Sunday

വഞ്ചിക്കപ്പെട്ട ഫലസ്തീൻ


(കൈരളിനെറ്റ് മാഗസിൻ, ഫെബ്രുവരി)

  മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു സമൂഹത്തെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിശേഷിപ്പിച്ച് ഉന്മൂലനാശം വരുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സയണിസ്റ്റുകളുടെയും അവരുടെ കൊലവെറിയെ നാലുകൈകൊണ്ടും ഉന്തിവിടുന്ന അമേരിക്കൻ മേലാളത്വത്തിന്റെയും സമകാലിക ചെയ്തികൾ ലോകത്തെ എല്ലാ വിഭാഗങ്ങൾക്കും പച്ചവെള്ളം പോലെ മനഃപാഠമായിരിക്കെ ഈ യഥാർത്ഥ ഭീകരതയ്ക്കെതിരേ പ്രതികരിക്കാതെ പഞ്ചപുച്ഛമടക്കി നിലകൊള്ളുന്ന മൂടുതാങ്ങി രാഷ്ട്രങ്ങളുടെ നിലപാട് അപലപനീയമാണ്. നാളെ തങ്ങൾക്കും വരാനിരിക്കുന്ന അനുഭവങ്ങളായിരിക്കും ഇതെന്ന് ഇവർ ഓർക്കുക. അറബികളും ഇസ്രായേല്യരും തമ്മിലുള്ള കേവലം കുടുംബവഴക്കുപോലെ ഫലസ്തീനിലെ സിയോണിസ്റ്റ് അധിനിവേശം നിസ്സാരവൽകരിച്ചു കാണുന്ന രാഷ്ട്രങ്ങളിൽ ചില പ്രമുഖ അറബിരാഷ്ട്രങ്ങളെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ളതു വസ്തുതയാണ്.

 ക്രമേണ  ഫലസ്തീൻ പൂർണ്ണമായി ഇല്ലാതാക്കി ആ രാജ്യത്തെ ജനങ്ങളെ അവർ പിറന്ന നാട്ടിൽ നാട്ടിൽ അടിമകളാക്കി ജൂതരാഷ്ട്രം നിർമ്മിച്ചെടുക്കാൻ ഇസ്രായേലിനു പൂർണ്ണ പിന്തുണയും സൈനിക സഹായവും ആയുധങ്ങളും നൽകുന്നത് അമേരിക്കയാണ്. എന്നിട്ടും ഭീകരവാദത്തിനെതിരേ യുദ്ധം നടത്തുന്ന മൂപ്പനായി അമേരിക്ക വാഴ്‌ത്തപ്പെടുന്നു! ഫലസ്തീനികൾക്ക് ഉറക്കെത്തുമ്മാനും മൂത്രമൊഴിക്കാനും പോലും ഇസ്രായേലിന്റെ അനുമതിയില്ലാതെ പറ്റില്ലെന്നു വരുമ്പോൾ അവർ മാതൃരാജ്യം വിടുമെന്നും അതോടെ തങ്ങൾക്കുമാത്രം അധീശത്വമുള്ള സമ്പൂർണ്ണ "വിശുദ്ധ രാജ്യം" ഉണ്ടാക്കാമെന്നും ഇസ്രായേലികൾ കണക്കുകൂട്ടുന്നു.

    നൂറ്റാണ്ടുകളോളം സ്വന്തം നാട്ടിൽ അന്യരായിക്കഴിയേണ്ടിവന്ന നമുക്ക് ഫലസ്തീനികളുടെ വിമോചന സമരത്തെ തിരിച്ചറിയാൻ സധിക്കേണ്ടതല്ലേ? നമ്മൾ നടത്തിയ സ്വാതന്ത്ര്യ പോരാട്ടങ്ങളെ തീവ്രവാദമെന്നും ഭീകരവാദമെന്നും വിളിക്കാൻ നാമിഷ്ടപ്പെടുന്നില്ല എന്നോർക്കണം. വംശീയ ഉന്മൂലനം എന്ന ലക്ഷ്യ പൂർത്തീകരണത്തിനു വേണ്ടി ഇസ്രായേൽ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന കുത്സിത പ്രവൃത്തികൾ തന്നെയാണ് ഇന്നും തുടരുന്നത്. ഫലസ്തീനിന്റെ യഥാർത്ഥ ചരിത്രം അറിഞ്ഞാൽ മാത്രമേ ഇന്നുള്ള പ്രശ്നങ്ങളുടെ വസ്തുത സത്യസന്ധമായി മനസ്സിലാക്കാനാവൂ.

    തുർക്കിയിലെ ഒട്ടോമാൻ സുൽത്താന്മാരുടെ കീഴിലുള്ള അറബിസാംരാജ്യത്തിന്റെ ഭാഗമായിരുന്നു എ. ഡി. 1500-1800 കാലഘട്ടങ്ങളിൽ ഫലസ്തീൻ പ്രദേശം. ചരിത്ര രേഖകൾ ഇതു വ്യക്തമാക്കുന്നു. ഇക്കാലഘട്ടത്തിനു ശേഷമാണ് ഫലസ്തീന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. ഒട്ടോമാൻ സുൽത്താന്റെ ജനറലായിരുന്ന മുഹമ്മദലി എന്ന ഈജിപ്ഷ്യൻ ഭരണാധികാരിയാണ് അതിനു തുടക്കം കുറിച്ചത്. 1840നു മുമ്പുതന്നെ അദ്ദേഹത്തിന്റെ മകൻ ഇബ്രാഹിം പാഷ ആധുനിക ലോകചരിത്രത്തിലെ നാഴികക്കല്ലായി ഭരണസമിതികൾ ഉണ്ടാക്കിയിരുന്നു. അക്കാലത്ത് നിലവിലുണ്ടയിരുന്ന എല്ലാ മത സമൂഹങ്ങളേയും ഏകോപിപ്പിച്ച് നിയമാധിഷ്ടിത നികുതിസംവിധാനവും അദ്ദേഹം നടപ്പിൽ വരുത്തിയിരുന്നു. തുടർന്ന് പാഷക്ക് അധികാരം നഷ്ടപ്പെടുകയും ഒട്ടോമാൻ ഭരണം നിലവിൽ വരികയും ചെയ്തു.

    ഏകദേശം ആറു ലക്ഷത്തോളം വരുന്ന അറബി സംസാരിക്കുന്ന ജനങ്ങളായിരുന്നു ഫലസ്തീനിലുണ്ടായിരുന്നത്. ഭൂരിപക്ഷം വരുന്ന മുസ്ലീംകളും ചെറിയ ഒരു വിഭാഗം കൃസ്ത്യാനികളും അതിലും വളരെക്കുറച്ച് ജൂത വിഭാഗക്കാരും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള യൂറോപ്യന്മാരും ഒട്ടോമാൻ പടയാളികളുമടങ്ങുന്നതായിരുന്നു ഫലസ്തീൻ ജനത.1800നു ശേഷം യൂറോപ്പിൽ നിന്ന് ഫലസ്തീനിലേക്ക് ജൂതക്കുടിയേറ്റത്തിന്റെ വമ്പൻ ഒഴുക്കുതന്നെയുണ്ടായി. അതിനുമുമ്പുതന്നെ ഇന്നത്തെ ടെൽ അവീവിനു സമീപം ഫലസ്തീനിലെ ആദ്യ ജൂത കോളനി സ്ഥാപിക്കപ്പെട്ടു. കാർഷിക കോളനിയെന്ന പേരിട്ടാണ് ജൂതന്മാർ ഇതിനെ വിളിച്ചിരുന്നത്. ഇങ്ങനെ കുടിയേറിയവർക്കുവേണ്ടി മൊറീസ് ഡി ഹെർസിന്റെ (ജർമ്മൻ ജൂതൻ) നേതൃത്വത്തിൽ ജെ. സി. എ. (Jewish Colonization Association) എന്ന ആദ്യ സംഘടന 1891ൽ നിലവിൽ വന്നു. ജൂതർക്കായി ഒരു വിശുദ്ധ രാജ്യം എന്നതായിരുന്നു അവരുടെ ലക്ഷ്യം. തുടർന്ന്  ജൂതർക്കായി ഫലസ്തീനിൽ സ്ഥലം കണ്ടെത്താൻ Jewish National Fund എന്ന പേരിൽ സ്വിറ്റ്സർലന്റിലെ ജൂത സംഘടന ശ്രമമാരംഭിച്ചു. തുടർന്ന് 1904നു ശേഷം കൂടുതൽ ജൂതന്മാർ ഫലസ്തീനിലേക്ക് കുടിയേറി. അപ്പോഴേക്കും ഫലസ്തീൻ ജനതയുടെ ഏഴു ശതമാനത്തോളം ജൂതന്മാരായിക്കഴിഞ്ഞിരുന്നു. തദ്ദേശീയരുമായി ഇടക്കിടെ സംഘർഷമുണ്ടാകുന്നത് ഇക്കാലത്ത് പതിവായി. 1917ൽ ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി "ജൂതന്മാർക്ക് ഒരു രാഷ്ട്രം" എന്ന വാഗ്ദാനം നല്കി.

  ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ജോർദ്ദാനും വെസ്റ്റ്ബാങ്കും ഇസ്രായേലുമുൾപ്പടെയുള്ള ഒട്ടോമാൻ സാംരാജ്യത്തിന്റെ തെക്കുഭാഗം ഫ്രാൻസിനും ബ്രിട്ടനും അധീനതയിലാക്കി. ഫലസ്തീനെ ജൂതന്മാർക്കു സമ്മാനിക്കാൻ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് സയണസ്റ്റുകളുടെ ഉറ്റതോഴനായിരുന്ന ഇംഗ്ലണ്ടിന്റെ പിൻബലത്തിൽ സയണിസ്റ്റ് കമ്മീഷൻ അംഗങ്ങൾ പാരീസ് സമ്മേളനത്തിൽ അട്ടഹസിച്ചു. അതു തങ്ങൾ വാഗ്ദത്തം ചെയ്തിരിക്കുന്നുവെന്ന് വിൻസ്റ്റൻ ചർച്ചിൽ എഴുതിയിരുന്നത് ഈ അവസരത്തിൽ ചേർത്തു വായിക്കാം. തുടർന്ന് 1923ൽ ഫലസ്തീൻ രണ്ടായി മുറിക്കപ്പെടുകയും ബ്രിട്ടീഷ് അധിനിവേശത്തിലായ ഫലസ്തീന്റെ പടിഞ്ഞാറേ അറ്റം ജൂതന്മാർക്കു കിട്ടുകയും ചെയ്തു.

   ഇക്കാലത്ത് വിദൂര രാജ്യങ്ങളിൽ നിന്നുവരെ ഫലസ്തീനിലേക്ക് ജൂതന്മാർ കുടിയേറുകയായിരുന്നു. 1922ലെ കാനേഷുമാരി കണക്കുപ്രകാരം പന്ത്രണ്ടു ശതമാനത്തിൽ താഴെയായിരുന്ന ജൂതന്മാർ ഫലസ്തീൻ പ്രദേശത്തിന്റെ അഞ്ചു ശതമാനത്തോളം കയ്യടക്കി. 1928 ആയപ്പോഴേക്കും ജനസംഖ്യയുടെ 17 ശതമാനമാനത്തോളമായി ഇതു വർദ്ധിച്ചു. പാശ്ചാത്യ ശക്തികളുടെ ഫലസ്തീൻ ഉന്മൂലന സിദ്ധാന്തം എത്രമാത്രം ലക്ഷ്യം നേടി എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ അന്യായ കുടിയേറ്റം. കൂടാതെ ഹിറ്റ്‌ലറുടെ അധികാര ആരോഹണത്തെ തുടർന്ന് ജൂതന്മാർ വേട്ടയാടപ്പെടുന്ന സന്ദർഭത്തിൽത്തന്നെ ബ്രിട്ടന്റെ പിന്തുണയോടെ ഫലസ്തീനിൽ ജൂതന്മാർ നരനായാട്ടു നടത്തുന്നുണ്ടായിരുന്നു. ഇതേ കാലയളവിൽ യൂറോപ്പിൽ നിന്ന് ഫലസ്തീനിലേക്ക് ജൂതന്മാരുടെ വലിയ പ്രവാഹം തന്നെയുണ്ടായി.

  ഈ സാഹചര്യത്തിലാണ് ഫലസ്തീൻ സ്വാതന്ത്ര്യ സംഘടനയായ 'ഹിസ്ബുൽ ഇസ്തിക്‌ലാൽ' രൂപം കൊണ്ടത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അനുകരിച്ച് പലസ്തീൻ പോരാളികൾ നടത്തിവന്നിരുന്ന സമരങ്ങൾ ഭീകര പ്രവർത്തനങ്ങളായാണ് ഇപ്പോൾ വിവക്ഷിക്കപെടുന്നത്. 1932ൽ നിലവിൽ വന്ന ഈ സംഘടന ആദ്യകാലത്ത് പൂർണ്ണമായും ഗാന്ധിയൻ സമരമുറകളാണ് ബ്രിട്ടനെതിരേ സ്വീകരിച്ചതെന്ന് എടുത്തു പറയേണ്ടതുണ്ട്. ക്രമേണ ആയുധമെടുക്കേണ്ട അവസ്ഥയിലെത്തിച്ചതിന് കാരണക്കാർ അധിനിവേശ ശക്തികളല്ലാതെ മറ്റാരുമല്ല. ബ്രിട്ടനെ നാടുകടത്തുന്നതിന്റെയും ചെറുത്തു നിൽപ്പിന്റെയും ഭാഗമായി ഫലസ്തീനികൾ സായുധ സമരങ്ങളിലേക്കു കടന്നതോടെ സയണിസ്റ്റ് തീവ്രവാദ സംഘത്തിന്റെ ആക്രമണങ്ങൾ വന്യമായി മാറി. നൂറുകണക്കിന് ഫലസ്തീനികൾക്ക് ജീവഹാനി സംഭവിച്ചപ്പോൾ ജൂത ഭീകരരെ നേരിടാൻ കുഴി ബോംബുകൾ സ്ഥാപിക്കുകയും വിവിധ വിമോചന സംഘടനകൾക്ക് അവർ രൂപം കൊടുക്കുകയും ചെയ്തു. അതോടെ ഫലസ്തീൻ വിമോചന സമര നേതാക്കളെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്തു. തുടർന്ന് 1937ലെ പീൽ കമ്മീഷൻ ഫലസ്തീൻ പ്രദേശത്തിന്റെ 33 ശതമാനം ജൂതരാഷ്ട്രമുണ്ടാക്കാനും പ്രദേശത്തുനിന്ന് ഫലസ്തീനികളെ ഒഴിവാക്കാനും ബ്രിട്ടനോട് നിർദ്ദേശം വച്ചു. 1942 ആയപ്പോഴേക്കും പലസ്തീനികളുടെ പ്രതിരോധ ശേഷിയെ ദുർബ്ബലപ്പെടുത്തി മുഴുവൻ ഫലസ്തീൻ പ്രദേശവും ജൂരാഷ്ട്രമാക്കുന്നതിനു വേണ്ടി ഇസ്രായേൽ യുദ്ധസന്നദ്ധമാകുകയായിരുന്നു.

   1949 ആകുമ്പോഴേക്കും ഫലസ്തീനു സ്വാതന്ത്യം കൊടുക്കാമെന്നും അതുവരെ വർഷംതോറും 15000 ജൂതന്മാരെ ഫലസ്തീനിലേക്ക് പ്രവേശിപ്പിക്കണമെന്നും പ്രസ്താവിച്ച് ബ്രിട്ടൻ പുറത്തിറക്കിയ ധവളപത്രത്തിൽ ലോകത്തെ അറിയിച്ചു. പിന്നീട്  കുടിയേറ്റ കാലാവധി ബ്രിട്ടൻ തന്ത്രപൂർവ്വം വർദ്ധിപ്പിച്ചു. ഇതിനിടയിൽ പ്രശ്നത്തിലിടപെടാൻ ഐക്യരാഷ്ട്രസഭയെ ബ്രിട്ടൻ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് 1947 നവംബർ 27ന് ഫലസ്തീനെ വിഭജിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ക്രിസ്തീയ രാജ്യങ്ങളുടെ സമ്മർദ്ദ ഫലമായി ജറുസലേമിനെ സ്വതന്ത്രമാക്കി നിർത്തി ഫലസ്തീന്റെ 56 ശതമാനം ഭൂമി ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ജൂതസമൂഹത്തിനു കൈമാറാനാണു തീരുമാനമായത്. തുടർന്ന് കൈവശക്കാർക്ക് പ്രദേശങ്ങളിൽ സ്വാതന്ത്ര്യം നൽകി നാടുവിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഭീകര കലാപങ്ങൾക്കുള്ള തുടക്കമായി മാറി. വർഗ്ഗീയ വിഷം കുത്തിവച്ച വിഭാഗീയത സൃഷ്ടിച്ച് ഇന്ത്യവിട്ടുപോയ ബ്രിട്ടന്റെ അതേ നിലപാടുതന്നെയാണ് ഫലസ്തീനിലും കൈക്കൊണ്ടത്. ഇന്ത്യയിൽ നാമിന്നനുഭവിക്കുന്ന ദുരിതങ്ങളുടെ ഉദ്ഭവം ബ്രിട്ടൻ ഇന്ത്യയിൽ കൈക്കൊണ്ട തന്ത്രപരമായ വിത്തെറിയലായിരുന്നുവെന്ന് കുട്ടികൾക്കു പോലും അറിയവുന്നതാണല്ലോ.

