Saturday

ആഗ്രഹങ്ങള്‍ വഴിമാറുമ്പോള്‍....

പാതിമയക്കം കണ്‍കളിലുണരും
നേരത്തേതു മരം ചൊല്ലി...
പാതിമുറിഞ്ഞ ശിരസ്സും കൊണ്ടൊരു
പാവം നാട്ടു മരം ചൊല്ലി


നാലുവരിക്കു വകഞ്ഞു പകുത്തി-
ട്ടോരം നീളേ മഞ്ഞവര
നടവഴില്ലാപ്പെരുവഴിയില്‍- ചെറു
തരുനിരയില്ലാ തണല്‍ വഴിയില്‍


പൊരിവെയിലൂറ്റം കൊള്ളുന്നിവിടെ
പൊരിവയറേറ്റും പാവങ്ങള്‍
വഴിനടയെന്നതു കഠിനം- നേരേ
പായ്‌വതു കണ്ടാലാശ്ചര്യം !


ഉച്ചിയിലുച്ചയ്ക്കര്‍ക്കന്‍ തന്നുടെ
നോട്ടം പേറി നടന്നു വരുമ്പോള്‍
കൂട്ടീലണഞ്ഞാലാശ്വാസം
തന്നുണ്ണിയെ കണ്ടാല്‍ നിശ്വാസം


വീതികുറഞ്ഞ നിരത്താണിവിടെ
കാണുന്നുണ്ട്‌ വെളുത്തവര
നേരം കളയാന്‍ നോക്കിയിരിക്കാം
അരികില്‍ കാണും മഞ്ഞവര


സമയം തീരെ കുറവാണിവിടെ
ക്ഷമയതുമല്‍പ്പം കുറവുണ്ട്‌
ഇടതട നോക്കാന്‍ തരമില്ലാ
ക്ഷണമെത്ര നിശബ്ദതയറില്ല...


കണ്ണു കലങ്ങിയ മാതാക്കള്‍- പതി
പാതിയിലറ്റൊരു പനിമതികള്‍
ചുറ്റും ചിതറും കൂരിരുളില്‍- സ്മൃതി
വിണ്ണില്‍ തിരയും ചെറു മിഴികള്‍


‍ദിനവും ചുറ്റും കാണുന്നുണ്ടിതു
മാറ്റാനൊരു മനമിന്നില്ലാ.
സമയം തീരെ കുറവാണിവിടെ
ക്ഷമയതുമല്‍പ്പം കുറവുണ്ട്‌ !


കൂടുതെരഞ്ഞു വരുന്ന പ്രവാസിയും
പാതിവഴിക്കു മടങ്ങുന്നു,
ഇണയോ തലതല്ലുന്നുണ്ടുണ്ണികള്‍
കഥയറിയാതെ മയങ്ങുന്നു...


പാതി മരിച്ചൊരു മാതാവിന്‍- വ്യഥ
മുറ്റിയ രോദനമീവഴിയില്‍,
അരികിലൊരുണ്ണിത്തരു ചിതറി
ചെറു കയ്യില്‍ കണ്ടു കളിപ്പാട്ടം...


കത്തിക്കാളും ചുടുനിണമാര്‍ന്നൊരു
ചിത്രം മുന്നില്‍തെളിയുമ്പോള്‍
നട്ടുനനച്ചു വളര്‍ത്തിയ പൂച്ചെടി
പാഴ്ത്തടിയായിത്തീരുമ്പോള്‍


കിട്ടും വല്ലാതുള്ളൊരു നൊമ്പര-
മുള്ളില്‍ത്തട്ടിച്ചിതറുമ്പോള്‍
കാണും വഴിയോരത്തിനി വീണ്ടും
പുള്ളി പുരണ്ടൊരു വെണ്‍ശീല


കുത്തിനിറയ്ക്കുക ത്വരിതം
സ്മശാനങ്ങള്‍ നീളേ തുറക്കുക
അല്ലെങ്കില്‍ മറക്കുക സമയം
കണ്ണുതുറന്നു ചരിക്കുക
കണ്ണുമടച്ചു ചിരിച്ചീടുക

കണ്ണുതുറന്നു ചരിക്കുക നമ്മള്‍
കണ്ണുമടച്ചു ചിരിക്കുക വീണ്ടും...

  6 comments:

  1. ആഗ്രഹങ്ങള്‍ പടക്കുതിരകളായി മുന്നോട്ടു തന്നെ പായട്ടെ...

    ReplyDelete
  2. നന്നായിട്ടുണ്ട്..
    ആശംസകള്‍

    ReplyDelete
  3. Raji Chandrasekhar : നന്ദി ചേട്ടാ... ഇവിടവന്നതിനും കമന്റിയതിനും...

    ശ്രീ : നന്ദി ശ്രീ

    SreeDeviNair : നന്ദി ചേച്ചീ...

    subu"melattur : sabu_kottotty@yahoo.com

    mp.renjithlal : thank you...

    ReplyDelete

Popular Posts

Recent Posts

Blog Archive