Sunday

ബൂലോകര്‍ ജാഗ്രതൈ...

എന്റെ പാട്ടുകള്‍ക്ക് ഇടത്താളമായിരുന്ന ഗിറ്റാര്‍ സംഗീത ലോകത്തുനിന്നുള്ള താല്‍ക്കാലിക വിരമിയ്ക്കലിനു ശേഷം കഴിഞ്ഞ ദിവസം പൊടിതട്ടിയെടുത്തു. വര്‍ഷങ്ങളായി ഉപയോഗിയ്ക്കാതിരുന്നതിനാലാവണം കൈവിരലുകള്‍ക്കു വഴങ്ങാനൊരു മടി. വിരല്‍ത്തുമ്പ് നന്നായി വേദനിയ്ക്കുന്നു. എന്നാലും ഞാന്‍ വീണ്ടും പ്രാക്ടീസ് തുടങ്ങി. ബൂലോകത്തെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കാണ് എന്റെ നന്ദി. കഴിഞ്ഞപോസ്റ്റിലെ കമന്റുകളിലൂടെയും നേരിട്ടു മെയിലുകളിലൂടെയും എനിയ്ക്കുതന്ന അകമഴിഞ്ഞ പ്രോത്സാഹനം വീണ്ടും കലാരംഗത്തു കാലുവയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചു എന്നു പറയുന്നതാണു ശരി.

കലാരംഗത്തുനിന്നു വിടപറയാന്‍ ചില്ലറകാരണങ്ങളുണ്ടായിരുന്നു. ഗിറ്റാറിലെ എന്റെ ഗുരു ശ്രീ ചടയമംഗലം എന്‍. എസ്. ഹരിദാസിന്റെയും ഞങ്ങളുടെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ വര്‍ക്കല ജി. മുരളീധരന്റെയും ആകസ്മിക വേര്‍പാടും അതിനുശേഷമുള്ള മലബാറിലെ പ്രവാസ ജീവിതത്തിനു കാരണമായിവന്ന പ്രത്യേക സാഹചര്യങ്ങളും ഒരു കാരണം.

കടയ്ക്കലിനു പരിസര പ്രദേശങ്ങളിലെ മിയ്ക്കവാറും ക്ഷേത്രങ്ങളിലെല്ലാം ചെണ്ടയുമായി ഞാന്‍ പോയിട്ടുണ്ട്. പുനലൂര്‍ സ്വദേശി രവിയാശാനായിരുന്നു എന്റെ ഗുരു. പലയിടത്തും ചെണ്ടകൊട്ടി, ഒടുവില്‍ നാട്ടിലെ മൂലബൌണ്ടര്‍ ശ്രീ ആയിരവില്ലി ക്ഷേത്രത്തിലുമെത്തി. ക്ഷേത്രത്തില്‍ നിന്നു കിട്ടിയ മുണ്ടും നേരിയതുമണിഞ്ഞ് കൊട്ടാനാരംഭിച്ചപ്പോള്‍ നാട്ടുകാരിലൊരാള്‍ എന്റെ ജാതി വിളിച്ചു പറഞ്ഞു.

“ഇവന്‍ മുസ്ലിമാണ്, അമ്പലത്തില്‍ കൊട്ടാന്‍ പാടില്ല....”

കലയ്ക്കും ദൈവമെന്ന മഹാശക്തിയ്ക്കും ജാതിതിരിവുണ്ടെന്ന് ഞാനും തിരിച്ചറിഞ്ഞു. അന്നു താഴെവച്ച ചെണ്ട ഇന്നുവരെ പിന്നെ തൊട്ടിട്ടില്ല, ദൈവങ്ങള്‍ കോപിച്ചാലോ!! അതു രണ്ടാമത്തെ കാരണം.

ആസ്വാദകസുഹൃത്തുക്കളായ എന്റെ ബൂലോക സുഹൃത്തുക്കള്‍ കലയില്‍ ജാതിതിരിയ്ക്കില്ലെന്ന വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് വീണ്ടും കലാരംഗത്തേയ്ക്ക് ചുവടുവയ്ക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്.

മൂന്നു കാരണവന്മാരില്‍ ഒന്നാമത്തെ കാരണവര്‍, മുഹമ്മദ് അസ്‌ലം. തബലയാണ് ഇഷ്ടം. പഠിച്ചുകൊണ്ടിരിയ്ക്കുന്നു.

ഇത് രണ്ടാമത്തെ കാരണവര്‍ മുസ്‌ഫറുല്‍ ഇസ്ലാം. ഇടയ്ക്കൊക്കെ മുട്ടിനോക്കും...