   ജൂതന്മാർ പട്ടാള റിക്രൂട്ട്മെന്റ് ആരംഭിച്ചതോടെ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി ട്രൂമാന്റെ പരസ്യ പിന്തുണയോടെ അറബ് മുസ്ലിങ്ങളെ വ്യാപകമായി കശാപ്പു ചെയ്യാൻ തുടങ്ങി. അതോടെ നാടുകടത്തപ്പെട്ടിരുന്ന ഫലസ്തീൻ നേതാവ് അബ്ദുൽ ഖാദിർ അൽ ഹുസൈനി മടങ്ങിയെത്തുകയും ഫലസ്തീൻ വിമോചനപ്പോരാട്ടങ്ങൾക്ക്  നേതൃത്വം കൊടുക്കുകയും ചെയ്തു. തുടർന്നു നടന്ന യുദ്ധത്തിൽ ഏതാണ്ട് മൂന്നുലക്ഷം അറബികളാണ് പലസ്തീനിൽ നിന്നും തുടച്ചു നീക്കപ്പെട്ടത്. ജൂതന്മാർക്ക് യൂറൊപ്യൻ രാജ്യങ്ങളുടെ സഹായം ലഭ്യമായിരുന്നു.

 1948 മെയ് പതിനഞ്ചിന് ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നപ്പോൾ അത് ആദ്യം അംഗീകരിച്ചത് അമേരിക്കയാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. തുടർന്നാണ് ഒന്നാം അറബ് - ഇസ്രായേൽ യുദ്ധം ആരംഭിക്കുന്നത്. പലസ്തീന്റെ അനുമതിയില്ലാതെ പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെ അറബ് സമൂഹം ഒന്നടങ്കം എതിർത്തു. തങ്ങൾ ന്യൂനപക്ഷമാണെന്നു വ്യക്തമായി ബോധ്യമുള്ള ഇസ്രായേല്യർ ആസൂത്രിതമായി ഫലസ്തീനിൽ വംശഹത്യ നടത്തിത്തുടങ്ങി. 

   തൽഫലമായി ബഹുഭൂരിപക്ഷം വരുന്ന ഫലസ്തീനികൾക്ക് തങ്ങളുടെ വാസസ്ഥലം നഷ്ടമായി സ്വന്തം മണ്ണിൽ അഭയാർത്ഥികളായി.  ഇടതടവില്ലാത്ത ഇസ്രായേൽ അതിക്രമങ്ങൾ തടയിടാൻ ഇതര വിഭാഗങ്ങളിൽ സായുധസംഘങ്ങളുടെ പിറവിക്കു ജന്മം നൽകി. തുടർന്ന് 1953ൽ ഒരു പൊതു പാർട്ടി എന്നതിനെക്കുറിച്ച് ആലോചിക്കുകയും തൊട്ടടുത്ത വർഷം  തന്നെ "ഫത്താ പാർട്ടി" നിലവിൽ വരികയും ചെയ്തു. പിന്നീട് സായുധ പോരാട്ടം കൊണ്ടുമാത്രമേ തങ്ങൾക്കു നിലനിൽപ്പുള്ളൂവെന്ന തിരിച്ചറിവിൽ ഫലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷൻ (PLO) ജന്മമെടുത്തു. ഫലസ്തീനികൾ ഭീകരന്മാരാണെന്നു വിളിച്ചു പറയുന്നവർ അവരുടെ ഇന്നത്തെ അവസ്ഥ എങ്ങനെയുണ്ടായി എന്നതു കൂടെ ഒന്നു പഠിക്കുന്നതു നല്ലതാണ്.

   ഇസ്രായേൽ - ഫലസ്തീൻ സംഘർഷത്തിൽ ഇരു ഭാഗത്തുനിന്നും ഉപയോഗിക്കപ്പെടുന്ന ആയുധങ്ങളും ഇരു ഭാഗത്തുമുള്ള നാശനഷ്ടങ്ങളും കണക്കാക്കിയാൽ നാം അത്ഭുതപ്പെടും. അത്യന്താധുനിക ആയുധങ്ങളുപയോഗിച്ച് യാതൊരു തത്വദീക്ഷയുമില്ലാതെ ഫലസ്തീൻ ജനത കൂട്ടമായി നശിപ്പിക്കപ്പെടുന്നത് നമുക്ക് കാണാനാകും. ജൂത കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽത്തന്നെ അവർ ലക്ഷ്യം വച്ചിരുന്ന ഫലസ്തീൻ ഉന്മൂലനം അക്ഷരാർത്ഥത്തിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നു. പിഞ്ചു കുട്ടികളേയും സ്ത്രീകളേയും കൂട്ടമായി നശിപ്പിക്കുന്നത് അതുകൊണ്ടാണ്. പലസ്തീനിൽ ഇനിയൊരു തലമുറ ഉണ്ടായ്‌വരാൻ അവർ അനുവദിക്കില്ല. അതാണ് വെടി നിർത്തൽ പ്രഖ്യാപനത്തിനു ശേഷവും അവർ കാരണമില്ലാതെ അതിക്രമങ്ങൾ കാട്ടുന്നത്.

  ലോകം കണ്ടതിൽ വച്ച് ഏറ്റവും കിരാതമായ ഭരണമാണ് ഇസ്രായേൽനടത്തുന്നത്. ഫലസ്തീനികൾക്കിന്ന് സ്വന്തം മണ്ണിലൂടെ സഞ്ചരിക്കണമെങ്കിൽ ഇസ്രായേലിന്റെ അനുമതി വേണം. ഛിന്നഭിന്നമാക്കപ്പെട്ട ഫലസ്തീൻ ജനതക്ക് പരസ്പരം ബന്ധപ്പെടാൻ ഇസ്രായേലിന്റെ അവഹേളനങ്ങൾ ഏറെ സഹിക്കേണ്ടതുണ്ട്. വസ്ത്രാക്ഷേപ പരിശോധനകൾ ഉൾപ്പടെ സകല മനുഷ്യാവകാശ ധ്വംസനങ്ങൾക്കും അവർ ദിനേന ഇരയാക്കപ്പെടുന്നു. ദിവസത്തിൽ ഏതാനും മിനിട്ടുമാത്രം തുറന്നിരിക്കുന്ന ചെക്ക് പോയിന്റുകൾ കടന്നുവേണം സ്കൂൾ, ആശുപത്രി, തൊഴിൽ, കൃഷി തുടങ്ങി എന്തിനും ഏതിനും സഞ്ചരിക്കേണ്ടത്. അല്പസമയം വൈകിയാൽ എല്ലാം അന്ന് ഉപേക്ഷിക്കേണ്ടിവരും. അധിനിവേശം നടത്തിയവർ അവിടെ സ്ഥിരതാമസം പാടില്ല എന്ന ജനീവ കരാറിന്റെ പച്ചയായ ലംഘനമാണ് ഫലസ്തീനിൽ നടക്കുന്നത്. ജൂതർർക്കുമാത്രം സഞ്ചരിക്കാനുള്ള നിരത്തുകളിൽ ഒരു ചെക്ക്പോയിന്റുകളും കാണാനാവില്ല.

  "വൈകാതെ ഒരു പൂര്‍ണ ഫലസ്‌തീന്‍ രാഷ്‌ട്രമായി മാറാവുന്നവിധത്തില്‍ ഫലസ്‌തീന്‍ അതോറിറ്റി രൂപീകരിക്കുക.  ഈ അതോറിറ്റിക്ക്‌ ക്രമേണ വെസ്റ്റ്‌ബാങ്കിന്റെ പൂർണ്ണ നിയന്ത്രണം കൈമാറുക. വെസ്റ്റ്‌ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രങ്ങൾ ഒഴിവാക്കുക. ജറുസലേമിന്റെ പദവിയും അഭയാര്‍ഥികള്‍ക്ക്‌ തിരിച്ചുവരാനുള്ള അവകാശവും തുടർന്നുള്ള ചർച്ചകളിൽ ഉൾപ്പെടുത്തുക" എന്നിങ്ങനെ യാസർ അരഫാത്തുമായി നടത്തിയ ഓസ്‌ലോ ഒത്തുതീർപ്പിനു നേർ വിപരീദമായി ഫലസ്തീൻ രാഷ്ട്രത്തെ നിഷേധിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഇസ്രായേൽ കൈക്കൊള്ളുന്നത്. 

  ഫലസ്തീനെ മൂന്നുകഷണങ്ങളാക്കാനുള്ള പദ്ധതിയാണ് ഇസ്രായേലിന്റെ അജണ്ട. വെസ്റ്റ്ബാങ്കിന്റെ അമ്പത്തഞ്ചു ശതമാനം ചുറ്റി മതിൽ നിർമ്മിക്കുക എന്നതാണ് അതിൽ ഒന്ന്. ബാക്കിവരുന്ന 45ശതമാനം കൈവശപ്പെടുത്തി അതിൽ നിന്ന് പന്ത്രണ്ടു ശതമാനം മാത്രം പൂർണ്ണമായി ഇസ്രായേൽ പട്ടാളനിയന്ത്രണത്തിലുള്ള പലസ്തീൻ പ്രദേശമാക്കുക. ഇതിനാണ് അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും ഓശാനപാടുന്നത്. 

   മേൽപ്പറഞ്ഞ വസ്തുതകൾ നിക്ഷ്പക്ഷ വിശകലനത്തിനു വിധേയമാക്കി, ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനത്തിനു തടയിടുന്നതിനും മേഖലയിൽ സമാധാനം പുലരുന്നതിനും ലോക ശ്രദ്ധ തിരിയണം. അതിനായി അടിയന്തിരമായി ശബ്ദിക്കുകയും പ്രയത്നിക്കുകയും ചെയ്യേണ്ടതുണ്ട്.


അഫ്സലിന്റെ വിധി...?


 (തീവ്രവാദത്തെ കച്ചവടം ചെയ്യുന്നവർ ഭാഗം  5)

  ഒന്നുകിൽ പരിവാരത്തിന്, അല്ലെങ്കിൽ ഭരണകൂടത്തിന്...  രണ്ടുകൂട്ടർക്കും ക്ഷീണം തട്ടുമ്പോഴാണ് ഇന്ത്യയിൽ തീവ്രവാദ-ഭീകരവാദ പ്രവർത്തനങ്ങൾ അരങ്ങേറിയിട്ടുള്ളത്. മുൻകാല ഭീകരവാദ പ്രവർത്തനങ്ങളുടെ യഥാർത്ഥ വസ്തുതകൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അത് ഏവർക്കും സുവ്യക്തവുമാണ്. ആസന്നമായ തെരഞ്ഞെടുപ്പും അതിനു മുമ്പുള്ള മുഖം മിനുക്കലുമാണ് ഇപ്പോൾ ധൃതി പിടിച്ചു നടത്തുന്ന വധശിക്ഷ നടപ്പാക്കലുകൾ. അവയാകട്ടെ നാലാളെ അറിയിച്ചു നടത്താനുള്ള അണ്ടിയുറപ്പില്ലാതെയാണുതാനും.

   ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷിതത്വത്തിനും മതേതരത്ത്വത്തിനും തുരങ്കം വക്കുന്ന ഭീകരവാദികളെ അവരുടെ "യോഗ്യത"യനുസരിച്ചു ശിക്ഷിക്കുക തന്നെ വേണം. പക്ഷേ അത്തരക്കാർക്ക് അർഹമായ ശിക്ഷതന്നെയാണു ലഭിച്ചിട്ടുള്ളതെന്ന് സ്വന്തം രാജ്യത്തെ പൗരന്മാരെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടം കാണിക്കണം. കുറ്റാരോപിതർ ആരായാലും അവർക്കു പറയാനുള്ള വസ്തുതകൾ കൂടി കേൾക്കാൻ തീതിപീഠം തയ്യാറാവേണ്ടതുണ്ട്. നീതിപൂർവ്വമായിരിക്കണം വിചാരണകൾ നടക്കേണ്ടത്. നിർഭാഗ്യവശാൽ നീതിവൂർവ്വം നടക്കുന്ന വിചാരണകൾ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു.

  ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങൾക്ക് ഉത്തരമായാണ് അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്. നന്ദിതാ ഹക്സറും അരുന്ധതിറോയിയുമുൾപ്പെടുന്ന എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന, രാജ്യത്തെ പക്ഷഭേദമില്ലാത്ത ചിതാഗതിക്കാരായ ബഹുഭൂരിപക്ഷവും ഒപ്പം ചോദിക്കുന്ന ചോദ്യങ്ങളെയും അഫ്സലിനൊപ്പം കുഴിച്ചുമൂടിയിരിക്കുന്നു. ശവപ്പെട്ടി അഴിമതി കൊടുമ്പിരികൊണ്ടു ബി.ജെ.പി. സർക്കാരിന്റെ മുഖം നഷ്ടപ്പെട്ടു നിൽക്കുമ്പോൾ നടന്ന ഒരു ഭീകരാക്രമണം എന്ന നിലയിൽ ആ വഴിക്ക് ഒരന്വേഷണം നടത്താൻ ഇന്ത്യയിൽ സത്യസന്ധമായ ഒരേജൻസിയില്ലാതെ പോയി.

  ദവീന്ദർ സിംഗെന്ന  പട്ടാള മേധാവി മുഹമ്മദ് യാസീനെ ദില്ലിയിലെത്തിക്കാൻ പോലീസിന്റെ ഇൻഫോർമറായിരുന്ന അഫ്സൽ ഗുരുവിനെത്തന്നെ ചുമതലപ്പെടുത്തിയതെന്തിനെന്നും ആരൊക്കെയാണ് അതിനു പിന്നിൽ പ്രവർത്തിച്ചതെന്നും അത് എന്തിനു വേണ്ടിയായിരുന്നെന്നും ഒരു ഏജൻസിയും അന്വേഷിക്കുകയോ കോടതിയിൽ വിചാരണക്കായി വരികയോ ചെയ്തിട്ടില്ല. 2001 ഡിസംബർ 13നാണ് പാർലിമെന്റ് ആക്രമണം നടക്കുന്നത്. ഡിസംബർ 12ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി അടുത്തുതന്നെ ഒരു പാർലിമെന്റ് ആക്രമണം നടക്കാൻ സാധ്യതയുള്ളതായി സൂചന  നൽകിയിരുന്നു. അതനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടും തീവ്രവാദികളുടെ കാർ എങ്ങനെ പാർലിമെന്റ് സമുച്ചയത്തിൽ കടന്നു എന്നതിൽ നിന്നും അതിനു മുമ്പു നടന്ന വാജ്പേയിയുടെ സൂചനയിൽ നിന്നും ഏകദേശം എല്ലാം വായിച്ചെടുക്കാവുന്നതേയുള്ളൂ.

   ക്ലോസ്ഡ് സർക്യൂട്ട് ടിവിയിൽ റിക്കാർഡു ചെയ്യപ്പെട്ടിരുന്ന ആറു ഭീകരരിൽ ഒരാൾ അപ്രത്യക്ഷമായതെങ്ങനെയെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ വിചാരണ വേളയിൽ പരിശോധനക്കു വന്നിട്ടേയില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നുവന്നപ്പോൾത്തന്നെ പാർലിമെന്റു പിരിഞ്ഞ കഥ എല്ലാർക്കും അറിയാവുന്നതാണ്. പ്രൊഫസർ ഗീലാനിയിൽ നിന്നാണ് അഫ്സൽ ഗുരുവിൽ എത്തിച്ചേർന്നതെന്നു പറയുമ്പോഴും ഗീലാനിയെ പിടിക്കുന്നതിനു മുമ്പുതന്നെ അഫ്സലിനെ കുടുക്കാൻ ശ്രമം തുടങ്ങിയതായി തെളിഞ്ഞിട്ടുള്ളതാണ്. ജമ്മുകാശ്മീർ സ്പെഷൽ ടാക്ഫോഴ്സുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന എപ്പോഴും അവരുടെ നിരീക്ഷണത്തിലായിരുന്ന അഫ്സൽ എങ്ങനെയാണ് പാർലിമെന്റ് ആക്രമണം പോലെയുള്ള ഒരു ഭീകര പ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്നത്, അല്ലെങ്കിൽ അങ്ങനെയുള്ള ഒരാളെ പ്രസ്തുത ദൗത്യം ഏൽപ്പിക്കാൻ ഭീകര സംഘടനകൾ മുതിരുമോ എന്നൊന്നും ചോദിക്കരുത്. കേരളാ പോലീസിന്റെ കാവലുണ്ടായിരുന്ന മദനിക്ക് അവരുടെ കണ്ണു വെട്ടിച്ച് കുടകിലെത്തി തിരിച്ചു പോരാമെങ്കിൽ ഇതും സംഭവിച്ചിരിക്കാമെന്നുതന്നെ നമുക്കു കരുതാം.

  ജമ്മുകാശ്മീർ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മുഹമ്മദ് യാസീൻ എങ്ങനെ പാർലിമെന്റ് ആക്രമണത്തിൽ പങ്കാളിയായി അന്വേഷണത്തിനു വിധേയമാക്കാത്തിടത്തോളം അഫ്സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയത് ഒട്ടും ശരിയായില്ല. അത് അന്വേഷണത്തിനു വിധേയമാക്കിയിരുന്നെങ്കിൽ അഫ്സലിനു പകരം മറ്റു പലരേയും തൂക്കിക്കൊല്ലേണ്ടി വന്നേനെ. നേരത്തേ എഴുതിയപോലെ പാർലിമെന്റ് ആക്രമണത്തിൽ പങ്കെടുത്ത അഞ്ചുപേരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാത്തത് ഒരുപക്ഷേ ഇതൊക്കെക്കൊണ്ടാവാം.

  നീതി പൂർവ്വമായ ഒരു വിചാരണ അഫ്സലിനു ലഭ്യമായില്ലെന്നു വ്യക്തമാണ്. കേസു വാദിക്കാൻ കോടതിതന്നെ ചുമതലപ്പെടുത്തി നൽകിയ അഭിഭാഷകർ അദ്ദേഹത്തോട് ഒന്നും അന്വേഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവരെ നീക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പകരം സംഘപരിവാര പക്ഷക്കാരനായ, തീരെ കോടതി പരിജ്ഞാനമില്ലാത്ത നിരാജ് ബെൻസലിനെത്തന്നെ ചുമതലപ്പെടുത്തിക്കൊടുത്തു. പ്രോസിക്യൂഷൻ സാക്ഷികളിലൊരാളെയും ക്രോസ് വിസ്താരം നടത്താതെ ഡൽഹിപോലീസിന്റെ പതിവു തിരക്കഥക്ക് അടിയൊപ്പു ചാർത്തിക്കൊടുക്കുകയാണ് ബെൻസൽ ചെയ്തത്. മുഹമ്മദ് യാസീനെ ഡില്ലിയിലെത്തിച്ചു എന്ന സമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അഫ്സലിനു വധശിക്ഷ നടപ്പിലായിരിക്കുന്നത്. മറ്റു തെളിവുകളൊന്നുമില്ലെങ്കിലും പോലീസ് പറയുന്നതു സംഭവിച്ചിരിക്കാനാണു "സാധ്യത"യെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

 മുഹമ്മദ് യാസീൻ ദില്ലിയിലെത്തിയ കഥ വെളിപ്പെടാതെ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ഒരുതരത്തിലും ശരിയായില്ല. അതു വെളിപ്പെടുന്നതിന്നായി ശരിയായ ഒരന്വേഷണം സമീപഭാവിയിൽ പ്രതീക്ഷിക്കുന്നുമില്ല.

(ഭാഗം 4 ഇവിടെ)

ഒരിക്കൽക്കൂടി സ്വാഗതം


  2007ലാണ് ആദ്യമായി ഒരു കമ്പ്യൂട്ടറിൽ കൈ വെക്കുന്നത്. ഇന്റെർനെറ്റ് എന്ന് വല്ലാത്ത നെറ്റ് ഉപയോഗിച്ചു തുടങ്ങിയതും അന്നാണ്. തുടർന്ന് എന്റെ സുഹൃത്തിന്റെ സഹായത്താൽ ബ്ലോഗുകളും വായിക്കാൻ തുടങ്ങി. ബെർളിതോമസിന്റെ പോസ്റ്റുകളാണ് ആദ്യം വായിച്ചത്. തുടർന്ന് സമകാല ബ്ലോഗർമാരുടെ പോസ്റ്റുകളും യഥേഷ്ടം വായിച്ചു തുടങ്ങി.

  രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് ബ്ലോഗ് എന്ന സംഗതി ആർക്കും തുടങ്ങാൻ പറ്റുന്ന വളരെ സാധ്യതയുള്ള മാധ്യമമാണെന്നതു മനസ്സിലായത്. തുടർന്നുള്ള സംഗതികൾ ഇവിടെ എഴുതിയിട്ടുള്ളതിനാൽ വിശദീകരിക്കുന്നില്ല. ഇതുവരെയുള്ള ബൂലോക സഞ്ചാരത്തിൽ അനുഭവസമ്പന്നമായ ഒരു ഭൂതകാലമാണ് എനിക്കു കിട്ടിയതെന്ന് പറയാതെ വയ്യ. ബൂലോകത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ള ബ്ലോഗർ ഞാനായിരിക്കും. ഞാനതിൽ അളവറ്റ് സന്തോഷിക്കുന്നു.

  ഇക്കാലത്തിനിടക്ക് നിരവധി ബ്ലോഗേഴ്സ് മീറ്റുകളിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആദ്യമായി തൊടുപുഴയിലും കഴിഞ്ഞ വർഷം കണ്ണൂരിലും നടന്ന രണ്ടു മീറ്റുകളിലൊഴികെ കേരളത്തിൽ നടന്ന എല്ലാ മീറ്റുകളിലും എനിക്കു പങ്കെടുക്കാൻ കഴിഞ്ഞു. ബ്ലോഗ് സൗഹൃദങ്ങളിലെ ആത്മാർത്ഥതയും ബ്ലോഗർമാരുമായുള്ള ചങ്ങാത്തവുമാണ് 2011 ഏപ്രിൽ 17ന് തിരൂർ തുഞ്ചൻ പറമ്പിലെ മീറ്റു സംഘടിപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചത്. മീറ്റുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ സൈബർ ലോകത്തുനിന്നും പുറത്തുനിന്നും പങ്കെടുത്ത ആ മീറ്റിൽ   ഡോ. ആർ.കെ. തിരൂർ, നന്ദു, ഡോ. ജയൻ ഏവൂർ, ഷെരീഫ് കൊട്ടാരക്കര തുടങ്ങിയ നല്ലൊരു നിരയുടെ നേതൃത്വവും കൂടെയുണ്ടായിരുന്നു. ശിൽപ്പശാലകളും ഇതര പരിപാടികളും നിറഞ്ഞു നിന്ന ആ മീറ്റിൽ എന്റെ അറിവിൽത്തന്നെ 60നു മുകളിൽ പുതിയ ബ്ലോഗർമാരുണ്ടായി എന്നത് അഭിമാനിക്കാവുന്നതാണ്. കൂട്ടത്തിൽ സൂഫിയുടെ കഥാകാരനും ബൂലോകത്തേക്കു കടന്നുവന്നു.

                                ബ്ലോഗർ നന്ദുവിന്റെ സംഭാവനകളിലൊന്ന്

  ആദ്യമായി അച്ചടി-ദൃശ്യമീഡിയകളെ സ്വാഗതം ചെയ്ത ആ മീറ്റിന്റെ ബാക്കിയായി നിരവധിപേർക്ക് അച്ചടിമേഖലയുടെ ഭാഗമാകാനും കഴിഞ്ഞു. ബ്ലോഗുകളെ ഒരു നാലാംകിട മാധ്യമമായി കണ്ടിരുന്ന ഭൂലോകത്തെ ചില പ്രസാധകർ ബ്ലോഗിലെ എഴുത്തുകാരെ തങ്ങളുടെ ഭാഗമാക്കുന്നതും ഭൂലോകത്തു വിരാചിച്ചിരുന്ന ചിലരെങ്കിലും ബൂലോകത്തേക്ക് കടന്നുവരുന്നതും നമുക്ക് കാണാൻ കഴിഞ്ഞു. എല്ലാം ആ മീറ്റിന്റെ ഫലമാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും നിലവിലുള്ള സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒരോളമുണ്ടാക്കാൻ ആ മീറ്റിനു കഴിഞ്ഞു എന്നതിൽ രണ്ടുപക്ഷമില്ല. ആ മീറ്റിൽ പങ്കെടുത്തും മനസ്സുകൊണ്ടു പിന്തുണ നൽകിയും മീറ്റിനെ വിജയിപ്പിച്ച ബൂലോകസുഹൃത്തുക്കൾക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു. 

  ഈ വരുന്ന ഏപ്രിൽ 21ന് തുഞ്ചൻപറമ്പിൽ ഒരിക്കൽക്കൂടി ഒരുമിച്ചുകൂടാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ മീറ്റിൽ നിന്നു വ്യത്യസ്ഥമായി ഇത്തവണ ബ്ലോഗർമാർ മാത്രമാണ് ഒരുമിച്ചുകൂടാൻ തീരുമാനിച്ചിരിക്കുന്നത്. നമുക്ക് പരിചയപ്പെടാനും പരിചയം പുതുക്കാനും നമ്മുടെ കലാവാസനകൾ പങ്കുവെക്കാനും യഥേഷ്ടം സമയമുണ്ടാവും. തുഞ്ചൻ പറമ്പിലെ ഈ രണ്ടാം ബ്ലോഗർസംഗമം എല്ലാം കൊണ്ടും ബൂലോകർക്ക് നല്ലൊരനുഭവവും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരേടുമായിരിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏവരേയും തുഞ്ചൻപറമ്പിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

  ഇനിയും വരവറിയിക്കാത്ത സുഹൃത്തുക്കൾ മീറ്റ്ബ്ലോഗിൽ തങ്ങളുടെ ബ്ലോഗ്പ്രൊഫൈലിൽ നിന്ന് സംഗമത്തിൽ പങ്കെടുക്കുന്ന വിവരം രേഖപ്പെടുത്തുമല്ലോ. ബൂലോകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ അത് അത്യാവശ്യമാണ്. സംഗമത്തിന്റെ ലോഗോ ബ്ലോഗിൽ പ്രദർശിപ്പിച്ചാൽ ആ ലോഗോയിൽ ക്ലിക്കി മറ്റുള്ളവർക്ക് മീറ്റ്ബ്ലോഗിലേക്ക് എളുപ്പത്തിലെത്തിച്ചേരാൻ കഴിയും. ബ്ലോഗർസംഗത്തിന്റെ വിവരമറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് നിങ്ങളുടെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചാൽ നിങ്ങളുടെ വായനക്കാരായ ബ്ലോഗർമാരെയും  ഈ വിശേഷം അറിയിക്കാൻ സാധിക്കും.  ഏപ്രിൽ 21നു നടക്കുന്ന ഈ സംഗമത്തിൽ പല അത്ഭുതങ്ങളും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മീറ്റ്ബ്ലോഗിൽ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്. ചർച്ചകൾക്കുവേണ്ടി നിങ്ങളെ ഏവരേയും മീറ്റ്ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു

Friday

കലോത്സവങ്ങൾ സ്കൂൾതലത്തിൽ ഒതുക്കണം



   മ്പത്തിമൂന്നാമത് സംസ്ഥാന കലോത്സവം മലപ്പുറത്ത് പൊടിപൊടിക്കുകയാണ്. നഗരത്തിനകത്തും പുറത്തുമായി പതിനേഴോളം വേദികളിലായി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന 9000ത്തിലധിലം മത്സരാർത്ഥികൾ മത്സരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന്റെ അഞ്ചാം ദിനമാണിന്ന്. സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും മികച്ചതെന്ന് അവകാശപ്പെടുമ്പോഴും ഇത്തരം മത്സര കലോത്സവങ്ങൾ അവസാനിപ്പിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്നു പറയാതിരിക്കാൻ വയ്യ.

   1990നു മുമ്പുള്ള കാലഘട്ടത്തിൽ ഇവ കലോത്സവങ്ങളായിത്തന്നെയാണു നടന്നത്. മത്സരാർത്ഥികളും രക്ഷിതാക്കളും അധ്യാപരുമെല്ലാം ഏറ്റവും നല്ല സൗഹൃദാന്തരീക്ഷത്തിലായിരുന്നു വേദികളിൽ സമയം ചെലവഴിച്ചിരുന്നതെന്നു കാണാം. ചാനലുകളുടെ അതിപ്രസരവും റിയാലിറ്റീഷോകളുടെ ആഡംബരജാഡകളും ഇല്ലാതിരുന്ന അക്കാലത്തെ കലോത്സവങ്ങളിലും ജനപങ്കാളിത്തത്തിനു കുറവുണ്ടായിരുന്നില്ല. മാത്രമല്ല അക്കാലത്തെ സാമ്പത്തികനിലയനുസരിച്ചുതന്നെ വളരെ കുറഞ്ഞ ചെലവിൽ മത്സരങ്ങളിൽ പങ്കെടുക്കാനും സാധിച്ചിരുന്നു. സീഡികളും മൈക്രോചിപ്പുകളും അരങ്ങിൽ സ്പർശിക്കാത്ത അക്കാലത്തെ ചില വേദികളിലെങ്കിലും പിന്നണിയിൽ അല്പമെങ്കിലും പ്രവർത്തിച്ചിട്ടുള്ള എനിക്ക് ഇത് ഉറപ്പിച്ചുതന്നെ പറയാനാകും.

    പിന്നീടാണ് രക്ഷിതാക്കൾ തമ്മിലുള്ള മത്സരങ്ങൾ തുടങ്ങുന്നത്. തുടർന്ന് വിദ്യാലയങ്ങൾ തമ്മിലും ആരോഗ്യകരമല്ലാത്ത മത്സരങ്ങൾ അരങ്ങേറുമ്പോൾ മത്സരാർത്ഥികളായിരുന്നു വലഞ്ഞുപോയത്. കലാധിപത്യത്തിൽനിന്ന് പണാധിപത്യത്തിലേക്ക് നീങ്ങിത്തുടങ്ങിയതും ഇക്കാലത്തേക്കാണെന്നു പറയാം. കാശുള്ളവർ മത്സരിച്ചാൽ മതിയെന്ന അവസ്ഥ ഇതോടെ സ്ഥാപിതമായി.

                                   സംസ്ഥാന കലോത്സവത്തിൽ നിന്ന്

  രണ്ടായിരത്തിലേക്ക് കടക്കുന്നതോടെ ഇത് വിധികർത്താക്കളെ വിലക്കെടുക്കുന്നതുവരെ എത്തി. ഇന്ന് പണോത്സവവും സ്വാധീനോത്സവവും കഴിഞ്ഞ് വൻ റിയാലിറ്റിഷോകളിൽ പങ്കെടുക്കാനുള്ള മുന്നൊരുക്കമായി കലോത്സവങ്ങൾ മാറിയിരിക്കുന്നു. ബുധനാഴ്ച ഒന്നാം വേദിയിൽ നടന്ന കുച്ചിപ്പുഡി മത്സരത്തിൽ പങ്കെടുത്ത പന്ത്രണ്ടിലധികം കുട്ടികൾ റിയാലിറ്റി താരങ്ങളായിരുന്നു. ഭൂരിപക്ഷവും അപ്പീലിലൂടെ വന്നവർ. മുമ്പ് കേവലം ഒന്നും രണ്ടും സ്ഥാനങ്ങളുടെ ആഗ്രഹങ്ങളിൽ മാത്രം മത്സരിച്ചുവന്ന കുട്ടികളെ ഇന്ന് കോടികളുടെ വില്ലകൾക്കുവേണ്ടിയാണ് കലാമത്സരങ്ങൾക്കുവേണ്ടി ക്രമപ്പെടുത്തുന്നത്.

