Sunday

സ്‌ത്രീസംരക്ഷണത്താല്‍ കൈവരുന്നത്

"പര്‍വ്വതങ്ങളെ ഈ ഭൂമിയുടെ ആണികളാക്കി നാം വച്ചിരിയ്ക്കുന്നു".

നമ്മുടെ മാറിയ ചിന്താ വ്യവസ്ഥിതിയില്‍ ഈ വചനത്തെ ശ്രദ്ധിച്ചാല്‍ നമ്മുടെ കുടുംബ-സമൂഹത്തിലും സമാന വാചകം അതു നമുക്കറിയാവുന്നതായിരുന്നിട്ടു കൂടി ഒന്നുംകൂടി ഓര്‍ക്കേണ്ടിയിരിയ്ക്കുന്നു.

"കുടുംബങ്ങളെ സമൂഹത്തിന്റെ ആണിക്കല്ലുകളായി നാം തീരുമാനിയ്ക്കണം".

പക്ഷേ നമ്മുടെ കുടുംബങ്ങളില്‍ അസ്വാരസ്യത്തിന്റെയും അസഹിഷ്ണുതയുടേയും ബദ്ധവൈരത്തിന്റെയും പര്യായങ്ങളയി നമ്മുടെ കുടുംബ ബന്ധങ്ങള്‍ മാറിക്കൊണ്ടിരിയ്ക്കുന്നു. പുരോഗതിയുടെ പാതയില്‍ അതിദ്രുതം മുന്നേറിക്കൊണ്ടിരിയ്ക്കുന്ന നാമോരോരുത്തരുടേയും കുടുംബങ്ങളിലെ ബന്ധ ശൈഥില്യവും ഒപ്പം വളരുന്നുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും.

ഇത് ഒരു സ്ത്രീപക്ഷ കുറിപ്പായി കാണരുതെന്നാണ് എന്റെ ആഗ്രഹം. പക്ഷം പിടിയ്ക്കുന്നതു തന്നെയാണു സ്ത്രീസമൂഹത്തിന്റെ പ്രധാന പ്രശ്നവും. സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും തുല്യ പരിഗണന ലഭിയ്ക്കണം. അതു പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വ്യത്യാസത്തോടെ ആവരുത്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു കനിഞ്ഞു നല്‍കുന്ന ഔദാര്യം പോലെയാണ് പലപ്പോഴും പലതിനേയും നമുക്ക് അനുഭവപ്പെടുന്നത്. സംവരണംപോലെയുള്ള സംഗതികള്‍ അതില്‍നിന്നും ഉടലെടുത്തതാണെന്നാണ് എനിയ്ക്കു തോന്നുന്നത്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട വിധത്തില്‍ അല്ലെങ്കില്‍ പുരുഷന്റെ ആജ്ഞാനുവര്‍ത്തിയായി കഴിയേണ്ടവളാണു താനെന്ന മനോഭാവത്തില്‍ കഴിഞ്ഞുവന്ന ഒരു തലമുറയുടെ ഉപബോധ വിചിന്തനങ്ങളാവണം ഇപ്പോഴും ഈ അസ്ഥിരതയ്ക്കു കാരണം. പാരമ്പര്യമായി നമുക്കു കൈവരുന്നവയില്‍ നമ്മുടെ ഉപബോധ മനസ്സും ഉള്‍പ്പെടുന്നുണ്ടെന്നു ഞാന്‍ കരുതുന്നു. പഴയ തലമുറയില്‍ കുടുംബത്തിന്റെ അകത്തളങ്ങളില്‍ കൊട്ടിയടയ്ക്കപ്പെട്ട് പുരുഷന്മാരുടെ ആജ്ഞാനുവര്‍ത്തികളായും ആഗ്രഹപൂര്‍ത്തീകണ ഉപകരണമായും കഴിഞ്ഞുപോന്ന, അങ്ങനെമാത്രം ജീവിയ്ക്കുന്നതാണു സ്ത്രീസംസ്കാരമെന്നു വിശ്വസിച്ചിരുന്ന സ്ത്രീസമൂഹത്തിന്റെ ഉപബോധമനസ്സുകളില്‍ ഉണ്ടാക്കിയ പ്രോഗ്രാമുകള്‍ അനന്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഇന്നത്തെ കുടുംബങ്ങളിലെ അവരുടെ സ്വന്തം സ്ഥാനാവസ്ഥയുടെ കാരണങ്ങളും കുഴപ്പങ്ങളുമായി അവ പരിണമിയ്ക്കുന്നു.

