Monday

ആഘോഷങ്ങൾ - ആഭാസങ്ങളും

ഒരു പുതിയ വർഷം പിച്ചവച്ചു തുടങ്ങുകയാണ്. സംഭവ ബഹുലമെന്ന് വിശേഷിപ്പിയ്ക്കാവുന്ന, ലോകത്തിന്റെ മുക്കിലും മൂലയിലും സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളും സമരങ്ങളുമൊക്കെ കൊടുംബിരികൊണ്ട പലതും വിജയത്തിലെത്തിച്ചേർന്നിട്ടുള്ള ഒരു വർഷമാണ് വിടപറയുന്നതെന്നും നമുക്കറിയാം. പോയവർഷത്തെ വിലയിരുത്താനല്ല ഈ പോസ്റ്റ്. പുതുവർഷം കടന്നുവരുമ്പോൾ എല്ലാ വർഷങ്ങളിലുമെന്നപോലെതന്നെ സമൂഹം, വിശേഷിച്ച് യുവസമൂഹം ആ പുതുവർഷത്തെ ആഘോഷിയ്ക്കുവാനുള്ള, ആഘോഷം കൊഴുപ്പിയ്ക്കുവാനുള്ള, കെങ്കേമമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയിൽ നടന്നുകൊണ്ടിരിയ്ക്കുന്നത് എന്ന് കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങൾ വച്ചുകൊണ്ട് നമുക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ടല്ലോ. കോടിക്കണക്കിനു രൂപയുടെ മദ്യം കുടിച്ചുകൊണ്ട് പലപ്പോഴും സംഘട്ടനങ്ങളും ആക്രമണങ്ങളുമൊക്കെ അരങ്ങുതകർത്തുകൊണ്ടാണ് പുതുവത്സരപ്പിറവി ആഘോഷിക്കപ്പെടാറുള്ളത് എന്ന് മുൻ അനുഭവങ്ങൾ നമ്മെ പഠിപ്പിയ്ക്കുന്നുണ്ട്. എത്രകോടിയുടെ മദ്യം ഈ സമൂഹം പുതുവത്സരം പ്രമാണിച്ച് കുടിയ്ക്കും എന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ നാമറിയും.

