Wednesday

ന്നാ പിന്നെ അങ്ങനാകട്ടെ....

ലോകമാകെയും ലോകൈകരെയാകെയും അടക്കിപ്പിടിയ്ക്കാനും അധിപനാകാനും ആനന്ദിയ്ക്കാനും ആഗ്രഹിയ്ക്കുന്ന മനുഷ്യന് കിട്ടിയിട്ടുള്ള ഏറ്റവും വലിയ ഭാഗ്യമായി എനിയ്ക്കു തോന്നിയിട്ടുള്ളത് മറവിയെയാണ്. മറവി എന്ന മഹാസംഭവം മനുഷ്യന് കിട്ടിയിട്ടില്ലായിരുന്നെങ്കില്‍ അതായിരിയ്ക്കും ഒരുപക്ഷേ മനുഷ്യന്‍ അനുഭവിയ്ക്കുമായിരുന്ന ഏറ്റവും വലിയ ദുരിതവും. ഈ മറവിതന്നെ പലപ്പോഴും പലര്‍ക്കും തീരാദുരിതങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. ഏതായാലും അതിനെ നമുക്കുകിട്ടിയ അനുഗ്രഹങ്ങളില്‍ ഒന്നായി കാണുന്നതിനോടാണ് എനിയ്ക്കു താല്‍പര്യം.

സാധാരണ മാര്‍ച്ച് അവസാനം വല്യ തിരക്കൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടാവാറില്ല. എന്നാല്‍ 2011 മാര്‍ച്ച് എന്നത് ഒരു മഹാ സംഭമായി ഏറ്റവും തിരക്കുപിടിച്ച മാസമായി ഞാനനുഭവിച്ചു. തുഞ്ചന്‍പറമ്പില് 17നു നടക്കുന്ന ബ്ളോഗേഴ്‌സ് മീറ്റിന്റെ രജിസ്ട്രേഷനും പോസ്റ്റ് അപ്ഡേറ്റു ചെയ്യലിലും മാത്രമായി ബൂലോക സഞ്ചാരം ഒതുങ്ങി. രണ്ടുവര്‍ഷത്തിലധികം ബൂലോകത്തുകറങ്ങിനടന്ന് ഒന്നു ബ്ളോഗിത്തുടങ്ങാന്‍ ശ്രമിച്ച് പലവുരു പരാജയപ്പെട്ട് അവസാനം പേരിന് ഒരുബ്ളോഗറാകാനും ബൂലോകരുമായി സൌഹൃദം സ്ഥാപിയ്ക്കാനും കഴിഞ്ഞപ്പോള്‍ അതു തുടങ്ങിവച്ച ദിനം മറന്നുപോയത് മുമ്പ് പറഞ്ഞിരുന്നല്ലോ. കുറുന്തോട്ടിയ്ക്കും വാതം എന്നു പറഞ്ഞതുപോലെ മറവിയുടെ മരുന്നുവില്‍ക്കുന്ന എനിയ്ക്ക് അതു സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

സ്ഥാനത്തും അസ്ഥാനത്തും മറവി അനുഭവിയ്ക്കുകയും ചിലപ്പോഴൊക്കെ വളരെ ഫലപ്രദമായി സമര്‍ത്ഥമായിത്തന്നെ അഭിനയിയ്ക്കുകയും ചെയ്യുന്നതുകൊണ്ട് എന്റെ ബൂലോക ജന്മദിനം ഏപ്രില്‍ 1 തന്നെയാണ് ഏറ്റവും അനുയോജ്യം. ബൂലോകത്ത് രണ്ടുകൊല്ലം നുണകള്‍ പടച്ച് പൂര്‍ത്തിയാക്കിയതും ഞാന്‍ മറന്നുപോയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ നിങ്ങള്‍ക്കു തന്നതുപോലെ ഒരു ചെറു സദ്യയൊരുക്കാന്‍ സാധിയ്ക്കാതെ വന്നതില്‍ സങ്കടിയ്ക്കുന്നു. അടുത്തവര്‍ഷമെങ്കിലും തരക്കേടില്ലാത്ത ഒരു സദ്യയൊരുക്കാന്‍ ശ്രമിയ്ക്കാം, അതും മറന്നുപോയില്ലെങ്കില്‍.

ഈ പോസ്റ്റ് ഇപ്പോഴിടാനും കാരണമുണ്ട്. തുഞ്ചന്‍പറമ്പില് നടക്കുന്ന മീറ്റില്‍ വയ്ക്കാനുള്ള ഫ്ളെക്സ്‌ബോര്‍ഡിന്റെ ഡിസൈന്‍ മെയില്‍ ചെയ്തിട്ടുണ്ടെന്ന് ബ്ളോഗര്‍ നന്ദു ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു. ഇന്നലെ അതു നോക്കാനും സാധിച്ചില്ല. ഇപ്പൊ അതു നോക്കാമെന്നു വിചാരിച്ച് കമ്പ്യൂട്ടര്‍ ഓണാക്കിയതാ. അപ്പോഴാണ് ഏപ്രില്‍ 17ന് ഞങ്ങളുടെ ഇളയമകന്റെ ജന്മദിനംകൂടിയാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ശ്രീമതിയുടെ വരവ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ മഹാസംഭവം നടന്ന തീയതി മറന്നുപോയതും അപ്പോഴാണ് ഓര്‍ത്തത്. മാര്‍ച്ച് 26നാണ് ജീവിതത്തിലാദ്യമായി ഞാനൊരു കല്യാണം കഴിച്ചത്. കൃത്യമായിപ്പറഞ്ഞാല്‍ 1995 മാര്‍ച്ച് 26ന്. കെട്ടിയത് പെണ്ണിനെയായതുകൊണ്ട് പിന്നീടൊരു കല്യാണം ഇതുവരെ ആലോചിയ്ക്കേണ്ടിവന്നിട്ടില്ല. അപ്പൊ പറഞ്ഞുവന്നത് മറ്റൊന്നുമല്ല, ഏപ്രില്‍ ഒന്ന് എന്റെ ബൂലോക ജന്മദിനമായിരുന്നു. പന്ത്രണ്ടു ദിവസം വൈകിയെങ്കിലും അതൊന്ന് അനൌണ്‍സു ചെയ്തില്ലെങ്കില്‍ എന്തു സുഖം...

ബൂലോകത്ത് നിങ്ങളെല്ലാരും എന്നോടുകാണിച്ചുകൊണ്ടിരിയ്ക്കുന്ന സൌഹൃദത്തിന് ഞാന്‍ നന്ദിപറയുന്നു. നിങ്ങളുടെ ഈ സഹകരണമാണ് ഒരു ബ്ലോഗ്‌‌മീറ്റ് ആസൂത്രണം ചെയ്യാന്‍ എനിയ്ക്കു ധൈര്യം തന്നതും അതിന് എന്നെ പ്രേരിപ്പിച്ചതും. ബൂലോകത്തിന് ഒരു മുതല്‍ക്കൂട്ടായി ഈ മീറ്റ് മാറണമെന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു. എല്ലാവരുടേയും സഹായത്താല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായിപ്പോകുന്നുണ്ട്. ഭാവിയിലേയ്ക്കു പ്രയോജനപ്പെടുന്നവിധത്തില്‍ എന്തെലുമൊക്കെ ഒരുക്കാന്‍ ഈ മീറ്റില്‍ ശ്രമിയ്ക്കുമെന്നുറപ്പുതരുന്നു. തുഞ്ചന്‍പറമ്പില്‍ എല്ലാരെയും കാണാമെന്ന പ്രതീക്ഷയോടെ, തുഞ്ചന്‍ പറമ്പിലേയ്ക്ക് ഏവരേയും സാദരം ക്ഷണിച്ചുകൊണ്ട്..

സ്‌നേഹപൂര്‍വ്വം..
സാബു കൊട്ടോട്ടി

  15 comments:

  1. ബ്ലോഗ് ജന്മദിനാശംസകള്‍.......

