Thursday

ന്യൂനപക്ഷ പീഢനം ബി.ജെ.പി.ക്ക് ഏറ്റ തിരിച്ചടി


ജനാധിപത്യത്തിന്റെ മജ്ജയായ ഭാഗം വളരെ നിഷ്കരുണം ബി ജെ പിയെ തള്ളിക്കളഞ്ഞു എന്നുള്ളതാണ് കണ്ണാടകത്തിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം വിഭാവനം ചെയ്യുന്നിടത്ത് സഹവർത്തിത്വത്തിലൂന്നി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൈകളിലേ തുടർഭരണം വിശ്വസനീയമായി ജനങ്ങൾ ഏൽപ്പിക്കുകയുള്ളൂ. കർണ്ണാടകയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നടന്നത് ഭരണമായിരുന്നില്ല. ഭരണ ആഭാസമായിരുന്നു. ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കേണ്ട ഒരു സർക്കാർ ധിക്കാരപൂർവ്വം ഭരണഘടനയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ഒരു ഭരണമാണ് അവിടെ നടമാടിയിരുന്നത്.

മതേതര കാഴ്ചപ്പാടുകളേയും മതേതര സ്ഥാപനങ്ങളേയുമൊക്കെ അവർ വർഗ്ഗീയവത്കരിച്ചു. ആശയപരമായി ഒന്നുംതന്നെ ഇല്ലാതിരുന്നതുകൊണ്ട്. സ്വന്തം ജനതയുടെയിടയിൽത്തന്നെ കൊച്ചുകൊച്ചു സ്ഫോടനങ്ങൾ അവർതന്നെ സ്പോൺസർ ചെയ്ത് അതിലെ പ്രതികളായി ന്യൂനപക്ഷവിഭാഗങ്ങളിലെയും മുസ്ലിം വിഭാഗങ്ങളിലെയും ചെറുപ്പക്കാരെ അന്യായമയി അറസ്റ്റു ചെയ്ത് സുപ്രിം കോടതിയെയും നിലവിലുള്ള നിയമവ്യവസ്ഥകളേയും വെല്ലുവിളിച്ചുകൊണ്ട് ഇപ്പോഴും തടങ്കലിലടച്ചിരിക്കുകയാണ്. അവിടത്തെ ജയിലുകളും കോടതികളും കഴിഞ്ഞ അഞ്ചുവർഷക്കാലം കൊണ്ട് വർഗ്ഗീയവത്കരിച്ചു ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിച്ചു. കേരളത്തിൽനിന്ന് അറസ്റ്റു ചെയ്യപ്പെട്ട അബ്ദുന്നാസർ മദനി ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ചെയർമാനാണ്. പത്തുവർഷത്തോളം അന്യായതടവനുഭവിച്ചയാളുമാണ്. ഒറ്റക്കു സഞ്ചരിക്കാനാവാതെ ഭരണകൂടത്തിന്റെ കാവലിൽ ബി കാറ്റഗറി സുരക്ഷയിൽ ജീവിച്ചിരുന്ന ഒരാളെ സുപ്രീംകോടതിയുടെ മുൻകൂർ ജാമ്യം എത്തുന്നതു കാത്തുനിൽക്കാതെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുന്നു.

