പീഢിപ്പിക്കുന്നതിൽ മാധ്യമങ്ങളാണു കേമന്മാർ..
അനീതിയെ തുറന്നു കാണിക്കുകയും അതിനെതിരേ ഉറക്കെ ശബ്ദിക്കുകയും അതിനു വേണ്ടി മാത്രം നിലകൊള്ളുകയും ചെയ്യുകയും വാർത്തകൾ മായം ചേർക്കാതെ വിളിച്ചുപറയുകയും ചെയ്യുന്നു എന്നാണ് എല്ലാ മാധ്യമങ്ങളും വീമ്പിളക്കിക്കൊണ്ടിരിക്കുന്നത്. അവസാനമായി സംപ്രേക്ഷണമാരംഭിച്ച ചാനലിന്റെ സ്വപ്നനഗരിയിലെ വീമ്പിളക്കലും വ്യത്യസ്ഥമായിരുന്നില്ല. ഗീലാനിയുമായി ടെലിഫോണിൽ അഭിമുഖം ലൈവായി കൊടുത്ത് വിപ്ലവകരമായ വാർത്താ വിതരണത്തിനു തുടക്കം കുറിച്ചപ്പോൾ അൽപ്പം സമാധാനം തോന്നി. പക്ഷേ ആ സമാധാനത്തിന് ഇടിമിന്നലിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും പതിവു മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായ യാതൊന്നും അവരിൽ നിന്നും പ്രതീക്ഷിക്കേണ്ടെന്നും തുടർന്ന് മനസ്സിലായി.
ഇന്ത്യയിലെ മുസ്ലിം, ദലിത്, പിന്നോക്ക വിഭാഗക്കാർക്കെതിരേ പ്രയോഗിക്കാനും അനീതിയും അക്രമവും കാണിക്കുന്നവരെ തിരിച്ചറിയുകയും അതു വിളിച്ചു പറയുകയും ചെയ്യുന്ന ദേശാഭിമാനം മരവിച്ചിട്ടില്ലാത്ത മനുഷ്യസ്നേഹികളെ ചതച്ചൊതുക്കാനും മാത്രം ഉരുക്കിയെടുത്ത കാടൻ നിയമങ്ങൾക്കെതിരേ പ്രതികരിക്കുമ്പോഴും ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ഒരേ സ്വരമാണ്.
അബ്ദുന്നാസർ മദനിയും സക്കറിയയുമുൾപ്പടെ കേരളത്തിൽ നിന്ന് നല്ലൊരു കൂട്ടം നിരപരാധികൾ ബംഗളുരുവിൽ ജാമ്യമില്ലാതെ തടവനുഭവിച്ചുകൊണ്ടിരിക്കുന്നു. അവരുടെയൊക്കെ ആയുസ്സൊടുങ്ങുന്നതിനു മുമ്പ് വിചാരണ തുടങ്ങാനോ പൂർത്തിയാകാനോ ശ്രമിക്കാതിരിക്കാൻ യഥാർത്ഥ ഭീകരവാദികൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. തീവ്രവാദക്കേസുകളിൽ യു.എ.പി.എ. ചുമത്തി അകത്താക്കിയിക്കുന്നവർക്കെതിരേ പടച്ചിറക്കിയ തെളിവുകൾ ഒന്നൊന്നായി കളവാണെന്നു ബോധ്യമായിക്കൊണ്ടിരിക്കുന്നു. പകരം പടച്ചിറക്കുന്ന ജാരത്തെളിവുകൾക്കു പുറമേയാണ് മാധ്യമങ്ങളുടെ അപ്പനില്ലാത്ത വിചാരണകളും!
അസിമാനന്ദ കുറ്റസമ്മതം നടത്തുന്നതിന് മുമ്പുതന്നെ അസിമാനന്ദയടക്കമുള്ള സംഘപരിവാരങ്ങളാണ് ഇന്ത്യയിലെ സ്ഫോടനങ്ങൾക്ക് ഉത്തരവാദികളെന്ന് ഈ ബ്ലോഗിൽത്തന്നെ വിശദീകരിച്ചിരുന്നതാണ്. ഇന്ന് അസിമാനന്ദ കുറ്റസമ്മതം നടത്തിയിട്ടും നിരപരാധികളും അഭ്യസ്തവിദ്യരുമായ മുസ്ലിം ചെറുപ്പക്കാരിൽ ഭൂരിഭാഗവും ഇപ്പോഴും ജയിലിൽത്തന്നെ കഴിയുന്നു. "രാഷ്ട്രീയപ്പാർട്ടി"കളുടെ 1990നു ശേഷമുള്ള ലീലാവിലാസങ്ങളിൽ ചീഞ്ഞുനാറിത്തുടങ്ങിയ ഈ ഇന്ത്യൻചരിത്രത്തിന് മാധ്യമങ്ങളും തുല്യ പങ്കാളികളാണ്.
തെറ്റുകൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ പറയുന്നതാരെന്നു നോക്കി വർത്തകളുടെ നിറവും മണവും സ്വഭാവവും മാറ്റിമറിക്കാനും വേണമെങ്കിൽ തമസ്കരിക്കാനും നമ്മുടെ മാധ്യമങ്ങൾക്ക് ഒരേ മനസ്സാണ്. ഇന്ത്യയിലെ വലിയൊരുവിഭാഗം സാധുക്കളുടെ കൂട്ടക്കുരുതിക്കെതിരേ പ്രതികരിക്കാൻ പോപ്പുലർഫ്രണ്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനടന്ന പ്രതിഷേധ സമ്മേളനം മലയാളത്തിലെ ഒരു ചാനലുകളും കാണാതെ പോയതും അതിന്റെ ഭാഗം തന്നെയാണ്. ആർക്കുവേണ്ടി, എന്തിനു വേണ്ടിയായിരുന്നു അതെന്ന് എല്ലാവരും തമസ്കരിച്ചു. ഇന്ത്യയിലെ അന്യം നിന്നുപോയ നീതിവ്യവസ്ഥയുടേയും സംഘപരിവാര ശക്തികളുടേയും വർഗ്ഗീയവൽക്കരിക്കപ്പെട്ട നിയമ സംരക്ഷരുടേയും വംശദുരീകരണ സിദ്ധാന്തത്തിന് ഓശാനപാടുന്ന ഈ രാജ്യത്തെ മാധ്യമങ്ങളുടെ അജണ്ടയിൽനിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാധ്യമങ്ങളും ഒട്ടും പിറകിലല്ലെന്നു തെളിയിച്ചു.
തങ്ങൾ പറയുന്നതുമാത്രം കേട്ടാൽ മതി എന്നു ധിക്കാരപൂർവ്വം കുരച്ചുവിടുന്ന മാധ്യമ സംസ്കാരം അറിയാനാഗ്രഹിച്ചു പണം മുടക്കുന്ന പൗരബോധമുള്ള കാഴ്ചക്കാരന് അരോചകം തന്നെയാണ്. പക്ഷം ചേർന്നു പറയുന്നത് ഒഴിവാക്കാനാവില്ലെങ്കിലും അപ്പാടെയുള്ള തമസ്കരണം അധികകാലം ജനം സഹിച്ചുകൊള്ളണമെന്നില്ല.
കൂട്ടിക്കൊടുപ്പുരാഷ്ട്രീയ കളിക്കുന്ന രാഷ്ട്രീയത്തമ്പുരാക്കന്മാരുടെയും അച്ചിമാരുടേയും അടിവസ്ത്രത്തെ ന്യൂസ്അവറിൽ ലൈവാക്കുന്ന വാർത്താ വിതരണ സംസ്കാരത്തിന് ഇനി അധികം ആയുസ്സുണ്ടാവില്ല. ഈ രാജ്യത്തെ പീഢിത വിഭാഗക്കാരുടെ സംരക്ഷരായി വാണരുളുന്ന തമ്പുരാക്കന്മാരുടെ കപടസ്നേഹം വൈകാതെ കുഴിച്ചുമൂടപ്പെടും. അവശരും നിരാലംബരുമായ സമൂഹം അവരുടെ ശക്തി തിരിച്ചറിയും. അതുവരെ മാധ്യമനീതിയും സത്യസന്ധതയും നമുക്ക് അന്യം തന്നെയായിരിക്കും.
ഒരു പെണ്ണിനെ ആരെങ്കിലും പീഢിപ്പിച്ചാൽ തുടർന്ന് മാധ്യമങ്ങളുടെ വക കൂട്ടപീഢനപരമ്പരയുണ്ടാകും. ഒരു സമൂഹം ഒന്നാകെ പീഡിപ്പിക്കപ്പെടുമ്പോൾ കണ്ടില്ലെന്നു നടിച്ച് മിണ്ടാൻ പേടിച്ചിരിക്കുന്നതും പീഢനം തന്നെയാണ്...