Thursday

നീതി - വിൽക്കാനും വിലക്കാനും

   ഈ രാജ്യത്ത് നീതിയും നിയമവും എല്ലാ പൗരന്മാർക്കും ഒരുപോലെയല്ല ലഭ്യമാക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അബ്ദുന്നാസർ മദനിയുടെ ജാമ്യ നിഷേധം. ഒരേ ജില്ലക്കാരായ രണ്ടുപേർക്ക് രണ്ടുതരത്തിൽ നീതി നടപ്പിലാക്കുന്നതുവഴി അതു തെളിഞ്ഞുകാണുന്നു. ഐ എസ് ആർ ഒയുടെ ആസ്ഥാനത്ത് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച ബ്യൂല എന്ന കൊല്ലംകാരിയും രാജ്യത്തിന്റെ തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാരനായ ബ്യൂലയുടെ ജില്ലക്കാരൻ തന്നെയായ മദനിയും ഒരേപോലെതന്നെ കുറ്റവാളികളാണ്, അല്ലെങ്കിൽ ആരോപിതരാണ്. പക്ഷേ ഒരേസർക്കാരിന്റെ കീഴിൽ കൈകാര്യം ചെയ്യപ്പെട്ട ഈ രണ്ടു കേസുകളും പരിശോധിച്ചാൽ ഇന്ന് പരിഷ്കൃത ഇന്ത്യയിൽ പരിപാലിച്ചു വരുന്ന മതേതരത്വത്തിന്റെ ഉദാഹരണം കണ്ടെത്താൻ കഴിയും.

   പിടിയിലായി നാലുനാൾ കഴിയുമ്പ് കടുത്ത ഏകാന്തതയും ഭർത്താവിന്റെ അസാന്നിദ്ധ്യവും കാരണം ഗുരുതര പ്രതിസന്ധിയിലേക്കു അതിവേഗം പാഞ്ഞടുത്ത ബ്യൂലക്ക് അതിനേക്കാൾ വേഗത്തിൽ ജാമ്യം നൽകി പരിരക്ഷിച്ചതിലൂടെ പല കാര്യങ്ങളും ദുരൂഹമായി ചീഞ്ഞു നാറാൻ തുടങ്ങി. ഒരു ഡ്യൂപ്ലിക്കേറ്റ് കാർഡുണ്ടെങ്കിൽ ഏത് സുരക്ഷാ മേഖലയിലും കടന്നുകയറാമെന്ന തരത്തിൽ നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ അധ:പതിച്ചു പോയെന്നു വിശ്വസിക്കേണ്ട അവസ്ഥയാണ്. ഐ എസ് ആർ ഒയുമായി യാതൊരു ബന്ധമില്ലാത്ത അവർ ഇതിനുമുമ്പും രണ്ടുദിവസം അവിടെ അനധികൃതമായി താമസിച്ചിരുന്നു എന്നതാണ് ദുരൂഹതക്ക് ആക്കം കൂട്ടുന്നത്. ആരുടെയെങ്കിലു  ഇടപെടലുകളില്ലാതെ അങ്ങനെ താമസിക്കാൻ ഒരുകാരണവശാലും സാധിക്കില്ലെന്നിരിക്കെ ആ വിധത്തിലുള്ള അന്വേഷണങ്ങളൊന്നും നടന്നിട്ടില്ലെന്നത് ഭീതിദായകമായ വാർത്തയാണ്. രാജ്യ സുരക്ഷയെത്തന്നെ ആപ്പാടെ ബാധിക്കുന്ന ഈ പ്രശ്നം വളരെ നിസാരമാക്കി തള്ളിയ നിയമ സംവിധാനത്തെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. പരിശോധിച്ച ഡോക്ടർമാരെല്ലാം ശാരീരത്തിനോ മനസ്സിനോ ഒരു കുഴപ്പവുമില്ലെന്നു റിപ്പോർട്ടു നൽകിയിട്ടും ഇല്ലാത്ത ഏകാന്തത ചേർത്ത് മാനസിക വിഭ്രാന്തിയും വിഷാദവും മേമ്പൊടി ചേർത്ത് വല്ലാത്ത പരിഗണന നൽകി ആരെയൊക്കെയോ രക്ഷിക്കാനായി ജാമ്യം കൊടുത്ത് അവരെ പറഞ്ഞയച്ചു.

  ഇവിടെയാണ് മദനിയെ ചേർത്തു വായിക്കേണ്ടത്. ശക്തമായ വെളിച്ചം വിതറുന്ന മുറിയിൽ സകലമാന രോഗങ്ങളോടും മല്ലടിച്ച് ഉറക്കം നിഷേധിക്കപ്പെട്ട് കാഴ്ച നഷ്ടപ്പെട്ട് അവശതയനുഭവിക്കുമ്പോഴും ഒന്നു ചിത്സിക്കാനുള്ള ജാമ്യം പോലും നിഷേധിക്കപ്പെടുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. കുറ്റം തെളിയാതെ കോയമ്പത്തൂരിനു സമാനമായി നിരപരാധിയായി പുറത്തു വന്നാൽ ബാക്കിയുണ്ടാവുന്ന മദനിയെക്കൊണ്ട് കട്ടിലിനുപോലും കാര്യമുണ്ടായെന്നു വരില്ല. മരണാനന്തരം നിരപരാധിയായി വിധിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ വിചാരണത്തടവുകാരനായിരിക്കും ഒരു പക്ഷേ ഭാവിയിൽ മദനി. ചികിത്സിച്ച ആശുപത്രികളും പരിശോധിച്ച ഡോക്ടർമാരും ഇരുളണഞ്ഞ കണ്ണുകളും മരവിച്ച ഒന്നരക്കാലും പ്രമേഹം കാർന്ന ശരീരവും അടിയന്തിരമായി ചികിത്സക്കു വിധേയമാക്കണമെന്ന് എങ്ങനെയൊക്കെ റിപ്പോർട്ടു ചെയ്തിട്ടും കാണില്ല, കേൾക്കില്ല, മിണ്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാജ്യത്തെ കുറ്റമറ്റ നീതി വ്യവസ്ഥ.

 ഇവിടെ തീവ്രവാദികളുണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

  1 comment:

  1. തീവ്രവാദികളെ ഉണ്ടാക്കുന്നത്തിലും വളർത്തുന്നതിലും ഭരണകൂടങ്ങൾ എക്കാലത്തും നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഭരണകൂടങ്ങളുടെ അടിച്ചമർത്തലുകളും വർഗ്ഗീയ ഫാസിസ്റ്റ് ചിന്താഗതിയും വർഗ്ഗ,വർണ്ണ,ജാതീയ വിവേജനങ്ങളും എതെല്ലാം കാലത്ത് ഉണ്ടായിട്ടുണ്ടോ അന്നെല്ലാം ചെറുത്ത് നിൽപ്പുകളും ഉണ്ടായതായി ചരിത്രത്തിൽ കാണാം,അതിനെ എന്ത് പേരിട്ട് വിളിച്ചാലും തീവ്രവാദമെന്നോ വർഗ്ഗീയവാദമെന്നോ എന്നൊക്കെ അവസരത്തിനും അവ്ശ്യത്തിനും അനുസരിച്ച് നാമകരണം ചെയ്യാം...അതാണല്ലോ നമ്മുടെ ഇന്നത്തെ രീതിയും നീതിയും.

    ReplyDelete

Popular Posts

Recent Posts

Blog Archive