    ReplyDelete
  2. അനുഗ്രഹമായ മറവികൾ താങ്കൾക്ക് നേർന്നുകൊണ്ട് എല്ലാ മറവി ആശംസകളും നേരുന്നു.

    ReplyDelete
  3. മോന്റെയും,ബ്ലോഗ്ഗിന്റെയും ജന്മദിനത്തിന് വൈകിയ ആശംസകൾ...

    പിന്നെ കല്ല്യാണദിനം എല്ലാ‍ആണൊരുത്തന്മാരും ശരിക്കും മറക്കാൻ ആഗ്രഹിക്കുന്ന ദിവസമാണല്ലോ...

    സ്വന്തം ചരമദിനം ആരും ഓർക്കില്ലാല്ലൊ..
    അപ്പോൾ മറവി ഒരനുഗ്രഹം തന്നെ..!

    ReplyDelete
  4. ആശംസകൾ.

    ബ്ലോഗ് മീറ്റിനു് എത്താൻ കഴിയില്ലല്ലോ എന്ന സങ്കടമുണ്ട്.

    ReplyDelete
  5. ഒരു പുലിവാൽ പോരാഞ്ഞ്, പിന്നെക്കുറേ പട്ടിവാലും, പൂച്ചവാലും ഒക്കെ പിടിക്കേണ്ടി വന്നതു കാരണം ഞാനും ഒരു മാസമായി വശക്കേടിലായിരുന്നു.

    രണ്ടു ദിവസത്തിനുള്ളിൽ ബൂലോകത്തു സജീവമാകാനാവും എന്നാണ് പ്രതീക്ഷ.

    മീറ്റിന് ഉറപ്പായും ഉണ്ടാകും

    ഞാനും ഒരു പോസ്റ്റിട്ടു.

    http://jayanevoor1.blogspot.com/2011/04/blog-post.html

    ReplyDelete
  6. എല്ലാ ആശംസകളും എല്ലാ സംഭവങ്ങള്‍ക്കും.

    ReplyDelete
  7. ആശംസകള്‍
    ബ്ലോഗിനും മോനും കുടുംബത്തിനും സാബുവിനും

    ReplyDelete
  8. എല്ലാത്തിനും ഹൃദയംനിറഞ്ഞ ആശംസകള്‍.....

    ReplyDelete
  9. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ തന്നെ ബ്ലോഗു തുടങ്ങിയത് ബൂലോകത്തെ ഒന്ന് വിഡ്ഢി വേഷം കെട്ടിക്കാമെന്നു വിചാരിച്ചാണ് അല്ലെ ? വൈകിയെങ്കിലും ആശംസകള്‍ ..ബ്ലോഗു മീറ്റിനു കുടുംബ സമേതം പോകുമ്പോള്‍ ഒരു കേക്ക് കൂടി കരുതിക്കോളൂ ,,മകന്റെ ജന്മദിനവും സദ്യയും കെങ്കേമം ആകാം ..അവനും ജന്മദിനാശംസകള്‍ ..:)

    ReplyDelete
  10. ഹൃദയംനിറഞ്ഞ ആശംസകള്‍.....

    ReplyDelete
  11. ചെലവ് ചെയ്യാൻ മറക്കണ്ടാ.

    ReplyDelete
  12. എല്ലാര്‍ക്കും 17നു സദ്യയൊരുക്കുന്നുണ്ട്. ബില്ലു കുമാരനു തീര്‍ച്ചയായും തരാം.....

    ReplyDelete
  13. മോനും ബ്ലോഗിനും ജന്മദിനാശംസകള്‍ ...!

    ReplyDelete
  14. ചെക്കന് ‘ബര്‍ത്ത് ഡേ’ ആശംസയോടൊപ്പം കൊട്ടോട്ടിക്കെന്റെ ‘ബ്ലോര്‍ത്ത് ഡേ’ ആശംസകള്‍

    ReplyDelete

Popular Posts

Recent Posts

Blog Archive