സ്ത്രീസംരക്ഷണ നിയമം എന്ന പ്രായോഗം തന്നെ തെറ്റാണ്. സമൂഹത്തില്‍ സ്ത്രീയ്ക്കു മാത്രമായി ഒരു നിയമത്തിന്റെ ആവശ്യകത എനിയ്ക്കു മനസ്സിലാവുന്നില്ല. പുരുഷനും സ്ത്രീയുമില്ലാതെ എന്തു സമൂഹം ? സ്ത്രീസംരക്ഷണമെന്നു പറയുന്നതിലൂടെ സ്ത്രീകള്‍ സമൂഹത്തില്‍ അശരണരും ആലംബമറ്റവരും പുരുഷന്റെ സഹായംകൊണ്ടു മാത്രം ജീവിയ്ക്കേണ്ടവളുമാണെന്ന ഒരു സന്ദേശം പ്രചരിപ്പിയ്ക്കപ്പെടുന്നുണ്ട്. സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിധത്തിലുള്ള സംസാരവും സംസ്‌കാരവും പ്രവൃത്തിയും മാറാനാണ് ഇവിടെ നിയമം വരേണ്ടത്. അല്ലാതെ സ്ത്രീയെ സംരക്ഷിയ്ക്കാനെന്ന വിധത്തില്‍ അവള്‍ പുരുഷനെക്കാള്‍ താഴേക്കിടയിലുള്ളവരാണെന്ന് പ്രചരിപ്പിയ്ക്കാനല്ല. സ്ത്രീയുടെ സംരക്ഷകരായി ചമയുന്നവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. അവളുടെ അനന്ത തലമുറയില്‍ പുരുഷന്മാരുണ്ടാവും, യാത്ര ആ സ്ത്രീയില്‍ അവസാനിയ്ക്കുന്നില്ല. സമൂഹത്തിന്റെ മുഖ്യധാരകളിലേയ്ക്ക് സ്ത്രീകള്‍ എത്താന്‍ പ്രയാസപ്പെടുന്നതിന്റെയും എത്താതിരിയ്ക്കുന്നതിന്റെയും കാരണവും ഇതൊക്കെത്തന്നെയാണ്. പുരുഷന്മാരുടെ അധീനതയില്‍ മാത്രം ജീവീയ്ക്കേണ്ടവളാണെന്ന അവളുടെ വിശ്വാസവും അങ്ങനെതന്നെയാണു ജീവിയ്ക്കേണ്ടതെന്ന പുരുഷന്റെ ആഗ്രഹവും ഇതിന്റെ കാരണമായി നിലകൊള്ളുന്നു. ആ നിലയ്ക്കാണെങ്കില്‍ ഈ നിയമം ഉപയോഗപ്പെടുത്താമെന്നു മാത്രം.

ഒരു കുഞ്ഞിനു കളിപ്പാട്ടം വാങ്ങുന്നതു മുതല്‍ സ്ത്രീപുരുഷ വിവേചനം പ്രത്യക്ഷത്തില്‍ ആരംഭിയ്ക്കുന്നു. ഇതാവട്ടെ പരമ്പഗാതമായി നാം കണ്ടുവരുന്നതാണ്. കാറ്, തോക്ക് മുതലായ കളിപ്പാട്ടങ്ങള്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടി നാം തെരഞ്ഞെടുക്കുമ്പോള്‍ പാചക സാമഗ്രികളും പാവക്കുട്ടിയും പെണ്‍കുഞ്ഞിനു നാം സമ്മാനിയ്ക്കുന്നു. സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യരല്ലെന്നും അങ്ങനെ ആവേണ്ടതില്ലെന്നും നമ്മുടെയൊക്കെ മനസ്സുകളില്‍ ആദ്യാക്ഷരി കുറിയ്ക്കുന്നതും അവിടെനിന്നുതന്നെ. അടുക്കളയും പരിസരങ്ങളും മാത്രം അവളുടെ മനസ്സില്‍ കുത്തി നിറയ്ക്കപ്പെടുമ്പോള്‍ വിശാലമായ ലോകമാണ് അവന്റെ മനസ്സില്‍ നിറയുന്നത്. ഈ വ്യത്യാസം ഒഴിവാക്കിയാല്‍ത്തന്നെ നമ്മുടെ സമൂഹത്തിന്റെ സ്വഭാവത്തില്‍ കാതലായ മാറ്റം വരും. കാരണം ഉപബോധ മനസ്സുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന പ്രോഗ്രാമുകളാണ് പില്‍ക്കാല ജീവിതത്തിനാധാരം.

