Wednesday

അവർക്ക് ലക്ഷ്യബോധമുണ്ട്. നമ്മൾക്കാണതില്ലാത്തത്.

   നിയമങ്ങൾ ലംഘിക്കപ്പെടാനും കോടതിവിധികൾ കേവലം ചടങ്ങുകളായി മാറ്റപ്പെടാനും നീതി നിഷേധിക്കപ്പെടാനുമുള്ളതാണ് എന്നുള്ളത് ഒരു നിർബ്ബന്ധ ശീലമാക്കി അതനുസരിക്കുകയാണ് ഇന്ന് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷ ജനസമൂഹവും ഭരണകൂടവും നീതിപീഠങ്ങളും. ഒരു ഭാഗത്ത് സർക്കാർ തന്നെ പ്രതിപക്ഷ പിന്തുണയോടെ  കോടതി വിധികളും നിയമങ്ങളും കാറ്റിൽ പറത്തി ഭരണം നടത്തുമ്പോൾ മറുവശത്ത് പൊതുജനങ്ങൾ വിധിനിയമലംഘനങ്ങൾ സാർവത്രികമായി അനുസരിച്ചു വരുന്നു. സാമൂഹ്യനീതി നടപ്പിലാക്കേണ്ട നിയമപാലകർ തന്നെ സാമാന്യ ജനങ്ങളുടെ അന്തകരാകുന്നു. തെളിവു കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കാനുള്ള സാഹചര്യമൊരുക്കേണ്ടവർ തെളിവു നശിപ്പിച്ചു ക്രിമിനലുകളെ സംരക്ഷിക്കുകയും സ്വയം ക്രിമിനലുകളായി മാറുകയും ചെയ്യുന്നു. പരസ്പരം ചേരിതിരിഞ്ഞുള്ള കലാപരിപാടികളും കൂടിയാകുമ്പോൾ ചിത്രം ഏതാണ്ടു പൂർത്തിയാകുന്നു. സാധാരണക്കാരായ പാവങ്ങൾ എങ്ങനെ ജീവിക്കണമെന്നോ  അവർക്ക് ആരു നീതി നടപ്പിലാക്കുമെന്നോ അവരുടെ ജീവനും സ്വത്തിനും ആര് സംരക്ഷണം ചെയ്യുമെന്നോ മാത്രം ഒരെത്തുംപിടിയുമില്ല.

പാതയോര യോഗ നിരോധനം.


   പൊതു നിരത്തുകൾ സഞ്ചരിക്കാനുള്ളതാണെന്നും അതു യോഗം കൂടാനുള്ളതല്ലെന്നും കാണിച്ച് പാതയോര യോഗ നിരോധനത്തിന് ഹൈക്കോടതി വിധിച്ചപ്പോൾ അതിനെ മറികടക്കാൻ നിയമം കൊണ്ടുവന്ന സർക്കാരാണു നമ്മുടേത്. അവരുടെ നിർഭാഗ്യവശാൽ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരിക്കുന്നു. ഇതുപക്ഷേ ഒരു സ്ഥായിയായ ഒരു വിധിയാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ സാഹചര്യങ്ങളൊരുക്കി അനുകൂല വിധി അവർ നേടിയെടുത്തുകൊള്ളും. കാരണം നേതാക്കൾക്കു ഭരിക്കാനും സമ്പാദിക്കാനുമുള്ളതാണു രാഷ്ട്രീയം, അതിന് അനുയായികളോട് പ്രതിബദ്ധത വേണമെന്നില്ല.

