Monday

" ജനാധിപത്യ സംരക്ഷകർ " ഇത് കൂടി വായിക്കണം

അഡ്വക്കേറ്റ് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത കുറിപ്പാണു താഴെ. കേരളത്തിൽ നാം അനുഭവിക്കുന്ന പൊതു പ്രശ്നമെന്നനിലക്ക് ഹരീഷ്  തുടങ്ങിവച്ച പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. ആ കുറിപ്പ് അദ്ദേഹത്തിന്റെ അനുമതിയോടെ ഇവിടെയും പോസ്റ്റു ചെയ്യുന്നു.

  ഋഷിരാജ് സിംഗ് IPS ആന്റി തെഫ്റ്റ്‌ സ്ക്വാഡിൽ വരുന്നതിനു മുൻപും വൻകിടക്കാരുടെ വൈദ്യുതി മോഷണം ഇവിടെ നടക്കുന്നുണ്ട്, പിടിച്ചാൽ മോഷണത്തിന് ശിക്ഷ നല്കാവുന്ന നിയമവുമുണ്ട്. പക്ഷെ, ഋഷിരാജ് സിംഗ് വരുമ്പോൾ മാത്രമാണ് പദ്മജ വേണുഗോപാലും മുത്തൂറ്റ് പാപ്പച്ചനും ഒക്കെ നടത്തുന്ന കോടിക്കണക്കിനു രൂപയുടെ മോഷണം പിടിക്കുന്നതും അവരൊക്കെ അറസ്റ്റ് ഭയക്കുന്നതും. സിങ്ങ് സ്ഥലം മാറുമ്പോൾ നിയമം മാറുന്നില്ല, മോഷണം അവസാനിക്കുന്നില്ല, എന്നാൽ നിയമം മാത്രം പ്രവർത്തിക്കാതെയാകുന്നു.

  ജേക്കബ് തോമസ്‌ IPS വരുന്നതിനു മുൻപും ശേഷവും വിജിലൻസിൽ നിയമങ്ങൾ ഒന്നായിരുന്നു. പക്ഷെ ജേക്കബ് തോമസ്‌ വന്നശേഷം ധനമന്ത്രിയും എക്സൈസ് മന്ത്രിയും അടക്കം വൻ സ്രാവുകൾക്ക് അറസ്റ്റ് ഭയപ്പെട്ട് കുറച്ചു ദിവസത്തെ ഉറക്കം പോയി. അദ്ദേഹം സ്ഥാനക്കയറ്റം കിട്ടി പോയപ്പോൾ, കാര്യങ്ങൾ പഴയ പടിയായി.

  ജേക്കബ് തോമസ്‌ എത്തും മുൻപും ഫയർഫോഴ്സിൽ ബഹുനില കെട്ടിടങ്ങൾക്ക് ചുറ്റും ഫയർഎഞ്ചിൻ പോകാനുള്ള സ്ഥലം ഉണ്ടെങ്കിലേ അനുമതി നല്കാവൂവെന്ന നിയമം ഉണ്ടായിരുന്നു. പക്ഷെ ജേക്കബ് തോമസ്‌ വന്ന ശേഷമാണ് ആ നിയമം പ്രവർത്തിച്ചു തുടങ്ങിയത്, വൻകിട ഫ്ലാറ്റ് നിർമ്മാതാക്കൾ താമസക്കാരുടെ ജീവന്റെ സുരക്ഷ വിറ്റു കാശുണ്ടാക്കാൻ കഴിയാത്ത അവസ്ഥയിലായത്. സിവിൽ സപ്ലൈസിലെ അഴിമതി തടഞ്ഞപ്പോൾ പണ്ട് സ്ഥലം മാറ്റിയതുപോലെ, പോലീസ് സേനയിൽ പുതിയ തസ്തിക ഉണ്ടാക്കിയാണെങ്കിലും ഉടനേ അങ്ങേരെ സ്ഥലം മാറ്റും. അതോടെ നിയമം പഴയപടി പ്രവർത്തിക്കാതെയാകും.

  മരട് മുനിസിപ്പാലിറ്റിയിൽ 50 ലധികം അനധികൃത കയ്യേറ്റ നിർമ്മാണങ്ങൾ ഉണ്ടെന്ന വിവരം ഫയലിലുണ്ട്. അത് കോടതിയിൽ റിപ്പോർട്ട് കൊടുത്ത് വൻകിട കയ്യേറ്റങ്ങൾ തടഞ്ഞതോടെ സെക്രട്ടറി കൃഷ്ണകുമാറിന് മാവേലിക്കരയ്ക്ക് സ്ഥലംമാറ്റം കിട്ടുന്നു. അതിനു മുൻപും കയ്യേറ്റമുണ്ട്, തടയാൻ നിയമങ്ങളുമുണ്ട്. കൃഷ്ണകുമാർ പോയതോടെ നിയമം വീണ്ടും പ്രവർത്തിക്കാതെയാകുന്നു, ഫയലുകൾ ഉറങ്ങുന്നു.