അവളുടെ വളര്‍ച്ചാഘട്ടങ്ങള്‍ നോക്കൂ.., ഭീതിയുടെ നിഴലിലാണ് അവള്‍ വളരുന്നത്. " നീയൊരു പെണ്ണാ, അതോര്‍മ്മവേണം.." എന്നു പറയുമ്പോള്‍ത്തന്നെ പെണ്ണ് എന്നത് ഏതുനിമിഷവും അപകടം സംഭവിയ്ക്കാവുന്ന എന്തോ ഒന്നാണെന്ന, പുരുഷന്റേയും അവന്റെ സമൂഹത്തിന്റേയും കീഴില്‍മാത്രം കാലം നീക്കേണ്ടവളാണെന്ന ചിന്തകള്‍ വളര്‍ത്തുന്ന പ്രോഗ്രാമുകള്‍ക്ക് ഫലപ്രാപ്തിയുണ്ടാക്കുന്നു. ഫലമോ, പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു വിഭാഗമായി അവര്‍ വളര്‍ന്നു വരുന്നു. പുരുഷനു മാത്രം കഴിയുന്നവ സ്ത്രീകള്‍ മാത്രം ചെയ്യേണ്ടവ എന്നിങ്ങനെ വേര്‍തിരിച്ച് അവരുടെ പ്രവൃത്തികള്‍ മാറ്റപ്പെടുന്നു.

സാമൂഹിക സദസ്സുകളില്‍ പുരുഷനും സ്ത്രീയും ഒരുമിച്ചിരിയ്ക്കുന്നത് ഒരു മഹാപരാധമായി നാം കാണുന്നു. ഒരുമിച്ചൊരു ബസ്സില്‍ യാത്രചെയ്യേണ്ടിവരുമ്പോള്‍ സ്ത്രീയും പുരുഷനും പെരുമാറുന്നതെങ്ങനെയെന്ന് നാം നിത്യേന കാണുന്നതാണ്. ഒരേപദവിയില്‍ ജോലിചെയ്യുന്ന പുരുഷനും സ്ത്രീയും ഒരുമിച്ചൊരു വിവാഹത്തിനു ചെന്നാല്‍ പുരുഷന് ഉമ്മറത്ത് ഇരിപ്പിടം ലഭിയ്ക്കും. സ്ത്രീയോട് അകത്തേയ്ക്കു പോയ്‌ക്കൊള്ളാന്‍ അനുഭാവപൂര്‍വ്വം പറയും, കാരണം അവളുടെ സ്ഥാനം അടുക്കളയാണല്ലോ ! ഒരേ ക്ഷണം കിട്ടി ഒരേസ്ഥലത്തു വന്നവര്‍ക്ക് രണ്ടു സ്ഥാനം കല്‍പ്പിച്ചുകൊടുക്കുന്നതിലെ ഉദാത്തന്യായമെന്താണെന്ന് എനിയ്ക്കു മനസ്സിലാവുന്നില്ല. അവള്‍ ഉമ്മറത്തിരുന്നാല്‍ എന്താണു സംഭവിയ്ക്കുക? ഈ വിവേചനം അറിയാതെയെങ്കിലും സ്ത്രീസമൂഹത്തിന്റെ ഘാതകരാവുന്നുണ്ടെന്ന് ആലോചിച്ചാല്‍ മനസ്സിലാവും. കാണുന്നിടെത്തെല്ലാം സ്ത്രീ പീഡിപ്പിയ്ക്കപെടുന്നത് ഈ വിവേചനം വികലമനസ്സുകളിലുണ്ടാക്കിയ വിശ്വാസങ്ങള്‍ കാരണമാണ്. വെറും ലൈംഗികോപകരണം മാത്രമായി സ്ത്രീയെ മനസ്സിലാക്കുന്നതിലെ ഗുരുതരമായ പരിണിത ഫലങ്ങളാണ്. സംസാരത്തിലും സ്വഭാവത്തിലുമെല്ലാം നമ്മള്‍, വ്യത്യസ്ഥ പ്രോഗ്രാമുകള്‍ നിറച്ചു വളര്‍ത്തിവരുന്ന സമൂഹമാണിവിടെ പ്രവര്‍ത്തിയ്ക്കുന്നതെന്ന് നമുക്കു മനസ്സിലാക്കാം.