   പൊതു നിരത്തുകളിൽ സഞ്ചാരതടസ്സം നടപ്പിലാക്കുന്നതിൽ രാഷ്ട്രീയക്കാർ മാത്രമല്ല സാമ്പത്തിക കുത്തകകളും ആത്മീയ കുത്തകകളും ഇതിനു പ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. പ്രമുഖ ജൂവലറിയുടേയോ തുണിക്കടയുടേയോ ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന സഞ്ചാര നിരോധനത്തിന് നിയമപാലകരും ഭരണകൂടവും ഒത്താശ ചെയ്തു കൊടുക്കുന്നത് നിത്യവും നാം കാണുന്നതാണ്. സാധാരണക്കാരെ അവരുടെ വഴിമുടക്കി കഷ്ടപ്പെടുത്തുന്നവർ ഇങ്ങനെ ദുരിതമനുഭവിക്കുന്നവരെ പ്രചരണായുധമാക്കുകയാണു ചെയ്യുന്നത്. ഏതുനിലക്കും ലാഭമാണവർക്ക്. തടസ്സപ്പെടുത്തുന്നവനും തടസ്സപ്പെടുന്നവനും ഒരുപോലെ പ്രചരണം നടത്തിക്കൊള്ളും.  അതുപോലെ തന്നെയാണ് ആത്മീയ കച്ചവടസമ്മേളനങ്ങളും. ജാതിമത ഭേദമന്യേ ഈ വഴിമുടക്കലുകൾക്ക് മുടക്കം വരാതിരിക്കാൻ അവർ ശ്രദ്ധിക്കാറുണ്ട്. മലപ്പുറം കൊണ്ടോട്ടി പാതയിൽ വഴിമുടക്കാൻ മാത്രം ഉതകുന്ന ആത്മീയകച്ചവട സമ്മേളനങ്ങൾ നടത്തുന്ന ഒരു പ്രമുഖ ഗ്രൂപ്പുതന്നെയുണ്ട്. സ്വലാത്തുസമ്മേളനം നടത്തുന്ന ഇക്കൂട്ടർ അതു നടക്കുന്ന ആവശ്യത്തിനു സ്ഥലമുള്ള വേദിയിൽ ഇരുന്ന് പ്രസ്തുത പരിപാടിയി പങ്കെടുക്കാതെ നല്ലൊരു വിഭാഗം റോഡിൽ നിരന്നുനിന്ന് പോലീസിന്റെ ഒത്താശയോടെ ഗതാഗതതടസ്സം സൃഷ്ടിക്കാനാണു പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ജന ബാഹുല്യം കാരണം ഗതാഗതം മുടങ്ങി എന്നു പേരുണ്ടാക്കാനുള്ള എളുപ്പവഴി.

   ടയ്ക്കിടയ്ക്കുള്ള ബന്ദാണ് മറ്റൊരു ശാപം. പേരു മാറ്റി വിളിച്ചിട്ടു കാര്യമില്ല, എങ്ങനെ വിളിച്ചാലും ബന്ദ് ബന്ദുതന്നെ. ആരന്റമ്മക്കു പ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലാണെന്ന ഭാവമാണിക്കൂട്ടർക്ക്. അന്യന്റെ മുതൽ നശിപ്പിക്കാൻ നടത്തുന്ന ഈ ഉത്സാഹം തന്നെയാണ് നമ്മുടെ ശാപവും. ഒരാൾ മരണപ്പെട്ടതിന്റെ ആദരസൂചകമായി നടത്തപ്പെടുന്ന ഹർത്താലിൽക്കൂടി അക്രമ പരമ്പര നടത്താൻ അനുകൂലികൾ പ്രത്യേകം ശ്രദ്ധിക്കുമ്പോൾ അവരുടെ യഥാർത്ഥ ഉദ്ദേശം ജനങ്ങൾക്കു മനസ്സിലാകാറുണ്ട്. ഭയപ്പെടുത്തി നേടുന്ന വിജയമാഘോഷിക്കാൻൊരുളുപ്പുമില്ല ഇക്കൂട്ടർക്ക്. സുപ്രീംകോടതി പറഞ്ഞപോലെ ഇത്തരത്തിൽ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി സമ്മേളനങ്ങളും സമരങ്ങളും  അനുസ്മരണങ്ങളും അനുഭാവങ്ങളും കാട്ടുന്ന ഏക രാജ്യം ഇന്ത്യയായിരിക്കും. സ്വന്തം ബുദ്ധിമുട്ടിനെ പ്രതിരോധിക്കുവാൻ മറ്റുള്ളവരുടെ സഹായം തേടി പരിഹാരം കണ്ടെത്തുന്നതിനു പകരം മറ്റുള്ളവരെക്കൂടി ബുദ്ധിമുട്ടിക്കുന്നത് ഒരു സാധാരണ പ്രവണതയായി മാറിക്കഴിഞ്ഞു. ലോകത്ത് ഏറെ പ്രബുദ്ധരെന്നും വിദ്യാസമ്പന്നരെന്നും സംസ്കാരമുള്ളവരെന്നും നടിക്കുന്ന നമ്മുടെ സമൂഹത്തിലാണ് ഇതു കൂടുതലെന്നുള്ളത് നാണക്കേടല്ലാതെ മറ്റെന്താണ്? പരിഹാരത്തെക്കാൾ പ്രതികാരമാണു പ്രധാനമെന്നു കരുതുന്ന നാണമെന്തെന്നു നോക്കിയാൽ കുനിഞ്ഞു നോക്കുകയും മാനമെന്തെന്നു ചോദിച്ചാൽ മലർക്കു നോക്കുകയും ചെയ്യുന്ന മനസ്സു മുരടിച്ച സമൂഹത്തോടെന്തു പറയാൻ!