എന്തിനാണ് ഇത്തരം ഒരന്തരീക്ഷം സൃഷ്ടിച്ചത്? ഞങ്ങളിതാ ഒരു വലിയ മുസ്ലിം കൊടും ഭീകരനെ അറസ്റ്റു ചെയ്തിട്ടിരിക്കുന്നു, ഇത് ഞങ്ങളെക്കൊണ്ടു മാത്രമേ സാധിക്കൂ എന്നൊക്കെപ്പറഞ്ഞ് വീണ്ടുമൊരു ഭരണം ബി. ജെ. പി ഉദ്ദേശിച്ച രീതിയിൽ നേടാമെന്നു കരുതിയായിരുന്നോ? ഹൂബ്ലി അടക്കമുള്ള മേഖലകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയെന്നു പറഞ്ഞ് ശ്രീരാമസേനക്കാരെയും ബി.ജെ.പി.ക്കാരെയും ബജ്രംഗ് ദളിന്റെ പ്രവർത്തകരെയും ഉപയോഗിച്ച് നടത്തിക്കൂട്ടിയ വർഗ്ഗീയ കലാപങ്ങൾ, ബാംഗ്ലൂരിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു നടന്ന സ്ഫോടനങ്ങൾ മുതലായവ സൂചിപ്പിക്കുന്നത് ഞങ്ങൾക്ക് ആശയം പറഞ്ഞോ ഭരണപരമായ എന്തെങ്കിലും പുരോഗതി പറഞ്ഞോ നയങ്ങൾ പറഞ്ഞോ തെരഞ്ഞെടുപ്പിനെ നേരിടുവാനില്ല, ഈ രാജ്യത്തു ജനിച്ചു വളർന്ന ഒരു ജനവിഭാഗം അവർ തീവ്രവാദികളും ഭീകരവാദികളും ആണ് എന്ന് നിരന്തരം പറഞ്ഞു പ്രചരിപ്പിച്ച് ഒരു ഹിന്ദുത്വരാജ്യം സ്വപ്നം കണ്ടാണ് അവർ കഴിഞ്ഞത് എന്നാണ്.

മദനി താമസിക്കുന്ന പരപ്പന അഗ്രഹാര ജയിൽ സന്ദർശിക്കുന്ന ആർക്കും ഒരു വസ്തുത കാണാൻ കഴിയും. എല്ലാ ഹൈന്ദവ ദൈവങ്ങളുടേയും ചിത്രങ്ങൾ അവിടുത്തെ ഓരോ മുറിയേയും അലങ്കരിച്ചിരിക്കുകയാണ്. പ്രധാന കവാടം മുതൽ ഹൈന്ദവ ദേവീദേവന്മാരുടെ മാർബിളിൽ പതിപ്പിച്ച രൂപങ്ങൾ പതിപ്പിച്ചിരിക്കുന്നു. മുഹൂർത്തം നോക്കിയുള്ള ഓഫീസ് പ്രവർത്തനങ്ങളെയും പഠന സമ്പ്രദായങ്ങളേയും ക്രമീകരിച്ചിരിക്കുന്നു. വിദ്യാഭ്യാസ സംവിധാനത്തിലാവട്ടെ വളരെ പച്ചയായ വർഗ്ഗീഗ വത്കരണമാണു നടത്തിയിരിക്കുന്നത്. മുഴുവൻ സിലബസിലും കാവിവത്കരണം അടിച്ചേൽപ്പിച്ചിരിക്കുന്നു. സൂര്യനമസ്കരം മുതലുള്ള ആരാധനകൾ സിലബസ്സിൽ നിർബ്ബന്ധമാക്കിയിരിക്കുന്നു.

കർണ്ണാടകയുടെ കഴിഞ്ഞകാല ചരിത്രം മുഴുവൻ മായ്ച്ച് അവർ പുതുക്കിയെഴുതി. വികാരവായ്പോടുകൂടി മാത്രം കാണാൻ കഴിയുന്ന മുസ്ലിം ഭരണാധികാരികളുടെ സർവ്വ അടയാളങ്ങളും അവർ മായ്ചുകളഞ്ഞു. ടിപ്പുസുൽത്താനെക്കുറിച്ച് ബ്രിട്ടീഷുകാർ പ്രചരിപ്പിച്ച, യഥാർത്ഥ ചരിത്രവുമായി പുലബന്ധമില്ലാത്ത കള്ളക്കഥകൾക്ക് വമ്പിച്ച പ്രാധാന്യം നൽകിക്കൊണ്ട്. അവർ ടിപ്പുവിനെ ചരിത്രത്തിൽ നിന്ന് തുടച്ചുമാറ്റി. അവിടുത്തെ വാർത്താ വിനിമയ സംവിധാനങ്ങളെ സംഘ്പരിവാറിന്റെ കരങ്ങളിലൊതുക്കി.

