Monday

തുഞ്ചന്‍പറമ്പ് ബൂലോകമീറ്റില്‍ ചെയ്തതും ചെയ്യേണ്ടിയിരുന്നതും

പ്രിയ ബൂലോക സുഹൃത്തുക്കളെ,

പത്രങ്ങളും ചാനലുകളും പ്രിയ ബൂലോകരും മീറ്റ് വിജയമെന്നു പറയുമ്പോള്‍ സ്വാഭാവികമായും പ്രസ്തുത മീറ്റിന്റെ സംഘാടകരില്‍ ഒരാളെന്ന നിലയില്‍ ഉള്ളറിഞ്ഞു സന്തോഷിക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. പക്ഷേ ഇത്രധികം ബൂലോക-ഇതരലോക സുഹൃത്തുക്കളെ പങ്കെടുപ്പിച്ചു നടത്തിയ മീറ്റ് തികഞ്ഞ പരാജയമായിരുന്നു എന്ന് തുറന്നു സമ്മതിക്കാതെ വയ്യ. തുടര്‍ന്നു വായിക്കുംപോള്‍ അതു ശരിയായിരുന്നെന്ന് നിങ്ങള്‍ക്കു മനസ്സിലാവും.

ആദ്യമായി മീറ്റില്‍ നടക്കേണ്ടതായിട്ടുള്ള പരിപാടികളുടെ സമയക്രമങ്ങള്‍ വിശദീകരിയ്ക്കാം.
10 മണിമുതല്‍ 12 മണിവരെ ബ്ലോഗര്‍മാരുടെ പരിചയപ്പെടല്‍
12 മണിമുതല്‍ 1 മണിവരെ വിക്കി ക്ലാസ്സ്
2:15 മുതല്‍ താമസിച്ചെത്തിയവരെ പരിചയപ്പെടുത്തല്‍
ശേഷം ബ്ലോഗ് തുടങ്ങുന്നതെങ്ങനെയെന്ന് ഒരു ലഘു വിശദീകരണം
4 മണിയോടെ ഔദ്യോഗികമായ വിടവാങ്ങല്‍

ഇങ്ങനെയാണ് ചാര്‍ട്ട് ചെയ്തിരുന്നത്. ബ്ലോഗ് ശില്പശാല തുടങ്ങുന്നതിനുമുമ്പ് ആ വിവരം അനൌണ്‍സ് ചെയ്യാനും തീരുമാനിച്ചിരുന്നു. ബൂലോകര്‍ക്ക് ബ്ലോഗു നിര്‍മ്മാണ വിവരങ്ങള്‍ അറിയാവുന്നതാകയാല്‍ ശില്പുശാലയോടെ താല്പര്യമുള്ളവര്‍ക്കുമാത്രമായി അതു നടത്താനും മറ്റുള്ളവര്‍ക്ക് തുഞ്ചന്‍പറമ്പിന്റെ വിശാലതകളിലേക്ക് വിഹരിക്കാനും ബൂലോകസൌഹൃദം പുതുക്കാനും പരിചയപ്പെടാനും സൌകര്യപ്പെടാന്‍ വേണ്ടിയായിരുന്നു അത്. ഉച്ച ഭക്ഷണം കഴിഞ്ഞ് ബൂലോകരെല്ലാം മീറ്റ്ഹാളില്‍ കയറിയതിനു ശേഷം സംഘാടകരായ ഞങ്ങള്‍ ഭക്ഷണത്തിനിരുന്നു. പരിചയേപ്പെടാന്‍ ബാക്കിയുള്ളവരെ പരിചയപ്പെടാന്‍ ക്ഷണിക്കാനും തുടര്‍ന്ന് ശില്പശാലയായതിനാല്‍ താല്പര്യമില്ലാത്തവര്‍ക്ക് പുറത്തിറങ്ങാമെന്ന് അറിയിക്കാനും ബൂലോകരില്‍ ചിലരോട് ചട്ടം കെട്ടി ഉറപ്പുവാങ്ങിയാണ് ഞാന്‍ അവസാനക്കാരനായി ഊട്ടുപുരയിലെത്തിയത്. ഭക്ഷണശേഷം എത്തുമ്പോള്‍ ശില്പശാലനടക്കുന്നതാണു കണ്ടത്. പരിചയപ്പെടുത്തലും അറിയിപ്പും നടന്നുകാണുമെന്നുതന്നെ ഞാന്‍ വിശ്വസിച്ചു.

ഇന്ന് ഒരു ബ്ലോഗറെന്നതിലുപരി ഞാന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മാന്യദേഹത്തെ ഫോണ്‍ ചെയ്തപ്പോഴാണ് ലഞ്ചിനു ശേഷം നേരിട്ട് ബ്ലോഗ്‌ക്ലാസ് നടക്കുകയായിരുന്നെന്ന് അറിഞ്ഞത്. പരിചയപ്പെടാന്‍ സാധിക്കാതിരുന്നതിലുള്ള വിഷമം എന്നെ അറിയിക്കുകയും ചെയ്തു. സംഘാടകരായ ഞങ്ങളുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയായി ഞങ്ങള്‍ ഇതിനെ മനസ്സിലാക്കുന്നു. വളരെ നല്ലനിലയില്‍ നടത്താമായിരുന്ന മീറ്റ് കേവലം ശില്പശാലയിലൊതുങ്ങിപ്പോയതില്‍ ക്ഷമചോദിക്കുന്നു. ഡോക്ടര്‍ക്കും നന്ദുവിനും ഇത് ആദ്യമീറ്റാണ്. മറ്റുള്ള മീറ്റുകളില്‍ പങ്കെടുത്ത് പരിചയം കൂടുതലുള്ളയാളെന്ന നിലയില്‍ ഈ മീറ്റ് പരജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഞാന്‍ സ്വയം ഏറ്റെടുക്കുന്നു.

