Tuesday

കണ്ണൂര്‍ ബ്ലോഗേഴ്സ് മീറ്റ്

അങ്ങനെ ഞാനും ബ്ലോഗുമീറ്റു നടത്തി. ബിസിനസ് ആവശ്യവുമായി കണ്ണൂരിലെത്തിയപ്പോള്‍ അവിചാരിതമായി ഒന്നു മീറ്റാന്‍ പറ്റി എന്നു പറയുന്നതാണു ശരി. യാത്രയില്‍ കയ്യില്‍ ക്യാമറ കരുതാതിരുന്നത് ബൂലോകരുടെ ഭാഗ്യം...

അതിരാവിലെ പതിവില്ലാതെ ബസ്സില്‍ കോഴിക്കോട്ടേയ്ക്കു തിരിച്ചു. കുറേക്കാലമായി ബസ്സില്‍ യാത്രചെയ്തിട്ട്. ചന്ദന നിറത്തിലുള്ള കള്ളിഷര്‍ട്ടും പാന്റുമൊക്കെയിട്ട് ജാഡയില്‍ ഇന്‍സൈഡാക്കി ലാപ്ടോപ്പും തൂക്കി സ്റ്റൈലിലൊരു യാത്ര. ബസ്സിന് എന്നെ പിടിയ്ക്കാഞ്ഞിട്ടോ എനിയ്ക്കു ബസ്സിനെ പിടിയ്ക്കാഞ്ഞിട്ടോ അതിരാവിലെ വെറും വയറ്റിലുള്ള യാത്ര അത്ര സുഖകരമായില്ല. ബൈക്കെടുക്കാതെ പുറപ്പെട്ടതിന്റെ സുഖം നന്നായി അനുഭവിച്ചു. രാമനാട്ടുകര കഴിഞ്ഞപ്പോള്‍ മുതല്‍ ഇപ്പച്ചാടും ഇപ്പച്ചാടും എന്നമട്ടില്‍ പള്ളയില്‍ നിന്ന് തൊള്ളയിലേയ്ക്ക് ഒരു എന്തരാലിറ്റി കോംപ്ലക്സ്. റയില്‍‌വേ സ്റ്റേഷനു രണ്ടു കിലോമീറ്റര്‍ ഇപ്പുറത്ത് തല്‍ക്കാലം യാത്ര അവസാനിപ്പിച്ചു. തുടര്‍ന്നങ്ങോട്ട് നടരാജനില്‍... ആ സമയത്ത് ഓട്ടോറിക്ഷയെയും വിശ്വാസം വന്നില്ല...

ക്യൂവിന് അത്യാവശ്യം നീളമുണ്ടായിരുന്നു. ഏഴേകാലിനുള്ള മെയിലില്‍ കണ്ണൂരെത്താനാണുദ്ദേശം. റയില്‍‌വേ സമയനിഷ്ഠ പാലിച്ചതിനാല്‍ മംഗലാപുരം മെയിലിന്റെ സമയത്ത് വന്നത് പഴയ കണ്ണൂരാന്‍. ഒന്‍പതു മണിയ്ക്ക് കണ്ണൂരില്‍ എന്നെ തള്ളിയിട്ട് കണ്ണൂരാന്‍ മംഗലാപുരത്തേയ്ക്കു കുതിച്ചു.

കെ.കെ. ടൂറിസ്റ്റ് ഹോമിന്റെ നാനൂറ്റിപ്പതിനേഴാം നമ്പര്‍ മുറിയില്‍ നിന്ന് സ്നേഹത്തിന്റെ പ്രിയപ്പെട്ട കലാകാരന്‍ ഹാറൂന്‍ മാഷിനെ (ഒരു നുറുങ്ങ്) ഫോണ്‍ ചെയ്തു. അതുകഴിഞ്ഞ് മുഹമ്മദുകുട്ടിക്കയെയും. മുള്ളൂക്കാരന്‍ കണ്ണൂരിലുണ്ടാവുമെന്നു കരുതി വിളിച്ചപ്പോള്‍ പാലക്കാട്ടാണുള്ളതെന്നറിഞ്ഞു. ബിസിനസ് മീറ്റ് അവസാനിച്ചപ്പോല്‍ നാലര. ഓട്ടോയില്‍ നേരേ ഹാറൂന്‍ മാഷിന്റെ വീട്ടിലേയ്ക്ക്. (ഹാറൂണ്‍ മാഷിനെക്കുറിച്ച് നിരക്ഷരന്‍ ഇവിടെ എഴുതിയിട്ടുണ്ട്). ഏതാണ്ട് ഒരു മണിയ്ക്കൂറോളം സംസാരിച്ചിരുന്നു. ഡോ. ജയന്‍ ഏവൂര്‍, ഷെരീഫ് കൊട്ടാരക്കര, ഹന്‍ല്ലലത്ത് എന്നിവരുടെ മൊബൈല്‍ നമ്പര്‍ മാഷിനു നല്‍കിയ നിമിഷം തന്നെ വിശാലമനസ്കന്റെ സഹായത്താല്‍ ദാ ജയന്മാഷിന്റെ ഫോണ്‍‌വിളി! അതു ഞങ്ങളെ അത്ഭുതപ്പെടുത്തി.

ഈറ്റു നടക്കുന്നതിനിടയിലാണ് കാവുമ്പായി ശാന്തച്ചേച്ചി അവിടെ അടുത്താണെന്നറിഞ്ഞത്. ചേച്ചിയും ഒരുനുറുങ്ങുമാഷും ബ്ലോഗേഴ്‌സ് മീറ്റു നടത്തിയ കാര്യങ്ങള്‍ സംസാരിയ്ക്കുന്നതിനിടെ ഞാന്‍ ചെച്ചിയെ ഫോണ്‍ചെയ്തു. സംസാരിയ്ക്കുന്നതിനിടയില്‍ അപ്പുറത്തുനിന്നും ഒരു പുലിയൊച്ച കേട്ടു. കുമാരസംഭവങ്ങളുടെ സൃഷ്ടാവ് സാക്ഷാല്‍ ശ്രീമാന്‍ കുമാരനായിരുന്നു ആ പുപ്പുലി. ഏതായാലും ആ പുലിയെയും പാവം മുയല്‍ക്കുട്ടിയെയും കാണാന്‍ പുറപ്പെട്ടു. ഹാറൂന്‍ മാഷ് അദ്ദേഹത്തിന്റെ മകനെ വഴികാട്ടിയായി എന്റെകൂടെ അയച്ചു.

ചേച്ചിയുമായി സംസാരിച്ചിരിയ്ക്കുന്നത് ഒരു നല്ല അനുഭവമായിരുന്നു. പ്രൊഫൈല്‍ ഫോട്ടോയില്‍ കാണുമ്പോള്‍ത്തന്നെ ഒരു പാവമായിരിയ്ക്കുമെന്ന് തോന്നിയിരുന്നു. നേരിട്ടുകണ്ടപ്പോള്‍ എനിയ്ക്ക് അത് സത്യമായി അനുഭവപ്പെട്ടു. എന്റെ ജീവിതത്തില്‍ ഇതുവരെ ഞാന്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സാധുവായ ഒരു സ്ത്രീ. അങ്ങനെ വിശേഷിപ്പിയ്ക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അതു സത്യമാണെന്നു ചേച്ചിയെ നേരിട്ടറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തും.

കുമാരന്‍ മാഷുമായി സംസാരിച്ചിരിയ്ക്കുമ്പോള്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ച ഒരു ഫോണ്‍വിളി എന്നെത്തേടി വന്നു. കടലിനക്കരെനിന്ന് നമ്മുടെ പ്രിയപ്പെട്ട കഥാകാരന്‍ OAB യുടേതായിരുന്നു. ആ ഫോണ്‍. കല്ലുവെച്ചനുണയില്‍ പോസ്റ്റിയിരുന്ന ഓടക്കുഴല്‍ ഗാനം കേട്ട് നേരിട്ട് അഭിനന്ദനമറിയിയ്ക്കാന്‍ വിളിച്ചതാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കമന്റു കേട്ട് കണ്ണുനിറഞ്ഞത് ആരും കാണാതെ മറയ്ക്കാനെനിയ്ക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്വൈര്യത കൂടി നശിപ്പിയ്ക്കാന്‍ മൊബൈല്‍നമ്പര്‍ സേവുചെയ്തു. കാവുമ്പായിച്ചേച്ചിയോടും കുമാരന്മാഷോടും യാത്രപറഞ്ഞു തിരികെപ്പോരുമ്പോല്‍ ഹാറൂന്മാഷിന്റെയും ചേച്ചിയുടെയും കൂടെ കുറച്ചു സമയം കൂടി ചെലവഴിയ്ക്കാനാകാത്തതിന്റെ നിരാശ മനസ്സിലുണ്ടായിരുന്നു.

  17 comments:

  1. അപ്രഖ്യാപിത ‘കണ്ണൂർ ബ്ലോഗേഴ്സ് മീറ്റിന് അഭിവാദ്യങ്ങൾ...”

    ReplyDelete
  2. അങ്ങനെ ചുളുവില്‍ ഒരു ബ്ലോഗേഴ്സ് മീറ്റ് തരപ്പെടുത്തി അല്ലേ?

    ഹാറൂണ്‍ മാഷ് വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞിരുന്നു ഈ കാര്യം. ജയന്‍ ചേട്ടന്റെ അപ്രതീക്ഷിതമായ വിളിയുടെ കാര്യം അദ്ദേഹവും എടുത്തു പറഞ്ഞു... ഇതാണ് ബ്ലോഗേഴ്സ് തമ്മിലുള്ള മന:പൊരുത്തം അല്ലേ മാഷേ?

    :)

    ReplyDelete
  3. ഒരു പുതിയ ക്യാമറ വാങ്ങിക്കൂടായിരുന്നൊ മാഷെ...?!

    ഫോട്ടൊ ഉണ്ടെന്നാ കരുതീത്..

    ReplyDelete
  4. വെറുതെ പോയപ്പോള്‍ ഇത്രയും ആള്‍ക്കാരെ മീറ്റി!
    അപ്പോള്‍ മീറ്റാനായിട്ട് പോയിരുന്നെങ്കില്‍ എന്തായിരുന്നേനേ അവസ്ഥ :-)

    ReplyDelete
  5. ഈ പത്രക്കാരെക്കൊണ്ട് തോറ്റു! (കട:ഗർവാസീസ് ആശാൻ, മാന്നാർമത്തായിപ്പടം)

    ആരെങ്കിലും ഫോൺ വിളിച്ചാൽ അപ്പോ നിരത്തിക്കളയും വെണ്ടക്ക!!

    സത്യത്തിൽ വളരെ സന്തോഷം തോന്നി അപ്പോൾ. ഹാറൂൺ ഫോൺ കൈമാറിയപ്പോത്തന്നെ കൊട്ടോട്ടിക്കാരന്റെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. ‘ഒരു നുറുങ്ങി‘നെ കാണാൻ കണ്ണൂർ പോകുന്നുണ്ട് ഞാൻ.

    ഇത്തവണത്തെ ‘പാവപ്പെട്ട’മീറ്റോടെ കൂടുതൽ ആളുകളുമായി പരിചയപ്പെടാം എന്നു കരുതുന്നു.

    ReplyDelete
  6. ഈ ഒറ്റക്കുള്ള പോക്കു അത്ര ശരിയല്ല കൊട്ടോടീ! ഒന്നു സൂചിപ്പിച്ചൂടായിരുന്നോ? കണ്ണൂർ രാത്രി വണ്ടിയിൽ കയറി ഞാനും വന്നേനെ. ഹാറൂണെ കാണാൻ കൊതി ആകുന്നു. അദ്ദേഹം ഇനലെ എന്നെ വിളിച്ചിരുന്നു.പരമ കാരുണികൻ അനുവദിച്ചാൽ കണ്ണൂർ വരെ പോകണം, ഒരു നുറുങ്ങിനെ കാണണം എന്നെല്ലാം ആഗ്രഹിക്കുന്നു.

    ReplyDelete
  7. അപ്പോൾ കണ്ണൂരിൽ ഒരു ബ്ലോഗേഴ്സ് മീറ്റ് നടക്കണമെങ്കിൽ ഇങ്ങനെ അപ്രഖ്യാപിത ബന്ത് പോലെയാവണം! ആശംസകൾ

    ReplyDelete
  8. എന്നാലും ഫോട്ടോ കൂടി വേണ്ടതായിരുന്നൂട്ടോ. ബൂലോഗം ഒരു വല്ലാത്ത ലോകം തന്നെ ഇല്ലേ?
    എറണാകുളത്ത് ഞങ്ങളു രണ്ടുമൂന്നാളും ഒന്നു മീറ്റീട്ടോ.

    ReplyDelete
  9. ഇപ്പോ മനസ്സിലായില്ലേ.. കണ്ണൂരിന്റെ പ്രത്യേകത..

    കൊട്ടോടിക്കാരനു നന്ദി.

    ReplyDelete
  10. ശ്രീ പറഞ്ഞപോലെ ബ്ലോഗര്‍മാര്‍ തമ്മില്‍ മന:പൊരുത്തമുണ്ട്. കണ്ണൂര്‍ യാത്ര ഒരുദാഹരണം മാത്രമാണെനിയ്ക്ക്. ബ്ലോഗിലെ ഈ ബന്ധം എക്കാലവും എല്ലാരും തമ്മില്‍ നിലനില്‍ക്കണമെന്ന പ്രാര്‍ത്ഥനയേ ഉള്ളൂ. ഒരു മീറ്റ് ഒരിയ്ക്കലും പ്രതീക്ഷിച്ചില്ല. അതിനുള്ള സമയം ഉണ്ടാവില്ലെന്നും അറിയാമായിരുന്നു. അതിനാലാണു ക്യാമറയെടുക്കാതിരുന്നത്. അതെന്തായാലും നഷ്ടമായി. ബ്ലോഗുമീറ്റിന് പിന്തുണ തന്നുകൊണ്ടിരിയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി.

    അല്ലാ, ഒരു സംശയം....
    ഞാന്‍ കൊട്ടോടിയോ, കൊണ്ടോട്ടിയോ, കൊണ്ടോടിയോ അതോ കൊട്ടോട്ടിയോ...? ഇപ്പ അതാ കണ്‍ഫ്യൂഷന്‍...!

    ReplyDelete
  11. മീറ്റുവിശേഷം ഇത്തിരിക്കൂടി വിശദമായി എഴുതരുതായിരുന്നോ? ഓരോരുത്തരും എന്തൊക്കെ പറഞ്ഞു എന്നൊക്കെ...

    ReplyDelete
  12. അപ്പൊ അതു ശരി. രഹസ്യവും നിഗൂഢവുമായ ഒരു മീറ്റായിരുന്നു അല്ലേ? എന്തു ബ്ലോഗായാലും കുന്തമായാലും മനുഷ്യന്‍ മനുഷ്യനെ തേടിയെത്തുന്നതും പരസ്പരം അറിയുന്നതും തന്നെ ജീവിതത്തിലെ പുണ്യം.(ഈയിടെ വിളിക്കാറില്ലല്ലോ. എന്തു പറ്റി എന്നാലോചിക്കുകയായിരുന്നു)

    ReplyDelete
  13. കൊട്ടോട്ടിക്കാരാ കണ്‍ഫ്യൂഷന്‍ വേണ്ടാ കൊട്ടുവടി തന്നെ!! കണ്ണുര്‍ ഇത്രയും പേരെ കണ്ടോ? ചിത്രകാരനെ കണ്ടില്ലേ? വലിയ നഷ്ടം!! “പാവപ്പെട്ട മീറ്റിനു” സര്‍വ്വ പിന്തുണയും!!

    ReplyDelete
  14. താങ്കളുടെ ബാഗില് ലാപ്ടോപ്പിന്റെ കൂടെ 'സോപ്പ്‌' കൂടി ഉണ്ടായിരുന്നോ എന്നൊരു സംശയം.
    നമ്മളെ കൂടാതെ നിങ്ങടെ ഒരു മീറ്റ്‌ #@$%

    ReplyDelete
  15. എന്റെ സംശയം ഇതൊന്നുമല്ല,ബസ്സില്‍ നിന്നിറങ്ങാനുണ്ടായ കാരണം പിന്നെ കൂടുതല്‍ വിവരിച്ചു കണ്ടില്ല. ഇനി അത് വേറൊരു പോസ്റ്റാക്കാമെന്ന് കരുതിയായിരിക്കും.പിന്നെ ആദ്യം കേട്ടപ്പോള്‍ ഈ കൊട്ടോട്ടി എനിക്കും അത്ര ദഹിച്ചില്ല. പിന്നെ കൊട്ടം ചുക്കാദിയും മറ്റും വായിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ തീര്‍ന്നു. ആളത്ര പുലിയൊന്നുമല്ല പച്ചപ്പാവമാ. ഇടക്കു ഫോണില്‍ വിളിക്കുമെന്ന ഒരു ശല്യമേയുള്ളൂ(!). പിന്നെ ഒരു സ്വകാര്യം: എന്റെയടുത്ത് ഇടക്കിടെ മീറ്റ് നടത്താന്‍ വരാറുണ്ട്,ഇന്‍സര്‍ട്ടും ചെയ്തു ലാപും തൂക്കി. ( പക്ഷെ ആദ്യം വന്നതെന്തിനാണെന്നു ഇപ്പോള്‍ പറയുന്നില്ല.എനിക്കും പോസ്റ്റാക്കാമല്ലോ?)

    ReplyDelete
  16. പാട്ട് കേട്ടപ്പോള്‍ ഒരു കമന്റിലൊതുക്കാവുന്നതല്ല
    അതിനുള്ള കമന്റ് എന്ന് തോന്നി.
    അപ്പോള്‍ അപൂര്‍വമായി മാത്രം തോന്നുന്ന ഒരു ഫോണ്‍ വിളി..

    താങ്കളുടെ യാത്ര,
    കണ്ണൂര്‍ ബ്ലോഗ് മീറ്റ്,
    എന്റെ വിളിയറിയിച്ച ഈപോസ്റ്റ്,
    ഞാനൊന്നുമറിഞ്ഞിരുന്നില്ല...

    നേരിട്ടൊന്നന്നറിഞ്ഞു
    കുമാരന്റെ പൊസ്തകം!

    നന്ദിയോടെ,,,

    ReplyDelete
  17. സത്യത്തില്‍ നഷ്ടപ്പെടാനൊന്നുമില്ലാതെ സ്നേഹിയ്ക്കപ്പെടാനും സ്നേഹിയ്ക്കാനുമായി മാത്രം ഒരുമിയ്ക്കുന്ന ഈ സൌഹൃദം പവിത്രമായിത്തന്നെ ഏവരും കാത്തു സൂക്ഷിയ്ക്കട്ടെ...

    ReplyDelete

Popular Posts

Recent Posts

Blog Archive