  ഇങ്ങനെ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും തരാം, മന്ത്രിമാർ മാറുന്നില്ല, നിയമം മാറുന്നില്ല, നയമോ നിലപാടോ മാറുന്നില്ല, എന്നിട്ടും ചില ഉദ്യോഗസ്ഥർ വരുമ്പോൾ മാത്രം ചില നിയമങ്ങൾ പ്രവർത്തിക്കുകയും, കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ആ ഉദ്യോഗസ്ഥർ തെറിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാകും? നിയമം പ്രവർത്തിക്കാതിരിക്കാൻ ഭരിക്കുന്നവർ സത്യസന്ധരായ ഉദ്യോഗസ്ഥരെ മാറ്റിക്കഴിഞ്ഞാൽ വേറെയാരും ഈ നിയമലംഘനങ്ങളെ ചോദ്യം ചെയ്യില്ല എന്ന ഉറപ്പാണ് ഈ സ്ഥാനചലനങ്ങൾക്ക് പിന്നിൽ. ജേക്കബ് തോമസ്‌ പോയാൽ ഫയർ സേഫ്ടി നിയമലംഘനങ്ങൾ ഫയലിൽ നിന്ന് കോടതിയിൽ എത്തില്ലെന്നും, വിജിലൻസിൽ ഉള്ള വിവരങ്ങൾ കോടതിയിൽ എത്തില്ലെന്നും, മുത്തൂറ്റ് പാപ്പച്ചന്റെ മോഷണ രേഖകൾ കോടതിയിലെത്തില്ലെന്നും, കൃഷ്ണകുമാർ പോയാൽ കായൽ കയ്യേറ്റങ്ങൾ സംബന്ധിച്ച രേഖകൾ കോടതിയിൽ എത്തില്ലെന്നും സർക്കാർ കരുതുന്നു.

  ഈ തോന്നൽ പൊളിക്കാൻ നമുക്കാവണം. അഴിമതികൊണ്ട് നശിച്ച ഈ രാഷ്ട്രീയ-സർക്കാർ സംവിധാനത്തിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ഉണ്ടാകുന്നുണ്ടെങ്കിലും, അത് പ്രായോഗികതലത്തിൽ ഉണ്ടാകുന്നില്ല. ഇത്തരം പ്രധാന നിയമലംഘനങ്ങൾ ഫോളോ അപ്പ് ചെയ്യാനും, രേഖകൾ സംഘടിപ്പിക്കാനും, അത് കോടതിയിൽ എത്തിക്കാനും, നിയമം നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും കഴിയുന്ന ചെറു സംഘങ്ങൾ സോഷ്യൽ മീഡിയയിൽ വേണം. പ്രായോഗിക തലത്തിൽ ഇത്തരം ഒറ്റയാൾ സമരങ്ങൾക്ക് പിന്തുണ ഉണ്ടാകുകയും, നടപടി ഉണ്ടാകുകയും ചെയ്താലേ പ്രയോജനമുള്ളൂ. അതിനൊരു ഓണ്‍ലൈൻ കൂട്ടായ്മ ഉണ്ടാക്കുന്നു. വല്ലപ്പോഴുമെങ്കിലും വമ്പൻസ്രാവുകൾക്കെതിരെ നിയമം പ്രവർത്തിപ്പിക്കുന്ന ഒരു ചെറു ഓണ്‍ലൈൻ കൂട്ടായ്മ.

  ആദ്യമായി മുത്തൂറ്റ് പാപ്പച്ചന്റെ മോഷണം സംബന്ധിച്ച ഫയൽ വിവരാവകാശ നിയമപ്രകാരം എടുക്കുന്നു. മോഷണം തെളിവുണ്ടെങ്കിൽ ക്രിമിനൽ കേസ് എടുപ്പിക്കുന്നു. അതുവരെ നിയമനടപടി തുടരും. അത് കഴിഞ്ഞാൽ അനധികൃത കായൽ കയ്യേറ്റങ്ങൾ, അങ്ങനെ ഓരോന്ന്. താൽപ്പര്യമുള്ളവർ ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക, ഒരു ഗ്രൂപ്പ് ഉണ്ടാക്കുക, നിയമപരമായ പിന്തുണയും സഹായവും ഉണ്ടാവും. ആളുണ്ടോ ഈ എളിയ ശ്രമം ഏറ്റെടുക്കാൻ? ചുമ്മാ കേറി സൈബർ പിന്തുണ പ്രഖ്യാപിച്ചാൽ പോരാ, ഫോണ്‍ നമ്പർ സഹിതം ലിസ്റ്റ് ഉണ്ടാക്കും, ഫോളോഅപ്പ് ഗ്രൂപ്പിൽ ഇടും, വിവരവാകാശ നിയമം ഉപയോഗിക്കാനും, വാർത്തയാക്കാനും, കേസിന് പോകാനും ഒക്കെ ഭൌതിക സഹായം ചോദിക്കും. അതിനൊക്കെ ഒരു നൂറുപേർ തയ്യാറാണെങ്കിൽ ഗ്രൂപ്പ് ഉണ്ടാക്കാം.

(ഹരീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ)

കൊടുങ്ങല്ലൂർ - മാലിന്യമില്ലാത്ത മാലിന്യസംസ്കരണ പ്ലാന്റ്



  കൊടുങ്ങല്ലൂർ മാലിന്യ സംസ്കരണ പ്ലാന്റിനെക്കുറിച്ച് കഴിഞ്ഞ പല അദ്ധ്യായങ്ങളിലും ഫേസ്‌ബുക്ക് പേജിലും  പലയിടത്തും ചർച്ച ചെയ്തിട്ടുണ്ട്. ആ പ്ലാന്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഇടക്ക് അറ്റകുറ്റപ്പണി നടക്കുമ്പോഴും പ്ലാന്റ് സന്ദർശിക്കാനും കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ ഡിസംബർ നാലിന് കൊടുങ്ങല്ലൂർ പോലീസ് മൈതാനിയിൽ വച്ചു നടന്ന മാലിന്യ സംസ്കരണ സർവ്വകക്ഷി ചർച്ചയിൽ പങ്കെടുക്കാൻ കൊടുങ്ങല്ലൂരെത്തിയപ്പോൾ ഒരിക്കൽക്കൂടി അവിടം സന്ദർശിച്ചു.

  മുമ്പത്തേതിൽ നിന്നു വ്യത്യസ്തമായി നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യം കൂടിക്കിടക്കുന്നത് അരോചകമയിത്തോന്നി. നഗരങ്ങളിലെ ഓടകളുടെ ദുർഗ്ഗന്ധം കൊടുങ്ങല്ലൂരിലും പൂർവ്വാധികം ശക്തിപ്രാപിച്ചിട്ടുണ്ട്.  ഇടക്ക് ഒരിടത്ത്  “തുമ്പൂർമൂഴി പ്ലാന്റ്” സ്ഥാപിച്ചിരിക്കുന്നതും കണ്ടു. ശരിയാം വണ്ണം പ്രവർത്തിപ്പിച്ചാൽ മലിന്യ സംസ്കരണത്തിന് ഈ മോഡലും ഫലപ്രമാണെങ്കിലും നഗരങ്ങളിൽ ശരിയാം വണ്ണം സംസ്കരണം നടക്കില്ലെന്നു തെളിയിച്ച് പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ മാലിന്യം തുമ്പൂർ മൂഴിയിൽ നിക്ഷേപിച്ചിരിക്കുന്നതും കണ്ടു.

  നഗരത്തിൽ ദിനംപ്രതി ഉല്പാദിപ്പിക്കുന്ന മൂന്നുടൺ ഖരമാലിന്യം സംസ്കരിക്കാൻ 2.75 കോടി മുടക്കി തുമ്പൂർ മൂഴി നടപ്പിലാക്കുന്നതിനു പകരം, ഇത് ഇടക്കിടെ മാറ്റി പുതിയതു സ്ഥാപിക്കേണ്ട ചെലവും സംസ്കരണത്തിനുവേണ്ട ചാണകമടക്കമുള്ളവയുടെ ലഭ്യതയില്ലായ്മ കൂടി കണക്കിലെടുത്ത് നിലവിലുള്ള പ്ലാന്റിന്റെ പോരായ്മകൾ തീർത്ത് പ്രവർത്തിപ്പിച്ചാൽ എക്കാലത്തേക്കും അതാവും നല്ലത് എന്ന അഭിപ്രായമാണ് ചർച്ചയിൽ പ്രധാനമായും ഉരുത്തിരിഞ്ഞു വന്നത്. നിലവിലുള്ള പോരായ്മകൾ തീർത്താൽ മാലിന്യ സംസ്കരണത്തിന് ഇത്രയും നല്ല മതൃക ഇന്ത്യയിൽ മറ്റെവിടെയും ഉണ്ടാവില്ല എന്നകാര്യം ഉറപ്പാണ്. കൊടുങ്ങല്ലൂർ പ്ലാന്റ് സന്ദർശിക്കുന്ന ബോധമുള്ള ആർക്കും ഇത് മനസ്സിലാകുന്നതുമാണ്.

  പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനെതിരേ ഒരു വിഭാഗം സമരം ചെയ്യുന്നുണ്ട്. ഇവരുടെ ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് പ്ലാന്റ് പ്രവർത്തിച്ചാൽ തൃശൂർ ജില്ലയിലെ മുഴുവൻ മാലിന്യവും ഒരു പരാതിക്കും ഇടവരുത്താതെ സംസ്കരിക്കാൻ ഇവിടെ സംസ്കരിക്കാൻ സാധിക്കും. താഴെ കൊടുത്തവയാണ് സമരക്കാരുടെ പരാതികളെന്നാണ് ചർച്ചയിൽ പങ്കെടുത്ത എനിക്ക് മനസ്സിലാക്കാനായത്.

1, അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യങ്ങളിൽ കൂട്ടിയിടുന്ന മാലിന്യത്തിന്റെ രൂക്ഷഗന്ധം ബുദ്ധിമുട്ടുണ്ടാക്കുന്നു.

2, പ്ലാന്റിൽ നിന്നും മലിനജലം ഒലിച്ചിറങ്ങി കുടിവെള്ളം നശിച്ചുകൊണ്ടിരിക്കുന്നു.

3, ഇപ്പോൾ പ്ലാന്റിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യാത്തത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു.

4, പ്ലാന്റിന്റെ പ്രവർത്തനം കൊണ്ട് പരിസരത്ത് ക്യാൻസറടക്കമുള്ള രോഗങ്ങൾ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു.

 ഇതിനൊക്കെ ഉപപരാതികളും അവർക്ക് നിരത്താനുണ്ട്. ഇതിൽ ഒന്നാമത്തെ പരാതിയിൽ മാത്രമാണ് അല്പമെങ്കിലും വാസ്തവമുള്ളത്. മറ്റുള്ളവ കേവലം ആരോപണങ്ങൾ മാത്രമാണെന്ന് അവിടം സന്ദർശിക്കുന്നവർക്ക് മനസ്സിലാവും. എന്നിരുന്നാലും ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ശുചിത്വമിഷനും അവരുടെ ഉപചാപക വൃന്ദങ്ങളും ഒഴികെയുള്ളവർക്ക് ഏറ്റവും നല്ല മാലിന്യ സംസ്കരണ പ്ലാന്റായി ഇതിനെ അംഗീകരിക്കാൻ പ്രയാസമുണ്ടാവില്ല.

1,  അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യങ്ങളിൽ മാലിന്യം കൂടിക്കിടക്കാതിരിക്കാൻ ഒരു സ്പെയർ മെഷീൻ കൂടി അവിടെ സ്ഥാപിക്കുക. ഇതിന് പ്രത്യേകം സ്ഥലം കണ്ടെത്തേണ്ട ആവശ്യമില്ല. ഇതിനുള്ള ചെലവിന് കരാറുകാരനുമായി ധാരണയെത്തിയാൽ മതിയാവും, അല്ലെങ്കിൽ നഗരസഭക്കും വഹിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഒരു സന്ദർഭത്തിലും മാലിന്യം കൂടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവില്ല.

2, പ്ലാന്റു മുഴുവൻ കോൺക്രീറ്റു ചെയ്ത് ബലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചരിവ് പ്ലാന്റിന്റെ മദ്ധ്യഭാഗത്തു നിർമ്മിച്ചിട്ടുള്ള രണ്ടൂ ടാങ്കുകളിലേക്കാണ്. അതിനാൽ ഒരുതുള്ളി മലിനജലം പോലും പുറത്തേക്ക് ഒഴുകുന്നില്ല. ഈ ജലം തന്നെയണ് വീണ്ടും ഉപയോഗിക്കുന്നത്. അതിനാൽ അധികമായി ആവശ്യമുള്ള ജലം പ്ലാന്റിലേക്ക് എത്തിക്കുന്നതല്ലാതെ പ്ലാന്റിൽ നിന്ന് പുറത്തേക്കൊഴുക്കിവിടാൻ ഇവിടെ ജലമില്ല. അതിനാൽ മലിനജലം പുറത്തേക്കൊഴുകുന്നു എന്നത് തീർത്തും അടിസ്ഥാനമില്ലാത്ത ആരോപണമാണ്.

3, ഇപ്പോൾ പ്ലാന്റിൽ കൂട്ടിയിട്ടിരിക്കുന്നത് മാലിന്യമല്ല, അതിനു ദുർഗ്ഗന്ധവുമില്ല. വളമായി മാറിയ ഖരമാലിന്യവും അതിൽ പെട്ടുപോയിട്ടുള്ള പ്ലാസ്റ്റിക്കുമാണത്. വളം അരിച്ചുമാറ്റി ചാക്കിലാക്കുന്നതോടെ അതിനും തീരുമാനമാകും. ഇപ്പോൾ കൂട്ടിയിട്ടിരിക്കുന്ന മുന്നൂറോളം ടൺ വളത്തിനും പ്ലാസ്റ്റിക്കിനും ഇടയിലിരുന്ന് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത വിധമുള്ള അലോസരപ്പെടുത്തലുകൾ ഒന്നുമില്ലെന്ന് നേരിട്ടുകണ്ടാൽ  ബോധ്യപ്പെടും.

4. ഈ പ്ലാന്റ് ഒരു തലവേദനപോലും ആർക്കും ഉണ്ടാക്കുന്നില്ല. ശബ്ദമോ പൊടിയോ ഈച്ചയോ അവിടം സന്ദർശിക്കുന്നവർക്ക് അനുഭവപ്പെടില്ല. നിത്യവും പ്ലാന്റിൽ തൊഴിലെടുക്കുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഇതുവരെ വന്നതായി അറിയാൻ കഴിഞ്ഞില്ല.

(#). പ്ലാന്റിന്റെ ഫലപ്രദമായ ദൈനംദിന പ്രവർത്തനത്തിന് പരിസരവാസികളെ ഉൾപ്പെടുത്തിയ കമ്മിറ്റി രൂപീകരിച്ച് പ്ലാന്റിന്റെ പ്രവർത്തനങ്ങളെ ക്രമപ്പെടുത്തിക്കൊണ്ടിരിക്കണം.

(#). അവിടെ യൂറോസ്റ്റാൻഡേർഡ് ബയോഗ്യാസ് പ്ലാന്റ് അടിയന്തിരമായി സ്ഥാപിക്കണം.

(#). പ്ലാസ്റ്റിക് സംസ്കരിക്കാൻ അവിടെ സ്ഥാപിച്ചിട്ടുള്ള യന്ത്രസംവിധനങ്ങൾ ഉടൻ പ്രവർത്തിപ്പിക്കണം.

(#). നിലവിൽ പ്ലാന്റിൽ സൂക്ഷിച്ചിട്ടുള്ള 3500 ചാക്കോളം വരുന്ന സംസ്കരിച്ച ഉല്പന്നം അരിച്ചു വിൽപ്പന നടത്തണം.

