ബൂലോകരെ പറ്റിച്ച വോട്ടെടുപ്പിലൂടെ സൂപ്പർ ബ്ലോഗർ തെരഞ്ഞെടുപ്പ്
ബൂലോകം ഓൺലൈൻ സൂപ്പർബ്ലോഗർ അവാർഡിനു വേണ്ടിയുള്ള "സുസ്സൂപ്പർ" മത്സരം നടക്കുന്ന വിവരം വോട്ടെടുപ്പിന്റെ അവസാന ദിവസമാണ് ഞാനറിഞ്ഞത്. ബൂലോകത്തായാലും ഭൂലോകത്തായാലും വോട്ടു പാഴാക്കുന്ന ശീലം പണ്ടേയില്ലാത്തതതു കൊണ്ടും കൂട്ടത്തിൽ എന്റെ പേര് കാണാത്തതു കൊണ്ടും എന്റെ നോട്ടത്തിൽ പുലിയെന്നു തോന്നിയയാൾക്ക് വോട്ടും ചെയ്തു. അതിനു ശേഷമാണ് ബൂലോക അവാർഡാർത്ഥികളെ അളന്നുതൂക്കമെടുത്ത താഴെക്കൊടുത്തിരിക്കുന്ന മഹദ്വാക്യങ്ങൾ ശ്രദ്ധിച്ചത്.- മലയാളം അക്ഷരത്തെറ്റുകൂടാതെയും പരമാവധി വ്യാകരണപ്പിശകുകള്‍ ഒഴിവാക്കിയും എഴുതാനുള്ള കഴിവ്
- രണ്ടായിരത്തി പന്ത്രണ്ടില്‍ ഈ- എഴുത്തില്‍ ഉള്ള സജീവ സാന്നിധ്യം
- കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ഉള്ള അറിവും, അതിനു അനുയോജ്യമായ ഈ-എഴുത്ത് മാധ്യമത്തിന്റെ തെരെഞ്ഞെടുപ്പും
- സര്‍ഗാത്മകത
- ജനസമ്മതിയും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുള്ള കഴിവും
- എഴുത്തിന്റെ ഉയര്‍ന്ന ഗുണനിലവാരത്തിലൂടെ ഈ -എഴുത്തിനെ, പ്രിന്റ് മാധ്യമങ്ങള്‍ക്കൊപ്പം മുഖ്യധാരയിലേക്ക് എത്തിക്കുവാനുള്ള പങ്കാളിത്തം
- ഈ എഴുത്തില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ അനുയോജ്യമായ ഉപയോഗത്തിലുള്ള വൈദഗ്ദ്ധ്യം
- സൃഷ്ടികളിലും അഭിപ്രായങ്ങളിലുമുള്ള മൗലികത
ഒന്നാമതായി പറയട്ടെ, വോട്ടിംഗിനു ശേഷം അതിന്റെ റിസൾട്ട് അപ്പോൾത്തന്നെ ദൃശ്യമാക്കിയത് വോട്ടു ചെയ്യുന്നവരെയും വോട്ടു നേടുന്നവരെയും നിരാശപ്പെടുത്താനും വിഷമപ്പെടുത്താനും മാത്രമേ ഉപകാരപ്പെട്ടിട്ടുള്ളൂ. ചിലരെയൊക്കെ കേമന്മാരും മറ്റുചിലരെ മോശക്കാരുമായി ചിത്രീകരിക്കാൻ മന:പൂർവ്വം ശ്രമിച്ചപോലെയായിപ്പോയി. ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥ നടപ്പിലാക്കാൻ നടത്തിയ ഗൂഢശ്രമമയിരുന്നു അതെന്ന് അതുകൊണ്ടുതന്നെ മനസ്സിലാക്കണം. പരമാവധി പത്തുപേരുടെ ഫൈനൽ ലിസ്റ്റ് തെരഞ്ഞെടുക്കുന്നതിനു പകരം 76പേരുടെ ജംബോ ലിസ്റ്റ് തയ്യാറാക്കിയതുവഴി ബ്ലോഗർമാരുടെ വോട്ടുകൾ പരമാവധി ഛിന്നഭിന്നമാക്കാൻ സംഘാടകർക്കു കഴിഞ്ഞു. അതിലൂടെ ഉദ്ദേശിച്ചയാളെ അവർക്കു വിജയിപ്പിച്ചെടുക്കാനും. അതിനുവേണ്ടിയാവണം റിസൾട്ട് അപ്പപ്പോൾ ദൃശ്യമാക്കി മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നത്.
അറിയാൻമേലാത്തതുകൊണ്ട് ചോദിക്കുകയാണ്, സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാൻ ബൂലോകം ഓൺലൈൻ ഭാരവാഹികൾ തെരഞ്ഞെടുത്ത മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന എത്രപേർ ഫൈനൽ ലിസ്റ്റിലുണ്ട്? സൂപ്പർ ബ്ലോഗർ ജോയ് കുളനട 2012ൽ "സജീവമയി" എഴുതിയ ബ്ലോഗ് പോസ്റ്റുകൾ ഏതൊക്കെയാണ്? മരുന്നിനെങ്കിലും ഒരെണ്ണം കണിച്ചുതരാമോ...? ബൂലോകത്ത് അദേഹത്തെ അറിയാവുന്നവർ എത്രപേരുണ്ട്..? ഈ-എഴുത്തിനെ പ്രിന്റ് മീഡിയയിലെത്തിക്കാനുള്ള ശ്രമവും അതിന്മേലുള്ള വിജയവും മാനദണ്ഡമാക്കിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെങ്കിൽ അവ ഒന്നു വ്യക്തമാക്കിയാൽ നന്നാവും. തരികിട ഒപ്പിക്കുമ്പോൾ അതു മറ്റുള്ളവർ അറിയാതിരിക്കാനെങ്കിലും മിനിമം ശ്രദ്ധിക്കണ്ടേ..?
ഇത്തവണത്തെ വിജയിക്ക് അവാർഡുതുക കൊടുക്കാനുള്ള ഉദ്ദേശം കമ്മിറ്റിക്കില്ല. 25000 രൂപ കുളനടയ്ക്ക് കൊടുക്കുന്നതായി ഒരു പ്രഖ്യാപനം മാത്രം നടത്തി റണ്ണറപ്പിനെ ഇളിച്ചുകാട്ടി മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന ഏർപ്പാടണ് ഇപ്പോൾ നടക്കുന്നത്, ഇതു നല്ലതല്ലെന്നു മാത്രം പറയുന്നു. സത്യസന്ധമായാണ് തെരഞ്ഞെടുപ്പു നടന്നതെങ്കിൽ ബ്ലോഗർ ജയൻ ദാമോദരൻ വിജയിയാവുമായിരുന്നു എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു. ജോയ് കുളനടയ്ക്ക് കിട്ടിയ വോട്ടുകൾ സംഘടകർ സമ്മാനിച്ചതാണ്. അതിനു വേണ്ടി മാത്രം നടന്ന പ്രഹസന വോട്ടെടുപ്പാണിത്. ബൂലോകത്ത് ഒരു പ്രശസ്തിയുമില്ലാത്ത ഒരാൾ മറ്റുള്ളവർക്ക് എത്തിപ്പിടിക്കാൻ പറ്റത്തത്ര ഉയരത്തിൽ വോട്ടിങ്ങിന്റെ തുടക്കത്തിൽത്തന്നെ വോട്ടു നേടിയതിൽ നിന്ന് ഇത് വ്യക്തമാണ്.
കഴിഞ്ഞ വർഷത്തെ സൂപ്പർ ബ്ലോഗർ അവാർഡിന് പ്രഖ്യാപിച്ച സമ്മാനത്തുക നിരക്ഷരന് എപ്പോഴാണു കൈമാറിയെതെന്നും അതു ഇപ്പോഴെങ്കിലും കൈമാറേണ്ടിവന്നതെങ്ങനെയെന്നും അവാർഡുകമ്മിറ്റി വെളിപ്പെടുത്തുന്നതു നന്നായിരിക്കും. എന്റെ അറിവിൽ കഴിഞ്ഞമാസമാണ് (ഡിസംബറിൽ) അതു കൈമാറുന്നത്. അതും കൊടുത്തില്ലേൽ നാണക്കേടാവും എന്നുള്ള അവസ്ഥ വന്നപ്പോൾ! ഈവർഷം സൂപ്പർ ബ്ലോഗർ അവാർഡുനേടിയ ജോയ് കുളനടയ്ക്ക് ഈ പ്രഖ്യാപനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും പറയാൻ എനിക്കു മടിയില്ല. ഒന്നുകൂടി വ്യക്തമക്കിയാൽ ജോയ് കുളനടയും കൂടി തീരുമനിച്ചുറപ്പിച്ച ഒരു നാടകമായിരുന്നു ഈ തെരഞ്ഞെടുപ്പ്. കുളനടയുടെ ചിത്രം പത്രത്തിൽ വരുന്നതുകൊണ്ട് അദ്ദേഹത്തിനും റണ്ണറപ്പിന് അതു നോക്കിയും സായൂജ്യമടയാം. വോട്ടുചെയ്തു മണ്ടന്മാരും മണ്ടികളുമായ ഞാനടക്കമുള്ള ബ്ലോഗർമരും അല്ലാത്തവരും എന്തു നോക്കി സായൂജ്യമടയുമെന്നാ എന്റെ കൺഫ്യൂഷൻ...



