Saturday

പഴശ്ശിരാജയും യഥാര്‍ത്ഥ വസ്തുതകളും...


ചരിത്രത്തെ എത്രത്തോളം വളച്ചൊടിയ്ക്കാം..?

യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച് സൌകര്യം‌പോലെ കൂട്ടിച്ചേര്‍ത്ത് തോന്നുംപടി സിനിമകളിലും പുസ്തകങ്ങളിലും ആവിഷ്കരിയ്ക്കുന്നത് നടാടെയല്ല. നീതിനന്മകള്‍ക്കെതിരെ നിന്നവരെ അവയുടെ കാവലാളുകളായും നേരേതിരിച്ചും അവതരിപ്പിയ്ക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ട്. ഇത്തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ച് എത്രത്തോളം വികലമാക്കാമെന്നതിന് അവസാനം വന്ന ഉദാഹരണമാണ് പഴശ്ശിരാജാ എന്ന സിനിമ. സിനിമാക്കഥ ഇങ്ങനെ...

“ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് നൂറ്റിഅന്‍പതോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷുകാരെ എതിര്‍ത്ത ആദ്യകാല സ്വാതന്ത്ര്യ സമര പങ്കാളികളില്‍ ഒരാളായിരുന്നു പഴശ്ശിരാജാ. ബ്രിട്ടീഷ് പട്ടാളത്തെ അദ്ദേഹം പതിനഞ്ചു വര്‍ഷക്കാലം വാള്‍മുനയില്‍ നിര്‍ത്തുകയും അവര്‍ ഏര്‍പ്പെടുത്തിയ നികുതി വ്യവസ്ഥയെ എതിര്‍ത്തു യുദ്ധംപ്രഖ്യാപിയ്ക്കുകയും ചെയ്തു...”

ബ്രിട്ടീഷുകാര്‍ക്കുവേണ്ടി അവര്‍ ഏര്‍പ്പെടുത്തിയ “ജെമ” എന്ന നികുതിപ്പണത്തെ പിരിച്ചെടുത്തു കൊടുക്കുന്ന ഒരു നാട്ടു പ്രമാണി മാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ പഴശ്ശിരാജാ. അതുകൊണ്ടുതന്നെ നമ്മള്‍ ഇപ്പൊ പഠിയ്ക്കുന്ന പഴശ്ശിചരിത്രവുമായി യഥാര്‍ത്ഥ ചരിത്രത്തിനു ബന്ധമില്ല. നികുതിപ്പിരിവിന്റെ പത്തു ശതമാനം ബ്രിട്ടീഷുകാര്‍ പഴശ്ശിരാജയ്ക്ക് കൊടുത്തിരുന്നു. പഴശ്ശി പിരിയ്ക്കുന്ന നികുതിപ്പണത്തെക്കാള്‍ കൂടുതല്‍ പിരിച്ചു നല്‍കാന്‍ അദ്ദേഹത്തിന്റെ അമ്മാവന്‍ വീരവര്‍മ്മ തയ്യാറായി മുന്നോട്ടു വന്നപ്പോള്‍ പഴശ്ശിരാജയ്ക്കു സ്ഥാനവും കമ്മീഷനും നഷ്ടപ്പെട്ടു. സ്വാഭാവികമായും അമ്മാവനോടും ബ്രിട്ടീഷുകാരോടും അദ്ദേഹത്തിന് ദേഷ്യവും വൈരാഗ്യവും തോന്നി . ഇതാണ് പഴശ്ശി-ബ്രിട്ടീഷ് കലാപത്തിന്റെ മൂല രഹസ്യം.

ബ്രിട്ടീഷുകാര്‍ക്കെതിരെ നിരന്തരം പോരാട്ടം നടത്തിയിരുന്ന ടിപ്പുസുല്‍ത്താനെ നശിപ്പിയ്ക്കാന്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നത് പഴശ്ശിരാജയായിരുന്നു. ടിപ്പുവിനെ നശിപ്പിയ്ക്കാന്‍ പറ്റിയാല്‍ മലബാറിനെ ബ്രിട്ടീഷുകാര്‍ക്കു സ്വന്തമാക്കാമല്ലോ. അതിനാല്‍ കാര്യമായിത്തന്നെ അയാള്‍ ബ്രിട്ടനെ സഹായിച്ചുകൊണ്ടിരുന്നു. ഇതിനു പ്രതിഫലമായാണ് കോട്ടയത്തു നികുതി പിരിയ്ക്കുവാനുള്ള അവകാശം പഴശ്ശിരാജയ്ക്ക് ബ്രിട്ടീഷുകാര്‍ കൊടുത്തത്. 1792ലെ ശ്രീരംഗം ഉടമ്പടിപ്രകാരം മലബാര്‍പ്രദേശം ബ്രിട്ടീഷ് ആധിപത്യത്തിന്‍‌ കീഴില്‍ വന്ന സാമയത്താണ് വീരവര്‍മ്മയുടെ രംഗ പ്രവേശം. കോട്ടയം, കതിരൂര്‍, പഴശ്ശി, താമരശ്ശേരി, കുമ്പ്രനാട്, കുറ്റിയാടി, പരപ്പനാട് തുടങ്ങിയ പ്രദേശങ്ങളിലെ നികുതി പിരിവ് അവകാശം വീരവര്‍മ്മയ്ക്കു ലഭിച്ചപ്പോള്‍ ജനങ്ങളുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തിയെന്നാരോപിച്ച് ജനപിന്തുണ നേടി ബ്രിട്ടീഷുകാരെ എതിര്‍ക്കുകയാണ് പഴശ്ശിരാജ ചെയ്തത്. ഇത് അസൂയകൊണ്ടുണ്ടായതാണ്, രാജ്യസ്നേഹം കൊണ്ടല്ല.

ചരിത്രത്തെ തിരുത്താന്‍ ആര്‍ക്കൊക്കെയോ പ്രത്യേക താല്‍പ്പര്യമുള്ളതുപോലെയാണു തോന്നുന്നത്. അല്ലെങ്കില്‍ ടിപ്പുവിന്റെ ചരിത്രത്തെ കഥയാക്കിയ ചലച്ചിത്രത്തെ കെട്ടുകഥയെന്നു രേഖപ്പെടുത്തി പുറത്തിറക്കേണ്ടി വരില്ലായിരുന്നു. ഒരുകാലത്ത് ഒരു മഹാ ഭൂരിപക്ഷത്തെ അടക്കി ഭരിച്ചിരുന്ന (അങ്ങനെ ഭരിച്ചിരുന്നവരെ മാത്രം) ജാതി-വര്‍ണ്ണ-ജന്മി-നടുവാഴി സംഘങ്ങളെ സ്വാതന്ത്ര സമരത്തിന്റെ ധീരയോദ്ധാക്കളായി ചിത്രീകരിയ്ക്കുന്നതിലെ ഔചിത്യം എന്തെന്നു മനസ്സിലാവുന്നില്ല.

  17 comments:

  1. എന്നാണാവോ എന്തിന്റെയും ശരിയായ ചരിത്രം പഠിയ്ക്കാന്‍ നമുക്കു ഭാഗ്യമുണ്ടാകുന്നത്..?

    ReplyDelete
  2. "സ്വാഭാവികമായും അമ്മാവനോടും ബ്രിട്ടീഷുകാരോടും അദ്ദേഹത്തിന് ദേഷ്യവും വൈരാഗ്യവും തോന്നി . ഇതാണ് പഴശ്ശി-ബ്രിട്ടീഷ് കലാപത്തിന്റെ മൂല രഹസ്യം."

    ഇത് തന്നെയായിരുന്നു യഥാര്‍ത്ഥ ചരിത്രമെന്ന് എങ്ങിനെ ഇത്ര ദൃഢമായി വിശ്വസിക്കുവാന്‍ കഴിയും?

    ചരിത്ര ക്ലാസ്സുകളില്‍ നാം പഠിച്ച, ഈയിടെ മാത്രം ചരിത്രത്തില്‍ സ്ഥാനം പീടിച്ച, നെഹ്രുവിന്റെയും, ഗാന്ധിയുടെയും “നല്ല മുഖങ്ങള്‍ക്ക്” പിറകില്‍ ഒളിഞ്ഞിരിക്കുന്ന “യാഥാര്‍ത്ഥ്യങ്ങള്‍” ഇപ്പോള്‍ പുറത്ത് വരുന്നുണ്ടല്ലോ. ചരിത്രം എന്നും ഭരിക്കുന്നവന്‍ രചിക്കുന്നതാണ്. പക്ഷേ എന്നെങ്കിലും അവ തിരുത്തപ്പെടും....

    “എന്നാണാവോ എന്തിന്റെയും ശരിയായ ചരിത്രം പഠിയ്ക്കാന്‍ നമുക്കു ഭാഗ്യമുണ്ടാകുന്നത്..?”

    എന്നെങ്കിലും പുറത്ത് വരും. അത് വരെ നമുക്കായി രചിക്കപ്പെട്ടവ ചരിത്രമായി നാം പഠിക്കണം :)

    ReplyDelete
  3. ചരിത്രം എന്നും ഭരിക്കുന്നവന്‍ രചിക്കുന്നതാണ്. അത് അവന് തോന്നുന്ന മട്ടില്‍ എഴുതപ്പെടും. അത് നമ്മള്‍ പഠിച്ച് ഏറ്റ് പറഞ്ഞേ തീരൂ.സത്യം വിളിച്ചോതാന്‍ ദൈര്യപ്പെടുന്നവന്‍ എന്നും രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെടും. പിന്നെ സിനിമ; അത് വിജയിക്കാന്‍ ഏത് തറവേലയും ചെയ്യും. പക്ഷെ, അതാണ് സത്യമെന്ന് വിചാരിച്ച് അതിന്റെ പിറകില്‍ കൂടുന്നവര്‍ തന്നെയാണ് മൂഢന്മാര്‍...

    വര്‍ഷം എഴുതിയതിന് പിശകുണ്ടോ? നോക്കുക.

    ReplyDelete
  4. കൊട്ടോട്ടിക്കാരന്‍,
    എഴുതപ്പെടാത്ത ചരിത്രം എപ്പോഴും ആകാംക്ഷാഭരിതമാണ്..

    എം ടി ഒരു ചരിത്രകാരനല്ല....അദ്ദേഹത്തിന്റെ പഴശ്ശിരാജാ ഒരിക്കലും പൂർണ്ണമായ സത്യമാണെന്ന് വിശ്വസിക്കുന്നുമില്ല. രണ്ടാമൂഴത്തിനും വടക്കൻ വീരഗാഥക്കും ഉള്ള മിഴിവെ പഴശ്ശിരാജായ്ക്കു പിന്നിലെ തിരക്കഥക്കും ഉള്ളൂ..

    യഥാർത്ഥ പഴശ്ശിയുടെ എഴുതാത്ത ചരിത്രം പുറത്ത് വരട്ടെ..

    പോസ്റ്റിന് അഭിവാദ്യങ്ങൾ....

    ReplyDelete
  5. അങ്ങനെയൊരു ഭാഗ്യം ഉണ്ടാവില്ല..
    ചരിത്രം എന്നും അത് രചിക്കപ്പെടുന്നവന്റെയൊ, അവനെ നിയന്ത്രിക്കുന്നവന്റേയൊ ആയിരിക്കും..!

    {1972 എന്നെഴുതിയത് ശരിയാണൊ..?}

    ആശംസകൾ..

    ReplyDelete
  6. 1972 അല്ല 1792ആണ്. വര്‍ഷം എഴുതിയപ്പോള്‍ വന്ന പിഴവു തിരുത്തിയിട്ടുണ്ട്.

    പഴശ്ശിയും വേലുത്തമ്പിയും ബ്രിട്ടീഷുകാര്‍ക്ക് അവരുടെ സാമ്രാജ്യം ഇവിടെത്തീര്‍ക്കുവാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണു ചെയ്തത്. നികുതി നാലുലക്ഷത്തില്‍ നിന്ന് എട്ടുലക്ഷമാക്കി വേലുത്തമ്പി ഉയര്‍ത്തിക്കൊടുത്തു. തിരുവിതാംകൂറിനെ ആക്രമിയ്ക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് വേലുത്തമ്പി കൂട്ടുനിന്നപ്പോള്‍ മലബാറിനെ പിടിച്ചടക്കാന്‍ പഴശ്ശിയും കൂട്ടുനിന്നു.

    ReplyDelete
  7. എം ടിയുടെ commercial ഫിലിമിലെ തിരക്കഥയുടെ ഗതി മാറ്റം ശരിയായിരിക്കാം.

    പക്ഷെ പാട പുസ്തകത്തില്‍ പഠിച്ച ചരിത്രവും താങ്കള്‍ പറഞ്ഞത് പോലെ അല്ലല്ലോ കൊട്ടോട്ടിക്കാരാ..

    സാമ്രാജ്യത്വ മോഹവും , അധികാരവും ഒക്കെ തന്നെ അല്ലെ ടിപ്പുവിനെ കൊണ്ട് ബ്രിടിശുകാരോട് പോരാടാന്‍ പ്രേരിപ്പിച്ചതും

    ReplyDelete
  8. കൊണ്ടോട്ടിക്കാരാ, പോസ്റ്റ് വ്യത്യസ്തമാണ്... നാടുവാഴികള്‍ തമ്മിലുള്ള കുടിപ്പകകള്‍ നമ്മുടെ ചരിത്രത്തിന്‍റെ ഭാഗമാണെന്ന് സമ്മതിക്കുന്നു. ചില സംശയങ്ങള്‍ തോന്നുന്നത്, ഒന്ന് കുറിച്യരായിരുന്നു പഴശ്ശിയുടെ ഗറിലാ യുദ്ധത്തിന്‍റെ നട്ടെല്ല്. ഇങ്ങനെ തമ്മില്‍ തല്ലുന്ന നാടുവാഴികള്‍ക്കു വേണ്ടി താരതമ്യേന കാനനവാസികളായ കുറിച്യര്‍ എന്തിനിറങ്ങണം. ഈസ്ടിന്ത്യാ കമ്പനിയുടെ നികുതികള് കുറിച്യരെ ബാധിക്കാന്‍ സാധ്യത കുറവല്ലേ. (‍എം.ടിയുടെ സിനിമ പോലും ആദ്യ ഘട്ട്ത്തില്‍ തലക്കല്‍ ചന്തുവിനെയാണ് കേന്ദ്രീകരിച്ചിരുന്നതെന്നാണ് കേള്വി) രണ്ടാമത് ഉണ്ണിമൂസ തുടങ്ങിയ നാട്ടുപ്രമാണിമാര്‍ പഴശ്ശിയുടെ പടയൊരുക്കങ്ങളെ പോഷിപ്പിച്ചു. കേവലം പിണക്കങ്ങളില്‍ നിന്നായിരുന്നു പഴശ്ശിയൂടെ തുടക്കമെങ്കില്‍ ഇത്രയധികം ബഹുമുഖ പിന്തുണ ലഭിക്കുമായിരുന്നോ. സംശയങ്ങള്‍ മാത്രമാണിത്. അറിയാത്തവയെപ്പറ്റി സംശയിക്കാമല്ലോ.

    ReplyDelete
  9. ആചാര്യന്‍: ബഹുമുഖ പിന്തുണ എന്നുപറയുന്നത് ഇന്നു നമ്മള്‍ പഴശ്ശിരാജയ്ക്കു കൊടുക്കുന്നതാണോ.? സാധാരണ കൊടുത്തു വന്നതിന്റെ ഇരട്ടി നികുതിപ്പണം കൊടുക്കേണ്ടി വരുമ്പോള്‍ അതിനെതിരെ ശബ്ദിയ്ക്കുന്നവനു ജനസമ്മതി കൂടുന്നതില്‍ അത്ഭുതമുണ്ടാവുമോ? നമ്മള്‍ പഠിച്ച പഴശ്ശിചരിത്രം എഴുതിയയാളിന്റെ തലയില്‍ ചിന്തിയ്ക്കുകപോലും ചെയ്യാത്ത കാര്യങ്ങളാവണം നമ്മള്‍ ഇന്നു പഠിയ്ക്കുന്നത്. ഐതിഹ്യങ്ങള്‍ നൂറു ശതമാനം സത്യമാണോ? അതുപോലെ പഴശ്ശിചരിത്രവും വളച്ചൊടിയ്ക്കപ്പെട്ടാല്‍ തല്‍ക്കാലം എതിര്‍ക്കാന്‍ തെളിവുകളുണ്ടാവണമെന്നില്ല. ചരിത്രത്തെ മറച്ചു വയ്ക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കും താല്‍പര്യമുണ്ടെന്നു വേണം അനുമാനിയ്ക്കാന്‍. അതുകൊണ്ടാവണം മമ്മൂട്ടി അംബേദ്കറായി അഭിനയിച്ച അംബേദ്കര്‍ സിനിമ സര്‍ക്കാരിന്റെ ശീതീകരണിയില്‍ സുഖമായുറങ്ങുന്നത്. എന്തിനാണ് ചരിത്രത്തെ ഇങ്ങനെ വളച്ചൊടിയ്ക്കുകയും മറച്ചു വയ്ക്കുകയും ചെയ്യുന്നത് എന്നതാണ് നമുക്കറിയേണ്ടതും നമുക്കു മനസ്സിലാവാത്തതും.

    ReplyDelete
  10. സിനിമകള്‍ ചരിത്രങ്ങളെ തിരുത്തിയ ചരിത്രങ്ങള്‍ കാണില്ല. സിനിമകള്‍ പറയുന്നത് ഒരു കഥയുമായി ബന്ധപ്പെട്ട നായകന്റെ മാനസിക വ്യവഹാരങ്ങള്‍ മാത്രം , അതിനൊരു മറുപുറം ഉണ്ടന്ന് തോന്നുന്നില്ല
    ആശംസകള്‍

    ReplyDelete
  11. സത്യം എന്നതായാലും പഴശ്ശിരാജയെ കുറിച്ച് ഞാന്‍ ഒന്ന് മനസിലാക്കി തുടങ്ങിയത് ഈ പടം കണ്ടതിനു ശേഷമാണ്.കലയിലെ ഗതി ചരിത്രകാരന്‍മാര്‍ക്ക് ചോദ്യം ചെയ്യപ്പെടാ്‌ എന്ന് വിശ്വസിക്കുന്നു

    ReplyDelete
  12. മമ്മൂട്ടീസ് പഴശ്ശിരാജ കണ്ടിട്ട് പറയാം.

    ReplyDelete
  13. ബ്രിട്ടീഷുകാരെ സഹായിച്ച പഴശ്ശിരാജ ആത്മഹത്യ ചെയ്തു.വേലുത്തംബിയും ആത്മഹത്യ ചെയ്യുകയല്ലേ ഉണ്ടായത്?രഹസ്യം പുറത്ത് വരും എന്ന പേടിയില്‍ നിന്നുണ്ടാകുന്ന ഒരു പ്രവര്‍ത്തനമാണ് ആത്മഹത്യ .അതിനാല്‍ ഇവര്‍ക്ക് ചരിത്രകാരന്മാര്‍ കൊടുക്കുന്ന പ്രാധാന്യം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ.

    ReplyDelete
  14. നാം ഇപ്പോള്‍ ചൊല്ലിപഠിപ്പിക്കുന്ന പഴശ്ശിരാജ ചരിത്രം
    വലിയൊരു നുണ ബോംബാണ്. എഴുതപെട്ട ചരിത്രത്തിനു പിറകില്‍ ചരിത്രകാരന്മാര്‍ മനപൂര്‍വമോ, അല്ലാതയോ ഒഴിവാക്കിയ നിഗൂഢ രഹസ്യങ്ങളുണ്ട്. നല്ല ഭരണകര്‍ത്താവായ
    അക്ബര്‍ ചക്രവര്‍ത്തിയെ നമ്മുടെ മൌലവിമാര്‍ കരിതെയ്ച്ചു കാണിക്കുകയും, ക്രൂരനായ ഔറംഗസീബിനെ വെള്ളപൂശി അവതരിപ്പിക്കുകയും ചെയ്യുന്നതുപോലെ.
    ചര്ച്ച ഗംഭീരമാകുന്നുണ്ട്. ഭാവുകങ്ങള്‍
    സ്നേഹപൂര്‍വം
    താബു.

    ReplyDelete
  15. ചരിത്രം എന്നും ഭരിക്കുന്നവന്‍ രചിക്കുന്നതാണ്. അത് അവന് തോന്നുന്ന മട്ടില്‍ എഴുതപ്പെടും.
    ഈ അഭിപ്രായം തന്നെയാണ് എനിക്കും തോന്നുന്നത്.സത്യം ആരറിയാന്‍.എന്റെ ഒരയല്‍ വാസിയുണ്ടായിരുന്നു,ഖിലാഫത്തില്‍ പങ്കെടുത്തതിന്നു താമ്രപത്രമൊക്കെ കിട്ടിയ ആള്‍.അദ്ദേഹം ചെയ്തിരുന്ന വീര കൃത്യങ്ങള്‍ കേട്ടാല്‍ പീഠനത്തിനു ജയിലിലടക്കേണ്ടി വരും!.പിന്നെ പണ്ടൊരു പഴശ്ശിരാജ സിനിമ ഉണ്ടായിരുന്നല്ലോ ഉദയാ സ്റ്റുഡിയോ ഇറക്കിയ,അതിന്റെ കഥയെന്തായിരുന്നു.ഓര്‍മ്മയില്ല.

    ReplyDelete
  16. പാവം ടിപ്പു ല്ലേ?

    ReplyDelete
  17. സിനിമയിലായാലും സാഹിത്യത്തിലായാലും ചരിത്രപുരുഷന്മാരുടെ ചിത്രീകരണത്തിൽ വസ്തുതകളിൽ നിന്ന് അകന്നു പോകുന്നതിൽ പന്തികേടുണ്ട്. സമൂഹബോധത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള സിനിമ എന്ന മാധ്യമത്തിലൂടെ വിനിമയം ചെയ്യപ്പെടുന്ന അബദ്ധധാരണകൾ‌ വലിയൊരു വിഭാഗത്തെ ശാശ്വതമായി തെറ്റിദ്ധരിപ്പിക്കും എന്നതുറപ്പാണ്.

    കൊട്ടോട്ടിക്കാരന്റെ ഈ കുറിപ്പ് പ്രസക്തമായി തോന്നി.

    ReplyDelete

Popular Posts

Recent Posts

Blog Archive