(#).  ടാങ്കിനു ചോർച്ചയുണ്ടാവാൻ സാധ്യതയില്ലെങ്കിലും ഇടക്കിടെ അതു പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം.

(#). പ്ലാന്റിനു ചുറ്റും ഗ്രീൻബെൽറ്റ് സ്ഥാപിക്കണം.

 അന്നന്നുള്ള മാലിന്യം രാത്രിതന്നെ പ്ലാന്റിലെത്തിച്ചാൽ രാത്രിതന്നെ സംസ്കരിക്കാൻ കഴിയുന്നതോടെ ഫ്രഷ് വേസ്റ്റിന്റെ മണംകൂടി ഒഴിവാക്കാനും സാധിക്കും. കമ്പോസ്റ്റിൽ ബാക്കിവരുന്ന പ്ലാസ്റ്റിക് അരിച്ചുമാറ്റൽ, പ്ലാസ്റ്റിക് സംസ്കരണം എന്നിവ യഥാസമയം നടത്തുന്നതോടെ മലിന്യമില്ലാത്ത മാലിന്യസംസ്കരണ പ്ലാന്റായി കൊടുങ്ങല്ലൂർ പ്ലാന്റ് മാറുകയും ചെയ്യും.. ഇതൊന്നുമില്ലാതെതന്നെ കൊടുങ്ങല്ലൂരിനെ മാലിന്യമുക്തമക്കിയിരുന്ന പ്ലാന്റ് അകാരണമായി പൂട്ടിയിട്ടതിലെ ദുരൂഹത അവിടം സന്ദർശിക്കുന്നവർക്ക് പരസ്യമായ രഹസ്യമായി മനസ്സിലാക്കാവുന്നതേ ഉള്ളൂ..


Sunday

"കേരളത്തിലെ സൗരോർജ്ജ സാധ്യത"യുടെ സാമ്പത്തിക ശസ്ത്രം


 ഗ്രാമമൂലയിലെ വൃത്തിഹീനമായ അഴുക്കുചാൽ മുതൽ സെക്രട്ടേറിയേറ്റുവരെ നീണ്ടുകിടക്കുന്ന സാമ്പത്തികാഴിമതി ജനാധിപത്യ വിശ്വസികൾക്ക് ഇന്ന് ചിരപരിചിതമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി അഴിമതി ജനകീയമാക്കിയെന്ന നാട്ടുഭാഷാ പ്രയോഗം എന്നോ നിലവിൽ വന്നു. സാമ്പത്തികാഴിമതിക്കാരനയ രാഷ്ട്രീയക്കാരനെ അടുത്ത ഇലക്ഷനിൽ പുറത്താക്കുക എന്ന ദൗത്യം എല്ലാ തെരഞ്ഞെടുപ്പുകളിലും ജനാധിപത്യ വിശ്വാസികൾ മുടങ്ങാതെ ചെയ്തുപോരുന്നു.

  ഇരുപതു വർഷം കഴിഞ്ഞിട്ടുപോലും മുഖ്യമന്ത്രിയായ ജയലളിതയെ ജയിലിലേക്കയക്കാൻ ഇന്ത്യൻ ജനധിപത്യ സംവിധാനം ധൈര്യം കാണിച്ചു. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും ശിക്ഷ കാത്ത് ഉറക്കം വരതെ കിടക്കുകയണിപ്പോൾ. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെടാതെ പോകുന്ന പ്രധാനികളാണ് ഇന്റലക്ഷ്വൽ കറപ്റ്റേഴ്സ് ആയ അക്കാഡമിഷ്യൻസ് എന്ന ബുദ്ധിജീവികൾ.

  ശ്രീ ആർ വി ജി മേനോൻ 2012 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മലയാള മനോരമയിലും 2013 ആഗസ്റ്റ് മാസത്തിൽ ശാസ്ത്രഗതിയിലും സൗരോർജ്ജ വൈദ്യുതി വളരെ ലാഭകരമാണെന്ന വിധത്തിൽ ലേഖനമെഴുതി ജനശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തിലെ വൈദ്യുതോത്പാദനം സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാമെന്ന രൂപത്തിൽ തയ്യാറാക്കിയ സൗരോർജ്ജ വൈദ്യുത പദ്ധതിയുടെ വിശദാംശങ്ങൾ 2014 സെപ്തംബർ മാസത്തിൽ പുറത്തിറങ്ങിയ പരിസ്ഥിതി മാഗസിനായ കൂടിൽ ആർ. വി. ജി യുടേതായി പ്രസിദ്ധീകരിച്ച പദ്ധതിയെ ഒന്നു വിശദീകരിക്കാൻ ശ്രമിക്കുകയാണ്. ഇതിൽ പ്രസ്ഥാവിക്കുന്ന കണക്കുകൾ കൂട് മാഗസിനിലെ അദ്ദേഹത്തിന്റെ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

  ഇടുക്കി അണക്കെട്ടിന്റെ സംഭരണപ്രദേശം ഉപയോഗപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ സാമ്പത്തിക ശാസ്ത്രം ഒന്നു നോക്കാം. ഒരു കിലോവാട്ടിന്റെ സോളാർ പാനലിന്റെ വില - 1,50,000 രൂപ. ഒരു കിലോവാട്ട് സോളാർ പാനൽ സ്ഥാപിക്കാനുള്ള 10 സ്ക്വയർ മീറ്റർ സ്റ്റെയിൻലെസ് സ്റ്റീൽ ചങ്ങാടത്തിന്റെ ചെലവ് 1,20,000 രൂപ. ആകെ 2,70,000 രൂപ. 2000 മെഗാ വാട്ട് എന്ന 20ലക്ഷം കിലോവാട്ട് വൈദ്യുതിക്കുള്ള ചെലവ് 20 ലക്ഷം X 2,70,000 = 54,000 കോടി രൂപ.