ഇത് മൂന്നാമന്‍ മുര്‍ഷിദ് ആലം, ചെറായിയില്‍ വരുമ്പോള്‍ ഇദ്ദേഹത്തിനു മൂന്നുമാസം പ്രായം.

മറ്റു വാദ്യോപകരണങ്ങള്‍ ഒന്നും തന്നെ പഠിച്ചിട്ടില്ല. അവ കൈകാര്യംചെയ്യാന്‍ അവസരങ്ങള്‍ ധാരാളം കിട്ടിയതു മുതലാക്കിയിട്ടുണ്ടെന്നു മാത്രം. ഇടയ്ക്കിടയ്ക്ക് ചില്ലറ നമ്പരുകള്‍ ബൂലോകത്തു വിളമ്പുന്നതില്‍ ആരും വിരോധിയ്ക്കരുത്. ദ്രോഹിയ്ക്കാന്‍ ബ്ലോഗല്ലാതെ തല്‍ക്കാലം വേറേ മാര്‍ഗ്ഗങ്ങളില്ലല്ലോ...

  37 comments:

  1. വളരെ സന്തോഷമുള്ള വാര്‍ത്ത തന്നെ !!
    പരിപാടി ഭം‌ഗിയായി നടക്കട്ടെ..
    എല്ലാ ആശം‌സകളും നേരുന്നു..
    കാരണവന്മാരുടെ പടമിട്ടതു നന്നായി..
    കാണാന്‍ പറ്റിയതില്‍ ആഹ്ളാദമുണ്ട്.

    ReplyDelete
  2. കലയ്ക്കും ദൈവമെന്ന മഹാശക്തിയ്ക്കും ജാതിതിരിവുണ്ടെന്ന് ഞാനും തിരിച്ചറിഞ്ഞു. അന്നു താഴെവച്ച ചെണ്ട ഇന്നുവരെ പിന്നെ തൊട്ടിട്ടില്ല, ദൈവങ്ങള്‍ കോപിച്ചാലോ!!

    വല്ലാത്ത ഒരു വാക്ക് തന്നെ.

    അനുഗ്രഹവും പ്രാര്‍ത്ഥനയും എന്നും ഉണ്ടാവും.

    ആശംസകള്‍

    ReplyDelete
  3. ആഹ്ലാദകരമായയ വാർത്ത.

    കൊട്ടോട്ടിക്കാരാ...ആശംസകൾ!

    ReplyDelete
  4. അപ്പോ നിങ്ങളാണ് ചെണ്ട കൊട്ടി നടന്ന് കൊട്ടോട്ടിക്കാരനായത് അല്ലേ കോയാ? നടക്കട്ടേ...ഞമ്മളും ഉണ്ട് കൂടെ ഏത്.. :)

    ReplyDelete
  5. “ഇവന്‍ മുസ്ലിമാണ്, അമ്പലത്തില്‍ കൊട്ടാന്‍ പാടില്ല....”

    അമ്പലത്തിൽ കൊട്ടുന്നില്ലല്ലോ, ചെണ്ടയിലല്ലെ കൊട്ടുന്നത്‌!

    ആ പറഞ്ഞവന്റെ തലയിൽ കൊട്ടിയിരുന്നെങ്ങിൽ ഒരു പക്ഷെ അവനെങ്ങിലും നേർബുദ്ധി....

    ReplyDelete
  6. ആശംസകള്‍ മാഷേ

    ReplyDelete
  7. കൊട്ടി തുടങ്ങട്ടെ,ഇങ്ങള് കൊട്ടാനല്ലേ കൊട്ടോട്ടിയില്‍ പോയത് തന്നെ...ധൈര്യമായിട്ട് കൊട്ടാനും,ഗിറ്റാര്‍ വായിക്കാനും,പിന്നെന്തെല്ലാം ഉണ്ടോ അതെല്ലാം
    പോരട്ടെ..
    കാര്‍ന്നോമ്മാര് കലക്കീട്ടുണ്ട്..
    എല്ലാ വിധ ആശംസകളും നേരുന്നു..

    അമ്പലത്തിൽ കൊട്ടുന്നില്ലല്ലോ, ചെണ്ടയിലല്ലെ കൊട്ടുന്നത്‌!