എല്ലാരും എന്നോട് ക്ഷമിക്കുക.

സ്നേഹപൂര്‍വ്വം കൊട്ടോട്ടിക്കാരന്‍

  37 comments:

 1. “മീറ്റ് തികഞ്ഞ പരാജയമായിരുന്നു!”

  കല്ലു വച്ച നുണ ഇങ്ങനെ എഴുതരുത്!

  നിരവധിയാളുകളെ ഞാൻ പരിചയപ്പെട്ടു;
  എന്നെ മറ്റു പലരും!

  169 പേർ പങ്കെടുത്ത ഒരു മീറ്റിൽ അവരെ മുഴുവൻ പരിചയപ്പെടാൻ ഒരാൾക്കും കഴിയില്ല!

  അതൊരു വീഴ്ചയായി കരുതിക്കോളൂ, പക്ഷേ തികഞ്ഞ പരാജയം എന്നൊക്കെ പറഞ്ഞ് അതിവിനിയം കാണിക്കണ്ട.

  ഞാൻ പങ്കെടുത്തതിൽ ഏറ്റവും സാർത്ഥകമായ മീറ്റാണിത്.
  കാര്യകാരണ സഹിതം ഉടൻ എഴുതുന്നുണ്ട്.

  നന്ദി!

  ReplyDelete
 2. അയ്യോ..അങ്ങനെ പറയരുത്..
  ഈ മീറ്റിനു വേണ്ടി അഹോരാത്രം ഓടി നടന്ന് വളരെ നല്ല പങ്കാളിത്തത്തോട് കൂടി മികച്ച രീതിയിൽ ഈ മീറ്റ് സംഘടിപ്പിച്ച താങ്കളെപ്പോലെയുള്ളവർ തീർച്ചയായും പ്രശംസ അർഹിക്കുന്നു., ഇവിടെ ഇത്രമാത്രം നിരാശ ഉണ്ടാക്കാൻ മാത്രം എന്താണുണ്ടായത്...ആശയക്കുഴപ്പത്തിന്റെ അഭാവം കൊണ്ടോ മറ്റോ എന്തെങ്കിലും ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായി എന്നത് കൊണ്ട് മാത്രം ഈ മീറ്റ് ഒരു തികഞ്ഞ പരാജയമായി എന്ന് വിലയിരുത്തല്ലെ..

  ഒന്നുമില്ലെങ്കിലും വിവിധ ദേശങ്ങളിൽ നിന്നും അക്ഷരക്കൂട്ടങ്ങളിലൂടെ മാത്രം പരിചയമുള്ള ഒത്തിരി ആൾക്കാർക്ക് മുഖാമുഖം ഒന്നിച്ചിരുന്ന് ഇത്തിരി നേരം സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ഒരു വേദിയൊരുക്കിക്കൊടുത്ത താങ്കളെപ്പോലെയുള്ളവർ അഭിമാനിക്കേണ്ട സന്ദർഭമാണിത്..താങ്കളെപ്പോലെയുള്ളവർ എന്റെ സൌഹ്രദവലയത്തിലുണ്ട് എന്ന് പറയുന്നത് പോലും എന്നെപ്പോലെയുള്ളവർക്ക് ഏറെ അഭിമാനകരമാണു..
  ഞമ്മൾ ബുലോകർക്കെല്ലാം അഭിമാനനിമിഷമാണിത്.

  തിരൂർ മീറ്റ് വൻ വിജയമാക്കിത്തീർത്ത അതിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു

  ReplyDelete
 3. ഇതിനാണ് പറയുന്നത് കല്ലുവെച്ച നുണകൾ എന്ന്...!
  പിന്നെ തിരൂർ മീറ്റ് വൻ വിജയമാക്കിത്തീർത്ത അതിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ ...

  സാമ്പത്തികമായി എന്തെങ്കിലും നഷ്ട്ടങ്ങൾ വന്നിട്ടുണ്ടെങ്കിൽ ,അറിയിച്ചാൽ മതി ആയതിലേക്ക് ബിലാത്തിബൂലോകർ കുറച്ച് സഹായിക്കുന്നതായിരിക്കും കേട്ടൊ ഭായ്

  അല്ലാ അടുത്തമീറ്റിന്റെ ഡേറ്റ് നിശ്ചയിച്ചുവൊ..?

  ReplyDelete
 4. കേട്ടിടത്തോളം മീറ്റ് നല്ല ഒരനുഭവമായിരുന്നു എന്നാണ് മനസ്സിലായത്. അഭിനന്ദനങ്ങള്‍.

  ReplyDelete
 5. മുരളിമുകുന്ദന്‍ പറഞ്ഞതുപോലെ ഞാനും. നഷ്ടം വന്നുവെങ്കില്‍ നികത്തുന്നതിന് ആവത് ചെയ്യാം. അറിയിക്കുമല്ലോ.

  ReplyDelete
 6. താങ്കള്‍ മുന്നിട്ടിറങ്ങിയിരുന്നില്ലെങ്കില്‍ ഈയൊരു മീറ്റ് ഉണ്ടാവുമായിരുന്നില്ല എന്നാണെന്റെ പക്ഷം.

  ReplyDelete
 7. മീറ്റില്‍ ഒരാളെ പോലും വിടാതെ അങ്ങോട്ട് ചെന്ന് പരിചയപ്പെടാന്‍ എനിക്ക് കഴിഞ്ഞു. കൂടെ ക്ലാസുകളിലും പങ്കെടുത്തു.
  തുഞ്ചന്‍ മീറ്റ് | കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു

  മീറ്റിൽ എനിക്കും തോന്നി ഒരപാകത, ഗൾഫിലുള്ളവർക്കും വരാത്തവർക്കും ലൈവായിക്കാണാനുള്ള സൗകര്യം തുൻഞ്ചന്‍ പറമ്പിലെ സ്പീഡ് നെറ്റ് കവറേജ് ഇല്ലായ്മ മൂലം മുടങ്ങിയത് കഷ്ട്ടായി. അതൊരു വലിയ നഷ്ട്ടമായി

  പരിചയപ്പെടുത്തലും കൂട്ടുകൂടലും സ്വന്തം അജണ്ടയില്‍ ഉള്‍കൊള്ളിചവര്‍ക്ക് എന്നെപ്പോലെ അതിന് നന്നായി തന്നെ കഴിഞ്ഞതില്‍ സന്തോഷം. അവയെല്ലാം നല്ല രീതിയില്‍ നല്‍കാന്‍ ഒരിടം ഒരുക്കിയ സങ്കാടകര്‍ക്ക് ഒരു പാട് നന്ദി.

  പോസ്റ്റില്‍ പറയപെട്ട പ്രശ്നം എനിക്കവിടെ ഫീല്‍ ചെയ്തില്ലാ. ഇനി ഫീല്‍ ചെയ്തെങ്കില്‍ തന്നെ അതൊരു പ്രശ്നമാണോ...
  മീറ്റ് പരാചയം എന്ന് നടത്തിപ്പ്കാരന്‍ കൊട്ടോട്ടി പറഞ്ഞാലും സമ്മതിച് തരാന്‍ മീറ്റിനെ തലേ ദിവസം മുതല്‍ അവസാനിക്കുന്നിടം വരെ കണ്ടവന്‍ എന്ന നിലയില്‍ മനസ്സിലാ. ഒട്ടും മനസ്സില്ലാ

  ReplyDelete
 8. മികച്ച അനുഭവമായിരുന്നു .......

  ReplyDelete
 9. ഇനി അങ്ങനെ തോന്നിയാലും, സാരമില്ല സുഹൃത്തെ. മീറ്റുകൾ ഇനിയും ധാരാളം ഉണ്ടാവില്ലേ?
  നമ്മുക്കെല്ലാപേർക്കും കൂടി ഭാവിയിൽ സംഘടിപ്പിക്കുന്ന മീറ്റുകൾ കൂടുതൽ നന്നാക്കാം. അത്രയല്ലെയുള്ളൂ ?. ബ്ലോഗർമാർക്കിടയിൽ മഞ്ഞുരുകാൻ ചിലപ്പോൾ സമയമെടുക്കുന്നുണ്ടാവും. തമ്മിൽ പരിചയപ്പെടുത്താനും, എല്ലാപേരെയും കൂട്ടിമുട്ടിപ്പിക്കുവാനും ചിലർ ഉണ്ടായേ തീരൂ. അത്‌ അടുത്ത മീറ്റ്‌ നടത്തുമ്പോൾ ഒന്നു കൂടി ശ്രദ്ധിച്ചാൽ മതിയല്ലോ.

  ReplyDelete
 10. മീറ്റിനെ കുറിച്ചുള്ള പല പോസ്റ്റുകളും വായിച്ചപ്പോള്‍
  വരാന്‍ കഴിയാതിരുന്നവര്‍ക്ക് അതൊരു നഷ്ടമായി
  എന്നാണു എനിക്ക് തോന്നിയത്.... എല്ലാ
  അണിയറപ്രവര്‍ത്തകര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍...
  (കല്ലുവെച്ച നുണകള്‍ എന്ന് ബ്ലോഗ്‌ നെയിം കണ്ടുവെങ്കിലും ഇത്രയും വിചാരിച്ചില്ല :))

  ReplyDelete
 11. പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും വായിച്ചിടത്തോളം മനസ്സിലായത്‌ ഇത് വളരെയധികം നന്നായി സംഘടിക്കപ്പെടുകയും അതിലും നന്നായി അവസാനിക്കുകയും ചെയ്തെന്നാണ്.പിന്നെ നൂറു ശതമാനം കുറ്റമറ്റതാക്കി ഒരുകാര്യവും ആരെക്കൊണ്ടും നടത്തുവാന്‍ കഴിയുമെന്നും തോന്നുന്നില്ല.
  ഏതായാലും ഇതിനായി പ്രവര്‍ത്തിച്ച താങ്കള്‍ക്കും മറ്റു സുഹൃത്തുക്കള്‍ക്കുമുള്ള അഭിനന്ദനങ്ങള്‍ ഇവിടെ പങ്കുവക്കട്ടെ,

  ReplyDelete
 12. നല്ല സദ്യ ഉണ്ടിട്ട് ബിരിയാണിയിൽ അല്പം നെയ്യ് കൂടി എന്ന് കുറ്റം പറയുന്ന ചിലരുണ്ട്. അത് പോലെ ഒക്കെ തന്നെ ഇതിനേയും കൂട്ടിയാൽ മതി.

  വൈകി എത്തിയവരുടെ ബാധ്യതയിൽ പെട്ടതാണ്‌ സ്വയം പരിചയപ്പെടുത്തുക എന്നത്.അതിന്‌ അവർ തന്നെ വഴി കാണേണ്ടിയിരുന്നു.

  സാധാരണ മീറ്റിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നത് കൊണ്ടാണ്‌ മീറ്റിൽ പഠനക്ലാസ്സുകൾ ഉൾപെടുത്തിയത്.അത് നമ്മുടെ സമയത്തിന്റെ പരിധിയിൽ ഉൾപെട്ടില്ല എന്നത് സത്യം തന്നെ.അതു മൂലമാണ്‌ നമ്മുടെ സൗഹൃദ സംഭാഷണങ്ങൾക്ക് സമയം ലഭിക്കാതെ പോയതും.എന്നിരുന്നാലും സൗഹൃദത്തിന്റെ തുരുത്തുകൾ തുഞ്ചൻ പറമ്പിലെ മണൽ പരപ്പിൽ അവിടെ ..അവിടെയായി രൂപാന്തരപ്പെട്ടിരുന്നു.പലരേയും നേരിൽ കണ്ടെങ്കിലും ഒന്നു ചിരിക്കാനൊ കുശലം ചോദിക്കാനൊ ആകാത്തതിൽ ഞാൻ അതീവ ദു:ഖിതനാണ്‌.

