Sunday

ഇനി 'ഈ' വേസ്റ്റു വാഴും കാലം

ടൂജി, ത്രീജി, ഫോർജി.. ഇതെന്തര്ജി.....
മനുഷ്യനെ ഇടങ്ങേറിലാക്കുന്ന കോടികളുടെ അഴിമതിക്കഥകൾ.! പരപരാന്ന് നേരം വെളുക്കുമ്പോൾ മുറ്റത്തുന്ന് ഒച്ച പൊന്തും. ഡൃണിംഗ്.... ഡൃണോംങ്....  പത്രക്കാരൻ പയ്യന്റെ സൈക്കിളിന്റെ മണിയൊച്ചയാണ് മിയ്ക്കവാറും എന്നെയുണർത്താറ്. സത്യത്തിൽ ഇപ്പൊ പത്രം വായിയ്ക്കാനുള്ള മനസ്സൊന്നുമില്ല. അല്ലേത്തന്നെ എന്തോന്ന് വായിയ്ക്കാനാ... മനസ്സിരുത്തി വായിയ്ക്കാൻ പറ്റിയ എന്താണ് ഇപ്പൊ ഉള്ളത്?  രാവിലേ പതിവായി പല്ലുതേക്കാതെ വെറും വയറ്റിലുള്ള കട്ടഞ്ചായയ്ക്കു കടിയായി വർഷങ്ങൾക്കുമുമ്പ് മുതൽ ശീലമാക്കിയതാണ്. പത്രത്തിന്റെ ചന്തം നോക്കൽച്ചടങ്ങ്. ഭാഗ്യം! ഒന്നാം പേജിൽ ഒറ്റ പീഡന വാർത്തയില്ല.! ഹേയ്.. അങ്ങനെയല്ല, എങ്ങാണ്ടിരുന്ന് ഐസ്ക്രീംകഴിച്ചതിന് ആരാണ്ടെയൊക്കെയോ ചോദ്യം ചെയ്തെന്ന ഒരു വാർത്തയുണ്ട്. അതല്ലേലും അതങ്ങനാ... പീഡനവാർത്തയില്ലെങ്കിൽ ഇപ്പൊ എന്തോന്ന് പത്രവായന...?

കട്ടൻ‌ചായയും കടിയും കഴിഞ്ഞാൽ പിന്നെ അരമണിയ്ക്കൂർ ചാനൽ വാർത്ത. തലേന്നു മിച്ചം വന്നതും രാത്രിയിൽ അടിച്ചുമാറ്റിയതും എല്ലാംകൂടി കാച്ചിയരിച്ചെടുത്ത് നേരത്തേ തയ്യാറാക്കിവച്ചിരുന്ന പീഡനവാർത്തകളും പാർട്ടി നേതാക്കന്മാരുടെ തമ്മിൽക്കുത്തും മേമ്പൊടി ചേർത്ത് വാദകരുടെ ഇളം നർമ്മത്തിൽ കൂട്ടിക്കുഴച്ച് ചെറുചൂടോടെ രാവിലേതന്നെ അതൊന്നു കേട്ടില്ലേൽ ബാത്ത്റൂമിൽക്കൂടി മര്യാദയ്ക്കു പോകാൻ പറ്റില്ലെന്നായിരിയ്ക്കുന്നു. ഓരോരോ ശീലങ്ങളേ..!

രണ്ടുമൂന്നു ദിവസങ്ങളായി കണ്ട മലയാളം ചാനലുകളിലൊക്കെ എന്തൊക്കെയോ മുടങ്ങാതെ തുടർച്ചയായി കാണിയ്ക്കുന്നു. ഇന്നലെ ഒരു പെണ്ണുവന്നു പറഞ്ഞപ്പഴാ സത്യത്തിൽ കാര്യം പിടികിട്ടിയത്. ഇൻസാറ്റ്-2-ഇ മരണത്തെ പുൽകാൻ കാത്തുനിൽക്കുകയാണെന്നും നല്ല ചൊവ്വും ചൊറുക്കുമുള്ള ചുള്ളനായ ഇൻസാറ്റ്-17ലേയ്ക്ക്  ചാനലുകൾ കൂട്ടത്തോടെ ചേക്കേറുകയാണെന്ന്. ആയതിനാൽ സീരിയൽ കാണുന്ന സോദരിമാരും പീഢനം സഹിയ്ക്കുന്ന അവരുടെ പതിമാരും (ഒരു മുൻകൂർ ജാമ്യം) ഇക്കാര്യം ശ്രദ്ധിയ്ക്കണമെന്നും മര്യാദയ്ക്ക് പുതിയ ഒരു റിസീവർ വാങ്ങി വേണേച്ചാ കണ്ടോളീന്നും അവളു നന്നായിത്തന്നെ പറഞ്ഞുതന്നു.