    കാക്കരെ ആ പറഞ്ഞത് ഞായം

    ReplyDelete
  8. കൊട്ടോട്ടിക്കാരാ,നിങ്ങള്‍ കൊട്ടിയും മീട്ടിയും
    പാടിയും കൂടെ ആ രണ്ട് കാരണോമാരെക്കൊണ്ട്
    (മക്കള്‍സ്)പശ്ചാത്തലമൊരുക്കിയും മുന്നോട്ട്
    പോണം...പൌരോഹിത്യം എന്നുമെവിടേയും
    മണിയടിച്ചു കൊണ്ടേയിരിക്കും...
    പണ്ട് ഒരന്തര്‍ജനം അറബി ഭാഷ പഠിക്കാന്‍
    മിനക്കെട്ടപ്പോഴും മറുപക്ഷത്തെ പുരോഹിതന്മാര്‍
    അതിനെതിരെ ഉടക്കിയത് ഓര്‍മ വരുന്നു...
    ഇവന്മാര്‍ ഒരു നന്മയും വളരാന്‍ അനുവദിക്കത്തില്ല,കൊട്ടോട്ടീ...എന്തായാലും
    ഇവന്മാരുടെ ജല്പനങ്ങളെ അവഗണിച്ച്
    ചെണ്ടകൊട്ടി മുന്നേറൂ.മൌനകാലത്തിന്‍
    വിടനല്‍കി പൂര്‍വ്വോപരി ശക്തിയോടെ
    തിരിച്ചു വരൂ..കേള്‍ക്കാന്‍ ഞങ്ങളുണ്ട്.

    ReplyDelete
  9. "“ഇവന്‍ മുസ്ലിമാണ്, അമ്പലത്തില്‍ കൊട്ടാന്‍ പാടില്ല....”

    കലയ്ക്കും ദൈവമെന്ന മഹാശക്തിയ്ക്കും ജാതിതിരിവുണ്ടെന്ന് ഞാനും തിരിച്ചറിഞ്ഞു."


    കൊട്ടി തുടങ്ങട്ടെ,ഇങ്ങള് കൊട്ടാനല്ലേ കൊട്ടോട്ടിയില്‍ പോയത് തന്നെ...ധൈര്യമായിട്ട് കൊട്ടാനും,ഗിറ്റാര്‍ വായിക്കാനും,പിന്നെന്തെല്ലാം ഉണ്ടോ അതെല്ലാം
    പോരട്ടെ..
    കാര്‍ന്നോമ്മാര് കലക്കീട്ടുണ്ട്..
    എല്ലാ വിധ ആശംസകളും നേരുന്നു..
    waiting for your performances in the blogs forget those #$%#$#$#$

    ReplyDelete
  10. ആശംസകള്‍ , കുട്ടിക്കാര്‍ന്നൊമ്മാര് കൊട്ടിത്തുടങ്ങട്ടെ :)

    ReplyDelete
  11. കലക്കും സംഗീതത്തിനും സാഹിത്യത്തിനും പോലും ജാതിയും മതവും! ഇപ്പോഴാണ് കോളം പൂര്‍ത്തിയായത്!

    ദൈവം ചിരിക്കുന്നുണ്ടാകും!

    പാവം മനുഷ്യര്‍!

    ReplyDelete
  12. ഇതൊരു കൊട്ടാണ്..
    ജാതിമതവര്‍ഗ്ഗീയക്കോമരങ്ങളുടെ
    മണ്ടക്കിട്ടൊരു കൊട്ട്..

    ReplyDelete
  13. കൊട്ടും മേളവും തുടങ്ങട്ടെ. ആശംസകള്‍.

    ReplyDelete
  14. ദൈവത്തിന് മുന്നിൽ സർ‌വ്വരും സമം എന്നു പഠിപ്പിച്ചു .അമ്പലത്തീ പോയപ്പോ അവിടെ സമന്മാരായവരെ ഒന്നും കണ്ടില്ല .ഇതൊക്കെ കണ്ടോണ്ടും കേട്ടോണ്ടും ഇരിക്കുന്നെന്ന് പറയുന്ന ദൈവത്തിലോട്ട് വിശ്വാസവുമില്ല .

    ക്ഷേത്രത്തിൽ കൊട്ടുന്നത് തടഞ്ഞതുകൊണ്ട് കൊട്ടു നിർ‌ത്തിയെന്നതിൽ കുറച്ച് വിഷമമുണ്ട് ...
    അവർ‌ക്ക് വേണ്ടെങ്കി വേണ്ട , കൈയ്യിലുള്ള കലയെ ഉപേക്ഷിക്കരുത് .അവയാകട്ടെ നമ്മുടെ ദൈവങ്ങൾ .
    കാരണവന്മാർ‌ക്ക് ആശം‌സകൾ .. അവർ‌ കൊട്ടിത്തുടങ്ങട്ടെ
    ജാതിയോ മതമോ ഇല്ലാതെ കല മാനമ്മുട്ടെ വളരട്ടെ ...

