Thursday

ക്യാൻസർ സെന്റർ വിഷയത്തിൽ നടൻ ശ്രീനിവാസന് എല്ലാ പിന്തുണയും

 കേരളത്തിൽ ഇനിയൊരു റിജിയണൽ കാൻസർ സെന്റർ വേണ്ടാ എന്ന നടൻ ശ്രീനിവാസന്റെ  അഭിപ്രായത്തെ തുടർന്ന് സോഷ്യൽ മീഡിയയിലും പുറത്തും അദ്ദേഹം എന്തോ മഹാപരാധം ചെയ്തു എന്ന മട്ടിൽ പ്രചരണവും പ്രതിഷേധവുമൊക്കെ നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ മാറിമാറിവരുന്ന കേരളസർക്കാരുകൾ നടത്തുന്ന കേരളവികസനത്തിന്റെയും കേരളം നേരിടുന്ന ഗുരുതര പ്രധിസന്ധികൾ തരണം ചെയ്യുന്ന പദ്ധതികളുടേയും നടപ്പുകാര്യത്തിൽ ആർക്കാണു യഥാർത്ഥ ഗുണം ലഭിക്കുന്നതെന്ന് യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുന്ന ഒരു പൗരന്റെ അഭിപ്രായമാണത്. കേരളത്തിനെ വൻ കടക്കെണിയിലേക്കു നയിക്കാനും കേരളത്തിലെ ജനവിഭാഗങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നതും മാത്രമായ പല പദ്ധതികളും ഇതിനുമുമ്പ് നാം കണ്ടതാണ്. ഈ ബ്ലോഗിൽ അവയിൽ ഏതാനും സംഗതികളെക്കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുള്ളതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല. ഇവിടെയും ഇവിടെയും ഇവിടെയും പോയാൽ അവയിൽ ചിലതു കാണാം. ആ പദ്ധതികളുടെ തുടർച്ച എന്തായിരുന്നുവെന്ന് ശ്രീനിവാസനെ എതിർക്കുന്നവർ ചിന്തിക്കുന്നത് നല്ലതാണ്.

 ലോകത്തിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് മരുന്നുകൾ പ്രചരിപ്പിക്കുന്ന, ഉപയോഗിക്കുന്ന സ്ഥലം നമ്മുടെ കേരളമാണ്. ഏറ്റവും കൂടുതൽ മരുന്നു പരീക്ഷണം മനുഷ്യനിൽ നടത്തുന്നത് ഇവിടെത്തന്നെയാണ്. തിരുവനന്തപുരം കാൻസർ സെന്ററിലെ മരുന്നുപരീക്ഷണവുമായി ബന്ധപ്പെട്ട് മുമ്പ് വിവാദങ്ങൾ ഉണ്ടായത് ഓർക്കുക. കേരളത്തെ സംബന്ധിച്ചിടത്തോളം “ജന നേതാക്കളുടെയും അവരുടെ ആസനം താങ്ങികളുടേയും കീശ വീർപ്പിക്കുന്ന പ്രക്രിയയാണ് ആരോഗ്യരംഗത്തായാലും മറ്റേതു രംഗത്തായാലും വികസനം.