സാമൂഹ്യ നീതി നിർവ്വഹണം

    കോടതികളിലാണ് നീതി നിഷേധങ്ങളും നീതി വൈകി മാത്രം ലഭിക്കുന്നതും ഏറ്റവും കൂടുതൽ നടക്കുന്നതെന്നു പറയാതിരിക്കാൻ വയ്യ. ഏറെ നീളുന്ന അന്വേഷണ കാലാവധികളും അതിനെക്കാൾ അനന്തമായി നീളുന്ന വിചാരണയും നമ്മുടെ സാമൂഹിക വ്യവസ്ഥകൾക്കും മൂല്യങ്ങൾക്കും സാംസ്കാരികപരമായും സാമ്പത്തികപരമായും സാമൂഹ്യപരമായും ഏറെ അരാജകത്വം സമ്മാനിക്കുന്നുണ്ട്. നമ്മുടെ ഭരണ സംവിധാനവും കോടതികളും ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. കേവലം നോക്കുകുത്തികളായി മാത്രം നിലനിർത്തിയിരിക്കുന്ന കേരളാ ലീഗൽസർവ്വീസ് അതോറിറ്റി പ്രവർത്തകരേയും പാരാലീഗൽ വാളന്റിയർമാരെയും ഫലപ്രദമായി ഉപയോഗിച്ചാൽത്തന്നെ നമ്മുടെ കോടതികളിൽ നിന്ന് നല്ലൊരു ശതമാനം ഭാരം ഇറക്കിവയ്ക്കാൻ സാധിക്കും. മറ്റുള്ള കേസുകൾ തീർപ്പാക്കാനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ഇത് സഹായിക്കുമെന്നതിൽ തർക്കമുണ്ടാവില്ല. കേസുകൾ ഉണ്ടാവാതെ നോക്കുന്നതിന് ഉപയോഗിക്കുന്നതിനു പകരം കേവലം ടി.എ.യും മറ്റും അടിച്ചുമാറ്റാൻ മാത്രമായാണ് പാരാലീഗൽ വാളന്റിയർമാരെ ഇപ്പോൾ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 


   നീണ്ട മുപ്പത്തഞ്ചു കൊല്ലം വേണ്ടിവന്നു സ്വന്തം ഭൂമിക്കി വേണ്ടി വനം വകുപ്പിനെതിരേ ഫയൽ ചെയ്ത ഒരു കേസിൽ പാലക്കാടു ജില്ലയിലെ പാലങ്കര കണ്ണനെന്ന പാവം കർഷകനു നീതി ലഭിക്കാൻ. ഇക്കാലത്തിനകത്തു അനുഭവിച്ച വ്യഥകൾക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരമാകുന്ന വിധത്തിലുള്ള ഒരു വിധിയാണു വന്നതെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ ഇത്രയും കാലം നിയമയുദ്ധം നീണ്ടു എന്നത് നിയമപരിപാലനത്തിന്റെയും നിർവ്വഹണത്തിന്റെയും പരാജയം തന്നെയാണ്. വിധി നടപ്പിലാക്കാതെ മേൽക്കോടതികളിലേക്ക് അപ്പീൽ പോകാനാണ് വനം വകുപ്പിന്റെ തീരുമാനമെങ്കിൽ ഈ ജീവിത കാലത്ത് ഒരു പരിഹാരം കണ്ണൻ പ്രതീക്ഷിക്കേണ്ടതുമില്ല. അബ്ദുന്നാസർ മദനിയുടെ കേസാണ് മറ്റൊരുദാഹരണം. നീണ്ട ഒമ്പതര വർഷം ജയിലിൽ ജാമ്യം പോലുമില്ലാതെ കിടക്കേണ്ടിവന്നു നിരപരാധിയെന്നു കോടതിക്കു തിരിച്ചറിയാൻ. അതുമായി ബന്ധപ്പെട്ട് സമാധാനകാംഷി ചമഞ്ഞ് തന്നെ ഇരുമ്പഴിക്കുള്ളിലാക്കിയവർക്കെതിരേ നിയമ നടപടി ആവശ്യപ്പെടാത്തതിന്റെ ഫലമായി അനന്തമായ ജയിൽവാസത്തിന്റെ രണ്ടാം പർവ്വം സമ്മാനമായി അദ്ദേഹത്തിനു ലഭിച്ചുവെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം. രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണപോലും തുടങ്ങിയിട്ടില്ല.