  ഒരു കിലോവാട്ടിന്റെ (270000 രൂപയുടെ) പാനലിൽ നിന്ന് നല്ല സൂര്യപ്രകാശമുള്ളപ്പോൾ കിട്ടുന്ന വൈദ്യുതി ഡിപ്പാർട്ട്മെന്റ് കണക്കു പ്രകാരം മൂന്നു യൂണിറ്റ്. അപ്പോൾ 20 ലക്ഷം കിലോവാട്ടിന്റെ പാനലിൽ നിന്നും പ്രതിദിനം 60 ലക്ഷം യൂണിറ്റിന്റെ ഉത്പാദനം. ഇത് യൂണിറ്റിന് ഏഴു രൂപാ നിരക്കിൽ വിറ്റാൽ പ്രതിദിനം നാലുകോടി ഇരുപതു ലക്ഷം രൂപ ലഭിക്കും.

  54000 കോടി എന്നത് നമുക്ക് ഇന്ന് അപ്രാപ്യമായ മുടക്കുമുതലാണ്. അപ്പോൾ ഈ പദ്ധതി നടപ്പിലാക്കാൻ കടം വാങ്ങേണ്ടിവരും. ഇതിന് അഞ്ചു ശതമാനമെങ്കിലും പലിശ കൂട്ടിയാൽ 2700 കോടി പ്രതിവർഷം പലിശയിനത്തിൽ വരുമാനത്തിൽ നിന്ന് മാറ്റിവെക്കേണ്ടിയും വരും. 365 ദിവസവും മുടങ്ങാതെ വൈദ്യുതി ലഭിച്ചാൽ തന്നെ ദിവസം നാലുകോടി ഇരുപതു ലക്ഷം രൂപ വച്ച് പ്രതിവർഷ വരുമാനം 1533 കോടി മാത്രമാണ്. പലിശ കൊടുക്കാൻ 1167 കോടിവീതം വർഷംതോറും വീണ്ടും കടം വാങ്ങേണ്ടി വരും. മുതലിന്റെ കാര്യം വേറേ. പാനലിന് എത്രത്തോളം കാലാവധി കിട്ടിയാലും കഥ മാറുന്നില്ലല്ലോ.

  കൊടുങ്ങല്ലൂരിലെ ആരുഷ് കമ്പനിയുടെ കൺട്രോൾ സിസ്റ്റം ഉപയോഗിച്ചാൽ ആറു യൂണിറ്റ് വൈദ്യുതി ഒരു കിലോവാട്ടിന്റെ പാനലിൽ നിന്ന് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അത് ഇവിടെ പ്രയോഗിച്ചാൽത്തന്നെ 3066 കോടിയാണ് പ്രതിവർഷം ലഭിക്കുക. ഇതിൽ നിന്ന് പലിശകഴിച്ചു ബാക്കിവരുന്ന തുക മുതലിൽ ചേർക്കുമോ മെയിന്റനൻസ്, ശമ്പള ആവശ്യത്തിനെടുക്കുമോ. വർഷത്തിൽ 255 ദിവസത്തോളമാണ് നേരാംവണ്ണം ഉല്പാദനം സാധ്യമാകുക. അപ്പോൾ പ്രതിവർഷ വരുമാനം 2142 കോടിയാണ്. ഈ തുകയും പലിശകൊടുക്കാൻ തികയുന്നില്ല.

  ഈ പദ്ധതി നടപ്പിലായാൽ ഉദ്യോഗസ്ഥർക്കും മറ്റു തൊഴിലാളികൾക്കുമുള്ള ശമ്പളത്തിനു പുറമേ മെയിന്റനൻസ് വർക്കുകൾക്കും ഓഫീസിനുമൊക്കെയുള്ള തുകയും കണ്ടെത്തേണ്ടതുണ്ട്. ഇതും കൂടിയാവുമ്പോൾ ചിത്രം ഏതാണ്ടു പൂർത്തിയാവും. മുകളിൽ പറഞ്ഞിട്ടുള്ള വിധമാണ് വസ്തുതയെങ്കിൽ ഈ പദ്ധതി നടപ്പിലാക്കുമ്പോൾ അതിന്റെ ഗുണം ആർക്കാണു ലഭിക്കുകയെന്ന സംശയത്തിനുകൂടി ഉത്തരം കണ്ടെത്താൻ നാം ശ്രമിക്കേണ്ടതുണ്ട്. 