 മാലിന്യസംസ്കരണരംഗത്ത് ലോകത്തെ ഏറ്റവും നൂതനവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ പദ്ധതി കേരളത്തിലുണ്ടായിരിക്കെ അതു ചൂണ്ടിക്കാണിച്ചപ്പോൾ “മറ്റുപദ്ധതികൾ” ഉണ്ടെങ്കിൽ പറയാൻ മന്ത്രിതന്നെ എന്നോടാവശ്യപ്പെട്ടത് ഇവിടെ ഉദാഹരണമായി വെക്കുന്നു. രണ്ടു വർഷത്തിനു ശേഷം കണ്ടുപിടിച്ച് നടപ്പിലാക്കാൻ കൊണ്ടുവന്ന “മറ്റു പദ്ധതിക്ക്” ടണ്ണിനു 10000 രൂപയാണ് നിശ്ചയിച്ചിരുന്നത്. കൊടുങ്ങല്ലൂരിൽ ഞാൻ പങ്കെടുത്ത ഒരു ചടങ്ങിൽ ടണ്ണിനു 3500 രൂപ നിരക്കിൽ “മറ്റു പദ്ധതി” കൊടുക്കാമെന്ന് ഭരണകക്ഷികൾ ഉൾപ്പെട്ട ചടങ്ങിൽ പരസ്യമായി പറഞ്ഞപ്പോൾ അവർക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. കേരളത്തിൽ ഉല്പാദിപ്പിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനായി നീക്കിവെക്കാൻ തീരുമാനിച്ച തുകയിൽ ടണ്ണിന് 6500 രൂപ ലാഭമുണ്ടാക്കാനുള്ള മാർഗ്ഗം കാണിച്ചുകൊടുത്തിട്ട് മിണ്ടാട്ടമില്ലെന്നു മാത്രമല്ല ആതുക കമ്മീഷനായി അടിച്ചുമാറ്റാനുള്ള മാർഗ്ഗം അടഞ്ഞപ്പോൾ പദ്ധതിതന്നെ വേണ്ടെന്നു വച്ചു. ഇത് കേവലം ഉദാഹരണമാണെങ്കിൽ ഇതുപോലെ കാരണവും ബദൽ പരിഹാരവും നിരത്തി പ്രതികരിക്കാൻ തയ്യാറായാൽ യഥാർത്ഥ വികസനം നമുക്കു കൈവരും. ഇല്ലെങ്കിൽ നേതാക്കന്മാരുടെയും അവരുടെ വാലാട്ടികളുടെയും കീശയായിരിക്കും വികസിക്കുക.

 കാൻസർ സെന്ററിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ബഹുരാഷ്ട്ര മരുന്നുകമ്പനികൾക്ക് മരുന്നുകച്ചവടവും പരീക്ഷണവും നടത്താനുള്ള സൗകര്യമൊരുക്കുന്നതിലൂടെ കീശ വീർപ്പിക്കാനുള്ള മാർഗ്ഗമായേ മുൻകാല അനുഭവത്തിൽനിന്ന് ഇതിനെ മനസ്സിലാക്കാൻ കഴിയുന്നുള്ളൂ. റംസ്‌ഫീൽഡിന്റെ ജലീഡ് സയൻസസിൽ 1995 മുതൽ ഉല്പാദിപ്പിച്ച് കെട്ടിക്കിടന്ന “ടാമിഫ്ലൂ” ചെലവാക്കാൻ ഇവിടെ പന്നിപ്പനിയും പട്ടിപ്പനിയുമൊക്കെ വന്നിട്ട് അധികകാലമായിട്ടില്ലല്ലോ. മരുന്നുകമ്പനികൾ “വേണ്ടപ്പെട്ടവർക്കും” നല്ലൊരു വിഭാഗം ഡോക്ടർമാർക്കും നൽകുന്ന ആഡംബര വാഹനങ്ങളും ഫ്ലാറ്റുകളും വില്ലകളും ഉലകം ചുറ്റി കുടുംബസമേതമുള്ള കൈയും വീശി സഞ്ചാരവും മുടക്കില്ലാതെ കൊടുക്കുന്നെന്നാണോ...?

  കേരളത്തിലെ ആശുപത്രികളിൽ നടക്കുന്ന അതിക്രമങ്ങൾ അധികൃതർ മനഃപൂർവ്വം കണ്ടില്ലെന്നു നടിക്കുകയല്ലേ. സർക്കാരാശുപത്രിൽ രാത്രിയിൽ പ്രസവിക്കേണ്ടി വന്നവർ ഉദാഹരണം ഇവിടെ നിരത്തട്ടെ. സ്വകാര്യ ആശുപത്രികളിൽ പ്രസവകാര്യ ഡോക്ടർമാർക്ക് സിസേറിയൻ നടത്താൻ ടാർഗറ്റ് കൊടുത്തിരിക്കുകയാണ്. അവിടെ പിറക്കുന്ന കുഞ്ഞുങ്ങളെ ഭാവിയിലെ കസ്റ്റമർ ആക്കിയാണ് ജീവിക്കാൻ വിടുന്നത്. അതെങ്ങനെയെന്നത് വളരെ വിശാലമായി പറയേണ്ട വിഷയമായതിനാൽ വൈകാതെ എഴുതാം.
 ഇന്ന് കേരളത്തിലെ ഏറ്റവും വലുതും നഷ്ടസാധ്യതയുടെ ഏഴയലത്തു വരാത്തതും എല്ലാതരത്തിലും സുരക്ഷിതവുമായ ബിസിനസാണ് ആരോഗ്യരംഗം. മുമ്പ് കേരളത്തിലെ ഒന്നേകാൽ കോടി ജനങ്ങൾ തിന്നുകഴിഞ്ഞ് ഗുണമേന്മയില്ലന്നു സ്ഥിരീകരിച്ച മന്തുഗുളിക, ആരും തിന്നുന്നതിനു മുമ്പ് പരിശോധിക്കാൻ നമ്മുടെ മന്ത്രാലയം തയ്യാറാവാതിരുന്നതെന്ത് എന്നൊന്നും ചോദിക്കരുത്. ഗുണമേന്മയില്ലാത്തതെന്ന് കണ്ടെത്തിയ പ്രസ്തുത മരുന്നുകൾക്ക് പണം കൊടുത്തു എന്നു മാത്രമല്ല അതേ കമ്പനിയിൽ നിന്ന് വീണ്ടും അതേ മരുന്നു വാങ്ങി അതേജനത്തിന് തിന്നാൻ കൊടുത്തു. രോഗങ്ങൾ ഇത്രയധികം പെരുകിയ, രോഗങ്ങൾക്ക് ഇത്രയും “പ്രാധാന്യം” നൽകുന്ന രാജ്യം വേറേ ഉണ്ടാവില്ല.

 ആധുക ചികിത്സാരംഗത്ത് അനുദിനം പുരോഗതി കൈവരിക്കുമ്പോഴും കൃത്യമായ മരുന്നു പരിചരണം നടക്കുമ്പോഴും രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണെന്നത് ചർച്ച ചെയ്യുന്നില്ല. ഇത്രയധികം സൗകര്യങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും രോഗികളുടയും ആശുപത്രികളുടെയും എണ്ണം കുറയുകയുകയാണ് ചെയ്യേണ്ടത്. പക്ഷേ രോഗികളും അവരുടെ രോഗ ദൈർഘ്യവും വർദ്ധിക്കുകയും ആശുപത്രികൾ ബഹുനിലകളുമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്. ദീർഘകാലം അലോപ്പതിമരുന്നുകൾ ഉപയോഗിക്കുന്നവരുടെ കണക്കെടുത്താൽ അത്തരക്കാരിലാകും ഡയാലിസിസ് രോഗികളെ കൂടുതലും കണ്ടെത്താനാവുക.

 ദൈനം ദിനം നമ്മൾ ഭക്ഷിക്കുന്ന ആവശ്യമില്ലാത്ത ഭക്ഷണങ്ങളാണ് , അവയിലടങ്ങിയിരിക്കുന്ന ഭക്ഷിക്കാൻ പാടില്ലാത്ത ഘടകങ്ങളാണ് നമുക്ക് കൂടുതലും ക്യാൻസറടക്കം മിക്ക രോഗങ്ങളും സമ്മാനിക്കുന്നത്. അത്തരം ഭക്ഷണ പദാർത്ഥങ്ങൾ കർശനമായി നിരോധിക്കുകയും അവയുടെ വില്പന തടയുകയും ചെയ്യുന്നതിനു പകരം ആ മാരക പദാർത്ഥങ്ങൾ കൂട്ടിച്ചേർക്കുന്നതിന് “അനുവദനീയമായ പരിധി” നിർണ്ണയിച്ചു കൊടുത്തിരിക്കുകയാണ് ആരോഗ്യരംഗത്തിന്റെ കാവലാളുകൾ. വിഷം കലർത്തുന്നവനെ പിടിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല, അറിയാതെയാണെങ്കിൽപ്പോലും അതു വാങ്ങി വിൽക്കുന്നവനാണ് ഉണ്ട തിന്നേണ്ടി വരുന്നത്.

 ആരോഗ്യരംഗത്തിന്റെ സംരക്ഷകർക്ക് അവരുടെ കടമ നിർവ്വഹിക്കണമെന്നു തോന്നിയാൽ ഇവിടെ പിന്നെ ഒരു സെന്ററും പുതുതായി വേണ്ടി വരില്ല. രോഗികൾക്ക് ആവശ്യമുള്ള മരുന്നുകൾ ആവശ്യമായ അളവിൽ മാത്രം നൽകുക. ഭക്ഷണത്തിൽ വിഷം ചേർക്കുന്നതും കൃത്രിമ ഭക്ഷണ സാമഗ്രികൾ ഉണ്ടാക്കി വിൽക്കുന്നതും ആരോഗ്യരംഗത്തെ കഴുകന്റെ നോട്ടവും അവസാനിപ്പിക്കാതെ ഇവിടെ ഏതു സെന്റർ വന്നിട്ടും കാര്യമില്ല. ഒരു റീജിയണൽ കാൻസർ സെന്റർ ഇവിടെ നിർമ്മിക്കുന്നു എന്നു പറയുമ്പോൾ അവിടെ കച്ചവടം ചെയ്യാൻ ചന്തയൊരുക്കൂ വേണ്ട “ചരക്കുകൾ” ഞങ്ങൾ ഒരുക്കിത്തരാം എന്ന് ആരോടൊക്കെയോ ആരൊക്കെയോ പറയുന്നതായിത്തന്നെ നിലവിലെ സാഹചര്യങ്ങളിൽ വിശ്വസിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ റീജിയണൽ ക്യാൻസർ സെന്ററുകൾ വേണ്ടാ ശ്രീനിവാസന്റെ അഭിപ്രായത്തിന് എല്ലാ പിന്തുണയും നൽകേണ്ടി വരുന്നു

  11 comments:

  1. രോഗികൾക്ക് ആവശ്യമുള്ള മരുന്നുകൾ ആവശ്യമായ അളവിൽ മാത്രം നൽകുക. ഭക്ഷണത്തിൽ വിഷം ചേർക്കുന്നതും കൃത്രിമ ഭക്ഷണ സാമഗ്രികൾ ഉണ്ടാക്കി വിൽക്കുന്നതും ആരോഗ്യരംഗത്തെ കഴുകന്റെ നോട്ടവും അവസാനിപ്പിക്കാതെ ഇവിടെ ഏതു സെന്റർ വന്നിട്ടും കാര്യമില്ല. ഒരു റീജിയണൽ കാൻസർ സെന്റർ ഇവിടെ നിർമ്മിക്കുന്നു എന്നു പറയുമ്പോൾ അവിടെ കച്ചവടം ചെയ്യാൻ ചന്തയൊരുക്കൂ വേണ്ട “ചരക്കുകൾ” ഞങ്ങൾ ഒരുക്കിത്തരാം എന്ന് ആരോടൊക്കെയോ ആരൊക്കെയോ പറയുന്നതായിത്തന്നെ നിലവിലെ സാഹചര്യങ്ങളിൽ വിശ്വസിക്കേണ്ടി വരുന്നു. Very well said

    ReplyDelete
  2. ഞാനുമുണ്ട് കൂടെ.. കാരണത്തെ ഒഴിവാക്കിയിട്ട് ചികിൽസിച്ചിട്ട് കാര്യമില്ലല്ലോ.. Prevention is better than cure :)

    ReplyDelete
  3. http://disorderedorder.blogspot.com/2015/07/blog-post_20.html?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+namath+%28%E0%B4%A8%E0%B4%AE%E0%B4%A4%E0%B5%8D%29

    വേറെ അഭിപ്രായമില്ല

    ReplyDelete
  4. "....ഒരു വ്യക്തിക്ക് സ്വന്തം ചികിത്സ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. ആയുര്‍വേദം വേണോ അലോപ്പതി വേണോ സിദ്ധവൈദ്യം വേണോ യുനാനി വേണോ എന്നതൊക്കെ പോക്കറ്റില്‍ കാശുള്ളവന്റെ മാത്രം വേവലാതികളാണ്...."

    അങ്ങനെയല്ലല്ലോ അജിത്തേട്ടാ കാശില്ലാത്തവനും ഉള്ളകിടപ്പാടം വിറ്റെങ്കിലും അലോപ്പതിതന്നെ ചെയ്യാൻ നിർബ്ബന്ധിതരാവുകയാണ്. ഉദാഹരണത്തിന്, പ്രസവം ഒരു രോഗമല്ലല്ലോ. ഒരു പ്രസവം വീട്ടിലോ ഏതെങ്കിലും ആയുർവ്വേദ ആശുപത്രിയിലോ അലോപ്പതി ഡോക്ടർമാരല്ലാത്ത ആരുടെയെങ്കിലും സംരക്ഷണത്തിൽ നടക്കുന്നുണ്ടോ. അതെല്ലാം നിരോധിച്ചിരിക്കുകയാണ്. അലോപ്പതിയിലല്ലാതെ നടത്താൻ പാടില്ല. അനന്തരഫലമായി ഇന്നനുഭവിക്കുന്നത് വിശദീകരിക്കണ്ടല്ലോ. ക്യാൻസർ രോഗികൾക്ക് കൗണ്ട് അനിയന്ത്രിതമായി കുറഞ്ഞുവരുമ്പോൾ വാർഡുകൾ മാറ്റി മാറ്റി മരണത്തിനു വിട്ടുകൊടുക്കുകയല്ലേ ചെയ്യുന്നത്..? എളുപ്പത്തിൽ കൗണ്ട് കൂട്ടാവുന്ന മരുന്ന് ഹോമിയോയിലുണ്ടായിരിക്കെ രോഗിക്ക് അതുകൊടുത്ത് ജീവൻ പിടിച്ചുനിർത്താൻ ഏത് അലോപ്പതി ഡോക്ടറാണ് ശ്രമിക്കുന്നത്? ക്യാൻസറടക്കമുള്ള മാരക രോഗങ്ങൾക്ക് വർഷങ്ങളായി തങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾക്ക് ഒരു ഗുണവുമില്ലെന്നും അവ നിരോധിച്ചിരിക്കുന്നുവെന്നും ഒരു സുപ്രഭാതത്തിൽ വായിക്കുന്ന രോഗി എന്തു മനസ്സിലാക്കണം..? ഏതസുഖത്തിനും ഒരു ഡോക്ടർ കുറിക്കുന്ന മരുന്ന് തങ്ങളുടേതാണെന്ന് മരുന്നുകമ്പനികൾ ഉറപ്പുവരുത്തുന്നുണ്ടെന്നത് കണ്ടില്ലെന്നു നടിക്കണോ. ഒരു ആശുപത്രിയിൽ ഓരോ ഡോക്ടർക്കും തന്താങ്ങളുടെ വകുപ്പിൽ ടാർഗറ്റു നിശ്ചയിച്ചിട്ടുണ്ടെന്നത് കണ്ടില്ലെന്നു നടിക്കണോ...? നൂതന ചിത്സാസംവിതാനങ്ങളും മരുന്നുകളും ആശുപത്രികളുമുണ്ടായിട്ടും കൂടുതൽ ഗുരുതരമായ രോഗാവസ്ഥകളും ആശുപത്രികളും പെരുകുന്നതെന്തുകൊണ്ടാണ്? ആശുപത്രിസമുച്ചയങ്ങൾ കെട്ടിപ്പൊക്കാൻ ഒത്താശ ചെയ്യുന്നവർ രോഗങ്ങൾ ഉണ്ടാകുന്ന മാർഗ്ഗങ്ങൾക്കു തടയിടാൻ വല്ലതും ചെയ്യുമോ..?

    ReplyDelete
  5. നമ്മൾ അമേരിക്കൻ ഗൂഡാലോചന എന്ന് പറഞ്ഞു മോഡേണ്‍ മെഡിസിൻ ചികത്സാ രീതിയെ എതിര്ത്ത് പൊതുമേഖലയിലെ ആശുപത്രികൾ ഇല്ലാതാക്കിയാൽ പാവപ്പെട്ട ആളുകൾ ചത്തൊടുങ്ങും. പ്രകൃതിജീവനം ജൈവ പച്ചക്കറി ഉപയോഗം കൊണ്ടു മാത്രം അസുഖങ്ങൾ വരാതിരിക്കില്ലല്ലോ., ആയുർവ്വേദവും ഒര്ഗാനിക് കൃഷിരീതിയും മാത്രം ഉള്ള കാലത്തും വസൂരിയും മലമ്പനിയും ഒക്കെ നമ്മുടെ നാട്ടിൽ ആളുകളെ കൊന്നൊടുക്കി കൊണ്ടിരുന്നില്ലേ.
    മരുന്ന് കമ്പനികൾ ലാഭമുണ്ടാക്കുന്നുണ്ടാകാം. അതേ അളവിൽ തന്നെ ലാട വൈദ്യന്മാർ ഈ പ്രകൃതിജീവനം പറഞ്ഞു ആളുകളെ പറ്റിച്ച് നേട്ടം ഉണ്ടാക്കുന്നുണ്ട്. ആർ സി സി നല്ല രീതിയിൽ പ്രവര്ത്തിക്കുന്ന ഒരു സ്ഥാപനമാണു . അതുപോലൊന്ന് കൊച്ചിയിൽ ഉണ്ടായാൽ അത് ഗുണകരം തന്നെയാണ്. അറ്റ്ലീസ്റ്റ് വെളുത്തുള്ളിയൊക്കെ അരച്ച് തേച്ച് ബ്രെസ്റ്റ് ക്യാൻസർ മാറ്റാമെന്ന് പറഞ്ഞ് ലാടവൈദ്യര് പാവങ്ങളെ പറ്റിക്കുന്നത് കുറയും . പ്രകൃതി ജീവനം പറയുന്ന മോഹനൻ എന്ന വൈദ്യരുടെ ചികത്സയാ ഈ വെളുത്തുള്ളി പാപ്പ. നിങ്ങൾക്ക് ഭേദമായില്ലെങ്കിൽ വേറെ നോക്കിക്കോ എന്നാ ഉറപ്പ് പറയുന്ന ഇങ്ങേരുടേ വാദം. മുള്ളാത്ത കഴിച്ച് രോഗം വേഴ്സാക്കിയ സിനിമാനടൻ ജിത്തു ഒരിക്കൽ പറഞ്ഞിരുന്നു ഇത്തരം പാഴുകൾ എങ്ങനെ രോഗം വന്നു മനസ്സ് തകര്ന്നവരെ വഴി തെറ്റിക്കുമെന്നു. അവസാനം ജിത്തുവിന്റെ ക്യാൻസർ മാറിയത് മോഡേണ്‍ മെഡിസിനിൽ തന്നെയാ.
    ക്യാൻസർ വരാതെ സ്വയം ശ്രദ്ധിക്കാം. ശരി സമ്മതിച്ചു. പക്ഷെ പല കാര്യങ്ങൾ ഇതിനു റീസണ്‍ ആകുന്നുണ്ട്. പാരമ്പര്യം തൊട്ട് പൊലൂഷൻ വരെ. അതിൽ നമുക്ക് എത്ര കാര്യങ്ങൾ സ്വയം കണ്ട്രോൾ ചെയ്യാൻ പറ്റും. ഇനി ക്യാൻസർ വന്നവരെ എന്ത് ചെയ്യണം. പണ്ട് വസൂരി വന്നവരെ ചെയ്ത പോലെ കൂട്ടിയിട്ട് കത്തിക്കണോ?
    * താങ്കള് കമന്റിൽ പറയുന്നു വീട്ടിലോ ആയുര്വ്വെട ആശുപത്രിയിലോ പ്രസവം നടക്കാൻ നിരോധനം ഉണ്ടെന്ന്. ഇതാദ്യമായി കേള്ക്കുന്നു !!!!! വീട്ടില് പ്രസവം നടന്നാൽ എന്ത് സംഭവിക്കും . പോലീസ് പിടിക്കുമോ? ആളുകള് അലോപ്പതി നോക്കി പോകുന്നുണ്ടെങ്കിൽ അതിനു കാരണം തള്ളയുടെയും കുട്ടിയുടെയും സേഫ്റ്റി തന്നെയാ. വീട്ടില് മണിക്കൂരുകൾ വേദന സഹിച്ച ശേഷം പ്രസവം നടന്നില്ലെങ്കിൽ വാരിക്കൂട്ടി അടുത്ത ഹോസ്പിറ്റലിലേക്ക് ഓടുന്നതും അറിയാം. അതെന്തു കൊണ്ടാവും. പണ്ട് കാലത്തുള്ള ചികത്സാ നിര്ണ്ണയ രീതികൾ മാത്രം കൊണ്ട് ഇന്ന് കാര്യമില്ല. ലോകം മുന്നോട്ട് പോയപ്പോൾ അതിന്റെ ബെനഫിറ്റ്‌ മെഡിസിനിൽ ഉണ്ടായത് മോഡേണ്‍ മെഡിസിനിൽ മാത്രമാണു. കമ്പ്യൂട്ടരും കാറും മൊബൈലും മാത്രം പോരല്ലോ നല്ല ജീവിതത്തിനു.
    ഇനി മെഡിസിന്റെ പേരില് കള്ളത്തരങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെ തുറന്നു കാണിക്കുക. അല്ലാതെ ആ മെഡിസിൻ വേണ്ടാ എന്ന് പറയുകയല്ല. മതത്തിന്റെ പേരില് ഇഷ്ടം പോലെ തെമ്മാടിത്തരം കാട്ടിക്കൂട്ടിയിട്ടും നിങ്ങൾ ആരും മതം വേണ്ടാ എന്ന് പറഞ്ഞു കേള്ക്കുന്നില്ലല്ലോ.
    " എന്റെ പക്കല് പല കാര്യങ്ങളും അതിനെതിരെ ഉണ്ട്. മന്ത്രി ചോദിച്ചാൽ പറയാം" എന്ന് വീമ്പിളക്കുന്നവർക്ക് അവരുടേതായ അജണ്ട ഉണ്ടാകും. ശ്രീനിവാസന് ആ വേദിയിൽ തന്നെയോ അല്ലെങ്കിൽ ഒരു പത്ര സമ്മേളനത്തിലോ ഈ വിവരങ്ങൾ പറയാൻ കഴിയുമായിരുന്നില്ലേ. എന്തേ പറയുന്നില്ല?

    ReplyDelete
  6. ഞാനും ശ്രീനിയേട്ടന്റെ കൂടെയാണ് കേട്ടൊ ഭായ്

    ReplyDelete
  7. ക്യാൻസർ സെന്ററെന്നല്ല ഏതൊരു ആശുപത്രിയും രോഗികളുടെ രോഗമുക്തി ലക്ഷ്യം വച്ചുള്ളതാണെങ്കിൽ എതിർക്കപ്പെടേണ്ടതല്ല. പക്ഷേ ഇന്നുള്ള സ്ഥിതി അതല്ല. പാവങ്ങളെ സഹായിക്കാനെന്നപേരിൽ ഉയർന്ന ആശുപത്രികളിൽ വ്യവസായസ്ഥാപനമല്ലാത്ത എത്ര ആശുപതികളുണ്ട്? മരുന്നു കുത്തകകളുടെ ഏജന്റുമാരല്ലാത്ത എത്ര പരിചാരകരും മുതലാളിമാരുമുണ്ട്? രോഗചികിത്സ മാത്രമാണ് ഉദ്ദേശമെങ്കിൽ കൊച്ചിയിലെന്നല്ല എവിടെയും ആശുപത്രികൾ വരട്ടെ. ഉള്ളരോഗങ്ങൾ മാറുന്നതിനൊപ്പം പുതിയ രോഗങ്ങളുടെ ഉല്പാദനവും തടയപ്പെടും. നിലവിലുള്ള സ്ഥിതിയിൽ ആശുപത്രി വ്യവസായം എതിർക്കപ്പെടേണ്ട ഒന്നാണ്. കാൻസറടക്കം മാരക രോഗങ്ങൾ ഉണ്ടാവുകയും പടരുകയും ചെയ്യുന്ന പല ഭൗതിക സാഹചര്യങ്ങളും ഇന്ന് നമുക്കുണ്ട്. അതു തിരിച്ചറിയാനോ ആ സാഹചര്യങ്ങളെ ഇല്ലാതാക്കുന്ന ഫലപ്രദമായ മാർഗ്ഗങ്ങളെ ഒന്നു പഠിക്കാനോ അംഗീകരിക്കാനോ ആരോഗ്യരംഗമോ ശുചിത്വമിഷനോ തയ്യാറാവുന്നില്ല എന്നതാണു വസ്തുത. പകരം ബഹുനില മന്ദിരങ്ങളുയർത്തി കച്ചവടം ചെയ്യാനാണു താല്പര്യം

    ReplyDelete
  8. അതുകൊണ്ട്? അതുകൊണ്ടെങ്ങനെ RCC poluLLa ആശുപത്രി വേണ്ടായെന്നാകും? മരുന്ന് കമ്പനികൾ ആശുപത്രിയും മുതലാളിമാരെയും ഡോക്ടര്മാരെതന്നെയും വിലക്കെടുക്കുനുവെങ്കിൽ അത് തുറന്നുകാണിക്കാൻ എന്തേ ആരും തയ്യാറാകുന്നില്ല? മോഹന്വൈദ്യന്മാരെപ്പോലുള്ള ലാടന്മാർ വെളുത്തുള്ളി പാപ്പായും മുള്ളാത്തയുമൊക്കെയായി ഒക്കെയായി ക്യാൻസർ ബാധിച്ച ആളുകളെ പറ്റിക്കുന്നു. അതിലൊന്നും പ്രകൃതിജീവനക്കാർക് ഒരു പരാതിയുമില്ല.
    പൊലൂഷൻ അടക്കമുള്ള കാര്യങ്ങൾ ക്യാൻസറിനു കാരണമാകും. ആരെങ്കിലും കാറോ ബൈക്കോ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ എന്നിട്ട്.