   മത്സരയിനങ്ങളിലെ കലാമൂല്യം നഷ്ടപ്പെട്ടുവരുന്ന കാഴ്ചയാണ് ഓരോ കലോത്സവത്തിലും കാണുന്നത്. എല്ലാ മേഖലകളിലും പ്രാവീണ്യം നേടി മത്സരങ്ങളിൽ പങ്കെടുത്ത പഴയകാലത്തിൽ നിന്നു വ്യത്യസ്ഥമായി മത്സരങ്ങൾക്കു വേണ്ടിമാത്രമാണു ഭൂരിഭാഗവും അഭ്യാസം നടത്തുന്നത്. പ്രധാനമായ പലതും അറിയുന്നുപോലുമില്ല. അതുകൊണ്ടുതന്നെ ഭാവിയിൽ ആരാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് തങ്ങൾ മികച്ച വിജയം നേടിയ ഇനങ്ങളിൽ പ്രശസ്തരാവണം എന്ന് ആരും പറഞ്ഞതായി കേട്ടില്ല.  നാടോടി നൃത്തമത്സരം വീക്ഷിക്കാനെത്തിയവർക്ക് ഏതാനും കുട്ടികളുടെ അവതരണമാണ് അല്പമെങ്കിലും ആശ്വാസമായത്. ബാക്കിയെല്ലാം ക്ലാസിക്കൽ നൃത്തമുദ്രകളാൽ സമൃദ്ധമായിരുന്നു. പഴയകാലത്തെ മനോഹരമായതും കലർപ്പില്ലാത്തതുമായ നൃത്തകാഴ്ചപ്പാടുകളെ ഒരു വേദിയിലും കാണാനായില്ല.
 
   ഇന്ന് കലോത്സവങ്ങളിൽ വ്യാപകമായി അഴിമതി നടക്കുന്നുണ്ട്. കലയെ വിദ്യാഭ്യാസതലങ്ങളിൽ കച്ചവടവൽക്കരിച്ചതുമൂലമുണ്ടായ ഈ ദുരന്തം ആസ്വാദകരിൽക്കൂടി വെറുപ്പുളവാക്കുന്നു. ഇന്ന് ഏറ്റവും കൂടുതൽ തിരിമറിനടക്കുന്നത് ജില്ലാ കലോത്സവങ്ങളിലാണ്. അതുകൊണ്ടുതന്നെ ജില്ലയിൽ നിന്ന് അപ്പീലുമായി സംസ്ഥാന കലോത്സവത്തിലേക്കു വരുന്നവരിലധികവും എ ഗ്രേഡോടെ ഒന്നാം സ്ഥാനവുമായാണു മടങ്ങുന്നത്. കലോത്സവവുമായി വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്ന കള്ളക്കളികൾക്ക് മണ്ണാർകാട് എം ഇ ടി സ്കൂളിലെ ശ്വേത ആർ കൃഷ്ണ എന്ന കുട്ടി ഉദാഹരണമാണ്. കഴിഞ്ഞവർഷം സംസ്ഥാനകലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരിയായിരുന്ന അവൾ ഇത്തവണ ജില്ലയിൽ നാലാം സ്ഥാനക്കാരിയായി സർക്കാർ രേഖയിറങ്ങി. അപ്പീലിനു ചെന്നപ്പോഴാണ് അവളെ പത്താം സ്ഥാനക്കാരിയാക്കി ആദ്യമിറക്കിയ രേഖയെ അട്ടിമറി നടത്തിയതറിയുന്നത്.

   എന്തിനാണ് ഇത്തരത്തിൽ ഒരു കലോത്സവം? ആർക്കാണ് ഇതിന്റെയൊക്കെ പ്രയോജനം? കലയെ സ്നേഹിക്കുന്നവരും അതിനെ പിന്തുടരുന്നവരും ഇതുമാതിരിയുള്ളന്മത്സരങ്ങളെ സ്നേഹിക്കാൻ സാധ്യതയില്ല. അത്തരക്കാർക്ക് ഒന്നും ഒരു തടസ്സവുമാവില്ല. ഈ മത്സരങ്ങളെ ആസ്വദിച്ചു വീക്ഷിക്കുമ്പോഴും അണിയറയിലെ മത്സരങ്ങളെ ഒരുതരത്തിലും അംഗീകരിക്കാനാവുന്നില്ല. അരങ്ങിനുപുറത്ത് മത്സരിക്കാനെത്തുന്ന പണക്കൊഴുപ്പിന്റെ മേളക്കാരെക്കാത്ത് റിയാലിറ്റി ഷോകളുമായി ചാനലുകൾ കാത്തു നിൽക്കുന്നുണ്ട്. അവർക്ക് അവിടെ കൂത്താടാം. കലയെ സ്നേഹിക്കുന്നവർക്ക് തങ്ങളുടെ പ്രകടനം കാഴ്ചവയ്ക്കാനാവണം ഇനിയുള്ള കലോത്സവങ്ങൾ. നിലവിലുള്ള അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ പണോത്സവവും സ്വാധീനോത്സവവും മറികടന്ന് വൈകാതെതന്നെ നമുക്ക് കലാപോത്സവങ്ങൾ കാണേണ്ടിവരും. അതിനാൽ കലോത്സവങ്ങൾ സ്കൂൾതലത്തിൽ ഒതുക്കണമെന്നാണ് പറയാനുള്ളത്. ഉപജില്ലാ ജില്ലാ മത്സര സംസ്ഥാനകലോത്സവങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും.

ഏതാനും വീഡിയോകൾ ഇവിടെ കാണാം

Saturday

പൊന്മളക്കാരന്റെ പരിശീലന പാഠം


മലപ്പുറത്തു നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ കൊണ്ടുപിടിച്ചു നാടോടിനൃത്ത പരിശീലനം നടത്തുന്ന ബ്ലോഗർ പൊന്മളക്കാരൻ....

Friday

ബൂലോകരെ പറ്റിച്ച വോട്ടെടുപ്പിലൂടെ സൂപ്പർ ബ്ലോഗർ തെരഞ്ഞെടുപ്പ്


 ബൂലോകം ഓൺലൈൻ സൂപ്പർബ്ലോഗർ അവാർഡിനു വേണ്ടിയുള്ള "സുസ്സൂപ്പർ" മത്സരം നടക്കുന്ന വിവരം വോട്ടെടുപ്പിന്റെ അവസാന ദിവസമാണ് ഞാനറിഞ്ഞത്. ബൂലോകത്തായാലും ഭൂലോകത്തായാലും വോട്ടു പാഴാക്കുന്ന ശീലം പണ്ടേയില്ലാത്തതതു കൊണ്ടും കൂട്ടത്തിൽ എന്റെ പേര് കാണാത്തതു കൊണ്ടും എന്റെ നോട്ടത്തിൽ പുലിയെന്നു തോന്നിയയാൾക്ക് വോട്ടും ചെയ്തു. അതിനു ശേഷമാണ്  ബൂലോക അവാർഡാർത്ഥികളെ അളന്നുതൂക്കമെടുത്ത താഴെക്കൊടുത്തിരിക്കുന്ന മഹദ്‌വാക്യങ്ങൾ ശ്രദ്ധിച്ചത്.
  1. മലയാളം അക്ഷരത്തെറ്റുകൂടാതെയും പരമാവധി വ്യാകരണപ്പിശകുകള്‍ ഒഴിവാക്കിയും എഴുതാനുള്ള കഴിവ്
  2. രണ്ടായിരത്തി പന്ത്രണ്ടില്‍ ഈ- എഴുത്തില്‍ ഉള്ള സജീവ സാന്നിധ്യം
  3. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ഉള്ള അറിവും, അതിനു അനുയോജ്യമായ ഈ-എഴുത്ത് മാധ്യമത്തിന്റെ തെരെഞ്ഞെടുപ്പും
  4. സര്‍ഗാത്മകത
  5. ജനസമ്മതിയും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുള്ള കഴിവും
  6. എഴുത്തിന്റെ ഉയര്‍ന്ന ഗുണനിലവാരത്തിലൂടെ ഈ -എഴുത്തിനെ, പ്രിന്റ്‌ മാധ്യമങ്ങള്‍ക്കൊപ്പം മുഖ്യധാരയിലേക്ക് എത്തിക്കുവാനുള്ള പങ്കാളിത്തം
  7. ഈ എഴുത്തില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ അനുയോജ്യമായ ഉപയോഗത്തിലുള്ള വൈദഗ്ദ്ധ്യം
  8. സൃഷ്ടികളിലും അഭിപ്രായങ്ങളിലുമുള്ള മൗലികത
  സംഘാടകർ നടപ്പിലാക്കിയ ഈ കാഴ്ചപ്പാടുകളെ വിശകലനം ചെയ്യുന്നതിനു മുമ്പ് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ബൂലോകം എന്ന സൈറ്റിന്റെ പ്രയോക്താക്കളോടോ സൂപ്പർബ്ലോഗർ തെരഞ്ഞെടുപ്പിനോടോ എന്നല്ല ബൂലോകത്തെ ഒരു സംരംഭങ്ങളോടും സംരംഭകരോടും എനിക്ക് യാതൊരു വിരോധവുമില്ല. എന്നുവച്ച് ബൂലോകരെ മണ്ടരാക്കി നടത്തിയ തോന്ന്യാസം കണ്ടിരിക്കാനും വയ്യ. അതുകൊണ്ടുതന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ എനിക്ക അനുഭവപ്പെട്ടതും ഞാൻ മനസ്സിലാക്കിയതുമായ കാര്യങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത്. ജോയ് കുളനടക്ക് അവാർഡു കൊടുത്തതിലല്ല അത് ബൂലോകം പാനൽ നിരത്തിവച്ച "മാനദണ്ഡങ്ങൾ അനുസരിച്ചു" കൊടുത്തതിലാണ് എതിർപ്പ്.

  ഒന്നാമതായി പറയട്ടെ, വോട്ടിംഗിനു ശേഷം അതിന്റെ റിസൾട്ട് അപ്പോൾത്തന്നെ ദൃശ്യമാക്കിയത് വോട്ടു ചെയ്യുന്നവരെയും വോട്ടു നേടുന്നവരെയും നിരാശപ്പെടുത്താനും വിഷമപ്പെടുത്താനും മാത്രമേ ഉപകാരപ്പെട്ടിട്ടുള്ളൂ. ചിലരെയൊക്കെ കേമന്മാരും മറ്റുചിലരെ മോശക്കാരുമായി ചിത്രീകരിക്കാൻ മന:പൂർവ്വം ശ്രമിച്ചപോലെയായിപ്പോയി. ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥ നടപ്പിലാക്കാൻ നടത്തിയ ഗൂഢശ്രമമയിരുന്നു അതെന്ന് അതുകൊണ്ടുതന്നെ മനസ്സിലാക്കണം. പരമാവധി പത്തുപേരുടെ ഫൈനൽ ലിസ്റ്റ് തെരഞ്ഞെടുക്കുന്നതിനു പകരം  76പേരുടെ ജംബോ ലിസ്റ്റ് തയ്യാറാക്കിയതുവഴി ബ്ലോഗർമാരുടെ വോട്ടുകൾ പരമാവധി ഛിന്നഭിന്നമാക്കാൻ സംഘാടകർക്കു കഴിഞ്ഞു. അതിലൂടെ ഉദ്ദേശിച്ചയാളെ അവർക്കു വിജയിപ്പിച്ചെടുക്കാനും. അതിനുവേണ്ടിയാവണം റിസൾട്ട് അപ്പപ്പോൾ ദൃശ്യമാക്കി മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നത്.

  അറിയാൻമേലാത്തതുകൊണ്ട് ചോദിക്കുകയാണ്, സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാൻ ബൂലോകം ഓൺലൈൻ ഭാരവാഹികൾ തെരഞ്ഞെടുത്ത മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന എത്രപേർ ഫൈനൽ ലിസ്റ്റിലുണ്ട്? സൂപ്പർ ബ്ലോഗർ ജോയ് കുളനട 2012ൽ "സജീവമയി" എഴുതിയ ബ്ലോഗ് പോസ്റ്റുകൾ ഏതൊക്കെയാണ്? മരുന്നിനെങ്കിലും ഒരെണ്ണം കണിച്ചുതരാമോ...? ബൂലോകത്ത് അദേഹത്തെ അറിയാവുന്നവർ എത്രപേരുണ്ട്..? ഈ-എഴുത്തിനെ പ്രിന്റ് മീഡിയയിലെത്തിക്കാനുള്ള ശ്രമവും അതിന്മേലുള്ള വിജയവും മാനദണ്ഡമാക്കിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെങ്കിൽ അവ ഒന്നു വ്യക്തമാക്കിയാൽ നന്നാവും. തരികിട ഒപ്പിക്കുമ്പോൾ അതു മറ്റുള്ളവർ അറിയാതിരിക്കാനെങ്കിലും മിനിമം ശ്രദ്ധിക്കണ്ടേ..?

   ഇത്തവണത്തെ വിജയിക്ക് അവാർഡുതുക കൊടുക്കാനുള്ള ഉദ്ദേശം കമ്മിറ്റിക്കില്ല. 25000 രൂപ കുളനടയ്ക്ക് കൊടുക്കുന്നതായി ഒരു പ്രഖ്യാപനം മാത്രം നടത്തി റണ്ണറപ്പിനെ ഇളിച്ചുകാട്ടി മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന ഏർപ്പാടണ് ഇപ്പോൾ നടക്കുന്നത്, ഇതു നല്ലതല്ലെന്നു മാത്രം പറയുന്നു. സത്യസന്ധമായാണ് തെരഞ്ഞെടുപ്പു നടന്നതെങ്കിൽ ബ്ലോഗർ ജയൻ ദാമോദരൻ വിജയിയാവുമായിരുന്നു എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു. ജോയ് കുളനടയ്ക്ക് കിട്ടിയ വോട്ടുകൾ സംഘടകർ സമ്മാനിച്ചതാണ്. അതിനു വേണ്ടി മാത്രം നടന്ന പ്രഹസന വോട്ടെടുപ്പാണിത്. ബൂലോകത്ത് ഒരു പ്രശസ്തിയുമില്ലാത്ത ഒരാൾ മറ്റുള്ളവർക്ക് എത്തിപ്പിടിക്കാൻ പറ്റത്തത്ര ഉയരത്തിൽ വോട്ടിങ്ങിന്റെ തുടക്കത്തിൽത്തന്നെ വോട്ടു നേടിയതിൽ നിന്ന് ഇത് വ്യക്തമാണ്.

  കഴിഞ്ഞ വർഷത്തെ സൂപ്പർ ബ്ലോഗർ അവാർഡിന് പ്രഖ്യാപിച്ച സമ്മാനത്തുക നിരക്ഷരന് എപ്പോഴാണു കൈമാറിയെതെന്നും അതു ഇപ്പോഴെങ്കിലും കൈമാറേണ്ടിവന്നതെങ്ങനെയെന്നും അവാർഡുകമ്മിറ്റി വെളിപ്പെടുത്തുന്നതു നന്നായിരിക്കും. എന്റെ അറിവിൽ കഴിഞ്ഞമാസമാണ് (ഡിസംബറിൽ) അതു കൈമാറുന്നത്. അതും കൊടുത്തില്ലേൽ നാണക്കേടാവും എന്നുള്ള അവസ്ഥ വന്നപ്പോൾ! ഈവർഷം സൂപ്പർ ബ്ലോഗർ അവാർഡുനേടിയ ജോയ് കുളനടയ്ക്ക് ഈ പ്രഖ്യാപനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും പറയാൻ എനിക്കു മടിയില്ല. ഒന്നുകൂടി വ്യക്തമക്കിയാൽ  ജോയ് കുളനടയും കൂടി തീരുമനിച്ചുറപ്പിച്ച ഒരു നാടകമായിരുന്നു ഈ തെരഞ്ഞെടുപ്പ്. കുളനടയുടെ ചിത്രം പത്രത്തിൽ വരുന്നതുകൊണ്ട് അദ്ദേഹത്തിനും റണ്ണറപ്പിന് അതു നോക്കിയും സായൂജ്യമടയാം. വോട്ടുചെയ്തു മണ്ടന്മാരും മണ്ടികളുമായ ഞാനടക്കമുള്ള ബ്ലോഗർമരും അല്ലാത്തവരും എന്തു നോക്കി സായൂജ്യമടയുമെന്നാ എന്റെ കൺഫ്യൂഷൻ...

Popular Posts

Recent Posts

Blog Archive