   ഇക്കാര്യത്തിൽ കേരളത്തിന്റെ ഭരണകർത്താക്കൾ ഷണ്ഡരായിരിക്കുന്നതിന്റെ കാരണമെന്താണെന്നു മാത്രം എനിക്കു മനസ്സിലാവുന്നില്ല. മദനി കോയമ്പത്തൂരിൽ നിന്നു പുറത്തുവന്ന് ബംഗളുരു ജയിലിൽ പോകുന്നതുവരെ കേരളാപോലീസിന്റെ സംരക്ഷണയിലായിരുന്നത് വിളിച്ചു പറയാൻ അവർക്കു മടിയാണ്. ഇടവും വലവും കാവൽ നിന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കുടകിലെത്തി ഗൂഢാലോചനയിൽ പങ്കെടുത്തുവെങ്കിൽ അതു കേരളാ പോലീസിന്റെ കഴിവുകേടെന്നല്ലാതെ എന്തു പറയാൻ. അങ്ങനെയൊരു കറാമത്തു കാണിക്കാനുള്ള കഴിവ് മദനിക്കുണ്ടെന്ന് തോന്നുന്നില്ല. ഒന്നുകിൽ കേരള സർക്കാർ തങ്ങളുടെ പോലീസിനു പിഴവുപറ്റിയെന്നു സമ്മതിക്കണം. അല്ലെങ്കിൽ മദനി കുടകിൽ പോയിട്ടില്ലെന്നു പറയണം, അദ്ദേഹത്തെ ബംഗളുരുവിൽ നിന്ന് രക്ഷിക്കാൻ വേണ്ടതു ചെയ്യണം. ഒന്നും മിണ്ടാതെ ഇനിയും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതു നല്ലതല്ല, അത് ഇടതായാലും വലതായാലും. നീതി വ്യവഹാരത്തിലകപ്പെട്ട് നട്ടം തിരിയുന്നവർ ഇവർ രണ്ടുപേർ മാത്രമാണെന്നു കരുതരുത്. ഒരുപക്ഷേ നീതി നിർവ്വഹകണത്തിന്റെ നിസ്സഹായ ഇരകളായവർ ഏറ്റവും കൂടുതലുള്ള രാജ്യമായിരിക്കും നമ്മുടേത്.

   അതിവേഗം കേസുകൾ തീർപ്പാക്കി, രക്ഷയായാലും ശിക്ഷയായാലും തീരുമാനിച്ചു നടപ്പിലാക്കാത്തിടത്തോളം, നമ്മുടെ നിയമ സംവിധാനങ്ങൾ അത്തരത്തിൽ ക്രമീകരിക്കപ്പെടാത്തിടത്തോളം ഇന്ത്യയിൽ ഒരു പൗരനും രക്ഷയുണ്ടാവില്ല. ആരുടെയൊക്കെയോ താല്പര്യമനുസരിച്ച് ഓരോ കേസന്വേഷണവും കോടതി നടപടികളും അനന്തമായി നീളുന്ന സാഹചര്യങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണതയാണ് ഇന്നു കണ്ടു വരുന്നത്. ഇത്തരത്തിൽ കേസുകളും അന്വേഷണങ്ങളും നീളുന്നതുകൊണ്ട് ആർക്കാണ് ഗുണമെന്ന് ഓരോ കേസിനെയും കുറിച്ച് ഒന്നന്വേഷിക്കാൻ തയ്യാറായാൽത്തന്നെ പല വസ്തുതകളും പുറത്തു വരും. നിർഭാഗ്യവശാൽ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഒരു ഭരണ സംവിധാനം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇനിയും നടപ്പിലായിട്ടില്ല എന്നത് അത്യന്തം ഖേദകരമായി അവശേഷിക്കുന്നു. ഏതാനും വ്യക്തികളുടെ താല്പര്യം നടത്താനും അവർക്ക് കൈയിട്ടു വാരാനുമുള്ള ചക്കരക്കലം മാത്രമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിലകൊള്ളുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഏറ്റവും വലിയ അബദ്ധമായി കാണേണ്ടി വരുന്നു. വെള്ളക്കാർ നമ്മുടെ സമ്പത്തിന്റെ ഒരു ഭാഗം കൊള്ളയടിച്ചപ്പോൾ ഇന്നത്തെ നമ്മുടെ ഭരണകർത്താക്കളായ കൊള്ളക്കാർ ഇന്ത്യയെ അപ്പാടെതന്നെ വിഴുങ്ങുന്നു. അതിന് ആവശ്യമായ നിയമങ്ങളും കരാറുകളും എഴുതിയുണ്ടാക്കുന്നു. ഭരണഘടനയെ നോക്കുകുത്തിയായി മാത്രം കാണുന്നു.

ഗതാഗത സാഹചര്യം.


