Sunday

കൊച്ചൗസേപ്പുചേട്ടൻ സി.പി.എം.നോട് നന്ദികേടു കാണിക്കരുത്.



 വഴിമുടക്കിയെന്ന് ആരോപിച്ച് സി.പി.എം.ന്റെ സമരഭടന്മാരോടു തട്ടിക്കയറിയ വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ സമ്മാനിച്ച കൊച്ചൗസേപ്പു ചേട്ടനോട് സി.പി.എം.നു വൈരാഗ്യം തോന്നുന്നത് സ്വാഭാവികം മാത്രം. പക്ഷേ അവരെ തിരിച്ചു കുറ്റപ്പെടുത്തും മുമ്പ് ചേട്ടൻ രണ്ടു നിമിഷം ആലോചിക്കേണ്ടതായിരുന്നു.

തൃശ്ശൂർക്കാരായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും കുര്യൻ ചേട്ടനും ചേർന്ന് 1970കളുടെ അവസാനം എറണാകുളത്ത് കലൂരിലും പരിസരപ്രദേശങ്ങളിലുമായി സ്റ്റെബിലൈസർ മാനുഫാക്ചറിംഗ് യൂണിറ്റും മറ്റും ആരംഭിച്ചു. കെൽട്രോണാണ് അന്ന് ഗുണമേന്മയുള്ള ആ സ്റ്റെബിലൈസറുകൾ വിതരണം നടത്തിയിരുന്നത്. കെൽട്രോണുമായി പിരിഞ്ഞ ശേഷം വി-ഗാർഡ് എന്ന പേരിൽ ഒരുമിച്ച് നിർമ്മാണവും വിതരണവും തുടങ്ങി. തുടർന്ന് കുര്യൻ ചേട്ടൻ വിജിൽ എന്നപേരിലും കൊച്ചൗസേപ്പുചേട്ടൻ വി-ഗാർഡ് എന്നപേരിലും വേർപിരിഞ്ഞു സ്റ്റെബിലൈസർ നിർമ്മാണവും വിതരണവും ആരംഭിച്ചു. ഗുണമേന്മ നിലനിർത്തുന്നതിൽ രണ്ടുപേരും ഒരേപൊലെ ശ്രദ്ധ പുലർത്തിയിരുന്നെങ്കിലും മീഡിയകളിലെ പരസ്യവും സ്വാധീനവും കൊണ്ട് വിപണി കീഴടക്കി വി-ഗാർഡ് മാർക്കറ്റിലെ അധിപനായി.

 ട്രേഡ്‌യൂണിയനുകൾക്ക് ഒരു കമ്പനി പൂട്ടിക്കാൻ പ്രത്യേകിച്ചു കാരണമൊന്നും ആവശ്യമില്ലല്ലോ.
എല്ലായിടത്തും വിവിധ തൊഴിലാളി സംരക്ഷകർ സമരം നടത്തുന്നതുപോലെ അദ്ദേഹത്തിന്റെ വിഗാർഡിനെതിരേയും സമരം തുടങ്ങി. ഇവിടെ സി.ഐ.ടി.യു. ആയിരുന്നു തൊഴിലാളി സംരക്ഷരകരായത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊടുക്കാൻ കൊച്ചൗസേപ്പുചേട്ടന് തന്റെ കമ്പനി പൂട്ടേണ്ടിയും വന്നു.

പിതാവിന്റെ ആദർശ ശുദ്ധി പിന്തുടരുന്ന മകന് പഠിച്ച പണി ചെയ്തു ജീവിക്കാൻ ആരുടേയും സമ്മതം ആവശ്യമില്ലല്ലോ. ബുദ്ധിമാനായ അദ്ദേഹവും പാതിരിമാരുടെയും കന്യാസ്ത്രീകളുടേയും വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളുടേയും സഹായത്താൽ നിർമ്മാണയൂണിറ്റുകൾ തുടങ്ങി. ബാംഗ്ലൂരിൽ നിന്നു പാർട്സുകളെത്തിച്ച് ഐടിഐയും ഇലക്ട്രോണിക്സും അറിയാവുന്നവരെ ഉപയോഗിച്ച് യൂണിറ്റുകൾ വിപുലമാക്കി. തൽഫലമായി ടാറ്റായുടെ നെൽക്കോയെയും മറികടന്ന് ഔസേപ്പുചേട്ടന്റെ വി-ഗാർഡ് വിപണി വാണു.

 തന്റെ വ്യാവസായിക വളർച്ചയിൽ കൊച്ചൗസേപ്പുചേട്ടൻ ഏറ്റവും കൂടുതൽ നന്ദി കാണിക്കേണ്ടത് സി.പി.എം.നോടാണ്. അദ്ദേഹത്തെ പ്രശസ്തനാക്കിയത് സി.ഐ.ടി.യു.വിന്റെ അദ്ദേഹത്തിനെതിരേയുള്ള സമരമായായിരുന്നല്ലോ. തന്റെ ഉല്പന്നത്തിന്റെ ഗുണമേന്മയോ ഉപഭോക്താക്കൾക്കു നൽകുന്ന വില്പനാന്തര സേവനമോ കൊണ്ടുമാത്രം ഒരു സ്ഥാപനം വളരില്ലെന്ന് ചേട്ടൻ ഓർത്തില്ല. അവർ അദ്ദേഹത്തിന്റെ കമ്പനി പൂട്ടിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം ഈ നിലയിൽ എത്തില്ലായിരുന്നു (കുര്യൻ ചേട്ടന്റെയും കൊച്ചൗസേപ്പുചേട്ടന്റെയും ഇപ്പോഴത്തെ വ്യാവാസായിക പ്രസിദ്ധി ഓർക്കുന്നതു നന്നായിരിക്കും). അതുകൊണ്ടുതന്നെ കൊച്ചൗസേപ്പുചേട്ടൻ സി.പി.എമ്മിനെ കുറ്റം പറയുന്നതിന് ഒരു ന്യായീകരണവും നിരത്താൻ സാധിക്കില്ലെന്ന് ആവർത്തിച്ചു പറയേണ്ടിവരുന്നു.

വാലുചോദ്യം: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ഒതുക്കാനുള്ള എളുപ്പമാർഗ്ഗം അദ്ദേഹത്തിന്റെ വി-ഗാർഡിനെ ജനങ്ങളിൽനിന്ന് അകറ്റുക എന്നതാണ്. സി.പി.എം.ന് കെ.എസ്.ഇ.ബി.യിലെ തങ്ങളുടെ 80% വരുന്ന അണികളെക്കൊണ്ട് ഒന്ന് ആഞ്ഞുപിടിപ്പിച്ചാൽ വ്യതിയാനമില്ലാതെ കൃത്യമായ അളവിൽ വൈദ്യുതി വിതരണം നടത്താനാവില്ലേ..? വൈദ്യുതി വ്യതിയാനമില്ലെങ്കിൽ പിന്നെന്തിനു സ്റ്റെബിലൈസർ..!! ഇതു ചിന്തിക്കാൻ സി.പി.എം.ന് സമയമില്ലെങ്കിൽ പാവം കൊച്ചൗസേപ്പിനെ വെറുതേ വിട്ടൂടേ..?

