ക്യാൻസർ സെന്റർ വിഷയത്തിൽ നടൻ ശ്രീനിവാസന് എല്ലാ പിന്തുണയും
കേരളത്തിൽ ഇനിയൊരു റിജിയണൽ കാൻസർ
സെന്റർ വേണ്ടാ എന്ന നടൻ ശ്രീനിവാസന്റെ അഭിപ്രായത്തെ
തുടർന്ന് സോഷ്യൽ മീഡിയയിലും പുറത്തും അദ്ദേഹം എന്തോ മഹാപരാധം ചെയ്തു എന്ന മട്ടിൽ പ്രചരണവും
പ്രതിഷേധവുമൊക്കെ നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ മാറിമാറിവരുന്ന കേരളസർക്കാരുകൾ നടത്തുന്ന
കേരളവികസനത്തിന്റെയും കേരളം നേരിടുന്ന ഗുരുതര പ്രധിസന്ധികൾ തരണം ചെയ്യുന്ന പദ്ധതികളുടേയും
നടപ്പുകാര്യത്തിൽ ആർക്കാണു യഥാർത്ഥ ഗുണം ലഭിക്കുന്നതെന്ന് യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുന്ന
ഒരു പൗരന്റെ അഭിപ്രായമാണത്. കേരളത്തിനെ വൻ കടക്കെണിയിലേക്കു നയിക്കാനും കേരളത്തിലെ
ജനവിഭാഗങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നതും മാത്രമായ പല പദ്ധതികളും ഇതിനുമുമ്പ്
നാം കണ്ടതാണ്. ഈ ബ്ലോഗിൽ അവയിൽ ഏതാനും സംഗതികളെക്കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുള്ളതിനാൽ
ഇവിടെ വിശദീകരിക്കുന്നില്ല. ഇവിടെയും ഇവിടെയും ഇവിടെയും പോയാൽ അവയിൽ ചിലതു കാണാം. ആ
പദ്ധതികളുടെ തുടർച്ച എന്തായിരുന്നുവെന്ന് ശ്രീനിവാസനെ എതിർക്കുന്നവർ ചിന്തിക്കുന്നത്
നല്ലതാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ്
മരുന്നുകൾ പ്രചരിപ്പിക്കുന്ന, ഉപയോഗിക്കുന്ന സ്ഥലം നമ്മുടെ കേരളമാണ്. ഏറ്റവും കൂടുതൽ
മരുന്നു പരീക്ഷണം മനുഷ്യനിൽ നടത്തുന്നത് ഇവിടെത്തന്നെയാണ്. തിരുവനന്തപുരം കാൻസർ സെന്ററിലെ
മരുന്നുപരീക്ഷണവുമായി ബന്ധപ്പെട്ട് മുമ്പ് വിവാദങ്ങൾ ഉണ്ടായത് ഓർക്കുക. കേരളത്തെ സംബന്ധിച്ചിടത്തോളം
“ജന നേതാക്കളുടെയും അവരുടെ ആസനം താങ്ങികളുടേയും കീശ വീർപ്പിക്കുന്ന പ്രക്രിയയാണ് ആരോഗ്യരംഗത്തായാലും
മറ്റേതു രംഗത്തായാലും വികസനം.
മാലിന്യസംസ്കരണരംഗത്ത് ലോകത്തെ ഏറ്റവും
നൂതനവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ പദ്ധതി കേരളത്തിലുണ്ടായിരിക്കെ അതു ചൂണ്ടിക്കാണിച്ചപ്പോൾ
“മറ്റുപദ്ധതികൾ” ഉണ്ടെങ്കിൽ പറയാൻ മന്ത്രിതന്നെ എന്നോടാവശ്യപ്പെട്ടത് ഇവിടെ ഉദാഹരണമായി
വെക്കുന്നു. രണ്ടു വർഷത്തിനു ശേഷം കണ്ടുപിടിച്ച് നടപ്പിലാക്കാൻ കൊണ്ടുവന്ന “മറ്റു പദ്ധതിക്ക്”
ടണ്ണിനു 10000 രൂപയാണ് നിശ്ചയിച്ചിരുന്നത്. കൊടുങ്ങല്ലൂരിൽ ഞാൻ പങ്കെടുത്ത ഒരു ചടങ്ങിൽ
ടണ്ണിനു 3500 രൂപ നിരക്കിൽ “മറ്റു പദ്ധതി” കൊടുക്കാമെന്ന് ഭരണകക്ഷികൾ ഉൾപ്പെട്ട ചടങ്ങിൽ
പരസ്യമായി പറഞ്ഞപ്പോൾ അവർക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. കേരളത്തിൽ ഉല്പാദിപ്പിക്കുന്ന
മാലിന്യം സംസ്കരിക്കുന്നതിനായി നീക്കിവെക്കാൻ തീരുമാനിച്ച തുകയിൽ ടണ്ണിന് 6500 രൂപ
ലാഭമുണ്ടാക്കാനുള്ള മാർഗ്ഗം കാണിച്ചുകൊടുത്തിട്ട് മിണ്ടാട്ടമില്ലെന്നു മാത്രമല്ല ആതുക
കമ്മീഷനായി അടിച്ചുമാറ്റാനുള്ള മാർഗ്ഗം അടഞ്ഞപ്പോൾ പദ്ധതിതന്നെ വേണ്ടെന്നു വച്ചു. ഇത്
കേവലം ഉദാഹരണമാണെങ്കിൽ ഇതുപോലെ കാരണവും ബദൽ പരിഹാരവും നിരത്തി പ്രതികരിക്കാൻ തയ്യാറായാൽ
യഥാർത്ഥ വികസനം നമുക്കു കൈവരും. ഇല്ലെങ്കിൽ നേതാക്കന്മാരുടെയും അവരുടെ വാലാട്ടികളുടെയും
കീശയായിരിക്കും വികസിക്കുക.
കാൻസർ സെന്ററിന്റെ കാര്യത്തിലും ഇതുതന്നെയാണ്
സംഭവിക്കുന്നത്. ബഹുരാഷ്ട്ര മരുന്നുകമ്പനികൾക്ക് മരുന്നുകച്ചവടവും പരീക്ഷണവും നടത്താനുള്ള
സൗകര്യമൊരുക്കുന്നതിലൂടെ കീശ വീർപ്പിക്കാനുള്ള മാർഗ്ഗമായേ മുൻകാല അനുഭവത്തിൽനിന്ന്
ഇതിനെ മനസ്സിലാക്കാൻ കഴിയുന്നുള്ളൂ. റംസ്‌ഫീൽഡിന്റെ ജലീഡ് സയൻസസിൽ 1995 മുതൽ ഉല്പാദിപ്പിച്ച്
കെട്ടിക്കിടന്ന “ടാമിഫ്ലൂ” ചെലവാക്കാൻ ഇവിടെ പന്നിപ്പനിയും പട്ടിപ്പനിയുമൊക്കെ വന്നിട്ട്
അധികകാലമായിട്ടില്ലല്ലോ. മരുന്നുകമ്പനികൾ “വേണ്ടപ്പെട്ടവർക്കും” നല്ലൊരു വിഭാഗം ഡോക്ടർമാർക്കും
നൽകുന്ന ആഡംബര വാഹനങ്ങളും ഫ്ലാറ്റുകളും വില്ലകളും ഉലകം ചുറ്റി കുടുംബസമേതമുള്ള കൈയും
വീശി സഞ്ചാരവും മുടക്കില്ലാതെ കൊടുക്കുന്നെന്നാണോ...?
ഇന്ന് കേരളത്തിലെ ഏറ്റവും വലുതും
നഷ്ടസാധ്യതയുടെ ഏഴയലത്തു വരാത്തതും എല്ലാതരത്തിലും സുരക്ഷിതവുമായ ബിസിനസാണ് ആരോഗ്യരംഗം.
മുമ്പ് കേരളത്തിലെ ഒന്നേകാൽ കോടി ജനങ്ങൾ തിന്നുകഴിഞ്ഞ് ഗുണമേന്മയില്ലന്നു സ്ഥിരീകരിച്ച
മന്തുഗുളിക, ആരും തിന്നുന്നതിനു മുമ്പ് പരിശോധിക്കാൻ നമ്മുടെ മന്ത്രാലയം തയ്യാറാവാതിരുന്നതെന്ത്
എന്നൊന്നും ചോദിക്കരുത്. ഗുണമേന്മയില്ലാത്തതെന്ന് കണ്ടെത്തിയ പ്രസ്തുത മരുന്നുകൾക്ക്
പണം കൊടുത്തു എന്നു മാത്രമല്ല അതേ കമ്പനിയിൽ നിന്ന് വീണ്ടും അതേ മരുന്നു വാങ്ങി അതേജനത്തിന്
തിന്നാൻ കൊടുത്തു. രോഗങ്ങൾ ഇത്രയധികം പെരുകിയ, രോഗങ്ങൾക്ക് ഇത്രയും “പ്രാധാന്യം” നൽകുന്ന
രാജ്യം വേറേ ഉണ്ടാവില്ല.
ആധുക ചികിത്സാരംഗത്ത് അനുദിനം പുരോഗതി
കൈവരിക്കുമ്പോഴും കൃത്യമായ മരുന്നു പരിചരണം നടക്കുമ്പോഴും രോഗികളുടെ എണ്ണം കുത്തനെ
കൂടുകയാണെന്നത് ചർച്ച ചെയ്യുന്നില്ല. ഇത്രയധികം സൗകര്യങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും
രോഗികളുടയും ആശുപത്രികളുടെയും എണ്ണം കുറയുകയുകയാണ് ചെയ്യേണ്ടത്. പക്ഷേ രോഗികളും അവരുടെ
രോഗ ദൈർഘ്യവും വർദ്ധിക്കുകയും ആശുപത്രികൾ ബഹുനിലകളുമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണ്
നാം കാണുന്നത്. ദീർഘകാലം അലോപ്പതിമരുന്നുകൾ ഉപയോഗിക്കുന്നവരുടെ കണക്കെടുത്താൽ അത്തരക്കാരിലാകും
ഡയാലിസിസ് രോഗികളെ കൂടുതലും കണ്ടെത്താനാവുക.
ദൈനം ദിനം നമ്മൾ ഭക്ഷിക്കുന്ന ആവശ്യമില്ലാത്ത
ഭക്ഷണങ്ങളാണ് , അവയിലടങ്ങിയിരിക്കുന്ന ഭക്ഷിക്കാൻ പാടില്ലാത്ത ഘടകങ്ങളാണ് നമുക്ക് കൂടുതലും
ക്യാൻസറടക്കം മിക്ക രോഗങ്ങളും സമ്മാനിക്കുന്നത്. അത്തരം ഭക്ഷണ പദാർത്ഥങ്ങൾ കർശനമായി
നിരോധിക്കുകയും അവയുടെ വില്പന തടയുകയും ചെയ്യുന്നതിനു പകരം ആ മാരക പദാർത്ഥങ്ങൾ കൂട്ടിച്ചേർക്കുന്നതിന്
“അനുവദനീയമായ പരിധി” നിർണ്ണയിച്ചു കൊടുത്തിരിക്കുകയാണ് ആരോഗ്യരംഗത്തിന്റെ കാവലാളുകൾ.
വിഷം കലർത്തുന്നവനെ പിടിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല, അറിയാതെയാണെങ്കിൽപ്പോലും അതു
വാങ്ങി വിൽക്കുന്നവനാണ് ഉണ്ട തിന്നേണ്ടി വരുന്നത്.
ആരോഗ്യരംഗത്തിന്റെ സംരക്ഷകർക്ക് അവരുടെ
കടമ നിർവ്വഹിക്കണമെന്നു തോന്നിയാൽ ഇവിടെ പിന്നെ ഒരു സെന്ററും പുതുതായി വേണ്ടി വരില്ല.
രോഗികൾക്ക് ആവശ്യമുള്ള മരുന്നുകൾ ആവശ്യമായ അളവിൽ മാത്രം നൽകുക. ഭക്ഷണത്തിൽ വിഷം ചേർക്കുന്നതും
കൃത്രിമ ഭക്ഷണ സാമഗ്രികൾ ഉണ്ടാക്കി വിൽക്കുന്നതും ആരോഗ്യരംഗത്തെ കഴുകന്റെ നോട്ടവും
അവസാനിപ്പിക്കാതെ ഇവിടെ ഏതു സെന്റർ വന്നിട്ടും കാര്യമില്ല. ഒരു റീജിയണൽ കാൻസർ സെന്റർ
ഇവിടെ നിർമ്മിക്കുന്നു എന്നു പറയുമ്പോൾ അവിടെ കച്ചവടം ചെയ്യാൻ ചന്തയൊരുക്കൂ വേണ്ട “ചരക്കുകൾ”
ഞങ്ങൾ ഒരുക്കിത്തരാം എന്ന് ആരോടൊക്കെയോ ആരൊക്കെയോ പറയുന്നതായിത്തന്നെ നിലവിലെ സാഹചര്യങ്ങളിൽ
വിശ്വസിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ റീജിയണൽ ക്യാൻസർ സെന്ററുകൾ വേണ്ടാ ശ്രീനിവാസന്റെ അഭിപ്രായത്തിന് എല്ലാ പിന്തുണയും നൽകേണ്ടി വരുന്നു