  ലോകത്ത് ഒരു പക്ഷേ ഇത്രയ്ക്ക് വൃത്തികെട്ട ഗതാഗത സാഹചര്യം ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിലേ കാണാനുണ്ടാവൂ. ഗതാഗത നിയമങ്ങൾ കേവലം ലേണിംഗ് ടെസ്റ്റിനു മാത്രമായി മാറുന്നതു തന്നെയാണ് ഒരു ശാപം. മറ്റൊന്ന് അവ ഫലപ്രദമായി നടപ്പിലാക്കാൻ നമ്മുടെ ഭരണകർത്താക്കൾക്കോ നിയമപാലകർക്കോ താല്പര്യമില്ലാത്തതാണ്.  ട്രാഫിക് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കാൻ ആരെയും നിർബ്ബന്ധിക്കുന്നില്ല. വിട്ടു വീഴ്ചയില്ലാത്ത നടപടികളും കർശനമായ ശിക്ഷാവിധികളും കുറ്റക്കാരായ ഡ്രൈവർമാർക്കും  നിയമം ശ്രദ്ധിക്കാത്ത പൊതുജനങ്ങൾക്കും ഒരുപോലെ ലഭ്യമായാൽത്തന്നെ നന്നാക്കാവുന്നതേ ഉള്ളൂ ഈ മേഖല. അതു മാത്രമാണ് ഇവിടെ നടപ്പിലാകാത്തതും.

    യാതൊരുവിധ വേർതിരിവുകളില്ലാതെ ഏതൊരു ഇന്ത്യൻ പൗരനും രാജ്യത്തെ പൊതുനിരത്തുകളിലൂടെ നിർബാധം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തിന്റെ ഭരണഘടനയിലൂടെ അനുവദിച്ചു തരുമ്പോൾ അതു നിഷേധിക്കുന്ന സംഗതികളും ഇവിടുണ്ടെന്നുള്ളത് ഒരു വിരോധാഭാസമാണ്. ചുങ്കപ്പാതകൾ വേണ്ടെന്നല്ല. ചുങ്കം കൊടുത്താണെങ്കിലും നല്ലറോഡുണ്ടാക്കി സഞ്ചരിക്കുന്നതു നല്ലതുതന്നെ.  പക്ഷേ ചുങ്കം കൊടുക്കാനില്ലാത്തവനും യാത്രചെയ്യാൻ കഴിയണം. ചുങ്കപ്പാതകളെക്കൂടാതെ അതേ റൂട്ടിൽ സാധാരണ പാതയുമുണ്ടാവണം. അല്ലാത്തപക്ഷം ഭരണഘടനയെ ധിക്കരിക്കുന്നതായി കണക്കാക്കേണ്ടിവരും. കാരണം കാശുകൊടുത്തില്ലെങ്കിൽ സഞ്ചരിക്കാൻ പറ്റില്ലെന്നതുതന്നെ.

നിയമപാലകരുടെ നിയമം

   ങ്ങളുടെ അധികാര പരിധിയിൽ പ്രതിമാസം ഉണ്ടായിരിക്കേണ്ട കേസുകളുടെ എണ്ണം കണക്കാക്കി ഓരോ സ്റ്റേഷനും വീതിച്ചു നൽകുന്ന സർക്കാരും അതിനനുസരിച്ച കേസുകൾ ചമയ്ക്കുന്ന പോലീസും ഒരു പക്ഷേ ഇവിടെയേ കാണൂ. നിശ്ചിത കേസുകൾ തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ സൃഷ്ടിക്കേണ്ടത് പോലീസിന്റെ പ്രാഥമിക ലക്ഷ്യമായി പതിച്ചു നൽകിയിരിക്കുന്നു. സ്റ്റേഷന്റെയും അതിലെ നിയമപാലകരുടേയും നിലനിൽപ്പിന് ഇങ്ങനെ ക്രിമിനലുകളുടെ ഉല്പാദനം അനിവാര്യമാകുന്നു. ഫലത്തിൽ പോലീസിനെ ക്രിമിനലുകളാകാൻ തലതിരിഞ്ഞ നമ്മുടെ ഭരണ സംവിധാനം നിരന്തരം നിർബ്ബന്ധിച്ചുകൊണ്ടിരിക്കുന്നു എന്നു പറയാം. ഇത്തരത്തിലാണെങ്കിൽ, എല്ലാ ഗ്രാമപഞ്ചായത്തുകളിലും പോലീസ്റ്റേഷൻ നടപ്പിലാക്കുമെന്നു നമ്മുടെ ഭരണാധികാരികൾ വാഗ്ദാനം ചെയ്യുമ്പോൾ എല്ലാ പഞ്ചായത്തിലും ക്രിമിനലുകളുടെ സമൂഹത്തെ സൃഷ്ടിക്കാനും അവരെ സംരക്ഷിക്കാനുമുള്ള സംവിധാനമാണു നമുക്കു സമ്മാനിക്കുന്നതെന്നു കൂടി നാം മനസ്സിലാക്കണം. പൊതു ജനത്തോട് സഭ്യമായി സംസാരിക്കാനും നന്നായി പെരുമാറാനും അറിയാത്ത വിഭാഗമായി ഇവരിൽ ചിലരെങ്കിലും മാറുന്നത് ഇതിന്റെ അധിക സമ്പാദ്യമായി ഇപ്പോൾത്തന്നെയുണ്ട്. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമുള്ളതാണ് പോലീസെന്ന വികലമായ ധാരണയാണ് ഇതിനു കാരണമായി എനിക്കു തോന്നുന്നത്. പോലീസിന് മറ്റെന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും!  അതൊന്നും ചിന്തിക്കാതെ സമൂഹത്തെ ക്രിമിനൽവൽകരിക്കാൻ ക്വാട്ട വീതിച്ചു നൽകുകയാണ്. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിൽ ഉള്ള പോലീസ് സ്റ്റേഷനുകൾ ഇല്ലാതാവാനല്ലേ നാം യത്നിക്കേണ്ടത്?

  നേരം വെളുത്ത ഒരു ജനതയുടെ ഉദയം സാധ്യമാവാതെ ഇതിനൊക്കെ ഒരു പരിഹാരമുണ്ടാവുമെന്നു പ്രതീക്ഷിക്കവേണ്ട. ഭരണത്തിലേറുന്നവരും അവരുടെ കീഴിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളും കേവലം ജനസേവകർ മാത്രമാണെന്ന് നാം തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതുമുണ്ട്. അനാവശ്യമായി നാം ചെലവഴിക്കുന്ന ഊർജ്ജം അൽപ്പം ചിന്തിക്കാൻ കൂടി ഉപയോഗിച്ചാൽ നമ്മുടെ ഭരണാധികാരികളെ നന്നാക്കാൻ കഴിയും. അവരുടെ കീഴിൽ കേവലം പിണിയാളുകളായി മാത്രം  നിലകൊള്ളുന്ന നിലവിലെ രീതി മാറേണ്ടതുണ്ട്. അങ്ങനെ വരുന്ന തലമുറയിലെങ്കിലും രാഷ്ട്രത്തിന്റെയും അതിന്റെറ അടിത്തറയുടേയും സാമ്പത്തിക സുരക്ഷയുടേയും ലക്ഷ്യവാഹകരെ സൃഷ്ടിക്കാനുള്ള വഴിതെളിക്കാൻ ഇനിയും വൈകിക്കൂടാ...

  9 comments:

  1. ആദ്യം പാതയോര പൊതുയോഗ നിരോധനത്തെപ്പറ്റി പറയാം. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പൊതുയോഗങ്ങൾ ഒരിക്കലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാറില്ല. ഒറ്റപ്പെട്ട അനുഭവങ്ങൾ ഉണ്ടായേക്കാം.ഇവിടെ മതഘോഷയാത്രകളും ഉത്സവങ്ങളും ഉറൂസുകളും പൊങ്കാലകളും മറ്റുമാണ് ജനങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നത്. അവരെ തൊടാൻ ഒരു നീതിപീഠവും ധൈര്യപ്പെടില്ല. പാർട്ടികൾ പ്രകടനം നടത്തുമ്പോൾ പോലും വാഹങ്ങൾ കടത്തി വിടാൻ ശ്രദ്ധിക്കാറുണ്ട്. പാതയോരത്ത് വല്ലപ്പോഴും നടക്കുന്ന പൊതുയോഗങ്ങൾ നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണ്. അത് ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. അരാഷ്ട്രീയ വാദികൾക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും അവരുടെ വിവിധ രൂപത്തിലുള്ള പ്രവർത്തനങ്ങളോടും അതൃപ്തി തോന്നും. നീതി പീഠത്തിലും ഉദ്യോഗസ്ഥ തലത്തിലും അരാഷ്ട്രീയ വാദികൾ ഉണ്ടാകാറുണ്ട്. അതിന്റെ ദുരന്തഫലങ്ങൾ നാം ഇടയ്ക്കിടെ അനുഭവിക്കുന്നുമുണ്ട്.ബഹുമാനപ്പെട്ട കോടതിവിധികളെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ; ഈ പാതയോഗ പൊതുയൊഗ നിരോധനം അപ്രായോഗികവും ജനാധിപത്യ വിരുദ്ധവുമായി ആരെങ്കിലും കണക്കാക്കിയാൽ അതിനെ കുറ്റം പറയാനൊക്കില്ല. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെ ലഭിക്കണം. മതക്കാർക്ക് ഒരു നീതി, രാഷ്ട്രീയക്കാർക്ക് മറ്റൊരു നീതി, സാധാരണ ജനങ്ങൾക്ക് മറ്റൊരു നീതി എന്ന രീതി ശരിയല്ല. പാതയോരത്തെ പൊതുയോഗമല്ല ഈ രാജ്യത്തെ ഏറ്റവും നീറൂന്ന പ്രശ്നം. പ്രശ്നങ്ങൾ വേറെ എന്തെല്ലാം കിടക്കുന്നു! സമരം. ധർണ്ണ, പിക്കറ്റിംഗ്, പ്രകടനം, ഹർത്താൽ, പൊതുയോഗം ഇതെല്ലാം ഒരു ജനാധിപത്യ രാജ്യത്തിൽ അനിവാര്യമായും ഉണ്ടാകുന്നതാണ്. അതുകോണ്ട് ചിലപ്പോൾ ചിലർക്ക് ചില ബുദ്ധിമുട്ടുകളോ അലോസരങ്ങളോ ഉണ്ടായെന്നും വരാം. അതൊക്കെ സ്വാഭാവികം. അതുകൊണ്ട് ജനാധിപത്യത്തെ അങ്ങു കുഴിച്ചു മൂടാം എന്നാണോ? അത്രയ്ക്ക് സ്വസ്ഥമായി ജിവിക്കാൻ സൌകര്യമുള്ളവർ അങ്ങ ചന്ദ്രനിലോ മറ്റോ പോയി താമസിക്കട്ടെ. ഇവിടെ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ചില അസ്വസ്ഥതകളും അസൌകര്യങ്ങളും ഒക്കെ ഉണ്ടാകും. ജനാധിപത്യ രാജ്യമാണ്. എല്ലാം തികഞ്ഞവർക്ക് പറ്റിയ രാജ്യം വേറേയുണ്ടാകുമായിരിക്കും. ഇവിടെ ഇനിയും ഒരുപാട് മുന്നേറേണ്ടതുണ്ട്. താല്പര്യമുള്ളവർ ഈ രാജ്യത്ത് ജീവിച്ചാൽ മതി് അല്ലപിന്നെ! പിന്നെ മദനിയുടെ കാര്യം. മദനിയെ ഇപ്പോഴും ഇങ്ങനെ പീഡിപ്പിക്കുന്നത് പച്ചയായി പറഞ്ഞാൽ ശുദ്ധ പോ.....തരം. അല്ലതെന്തു പറയാൻ. അതിനെ പറ്റി കൂടുതൽ പറഞ്ഞാൽ എന്നെ വർഗീയ വാദിയായി ചിത്രീകരിക്കും. അതുകൊണ്ട് പറയില്ലെന്നായിരിക്കും. തെറ്റി. തീവ്രവാദമൊക്കെ എന്നേ ഉപേക്ഷിച്ച ആമതപണ്ഡിതനെ ഇപ്പോഴും കൽത്തുറങ്കിലടച്ചിരിക്കുന്ന്മത് ശുദ്ധ പോ...ത്തരം . എന്തേ? അങ്ങനെ അല്ലെന്നുണ്ടോ?

    ഒന്നുകൂടി പറയാം. ഏതു പാർട്ടിയെന്നല്ല; രാഷ്ട്രീയ പാർട്ടികളെ ഒരുമാതിരി മറ്റതാക്കുന്ന ഒരു പരിപാടിയും അംഗീകരിക്കില്ല. രഷ്ട്രീയം ശക്തമാകുന്നിടത്തേ സമൂഹത്തിനു സുരക്ഷിതത്വമുള്ളൂ. അപകടമുള്ള പാർട്ടികൾ ഇല്ലെന്നല്ല ഇതിന്റെ അർത്ഥം.ഏതാനും പേർക്ക് ഭ്രാന്തു പിടിച്ചെന്നുകരുതി മനുഷ്യ സമുദയത്തെ പിരിച്ചുവിടാൻ കഴിയില്ലല്ലോ!ഉറക്കപ്പിരാന്തിൽ എഴുറ്റുന്ന കമന്റാണ്. അക്ഷരപിശകു വലതുമുണ്ടെങ്കിൽ ക്ഷമിക്ക്.