  എന്തായാലും ഒന്നുറപ്പിച്ച് പറയാനാകും
  .ഈ മീറ്റ് തികച്ചും വിജയം തന്നെ.

  ബിലാത്തിയോട് ഒരു കാര്യം.
  നമ്മുടെ മാഗസിൻ ചിലവിലേക്ക് എന്തെങ്കിലും അയക്കാനാകുമെങ്കിൽ അയച്ചു തരിക.സാമ്പത്തീക മായി വല്ലാതെ ഞെരുങ്ങുന്നു.ഉദ്ദേശിച്ച പോലെ പരസ്യം കിട്ടിയില്ല.

  ReplyDelete
 13. പ്രിയ സാബു ചേട്ടാ,

  നിങ്ങളീ പോസ്റ്റ് സുബോധത്തോടെയല്ല എഴുതിയത് എന്ന് കരുതട്ടെ,ജയന്‍ ഡോക്റ്റര്‍ പറഞ്ഞത് പോലെ ഇത് ഓവര്‍ വിനയമാണ്,പരിചയപ്പെടാന്‍ സമയം കിട്ടിയില്ല എന്ന കാര്യം തികച്ചും അടിശ്ഥാന രഹിതമാണ്,ഉദ്ദാഹരണമായി ഹാഷിമിന്റെ കാര്യം തന്നെയെടുക്കാം,സംഘാടനത്തില്‍ കൂടി പങ്കാളിയായ ഹാഷിം തന്റെ തിരക്കുകല്ക്കിദയിലെഉമ് മീറ്റില്‍ വന്ന എല്ലാവരെയും(ഒരാളെ പോലും വിടാതെ) പരിചയപ്പെട്ടു,സംഘാടനത്തില്‍ പങ്കാളിയായ ഒരാള്‍ക്ക്‌ ഇത് സാധിക്കുമെങ്കില്‍ വേദിയില്‍ എത്തിയവര്‍ എന്തെടുക്കുകയായിരുന്നു? ഊണ് പല പന്തികള്‍ ആയാണ് കൊടുത്തത്,അതില്‍ തന്നെ മണിക്കൂറുകള്‍ ഫ്രീ ടൈം എല്ലാവര്‍ക്കും ലഭിച്ചിരുന്നു. മനസ് വെച്ചാല്‍ എല്ലാവരെയും മൂന്ന് തവണ വ്യക്തിപരമായി ലാവിഷായി കണ്ട് സംസാരിക്കാന്‍ സമയം ഉണ്ടായിരുന്നു,സ്റെജിലുള്ള പരിചയപ്പെടുത്തലില്‍ വലിയ കഥയൊന്നുമില്ല.പിന്നെ ശില്പശാല സമയം കവര്‍ന്നു എന്നത് ശരി തന്നെ എങ്കിലും ഏകദേശം അന്‍പതിലധികം ആളുകള്‍ ഇതിലൂടെ ബ്ലോഗിലെത്തി എന്നത് ഏറ്റവും വലിയ ഒരു നേട്ടമാണ്.ഈ പോസ്റ്റിനോട് എനിക്ക് ഒരു തരത്തിലും യോജിപ്പില്ല,എന്തിനാണ് ഇത്തരമൊരു പോസ്റ്റ് എഴുതിയത് എന്ന് മാത്രം എനിക്ക് പിടി കിട്ടുന്നില്ല.

  ReplyDelete
 14. ഓ...ന്റെ പടച്ചോനേ......അടുത്ത തട്ടിപ്പ്... അതൊ മീറ്റ് കഴിഞ്ഞപ്പോ കൊട്ടോട്ടിക്ക് വട്ടായോ?......

  ReplyDelete
 15. മീറ്റ് നന്നായി എന്ന് എല്ലാരും പറയുന്നു..കൊട്ടോട്ടി ഉദ്ദേശിച്ച അത്ര സമയം കിട്ടിയില്ലാ ..എന്നാണു തോന്നുന്നത് എന്തേ...എല്ലാവര്കും പരിചയപ്പെടാന്‍ കഴിഞ്ഞത് സന്തോഷം തന്നെ അല്ലെ...ആശംസകള്‍ ഒരു കൂടിക്കാഴ്ച ഒരുക്കിയതിനു...

  ReplyDelete
 16. സാബു,

  ഇത്രയും പേരെ ഉള്‍പ്പെടുത്തി ഒരു വലിയ മീറ്റ് നടത്താനുള്ള വിഷമതകള്‍ എല്ലാവര്‍ക്കും മനസ്സിലാവും.നിങ്ങളുടെ സംഘാടനശേഷി നന്നായി..എന്നാല്‍ സാബു തന്നെ പറഞ്ഞപോലെ ഈ മീറ്റിലെ ഏറ്റവും വലിയ വീഴ്ച എന്നത് ആള്‍ക്കാര്‍ തമ്മില്‍ പരിചയപ്പെടുന്ന ഭാഗത്താണു വന്നത്...തുടക്കം മുതലേ എന്തോ പാളിച്ച അതില്‍ വന്നതായി എനിക്ക് തോന്നി...ബ്ലോഗ് എഴുതുന്നവരേയും പുതിയതായി ബ്ലോഗ് എഴുതാനും പഠിക്കാനും വന്നവരേയ്യും രണ്ടായി പരിചയപ്പെടുത്തിയിരുന്നെങ്കില്‍ എല്ലാവര്‍ക്കും എല്ലാവരേയും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുമായിരുന്നു..മാത്രവുമല്ല ദൂരക്കൂടുതല്‍ കൊണ്ട് താമസിച്ചു വന്ന പലരേയും പരിചയപ്പെടുത്തിയും കണ്ടില്ല..ശില്പശാലകള്‍ക്കും ഉപരി ബ്ലോഗേര്‍സ് തമ്മില്‍ പരിചയപ്പെടുന്നതും ഒരു പ്രധാന കാര്യമാകുമ്പോള്‍ അതിനു അല്പ്മ കൂടി ശ്രദ്ധ കൊടുക്കാമായിരുന്നു എന്ന് തോന്നി..

  ഇതൊന്നും ഈ മികച്ച സംഘാടനശേഷി ചെറുതാക്കി കാണിക്കാന്‍ പറഞ്ഞതല്ല..

  ReplyDelete
 17. ഈ എഴുതിയതെല്ലാം കല്ല്‌ വെച്ച നുണകളാണെന്ന് തലക്കെട്ടിലുള്ളത് കൊണ്ടും..അതി വിനയം പാടില്ലാത്തത് കൊണ്ടും തുഞ്ചന്‍ മീറ്റ്‌ വളരെ വിജയമായിരുന്നുവെന്നു അസൂയയോടെ ഞാന്‍ പ്രഖ്യാപിക്കുന്നു..

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. ഒരു മീറ്റും പൂര്‍ണ്ണമാകരുത് , അങ്ങിനെ ആയാല്‍ പിന്നെ വരും വര്‍ഷങ്ങളിലെ മീറ്റുകള്‍ക്ക് പ്രസക്തി ഇല്ലാതാകും ..:)

  പിന്നെ എനിക്ക് തോന്നുന്നത് തമ്മില്‍ കാണാനും അല്പം സംസാരിക്കാനും പിന്നെ തുഞ്ചന്‍ പറമ്പ് ഒന്ന് ചുറ്റി അടിക്കാനും വേണ്ടി ഒക്കെ തന്നെയാകും പ്രധാനമായും ബ്ലോഗേഴ്സ് വന്നിരിക്കുക ..അല്ലാതെ കൂലം കഷമായി ചര്‍ച്ച ചെയ്തു പലതും തീരുമാനിക്കാനൊന്നും ആകില്ല ..ഇത്ര അധികം ആളുകള്‍ കൂടുമ്പോള്‍ അതിനു കഴിയുകയും ഇല്ല ; ആരും ഒരു പാട് പ്രതീക്ഷിച്ചിട്ടും ഉണ്ടാകില്ല ,

  മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ മീറ്റ് തീര്‍ന്നല്ലോ .. , ഇത്രയും ആളുകള്‍ക്ക് ഒന്നിച്ചു കൂടാനുള്ള വേദി ഉണ്ടാക്കി കൊടുത്തല്ലോ ...അപ്പൊ ആ വിജയം അങ്ങട്ട് ആഘോഷിക്കാ ..അത്ര തന്നെ .!

  ഈ മീറ്റിനു മുന്നോടിയായി ഞങ്ങള്‍ രുപതോളം ബ്ലോഗേഴ്സ് പ്രവാസ ലോകത്തും ചെറിയ മീറ്റ്‌ കൂടി ... ( ചിത്രങ്ങള്‍ എന്റെ ബ്ലോഗ്ഗില്‍ ഉണ്ട് ) ... ആളുകള്‍ അധികം ഇല്ലാത്തത് കാരണം എല്ലാത്തിനും സമയം ഉണ്ടായിരുന്നു ..പറയട്ടെ പലതും ചനന്നായി ചര്‍ച്ച ചെയ്തു എങ്കിലും ഏറ്റവും പ്രധാനമായി തോന്നിയത് തമ്മില്‍ കണ്ടു സൗഹൃദം പങ്കു വെച്ച് എന്നത് തന്നെയാണ് ...

  ReplyDelete
 20. “കള്ളം പറയരുത് പ്രിയ കൊട്ടോട്ടി”

  ReplyDelete
 21. മീറ്റ് പരാജയമായിരുന്നു എന്നത് കൊട്ടോട്ടിയുടെ “കല്ലുവെച്ച നുണ“ യായി മാത്രമേ ഞാന്‍ കരുതുന്നുള്ളൂ .. ഇത്രയധികം ബ്ലോഗര്‍മാര്‍ പങ്കെടുത്ത ഒരു പരിപാടി ഇത്രയും ഭംഗിയായി അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ സഘാടകന്‍ എന്ന നിലയില്‍ കൊട്ടോട്ടിക്ക് തീര്‍ച്ചയായും അഭിമാനിക്കാം

  എന്‍റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു .

  ReplyDelete
 22. വേല ഇറക്കല്ലേ കൊട്ടോട്ടീ! പരാജയമാണ് പോലും. ഇത് കേല്‍ക്കുമ്പോള്‍ പങ്കെടുത്തവരെല്ലാം കൂടി “ അയ്യോ കൊട്ടോട്ടീ പറയല്ലേ, അയ്യോ അങ്ങിനെ പറയല്ലേ! എന്ന് കമന്റുമെന്ന് കരുതികാണുമായിരിക്കും. ഇവിടെ ഒരു പരാജയം സംഭവിച്ചിട്ടില്ലാ എന്ന് മാത്രമല്ല 916 കാരറ്റായി കാര്യം കഴിച്ചു കൂട്ടി.192 ഇല ഞാന്‍ എണ്ണി. പിന്നെ നമ്മള്‍ അവസാനം ഓണ്‍ കഴിച്ച ഇല 5.ആകെ 197 ഊണ് കണക്കില്‍. കണക്കില്‍ പെടാത്തത് വേറെ. എല്ലാവരും ക്ഷ ബോധിച്ച് പോയി.
  പാമ്പുകള്‍ക്ക് മാളമുണ്ടെങ്കിലും മീറ്റില്‍ ഇടമില്ലായിരുന്നു. അത് പറഞ്ഞത് പെണ്ണൊരുത്തി.
  പരിചയപ്പെടുത്തലിന് സമയം നിശ്ചയിച്ചത് 10മുതല്‍ 12 വരെ.അവസാനം ഞാന്‍ ഓരോരുത്തരെയും താണ് കേണ് വിളിച്ചിട്ടും പരിചയപ്പെടാന്‍ മടിച്ച് നിന്നവര്‍ എത്രയോ പേര്‍. പിന്നീട് സമയം തെറ്റി ആരെങ്കിലും വന്ന് വേദിയില്‍ പരിചയപ്പെടാന്‍ സാധിക്കാതെ വന്നെങ്കില്‍ അതില്‍ മനപൂര്‍വം വല്ലത് ഉണ്ടോ എന്ന് നോക്കിയാല്‍ പോരേ? ആര്‍ക്കും ആരോടും ഒരു വിദ്വേഷവും ഇല്ലായിരുന്നു എന്ന് മാത്രമല്ല എല്ലാവരും പരസ്പര സ്നേഹത്തിന്റെ പൂ നിലാവില്‍ കുളിച്ച് നില്‍ക്കുകയായിരുന്നു.അവിടെ സ്പര്‍ധക്ക് ഇടമില്ലായിരുന്നു.അസൂയക്ക് വകയില്ലായിരുന്നു. അസഹിഷ്ണത അയലത്ത് പോലുമില്ലായിരുന്നു.ബ്ലോഗില്‍ കടിച്ച് കീറിയിരുന്നവര്‍ പരസ്പരം കണ്ടപ്പോള്‍ ഹസ്തദാനം നടത്തി. ഇതൊക്കെ പോരേ കൊട്ടോട്ടീ നമുക്ക് എല്ലാവര്‍ക്കും. ഇതല്ലേ വിജയം എന്ന് പറയുന്നത്. അതു കൊണ്ട് ആ കൊട്ടോട്ടി വേലയെല്ലാം പരണത്ത് വെച്ച് എന്റെ പൊന്ന് മോന്‍ തമിഴന്റെ ഭാഷയില്‍ “ഗമ്മെന്നിരി.“

  ReplyDelete
 23. ഇപ്പോഴാണ് ഈ ബ്ലോഗിറ്റ്നെ പേരു സത്യമായത്. കല്ലുവെച്ച നുണ!! കൊട്ടോട്ടി മിണ്ടരുത്. ആരാ പറഞ്ഞേ. പരാജയമെന്ന്..ഏതെങ്കിലും കൂതറകള്‍ എന്നും കാണും മീറ്റ് കഴിയൂമ്പോള്‍..

  ReplyDelete
 24. ഇതുപോലുള്ള മീറ്റുകള്‍ സംഘടിപ്പിക്കുന്നതാണ് ഏറ്റവും വലിയ വിജയം. ഇനിയുമിനിയും ഇത്തരം മീറ്റുകള്‍ നടക്കട്ടെ, എല്ലാ ആശംസകളും....!

  ReplyDelete
 25. അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കൂടുതല്‍ നന്നായി മുന്നോട്ടു പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
  കൊട്ടോട്ടിയുടെ സംഘാടന മികവിനെപ്പറ്റി പല പോസ്റ്റുകളിലും കണ്ടിരുന്നു. ദയവായി മനസ് തളരാതെ മുന്നോട്ടു പോവുക.ബൂലോഗരെല്ലാം കൂടെയുണ്ട്.

  ReplyDelete
 26. എന്റെ പോന്നു സാറേ,എന്തിനാണ് ഇത്രയും വിനയം,ഞാന്‍ നേരത്തെ പറഞ്ഞല്ലോ,പരിചയപ്പെടാന്‍ ആഗ്രഹം ഉണ്ടായിരുന്നവര്‍ പരിചയപ്പെട്ടു,വേണമെങ്കില്‍ മൂന്ന് തവണ,പിന്നെ ചിലര്‍ പരിചയപ്പെടില്ല,വേണേല്‍ ഇങ്ങോട്ട് വാടാ എന്ന് പറഞ്ഞ് വട്ടം കൂടി മീറ്റില്‍ പങ്കെടുത്തവരെ അവഗണിക്കുക.ബീ ഹാപ്പീ കൊട്ടോട്ടി

  ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

  ReplyDelete
 27. കല്ലുവെച്ച നുണകള്‍ :) :) :)

