Monday

നമ്മുടെ മക്കൾ എങ്ങനെ ജീവിക്കും...?


മരം ഒരു വരം...
പണ്ടാരോ പടച്ചുണ്ടാക്കിയ ഈ വചകത്തിലൊതുങ്ങുന്നു പലപ്പോഴും നമ്മുടെ വൃക്ഷസ്നേഹം. കഠിനമായ വരൾച്ചയിൽ നട്ടം തിരിയുമ്പോഴും ഭാവിയിലെങ്കിലും ഈ അവസ്ഥയ്ക്ക് ശമനമുണ്ടാകാൻ തക്കവണ്ണമുള്ള  ആത്മാർത്ഥമായ ഒരു ചിന്തപോലും അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. കപടലോകത്തെ ചില ജല്പനങ്ങൾ നിത്യമന്ത്രങ്ങളായി പടച്ചു വിട്ട് വോട്ടുചെയ്ത് അധികാരത്തിലേറ്റിയവന്റെ കണ്ണുമൂടാൻ മാത്രം പ്രഖ്യാപനങ്ങൾ ചമക്കുന്ന വൃത്തികെട്ട സമൂഹം മാറിമാറി ഭരിക്കുമ്പോൾ അതുകണ്ടില്ലെന്നു നടിച്ച് അതൊന്നും നമുക്ക് ബാധകമില്ലെന്നു വിശ്വസിച്ചും കഴിഞ്ഞതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത് (ഒരു മന്ത്രിയെ കണ്ടതിന്റെ ക്ഷീണം മാറിയില്ല, അതു മറ്റൊരു വിഷയമാണ്. വൈകാതെ പോസ്റ്റു ചെയ്യാം). അന്തരീക്ഷത്തിലെ താപനില നിയന്ത്രിച്ചിരുന്ന, മണ്ണിലെ ജലാംശം സംരക്ഷിച്ചുപോന്ന വൃക്ഷജാതികൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്.

ഉയർന്ന പ്രദേശങ്ങൾ അനിയന്ത്രിതമായി ഇടിച്ച് താഴ്‌ന്ന പ്രദേശങ്ങൾ മണ്ണിട്ടു മൂടിയപ്പോൾ നിലച്ചുപോയത് പ്രകൃതിയുടെ സ്വാഭാവിക ജലവിതരണ സംവിധാനമാണ്. ഈ ജലവിതരണ സംവിധാനത്തിനെ നിയന്ത്രിച്ചിരുന്ന വൃക്ഷവിഭാഗങ്ങൾ നശിപ്പിക്കപ്പെട്ടതോടെ മണ്ണിലെ ജലസംഭരണ സമ്പ്രദായത്തിനു ഭംഗം വന്നു. അനിയന്ത്രിതമായ അന്തരീക്ഷ താപനില മേൽമണ്ണിലെ ജലാംശം ബാഷ്പമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. തൽഫലമായി അത്യുഷ്ണം നിത്യസമ്മാനമായിക്കിട്ടി. വരണ്ട മേൽ മണ്ണിലേക്ക് അടിത്തട്ടിൽ നിന്നു വ്യാപിച്ചുകൊണ്ടിരുന്ന ജലത്തിനും ഇതുതന്നെയാണു സംഭവിച്ചത്. കുളങ്ങളും പാടങ്ങളും കിണറുകളും വറ്റി വരണ്ടു. ക്രമാതീതമായി ജലവിതാനം താഴ്ന്നുകൊണ്ടിരിക്കുന്ന കാഴ്ച ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

മരങ്ങൾ കാവൽ നിന്നിരുന്ന സ്ഥാനത്ത് ഉയർന്നുവന്ന കോൺക്രീറ്റ് കാടുകൾ എങ്ങനെയാണ് ഭൂമിയിലെ ജലസമ്പത്തിന്റെ കാവൽക്കാരാകുന്നത്? പറമ്പിൽ പെയ്തു വീഴുന്ന മഴത്തുള്ളികൾ മണ്ണിൽ സംരക്ഷിക്കപ്പെട്ടിരുന്ന സ്ഥാനത്ത് എത്രയും പെട്ടെന്ന് തടസ്സങ്ങളേതുമില്ലാതെ തൊട്ടടുത്ത പുഴയിലും വൈകാതെ കടലിലുമെത്തുന്നു. നമുക്ക് ആവശ്യമുള്ളതിന്റെ എത്രയോ ഇരട്ടി മഴ എല്ലാവർഷവും നമുക്ക് ലഭിക്കുന്നുണ്ട്. കൊടിയമഴക്കാലം കഴിഞ്ഞുവരുന്ന ചെറിയ വേനലിൽത്തന്നെ നാം കുടിവെള്ളത്തിനു കേഴുന്നതെന്ത് എന്ന് ഉള്ളിൽത്തട്ടി ആലോചിച്ചാൽ എല്ലാറ്റിനും പരിഹാരമാവും. ഈ ഭൂമിയിലെ വിഭവങ്ങൾ വരും തലമുറക്കും ഇതര ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്. കാര്യങ്ങൾ ഇങ്ങനെതന്നെ തുടർന്നാൽ ഇനി വരുന്ന തലമുറ എങ്ങനെയാണ് ഇവിടെ ജീവിക്കുക....?

  4 comments:

  1. ക്രിയാത്മകമായ ചിന്തകൾ ഉണരട്ടെ...

    ReplyDelete
  2. ഇതിനെതിരെയൊക്കെ പ്രവര്‍ത്തിച്ചവനെ ഞങ്ങള്‍ വെട്ടിനിരത്തലുകാരന്‍ എന്ന് വിളിച്ചാക്ഷേപിച്ചു

    ReplyDelete
  3. പണ്ടുള്ളവർ വിശ്വസിച്ചിരുന്നത്
    കൈകൾ നട്ടു വളർത്താൻ ഉള്ളതാണന്നാണ് ,
    ഇന്നുള്ളവർ വിശ്വസിക്കുന്നത് കൈകൾ
    വെട്ടി നിരത്താൻ ഉള്ളതാണന്നാണ് ....
    ഇത് നല്ലൊരു തൊട്ടുണർത്തൽ. അഭിനന്ദനങ്ങൾ .

    ReplyDelete
  4. ഗോപകുമാര് കല്ലമ്പലംJune 29, 2013 at 10:24 PM

    നമുക്കീപുല്‍കളും പുഴുക്കളും കൂടിത്തന്‍കുടുംബക്കാര്‍ എന്ന ആപ്തവാക്യം ഓര്‍ക്കുന്ന ഒരു ജനതയെ വാര്‍ക്കാന്‍ ആകട്ടെ.
    പ്രകൃതി വിറ്റകാശുകൊണ്ട് മക്കളുടെ ചിതയൊരുക്കന്നവര്‍ കണ്ണുതുറന്ന് വായിക്കട്ടെ

    ReplyDelete

Popular Posts

Recent Posts

Blog Archive