വാല്:- കാലാവധി കഴിയുന്ന കോടിക്കണക്കിനു വരുന്ന സോളാർ പാനലുകൾ (രണ്ടുകോടി സ്ക്വയർ മീറ്റർ) എവിടെ നിക്ഷേപിക്കുമെന്നത് ഒരു വലിയ ചോദ്യചിഹ്നമായി നിൽക്കുന്നു, അതിന് എത്ര കോടികൾ ചെലവു വരുമെന്നും....


Monday

പിണറായിയിലെ ശുചിത്വവൃത്താന്തം


  മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയിൽ സ്വാഭാവികമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഭൂമിക്ക് താങ്ങാൻ കഴിയുന്നതാണ്.  ഭൂമിക്ക് താങ്ങാൻ കഴിയുന്ന പ്രവർത്തനങ്ങളെയാണ് എക്കോ ഫ്രണ്ട്‌ലി എന്നു വിളിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനവും എക്കോഫ്രണ്ട്‌ലി ആയാൽ മാത്രമേ ആ പ്രവർത്തനത്തെ ശാസ്ത്രീയം എന്നു വിശേഷിപ്പിക്കാവൂ.

കേരളത്തിന്റെ ശുചിത്വപരിപാലനത്തിനാണ്  14 കൊല്ലം മുമ്പ് സർക്കാർ ശുചിത്വമിഷന് രൂപം കൊടുത്തത്. ഇക്കാലമത്രയും അതിന്റെ തലപ്പത്തിരുന്നത് പരിഷത്തിന്റെ നോമിനികളായിരുന്നു. ഇപ്പോളാണ് കെ വാസുകി  IAS എന്ന  ഒരു ഓഫീസർ ചാർജ്ജെടുക്കുന്നത്. കേരളത്തിലെ കുടിവെള്ളം 90% ശതമാനം കുടിവെള്ളവും നശിച്ചുകഴിഞ്ഞെന്ന് അവർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അപ്പോൾ കഴിഞ്ഞ 14 കൊല്ലക്കാലം ശുചിത്വമിഷനും പരിഷത്തും എന്തെടുക്കുകയായിരുന്നു എന്ന് ആരെങ്കിലും ചോദിച്ചതായി അറിയില്ല, അതുതന്നെയാണ് കുഴപ്പവും.


ആലപ്പുഴയിൽ പരിഷത്തിന്റെ വിഭാവനയിൽ നടന്നുകൊണ്ടിരിക്കുന്ന മാലിന്യത്തിന്റെ അവസ്ഥാഭേദം വരുത്തൽ പ്രക്രിയയുടെ നേതൃത്വം ഇപ്പോൾ ശ്രീ പിണറായി വിജയൻ ഏറ്റെടുത്തിരിക്കുകയാണ്. ആലപ്പുഴയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഖരരൂപത്തിലുള്ള ജൈവമാലിന്യം ദ്രാവകാവസ്ഥയിലേക്ക് മാറ്റുന്ന പ്രക്രിയയാണ്. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ ദ്രവമാലിന്യം ആലപ്പുഴയിലെ കുടിവെള്ളത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ  സെപ്റ്റിക് ടാങ്കുകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കുടിവെള്ളം ഈ ആലപ്പുഴ പദ്ധതിയുടെ വ്യാപനം കൂടിയാകുമ്പോൾ ഏതവസ്ഥയിലാകും...? ശ്രീ പിണറായി വിജയൻ ഏറ്റെടുത്ത ഈ പദ്ധതിയുടെ ശാസ്ത്രീയത എങ്ങനെയൊക്കെ ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.


വാല്: കേരളത്തിലെ പൊതു ടാപ്പുകൾ അടച്ചുപൂട്ടി കുടിവെള്ളം ഉൽപ്പന്നമാക്കണമെന്ന എ ഡി ബിയുടെ 2006ലെ വ്യവസ്ഥ പാലിക്കാനുള്ള കുറുക്കുവഴിയാണ് ഈ പദ്ധതിയെന്ന് ആരും സംശയിക്കരുത്....

Sunday

Friday

വാരംകോരി കൃഷി അഥവാ ഓർഗാനോ പൂണിക്കോസ്

   
    കേട്ടുപഠിച്ചതും കണ്ടുപഠിച്ചതും പ്രായോഗികതലത്തിൽ കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവനാണ് ഒരു യഥാർത്ഥ പ്രൊഫണൽ എന്നതാണ് പൊതുവേ കരുതുന്നത്. ധനകാര്യത്തിൽ ഡോ. തോമസ് ഐസക് ഒരു പ്രൊഫഷണലാണെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം അനുഭവ സാക്ഷ്യമാണ്. അദ്ദേഹത്തിന് തെറ്റുപറ്റിയില്ലായെന്ന് കേരളത്തിന്റെ ധനസ്ഥിതി പഠിക്കുന്ന ഏതൊരു വിദഗ്ധനും മനസ്സിലാകും. മാലിന്യ സംസ്കരണക്കാര്യത്തിൽ അദ്ദേഹം ഒരു പ്രൊഫഷണൽ അല്ലായെന്നാണ് അദ്ദേഹത്തിന്റെ പ്രായോഗിക തലത്തിലെ ഉറവിട മാലിന്യ പദ്ധതി വീണ്ടും തെളിയിച്ചു തരുന്നത്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനത്തിനു മറുപടിയായി പ്രകൃതിയുടെ നിലനില്പ്പിന്റെ അടിസ്ഥാനമായ നൈട്രജൻ സൈക്കിൾ ചൂണ്ടിക്കാട്ടി ഉറവിട മാലിന്യസംസ്ക്കരണ പദ്ധതി ജനങ്ങൾക്ക് ശിക്ഷയെന്ന 5-2-2013ലെ മാതൃഭൂമിയിൽ വന്ന സുധീഷ് മേനോന്റെ ലേഖനം വീണ്ടും വായിക്കാം.