    ReplyDelete
  15. തബലക്കാരന്‍ കൊണ്ടോട്ടി!!! അപ്പൊ ഇനി കൊണ്ടോട്ടി വഴി വരുമ്പോ പേടിക്കണം അല്ലെ? വീണ്ടും ത്പല്‍ കൊട്ട് കേള്‍ക്കണ്ടി വരും :) കാരണവന്മാരെ പരിചയപെടുത്തിയത് നന്നായി

    ReplyDelete
  16. ഞങ്ങളൊക്കെയുണ്ട് കൊട്ടോട്ടീ കൂടെ. തബല, ഗിറ്റാര്‍, ചെണ്ട, ഓടക്കുഴല്‍. എല്ലാം കേള്‍ക്കണം. അടുത്ത മീറ്റിനാവട്ടെ.

    ReplyDelete
  17. മീറ്റിനും സംഗീതമേളം പ്രതീക്ഷിക്കാം അല്ലേ....
    വാഴക്കോടന്റെ മിമിക്രി പോലെ "കുറേ കാലായി ഒന്നും നോക്കാറില്ല, തെറ്റുകുറ്റങ്ങൾ ഉണ്ടാവാം" എന്നൊരു ഡിസ്ക്ലൈമറോടെയായാലും പ്രശ്നമില്ല.

    ബൈദബൈ, ബ്ലോഗിന്റെ പേര്‌ കല്ലുവെച്ചനുണ എന്നാണ്‌... അല്ല, ഓർമ്മിപ്പിച്ചൂന്നേയുള്ളു, കൊട്ടോട്ടിക്കാരനേം പിന്നെ വായനക്കാരേം.

    ReplyDelete
  18. അടുത്ത മീറ്റിന് ഗിറ്റാറും ഓടക്കുഴലുമൊക്കെ കൊണ്ടുവരാം. ഉപയോഗിയ്ക്കാന്‍ സമയം കിട്ടുമോന്നാ സംശയം...

    ഈ പ്രോത്സാഹനത്തിന് നന്ദിയുണ്ട് എല്ലാവര്‍ക്കും.

    ReplyDelete
  19. അതെ, ഇനി കൊട്ടോട്ടി എന്ന് കേട്ടാല്‍ ഞാന്‍ ജാഗ്രതൈ....
    കാര്‍ന്നോമാരും കൊട്ടിത്തുടങ്ങിയല്ലെ

    ]തബല പഠിക്കണമെന്ന മോഹം സഫലമായില്ലെങ്കിലും ഓടക്കുഴലൂത്ത് വളരെ ചെറുപ്പത്തില്‍ ഞാന്‍ പഠിച്ചിരുന്നു
    (അടുപ്പിലെ തീ ഊതാന്‍)

    ReplyDelete
  20. ഈ തിരിച്ചു വരവില്‍ ഒരുപാടൊരുപാട് സന്തോഷിക്കുന്നു. ആശംസകള്‍.
    (പിന്നെയ്, ഗിറ്റാറില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ടാട്ടോ, പറഞ്ഞു തരാന്‍ എനിക്ക് സന്തോഷമേയുള്ളു!!!?)

    ReplyDelete
  21. റിലേറ്റീവ് കോഡ്സൊക്കെ കൈമോശം വന്ന കോലമാണ്. ഫിംഗറിംഗ് പഴയതുപോലെ എളുപ്പമാവുന്നില്ല. ശബ്ദം മുറിയുന്നു. വായാടിയുടെ മെയില്‍ ഐഡി അറിയില്ല എനിയ്ക്കൊന്നു മെയില്‍ ചെയ്തുകൂടെ...?

    ReplyDelete
  22. എല്ലാ ആശം‌സകളും നേരുന്നു..

    ReplyDelete
  23. കലകള്‍ കൊലയ്ക്കു കാരണമാകുന്ന കലികാലമാണിത്!
    ജാതീയതയും വര്‍ഗീയതയും മനുഷ്യന്‍റെ പിച്ചച്ചട്ടി വരെ തട്ടിത്തെറിപ്പിക്കുന്ന ഇക്കാലത്ത് താങ്കളുടെ ഈ പങ്കുവെക്കല്‍ നന്നായിട്ടുണ്ട്.
    ഭാവുകങ്ങള്‍!