ഒരു പുതിയ വർഷം നമ്മിലേയ്ക്ക് വിരുന്നെത്തുമ്പോൾ കടന്നുവരുമ്പോൾ ഒരു വ്യക്തിയ്ക്ക് അല്ലെങ്കിൽ ഒരു സമൂഹത്തിന് ആനന്ദിയ്ക്കാൻ പാടില്ല എന്ന് അർത്ഥമില്ല. ഒരു പുതിയ കാലവും കാര്യവും കടന്നുവരുമ്പോഴും ആരംഭിയ്ക്കുമ്പോഴുമൊക്കെ ന്യായമായും സന്തോഷിയ്ക്കാറുണ്ട്. ഒരു കുഞ്ഞുപിറക്കുമ്പോൾ, ഒരു പുതിയ വീട്ടിലേയ്ക്ക് താമസം മാറുമ്പോൾ, ഒരു പുതിയ വാഹനം തരപ്പെടുത്തുമ്പോഴൊക്കെ നമ്മൾ സന്തോഷിയ്ക്കാറുണ്ട്. എന്നാൽ കേവലം പുതുവത്സരത്തിന്റെ ആഗമനം മാത്രമല്ല ഇവിടെ സംഭവിയ്ക്കുന്നത്. ഒരു പുതിയ വർഷം കടന്നുവരുമ്പോൾ ഒരു വർഷം നമ്മോട് വിടപറയുന്നു എന്നതുകൂടി ഇവിടെ സംഭവിയ്ക്കുന്നുണ്ടെന്ന് പലപ്പോഴും നമ്മൾ മറന്നുപോകുന്നു. അതുകൊണ്ടാണ് സന്തോഷ പ്രകടനങ്ങൾ എത്തരത്തിലുള്ളതായിരിയ്ക്കണം  അല്ലെങ്കിൽ ഒരു പുതിയ വർഷം കടന്നുവരുമ്പോൾ എന്തെല്ലാം വികാരങ്ങളാണ് ഒരു മനുഷ്യന്റെ മനസ്സിലുണരേണ്ടത് ഇതൊക്കെ വിവേകമതികളായിട്ടുള്ള ആളുകൾ എന്നു വിളിയ്ക്കുന്ന നമ്മൾ വളരെ ഗൗരവപൂർവ്വം ചിന്തിയ്കേണ്ട കാര്യമാണ് എന്നു പറയുന്നത്. മൂക്കറ്റം ലഹരിയിൽ ആറാടിക്കൊണ്ടാണോ പുതുവത്സരം ആഘോഷിയ്ക്കേണ്ടത്, ചെണ്ടകൊട്ടിയും കൂക്കിവിളിച്ചും പടക്കം പൊട്ടിച്ചുമാണോ പുതുവത്സരത്തെ നം വരവേൽക്കേണ്ടത്, തെരുവുകളിൽ ആഭാസ നൃത്തം ചവിട്ടിയും അഴിഞ്ഞാട്ടം നടത്തിയുമാണോ പുതുവത്സരത്തിനു സ്വാഗതമോതേണ്ടത് എന്ന് വളരെ ഗൗരവപൂർവ്വം ആധുനിക മനുഷ്യസമൂഹം ചിന്തിയ്ക്കേണ്ടതുണ്ട്. ഇതിന് മതത്തിന്റെയോ ജാതിയുടേയോ വ്യത്യാസമില്ല. ആരും മോശക്കാരാവാതിരിയ്ക്കാൻ വേണ്ടുവോളം ശ്രദ്ധിയ്ക്കുന്നുണ്ടല്ലോ.! അതുകൊണ്ടാവണം ബുദ്ധിജീവികളും മതനേതാക്കളും സാമൂഹ്യനേതാക്കളുമൊക്കെ നമ്മുടെ നാടിനെ ഗ്രസിച്ചുകൊണ്ടിരിയ്ക്കുന്ന ഇത്തരത്തിലുള്ള അനാചാരങ്ങൾ വേണ്ടുവോളം ശ്രദ്ധിയ്ക്കാതിരിയ്ക്കുന്നത്. ലഹരി ഉപയോഗിയ്ക്കാത്തവർ പോലും ആഭാസനടനങ്ങളിൽക്കൂടിയെങ്കിലും ഇതിൽ ഭാഗഭാക്കാവുന്നുണ്ട്.

ഒരു വലിയ ജാഗ്രത നാട്ടുകാരും രക്ഷിതാക്കളും മതനേതാക്കളും കാത്തു സൂക്ഷിയ്ക്കണമെന്ന് സൂചിപ്പിയ്ക്കാതിരിയ്ക്കാനാവില്ല. വിടപറയുന്ന വർഷത്തെ സംബന്ധിച്ചിടത്തോളം അതല്ലെങ്കിൽ ഓരോ നിമിഷവും മുള്ളിന്മേൽക്കളികളിക്കുന്ന സമയകാലങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തികളും തങ്ങൾ കഴിഞ്ഞുപോകുന്ന സമയത്തെയും കാലത്തെയും സംബന്ധിച്ച് ബോധാന്മാരാവേണ്ടതുണ്ട്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജ്ഞാനം എന്നു പറയുന്നത്, അതല്ലെങ്കിൽ സമയം എന്നു പറയുന്നത് ധാരാളം ഗുണപാനങ്ങൾ സമയത്തെക്കുറിച്ചുള്ള ചിന്തയിലും ആലോചനയിലും ആവൃതമാക്കാൻ ആത്മാർത്ഥമായിത്തന്നെ ശ്രമിയ്ക്കേണ്ടതുണ്ട്. വിവേകശാലികൾക്ക്  ഭാവിയെക്കുറിച്ച് ചിന്തിയ്ക്കൽ ഒഴിവാക്കാൻ പറ്റാത്തതാണെന്നും അവിവേകമായ സ്വഭാവ രീതികൾ തങ്ങളെ എങ്ങനെ സ്വാധീനിയ്ക്കുന്നുവെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. കഴിഞ്ഞകാലത്തെ അവഗണിച്ചുകൊണ്ടുള്ള ഒരു പുതിയ കാലം യഥാർത്ഥ മനുഷ്യർക്കില്ല അല്ലെങ്കിൽ ഒരു ഇന്നലയെ അവഹേളിച്ചുകൊണ്ടുള്ള ഒരു നാളെ അവന്റെ മുന്നിലില്ല എന്നതു തന്നെയാണ് വാസ്തവം. അങ്ങനെയാകുമ്പോൾ കഴിഞ്ഞ വർഷങ്ങളെ മറന്നുകൊണ്ടുള്ള ഒരു പുതിയ വർഷം അവന്റെ മുന്നിലില്ല. ഒരു പുതുവത്സര ആഘോഷത്തിന്റെ പ്രസക്തി തീരെ ഇല്ലാതാവുന്നു. അതുകൊണ്ടാണ് ചരിത്രത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച്, കഴിഞ്ഞ കാലഘട്ടത്തിന്റെ മഹത്വത്തെ സംബന്ധിച്ച് നാം ചിന്തിയ്ക്കേണ്ടതുണ്ട് എന്നതിനു പ്രസക്തിയേറുന്നത്. അതുകൊണ്ടുതന്നെ പുനർചിന്തനം നമ്മുടെ നിത്യ ആചാരമാക്കേണ്ടി വരുന്നു.