    ReplyDelete
  9. >>ആരോഗ്യരംഗത്തിന്റെ സംരക്ഷകർക്ക് അവരുടെ കടമ നിർവ്വഹിക്കണമെന്നു തോന്നിയാൽ ഇവിടെ പിന്നെ ഒരു സെന്ററും പുതുതായി വേണ്ടി വരില്ല. രോഗികൾക്ക് ആവശ്യമുള്ള മരുന്നുകൾ ആവശ്യമായ അളവിൽ മാത്രം നൽകുക. ഭക്ഷണത്തിൽ വിഷം ചേർക്കുന്നതും കൃത്രിമ ഭക്ഷണ സാമഗ്രികൾ ഉണ്ടാക്കി വിൽക്കുന്നതും ആരോഗ്യരംഗത്തെ കഴുകന്റെ നോട്ടവും അവസാനിപ്പിക്കാതെ ഇവിടെ ഏതു സെന്റർ വന്നിട്ടും കാര്യമില്ല. << യോജിക്കുന്നു..

    ReplyDelete
  10. തീര്‍ച്ചയായും ചങ്കൂറ്റം നിറഞ്ഞ അഭിപ്രായം തന്നെയാണ് ശ്രീനിവാസൻ നടത്തിയത് ...അതോടൊപ്പം പറയേണ്ടുന്ന വസ്തുതയാണ് ചരക്കുകൾ ആവശ്യാനുസരണം ഇവിടം ലഭ്യമാണ് എന്നരീതിയിലെ കൂണുപോല എന്നരീതിയില്‍ ആശുപത്രികൾ പൊട്ടിമുളക്കുന്നതും ..... രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് ...രോഗം വരാതെ നോക്കുന്നത്........
    വളരെ വലിയ ചര്‍ച്ച നടക്കേണ്ട ചിന്തയാണ് സാബുഭായ് ചെയ്തത്..... ആശംസകൾ

    ReplyDelete
  11. ക്യാൻസറിനു അലോപതിയിൽ മരുന്നില്ല എന്നാണ് ഇപ്പോൾ ശ്രീനിവാസന്റെ പുതിയ വാദം. അത് മൂടിവച്ച് ഡോക്ടർമാർ ആളുകളെ പറ്റിക്കുന്നു എന്ന്. അങ്ങേർ പുതിയ സിനിമയുടെ പ്രോമോയാണിത് വരെ നടന്നുകൊണ്ടിരിക്കുന്നത്. ജൈവകൃഷ്രി മുതൽ ശ്രീനിവാസന്റെ അജണ്ട ലോകനന്മ ഒന്നുമല്ല മറ്റെന്തോ ആണെന്നത് അന്നേ വ്യക്തമാണ്.
    ലോകത്ത് നിന്നും മിക്കവാറും ഒഴിവാക്കിയിരുന്ന ഡിഫ്തീരിയ ആന്റി വാക്സിൻ ക്യാംപെയിന് ഒക്കെ കാരണം കുഞ്ഞുങ്ങളുടെ ജീവനെടുത്തത് നിങ്ങളുടേ നാട്ടിൽ നിന്നും തന്നെയാണല്ലോ . വാക്സിൻ എടുക്കാത്ത കുട്ടികൾ 40 ശതമാനമാണു മലപ്പുറത്ത് എന്ന് ന്യൂസ് കണ്ടു. കൊള്ളാം. ഇനി പോളിയോയും വസൂരിയും ഒക്കെ കൂടി മടങ്ങി വരുമ്പോഴും ഇതൊക്കെ തന്നെ കേള്ക്കണം.
    ആന്റി വാക്സിൻ ക്യാംപെയ്നും ഈ സിനിമാക്കാരുടെ മാര്കടിങ്ങും ഒക്കെ കൂടി ജനങ്ങൾ മോഡേണ്‍ മെഡിസിനിൽ നിന്നും അകന്നു ആർഷഭാരതത്തിൽ ഉണ്ടായിരുന്ന ആയുർവേദത്തിനു തടയാൻ കഴിയാതിരുന്ന ആ മഹാമാരികൾ വന്നു ആളുകള് ചത്തൊടുങ്ങും. ലാടവൈദ്യന്മാരുടെ വെളുത്തുള്ളി ഒടിവിദ്യ കൊണ്ടൊന്നും ഒരു ഫലവുമില്ല.
    http://www.kolahalam.com/2015/09/sreenivasan-and-cancer.html

    ReplyDelete

Popular Posts

Recent Posts

Blog Archive