മാലിന്യച്ചതിക്കുഴിയിൽ വീണ ധനകാര്യ മാണിക്യം


  ലോകചരിത്രം പഠിക്കുമ്പോൾ ക്രിസ്തുവിനു മുമ്പും ശേഷവും എന്നു വേർതിരിച്ചാണു പഠിക്കുന്നത്. രാജഭരണത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രം പഠിക്കുമ്പോൾ കോട്ടപ്പുറം ഇടവകയിൽ തുണ്ടുപറമ്പിൽ മാത്യൂസ് മകൻ തോമസ് ഐസക്കിനു മുമ്പും ശേഷവുമെന്ന് പഠിക്കേണ്ടി വരും.

   48000 കോടി ബാധ്യതയും മാസത്തിൽ നിരവധി ദിവസങ്ങൾ അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ട്രഷറിയും 2006ൽ കെ. എം. മാണി ശ്രീ തോമസ് ഐസക്കിനു കൈമാറുമ്പോൾ ആ ബാധ്യതയുടെ അളവ് കേരളത്തിന്റെ മൊത്തം വാർഷികവരുമാനത്തിന്റെ 70% വരുന്ന വൻതുക ആയിരുന്നു. ശ്രീ തോമസ് ഐസക്കിന്റെ ഭരണത്തിൽ 2011 ആയപ്പോഴേക്കും ബാധ്യത 75000 കോടിയായി ഉയർന്നു. അദ്ദേഹം 27000 കോടിയുടെ അധിക ബാധ്യത വരുത്തിവച്ചു എന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ വാർഷിക വരുമാനത്തിന്റെ 40% ശതമാനമാക്കി ഈ ബാധ്യതയെ കുറക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് അംഗീകരിക്കാതെ വയ്യ. ഇത് അദ്ദേഹത്തിനുമാത്രം അഭിമാനിക്കാൻ അവകാശപ്പെട്ട ഒന്നുതന്നെയാണ്.

   ഈ ധനകാര്യ വിദഗ്ദ്ധന്റെ മികവിനു കളങ്കം വരുത്തിയ രണ്ടു പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സേവനജീവിതത്തിൽ സംഭവിച്ചുപോയിട്ടുണ്ട്. മുസ്‌രിസ് പൈതൃക പദ്ധതിയും ഉറവിട മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമാണവ. ഇതിൽ ഉറവിട മാലിന്യ നിർമ്മാർജ്ജന പദ്ധതിയെ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

   മാലിന്യമെന്ന പ്രതിസന്ധി ഗുരുതരമായി നേരിട്ടുകൊണ്ടിരിക്കുമ്പോഴും  സുരക്ഷിതമായ മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനു പകരം ഏതു മേഖലയേയും പോലെ കീശവീർപ്പിക്കുന്ന പദ്ധതിസമ്പ്രദായങ്ങൾ മാത്രം ലക്ഷ്യമിട്ടിരിക്കുകയാണ് ശുചിത്വമിഷനും അതിന്റെ ഉപജാപക വൃന്ദങ്ങളും. മറ്റു ലക്ഷ്യങ്ങളില്ലാത്ത ഇവരുടെ ഗൂഢലക്ഷ്യങ്ങൾ ബഹുമാന്യനായ തോമസ് ഐസക്കിനു പോലും തിരിച്ചറിയാനായില്ല എന്നത് അവരുടെ തന്ത്രപരമായ അവതരണത്തിനുദാഹരണമാണ്.

  ആലപ്പുഴയിൽ ശ്രീ തോമസ് ഐസക് ഇപ്പോൾ ഓരോ വീട്ടിലും ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ്കമ്പോസ്റ്റും സ്ഥാപിക്കുന്ന തിരക്കിലാണ്. ഇതു പൂർണ്ണമായും നടപ്പിലാകുമ്പോൾ ആലപ്പുഴക്കാർ ആരോഗ്യമുള്ള സമൂഹമായി ജീവിച്ചുകൊള്ളുമെന്നും അവരുടെ അന്തരീക്ഷവും കുടിവെള്ളവും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. യഥാർത്ഥത്തിൽ ഈ പദ്ധതി പൂർത്തിയാക്കപ്പെടുമ്പോൾ കുടിവെള്ളം പൂർണ്ണമായി നശിക്കുകയും അന്തരീക്ഷം രോഗാണുക്കളെക്കൊണ്ടു നിറയുകയുമാണു ചെയ്യുക. ഉണ്ടാവുന്ന ഈ ഗുരുതര വിപത്തിനെ അദ്ദേഹം കാണുന്നില്ല. അങ്ങനെ ഒരു വിപത്തിനെപ്പറ്റി അദ്ദേഹത്തിന് ഈ പദ്ധതി ഉപദേശിച്ചുകൊടുത്തവർക്ക് അറിവില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഇവയെ മറികടക്കാനുള്ള ഭീമമായ തുകക്കുള്ള വഴി ഇപ്പോഴേ തേടുന്നതു നന്നായിരിക്കും.

  സുരക്ഷിതമായ മാലിന്യസംസ്കരണത്തിന് നൂറു ശതമാനവും പരിസ്ഥിതിയുമായി യോജിക്കുന്ന ബയോറിയാക്ടറുകൾ സ്ഥപിച്ചുകൊണ്ടിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ഹരിത ഇന്ധനവും കൃഷിക്ക് ഏറ്റവും യോജിച്ച ലിക്വിഡ് മാന്വറുമാണ് ഇതിന്റെ ഉല്പന്നങ്ങൾ. കേരളത്തിലെ മാലിന്യസംസ്കരണ വിദഗ്ദ്ധർക്കും ശാസ്ത്രവും സാഹിത്യവുമൊക്കെ സ്വന്തമാക്കി വച്ചിരിക്കുന്ന ഉപദേശകർക്കുമൊക്കെ ഇക്കാര്യം അറിയാഞ്ഞിട്ടല്ല. യൂറോപ്യൻ രാജ്യങ്ങൾ ഉപേക്ഷിക്കുന്ന കത്തിക്കൽ (ഗ്യാസിഫിക്കേഷൻ) പ്ലാന്റുകളുടെ കമ്മീഷന്റെ വലിപ്പമോർക്കുമ്പോൾ ബയോറിയാക്ടർ പ്ലാന്റുകളെക്കുറിച്ച് അവർക്ക് മിണ്ടാൻ കഴിയില്ലല്ലോ (ശ്രീ തോമസ് ഐസക്കിന്റെ “ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ വാർഡ്” എന്ന മാതൃഭൂമിയിലെ ലേഖനത്തിനു മറുപടിയായി 5/2/2013ൽ മാതൃഭൂമിയിൽ വന്ന സുധീഷ്മേനോന്റെ ലേഖനത്തിൽ ഇതേക്കുറിച്ചു കൂടുതൽ പ്രതിപാദിച്ചിട്ടുണ്ട്).

   പ്രകൃതിയിലെ നൈട്രജൻ സൈക്കിൾ നിലനിൽക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്. ഇതിനു വേണ്ടി മുൻകാല ഭരണാധികാരികൾ മനുഷ്യ വിസർജ്യമടക്കമുള്ള നഗരമലിന്യങ്ങൾ നഗരത്തിനു പുറത്തുകൊണ്ടുപോയി സൂര്യപ്രകാശത്തിലെ അൾട്രാവയൽറ്റ് രശ്മികൾ പ്രയോജനപ്പെടുത്തി ജൈവവളം നിർമ്മിച്ച് കൃഷിക്കാർക്ക് നൽകിയിരുന്നു. 1800കളുടെ അവസാനത്തിൽ യൂറോപ്യൻ കച്ചവടസംസ്കാരത്തിന്റെ ഭാഗമായി കണ്ടുപിടിക്കപ്പെട്ട ക്ലോസറ്റും സെപ്ടിക് ടാങ്കുമടക്കമുള്ള ഉപകരണങ്ങൾ വൻതോതിൽ വായു, ജല മലിനീകരണം സൃഷ്ടിക്കുകയും സെപ്റ്റിക് ടാങ്കിൽ ഉല്പാദിപ്പിക്കപ്പെടുന്ന മീഥെയിൻ ഗ്യാസ് (Ch4) ഓസോൺ പാളിയിൽ വിള്ളലുകൾ സൃഷ്ടിക്കുന്ന പ്രധാന വില്ലനാകുകയും ഭൂമിയിൽ താപനിലക്കു വ്യതിയാനം സംഭവിക്കുന്നതിൽ പ്രധാന പങ്കാളിയാവുകയും ചെയ്തു.


  ബയോഗ്യാസ് പ്ലാന്റുകളിൽ നിന്നും മണ്ണിലേക്കു ചേരുന്ന ജലത്തിൽ ഗുരുതര രോഗാണുക്കളുടെ പടയാണുള്ളത് (ഈ അവസ്ഥ മറികടക്കാൻ പ്ലാന്റിൽനിന്നു പുറത്തെത്തുന്ന സ്ലറി 90 ഡിഗ്രിസെന്റീഗ്രേഡിൽ ചൂടാക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിയമം തന്നെയുണ്ട്). ഇതൊന്നും അറിയാത്ത മട്ടിൽ ജനങ്ങളെക്കൊണ്ട് മാലിന്യം സംസ്കരിപ്പിക്കുന്ന രീതി ഇവിടെമാത്രമേ കാണൂ. പൈപ്പ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് തുടങ്ങിയവയുടെ ഗതിയും വിഭിന്നമല്ല.

  നിലവിലെ ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ ജനങ്ങൾക്കെതിരേയുള്ള വെല്ലുവിളിയാണ്. ഈ സംസ്കരണ രീതിയുടെ ഉല്പന്നം ഭാവിയിൽ ജനസമൂഹത്തിനുമേൽ പതിക്കുന്ന ഭീകര രോഗസഞ്ചയങ്ങളാണ്. ഇപ്പോൾത്തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ കിഡ്നി രോഗികൾ വസിക്കുന്ന സ്ഥലമായി നമ്മുടെ സംസ്ഥാനം മറിയിട്ടുണ്ട്. ഇതിനു പ്രധാനകാരണം സെപ്റ്റിക് ടാങ്കുകളിലെ നൈട്രേറ്റുകളാണ്. (മനോരമയിൽ 20-11-2013ൽ വന്ന സെപ്ടിക് ടാങ്ക് സുരക്ഷിതമല്ല എന്നും കേരളത്തിലെ 80% കുടിവെള്ളവും കേടുവന്നുകഴിഞ്ഞുവെന്നുമുള്ള മഹേഷ് ഗുപ്തന്റെ റിപ്പോർട്ട് വായിക്കുക).

  മാലിന്യ സംസ്കരണം സുരക്ഷിതമാകണമെങ്കിൽ ബയോറിയാക്ടറുകൾ ഓരോ വാർഡിലും ഉണ്ടാകേണ്ടതുണ്ട്. ഇതിലെ മലിനജലം 90ഡിഗ്രി സെന്റീഗ്രേഡിൽ ചൂടാക്കി അണുവിമുക്തമാക്കി ലിക്വിഡ്‌മാന്വറായി കൃഷിക്ക് ഉപയോഗിക്കാം, ജൈവവാതകം പാചകത്തിനും. അഭിനവ ശശിമാരും ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരും ഇതംഗീകരിച്ച് നിർദ്ദേശിക്കാൻ വഴിയില്ല. ബഹുമാന്യനായ ശ്രീ തോമസ് ഐസക് ഈ അഭിനവ ശശിമാരുടെ യഥാർത്ഥ ഉദ്ദേശ്യം ഇനിയെങ്കിലും തിരിച്ചറിയുമെന്നുതന്നെ കരുതുന്നു.

സരിതയും ആർ. വി. ജി. മേനോനും പിന്നെ മനോരമയുടെ മണ്ടത്തരവും


 എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം സാമ്പത്തിക ശാസ്ത്രമാണ്. ഇതിന് വിധേയമല്ലാത്തമൊരു ശാസ്ത്രവും സാമ്പത്തിക പിൻബലമില്ലാത്തതുകൊണ്ട് ദീർഘകാലം നിലനിൽക്കില്ല. ഏതൊക്കെ മേഖലകളിലായാലും ഈ പരമാർത്ഥം ആർക്കും നിഷേധിക്കാനും പറ്റില്ല.

  വിദേശരാജ്യങ്ങളിലെ ന്യൂക്ലിയർ വൈദ്യുതനിലയങ്ങളിലെ മിച്ച വൈദ്യുതിയും ചൈനയിലെ ഏറ്റവും വിലകുറഞ്ഞ ജല വൈദ്യുതിയും ഉപയോഗിച്ച് മൂന്ന് അമേരിക്കൻ കുത്തകക്കമ്പനികൾ നിർമ്മിക്കുന്ന സോളാർ വൈദ്യുത മോഡ്യൂളുകൾ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ വിറ്റ് അതേ കുത്തകകൾ സഹസ്രകോടികൾ കൊള്ളയടിക്കുകയാണ്. അവരാരും മറ്റുള്ള വൈദ്യുതോല്പാദന മേഖലകൾ ഉപേക്ഷിച്ച് “ലഭകരമായ” സോളാർ വൈദ്യുതി വിൽപ്പനക്കുവേണ്ടി വ്യാവസായികമായി ഉല്പാദിപ്പിക്കുന്നില്ല  എന്നത് മനഃപൂർവ്വം മൂടിവെക്കുകയാണ്.

   വൻകിട വിദേശ കുത്തൾക്കുമാത്രം അനേകകോടികൾ ലാഭമുണ്ടാക്കികൊടുത്ത് അതിൽനിന്നു ലഭിക്കുന്ന കോടികളുടെ കമ്മീഷൻ കീശയിലാക്കാൻ മാത്രം പടച്ചുണ്ടാക്കിയതാണ് ഇപ്പോഴത്തെ സോളാർ പാനൽ നിർബ്ബന്ധമാക്കിയ സർക്കാർ പരിപാടി. ലോകത്തൊരിടത്തും സാധാരണക്കാരൻ ലാഭകരമായി സോളാർ വൈദ്യുതി നഗരങ്ങളിൽ ഗർഹികാവശ്യത്തിന് ഉപയോഗിക്കുന്നില്ല. ഉല്പാദന മേഖല ലാഭകരമല്ലെന്നതുതന്നെ കാരണം. ഇപ്പോഴത്തെ നിരക്കനുസരിച്ച് സോളാർ വൈദ്യുതിക്ക് യൂണിറ്റിന് 19 രൂപയോളം വിലവരുമ്പോൾ ഗാർഹികാവശ്യത്തിനുള്ള യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ രണ്ടുലക്ഷത്തിലധികം രൂപ മുടക്കേണ്ടിയും വരുന്നു. കെ എസ് ഇ ബി യുടെ വൈദ്യുതി നാലുരൂപക്കാണ് കിട്ടുന്നതെന്ന് ഓർക്കുക.

  2012 മാർച്ച് ആദ്യവാരം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ആർ വി ജി മേനോന്റെയും സരിതയുടേയും വിദേശ കുത്തകളുടേയും നേതൃത്വത്തിൽ സോളാർ വൈദ്യുതിയെക്കുറിച്ച് ഒരു ബഡാ സെമിനാർ നടക്കുകയുണ്ടായി.  മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്ത സെമിനാറിൽ വകുപ്പുതല മേധാവികളും ഇതര ഉന്നത ഉദ്യോഗസ്ഥന്മാരും സംബന്ധിച്ചിരുന്നു.

തുടർന്ന് മാർച്ച് 24ന് മനോരമയിൽ ആർ വി ജി മേനോന്റെ കാഴ്ചപ്പാട് ലേഖനം കേരളത്തിൽ തങ്കസൂര്യോദയമുണർത്തി വെണ്ടക്കാ നിരത്തി!  ഇടുക്കി റിസർവോയറിൽ സോളാർ പാനലുകൾ നിരത്തിവച്ചുണ്ടാക്കുന്ന വൈദ്യുതി ഉപയോഗിച്ച് മഹാത്ഭുതം സൃഷ്ടിക്കാമെന്ന് ആർ വി ജി വിളമ്പി. റിസർവോയറിന് 800 മീറ്റർ താഴെ വൈദ്യുതോല്പാദനം കഴിഞ്ഞ് പുറത്തു വരുന്ന ജലം സോളാർ വൈദ്യുതി ഉപയോഗിച്ച് തിരിക ഡാമിലെത്തിക്കാമെന്ന മണ്ടൻ വിശദീകരണം അപ്പടി നിരത്തി മനോരമയെന്ന പത്രം മണ്ടത്തരമെഴുന്നള്ളിക്കുന്നതിൽ ഒന്നാമതായി. ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അഞ്ചിരട്ടിയിലധികം വേണം ഈ കർമ്മം നടപ്പിലാക്കാൻ എന്നത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിപോലുമില്ലാത്ത പത്രമായി മനോരമ മാറി.

   നിലവിൽ ഇടുക്കിയിലെ ആകെയുള്ള ആറു ജനറേറ്ററുകൾ ഉല്പാദിപ്പിക്കുന്ന 770 മെഗാവാട്ട് വൈദ്യുതി മുഴുവനായി ഉപയോഗിച്ചാൽ പോലും രണ്ടു ജനറേറ്ററിൽ വൈദ്യുതി ഉല്പാദിപ്പിച്ച് പുറന്തള്ളുന്ന ജലം പോലും തിരികെ ഡാമിലെത്തിക്കാൻ കഴിയില്ലെന്നതാണു വാസ്തവം.  മുഴുവൻ ജലവും സംഭരണിയിലെത്തിക്കാൻ ആവശ്യമായ വൈദ്യുതി സോളാറുപയോഗിച്ച് ഉല്പാദിപ്പിക്കാമെങ്കിൽ അത് അഞ്ചിലൊന്നു വൈദ്യുതി ഉല്പാദിപ്പിക്കാൻ പാഴാക്കാതെ നേരേ വിതരണത്തിന് ഉപയോഗിച്ചുകൂടേ? മനോരമയിൽത്തന്നെ ജോലിചെയ്യുന്ന മെക്കാനിക്കൽ ഇലക്ട്രിക്കൽ ബിരുദമുള്ള ആരോടെങ്കിലും അഭിപ്രായമാരാഞ്ഞിരുന്നെങ്കിൽ ഈ അബദ്ധം അവർക്ക് ഒഴിവാക്കാമായിരുന്നു. വായനക്കാരോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സാമ്പത്തിക ശാസ്ത്രത്തിന്റെ യാതൊരു പിന്തുണയുമില്ലാത്ത ആർ. വി. ജി. യുടെ ലേഖനം പ്രസിദ്ധീകരിച്ചത് അബദ്ധമായിപ്പോയെന്ന് മനോരമ ഇനിയെങ്കിലും സമ്മതിക്കണം.

     ഏപ്രിൽ 14ന് ആർ വിജിയുടെ വീട്ടിൽ സോളാർ സ്ഥാപിച്ചു എന്നാണു വിവരം. കേന്ദ്രഗവർമെന്റ് ഏജൻസികൾ വിദേശത്തുനിന്ന് രണ്ടുലക്ഷം രൂപയിലധികം മുടക്കി വാങ്ങിയ സൗരോർജ്ജപാനൽ അദ്ദേഹത്തിന് ഒരു ലക്ഷത്തിനാണ് ലഭിച്ചത്. സരിതയാണ് അവിടെ അതു സ്ഥാപിച്ചു കൊടുത്തതെന്നാണ് പിന്നാമ്പുറ വർത്താനം. കൺട്രോൾ പാനലിന്റെ അരലക്ഷവും നാലു ബാറ്ററികൾക്കു വേണ്ടിയുള്ള അരലക്ഷവും ചേർത്ത് രണ്ടുലക്ഷമാണ് ചെലവ്. പാനലുകൾക്ക് പത്തുവർഷം വരെയും ബാറ്ററികൾക്ക് നാലുവർഷം വരെയാണ് പരമാവധി ആയുസ്സ്. പത്തുവർഷം തികച്ച് ഉപയോഗിക്കാൻ 75000 രൂപയുടെ ബാറ്ററികൂടി വേറേ വാങ്ങേണ്ടിയും വരും. അപ്പോൾ ചെലവ് പത്തുവർഷത്തേക്ക് 275000 രൂപ. പ്രതിദിനം 5 യൂണിറ്റ് വൈദ്യുതിവച്ച് 18250 യൂണിറ്റ് വൈദ്യുതിയാണ് ഇക്കാലയളവിൽ പരമാവധി ഉല്പാദിപ്പിക്കാൻ കഴിയുന്നത്. അതായത് യൂണിറ്റൊന്നിന് 15.06 രൂപ. കേന്ദ്രകവർമെന്റിന്റെ പാനൽ വിഹിതമായ ഒരുലക്ഷം കൂടി ചേർത്താണെങ്കിൽ ഇത് 20.54 രൂപയാകും. ഉപയോഗശൂന്യമാകുന്ന ബാറ്ററികളിലെ ലെഡ് ആസിഡും ഫോട്ടോഓൾട്ടിക് സെല്ലുകളിലെ . കാഡ്മിയം ഓക്സൈഡുകളും സൃഷ്ടിക്കുന്ന മാലിന്യം ശുദ്ധീകരിക്കാൻ വേണ്ടിവരുന്ന ചെലവുകൂടി ഉൾപ്പെടുത്തിയാൽ ഒരു യൂണിറ്റ് സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് അൻപതു രൂപയിലധികം ചെലവുവരും. ഇതാണ് സോളാർ വിഷയത്തിൽ സരിതയുടേയും ആർ വി ജി മേനോന്റെയും ലാഭസാമ്പത്തിക ശാസ്ത്രം!

  ലോകത്തെവിടെയെങ്കിലും 10HPയുടെ സ്ക്വരൾഗേജ് ഇൻഡക്ഷൻ മോട്ടോർ സോളാർ വൈദ്യുതി ഉപയോഗിച്ച് സാമ്പത്തികമായി ലാഭത്തിൽ പ്രവർത്തിക്കുന്നതായി ആർ വി ജി മേനോനോ സോളാറിൽ സൂര്യോദയമൊരുക്കുന്ന മറ്റാർക്കെങ്കിലുമോ തെളിയിക്കാൻ സാധിക്കില്ല.

  കൂടം കുളത്ത് ആണവ നിലയത്തിനും അമേരിക്കൻ കുത്തകൾക്കും എതിരേ സമരം ചെയ്യുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാക്കൾക്ക് അതേ കുത്തകകളുടെ ആണവ വൈദ്യുതിയുടെ ഉപോൽപ്പന്നമായ സോളാർ പാനലുകൾ ഉപയോഗിക്കുന്നതിന് ഒരുളുപ്പുമില്ല. സമരം ചെയ്യുന്നവരുടെ നേതാക്കൾക്ക് സമരം തൊഴിലാണ്. അതുകൊണ്ടുതന്നെ സമരങ്ങൾക്ക് പരിഹാരമുണ്ടാവാനോ അത് ആത്മാർത്ഥതയോടെയാകാനോ അവർ ശ്രമിക്കാറുമില്ല. കുത്തകൾക്ക് കാശുണ്ടാക്കിക്കൊടുക്കുന്നതിൽ ഇക്കൂട്ടർക്കുള്ള പങ്ക് ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിൽ ഭൂരിഭാഗം വീടുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നുണ്ട് എന്ന ആർ വി ജി യുടെയും മനോരമയുടേയും “കണ്ടെത്തൽ” കൂടി ഇതിനോട് ചേർത്ത് വായിക്കുക.

Wednesday

അരീക്കോടൻ മാഷിന് നാഷണൽ അവാർഡ്

 
നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ പുരസ്കാരം രാജ്യത്തെ പ്രഗത്ഭരായ പത്തുപേർക്ക് സമ്മാനിച്ച വിവരം ഇതിനകം നമ്മൾ അറിഞ്ഞതാണ്. തെരഞ്ഞെടുത്ത ആ പത്തുപേരിൽ ഒരാൾ നമ്മുടെ സഹചാരിയും സുഹൃത്തും ബ്ലോഗ്‌ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനുമായ ആബിദ് അരീക്കോട് എന്ന അരീക്കോടൻ ആയിരുന്നു എന്നത് അധികം ആരും അറിഞ്ഞുകാണില്ല.
  
               അദ്ദേഹം അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ മനോഹര ദൃശ്യങ്ങൾ താഴെ



 NSSന്റെ കേരളത്തിന്റെ പുരസ്കാരം ഇക്കഴിഞ്ഞ രണ്ടുപ്രാവശ്യവും അരീക്കോടൻ മാഷിനായിരുന്നു ലഭിച്ചിരുന്നത് എന്നത് നമുക്ക് ഏറെ സന്തോഷം പകർന്നിരുന്നല്ലോ. ഇപ്പോൾ രാജ്യത്തെ ഏറ്റവും പ്രഗത്ഭനുള്ള  എൻ എസ് എസ്  പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ദ്രപ്രസ്ഥത്തിന്റെ പ്രൌഢിയായ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നവമ്പർ 19ന് നടന്ന ചടങ്ങിൽ  ഇന്ത്യൻ പ്രസിഡണ്ട് ശ്രീ പ്രണബ്‌മുഖർജിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. മലയാളികളായ നമുക്കേവർക്കും നമ്മുടെ കൂട്ടത്തിലൊരാൾ നേടിയെടുത്ത ഈ അഭിമാനമോർത്ത് സന്തോഷിക്കാം. ആബിദ് അരീക്കോട് എന്ന ബ്ലോഗർ അരീക്കോടനെ നമുക്ക് അഭിനന്ദിക്കാം.

Monday

കാതികൂടം - പ്രശ്നവും പരിഹാരവും


 കാതികൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയും അതുണ്ടാക്കുന്ന മാലിന്യ പ്രശ്‌നങ്ങളും കമ്പനിക്കെതിരേയുള്ള സമരങ്ങളും വാര്‍ത്താക്കച്ചവടത്തിന് വിഭവമൊരുക്കുകയാണിപ്പോൾ. മാലിന്യോല്‍പാദനത്തിന്റെ യഥാര്‍ത്ഥ കാരണവും അതിനുള്ള പ്രതിവിധിയും ചര്‍ച്ച ചെയ്യാന്‍ ന്യൂസ്അവറുകളില്‍ പെറ്റുകിടക്കുന്ന തല്‍സമയ ചര്‍ച്ചക്കാരും അതെല്ലാം വിറ്റ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമ സമൂഹവും തെല്ലും ശ്രമിക്കുന്നില്ല എതാണു വാസ്തവം.

 മുന്‍കാലങ്ങളില്‍ ശാസ്ത്രീയമെന്നു വിശേഷിപ്പിക്കപ്പെട്ട് നടപ്പിലാക്കിയതാണ് നമ്മുടെ എല്ലാ സംവിധാനങ്ങളും. അക്കാലത്ത് അത് നൂതനം തയൊയിരുന്നു. അവ കാലം കഴിയുന്തോറും കാലഹരണപ്പെട്ടതോ പുതിയ ടെക്‌നോളജി വരുമ്പോള്‍ അപരിഷ്‌കൃതമെന്നു തെളിയിക്കപ്പെട്ടതോ ആയി പരിണമിക്കുന്നത് സ്വാഭാവികമാണ്. അന്നത്തെ കാഴ്ചപ്പാടുതന്നെ ഏറെ പുരോഗമിച്ച ഇക്കാലത്തും വ്യക്തമായ പാളിച്ചകളും വികലതകളും കണ്ടില്ലെന്നു നടിച്ച് പിന്തുടരണമെന്നു വാശിപിടിക്കുത് അതിനൂതന ഗതാഗത സംവിധാനങ്ങളുള്ള ഇക്കാലത്തും ആദ്യകാല വാഹനമായ കാളവണ്ടിയിലേ സഞ്ചരിക്കൂ എന്നു വാശിപിടിക്കുന്നതു പോലെയാണ്.


 നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഇപ്പോഴത്തെ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ പൊലൂഷന്‍ കൺട്രോള്‍ ബോര്‍ഡിലെ പ്രായോഗിക പരിചയമില്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ തന്നെയാണ്. കമ്പനിയെ നിലവിലുള്ള സ്ഥിതിയില്‍ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കഴിയില്ല. മാലിന്യവുമായി ബന്ധപ്പെട്ട എല്ലായിടത്തും ഇന്ന് പ്രായോഗിക പരിചയമല്ല കൈക്കൂലിക്കാണ് പ്രാധാന്യം. ശുചിത്വമിഷന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന ജോര്‍ജ്ജ് ചാക്കശ്ശേരിയുടെ പ്രായോഗിക പരിചയം ഹുമാനിറ്റീസില്‍ ഡോക്ട്രേറ്റ് ബിരുദവും ഇപ്പോഴത്തെ എക്‌സിക്യുട്ടീവ് ഡയറക്ടറായ ദിലീപ്കുമാറിന്റേത് സിവില്‍ എന്‍ജിനീയറിംഗുമാണ്. വകുപ്പു കൈകാര്യം ചെയ്യാന്‍ ഏതുതരത്തിലുള്ള പരിചയമാണ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ സ്വീകരിക്കുന്നതെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തവുമാണ്.

 ഓസ്സീനിന്റെ നിര്‍മ്മാണത്തിന് എല്ലുകഷണങ്ങള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി നാലു ശതമാനം വീര്യമുള്ള ഹൈഡ്രോക്ലോറിക് ആസിഡില്‍ അവ വാഷ് ചെയ്യുന്നുണ്ട്. 'ഉപയോഗശൂന്യ'മായ ഈ വെള്ളത്തിന്റെ പി എച്ച് കുമ്മായമുപയോഗിച്ച് ന്യൂട്രലാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ബയോസോളിഡ് നിറഞ്ഞ ഈ ആസിഡ്‌വാട്ടര്‍ പ്യൂരിഫൈ ചെയ്‌തെന്നു വരുത്തി പുഴയിലേക്ക് ഒഴുക്കിവിടുന്നു. ഇത് വാട്ടര്‍ ആക്ടിന്റെ പരിധിയിലാക്കാന്‍ വേണ്ടി പ്യൂരിഫിക്കേഷന്‍ ടൈമില്‍ ധാരാളം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നു. എന്നിട്ടാണ് പുഴയിലൊഴുക്കുന്നത്. അപ്പോഴും ജലത്തിലെ ബയോസോളിഡുകള്‍ക്ക് കുറവു സംഭവിക്കുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകൃത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ഈ രീതിയാണ് കാതികൂടത്ത് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുത്.

 പുറത്തേക്കൊഴുക്കുന്ന ജലത്തില്‍ മാലിന്യത്തിന്റെ കാഠിന്യം കുറവാണെന്നു ബോധ്യപ്പെടുത്താന്‍ കൂടുതല്‍ ജലം ചേര്‍ത്ത് നേര്‍പ്പിച്ചു പുഴയിലൊഴുക്കുമ്പോഴും പുഴയില്‍ ചേരുന്ന മാലിന്യത്തിന്റെ അളവ് കുറയുന്നില്ല. ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്ന ജലം ഒഴിവാക്കിയാലും തുല്യ അളവിലേ മാലിന്യം പുഴയില്‍ ചേരുന്നുള്ളൂ. അങ്ങിനെയെങ്കില്‍ ഗാഢത കുറക്കാന്‍ ചേര്‍ക്കുന്ന ജലം മറ്റ് ആവശ്യങ്ങള്‍ക്കായി സംരക്ഷിച്ചുകൂടേ…?

 വാഷിംഗിനു ശേഷം പുറത്തുവരുന്ന ബയോസോളീഡ് അടങ്ങിയ ആസിഡ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കാണു ഇപ്പോള്‍ പോകുന്നത്. അതിനു പകരം ആവശ്യമായ യന്ത്രങ്ങള്‍ സ്ഥാപിച്ച് ടാങ്കില്‍നിന്ന് പുറത്തേക്കെടുക്കുന്ന സമയം തന്നെ ഓൺലൈനായി ഫില്‍ട്ടര്‍ ചെയ്ത് വെള്ളത്തിലെ ജൈവഖരവസ്തുക്കളെ വേര്‍തിരിച്ചെടുക്കാം. ശേഷമുള്ള ആസിഡ്‌വെള്ളംതന്നെ ആവശ്യത്തിന് ആസിഡ് ചേര്‍ത്ത് അടുത്ത പ്രോസസിംഗിനും ഉപയോഗിക്കാം. അങ്ങനെ വരുമ്പോള്‍ ജലത്തിന്റെ ഉപയോഗം ഗണ്യമായി കുറയുകയും ചെയ്യും. ഇങ്ങനെയുള്ള നൂതന സംവിധാനങ്ങളുടെ പ്രായോഗികതയെക്കുറിച്ച് ആലോചിക്കുന്നതിനു പകരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇപ്പോൾ നിഷ്‌കര്‍ഷിക്കുന്ന പഴഞ്ചന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുതുകൊണ്ടാണ് കാതികൂടത്തെ മലിനീകരണത്തിന്റെ തോത് ഇത്രകണ്ട് ഉയരുത്.

 ആസിഡ്‌വെള്ളത്തില്‍ ബയോസോളിഡുകള്‍ക്ക് ഡീഗ്രേഡേഷന്‍ സംഭവിക്കാന്‍ ചുരുങ്ങിയത് ഒന്നര മണിക്കൂറെങ്കിലും വേണമെന്നിരിക്കേ ആ സമയത്തിനുള്ളില്‍ അവ ഓലൈനില്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ നിഷ്‌പ്രയാസം സാധിക്കും. വേര്‍തിരിക്കപ്പെടുന്ന വെള്ളം കലര്‍ന്ന ഖരമാലിന്യങ്ങള്‍ യൂറോസ്റ്റാന്‍ഡേര്‍ഡ് ബയോഗ്യാസ് പ്ലാന്റിലെത്തിച്ച് ബയോഗ്യാസ് ഉല്പാദിപ്പിച്ച് ശേഷം ലഭിക്കുന്ന സ്ലഡ്ജും ലിക്വിഡ് മാന്വറും ഒന്നാംതരം ജൈവവളമാക്കി മാറ്റി കൃഷിക്കും മറ്റും ഉപയോഗിക്കാം. മാംസാവശിഷ്ടങ്ങളും ചോരയും നീക്കം ചെയ്ത എല്ലു വാങ്ങാന്‍ കമ്പനി ശ്രദ്ധിച്ചാല്‍ മലിന്യോല്പാദനത്തിന്റെ തോത് വീണ്ടും കുറക്കാം.

 ഈ സംവിധാനം നടപ്പിലാക്കാന്‍ വിവരമില്ലാത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് അറിവില്ലാത്ത ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ സാധിക്കും എന്നതിലാണു സംശയം. അവര്‍ക്കു ബോധമുണ്ടായിരുങ്കെില്‍ നിറ്റാ ജലാറ്റിന്‍ കമ്പനിയ്‌ക്കെന്നല്ല കേരളത്തിലെ ഒട്ടുമിക്ക കമ്പനികളുടേയും മാലിന്യ പ്രശ്‌നങ്ങള്‍ക്ക് എന്നേ പരിഹാരമായേനെ. ഒപ്പം കേരളം അനുഭവിക്കുന്ന രൂക്ഷമായ ഇതര മാലിന്യ പ്രശ്‌നങ്ങള്‍ക്കും. വൈകിയ വേളയിലെങ്കിലും ഇവര്‍ക്ക് ബോധോദയമുണ്ടവാന്‍ പ്രാര്‍ത്ഥിക്കുകയല്ലാതെ നിലവില്‍ മറ്റു വഴിയില്ല.

Sunday

മല മുലയേക്കാൾ പ്രധാനം


  കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ കേരളത്തിലെ ചില പ്രത്യേക വിഭാഗക്കാരിൽ കണ്ടുവരുന്ന ചികിത്സയില്ലാത്തതെന്നു വിശേഷിപ്പിക്കാവുന്ന പ്രവൃത്തികൾ കാണുമ്പോൾ ചെറിയ സംശയങ്ങൾ തോന്നിപ്പോവുകയാണ്. മാനവ പ്രവൃത്തികൾ മനുഷ്യനുൾപ്പെട്ട ജീവിവർഗ്ഗത്തിന്റെ അതിജീവനത്തിനും സമുദ്ധാരണത്തിനും വേണ്ടിയുള്ളതാണോ, അതോ അകാലത്തിൽ ചത്തൊടുങ്ങാനാണോ എന്നുള്ളതാണു പ്രധാന സംശയം.

 കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഭീകര താണ്ഡവങ്ങളിൽ നശിപ്പിക്കപ്പെട്ടത് കോടികളുടെ പൊതുമുതലാണ്. ഈ സംഭവങ്ങളൊക്കെ അക്രമമാണോ മറ്റെന്തെങ്കിലുമാണോ എന്നൊക്കെ പറയുന്നതിനു മുമ്പ് ഒന്നു ചോദിക്കാനുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിലും തൊട്ടുമുമ്പുള്ള മാധവഗാഡ്‌ഗിൽ റിപ്പോർട്ടിലും സംസ്ഥാനത്തെ പാവങ്ങളെ ബാധിക്കുന്ന എന്തു കാര്യമാണ് ഉള്ളത്? ഇതിൽ കസ്തൂരിരംഗൻ റിപ്പോർട്ട് പരിശോധിച്ചാൽ കേരളത്തിൽ 124 ദുർബ്ബല പാരിസ്ഥിതിക മേഖലകളുണ്ട് എന്നും അത് കൊല്ലം ജില്ല മുതൽ പടർന്ന് പല മേഖലകളിലായി കിടക്കുന്നു എന്നും അതിലേറ്റവും കൂടുതലുള്ളത് പാലക്കാട് ജില്ലയിലാണ് എന്നുമാണ് മനസ്സിലാക്കാൻ കഴിയുന്നത്.

 പടിഞ്ഞാറേ ഘട്ടത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഇത്തരം മേഖലകളിൽ മണൽ, പാറ മുതലായവ ഖനനം ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പാറയും മണലും ഖനനം ചെയ്യുന്നത് നിരോധിക്കുമ്പോൾ സ്വാഭാവികമായും നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ട് ആ വിഷയത്തിൽ എന്തെങ്കിലും പരിമിതമായ മറ്റം വരുത്തി റേഷൻ സംവിധാനം വല്ലതും വെക്കണമെന്നുള്ള കാര്യത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

 പിന്നെപ്പറയുന്നത് 50 ഹെക്ടറിൽ കൂടുതൽ ടൗൺഷിപ്പ് ഈ മേഖലകളിൽ വികസിപ്പിക്കാൻ പാടില്ല എന്നാണ്. നിലവിലുള്ള റെഡ് പട്ടികയിലേതുപോലെയുള്ള വ്യവസായങ്ങൾ, പുഴകൾ മലിനമാക്കുകയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്ന ഒരു വ്യവസായവും തുടങ്ങാൻ പുതുതായി അനുമതി നൽകരുത് എന്നാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 17 വരെ അപ്പീലും കേസുകളുമായിക്കിടക്കുന്ന കുറേ വ്യവസായ സ്ഥാപനങ്ങളുണ്ട്. അതിനെ മാറ്റി നിർത്തിക്കൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കേണ്ടത്. അതിന് ഉചിതമായ തീരുമാനമെടുക്കാം. അത് ഇതിന്റെ പരിധിയിൽ വരുന്നില്ല. ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനു വേണ്ടി വനഭൂമിയുടെ ഒരിഞ്ചുപോലും സ്വകാര്യ വ്യക്തികൾ തട്ടിയെടുക്കാൻ പാടില്ല. ഇത്തരം കാര്യങ്ങളാണ് കസ്തൂരിരംഗൻ റിപ്പോർട്ടിലുള്ളത്. ഇതിനെയാണ് കർഷക ദ്രോഹമെന്നു പറയുന്നത്!

 പാറയും മണലും ഖനനം ചെയ്തത് കർഷകരാണോ..? എന്തിന്റെ പേരിലാണ് ഇപ്പോൾ കേരളത്തിൽ കലപമുണ്ടാക്കിയത്? അതാണ് ആദ്യമന്വേഷിക്കേണ്ടത്. അതിന്റെ കാരണക്കാരെയാണു തുറുങ്കിലടക്കേണ്ടത്. ഇവിടെ ക്രൈസ്തവ ഭീകരതയുടെ ഗൂഢാലോചനയാണു നടക്കുന്നത്. കെ. എം. മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് മാണിതന്നെയാണോ ഇതിനു നേതൃത്വം കൊടുക്കുന്നത് എന്നു പോലും സംശയിച്ചുപോകുന്നു.

