Friday

നമ്മളാണ് കുറ്റക്കാർ.....


സ്വന്തം രാജ്യത്തെ പൗരകണങ്ങളുടെ സംരക്ഷണത്തിനായി മാത്രം പ്രവർത്തിക്കേണ്ടത് എല്ലാ രാജ്യങ്ങളിലേയും പോലെ നമ്മുടെ ഭരണാധികാരുടേയും ബാധ്യതയാണ്. ആ ബാധ്യത ഏറ്റെടുത്തു സത്യപ്രതിജ്ഞ ചെയ്താണ് ഓരോരുത്തരും അധികാരത്തിലേറുന്നത്. നിർഭാഗ്യവശാൽ സ്വന്തം പൗരന്മാർക്കു വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾ കടലാസ് പ്രഖ്യാപനങ്ങളിലും വാർത്താവിതരണ സമ്പ്രദായങ്ങളിലൂടെ വിൽക്കാനുമാണ്  നമ്മുടെ ഭരണ കർത്താക്കൾ നിരന്തരം ശ്രദ്ധിക്കുന്നത്.

രാജ്യത്തു നടന്ന വിവിധകാലങ്ങളിലെ ഭരണകൂട അഴിമതികളിൽ ഒന്നിൽപ്പോലും ഒരു അന്തിമകോടതിവിധി ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യത്തെ പ്രതിനിധാനം ചെയ്ത് വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എംബസികൾ നമ്മുടെ പൗരന്മാർക്കു വേണ്ടി ഒന്നുംചെയ്യുന്നില്ല. രാജ്യത്തിനകത്തുള്ള വിവിധ വിഭാഗങ്ങ‌ൾ ഭരണകൂടത്തിന്റെ നിഗൂഢ(?) ലക്ഷ്യങ്ങൾക്ക് ഇരയായി മാറ്റിനിർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. കൃത്യവും സത്യസന്ധവുമായ നീതിസംവിധാനം സാധാരണക്കാരുടെ സ്വപ്നമായി ബാക്കിനിൽക്കുന്നു.

ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിദേശത്തു ജീവഹാനി സംഭവിക്കുന്ന ഇന്ത്യാക്കാർക്കുമേൽ പരിതപിക്കാൻ നമ്മുടെ ഭരണകർത്താക്കൾക്ക് യാതൊരു അവകാശവുമില്ല. ഇക്കാര്യത്തിൽ നാം ഇറ്റലിയെക്കണ്ടു പഠിക്കണം. കടൽ കൊലക്കേസിലെ പ്രതികളായ തങ്ങളുടെ പൗരന്മാരുടെ മോചനത്തിനായി ആ രാജ്യത്തെ ഭരണവിഭാഗം എത്ര ഇടപെടലുകൾ നടത്തുന്നുവെന്നു ശ്രദ്ധിക്കണം.

രാജ്യത്തിനകത്തും പുറത്തും ജീവഹാനി സംഭവിക്കുന്നവരെ വീരപുത്രന്മാരും പുത്രികളുമാക്കുന്നതിലൂടെ ഈ രാജ്യത്തെ സാമാന്യജനങ്ങളെ പൊട്ടന്മാരാക്കി വോട്ടുബാങ്കു നാടകം നടത്തുകയാണ്. അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടല്ല. ആയിരുന്നേൽ വാഴ്ത്തിപ്പാടലും സംരക്ഷിക്കലുമെല്ലാം ജീവിച്ചിരിക്കുമ്പോൾ ആവാമായിരുന്നല്ലോ. അഫ്സൽ ഗുരുവിനു നീതിനിഷേധിച്ചപോലെ, സരബ്ജിതിനെ കൊലക്കു കൊടുത്തതുപോലെ, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി നടക്കുന്ന ജീവിക്കാനുള്ള സമരങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതിലൂടെ അതു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഇടപെടേണ്ടരീതിയിൽ ഇടപെട്ടാൽ വിദേശത്ത് നമ്മുടെപൗരന്മാർക്ക് നീതി നിഷേധം നേരിടേണ്ടിവരില്ല. വിദേശത്തു കഷ്ടപ്പെടുന്നവരുടെ പണം മാത്രം ആഗ്രഹിക്കുന്ന ഭരണകൂടം അവർ നമ്മുടെ രാജ്യത്തെ പൗരന്മാരാണെന്നതു സൗകര്യപൂർവ്വം മറക്കുന്നതു നിർത്തണം.

കോടികളുടെ സുഖലോലുപതയിൽ കരിമ്പൂച്ചകളുടെ സംരക്ഷണയിൽ മയങ്ങുന്നവർക്ക് തന്റെ രാജ്യത്തെ ബഹുഭൂരിപക്ഷവും ദാരിദ്രത്തിലാണെന്നത് ഉൾക്കൊള്ളാനും അവരുടെ സംരക്ഷകരാവാനും എവിടെ നേരം....?

  2 comments:

  1. ഇറ്റലിക്കാരെ കണ്ടുപഠിയ്ക്കണം

    ReplyDelete
  2. എല്ലാ രാജ്യത്തും അന്യദേശക്കാരായ നിരപരാധികൾ നീതി നിഷേധിക്കപ്പെട്ട് കഴിയുന്നു ഇന്ത്യയുൾപ്പെടെ.. അവർക്ക് വേണ്ടി പൊതുവായി ഒരു ശബ്ദം ഉയരുന്നില്ല.

    ReplyDelete

Popular Posts

Recent Posts

Blog Archive