Wednesday

ഷെരീഫ് കൊട്ടാരക്കരക്കു വേണ്ടി പ്രാർത്ഥിക്കുക


പ്രിയ ബൂലോക സുഹൃത്തുക്കളെ,

  നമുക്കും ബൂലോകത്തിനു പുറത്തും ആയിരങ്ങളുടെ കുടുംബപരവും വ്യവഹാരപരവും മാനസിക സ്വകാര്യപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് അവരെ സ്വസ്ഥമായ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെയേവരുടേയും പ്രിയ സുഹൃത്തും ബ്ലോഗറുമായ ഷെരീഫ് കൊട്ടാരക്കര തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആന്റിയോഗ്രാം, ആന്റിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സകൾക്കും പരിശോധനകൾക്കും വിധേയനായിക്കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസത്തെ ICUവാസത്തിനു ശേഷം വിശ്രമത്തിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അദ്ദേഹം. ഇന്നലെ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റു ചെയ്യുകയായിരുന്നു. ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ ഹൃദയം പണിമുടക്കു പ്രഖ്യാപിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.

  നിത്യവും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓരോ പ്രശ്നങ്ങൾക്കു പരിഹാരം തേടി ധാരാളം പേർ വന്നുകൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ മിക്ക ദിവസങ്ങളിലും യാത്രകളിലുമായിരിക്കും അദ്ദേഹം. ഇങ്ങനെ വിശ്രമമില്ലാത്ത യാത്രകളും നിറുത്താതെയുള്ള സംസാരങ്ങളും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. അദ്ദേഹത്തെ സന്ദർശിച്ചിട്ടുള്ളവർക്കും അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളവർക്കും അദ്ദേഹത്തിലെ "അദ്ദേഹത്തെ" പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇതുവരെ നടന്ന എല്ലാ ബ്ലോഗുമീറ്റുകളിലെയും നിറ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

    കഴിഞ്ഞതവണ നാട്ടിൽ പോയപ്പോൾ പകർത്തിയ ഒരു പരിഹാര ചർച്ചാചിത്രം

  അശരണരും ആലംബമറ്റവരുമായ അനേകർക്കും നമുക്കും ഇനിയും അദ്ദേഹത്തിന്റെ സേവനം ആവശ്യമുണ്ട്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അദ്ദേഹം. അദ്ദേഹത്തെ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹവുമായി നേരിട്ടുള്ള സംസാരം ഒഴിവാക്കാൻ ശ്രദ്ധിക്കണം. പൂർണ്ണ ആരോഗ്യവാനായി അദ്ദേഹം വീണ്ടും നമ്മുടെയിടയിൽ സജീവമാകാനും, വിഷമപ്പെടുന്ന അനേകർക്ക് തുടർന്നും ആശ്വാസമാകാനും അദ്ദേഹത്തിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

Saturday

പോയി തൂങ്ങിച്ചാവ്...

മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ആര്യാടൻ മുഹമ്മദിന്റെ മാർഗ്ഗ ദർശനത്തിൽ ഉമ്മൻചാണ്ടി സർക്കാരും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരങ്ങളും പൊതുജനസേവന വിദ്യകളും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും വലിയ വിപ്ലവം തന്നെയാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ സാമ്പത്തിക വളർച്ചക്ക് ഇത്രയധികം പ്രചോദനം നൽകി പ്രയോഗത്തിൽ വരുത്തിയിട്ടുള്ള മറ്റു സർക്കാരുകളെ ഇന്ത്യൻ ചരിത്രത്തിൽ കാണാൻ കഴിയില്ല. പക്ഷേ ഇവകൊണ്ടൂള്ള സാമ്പത്തികാഭിവൃദ്ധി കൊട്ടാരങ്ങളിൽ മാത്രമാണു ലഭ്യമാകുന്നതെന്നത് മിണ്ടിപ്പോകരുത്. ഇവ കുടിലുകളിലേക്കുകൂടി എത്താൻ ആഗ്രഹിക്കുന്നതിനു കൂടി നിയന്ത്രണം വരുമോ എന്നുമാത്രമേ ഇനി അറിയാനുള്ളൂ... കോരനു കുമ്പിളും അന്യമായിക്കൊണ്ടിരിക്കുന്നു.. ഒരു പക്ഷേ പഴമയിലേക്കുള്ള മടക്കത്തിനുള്ള തുടക്കമായിരിക്കും, എല്ലാ അർത്ഥത്തിലും....!