 ഇങ്ങനെയൊക്കെയാണെങ്കിലും ദൈവീകമായ ഒരു പരിരക്ഷ ഇന്ത്യയിലെ സമാധാനകാംക്ഷികളായ ജനങ്ങൾക്കു നൽകുന്ന തരത്തിൽ കർണ്ണാടകയിൽ ഇടപെട്ടു എന്നുതന്നെ കരുതണം. അത്തരം ഒരു ഫലമാണു പുറത്തു വന്നിരിക്കുന്നത്. സ്വന്തം പാർട്ടി പടനീക്കം നടത്തിയിട്ടാണ് ബി.ജെ.പി. ഗവർമെന്റ് ദുർബലമായത് എന്നതാണ് അതിനു തെളിവ്. പുറത്തുനിന്ന് ഒരു ശക്തി വന്നിട്ടില്ല. യദിയൂരപ്പ എന്ന ഭരണാധികാരിയെ അഴിമതി ചെയ്തതിന്റെ പേരിലാണ് പാർട്ടി ശിക്ഷിച്ചത്. റെഡ്ഡി സഹോദരന്മാർ നടത്തിയിട്ടുള്ള കോടിക്കണക്കിനു രൂപയുടെ അഴിമതി വേറെ. അഴിമതിക്കെതിരേ സംസാരിക്കാനുള്ള ശക്തി പാർട്ടിക്ക് അവിടെ നഷ്ടപ്പെട്ടു.

 ഈ ഭരണം എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച പീഢിത സമൂഹത്തിന്റെ ആഗ്രഹം സഫലീകരിക്കപ്പെട്ടു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. പീഡിത സമൂഹത്തിനുവേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന മദനിയെ അവിടെ കൊണ്ടുചെന്ന സമയം മുതൽ അവരുടെ ഭരണചക്രത്തിന്റെ ആണിക്കല്ല് ഇളകാൻ തുടങ്ങി. അതുവരെ വളരെ പ്രബലരായിരുന്ന അവിടുത്തെ ഭരണകർത്താക്കൾക്ക് അപ്പോൾ മുതൽ കഷ്ട്കലം തുടങ്ങി. വളരെ അച്ചടക്കത്തോടുകൂടി, കേഡർ സ്വഭാവത്തോടുകൂടി ചിട്ടയായി അവരുടെ വർഗ്ഗീയ അജണ്ടകൾ മാത്രം നടപ്പിലാക്കിക്കൊണ്ടിരുന്ന സംവിധാനത്തിന് പെട്ടെന്നു വിള്ളൽ വന്നു.  മദനിയെ ബന്ധിപ്പിച്ചുകൊണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്തു നടന്ന സ്ഫോടനത്തെക്കുറിച്ചു പറഞ്ഞ ആഭ്യന്തരമന്ത്രി പിന്നീട് ആ സ്ഥാനത്തു നിന്ന് നീക്കപ്പെടുകയും അകാല ചരമം പ്രാപിക്കുകയും ചെയ്തു. യദിയൂരപ്പ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ഉണ്ടാക്കിയ പുതിയ പാർട്ടിയും ഇവിടെ ദയനീയമായി പരാജയപ്പെട്ടു. കള്ളക്കേസു ചുമത്തി മദനിയെ കിടത്തിയിരിക്കുന്ന അതേ ജയിലിൽ തൊട്ടടുത്ത സെല്ലിൽപ്പോയി യദിയൂരപ്പക്കു കിടക്കേണ്ടിവന്നു.

 നിരപരാധികളുടെ രക്തത്തിൽ ഉണ്ടാക്കിയെടുക്കുന്ന സഹതാപത്തിൽ നിന്നുണ്ടാകുന്ന പ്രാർത്ഥന ദൈവം സ്വീകരിച്ചു എന്നുള്ളതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പു നൽകുന്ന പാഠം. ഇൻഫർമേഷൻ ടെക്നോളജിയുടെ ഏറ്റവും ഉന്നതമായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന സിലിക്കോൺ സിറ്റിയെന്നറിയപ്പെടുന്ന ബാംഗ്ലൂർ ഉൾപ്പടെയുള്ള പട്ടണങ്ങളുള്ള കർണാടകയിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അന്ധവിശ്വാസത്തിനു വിധേയമായി ഒരു മുഖ്യമന്ത്രി പൂർണ്ണ നഗ്നനായി വീട്ടിൽ താമസിക്കണമെന്ന് ജ്യോത്സ്യൻ പറഞ്ഞതനുസരിച്ച് പ്രവർത്തിച്ച കഥ ഇന്ത്യൻ ജനാധിപത്യത്തിനു നാണക്കേടാണ്. എത്രയോ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ പല ഘട്ടങ്ങളിലായി സംസ്ഥാനത്തും കേന്ദ്രത്തിലും മാറിമാറി ഭരിച്ച് അവരുടെ അവരുടെ ഭരണം ജനം കണ്ടുകൊണ്ടിരിക്കവേ ഇത്തരം അന്ധവിശ്വാസം വച്ചുപുലർത്തുന്ന മുഖ്യമന്ത്രിയെ ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിന് അപമാനമായേ കാണാൻ കഴിയൂ.

കോൺഗ്രസിന്റെ പ്രവർത്തനങ്ങളും വിഭിന്നമല്ല, ജനദ്രോഹപരമായ ഒരു ഭരണമാണവർ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും ഇന്ത്യയിൽ ബി.ജെ.പി. കഴിഞ്ഞാൽ ഇപ്പോൾ ജനങ്ങൾ കാണുന്ന ഒരു ബദൽ സംവിധാനം കോൺഗ്രസ്സാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന ഫലമാണ് പുറത്തു വന്നിട്ടുള്ളത്. നരേന്ദ്രമോഡിയെ എവറസ്റ്റ് പർവ്വതത്തിനു തുല്യമാണെന്നമട്ടിൽ ഉയർത്തിക്കാട്ടി വംശഹത്യയുടെ പേരുപറഞ്ഞ് വികസനത്തിന്റെ കള്ളക്കഥകളും വിളമ്പി വളരെ സുശക്തമായ ഭരണം ഇന്ത്യയിലുണ്ടാക്കും എന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന ബി.ജെ.പി.യുടെ പ്രചരണതന്ത്രം പരാജയപ്പെട്ടത് മോഡി നേരിട്ടുവന്നു പ്രചരണം നടത്തിയ സ്ഥലങ്ങളിലാണെന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മോഡി ഇവിടെ ആരുമല്ല, ജനങ്ങൾ ഇവിടെ പ്രതീക്ഷ അർപ്പിക്കുന്നത് മതേതര കക്ഷികളിലാണ് എന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിച്ചിരുന്നതും അതുതന്നെയാണ്. ഇവിടെ അടിസ്ഥാനപരമയി നാം വളരെ ഗൗരവകരമായി മനസ്സിലാക്കേണ്ട വസ്തുത ഇനി ബീ.ജെ.പി.യെപ്പോലുള്ള ഒരു രാഷ്ട്രീയപ്പാർട്ടിക്ക് ഹിന്ദുരാജ്യമോ ബാബരീമസ്ജിദോ പറഞ്ഞുകൊണ്ടോ മുസ്ലിം ജനവിഭാഗത്തിന് പാകിസ്ഥാനിലേക്കുള്ള വഴി കാണിച്ചുകൊടുത്തുകൊണ്ടോ അവരെ വംശഹത്യ ചെയ്തതുകൊണ്ടോ ഒന്നും നിലനിൽക്കാൻ സാധിക്കുകയില്ല എന്നതാണ്. ഇത് കലത്തിനനുസരിച്ച് ബി.ജെ.പി. തിരിച്ചറിയണം.

ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ കോൺഗ്രസ്സിന്റെ ബദലായി നിൽക്കുകയും ജനകീയ വിഷയങ്ങൾ പറയുകയും എല്ലാ ജനങ്ങളേയും തുല്യമായിക്കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കാലം വരുമെങ്കിൽ അങ്ങനുള്ള ഒരു നയം അവർ ഉണ്ടാക്കുമെങ്കിൽ തീർച്ചയായും ഒരു ബദൽ സംവിധാനമായി അവർക്കു വരാൻ സാധിച്ചേക്കും. പക്ഷേ അവരിൽ ജനങ്ങൾക്കു വിശ്വാസമുണ്ടാവുകയില്ല. അവരുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന വർഗ്ഗീയത ഉപേക്ഷിക്കാൻ അവർക്ക് സാധിക്കില്ല എന്നതുതന്നെ കാര്യം. അവരുതന്നെ കെട്ടിപ്പൊക്കിയ കപട ചരിത്രത്തിലൂടെ മാത്രം അവർ ഇന്ത്യയെ നോക്കിക്കാണുന്നു. ഇന്ത്യയുടെ സംസ്കാരത്തിലേക്ക് കടന്നുചെന്നുകൊണ്ട് നമ്മുടെ നാനാത്വം തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നില്ല.

ലാൽ ബഹദൂർ ശാസ്ത്രിയും നെഹ്രുവും ഇന്ദിരാഗന്ധിയും വി.പി. സിംഗുമെല്ലാം ഇരുന്ന കസേരകളിലാണ് അവരും ഇരുന്നു ഭരിച്ചത്. ഇന്ത്യയിൽ ഒരു ധ്രുവീകരണം നടത്തി ഉദ്യോഗസ്ഥ തലങ്ങളിലേക്ക് വർഗ്ഗീയതയെ പറിച്ചു നട്ടു. കേരളത്തിൽ മോഡിയെപ്പുകഴ്ത്തി ഒരു ഉയർന്ന ഉദ്യോഗസ്ഥൻ എഴുതുകയുണ്ടായി. ഉദ്യോഗതലങ്ങളിൽ കൊണ്ടുവരുന്ന വർഗ്ഗീയതയിലൂടെ ഇവിടെ എന്തെങ്കിലുമൊക്കെ ചെയ്തുകളയാമെന്നത് ഇവരുടെ തെറ്റിദ്ധാരണയാണ്. ബി.ജെ.പി.യുടെ ഈ കാഴ്ചപ്പാടും അവരുടെ ദയനീയ പരാജയത്തിനു കാരണമാണ്.

ഇപ്പോൾ പന്ത് കോൺഗ്രസ്സിന്റെ കോർട്ടിലാണ്. മദനിയും സക്കറിയയുമുൾപ്പടെയുള്ള നിരപരാധികളുടെ വിഷയത്തിൽ കോൺഗ്രസ് എന്തു നിലപാടെടുക്കുമെന്നത് ഇനി കണ്ടറിയാം. ഇനി ഒഴിഞ്ഞുമാറാൻ പറ്റില്ല., കേന്ദ്രവും കേരളവും കൂടി അവരാണ് ഭരിക്കുന്നത്. അതുകൊണ്ടു കാര്യമില്ലെങ്കിൽ വളർന്നുവരുന്ന നവരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അധികാരം കിട്ടുന്നതുവരെ കാത്തിരിക്കുകയല്ലാതെ ഇന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങൾക്കു മറ്റു മാർഗ്ഗങ്ങളില്ല.

  2 comments:

  1. നീതിയുടെ പ്രകാശം അകലെയല്ല എന്ന് നമുക്ക് പ്രത്യാശിക്കാം...

    ReplyDelete
  2. നന്നായി ലേഖനം.. എല്ലാ വിഭാഗം ജനങ്ങൾക്കും അവരവരുടെ വിശ്വാസമനുസരിച്ച് ഭയമില്ലാതെ ജീവിക്കാനുള്ള അവസ്ഥ നമ്മുടെ നാട്ടിൽ എന്നും നില നിൽക്കട്ടെ. അതിനെതീരെ ഉയരുന്ന എല്ലാ വിദ്വംസക പ്രവർത്തനങ്ങളും നുള്ളിക്കളയാൻ നമുക്കാവട്ടെ. ആശംസകൾ

    ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive