പഴശ്ശിരാജയും യഥാര്‍ത്ഥ വസ്തുതകളും...
ചരിത്രത്തെ എത്രത്തോളം വളച്ചൊടിയ്ക്കാം..?
യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച് സൌകര്യംപോലെ കൂട്ടിച്ചേര്‍ത്ത് തോന്നുംപടി സിനിമകളിലും പുസ്തകങ്ങളിലും ആവിഷ്കരിയ്ക്കുന്നത് നടാടെയല്ല. നീതിനന്മകള്‍ക്കെതിരെ നിന്നവരെ അവയുടെ കാവലാളുകളായും നേരേതിരിച്ചും അവതരിപ്പിയ്ക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ട്. ഇത്തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ച് എത്രത്തോളം വികലമാക്കാമെന്നതിന് അവസാനം വന്ന ഉദാഹരണമാണ് പഴശ്ശിരാജാ എന്ന സിനിമ. സിനിമാക്കഥ ഇങ്ങനെ...
“ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് നൂറ്റിഅന്‍പതോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷുകാരെ എതിര്‍ത്ത ആദ്യകാല സ്വാതന്ത്ര്യ സമര പങ്കാളികളില്‍ ഒരാളായിരുന്നു പഴശ്ശിരാജാ. ബ്രിട്ടീഷ് പട്ടാളത്തെ അദ്ദേഹം പതിനഞ്ചു വര്‍ഷക്കാലം വാള്‍മുനയില്‍ നിര്‍ത്തുകയും അവര്‍ ഏര്‍പ്പെടുത്തിയ നികുതി വ്യവസ്ഥയെ എതിര്‍ത്തു യുദ്ധംപ്രഖ്യാപിയ്ക്കുകയും ചെയ്തു...”
ബ്രിട്ടീഷുകാര്‍ക്കുവേണ്ടി അവര്‍ ഏര്‍പ്പെടുത്തിയ “ജെമ” എന്ന നികുതിപ്പണത്തെ പിരിച്ചെടുത്തു കൊടുക്കുന്ന ഒരു നാട്ടു പ്രമാണി മാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ പഴശ്ശിരാജാ. അതുകൊണ്ടുതന്നെ നമ്മള്‍ ഇപ്പൊ പഠിയ്ക്കുന്ന പഴശ്ശിചരിത്രവുമായി യഥാര്‍ത്ഥ ചരിത്രത്തിനു ബന്ധമില്ല. നികുതിപ്പിരിവിന്റെ പത്തു ശതമാനം ബ്രിട്ടീഷുകാര്‍ പഴശ്ശിരാജയ്ക്ക് കൊടുത്തിരുന്നു. പഴശ്ശി പിരിയ്ക്കുന്ന നികുതിപ്പണത്തെക്കാള്‍ കൂടുതല്‍ പിരിച്ചു നല്‍കാന്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ വീരവര്‍മ്മ തയ്യാറായി മുന്നോട്ടു വന്നപ്പോള്‍ പഴശ്ശിരാജയ്ക്കു സ്ഥാനവും കമ്മീഷനും നഷ്ടപ്പെട്ടു. സ്വാഭാവികമായും അമ്മാവനോടും ബ്രിട്ടീഷുകാരോടും അദ്ദേഹത്തിന് ദേഷ്യവും വൈരാഗ്യവും തോന്നി . ഇതാണ് പഴശ്ശി-ബ്രിട്ടീഷ് കലാപത്തിന്റെ മൂല രഹസ്യം.
ബ്രിട്ടീഷുകാര്‍ക്കെതിരെ നിരന്തരം പോരാട്ടം നടത്തിയിരുന്ന ടിപ്പുസുല്‍ത്താനെ നശിപ്പിയ്ക്കാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നത് പഴശ്ശിരാജയായിരുന്നു. ടിപ്പുവിനെ നശിപ്പിയ്ക്കാന്‍ പറ്റിയാല്‍ മലബാറിനെ ബ്രിട്ടീഷുകാര്‍ക്കു സ്വന്തമാക്കാമല്ലോ. അതിനാല്‍ കാര്യമായിത്തന്നെ അയാള്‍ ബ്രിട്ടനെ സഹായിച്ചുകൊണ്ടിരുന്നു. ഇതിനു പ്രതിഫലമായാണ് കോട്ടയത്തു നികുതി പിരിയ്ക്കുവാനുള്ള അവകാശം പഴശ്ശിരാജയ്ക്ക് ബ്രിട്ടീഷുകാര്‍ കൊടുത്തത്. 1792ലെ ശ്രീരംഗം ഉടമ്പടിപ്രകാരം മലബാര്‍പ്രദേശം ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ വന്ന സാമയത്താണ് വീരവര്‍മ്മയുടെ രംഗ പ്രവേശം. കോട്ടയം, കതിരൂര്‍, പഴശ്ശി, താമരശ്ശേരി, കുമ്പ്രനാട്, കുറ്റിയാടി, പരപ്പനാട് തുടങ്ങിയ പ്രദേശങ്ങളിലെ നികുതി പിരിവ് അവകാശം വീരവര്‍മ്മയ്ക്കു ലഭിച്ചപ്പോള്‍ ജനങ്ങളുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തിയെന്നാരോപിച്ച് ജനപിന്തുണ നേടി ബ്രിട്ടീഷുകാരെ എതിര്‍ക്കുകയാണ് പഴശ്ശിരാജ ചെയ്തത്. ഇത് അസൂയകൊണ്ടുണ്ടായതാണ്, രാജ്യസ്നേഹം കൊണ്ടല്ല.
ചരിത്രത്തെ തിരുത്താന്‍ ആര്‍ക്കൊക്കെയോ പ്രത്യേക താല്‍പ്പര്യമുള്ളതുപോലെയാണു തോന്നുന്നത്. അല്ലെങ്കില്‍ ടിപ്പുവിന്റെ ചരിത്രത്തെ കഥയാക്കിയ ചലച്ചിത്രത്തെ കെട്ടുകഥയെന്നു രേഖപ്പെടുത്തി പുറത്തിറക്കേണ്ടി വരില്ലായിരുന്നു. ഒരുകാലത്ത് ഒരു മഹാ ഭൂരിപക്ഷത്തെ അടക്കി ഭരിച്ചിരുന്ന (അങ്ങനെ ഭരിച്ചിരുന്നവരെ മാത്രം) ജാതി-വര്‍ണ്ണ-ജന്മി-നടുവാഴി സംഘങ്ങളെ സ്വാതന്ത്ര സമരത്തിന്റെ ധീരയോദ്ധാക്കളായി ചിത്രീകരിയ്ക്കുന്നതിലെ ഔചിത്യം എന്തെന്നു മനസ്സിലാവുന്നില്ല.