്കുന്നതു.

    ReplyDelete
  9. jayanEvoor: നന്ദി ഇവിടെവന്ന് ഓര്‍മ്മ പുതുക്കിയതിന്, അടിപൊളി പാട്ടൊരെണ്ണം സമ്മാനിച്ചതിനും

    Eranadan/ഏറനാടന്‍: നന്ദി

    OAB/ഒഎബി: ഇതൊക്കെ മാത്രമല്ലേ നമുക്ക് ഓര്‍ത്തിരിയ്ക്കാന്‍ ബാക്കിയിള്ള സുന്ദരമായ ഓര്‍മ്മകള്‍...

    Typist|എഴുത്തുകാരി: എന്റെ അധികമില്ലാത്ത സന്തോഷകരമായ ഓര്‍മ്മകളില്‍ ഒന്നു മാത്രമാണിത്.

    Areekkodan|അരീക്കോടന്‍: കെട്ടിയോള്‍ കെട്ടിയ അന്നുമുതല്‍ ഇതു സഹിയ്ക്കുന്നുണ്ട് മാഷേ...

    സന്തോഷ്‌ പല്ലശ്ശന: എത്ര രീതിയില്‍ ഉള്‍പ്പെടുത്തുമെന്ന കണ്‍ഫ്യൂഷന്‍ കാരണമാ ഓഡിയൊ വേണ്ടെന്നു വച്ചത്..

    sherriff kottarakara: നന്ദി ഷരീഫിക്ക ഇതുവഴി വന്നതിന്, വീണ്ടും പ്രതീക്ഷിയ്ക്കുന്നു.

    വന്നിട്ടു മിണ്ടാതെ പോയവരെ മറന്നതല്ല. എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  10. ഞാന്‍ തസ്ലീം.നിങ്ങള്ക്ക് എന്നെ അറിയില്ലായിരിക്കും.ഈ അടുത്തായി ഞാനും ഒരു ബ്ലോഗ്‌ നിര്‍മ്മിച്ചിട്ടുണ്ട്.അത് അത്ര കേമം ഒന്നുമല്ല എങ്കിലും ഒന്ന് സന്ദര്‍ശിച്ചു നോക്കണേ.ഇനി ഒരു കാര്യം പറയട്ടെ ഞാന്‍ നിങ്ങളുടെ ബ്ലോഗ്‌ അതിമനോഹരമാണ്...ഒരായിരം ആശംസകള്‍...

    ReplyDelete
  11. ചില പാട്ടുകൾ, കഥകൾ നമ്മുടെ വ്യക്തിത്വവുമായങ്ങ്ൻ വിലയം പ്രാപിച്ചുപോകും.. ഈ പാട്ടുകൾ താങ്കൾക്ക് അങ്ങനെയാണല്ലോ. അകത്തേക്ക് നോക്കിയാൽ ഓരോരുത്തർക്കും കാണും സ്വന്തമായി ഇങ്ങനെ ചിലത്. താങ്കളുടെ ആത്മസ്പർശിയായ കുറിപ്പ് നന്നായിരിക്കുന്നു. നന്ദി.

    ReplyDelete
  12. വളരെ ഹൃദയ സ്പര്‍ശിയായ പാട്ടുകള്‍.ഇതിന്റെ വരികളുടെ പ്രത്യേകതയല്ല,ആ ഓര്‍മ്മകളും സന്ദര്‍ഭങ്ങളും!.എന്റെ ഉമ്മ എനിക്കു ധാരാളം താരാട്ടു പാട്ടുകള്‍ പാടിത്തന്നിട്ടുണ്ട് പക്ഷെ ഒന്നും ഓര്‍മ്മയില്‍ വരുന്നില്ല.ഇന്ന് താരാട്ടെവിടെ?

    ReplyDelete
  13. എന്റെ ബ്ലോഗില്‍ കൊട്ടോട്ടിക്കാരന്‍ comment ഇട്ടതിനു പിന്നിലെ വികാരം ഇപ്പോള്‍ കുറച്ചെങ്കിലും മനസ്സിലാവുന്നു.

    :(

    ReplyDelete

Popular Posts

Recent Posts

Blog Archive