  ReplyDelete
 28. വിനയം കൂടീട്ടല്ല, അതാകട്ടെ തെല്ലുമില്ലതാനും. ബൂലോകരുടെ മീറ്റില്‍ ബൂലോകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ടാവുമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നതാണ്. ആ നിലയ്ക്ക് ഉച്ചയ്ക്കു ശേഷം ശില്പശാലയാണെന്ന് ഉച്ചയ്ക്കുമുമ്പുതന്നെ അനൌണ്‍സു ചെയ്തിട്ടും നല്ലൊരു ഉശിരന്‍ മീറ്റിനുള്ള സാഹചര്യം ഒഴിവാക്കി ശില്പശാല ആവശ്യമില്ലാത്തവര്‍ മീറ്റ്ഹാളില്‍ ചടഞ്ഞു കൂടിയതിനു ഞാന്‍ ഉത്തരവാദിയല്ല. തുഞ്ചന്‍പറമ്പിന്റെ വിശാലത ആവോളമുണ്ടായിട്ടും അതു മുതലാക്കാന്‍ പലര്‍ക്കും കഴിയാത്തതും എന്റെ കുറ്റമല്ല. പിന്നെ ഈ പോസ്റ്റ്, മീറ്റില്‍ ഈഗോ കാണിച്ച് മാറിനിന്നതും കൈപിടിച്ച് ആനയിക്കാഞ്ഞതുമായ കാരണത്താല്‍ ചിലര്‍ക്ക് പരിചയപ്പെടാനും തുഞ്ചന്‍പറമ്പു കാണാനും കഴിഞ്ഞില്ലെന്ന ആക്ഷേപത്തിനു മറുപടിയാണ്. മറ്റാരെങ്കിലും ചെയ്യുന്നതിനുമുമ്പ് ഞാനങ്ങു ചെയ്യാമെന്നു കരുതി. പലരും മറ്റു ബ്ലോഗര്‍മാര്‍ ഇങ്ങോട്ടുവന്നു പരിചയപ്പെടട്ടെ എന്നമട്ടില്‍ മസില്‍പിടിച്ചു നില്‍ക്കുന്നതും ഞാന്‍ കണ്ടു. സംഘാടനത്തില്‍ ഞങ്ങള്‍ പരമാവധി വ്യക്തതയും കൃത്യതയും പാലിച്ചിട്ടുണ്ട്. ചിലര്‍ക്ക് ഞങ്ങളോട് സഹകരിക്കാനുള്ള ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കണം. ചിലയിടത്തു നിന്നെങ്കിലും എനിക്ക് വ്യക്തമായി അതനുഭവപ്പെട്ടു. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് മീറ്റില്‍ പങ്കെടുത്തവരെന്ന നിലയില്‍ അവര്‍ക്കും മീറ്റുമായി ആത്മാര്‍ത്ഥമായി സഹകരിച്ച ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ കടപ്പാട് അറിയിക്കട്ടെ. ഇതിലും നന്നായി ബൂലോകര്‍ക്ക് എല്ലാ സൌകര്യങ്ങളുമൊരുക്കി ഇനിയും ഞങ്ങള് മീറ്റു നടത്തുമെന്ന് ഉറപ്പുതരുന്നു.

  ReplyDelete
 29. ലതാണ് കൊട്ടോട്ടി,അതിനു ഇത്രയും ഓവര്‍ ആക്കി പോസ്റ്റ്‌ ഇടേണ്ട കാര്യം ഇല്ലായിരുന്നു.

  ReplyDelete
 30. അടി... ഹാ ;)
  ഇപ്പോഴാ ഈ ബ്ലോഗിനു പറ്റിയ ഒരു പോസ്റ്റു ഒത്തു വന്നത് ;)

  ReplyDelete
 31. വിമര്‍ശനത്തിനുള്ള എന്റെ മറുപടി (എന്റെ മാത്രം)

  മീറ്റിനു വന്ന 200ഓളം പേരില്‍ 40- 50 ആളുകള്‍ ബ്ലോഗിനെ കുറിച്ച് അറിയാന്‍ വന്നവരും ബ്ലോഗിനെ നല്ല രീതിയില്‍ പഠിക്കാന്‍ വന്നവരും ആയിരുന്നു. അവര്‍ വന്നത് ഒരു പഠന ക്ലാസ് ലഭിക്കാന്‍ വേണ്ടി മാത്രാ. ബ്ലോഗില്‍ സൌഹൃദ കൂട്ടായ്മ ഇല്ലാത്ത അവരിലേക്ക് മീറ്റില്‍ കൊടുക്കാന്‍ കഴിയുന്നത് ബ്ലോഗിലേയും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്കിനെയും കുറിച്ചുള്ള സാങ്കേതിക അറിവുകള്‍ മത്രമാണ്. അവരെ പൂര്‍ണ്ണമായി ഒഴിവാക്കി കൂട്ടുകൂടാന്‍ മാത്രമായിരുന്നു ഈ ഒത്തുചേരല്‍ എങ്കില്‍ മീറ്റ് അറിയിപ്പ് ബ്ലോഗില്ലൂടെ മാത്രം എല്ലാവരിലും എത്തിച്ചാല്‍ മതിയായിരുന്നു.
  ചാനലിലും പത്ര താളുകളിലൂടേയും നല്‍കിയ പ്രചാരണം കൊണ്ട് ഉദ്ദേശിച്ചതും ഇതു പോലുള്ള ആളുകളൂടെ പങ്കാളിത്തം തന്നെ ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

  സൌഹൃദം പങ്കുവെക്കുവാന്‍ തുഞ്ചപറമ്പിലെ വിശാലമായ മരത്തണലുകളും മണ്ഡപങ്ങളും ഉപയോഗിച്ചവര്‍ ഏറെ എന്ന് മീറ്റ് ഫോട്ടോകളില്‍ നിന്നും മനസ്സിലക്കാവുന്നതേ ഉള്ളൂ. അതേ സമയം തന്നെ താല്പര്യ മുള്ളവര്‍ക്ക് കേള്‍ക്കാനും പഠിക്കാനുമായി നല്ല ക്ലാസുകളും നടന്നിരുന്നു.

  രണ്ട് കൂട്ടര്‍ക്കും പരിപൂര്‍ണ്ണ സംതൃപ്തി ലഭിച്ചില്ലെന്ന് അറിയാവുന്നതോടൊപ്പം ഇരു കൂട്ടര്‍ക്കും അസംതൃപ്തി ഉണ്ടായിട്ടില്ലെന്ന് തന്നെ വിശ്വസിക്കുന്നു.

  ശില്‍പ്പശാലയും, മീറ്റും, ഈറ്റും ഒരേ ഇടത്തില്‍ ഒത്തു ചേര്‍ന്നതില്‍ എനിക്കൊരുപാട് സന്തോഷം. ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതോടൊല്‍പ്പം തന്നെ മീറ്റിനു വന്ന ഒരാളേയും (ഒരുപാട് വൈകി വന്നവരൊഴിച്ച്) കണാതെ , ചിരിക്കാതെ പോകാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ലെന്ന് എനിക്ക് തീര്‍ച്ച.
  മീറ്റില്‍ എന്നോട് ചിരിച്ച, സംസാരിച്ച എല്ലാ മീറ്റര്‍മാര്‍ക്കും ഒരുപാടൊരുപാട് നന്ദി.