ലതുതന്നെയാണ് ഇനി നമ്മൾ അനുഭവിയ്ക്കാൻ പോകുന്നത്. ആദ്യം വന്നത് പത്തുപതിനാറടി വലുപ്പമുള്ള കൊട. അതിനു വേണ്ടി വാങ്ങിയ റിസീവർ കേടുവന്നത് മൂലയിൽ കിടക്കുന്നു. പിന്നെ ഡിഷ് ടിവിയുടെ കണക്ഷനെടുത്തു ഓഫർ (എന്റമ്മോ എന്തൊരു തട്ടിപ്പ്!) അനുസരിച്ചുള്ള മാസങ്ങൾ കഴിഞ്ഞപ്പൊ അവരുടെ തനിനിറം വെളിവാകാൻ തുടങ്ങി. അതുമുപേക്ഷിച്ച് ആറടീന്റെ കൊടയൊരെണ്ണം വാങ്ങി പുതിയ ഒരു റിസീവറും സ്ഥാപിച്ചപ്പം എന്തര് സുഖം! ഓഫറും വേണ്ട കാഫിറും വേണ്ട മാസവാടക തീരെ വേണ്ടാ. കഴിഞ്ഞ കുറേ മാസങ്ങളായി അങ്ങനെ ചിന്തിച്ച് സമാധാനിയ്ക്കുമ്പോഴാണ് ചാനനുകളുടെ ഈ ചുവടുമാറ്റം. "ഡി.വി.ബി എസ് 2, എംപെഗ് 4, എച്ച്.ഡി". എന്നിവയെ താങ്ങുന്ന റിസീവറുണ്ടെങ്കിലേ  ഇനിയങ്ങോട്ട് മലയാളത്തിൽ കാണാൻ പറ്റൂ എന്ന മഹാസത്യം അറിഞ്ഞപ്പോൾ ഒന്നു ഞെട്ടി. രൂപാ മൂവായിരത്തഞ്ഞൂറ് ഇനിയും മുടക്കണം. തൽക്കാലം ആയിരത്തറിന്നൂറോളം മുടക്കി എയർടെല്ല് ഒരെണ്ണമങ്ങു വച്ചു.