 പ്രകൃതിയുടെ നിലനിൽപ്പിനാധാരമായ നൈട്രജൻ സൈക്കിളിന്റെ തുടർച്ചയില്ലായ്മ, കേരളത്തിന്റെ കുടിവെള്ളം 90 ശതമാനവും ഇക്കോളി രോഗാണു മൂലം നശിപ്പിച്ചു. ഉറവിടമാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി എന്നിട്ടും അദ്ദേഹം മുന്നോട്ടുപോവുകയാണെന്ന്. ദേശാഭിമാനി ദിനപത്രത്തിൽ 1-09-2014ലെ വാർത്ത കണ്ടപ്പോൾ വ്യക്തമായി. എ.കെ.ജി.സെന്ററുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ 27-09-2014ൽ നടത്തുന്ന ഉറവിടമാലിന്യ സംസ്ക്കരണ സെമിനാറിന്റെ സഹകാരിയായ ശ്രീ രാജഗോപാലുമായി 2-09-2014ന് ശ്രീ സുധീഷ് മേനോൻ സംസാരിക്കുകയുണ്ടായി. ഉറവിടമാലിന്യ സംസ്ക്കരണത്തിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുകൾ അയച്ചുകൊടുക്കുതിനുവേണ്ടി അദ്ദേഹത്തിന്റെ ഇമെയിൽ വിലാസം ആവശ്യപ്പെട്ടു. ഇതുവരെ അദ്ദേഹം നല്കിയിട്ടില്ല.

   ഓർഗാനോ പൂണിക്കോസിനെ കുറിച്ചുള്ള മാതൃഭൂമിയിലെ കഴിഞ്ഞ ദിവസത്തെ ലേഖനം വായിച്ചുകഴിഞ്ഞപ്പോൾ ശ്രീ തോമസ് ഐസക്കിനു മാലിന്യ സംസ്ക്കരണത്തെക്കുറിച്ചു മാത്രമല്ല കൃഷിയെക്കുറിച്ചും വ്യക്തതയില്ലെന്നും കേട്ടുകേൾവിക്കരൻ മാത്രമാണെന്നും വ്യക്തമായി. ചാണകവും മറ്റ് ജൈവവസ്തുക്കളും, മണ്ണും ചേർത്ത് വാരംകോരിയിട്ട് ഒരു മാസത്തെ സൂര്യപ്രകാശ സംസ്ക്കരണത്തിനുശേഷം കപ്പയും ചേമ്പും കൂർക്കയും നടുന്ന നമ്മുടെ നാടൻ രീതിയെ ആണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് രാജ്യനാമമായ ഓർഗാനോപൂണിക്കോസ് എന്ന് വിശേഷിപ്പിച്ചത്. 

    കേരളത്തിനുപുറത്ത് ചാണകവും, മനുഷ്യ വിസർജ്ജ്യവും ജൈവവസ്തുക്കളോടുമൊപ്പം കലർത്തി പ്രകൃതിയുടെ നിലനിൽപ്പിന് ആധാരമായ നൈട്രജൻ സൈക്കിൾ  പൂർത്തീകരിക്കുന്ന വാരംകോരിയുള്ള കൃഷി ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. ഒരു മാസത്തെ സൂര്യ പ്രകാശത്തിൽ നിന്നും ലഭിക്കുന്ന അൾട്രാവയലറ്റ് രശ്മികളെകൊണ്ട് ഇക്കോളി പോലെയുള്ള രോഗാണുക്കൾ നശിക്കുന്നതിനാൽ ജലമലിനീകരണം ഉണ്ടാകുന്നില്ല.

 ഓർഗാനോപൂണിക്കോസ് എന്ന കൃഷി രീതി ക്യൂബയിൽ ആരംഭിച്ചത് 1987ലാണ്. അല്ലാതെ ശ്രീ. തോമസ് ഐസക് വ്യക്തമാക്കും പോലെ 1998ൽ അല്ല. നമ്മുടെ നാട്ടിലെപോലെ പാസ്ച്ചറൈസർ ഇല്ലാത്ത, രോഗാണുക്കൾ നിറഞ്ഞ ജൈവവളം നല്കുന്ന പൈപ്പ് കമ്പോസ്റ്റിങ്ങ് സംവിധാനവും ബയോഗ്യാസ് പ്ലാന്റും ക്യൂബയിലോ മറ്റു വിദേശരാജ്യങ്ങളിലോ കാണാൻ കിട്ടില്ല. അതുകൊണ്ടുതന്നെ ഫലപ്രദമായതെന്ന് മനസ്സിലാക്കി സ്വന്തം നാട്ടിൽ അവ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പൂർണ്ണമായും മനസ്സിലാക്കി നടപ്പിലാക്കുന്നതാവും നമ്മുടെ നാടിനു നല്ലത്.

Popular Posts

Recent Posts

Blog Archive