തെറ്റുചെയ്യപ്പെടുന്ന സമൂഹത്തില്‍ പുരുഷനും സ്ത്രീയും തുല്യ പങ്കാളികളാണെന്നിരിക്കെ സ്ത്രീയ്‌ക്കുമാത്രം കന്യകാത്വവും പവിത്രതയും സൂക്ഷിക്കാനുള്ള ബാധ്യത കല്പിച്ചുകൊടുത്തതും വിചിത്രമായ സംഗതിയാണ്. പുരുഷന്റെ സത്യസന്ധത അളക്കാന്‍ അളവുകോകില്ലാത്തത് അവരുടെ ഭാഗ്യമായി പുരുഷന്മാര്‍ കരുതുന്നു. ഗര്‍ഭം എന്നത് സ്ത്രീയുടെ അവകാശമായതും അത് സ്ത്രീയില്‍ മാത്രം സംഭവിക്കുന്നതും മാത്രമാണ് ഇന്ന് സ്ത്രീയുടെ മുഖ്യ പ്രശ്നമായി കാണുന്നത്. പുരുഷന്‍ തെറ്റു ചെയ്താലും അതിന്റെ ശിഷ്ടം പേറേണ്ടിവരുന്നത് സ്ത്രീ തന്നെയാണ് എന്നതാണ് പുരുഷന്മാരെ സ്ത്രീകളുടെ അധിപന്മാരായി ചിത്രീകരിയ്ക്കാന്‍ കാരണമായി ഇവിടെ കണ്ടെത്താന്‍ കഴിയുന്നത്. സമൂഹം പുരുഷന്റെ തെറ്റിനെ കശാപ്പുചെയ്യുന്നതു കാണാന്‍ ഒരുപാട് അലയേണ്ടി വരും, ചിലപ്പോഴെങ്കിലും അതു കാണാനും കഴിഞ്ഞെന്നു വരില്ല.

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയുമൊക്കെ കൊടുക്കല്‍-വാങ്ങലാണു ജീവിതം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കടം കൊടുക്കലും വാങ്ങലുമാണ് യഥാര്‍ത്ഥ ജീവിതം. മക്കള്‍, മാതാപിതാക്കള്‍, മറ്റുള്ളവര്‍ തുടങ്ങി കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന കുടുംബങ്ങളില്‍ ശാന്തി വിളയും. സ്ത്രീയും പുരുഷനും ഒരേചിറകില്‍ പറക്കുമ്പോള്‍ ആ കുടുംബം സന്തുഷ്ടികൊണ്ടു നിറയും. സ്ത്രീ-പുരുഷ വിവേചനം നടക്കുന്ന കുടുംബങ്ങളിലാണ് അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതും അതു കുടുംബത്തെ തകര്‍ത്തുകളയുന്നതും. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ വളര്‍ന്നു ജീവിച്ചു ചിന്തിച്ചു പ്രവര്‍ത്തിയ്ക്കുന്ന ഒരു സമൂഹത്തിലേ സൌമ്യമാര്‍ക്കു രക്ഷയുള്ളൂ. അങ്ങനെയുള്ള സമൂഹത്തില്‍ സൌമ്യമാര്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാന് കഴിയും.

  13 comments:

 1. സ്ത്രീ, അത് മുഴുവന്‍ ഔറത്താണ്‌! എത്ര പുരോഗമിച്ചാലും അതിനെ ഒന്ന് വിട്ടു നിര്‍ത്തുന്നത് നല്ലത് തന്നെയാണെന്നാ എന്റെ പക്ഷം. എന്ന് കരുതി മുന്‍കാലങ്ങളില്‍ നമ്മള്‍ കരുതിപ്പോരുന്ന വിശ്വാസത്തോടെ കാണണമെന്നല്ല. എല്ലാത്തിന്റെയും അവസാനം ലൈംഗീകത എന്ന് കൂടി മനസ്സിലാക്കുക.
  കൂടുതല്‍ പറയാന്‍ സമയമില്ല. മറ്റുള്ളവര്‍ പറയട്ടെ. ഞാന്‍ പിന്നെ വരാം....

  ReplyDelete
 2. കൊട്ടോടിക്കാരാ നല്ല പോസ്റ്റ്‌. ഇതിനു താഴെ എന്റെ കയ്യൊപ്പ്..

  OAB,

  എന്ന് കരുതി മുന്‍കാലങ്ങളില്‍ നമ്മള്‍ കരുതിപ്പോരുന്ന വിശ്വാസത്തോടെ കാണണമെന്നല്ല.
  അത്രക്കൊക്കെ ഔദാര്യം വേണോ..? അവരെ വിട്ടു തന്നെ നിര്‍ത്തുന്നതല്ലേ നല്ലത്. അവര്‍ അടുക്കളയില്‍ തന്നെ കഴിയട്ടെ!!!!

  എല്ലാത്തിന്റെയും അവസാനം ലൈംഗീകത എന്ന് കൂടി മനസ്സിലാക്കുക.
  എന്തിനെയും ആ കണ്ണോടെ മാത്രം നോക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക് വംശനാശം സംഭവിക്കുന്ന കാലത്ത് ഈ നാട്ടില്‍ സ്ത്രീ പീഡനം അവസാനിക്കും.