    ReplyDelete
  24. ആഹാ മൂനു കുട്ടിപോക്കിരികള്‍ .... :)

    ReplyDelete
  25. ആശംസകൾ മാഷേ..നമ്മുടെ നാട്ടുകാർ തന്നെ ഈ പണികാണിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു,അടുത്ത തിരുവാതിരയ്ക്ക് ആകട്ടെ കുത്തിയോട്ടം വിത്ത് ചെണ്ടകൊട്ടൽ നടത്തിക്കളയാം

    ReplyDelete
  26. കോലക്കുഴല്‍ വിളി കേട്ടു.. മനോഹരം!

    ReplyDelete
  27. അസുരവാദ്യമെന്ന് പറഞ്ഞ് ഈ സാധനത്തെ ‘അകത്തു’ കയറ്റാതെ നിര്‍ത്തിയിരിക്കുന്നത് ഏതെങ്കിലും ദൈവം വിളിച്ച് ഓഡറുകൊടുത്തിട്ടല്ലല്ലോ..... ആയിരവില്ലി ഭാഗത്തൊന്നും “ഹിസ് ഹൈനസ് അബ്ദുള്ള” ഇതുവരെ റിലീസായിക്കാണില്ലായിരിക്കും !

    ഈവക പിത്തക്കാടികള്‍ക്ക് വംശനാശം വന്ന ലോകത്ത് ആര്‍മ്മാദിക്കാന്‍ അസ്ലമിനും ഇസ്ലാമിനും ആലമിനുമെങ്കിലും ഭാഗ്യമുണ്ടാവട്ടെ എന്ന് മാത്രം ആശംസിക്കുന്നു !

    ReplyDelete
  28. കൊണ്ടോട്ടിക്കാരാ കൊട്ടിക്കൊട്ടി കേറട്ടെ!!

    അടുത്ത തലമുറ വരുമ്പോഴേക്കും ജാതി സര്‍ട്ടിഫിക്കറ്റ് ചോദിക്കാത്ത കലാകാരന്മാരും ആസ്വാദകരും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം
    മൂന്നു കലാകാര പുലികള്‍ക്കും സര്‍വ്വ ആശംസകളും..അച്ഛനും.

    ReplyDelete
  29. ശക്തമായി തിരിച്ചുവരുക. ആശംസകള്‍!

    ReplyDelete
  30. മനുഷ്യത്വമുള്ളവനേ കലയുള്ളൂ,മനുഷ്യത്വത്തിന്റെ ആവിഷ്കാരമായി കലയെ മനസിലാക്കാന്‍ കഴിയാത്തതിനെ വിവരക്കേട് എന്നുമാത്രമേ പറയാനാവൂ, കാട്ടാളത്തത്തിനുമുന്നില്‍ കല അടിയറവു പറയരുത്.

    കൊട്ടോട്ടിക്കാരനും കുട്ടികള്‍ക്കും നൂറുനൂറാശംസകള്‍.

    ReplyDelete
  31. കൊട്ടോട്ടിക്കാരനും കുട്ടികള്‍ക്കും എന്റെയും
    ആശംസകള്‍..

    ReplyDelete
  32. അപ്പോൾ ഈ കൊട്ടോട്ടി ,കൊട്ടലുകളിളും ഒരു കേമൻ തന്നെയാണ് അല്ലേ...
    സകലകലാ വല്ലഭനാവുകുവാൻ സകലവിധ ഭാവുകങ്ങളും നേരുന്നു...കേട്ടൊ കൊട്ടോട്ടിക്കാര!

    ReplyDelete
  33. കൊട്ടോട്ടിയുടെ കൊട്ടിനെപ്പറ്റിയുള്ള കൊട്ടല്‍ നന്നായി. പക്ഷെ ഇതിലെവിടെയെങ്കിലും അല്പം ഓഡിയോ പ്രതീക്ഷിച്ചു. അതു കൊണ്ട് അടുത്ത പോസ്റ്റിങ്ങ് മുതല്‍ ഉപകരണ സംഗീതം പോസ്റ്റുക.അങ്ങിനെ ഇനി മുതല്‍ താങ്കളുടെ ബ്ലോഗ് ഒരു മ്യൂസിക്കല്‍ ബ്ലോഗാവട്ടെ!

    ReplyDelete
  34. കൊട്ടോട്ടിക്കാരനെയും മക്കളെയും കലാദേവി അനുഗ്രഹിച്ചിട്ടുണ്ടല്ലോ.സന്തോഷം തോന്നുന്നു.എല്ലാ വിധ ആശംസകളും

    ReplyDelete

Popular Posts

Recent Posts

Blog Archive