സത്യത്തിൽ ഇപ്പഴാണ് ശരിയ്ക്കും ഞെട്ടൽ വരുന്നത്. മൂന്നു റിസീവറുകൾ ഒന്നിനുമീതെ ഒന്നായി മൂലയിൽ ഭദ്രം! നാലാമതൊരെണ്ണം സ്ഥാപിച്ചിട്ടുമുണ്ട്. കേടുവന്ന പഴയ ഒരു 40 ജിബി കമ്പ്യൂട്ടർ ഒരു വശത്ത്, ഉപയോഗശൂന്യമായ മൂന്നു റിസീവറുകൾ മറുവശത്ത്. മുട്ടിനുമുട്ടിനു വാങ്ങിക്കൂട്ടി കേടുവന്ന ചൈനാ മൊബൈലുകൾ രണ്ടിനുമിടയിൽ. ഇതെല്ലാം കൂടി എവിടെ പണ്ടാരടക്കാനാണ്... ചുറ്റുമുള്ള വീടുകളിലെ സ്ഥിതികൂടി ആലോചിയ്ക്കുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാവുന്നത്. പഴയ ടേപ്പ് റിക്കാർഡർ, റേഡിയോ, ടിവി, കമ്പ്യൂട്ടർ. റിസീവർ തുടങ്ങി എന്തെങ്കിലുമൊക്കെ വേസ്റ്റായിക്കിടക്കാത്ത വീടുകൾ അത്യപൂർവ്വമായിരിയ്ക്കും. ഇപ്പോൾത്തന്നെ എംപെഗ്4 റിസീവർ ഇന്ത്യയിൽ എല്ലാരും വാങ്ങുമ്പോൾ അവരുടെ ഡി.വി.ബി.-എംപെഗ് 2 റിസീവറുകൾ കോടിക്കണക്കിനാണ് വേസ്റ്റായി മാറുന്നത്. ഇക്കണ്ട വേസ്റ്റുകളെല്ലാം കൂടി എന്തു ചെയ്യാനാണ്...? ഇപ്പൊത്തന്നെ ഇലക്ട്രോണിക് വേസ്റ്റുകൾ കൊണ്ട് ആകെ മലീമസമായിരിയ്ക്കുന്നു എല്ലായിടവും. അതിന്റെ പുറത്താണ് ഇപ്പോൾ ഈ ചാനലുകളുടെ ഉപഗ്രഹമാറ്റം. അത് അനിവാര്യമാണെന്നതു വേറേ കാര്യം. രാജ്യത്ത് എത്ര കുടുംബങ്ങളിലെ റിസീവറുകൾ ഉപയോഗശൂന്യമാവുമെന്ന് ഒരു കണക്കുമില്ല. ഇതെല്ലാം മൂലയിലിടുമെന്നതിനു പുറമേ പുതിയവ വാങ്ങുന്നുമുണ്ട്. ഈ കേടുവരുന്ന ഇലക്ടോണിക്സ് ഉപകരണങ്ങൾ എന്തു ചെയ്യണമെന്നതിനെപ്പറ്റി നാം ആലോചിയ്ക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു. ഇപ്പോൾത്തന്നെ പരിഹാരമാർഗ്ഗങ്ങൾ ആലോചിച്ചു തുടങ്ങിയിട്ടില്ലെങ്കിൽ നാളെ അത്യന്തം ഗുരുതരമായ ഒരു സാഹചര്യം ഇവിടെ ഉടലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇ-വേസ്റ്റ് എന്നത് ലോകത്തെ ഏറ്റവും വലിയ ദുരന്തമാവാൻ ഇനി അധികദൂരം സഞ്ചരിയ്ക്കേണ്ടി വരുമെന്ന് തോന്നുന്നില്ല.

കൊണ്ടോട്ടിയിൽ നിന്ന് കൊണ്ടോടിയിലെത്തി ഒരു വീടു പണിയണമെന്ന് ഒരാഗ്രഹമുണ്ട്. ചുമരിൽ ഇഷ്ടികയ്ക്കു പകരം പഴയ റിസീവറുകൾ ഉപയോഗിച്ചാലോ എന്ന ആലോചനയിലാണ്. അതാവുമ്പം പണവും ലാഭിയ്ക്കാം, മറ്റുള്ളവർക്ക് ശല്യവും ഒഴിവാക്കാം... യേത്.....

  4 comments:

  1. വീടിനെക്കാൽ വലിപ്പത്തിൽ വെയ്സ്റ്റുകൾ ഉണ്ടായാൽ പിന്നെന്ത് ചെയ്യും? വാർത്തകൾക്കൊക്കെ അതിന്റെതായ പേജുകളുണ്ട്.
    പീഡനവാർത്തകളൊക്കെ ഒരു പത്രത്തിൽ 13ആം പേജിൽ മാത്രമാണ്.

    ReplyDelete
  2. വലിയൊരു പാരിസ്ഥിതിക പ്രശ്നത്തിലേക്കാണു താങ്കള്‍ വിരല്‍ ചൂണ്ടിയിരിക്കുന്നത്.ഇപ്പൊള്‍ തന്നെ ആവശ്യത്തിലധികം ഉണ്ട്. അതു കൂടാതെ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്നു കയറ്റിയയക്കുന്ന ഇ വേസ്റ്റുകളും, കപ്പല്‍ കണക്കിനു വരുന്നുണ്ടത്രെ, മിക്കതും നമ്മള്‍ അറിയാറില്ല,നമ്മുടെ പത്രങ്ങള്‍ക്ക് പീഡനം റിപ്പോര്‍ട്ട് ചെയ്യാനേ നേരമുള്ളു...
    അത് പോലെ ഇലക്ട്രോണിക് കടകളുടെ പിന്നാമ്പുറം പോയി നോക്കണം. നമ്മള്‍ എക്സ്ചേഞ്ച് ചെയ്ത് ടിവിയും ഫ്രീഡ്ജും വാഷിങ്ങ് മെഷീനുമൊക്കെ കുന്നു കൂടി കിടക്ക്ണുണ്ടാവും. ഇതൊക്കെ ആരാ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ പോണത്..

    ReplyDelete
  3. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
    ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
    ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

    ReplyDelete

Popular Posts

Recent Posts

Blog Archive