  ReplyDelete
 3. ആദ്യം അഭിപ്രായം പറഞ്ഞവരില്‍ ഒരാള്‍ മാത്രം ലേഖകനോടല്പം യോചിക്കുന്നു. ഒരാള്‍ക്കു അഭിപ്രായമില്ല!.പിന്നെ മറ്റേയാള്‍ പഴയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ഇവിടെ ഒരു കാര്യം പ്രസക്തമാണ്.സ്ത്രീയും പുരുഷനും തുല്യരാണെങ്കിലും ചില കാര്യങ്ങളില്‍ സ്ത്രീ ശ്രദ്ധിക്കേണ്ടതായുണ്ട്. അതു ഗുണമേ ചെയ്യൂ. അതായത് വസ്ത്ര ധാരണത്തിലും പെരുമാറ്റത്തിലും ഒരിക്കലും അന്യ പുരുഷനെ വശീകരിക്കത്തക്ക രീതി അവലംബിച്ചാല്‍ അതു സ്ത്രീക്ക് ദോഷകരമായിത്തീരും. പിന്നെ ഇന്നത്തെ പരസ്യങ്ങളും സിനിമകളുമൊക്കെ ഇതിനു വളം വെക്കുന്ന രീതിയിലാണ്. സിനിമകളില്‍ സ്ത്രീയെ കഴിയുന്നിടത്തോളം വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്ന പോലെ പുരുഷനു ഓവര്‍ കോട്ടും കൂടി ധരിപ്പിച്ചാണ് പാട്ടിലും മറ്റും അവതരിപ്പിക്കുന്നത്. ഹിന്ദി സിനിമകള്‍ നോക്കിയാല്‍ മതി. ഇതില്‍ പെണ്ണിനും നല്ല പങ്കുണ്ട്. പണവും പ്രശസ്തിയും മോഹിച്ചു എന്തും ചെയ്യാന്‍ ഒരുമ്പെടുന്നു. അപ്പോള്‍ സമൂഹത്തില്‍ പലതുറകളിലും മാറ്റങ്ങള്‍ ആവശ്യമാണ്. എല്ലാവരും കൂടി ( ആണും പെണ്ണും) ശ്രദ്ധിച്ചാലേ സമൂഹം നന്നാവൂ. അതു വീട്ടില്‍ നിന്നു തുടങ്ങി പുറത്തേയ്ക്ക് പ്രചരിക്കണം. അപ്പോള്‍ കുടുംബ ബന്ധങ്ങളും സമൂഹ ചിന്താ ഗതിയും ഒക്കെ ശരിയാവും. അല്ലാതെ നമ്മള്‍ ചര്‍ച്ച ചെയ്താല്‍ മാത്രം പോര.

  ReplyDelete
 4. നല്ല പോസ്റ്റ്‌ ചര്‍ച്ചകള്‍ നടക്കട്ടെ

  ReplyDelete
 5. ചര്‍ച്ചകള്‍ നടക്കട്ടെ....

  ReplyDelete
 6. അടുക്കളയില്‍ തളച്ചിടാന്‍ ഞാന്‍ പറയുന്നില്ല.
  നിങ്ങള്‍ വീട്ടിലുല്ല സ്ത്രീകളെ ആണുങ്ങളെ പോലെ ചായക്കടയില്‍ സൊറ പറഞ്ഞിരിക്കാന്‍ പറഞ്ഞയക്കുക.
  എന്റെ വീട്ടിലെ സ്ത്രീകളെ ആവശ്യത്തിനു അല്ല അത്യാവശ്യത്തിനു മാത്രം ഞാന്‍ പുറത്തിറക്കും.

  എന്തിനെയും ആ കണ്ണോടെ മാത്രം നോക്കുന്..... :)
  ശരിയാ ഞാന്‍ എന്ന് ആ നോട്ടം നിര്‍ത്തുന്നോ അന്ന് സ്ത്രീ പീഡനം കുറ്റിയറ്റു പോയി കോഴിക്ക് മുലയും വന്നിരിക്കും.
  എങ്കില്‍ പിന്നെ ഒന്ന് രണ്ടു കാര്യം പറഞ്ഞിട്ടേ പോവുന്നുള്ളു.

