Thursday

ജീവിതം മരീചികപോലെ...

വളരെക്കാലത്തിനു ശേഷമാണ് ഇത്രയധികം ദൂരം ബസ്‌യാത്ര നടത്തുന്നത്. നല്ലപാതിയും കുട്ടികളും നാട്ടിലാണ്. അവരെ കൂട്ടി വരാനുള്ള യാത്ര മറ്റു പലതിനും വേണ്ടിക്കൂടിയാക്കിയതാണ്. ഒന്‍പതു മണിക്ക് ഗുരുവായൂരില്‍ മീറ്റിംഗു വച്ചിരുന്നു. അതിരാവിലേ യാത്രതിരിച്ചു. മീറ്റിംഗിനു ശേഷം കമ്പനിയുടെ ഫ്രാഞ്ചസിയിലും ഒന്നുകയറി നേരേ ഇടപ്പള്ളിയിലേക്ക് ബ്ലോഗര്‍ യൂസുഫ്പയുമായി ഒരുമണിക്കൂര്‍ ചെലവിട്ട് നേരേ കോട്ടയത്തേക്ക്. രാജേഷിനെ കാണണം, അടുത്ത ലക്ഷ്യം അതായിരുന്നു.

കോട്ടയത്തേയ്ക്കാ‍ണു ടിക്കറ്റെടുത്തത്. കിടങ്ങൂരിലെത്താന്‍ ഏറ്റുമാരില്‍ ഇറങ്ങുതാണു നല്ലതെന്ന് യാത്രയ്ക്കിടയിലാണറിഞ്ഞത്. യാത്ര ഏറ്റുമാരിലൊതുക്കിയപ്പോള്‍ രാത്രി ഒന്‍പതുമണി. രാത്രിയില്‍ രാജേഷുമായുള്ള കൂടികാഴ്ച വേണ്ടെന്നു വച്ച് ഹോട്ടലില്‍ റൂമെടുത്തു.

രാവിലേ ഒന്‍പതുമണിക്ക് യാത്ര പുറപ്പെട്ടു. കിടങ്ങൂരില്‍ ബസ്സിറങ്ങിയപ്പോള്‍ രാജേഷിന്റെ അച്ഛന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പ്രായത്തിന്റെയും ദാരിദ്ര്യത്തിന്റെയും ക്ഷീണം ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന രൂപം. ഓട്ടോക്കാരനു കാശും കൊടുത്ത് തിരികെപ്പോകുമ്പോള്‍ വിളിക്കാന്‍ നമ്പരും വാങ്ങി നടന്നു. നാട്ടുപാതയില്‍ നിന്നും ഏതാണ്ട് എഴുപത്തഞ്ചു മീറ്റര്‍ ഉള്ളിലാണ് രാജേഷിന്റെ വീട്. അല്ല, അങ്ങനെ പറയുന്ന എന്തോ ഒന്ന്. നല്ലൊരു മഴപെയ്താല്‍ രാജേഷിന്റെ രണ്ടൂനില വീടിന്റെ താഴത്തെ നില വെള്ളത്തിനടിയിലാവും. ഇപ്പൊ സംശയമായി അല്ലേ? രാജേഷിന് രണ്ടുനില വീടോ?

വര്‍ഷക്കാലമായാല്‍ വെള്ളത്തിനടിയിലാകുന്ന സ്ഥലത്താണ് ആകെയുള്ള രണ്ടൂ സെന്റ് സ്ഥലം. അവിടെയായിരുന്നു രാജേഷിന്റെ കുടില്‍. മഴയായാല്‍ ഭാഗികമായും വര്‍ഷക്കാലത്ത് പൂര്‍ണ്ണമാ‍യും ആ കുടില്‍ വെള്ളത്തിനടിയിലാവും. ഈ സന്ദര്‍ഭത്തിലെല്ലാം രാജേഷിന്റെ വൃദ്ധപിതാവ് മകനെ താങ്ങിയെടുത്ത്. വെള്ളമെത്താത്ത എവിടെയെങ്കിലും വയ്ക്കും. മറ്റുവീട്ടുകാര്‍ക്ക് ബുദ്ധിമുട്ടു തുടങ്ങിയപ്പോള്‍ സുമനസ്സുകളുടെ സഹായമായെത്തിയതാണ് ഇപ്പോഴുള്ള വീട്. വെള്ളമുയരുന്ന ഉയരത്തില്‍ ചുമരുപൊന്തിച്ച് മുകളില്‍ ഒരു ഒറ്റമുറി തീര്‍ത്തുകൊടുത്തു. താഴേക്കിറങ്ങാന്‍ കോണിപ്പടിയും. ആ കോണിപ്പടി ഇന്ന് രാജേഷിനെയും അച്ഛനെയും വളരെയധികം വിഷമിപ്പിയ്ക്കുന്നുണ്ട്. അസാധാരണ ഭാരമുള്ള രാജേഷിനെ താങ്ങിയെടുത്ത് ആ കോണിപ്പടികള്‍ കയറിയിറങ്ങാന്‍ ആ വൃദ്ധന് ശേഷി കുറഞ്ഞു വരുന്നു. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് കേട്ടിട്ടുണ്ട്. നിത്യം എടുക്കുന്നതു കൊണ്ടുമാത്രമാണ് ആ അച്ഛന് അതു സാധിയ്ക്കുന്നത്.