സൂര്യാസ്തമയങ്ങൾ നയനമനോഹരം തന്നെയാണ്. അണയാൻ പോകുന്നേരമാണ് ആ പ്രഭയെന്നത് മറക്കാതെയാവണമെന്നുമാത്രം. ഓരോ ദിവസവും സൂര്യനസ്തമിയ്ക്കുമ്പോൾ എന്തൊക്കെയാണ് താൻ അന്നന്നു ചെയ്തതെന്നും എന്തൊക്കെയാണ് താൻ ചെയ്യാതെ മാറ്റിവച്ചതെന്നും പരിശോധിയ്ക്കേണ്ടതുണ്ട്. ഓരോ പുതിയ ദിവസവും മാസവും വർഷവും നമ്മെ സംബന്ധിച്ചിടത്തോളം ആത്മവിചാരണയുടെ സമയങ്ങളാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ എന്നത് സംശയമാണ്. അങ്ങനെ വിചാരണ നടത്തുന്നവരെ നമുക്ക് മനുഷ്യരെന്നു വിളിയ്ക്കാം. ക്രമംകെട്ട രീതിയിൽ മനസ്സും ശരീരവും പ്രവർത്തിപ്പിയ്ക്കാൻ പ്രേരണനൽകുകയും പ്രോത്സാഹിപ്പിയ്ക്കുകയും ശീലിപ്പിയ്ക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുന്ന തലതിരിഞ്ഞ സംസ്കാരവും സംസാരവും ഇന്ന് നമ്മുടെ സമൂഹത്തിൽ അധികരിച്ചുകൊണ്ടിരിയ്ക്കുന്നു. അതിൽത്തന്നെ ഏറ്റവും നല്ല ഉദാഹരണമാണ് വ്യക്തികളുടെ ജന്മദിനങ്ങൾ ആഘോഷിയ്ക്കുക എന്നത്. വലിയ സമ്മേളനങ്ങൾ തന്നെ നാം അവയ്ക്കുവേണ്ടി സംഘടിപ്പിയ്ക്കാറുണ്ട്. നമ്മുടെ ആഘോഷങ്ങൾക്ക് നാം ന്യായീകരണങ്ങൾ നിരത്താൻ നാം മത്സരിയ്ക്കാറുണ്ട്. ഒരു വർഷം നമ്മോടു വിടപറയുമ്പോൾ വരാൻ പോകുന്ന പുതിയ വർഷത്തെ അവഗണിച്ചു മുന്നോട്ടു പോകണമെന്നല്ല. പോയവർഷത്തെ തന്റെ പ്രവർത്തനത്തിൽ, ജീവിതത്തിൽ താൻ എത്രമാത്രം സംതൃപ്തനായിരുന്നു, മാനുഷിക മൂല്യങ്ങൾ ഉയർത്തുന്ന പ്രവർത്തനങ്ങൾ തന്നെയാണോ താൻ ചെയ്തു കൂട്ടിയിട്ടുള്ളത് എന്നു വിലയിരുത്തിയതിനു ശേഷം മാത്രം മതി പുതുവത്സരാഘോഷമെന്നാണ് എനിയ്ക്കുതോന്നുന്നത്.