  1,നിങ്ങടെ അനുജന്റെ കല്യാണ നിശ്ചയത്തിനു താങ്കള്‍ പെങ്ങളെ (സ്ത്രീ) പറഞ്ഞയച്ചു. അവിടെ ചെന്ന് ആണുങ്ങളുടെ കൂട്ടത്തില്‍ ഇരുന്നു നടന്ന ചര്‍ച്ചയില്‍ ആ സ്ത്രീ കൂടുതല്‍ ഇടപെട്ടു. ഇടയ്ക്കു പെണ്ണിന്റച്ചന്‍ ചോദിച്ചു എന്തേ ഏട്ടന്‍?
  'ഏട്ടന്‍ അയലോക്കത്തെ തിരണ്ടുകല്ല്യാനത്ത്തിനു പോയതാ പകരം ഞാനാ പോന്നത്'
  അത് കേട്ടാല്‍ ആ അച്ഛന്റെ സ്വഭാവം എന്റെതാകും. പിന്നീട് കേള്‍ക്കും 'ഞങ്ങള്‍ക്ക് ഒന്നും കൂടെ ആലോചിക്കേണം' എന്ന്.

  2,നിങ്ങളും ഭാര്യയും (സ്ത്രീ) ഒരു ലോങ്ങ് യാത്രയില്‍ രണ്ടു സീറ്റിലായി ഇരുന്നു. കുറച്ചു കഴിഞ്ഞു ആ സ്ത്രീ യുടെ അടുത്ത് സീറ്റൊഴിഞ്ഞപ്പോള്‍ അവിടെ ഒരു പുരുഷന്‍ കേറി ഇരുന്നു.
  അതിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍. അയാള്‍ ആ സ്ത്രീ യുമായി പരിചയമായി. കുറെ കഴിഞ്ഞു കളിയായി ചിരിയായി. (അയാള്‍ നിങ്ങളുടെ പോലെ ചിന്തിക്കുന്നവനായിരുന്നു) അത് കാണുന്ന നിങ്ങളില്‍ ശംസയത്തിന്റെ ചോണന്‍ ഉറുമ്പ്‌ അരിക്കാന്‍ തുടങ്ങും.
  വീട്ടിലെത്തി പിന്നെ ഉറങ്ങാന്‍ കിടന്നപ്പോഴേക്കും ചിന്ത കട്ടുരുംപായി. "എന്തായിരുന്നു ഇത്ര പറഞ്ഞു ചിരിക്കാന്‍" എന്ന് നിങ്ങള്‍ ചോദിച്ചിരിക്കും. അതോടെ പോല്ലാപായി കച്ചറയായി.പറഞ്ഞു രമ്യതയിലായി. ലാസ്റ്റു ആ സ്ത്രീ: 'സ്ത്രീയും പുരുഷനും തുല്യരാണ് എന്നല്ലേ നിങ്ങള്‍ പറയാറ്' അപ്പൊ "അതൊക്കെ മറ്റുള്ളവര്‍ക്ക്. നമുക്ക് നമ്മള്‍ ആയാ മതി. എനിക്ക് നീയും നിനക്ക് ഞാനും" എന്ന് നിങ്ങള്‍പറഞ്ഞു നിങ്ങള്‍ ആ സ്ത്രീയുടെ മൂര്‍ദ്ദാവില്‍ ഉമ്മ വച്ചിരിക്കും :) :)

  3,ഒരു സ്ത്രീയുടെ കൂടെ ഒറ്റയ്ക്ക് കൂടുതല്‍ കാലം ഇട പഴകുന്ന പുരുഷന് അവളില്‍ ഒരു ഒരു...ഇംഗിതം തോന്നിയില്ലെങ്കില്‍ അയാള്‍ ഉടന്‍ ഒരു ഡോക്ടരെ സമീപ്പിക്കെണ്ടാതാണ് :) :)

  ReplyDelete
 7. OAB ..

  ആള് മാറിപ്പോയി. എട്ടനല്ല..ഏട്ടത്തി..ഇനി കാര്യത്തിലേക്ക്..

  അടുക്കളയില്‍ തളച്ചിടാന്‍ ഞാന്‍ പറയുന്നില്ല.
  നിങ്ങള്‍ വീട്ടിലുല്ല സ്ത്രീകളെ ആണുങ്ങളെ പോലെ ചായക്കടയില്‍ സൊറ പറഞ്ഞിരിക്കാന്‍ പറഞ്ഞയക്കുക.
  എന്റെ വീട്ടിലെ സ്ത്രീകളെ ആവശ്യത്തിനു അല്ല അത്യാവശ്യത്തിനു മാത്രം ഞാന്‍ പുറത്തിറക്കും.
  ആര് പറഞ്ഞു പുറത്തിറക്കാന്‍? പര്ദ്ദയിലോ പഴംതുണിയിലോ പൊതിഞ്ഞു അകത്തു തന്നെ ഇരുത്തിക്കൊള്ളൂ. അടിമകള്‍ക്ക് ഉടമ പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവില്ലല്ലോ.

  എന്തിനെയും ആ കണ്ണോടെ മാത്രം നോക്കുന്..... :)
  ശരിയാ ഞാന്‍ എന്ന് ആ നോട്ടം നിര്‍ത്തുന്നോ അന്ന് സ്ത്രീ പീഡനം കുറ്റിയറ്റു പോയി കോഴിക്ക് മുലയും വന്നിരിക്കും.
  എങ്കില്‍ പിന്നെ ഒന്ന് രണ്ടു കാര്യം പറഞ്ഞിട്ടേ പോവുന്നുള്ളു.
  താങ്കള്‍ മാത്രം ആ നോട്ടം നിര്‍ത്തിയിട്ടു കാര്യമില്ല എങ്കിലും താങ്കള്‍ ഒരാള്‍ നിര്‍ത്തിയാല്‍ അത്രയുമായി

  1,നിങ്ങടെ അനുജന്റെ കല്യാണ നിശ്ചയത്തിനു താങ്കള്‍ പെങ്ങളെ (സ്ത്രീ) പറഞ്ഞയച്ചു. അവിടെ ചെന്ന് ആണുങ്ങളുടെ കൂട്ടത്തില്‍ ഇരുന്നു നടന്ന ചര്‍ച്ചയില്‍ ആ സ്ത്രീ കൂടുതല്‍ ഇടപെട്ടു. ഇടയ്ക്കു പെണ്ണിന്റച്ചന്‍ ചോദിച്ചു എന്തേ ഏട്ടന്‍?
  'ഏട്ടന്‍ അയലോക്കത്തെ തിരണ്ടുകല്ല്യാനത്ത്തിനു പോയതാ പകരം ഞാനാ പോന്നത്'
  അത് കേട്ടാല്‍ ആ അച്ഛന്റെ സ്വഭാവം എന്റെതാകും. പിന്നീട് കേള്‍ക്കും 'ഞങ്ങള്‍ക്ക് ഒന്നും കൂടെ ആലോചിക്കേണം' എന്ന്.
  ഓഹോ അങ്ങനെയും നിയമമുണ്ടോ? അനുജന്റെ കല്യാണക്കാര്യം പെങ്ങള്‍ സംസാരിക്കരുതെന്ന്? IPC ഏതു സെക്ഷനില്‍ ആണ് അത് പറഞ്ഞിട്ടുള്ളത്? പിന്നെ..പെങ്ങള്‍ സംസാരിക്കുംബോഴേക്കും മാറുന്ന സ്വഭാവമുള്ള ഉണക്ക കാര്ന്നോരുള്ള വീട്ടീന്ന് എന്റെ അനിയന്‍ കല്യാണം കഴിക്കുമെന്നെനിക്ക് തോന്നുന്നില്ല. അതിനുള്ള വിവരവും വിദ്യാഭ്യാസവുമൊക്കെ അവനുണ്ട്.


  പിന്നെ തിരണ്ടു കല്യാണം.. അതൊക്കെ ഇപ്പൊ എവിടെയാ ഉള്ളത്? എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവരുടെ കാലത്ത് ഇതൊക്കെ ഉണ്ടായിരുന്നെന്ന്. പണ്ട് പെണ്‍കുട്ടികള്‍ കല്യാണപ്രായം ആയെന്നു നാട്ടുക്കാരെ അറിയിക്കാനുള്ള സെറ്റപ്പ് ആയിരുന്നു അത്. ഇനി അഥവാ അത് എവിടയെങ്കിലും നടപ്പുണ്ടെങ്കില്‍, അത് അയല്‍ പക്കത്തായാലും, പെണ്‍കുട്ടികളെ നാട്ടുകാരുടെ മുന്‍പില്‍ നാറ്റിക്കുന്ന ആ ഏര്‍പ്പാടില്‍ ഞാന്‍ പങ്കെടുക്കില്ലെന്ന് എനിക്കുറപ്പുണ്ട്.  2,നിങ്ങളും ഭാര്യയും (സ്ത്രീ) ഒരു ലോങ്ങ് യാത്രയില്‍ രണ്ടു സീറ്റിലായി ഇരുന്നു. കുറച്ചു കഴിഞ്ഞു ആ സ്ത്രീ യുടെ അടുത്ത് സീറ്റൊഴിഞ്ഞപ്പോള്‍ അവിടെ ഒരു പുരുഷന്‍ കേറി ഇരുന്നു.
  അതിലെന്തിരിക്കുന്നു എന്ന് നിങ്ങള്‍. അയാള്‍ ആ സ്ത്രീ യുമായി പരിചയമായി. കുറെ കഴിഞ്ഞു കളിയായി ചിരിയായി. (അയാള്‍ നിങ്ങളുടെ പോലെ ചിന്തിക്കുന്നവനായിരുന്നു) അത് കാണുന്ന നിങ്ങളില്‍ ശംസയത്തിന്റെ ചോണന്‍ ഉറുമ്പ്‌ അരിക്കാന്‍ തുടങ്ങും.
  വീട്ടിലെത്തി പിന്നെ ഉറങ്ങാന്‍ കിടന്നപ്പോഴേക്കും ചിന്ത കട്ടുരുംപായി. "എന്തായിരുന്നു ഇത്ര പറഞ്ഞു ചിരിക്കാന്‍" എന്ന് നിങ്ങള്‍ ചോദിച്ചിരിക്കും. അതോടെ പോല്ലാപായി കച്ചറയായി.പറഞ്ഞു രമ്യതയിലായി. ലാസ്റ്റു ആ സ്ത്രീ: 'സ്ത്രീയും പുരുഷനും തുല്യരാണ് എന്നല്ലേ നിങ്ങള്‍ പറയാറ്' അപ്പൊ "അതൊക്കെ മറ്റുള്ളവര്‍ക്ക്. നമുക്ക് നമ്മള്‍ ആയാ മതി. എനിക്ക് നീയും നിനക്ക് ഞാനും" എന്ന് നിങ്ങള്‍പറഞ്ഞു നിങ്ങള്‍ ആ സ്ത്രീയുടെ മൂര്‍ദ്ദാവില്‍ ഉമ്മ വച്ചിരിക്കും :) :)


  എത്രയോ പേര്‍ ദിവസവും ബസില്‍ യാത്ര ചെയ്യുന്നു. അതി പലരും ഒരുമിച്ചിരുന്നെന്നു വരാം, സംസാരിച്ചെന്നും വരാം. അത് കാണുമ്പോഴേക്കും 'ലത്‌ ആണെന്ന ശംസയത്തിന്റെ ചോണന്‍ ഉറുമ്പ്‌ അരിക്കാന്‍ തുടങ്ങുന്നുണ്ടെങ്കില്‍ കുഴപ്പം അസാരം കൂടുതലാണ്. ഭാര്യയുടെ അടുത്തു ആരെങ്കിലും വന്നാലോ സംസാരിച്ചാലോ ഉടന്‍ സംശയം ഇളകുന്ന രോഗത്തിനെ മലയാളത്തില്‍ 'തളത്തില്‍ ദിനേശന്‍ സിണ്ട്രോം' എന്ന് പറയും. ചികിത്സിച്ചാലും പക്ഷെ പൂര്‍ണമായും മാറാന്‍ ബുദ്ധിമുട്ടാണ്.


  3,ഒരു സ്ത്രീയുടെ കൂടെ ഒറ്റയ്ക്ക് കൂടുതല്‍ കാലം ഇട പഴകുന്ന പുരുഷന് അവളില്‍ ഒരു ഒരു...ഇംഗിതം തോന്നിയില്ലെങ്കില്‍ അയാള്‍ ഉടന്‍ ഒരു ഡോക്ടരെ സമീപ്പിക്കെണ്ടാതാണ് :) :)

  ഇങ്ങിതം തോന്നിയാലും ഇല്ലെങ്കിലും എന്താ? അതെങ്ങിനെ പെണ്ണിന്റെ കുറ്റമാകും? വേണ്ടാത്തിടത്തു ഇന്ഗിതം തോന്നിയാല്‍ അതിനു ചികിത്സ വേറെയാണ്. അതെന്താണെന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്

  ReplyDelete
 8. വളരെ നല്ല പോസ്റ്റ്.

  ReplyDelete
 9. വളരെ നല്ല ചിന്ത ; നല്ല മനസ്സിൽ നിന്നും വരുന്നത്.

  ReplyDelete
 10. തെറ്റുചെയ്യപ്പെടുന്ന സമൂഹത്തില്‍ പുരുഷനും സ്ത്രീയും തുല്യ പങ്കാളികളാണെന്നിരിക്കെ സ്ത്രീയ്‌ക്കുമാത്രം കന്യകാത്വവും പവിത്രതയും സൂക്ഷിക്കാനുള്ള ബാധ്യത കല്പിച്ചുകൊടുത്തതും വിചിത്രമായ സംഗതിയാണ്...!

  ReplyDelete
 11. ഞാൻ ഒന്നും പറയുന്നില്ലേ.........

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive