ചെണ്ടേന്റടുത്തോ ചപ്ലങ്ങ...
സുഹൃത്തുക്കളെ,
ഫ്രീസാമ്പിളില്‍ തുടങ്ങിയ Fresh memoryപഠന പരമ്പരയുടെ രണ്ടാമദ്ധ്യായം കഴിഞ്ഞപ്പോള്‍ എനിയ്ക്കു വന്ന ചില മെയിലുകളാണ് ഈ കുറിപ്പിനാധാരം.
(ഇത് കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ തിരക്കുള്ളപ്പോള്‍ തൊള്ളപൊട്ടുമാറ് അലറുന്ന എളുപ്പവഴി പുസ്തകത്തിന്റെ പരസ്യമല്ല. ദിവസം ആയിരം രൂപനിരക്കില്‍ പലരും പഠിച്ചതും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിയ്ക്കുന്നതുമായ കാര്യങ്ങളാണ്. ഈ അറിവുകള്‍ പങ്കുവയ്ക്കുന്നതില്‍ ആര്‍ക്കാണു നഷ്ടമെന്ന് എനിയ്ക്കറിയില്ല. എനിയ്ക്കെന്തായാലുമില്ല. ബൂലോകര്‍ക്ക് എന്തായാലും നഷ്ടം വരില്ല. ഏതായാലും ഐ പി അഡ്രസ്സുതെരഞ്ഞു കൊട്ടോട്ടി പോണില്ല. മലപ്പുറത്തു പൂക്കോട്ടൂര്‍ അറവങ്കരയില്‍ വന്നാല്‍ നേരിട്ടു കാണാം. മെയിലയച്ച നാലുപേര്‍ക്കും ഇനി അത്തരത്തില്‍ അയയ്ക്കാന്‍ പോകുന്നവര്‍ക്കും വേണ്ടിയാണ് ഈ കുറിപ്പുകള്‍).
“അദ്ധ്യായങ്ങള്‍ ഇത്രയും വിശദീകരിയ്ക്കണോ സാമ്പിളുകള്‍ തന്നിട്ട് ഇങ്ങനെ ചെയ്താല്‍മതി എന്നു പറഞ്ഞാല്‍പ്പോരേ, അങ്ങനെയെങ്കില്‍ പോസ്റ്റുകളുടെ എണ്ണവും കുറയ്ക്കാമല്ലോ അല്ലെങ്കില്‍ത്തന്നെ ഇത്രയും വിശദീകരിയ്ക്കേണ്ട ആവശ്യമില്ലല്ലോ,” എന്ന് ഒരു കൂട്ടര്‍. “പോയിന്റുകള്‍ കുറേക്കൂടി വിശദീകരിച്ച് നേരിട്ട് ക്ലാസ്സെടുക്കുന്നതുപോലെ തോന്നുന്ന വിധം പോസ്റ്റു ചെയ്താല്‍ പഠിയ്ക്കാന്‍ തീരുമാനമെടുത്തവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും,” എന്നു മറ്റൊരു കൂട്ടര്‍.
രണ്ടാമതു പറഞ്ഞതാണ് എന്റെ അഭിപ്രായം. കാരണം ഇവയെല്ലാം തമ്മില്‍ത്തമ്മിലുള്ള തമാശകളിലൂടെയും മറ്റും എളുപ്പം പഠിയ്ക്കാവുന്ന ചെറു ടെക്നിക്കുകള്‍ മാത്രമാണ്. അതു പോസ്റ്റായി എഴുതുമ്പോള്‍ കൂടുതല്‍ വിശദീകരിയ്ക്കേണ്ടതായി വരും. അല്ലെങ്കില്‍ ഒരുപക്ഷേ ഉദ്ദേശിച്ച ഫലം കിട്ടിക്കൊള്ളണമെന്നില്ല. നിത്യജീവിതത്തില്‍ നമുക്കു സംഭവിയ്ക്കുന്ന ചില്ലറ മറവികള്‍, നൂറു വര്‍ഷത്തെ കലണ്ടര്‍ മന:പാഠമാക്കല്‍ തുടങ്ങിയ സംഗതികള്‍ പിന്നാലെ വരുന്നുണ്ട്. സ്വയം പരിശീലിയ്ക്കാന്‍ മറക്കരുത്. കമന്റുകളിലൂടെ അഭിപ്രായം പറയുന്നതല്ലേ നല്ലത്..?