   പെട്രോൾ ഡീസൽ വിലവർദ്ധന മൂലമുണ്ടായ നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധന മൂലം ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ ദാരിദ്ര്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിയുണ്ട്. കാര്യങ്ങളുടെ രഹസ്യങ്ങൾ ആരും കാണാതിരിക്കാൻ വിവരാവകാശ നിയമത്തെ സർജറിക്കു വിധേയനാക്കുകയാണു സർദാർജി. പാവപ്പെട്ടവന്റെ കാര്യം കട്ടപ്പൊക. ഒരുഗതിയും പരഗതിയുമില്ലാത്ത വാടകക്കാരന്റെ ഗ്യാസ് നേരത്തേതന്നെ പോയി, ഇപ്പൊ ഉള്ള ഗ്യാസും പോയി. എങ്ങനെ കറണ്ടു കൊടുക്കാമെന്നു ചിന്തിക്കുന്നതിനു പകരം എങ്ങനെ അതു മുടക്കാമെന്നാണ് ആലോചിക്കുന്നത്. തിളങ്ങട്ടെ മന്മോഹനും ആര്യാടനും അങ്ങനെ ഇന്ത്യയും. കൈയിലും കോണിയിലും കുത്തിയവർ അവനവന്റെ നെഞ്ചത്തുകൂടി കുത്തിക്കോളിൻ...

ഒന്നു പോയി തൂങ്ങിച്ചത്തൂടെ....?

ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും



ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും


  ന്ത്യയിലെ പതിനഞ്ചു ശതമാനത്തിൽ തഴെവരുന്ന വിശേഷണങ്ങൾക്കതീതമായ സമ്പന്നന്മാരായ ഭരണകർത്താക്കളുൾപ്പടെയുള്ളവർക്കു വേണ്ടി ബാക്കി എൺപത്തഞ്ചിലധികം ശതമാനം ജനങ്ങളെ കുരുതികൊടുക്കാനുള്ള തീരുമാനമെടുത്ത് നടപ്പിലാക്കിത്തുടങ്ങിയിട്ടും ഇരകളായ എൺപത്തഞ്ചു ശതമാനത്തിന്റെയും സംരക്ഷകരെന്നു നടിക്കുന്ന (നായ്ക്കളെന്നു വിളിച്ചാൽ നായകൾക്കു നാണക്കേടാവുമെന്നതിനാൽ അങ്ങനെ വിളിക്കുന്നില്ല) ഇന്ത്യയിലെ രാഷ്ട്രീയ മുതലാളിമാർ പേരിനെങ്കിലും ഒറ്റപ്പെട്ട ഒരു പ്രതിഷേധം ആത്മാർത്ഥമായി നടത്താതിരിക്കുന്നതു കാണുമ്പോൾ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത് ഏറ്റവും വലിയ കൊടും വിപത്തായി ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ "വികസിക്കാത്ത" മനസ്സുകളിൽ തോന്നിത്തുടങ്ങിയാൽ ഒരുതരത്തിലും അവരെ കുറ്റപ്പെടുത്താൻ പറ്റുമെന്നു തോന്നുന്നില്ല.


  ഇന്ത്യൻഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവുമുൾപ്പടെയുള്ള  ഇന്ത്യയിലെ "എണ്ണക്കമ്പനികൾ"ക്ക് നാളിതുവരെയും ഒരു നഷ്ടവും സഹിക്കേണ്ടിവന്നിട്ടില്ലെന്നു മാത്രമല്ല അനിയന്ത്രിതമായ അമിതലാഭത്തിലാണു പ്രവർത്തിക്കുന്നതെന്ന് രാജ്യത്തെ ചിന്തിക്കുന്ന ഏതൊരുത്തനും മനസ്സിലാവും. വർഷങ്ങളായി നഷ്ടത്തിലെന്നു പറയുന്നതുതന്നെ അവരുടെ ലാഭക്കണക്കുകളെ അവരുടെ നിലനില്പുതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏതു കമ്പനിക്കാണ് നഷ്ടം സഹിച്ച് മുന്നോട്ടു പോകാൻ കഴിയുക? ഒന്നോരണ്ടോ മാസം ചിലപ്പോൾ കടം വാങ്ങി മുന്നോട്ടു പോകാൻ കഴിഞ്ഞേക്കും. അതിനു ശേഷവും കമ്പനി നിലനിൽക്കുന്നുണ്ടെങ്കിൽ ലാഭമില്ലാതെയല്ലെന്നു മാത്രമേ കരുതാൻ കഴിയൂ. വർഷങ്ങളായി നഷ്ടക്കണക്കുകൾ പറയുന്നവരുടെ ദൈനംദിന ചെലവുകളുടെ തുക എവീടുന്നാണു കണ്ടെത്തിയതെന്നുകൂടി വെളിപ്പെടുത്തുന്നതു നന്നാവും. ഇത്തരക്കാരുടെ സമ്പാദ്യങ്ങളുടെ വളർച്ചാ നിരക്ക് ഏവരേയും അത്ഭുതപ്പെടുത്തും വിധമാണ്. അതുതന്നെയാണ് അവർ ലാഭത്തിൽത്തന്നെയാണ് പ്രവർത്തിച്ചു വരുന്നതെന്നതിനു പ്രത്യക്ഷമായ ഒരു തെളിവ്. എന്നിട്ടും നഷ്ടങ്ങളുടെ പെരും നുണക്കണക്കുകൾ എഴുന്നള്ളിച്ചു വിട്ട് അനുദിനം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

  പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ അടിക്കടി വർദ്ധിപ്പിക്കുമ്പോൾ അനുബന്ധമായുണ്ടാകുന്ന ഭീമമായ വിലക്കയറ്റം രാജ്യത്തെ സാധാരണക്കാരുടെ കൊരവള്ളിയിലെ കുരുക്കു മുറുക്കുമ്പോൾ കണ്ണടച്ചിരുട്ടാക്കി വിചിത്ര വാഗ്ധോരണികൾ എഴുന്നള്ളിച്ചുവിടുന്ന ഭരണ നേതൃത്വവും അവർക്ക് ഓശാന പാടിക്കൊടുക്കുന്ന ഒരു വിഭാഗവുമാണ് ഇന്ന് നമ്മുടെ ശാപം.

  കോടിക്കണക്കിനു കോടി രൂപയാണ് ഭരണസാരഥികളുടേയും അവരുടെ ശിങ്കിടികളുടേയും അഴിമതിക്കണക്കുകളിൽ തെളിഞ്ഞു കണ്ടുകൊണ്ടിരിക്കുന്നത്. കാലാകാലങ്ങളിൽ ഈ അഴിമതിക്കെതിരേ (കപട)കലാപങ്ങളും നിയമ നടപടികളും നടക്കുന്നുണ്ടെങ്കിലും നാളിതുവരെയും ഒറ്റപ്പൈസപോലും സർക്കാർ ഖജനാവിലേക്ക് തിരിച്ചുപിടിച്ചതായി അറിവിലില്ല. ഈ അന്വേഷണവും ബഹളവുമൊക്കെ വെറും പ്രഹസനം മാത്രമാണെന്നാണ് ഇതു തെളിയിക്കുന്നത്. ഈ അഴിമതിക്കഥകളിൽ എല്ലാർക്കും തുല്യ പങ്കാളിത്തമാണുള്ളത്. അതുകൊണ്ടാണ് പ്രതികരണങ്ങൾ നാളികൾക്കുള്ളിൽ അപ്രത്യക്ഷമാകുന്നത്. ഇന്ത്യയിലെ സാധാരണക്കാർക്ക് അടുത്ത ഇരുപതു വർഷക്കാലം ഉണ്ണാനും ഉടുക്കാനും അവരുടെ അത്യാവശ്യകാര്യങ്ങൾ നടത്താനുമുള്ള തുക ടൂജി സ്പെക്ട്രം എന്ന ഒറ്റ അഴിമതിയിലൂടെ കൊള്ളയടിക്കപ്പെട്ടു. എണ്ണിയാലൊടുങ്ങാത്ത അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സമാന സംഭവങ്ങളിലൂടെ കൊള്ളയടിക്കപ്പെട്ട തുകയുടെ ചെറിയ ഒരു ഭാഗം പിടിച്ചെടുത്ത് ഖജനാവിലേക്കെത്തിച്ചാൽ ഇന്ന് ഇന്ത്യയിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഇല്ലാതാവും. അതിനു നട്ടെല്ലും കഴിവും പ്രാപ്തിയുമുള്ള അപ്പക്കാണുന്നവനെ അപ്പാന്നു വിളിക്കാത്ത ഭരണകർത്താക്കൾ ഇനി ജനിച്ചു വരേണ്ടിയിരിക്കുന്നു.

  അമേരിക്കൻ താല്പര്യം സംരക്ഷിക്കാൻ മാത്രം രാജ്യം ഭരിക്കുന്ന മന്മോഹൻമന്ത്രിസഭയിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കാമെന്നു ഉറപ്പു  വരുന്നു. ഇറാൻ വാതക പൈപ്പുലൈൻ യാഥാർത്ഥ്യമാക്കാതെ ഒളിച്ചുകളിച്ച് കലമിട്ടുടച്ച സംഭവം തന്നെ ഈ ഓശാനക്കുദാഹരണമാണ്. അമേരിക്കൻ താല്പര്യമനുസരിച്ച് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടപ്പോൾ ഇന്ത്യക്കാരന് നഷ്ടപ്പെട്ടത് ഒരു പ്രതീക്ഷകൂടിയാണ്. ഇന്ന് പാചക വാതകത്തിന്റെ നിയന്ത്രണവും വിലവർദ്ധനയും സാധാരണക്കാരന്റെ ജീവിതത്തിന്റെ സ്വൈര്യത കെടുത്തുമ്പോൾ ഇതിന്റെ ഉദ്ദേശ ലക്ഷ്യം വെളിവാകുന്നുണ്ട്. സ്വന്തമായി വീടില്ലാതെ വാടകവീട്ടിൽ കഴിയുന്ന പാവങ്ങൾ ഇനി ഭക്ഷണം കഴിക്കേണ്ടതില്ലെന്നു തീരുമാനിച്ച കേന്ദ്ര സർക്കാർ എന്തായാലും പ്രശംസഹർഹിക്കുന്നുണ്ട്! ഒരു മരം നട്ടു വളർന്നു മരമായി വിറകിനുപയോഗിക്കുന്നതു വരെ ജനം എങ്ങനെ ഭക്ഷണം പാകം ചെയ്യുമെന്ന് മനോവികലൻ പറഞ്ഞുതരുന്നില്ല. ഒരു സെന്റു ഭൂമിപോലും സ്വന്തമായില്ലാത്തവർക്ക് വിറകിനു മരം നടാനുള്ള സ്ഥലം സർക്കാർ കൊടുക്കുമായിരിക്കും. നിലവിൽ വാടക കൊടുക്കാൻ വിഷമിക്കുന്ന ഇക്കൂട്ടരുടെ ഗ്യാസ് കണക്ഷനുകൾ റദ്ദാക്കുന്നതുവഴി അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവും. അതിനും പുറമേയാണ് പുതിയ കണക്ഷനെടുക്കുന്നവരുടെ മേൽ ചുമത്തിയ അധിക ബാധ്യത.

  നേരം വെളുക്കാത്ത രാഷ്ട്രീയവും നാഷ്ട്രീയ നേതാക്കളുമാണു നമ്മുടെ ശാപം. കാലഹരണപ്പെട്ട പദ്ധതികളും മാർഗ്ഗ രേഖകളും അതിനെ ശരിവക്കുന്നു. കാലം മാറുന്നത് ഇക്കൂട്ടർ അറിയുന്നില്ല. ലോകത്തിന്റെ വളർച്ചക്കനുസരിച്ച് നൂതന സാങ്കേതിക വിദ്യകൾ കൈവരിച്ച്  സമൂഹത്തെ കൈപിടിച്ചു നടത്തിക്കുന്നതിനു പകരം അവരെ കാളവണ്ടിയുഗത്തിലേക്കു തള്ളിവിടുന്ന തലതിരിഞ്ഞ പരിഷ്കാരം ഈ രാജ്യത്തു മാത്രമേ കാണൂ. ഓരോ രാഷ്ട്രീയപ്പാർട്ടികളിലും മുതലാളുന്ന തീരെച്ചെറിയ വിഭാഗത്തിന്റെ രാഷ്ട്രീയ കച്ചവടത്തിനും കയ്യിട്ടുവാരലിനും അറിയാതെയെങ്കിലും കൂട്ടുനിന്ന് അവർക്കു സിന്ദാബാദ് വിളിക്കുന്നതിനും മാത്രം തയ്യാറായി താറുടുത്തുനടക്കുന്ന പൊതുജനമെന്ന വിവരദോഷികൾക്ക് ഇനിയെങ്കിലും ബോധം വെക്കേണ്ടതുണ്ട്. ഇവനൊക്കെ ജയിച്ചു ചെന്ന് എന്താണു ചെയ്യുന്നതെന്നു ചോദിക്കാത്തിടത്തോളം ഇതൊക്കെ ആവർത്തിച്ചുകൊണ്ടിരിക്കും. ജയിപ്പിച്ചു വിടുന്നവർ തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

  കെ. എസ്. ഇ. ബി യുടെ തലതിരിഞ്ഞ തീരുമാനങ്ങളാണ് സഹിക്കാൻ പറ്റാത്ത മറ്റൊന്ന്. കോടിക്കണക്കിനു രൂപ വിദ്യുച്ഛക്തിവകുപ്പിനു കൊടുക്കാനുള്ള കുത്തകമുതലാളിമാരുടെ കടബാധ്യതക്കു നേരേ കണ്ണടച്ച് പാവങ്ങളുടെ കുത്തിനു പിടിക്കുന്ന ഏർപ്പാട് അപലപനീയമാണ്. ഗ്യാസ് കണക്ഷനിലുള്ള നിയന്ത്രണത്തിൽ പൊറുതിമുട്ടുന്ന ജനത്തിന് അൽപ്പമെങ്കിലും ആശ്വാസമായിരുന്നു ഇൻഡക്ഷൻ കുക്കറുകൾ. ഇപ്പൊ അതുകൂടി നിരോധിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ജനങ്ങളെ സംരക്ഷിക്കാനല്ലെങ്കിൽ പിന്നെ വലിക്കാനാണോ ഇവനെയൊക്കെ ഭരണത്തിലേറ്റിയത്..? ഈ സാധാരണക്കാർക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞാൽ പിന്നെ ഈ മുതലാളിമാർക്കും നിലനിൽപ്പുണ്ടാവില്ലെന്നു മറക്കാതിരുന്നാൽ നന്ന്.

  കേന്ദ്രമായാലും കേരളമായാലും ഏതു പാർട്ടിയുടെ മുതലാളിമാർ ഭരിച്ചാലും ഈ രാജ്യത്തെ എൺപത്തഞ്ചു ശതമാനത്തിലധികം വരുന്ന സാധാരണക്കാർ എങ്ങനെ അവരുടെ ജീവിതം തള്ളിനീക്കുമെന്ന് ഇനിയെങ്കിലും ആലോചിക്കണം. ഭരണ നേതൃത്വവും അവരുടെ പിണിയാളുകളും കയ്യിട്ടുവാരുന്ന അഴിമതിക്കോടികൾക്ക് ഈ പാവങ്ങളെക്കൊണ്ട് സമാധാനം പറയിക്കുന്ന രീതി നിർത്തിയില്ലെങ്കിൽ ഇന്ത്യയിൽ ഒരു യഥാർത്ഥ സ്വാതന്ത്ര്യ സമരം ഉണ്ടാകും. അതുമല്ലെങ്കിൽ ഇന്ത്യയിലെ സാധാരണക്കാർക്ക് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുന്നതുപോലെ പെരുമാറേണ്ടിവരും.

  വോട്ടുചെയ്ത് ജയിപ്പിച്ചവരുടെ നേരേ കുനിഞ്ഞുനിന്ന് മുണ്ടുപൊക്കി ആസനം കാണിക്കുന്ന ഏർപ്പാട് ഭരണത്തിലേറുന്നവർ ഇനിയെങ്കിലും നിറുത്തിയാൽ നന്ന്. ഇല്ലെങ്കിൽ പഴഞ്ചൊല്ലിൽ പറയുന്നതു ചെയ്യേണ്ടിവരും....

Popular Posts

Recent Posts

Blog Archive