 കേരളത്തിലെ വനഭൂമികളിൽ ഭൂരിഭാഗവും ഇവർക്ക് പതിച്ചു കൊടുത്തിരിക്കുകയല്ലേ ബ്രിട്ടീഷുകാർ പോയകാലം മുതൽ? ആ പരമ്പരകളാണ് മലയോര കോൺഗ്രസായി ഇന്ന് വളർന്ന് നിൽക്കുന്നത്. അവരുടെ നേതൃത്വത്തിലാണു കലാപം നടക്കുന്നത്. അവരാണ് സമാധാനത്തിന്റെ അരുമക്കുഞ്ഞുങ്ങളായി വാഴ്ത്തപ്പെടുന്നത്. ഈ അരുമകളുടെ നേതൃത്വത്തിലാണ് വാടകഗുണ്ടകളെ ഇറക്കി പോലീസ് വാനും ബസ്സുകളും കത്തിക്കുകയും വനപാലകരെ അക്രമിക്കുകയുമൊക്കെ ചെയ്തിരിക്കുന്നത്.

 ഇതിനെതിരേ കേസെടുക്കരുതെന്നു പറയുന്നവനെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്, അത് ആരെഴുതിക്കൊടുത്താലും. കേസെടുക്കരുതെന്നാണ് തീരുമാനമെങ്കിൽ അവരെ തുറുങ്കിലടക്കണം, അങ്ങനെ തീരുമാനിക്കുന്നതും കേസെടുക്കില്ല എന്നു പറയുന്നതും രാജ്യദ്രോഹമാണ്.

 ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്ത, ശവമടക്കാൻ ഭൂമിയില്ലാത്ത ആദിവാസികൾ ഇവിടെ യാതന അനുഭവിക്കുന്നുണ്ട്. അരിപ്പയിൽ അവർ എത്രയോ ദിവസങ്ങളായി സമരം നടത്തുന്നു. ആ സമരം പൊളിക്കാൻ സിപിഎമ്മും സിപിഐയും അവിടെ ബദൽ സമരം സംഘടിപ്പിക്കുന്നു. ആ സാധുക്കൾക്ക് അർഹതപ്പെട്ട കൃഷിഭൂമി കൊടുക്കാൻ തയ്യാറല്ല. അച്ചായന്മാരുടെ കയ്യിലിരിക്കുന്നത് എത്രയേക്കർ ഭൂമിയാണെന്ന് വല്ല നിശ്ചയവുമുണ്ടോ..? അത് ആരെങ്കിലും അളക്കുന്നുണ്ടോ?

 ഈ സമരം വെറും കാപട്യം മാത്രമാണ്, ഇത് രാജ്യത്തെ അട്ടിമറിക്കാനുള്ള അക്രമമാണ്. പാറ, മണൽ എന്നിവ ഖനനം ചെയ്യുന്നത് ആശാസ്യമായ വിധം മാത്രം നില നിർത്തുക, അതിനുള്ള സംവിധാനങ്ങൾ ദുർബ്ബല പാരിസ്ഥിതിക മേഖലകളിൽ ഒരുക്കുക, ഇത് അത്യാവശ്യമാണ്. നമുക്ക് ഇനി അവശേഷിക്കുന്നത് 5994 ചതുരശ്ര കിലോമീറ്റർ വനഭൂമി മാത്രമാണ്. അതായത് 37%. അതുകൂടി അച്ചായന്മാർക്ക് തീറെഴുതി കൊടുത്തുകഴിഞ്ഞാലേ ഇവിടെ സമത്വം പൂർണ്ണമാകൂ എന്നാവും ഈ സമരത്തിന്റെ അർത്ഥം! കുടിയേറ്റക്കാരായി കടന്നുകൂടി വനഭൂമി മുഴുവൻ നശിപ്പിച്ചത് ഇക്കൂട്ടരാണ്. കേരളത്തിലെ ചെറുതും വലുതുമായ എസ്റ്റേറ്റുകൾ ആരുടെ കൈയിലാ ഇരിക്കുന്നതെന്ന് കണക്കെടുക്കട്ടെ.

 പുരോഹിതന്മാരെ മറയാക്കി ഇവിടെ സമരം നടത്തുകയാണ്. പണ്ട് ലൗ ജിഹാദിന്റെ സമയത്തും ഈ പുരോഹിതന്മാർ തന്നെയാണ് ബഹളം വച്ചത്. അതൊന്നും ആരും ചോദ്യം ചെയ്തുപോകരുത്. ഒരുപാടുതവണ ചോദിച്ചു പഴകിയതാണ് കളമശ്ശേരി. അതു ഭീകരത എന്ന് ആരോപിക്കുന്നവർ ഇത് കേസെടുക്കേണ്ടാന്നു പറയുമ്പോൾ അവരെപ്പിടിച്ച് അകത്തിടണം. ഒരു കളമശേരിയുമായി മാത്രം താരതമ്യപ്പെടുത്തേണ്ട കേസല്ല ഇതെന്ന് നന്നായറിയാം. എങ്കിലും രണ്ടു പ്രവൃത്തിയും ഒന്നായിരിക്കേ, കളമശ്ശേരിയേക്കാൾ എത്രയോ ഇരട്ടി “ഭീകരത” ഈ അക്രമത്തിൽ ഉണ്ടയിരിക്കെ ഇതിനെതിരേ അധികാരിവർഗ്ഗം സ്വീകരിച്ചിട്ടുള്ള നിലപാടുകളാണ് അപലപനീയം.

 ഈ നാട് നന്നാവുമെന്നുള്ള പദ്ധതിയൊന്നും മനസ്സിൽ വെക്കണ്ട. മണ്ണും വെള്ളവും ശുദ്ധവായുവുമൊക്കെ വരും തലമുറകൾക്കും വേണ്ടി ഉള്ളതാണെന്ന് ആരും വ്യാമോഹിക്കണ്ട. തലമുറകൾ ഇനി വരാനുണ്ടെന്ന് ആലോചിക്കുക പോലുമരുത്! ഇപ്പോൾ നമ്മൾ മാങ്ങാ പറിച്ചു തിന്നുന്നത് നമ്മൾ നട്ട മാവിൽ നിന്നാണോ? നമുക്കുമുമ്പ് മറഞ്ഞുപോയവർ വെച്ചുതന്നതു കൊണ്ടല്ലേ നമ്മൾ പറിച്ചു കഴിക്കുന്നത്? അടുത്ത തലമുറക്ക് ഒന്നും വിട്ടുകൊടുക്കില്ലെന്നു പറഞ്ഞാൽ അതു തെമ്മാടിത്തരമല്ലേ?

 എങ്ങാനും ഒരു മല തലയുയർത്തി നിന്നാൽ അതിനെ ഇടിച്ചു നിരത്തി വിറ്റ് അവിടെ മൈതാനമാക്കി പിന്നെ റിസോർട്ടു കെട്ടിപ്പൊക്കാം. അതിനെ വികസനമെന്നു വിളിച്ചുപറഞ്ഞ് അഭിമാനിക്കാം. മലയെ മുലയെക്കാൾ സംരക്ഷിക്കണമെന്നത് സൗകര്യപൂർവ്വം വിസ്മരിക്കാം. അങ്ങിനെ ദാഹജലവും ശുദ്ധവായുവുമില്ലാതെ ചത്തൊടുങ്ങുന്ന മാനവരാശിയെ അതിവേഗം ബഹുദൂരത്തിൽ നിന്ന് സ്വാഗതം ചെയ്യാം…

Popular Posts

Recent Posts

Blog Archive