കടമകളും കർത്തവ്യങ്ങളും കാറ്റിൽപ്പറത്തി തോന്നിയതുപോലെ ജീവിയ്ക്കുന്നവന് പുതുവത്സരമാഘോഷിയ്ക്കാൻ എന്താണവകാശം! തകർന്നുകൊണ്ടിരിയ്ക്കുന്ന തന്റെ ആയുസ്സിനെക്കുറിച്ച് ചിന്തിയ്ക്കുന്നില്ലാ എന്നത് അത്ഭുതം തന്നെയാണ്. അതാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിന്തിയ്ക്കേണ്ടതും. ഓരോ ദിനവും കഴിഞ്ഞുപോകുന്നത് തന്റെ ജീവന്റെ വൃക്ഷത്തിൽ നിന്ന് ആയുസ്സിന്റെ ഓരോ ഇലകളേയും പൊഴിച്ചുകൊണ്ടാണെന്നത് നാം മറന്നുപോകുന്നു. അതുകൊണ്ടുതന്നെ സമയം നമുക്ക് ഏറ്റവും വിലപ്പെട്ടതാണ്. മനുഷ്യൻ എവിടെയെങ്കിലും കൂടുതലായി ശ്രദ്ധിയ്ക്കേണ്ടതുണ്ടെങ്കിൽ, പിശുക്കുകാണിയ്ക്കേണ്ടതുണ്ടെങ്കിൽ അവന്റെ സമയം ഉപയോഗപ്പെടുത്തുന്നതിലാവണം എന്നത് യാഥാർത്ഥ്യമാണ്. സമയമാണ് നമുക്ക് ഏറ്റവും ദുർല്ലഭമായിമാത്രം ലഭ്യമാകുന്നത്, നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാനാകാത്തതും.

  9 comments:

  1. ശരിക്കും ആഘോഷിക്കാനുള്ളതാണോ പുതുവര്‍ഷം? ഓരോ 365 ദിവ്സങ്ങള്‍ കഴിയുമ്പോഴും മരണത്തിലേക്ക് നമ്മള്‍ ഒരു വര്‍ഷം കൂടി അടുക്കുകയല്ലേ ചെയ്യുന്നത്?! അതോര്‍ത്താല്‍ അഘോഷിക്കാന്‍ പറ്റുമോ?

    ReplyDelete
  2. പുതിയ വർഷം പുതിയ തുടക്കം സമ്മാനിക്കട്ടെ..... തുടക്കങ്ങളെല്ലാം നല്ലതാകട്ടെ... നന്മയിലാവട്ടെ........

    ReplyDelete
  3. ചിന്തിപ്പിക്കുന്ന പോസ്റ്റ്,

    പുതുവത്സരാശംസകൾ

    ReplyDelete
  4. എന്റെ കൊട്ടോട്ടീ! ങ്ങള് ഏത് ദുനിയാവിലാണ് താമസിക്കുന്നത്? ഇതാ പ്പോ നെലവിലുള്ളത്. കാര്യം വിളിച്ച് പറയുന്നവന്‍ വിഡ്ഡി...പമ്പര വിഡ്ഡി...ശനിയാഴ്ച്ച രാത്രി കുടുംബ സഹിതം ഞാന്‍ തിരൂര്‍ ഉണ്ടായിരുന്നു. നമ്മുടെ നന്ദുവും ഡോക്റ്റര്‍ ആര്‍.കെ. തിരൂരും സാക്ഷി. ങ്ങളും സാക്ഷി. ഹാ! ദെന്താ കഥ...ന്യൂ ഇയര്‍ കാണണേങ്കീ തിരൂര്‍ പോയി കാണ്, എന്തൊരു അച്ചടക്കം... എന്തൊരു ക്ഷമ...നീണ്ട് നീണ്ട് പോകുന്ന ക്യൂ....ചുള്ളന്മാര്‍ അങ്ങിനെ വരി വരി ആയി നിക്കുവാ ലെയിനില്‍ റേഷന്‍ വാങ്ങുവാന്‍...നമ്മുടെ സര്‍ക്കാര്‍ വക സാധനം വാങ്ങാന്‍...ബീവറേജ് കോര്‍പറേഷന്‍...എന്ത് മനോഹരമായ പേരു. എനിക്ക് പ്രിയപ്പെട്ട സ്ഥലമായ തിരൂരില്‍ അന്ന് ഞാനനുഭവിച്ചത് ഇന്ന് തന്നെ പോസ്റ്റുന്നുണ്ട്..അവന്റെയെല്ലാം അമ്മായി അപ്പന്റെ ന്യൂ ഇയറു....മലയാളി എന്ന് പറയുന്നവന്‍ അനുകരണങ്ങളുടെ ആശാന്‍ ആണ്. ഇപ്പോള്‍ കക്കൂസില്‍ വെള്ളമല്ല പേപ്പറുണ്ടോ എന്നാ ചുള്ളന്മാരുടെ ചോദ്യം....സായിപ്പ് അങ്ങിനാ ചെയ്യുന്നേ എന്ന്.ചിങ്ങം ഒന്നാം തീയതി ബൂലോഗത്ത് പുതു വത്സരാശംസകള്‍ നേര്‍ന്ന് ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു..ആര്‍ക്കും മറുപടിയില്ല. ദാ മറുപടി വരുന്നു....ഇത് ലോകം മുഴുവന്‍ ആഘോഷിക്കുന്ന ന്യൂ ഇയര്‍ ആണെന്ന്....കഷ്ടം! ലോക ജനസംഖ്യയില്‍ ..ചൈനാക്കാരന്‍ ഉള്‍പ്പടെ ....ഇതെന്താണെന്ന് പോലും അറിയില്ല.ലോകം എന്ന് വെച്ചാല്‍ പാശ്ചാത്യര്‍ മാത്രം...അവരു ചെയ്യുന്നത് മാത്രം ശരി...അനുകരിക്കേണ്ടവ.... സ്വന്തം അമ്മയേക്കാളും വലുതാ സായിപ്പിന്റെ അമ്മ കൂടുതല്‍ കുറിക്കുന്നില്ല...എഴുതാന്‍ ഉദ്ദേശിക്കുന്ന പോസ്റ്റിന്റെ ചൂട് പോകും. താങ്കളുടെ പോസ്റ്റിന്റെ സാരസ്യം അല്‍പ്പം ഉള്‍ക്കൊണ്ട് 2009ല്‍ ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു;തീര്‍ച്ചയായും വായിക്കണേ!http://sheriffkottarakara.blogspot.com/2009/12/blog-post_1135.html

    ReplyDelete
  5. പുതുവത്സരം എനിക്ക് സന്തോഷം നൽകുന്നില്ലെന്ന് ഖേദപൂർവ്വം അറിയിക്കട്ടെ! എനിക്ക് ഒരു വയസ്സ് വീണ്ടും കൂടിയെന്ന നഗ്നസത്യം ഓർത്ത് നടുങ്ങി നട്ടം തിരിയുന്നതിനിടെ എങ്ങനെ സന്തോഷിക്കാനാണ്!

    ReplyDelete
  6. എന്തും അനുകരിക്കുന്ന മല്ലുവിന് (മലയാളി അല്ല) ചെയ്യുന്നത് എന്താണെന്നു ഒരു ബോധവുമില്ല. എങ്ങനെ ഉണ്ടാവും...................
    കോര്‍പറേഷന്റെ കള്ളുകടയില്‍ വെള്ളം കേറി ജനങ്ങള്‍ അനുഭവിച്ച "ദുരിത" ത്തിന്‍റെ ഒരു ചിത്രം കാണാനിടയായി. പുതുവത്സരം കൂടുതല്‍ ചിത്രമയമാകട്ടെ.

    ReplyDelete
  7. New yearinu njan evite nalla onnantharam arabikalude koodeyirunnanu kallu kudichatum mattu palathum cheythathum.
    engalu malayalikale vittu pidi shareef kakka.
    rajavinekkal baliya rajabhakthiyo?

    dubaininnum oru malayali.

    ReplyDelete

Popular Posts

Recent Posts

Blog Archive