  ReplyDelete
 32. ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റില്‍ (തിരൂര്‍ മീറ്റ്‌ അനുഭവങ്ങള്‍ പാളിച്ചകള്‍) മനം നൊന്താണ് കൊട്ടോട്ടി ഇങ്ങനെ എഴുതിയത് എന്നാണു ആദ്യം കരുതിയത്‌. അതോര്‍ത്തു ഒരു പാട് വിഷമിക്കുകയും ചെയ്തു.. അപ്പോളാണ് പോസ്റ്റ് ഇട്ട ഡേറ്റ് ശ്രദ്ധിച്ചത്. മീറ്റ് കഴിഞ്ഞത്തിന്റെ പിറ്റേന്നു, അതായത് ഞാന്‍ ഇതേ വിമര്‍ശനം ഉന്നയിക്കും മുന്‍പേ, ആണ് കൊട്ടോട്ടി ഈ പോസ്റ്റ് ഇട്ടതെന്ന് മനസ്സിലായപ്പോ ആണ് സമാധാനം ആയതു. സ്വയം വിമര്‍ശനം നല്ലതാണ്, എന്ന് കരുതി ഇങ്ങനെ ഓവര്‍ ആക്കരുത്. അതോ ഇതൊരു കല്ല്‌ വച്ച നുണ മാത്രമാണോ? ഒന്നുമില്ലായ്മയില്‍ നിന്ന് ഈ മീറ്റിനെ ഇത്ര വലിയ വിജയം ആക്കി തീര്‍ത്തു എങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും കൊട്ടോട്ടിക്കാന്. കൊട്ടോട്ടി കമന്റില്‍ പറഞ്ഞതിനോദ് പൂര്‍ണമായും യോജിക്കുന്നു

  ReplyDelete
 33. മീറ്റില്‍ ആദ്യാവസാനം പങ്കെടുത്ത എനിക്ക് ഈ മീറ്റ്‌ തന്ന സംപ്രിപ്തി അപാരമാണ്.കൊട്ടോട്ടിയുടെ സംഘാടക പ്രാവീണ്യം തുടക്കം മുതല്‍ ഒടുക്കം വരെ അനുഭവപ്പെട്ടു.വളരെ നാള്‍ കേരളത്തില്‍ നിന്നും മാറി നിന്ന എനിക്ക് മലയാളിയെ കുറിച്ചുള്ള പല തെറ്റി ധാരണകളും മാറ്റാന്‍ ഈ മീറ്റ്‌ സഹായിച്ചു.വളരെ ഭംഗിയായി,എണ്ണയിട്ട ഒരു യന്ത്രം പോലെയാണ് മീറ്റ്‌ നടന്നത്.പിന്നെ എനിക്കും എല്ലാവരുമായും വ്യക്തിപരമായി കണ്ടുമുട്ടാന്‍ സാധിച്ചില്ല.എങ്കിലും വളരെ അധികം ബ്ലോഗര്‍ മാരെ മീറ്റ്‌ ചെയ്തു.ഷെരീഫ് സാഹിബ് വളരെ ആക്ടീവ് ആയി മുന്നില്‍ ഉണ്ടായിരുന്നുണ്ടല്ലോ.അത് കൊണ്ട്,കൊട്ടോട്ടിയുടെ കല്ല്‌ വെച്ച നുണകള്‍ പിന്‍വലിക്കുക.വീണ്ടും ഞാന്‍ പറയുന്നു,അടുത്ത മീറ്റും കൊട്ടോട്ടിയുടെ നേതൃത്വത്തില്‍ തന്നെ നടത്തണമെന്ന്.കേരളത്തില്‍ ഉണ്ടായിരുന്ന കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇത്രയും നല്ല ഒരു കൂട്ടായ്മയില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല.പിന്നെ അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായം ഉണ്ടാവില്ലേ?വിരുധാഭിപ്രായങ്ങള്‍ അത് പോലെ കണക്കാക്കിയാല്‍ മതി.എല്ലാ ആശംസകളും.

  ReplyDelete
 34. പരാജയമാകും എന്നറിഞ്ഞതോണ്ടാ കണ്ണൂരാന്‍ മീറ്റിനു വരാതിരുന്നതെന്നു ഇപ്പൊ മനസ്സിലായില്ലേ!

  (എങ്ങനുണ്ടെന്റെ പുത്തി!)
  ഹ ഹ്ഹ്ഹ്ഹ ഹ...ഹിയോഹീഹൂ

  ReplyDelete
 35. ശരീഫ്ക്ക പലരേയും പിടിച്ച് വലിച്ചിട്ടും ആരും മുന്നോട്ട് വരാത്ത ദു:ഖാവസ്ഥ ഞാന്‍ നേരില്‍ കണ്ടു.പിന്നെ പരിചയപ്പെടുത്തലിന് സാധിച്ചില്ല എന്ന് പറഞ്ഞതിനോട്‌ ഞാന്‍ യോജിക്കുന്നില്ല.മീറ്റ് ഗംഭീര വിജയം തന്നെയായിരുന്നു.

  എനിക്ക് തോന്നിയ ഒരേ ഒരു കുഴപ്പം ഒരു ഗ്രൂപ് ഫോട്ടോ എടുക്കാന്‍ പറ്റിയില്ല എന്നത് മാത്രമാണ്.

  ReplyDelete
 36. അരീക്കോടന്മാഷേ... ഗ്രൂപ്പിനുമുമ്പ് എല്ലാരും ഗ്രൂപ്പായി മുങ്ങി. പിന്നെ ഞങ്ങളെന്തു ചെയ്യാന്‍.... പിന്നെ, എല്ലാരേം വീഡിയോയിലാക്കീട്ടുണ്ട്. സോവനീറിനൊപ്പം എല്ലാര്‍ക്കും എത്തിക്കാന്‍ ശ്രമിക്കുന്നതാണ്.

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive