പ്രിയപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥാ..
അതാ നോക്കൂ.. നിങ്ങളുടെ ഓഫീസിനു പുറത്ത് ഒരു പാവം മനുഷ്യന്‍ എന്തോ ആവശ്യത്തിനായി വന്നിരിക്കുന്നത് കാണുന്നില്ലേ..? എന്തു തിരക്കിലായാലും നിങ്ങള്‍ ഒന്നു തല ഉയര്‍ത്തി അയാളെ നോക്കൂ.. ഒന്നു പുഞ്ചിരിച്ച് സ്വാഗതം ചെയ്യൂ.. ഇപ്പോള്‍ നിങ്ങളുടെ ഓഫീസിനകത്തു കടക്കാന്‍ അറച്ചുനില്‍ക്കുന്ന അയാള്‍ക്ക് നിങ്ങളുടെ പുഞ്ചിരി പോലും എന്തൊരാശ്വാസമായിരിക്കുമെന്നോ..!
അതാ നോക്കൂ.. സര്‍ക്കാര്‍ ഓഫീസില്‍ കയറിയ അയാള്‍ക്ക് പതിവില്ലാതെ ഒരു ചിരി കിട്ടിയതു കൊണ്ടാവണം സന്തോഷത്തോടെ നിങ്ങളുടെ മേശക്കരികില്‍ എത്തിയിരിക്കുന്നത്.. ഇനി ഒന്നു ഹൃദയം തുറന്നു സംസാരിക്കൂ.. ചോദിക്കൂ.. അയാളോട്.. എന്തു സേവനമാണ് അയാള്‍ക്ക് വേണ്ടതെന്ന്.. ചിലപ്പോള്‍ നിങ്ങളുടെ ഓഫീസിലേ വരേണ്ട ആളായിരിക്കില്ല അയാള്‍.എന്നാലും അയാള്‍ക്ക് ശരിക്കും പോകേണ്ട ഓഫീസ് ഏതാണെന്ന് കഴിയുമെങ്കില്‍ പറഞ്ഞു കൊടുക്കുക.. ചിലപ്പോള്‍ നിങ്ങളുടെ ഓഫീസില്‍ നിന്നും പെട്ടെന്ന് ശരിയാക്കാന്‍ പറ്റാത്തതോ തീരെ ശരിയാക്കാന്‍ പറ്റാത്തതോ ആയ കാര്യമായിരിക്കും അയാളുടേത്.. എന്നാലും ഒരു "നോ" പറയുമ്പോള്‍ പോലും വിശദീകരിച്ച്.. വളരെ മധുരമായി സംസാരിക്കുക..!
ഇനി അയാള്‍ തനിക്ക് ആവശ്യമായ സേവനം ലഭിച്ചിട്ടായാലും അല്ലെങ്കിലും എന്താണ് സുഹൃത്തുക്കളോട് നിങ്ങളുടെ ഓഫീസിനെക്കുറിച്ചു പറയുക..? "എന്തൊരു നല്ല ഓഫീസ്..! എന്തു നല്ല ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥന്‍.." അല്ലേ..? ഇനി നിങ്ങള്‍ ശമ്പളപരിഷ്കരണത്തിനായി സമരം നടത്തുന്ന വാര്‍ത്ത വായിക്കുമ്പോള്‍ അയാളും സുഹൃത്തുക്കളും എന്താണു പറയുക..? "പാവങ്ങള്‍.. അവരുടെ സമരം ന്യായമാണ്.. മെച്ചപ്പെട്ട വേതനം അവര്‍ക്കും വേണം.." എന്നാവില്ലേ..?!
ഇനി ഒന്നു തിരിഞ്ഞു തന്നിലേക്ക് നോക്കൂ സര്‍ക്കാര്‍ ഉദ്യോഗസ്ഥാ.. ഇപ്പോള്‍ എന്താണു നടന്നു കൊണ്ടിരിക്കുന്നത്..? ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റി അവരുടെ കേവലം ദാസനായി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട താങ്കള്‍, സാര്‍.. സാര്‍.. എന്ന വിളികളുമായി നൂറു തവണ അവര്‍ നിങ്ങള്‍ക്കരികില്‍ എത്തുമ്പോഴും ആ ആവലാതി കേള്‍ക്കാന്‍, അതൊന്നു എളുപ്പം പരിഹരിക്കാന്‍, എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നു ചിന്തിക്കാന്‍ എന്തിന്.. ചെലവില്ലാത്ത ഒരു ചിരി സമ്മാനിക്കാന്‍ തയ്യാറാവുന്നുണ്ടോ..?
"ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു പാട് മാറി,വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് കൂടുതല്‍.. അവര്‍ കേമന്‍മാരാണ്" എന്നൊക്കെയായിരിക്കും നിങ്ങളുടെ വാദം. ആ വാദത്തിന്‍റെ പൊള്ളത്തരമറിയാന്‍ ചെറിയൊരു പരീക്ഷണം പറഞ്ഞു തരാം.. നിങ്ങളുടെ എന്തെങ്കിലും കാര്യമായ ആവശ്യത്തിന് മറ്റൊരു സര്‍ക്കാര്‍ ഓഫീസില്‍, അതൊരു പഞ്ചായത്ത് ഓഫീസോ, താലൂക്ക് ഓഫീസോ, സപ്ലൈ ഓഫീസോ, ആര്‍.ടി ഓഫീസോ ആവട്ടെ.. ഒന്നു പോയി നോക്കുക.. അവിടെ ചെന്ന് ഒരിക്കലും നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറയരുത്.. ആരുടെ കെയറോഫും പറയരുത്.. ഒരു പാവം പൊതുജനമായി വേണം കാര്യം നടത്താന്‍.. മനം മടുത്തു നിങ്ങള്‍ തന്നെ പറഞ്ഞുപോകും പൊതുജനം പതിവായി പറയുന്ന ആ അഭിപ്രായം..!
യഥാര്‍ത്ഥത്തില്‍ പൊതുജനം പതിവായി നിങ്ങളുടെ ഓഫീസില്‍ നിന്ന് ആരെയൊക്കെയോ ശപിച്ചു കൊണ്ടു ഇറങ്ങിപ്പോകുകയാണ്. പോരാത്തതിന് എത്ര കിട്ടിയാലും മുഖം തെളിയാത്ത കൈക്കൂലിക്കാരുടെ നീരാളിക്കൈകള്‍ ഒരു വശത്ത്.. എത്ര കൈക്കൂലി കൊടുത്താലും നടക്കാത്ത കാര്യങ്ങള്‍ മറുവശത്ത്..! ഇതൊക്കെ അനുഭവിക്കുന്ന അവര്‍ നിങ്ങള്‍ ശമ്പളപരിഷ്കരണത്തിനായി സമരം നടത്തുന്ന വാര്‍ത്ത വായിക്കുമ്പോള്‍ എന്താണ് പറയുക..? "എല്ലാത്തിനേം പിരിച്ചു വിടണം.. കഴിയുമെങ്കില്‍ ഇവന്‍മാരുടെ ശമ്പളം വെട്ടിക്കുറക്കണം.." എന്നായിരിക്കില്ലേ..?! എന്തു കൊണ്ടാണ് നിങ്ങളുടെ സമരങ്ങള്‍ ന്യായമാണെങ്കില്‍ പോലും ആരുടേയും പിന്തുണ കിട്ടാതെ പരാജയപ്പെട്ടു പോകുന്നത്..? എരിതീയില്‍ എണ്ണ ഒഴിക്കും പോലെ ഇല്ലാത്ത ശമ്പളവര്‍ദ്ധന പെരുപ്പിച്ചു കാട്ടി മാധ്യമങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരന്‍റെ എണ്ണിച്ചുട്ട അപ്പത്തെ പൊലിപ്പിക്കുമ്പോള്‍ ജനം സപ്പോര്‍ട്ട് ചെയ്യുന്നത് എന്തു കൊണ്ടാണ്..?
ഉത്തരം ഒന്നേയുള്ളൂ പ്രിയപ്പെട്ട ഉദ്യോഗസ്ഥാ.. നിങ്ങളുടെ പെരുമാറ്റം ശരിയല്ല..! സേവനം പോര..! സര്‍വ്വോപരി പൊതുജനത്തിന്‍റെ മുന്നില്‍ വിനീതവിധേയരായി ഇരിക്കുന്നതിനു പകരം യജമാനന്‍മാരെ പോലെയുള്ള നിങ്ങളുടെ ഇരുത്തം ഉണ്ടല്ലോ.. അതും ശരിയല്ല..!!
ഹൃദ്യമായ ഒരു ചിരിയില്‍ തീരുമായിരുന്ന എത്രയെത്ര പ്രശ്നങ്ങളാണ് വിവരാവകാശനിയമത്തിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് നിങ്ങളെ കോടതി വരെ കേറ്റാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയത്..!
അതുകൊണ്ട്..
പ്രിയപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥാ..
ഇനിയെങ്കിലും നന്നാവുക.. അതാ നോക്കൂ.. നിങ്ങളുടെ ഓഫീസിനു പുറത്ത് ഒരു പാവം പൊതുജനം വന്നിരിക്കുന്നത് കാണുന്നില്ലേ..? എന്തു തിരക്കിലായാലും നിങ്ങള്‍ ഒന്നു തല ഉയര്‍ത്തി അയാളെ നോക്കൂ.. ഒന്നു പുഞ്ചിരിച്ച് സ്വാഗതം ചെയ്യൂ..!!
(വിവരാവകാശികളോടു കടപ്പാട്)