മുഖവുരയില്ല,
എനിയ്ക്കു പറയാനുള്ളത് ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചല്ല. മറിച്ച് ഓരോരോ പ്രശ്നങ്ങള്‍കൊണ്ടു ബുദ്ധിമുട്ടുന്ന എല്ലാവിഭാഗം ജനങ്ങളും അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടിയിരുന്ന കൊടപ്പനയ്ക്കല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ പ്രതീക്ഷകളും പേറി വന്നിരുന്ന സഹോദരങ്ങളെ ഈ ചിന്തകളൊന്നുമില്ലാതെ തന്നെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇവിടെ എന്റെ ഒരു അനുഭവം പറയാം.
രണ്ടുവര്‍ഷം മുമ്പാണു സംഭവം
എന്റെ താമസസ്ഥലത്തിനടുത്തു എറണകുളം സ്വദേശികളായ ദമ്പതികള്‍ താമസിച്ചിരുന്ന. മലപ്പുറം പൂക്കോട്ടൂര്‍ ഓള്‍ഡ് എല്‍ പി സ്കൂളിലെ ടീച്ചറായ ജീനയും ഭര്‍ത്താവ് റോയി ആംബ്രോസും. അര്‍ഹതപ്പെട്ട അനിവാര്യമായ സ്ഥലം മാറ്റം പലതവണ നിഷേധിയ്ക്കപ്പെടുകയും അധികം പണം അതിനുവേണ്ടി ചെലവിട്ടിട്ടും ഫലമില്ലാതാവുകയും ചെയ്തു വിഷമിയ്ക്കുന്ന സമയത്താണു പാണക്കാട്ടു പോയി ഒന്നു പറഞ്ഞാലോ എന്നു തോന്നിയത്. ഒരു ദിവസം രാവിലേതന്നെ പാണക്കാട്ടേയ്ക്ക് തിരിച്ചു. ഏതാണ്ടൂ പന്ത്രണ്ടു കിലോമീറ്ററേ ദൂരമുള്ളൂ അതിനാല്‍ യാത്ര ഓട്ടോയിലാക്കി. കുടപ്പനയ്ക്കലെത്തിയ ഞങ്ങളുടെ പ്രതീക്ഷ പോലെതന്നെ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. സ്വീകരണമുറിയില്‍ ഒരു പാത്രം നിറയെ ഈത്തപ്പഴം വച്ചിരിയ്ക്കുന്നു. രണ്ടെണ്ണം എടുത്തുകൊണ്ട് ഞങ്ങള്‍ കാത്തിരുന്നു.
അകത്ത് ആരുമായോ ചര്‍ച്ച നടത്തുന്നു. അര മണിയ്ക്കൂര്‍ കാത്തിരുന്നു. ഞങ്ങളുടെ ഊഴമെത്തി
“ഇരിയ്ക്കൂ.., എവിടുന്നാ...?”
“പൂക്കോട്ടൂരു നിന്നാ... ഈ ടീച്ചറുടെ ഒരു കാര്യത്തിനാ”
“എന്താ പ്രശ്നം..”
“ടീച്ചറുടെ അമ്മയ്ക്കു സുഖമില്ല, കുട്ടിയെ നോക്കാന്‍ ആളുമില്ല, പറവൂരേയ്ക്കു സ്ഥലം മാറ്റത്തിനു പലതവണ ശ്രമിച്ചിരുന്നു. ഒരു ഫലവും കാണാത്തതിനാലാണ് ഇവിടെ വന്നത്..”
“എത്ര വര്‍ഷമായി..?”
“പന്ത്രണ്ടു വര്‍ഷമായി ഈ സ്കൂളില്‍...”
‘അപ്പൊ കിട്ടണമല്ലോ... ബഷീറേ ഇങ്ങട് വന്നാ...”
അദ്ദേഅഹത്തിന്റെ മകന്‍ അകത്തുനിന്നു വന്നു.
“ ജ്ജ് ബഷീറിനെ വിളിച്ചാ..., ന്നിട്ട് ഇങ്ങട്ട് താ...”
ഞങ്ങള്‍ അത്ഭുതപ്പെട്ടു ! ആദ്യമായി പാണക്കാട്ടെത്തുന്നതാണ്. അപേക്ഷിച്ച് ഉടന്‍ തീരുമാനം അനുകൂലമായി വരുന്നത് ആദ്യ അനുഭവം ! വിദ്യാഭ്യാസ മന്ത്രിയെ വിളിയ്ക്കാനാണു നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത് ! പാണക്കാട്ടുനിന്ന് ഇ. ടി യ്ക്ക് ഫോണ്‍ പോയി.
“ ബഷീര്‍ക്ക ഏഷ്യാനെറ്റില്‍ ലൈവു പരിപാടിയിലാ ഇപ്പ വിളിയ്ക്കാന്നു പറഞ്ഞു...”
“നിങ്ങളിരിയ്ക്കീ... ഓനിപ്പം വിളിയ്ക്കും...”
ഞങ്ങള്‍ കാത്തിരുന്നു. ഇതിനിടയില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ വന്നു പോകുന്നതു കണ്ടു. അര മണിയ്ക്കൂര്‍ കഴിഞ്ഞില്ല. അകത്തുനിന്നു വിളിവന്നു...
“ബഷീറ് ഫോണിലുണ്ട്... ങ്ങളുതന്ന നേരിട്ടു പറഞ്ഞാളാ..”
ഞങ്ങള്‍ക്ക് അമ്പരപ്പു മാറിയിരുന്നില്ല. ഒരു ശുപാര്‍ശക്കത്തു മാത്രം മോഹിച്ചെത്തിയപ്പോള്‍ മന്ത്രിയെത്തന്നെ വിളിച്ചുതരുന്നു ! ടീച്ചറില്‍നിന്ന് വിശദമായിത്തന്നെ മന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അര്‍ഹമായ സ്ഥലം മാറ്റം ഉറപ്പാക്കിയാണ് ഞങ്ങള്‍ തങ്ങളോടു യാത്രപറഞ്ഞു പിരിഞ്ഞത്. തിരികെ ഓട്ടോയിലേയ്ക്കു കയറുമ്പോള്‍ സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നതു ഞാന്‍ കണ്ടു.
ഇത് എന്റെ ഒരനുഭവം മാത്രം. പിന്നെയും പാണക്കാട്ടേയ്ക്ക് പലതവണ പോയി. അനുഭവങ്ങള്‍ ഒരുപാടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും ഹോബിയുണ്ടായിരുന്നെങ്കില്‍ അതു ക്ലോക്കുകളോടു മാത്രമായിരുന്നു. അവിടെ വരുന്നവരില്‍ മിക്കപേരും ഒരു ചെറു ഘടികാരമെങ്കിലും കരുതുകയും ചെയ്തിരുന്നു. സഹായം ചോദിച്ചു വരുന്നവരെ വേര്‍തിരിച്ചുകാണാത്ത വ്യക്തിത്വം മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നു. അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് ഈ വേര്‍പാട് ഉണ്ടാക്കുന്ന വിഷമം വിവരിയ്ക്കാനാവില്ല. അവരുടെ മനസ്സില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മായാതെ നില്‍ക്കും...