    ReplyDelete
  2. പറഞ്ഞതെല്ലാം കാര്യം
    സജിം പറഞ്ഞതും ശരി

    ReplyDelete
  3. ‘വെള്ളക്കാർ നമ്മുടെ സമ്പത്തിന്റെ ഒരു ഭാഗം കൊള്ളയടിച്ചപ്പോൾ ഇന്നത്തെ നമ്മുടെ ഭരണകർത്താക്കളായ കൊള്ളക്കാർ ഇന്ത്യയെ അപ്പാടെതന്നെ വിഴുങ്ങുന്നു. അതിന് ആവശ്യമായ നിയമങ്ങളും കരാറുകളും എഴുതിയുണ്ടാക്കുന്നു. ഭരണഘടനയെ നോക്കുകുത്തിയായി മാത്രം കാണുന്നു.‘
    ബാക്കിയുള്ള സമ്പത്ത് കൊള്ളയടിക്കാനായി വീണ്ടും വെള്ളക്കാരെ വിളിച്ചു വരുത്തുകയാണ് ഭരണകർത്താക്കളെന്ന് തിരിച്ചറിയാത്ത നമ്മളാണ് വിഡ്ഡികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, രാക്ഷ്ട്രീയം നിരോധിച്ച കോടതിയല്ലെ, വിദ്യാഭ്യാസസ്ഥപനങ്ങളിലെ റാഗിംഗ് തുടങ്ങിയ അക്രമങ്ങൾക്ക് കാരണം? ആദ്യം ജയിലിലടക്കേണ്ടത് കോടതിയെയാണ്

    ReplyDelete
  4. അര്‍ത്ഥവത്തായ ലേഖനം
    ഓണാശംസകള്‍

    ReplyDelete
  5. കൊട്ടോട്ടി സ്പർശിച്ചു പോയ കാര്യങ്ങളിൽ യോജിപ്പും വിയോജിപ്പും ഉണ്ട്. പാതയോര പൊതുയോഗവും പൊങ്കാലയും വഴിമുടക്കി ഉരൂസുകളും നാട്ടാരെ ശല്യം ചെയ്യുന്ന കുരിശുയാത്രകളും ജാതി സഘടനകളുടെ ശക്തിപ്രകടനങ്ങളും ഒരു പോലെ കാണാൻ താങ്കൾക്ക് കഴിയണം. പാതയോര യോഗം മാത്രമല്ല ഗതാഗത തടസ്സം.

    ReplyDelete
  6. നാടുനീളേയുള്ള ടോൾ ബൂത്തുകൾ മുതലുള്ള വഴിതടയുന്ന എന്തും ഞാൻ പറഞ്ഞതിന്റെ പരിധിയിൽ വരും, അത് ഉറൂസായാലും പൊങ്കാലയായാലും. മതപരമോ രാഷ്ട്രീയപരമോ എന്ന് യാതൊരു വേർതിരിവും അതിനില്ലതന്നെ. പൊതു ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതെന്തും ഈ പരിധിയിൽ വരും. അങ്കമാലിക്കടുത്ത ടോൾ ബൂത്തുതന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. വടക്കുനിന്നും തെക്കുനിന്നുമുള്ള യാത്രക്കാർക്ക് സഞ്ചരിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലെന്നറിഞ്ഞുതന്നെ വലിയ സംഖ്യ ടോൾ പിരിക്കുകയാണവിടെ. 33 കിലോമീറ്റർ സഞ്ചരിക്കാൻ 55 രൂപ ടോൾ കൊടുക്കണം. ഈ മുതലാളിപ്പാതകളുടേതിനേക്കാൾ എത്രയോ മടങ്ങ് ഗുണമേന്മയുള്ള പാതകൾ ഖജനാവിലെ കാശുമുടക്കാതെ നിർമ്മിച്ച് ഒരു രൂപപോലും ടോൾ കൊടുക്കാതെ സഞ്ചരിക്കാനുള്ള മാർഗ്ഗങ്ങൾ നിലനിൽക്കെ ആരുടെയൊക്കെയോ കീശവീർപ്പിക്കാൻ മാത്രമുള്ള, അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമുള്ള "വികസനം" ഇവിടെ നടപ്പിലാക്കുന്നതു കാണുമ്പോൾ ഇത് രാജ്യനന്മയ്ക്കു വേണ്ടിയുള്ള വികസനമല്ലെന്നു പറയാതിരിക്കാൻ വയ്യ. ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ ഒരു റോഡിലും ടോൾ കൊടുക്കാതെ സഞ്ചരിക്കാൻ കഴിയില്ലെന്ന ഗതി വരും. എല്ലാർക്കും അടച്ചു പൂട്ടി വീട്ടിലിരിക്കാം.

    ReplyDelete
  7. അപ്പോൾ നമുക്ക് തെൻ‌മലയിൽ മീറ്റ് ചെയ്യാം അല്ലേ?

    ReplyDelete
  8. ക്ഷമിക്കൂ സജിം,
    തെമ്മലയിലെ മീറ്റിൽ ഞാൻ പങ്കെടുക്കാൻ സാധ്യത കുറവാണ്.

    ReplyDelete
  9. തെന്മലയിൽ നമ്മൾ കാണുന്നു!

    ReplyDelete

Popular Posts

Recent Posts

Blog Archive