മൂന്നു മീറ്റര്‍ നീളവും രണ്ടുമീറ്ററിനടുത്ത് വീതിയുമുള്ള ഒറ്റമുറി. അതാണ് രാജേഷിന്റെ വീട്. അടുക്കളയും എല്ലാം അതുതന്നെ. രാജേഷിന്റെയും കുടുംബത്തിന്റെയും അവരുടെ വീടിന്റെയും ചിത്രങ്ങളെടുത്ത് ഇവിടെ പതിയ്ക്കണമെന്നു കരുതി ക്യാമറ കരുതിയിരുന്നെങ്കിലും ഫോട്ടോ എടുക്കാനുള്ള ശേഷി എനിയ്ക്കു നഷ്ടപ്പെട്ടിരുന്നു ആ സമയം.

ഒരു തുണയായി മിനി വന്നെങ്കിലും കേവലം ആശ്വാസം മാത്രമായി മാത്രമേ അതനുഭവപ്പെടുന്നുള്ളൂ. ജീവിയ്ക്കാനുള്ള സാഹചര്യം അത്രയ്ക്കു മോശമാണ്. മൂന്നുവശം മാത്രം കെട്ടിമറച്ച ആ മുറിയില്‍‌വച്ച് അര ഗ്ലാസ് കട്ടന്‍ ചായ ഇട്ടുതരാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ സമയമെടുത്തു. മണ്ണെണ്ണതീര്‍ന്നതിനാല്‍ സ്റ്റൌ മൂലയില്‍ വിശ്രമിയ്ക്കുന്നു. വിറകു കത്തിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കെട്ടി മറയ്ക്കാത്ത വശത്തുകൂടി വരുന്ന കാറ്റ് അതിനെക്കെടുത്തുന്നു. അന്നവിടെ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നു മനസ്സിലാക്കാന്‍ അധികം ചിന്തിയ്ക്കേണ്ടിവന്നില്ല. അതു ഞാനറിഞ്ഞെന്ന് അവരെ അറിയ്ക്കാതിരിയ്ക്കുന്നതില്‍ ഞാന്‍ വിജയിച്ചു.

വെള്ളം കടന്നുവരുന്ന ദിവസങ്ങളില്‍ രാജേഷ് ഒന്നും കഴിയ്ക്കാറില്ല. പ്രാഥമിക കാര്യങ്ങള്‍ ആദിവസങ്ങളില്‍ അസാധ്യമായതാണു കാരണം. ആ ദിവസങ്ങളില്‍ ചെലവിന് കുറച്ച് ആശ്വാസമുണ്ടെന്ന് രാജേഷിന്റെ ഭാഷയില്‍ പറയും. ഹാറൂണ്‍‌മാഷിന്റെ പോസ്റ്റില്‍ വിശദീകരിയ്ക്കുന്നതിനെക്കാള്‍ വിശദീകരിയ്ക്കാനാവാത്ത വിധം ബുദ്ധിമുട്ടിലാണ് ആകുടുംബം ജീവിയ്ക്കുന്നത്. നേരിട്ടു കണ്ടാല്‍ മാത്രം അതു മനസ്സിലാവും. സ്വന്തം കൈകൊണ്ട് ഒരു തുള്ളി വെള്ളം കുടിയ്ക്കാന്‍ രാജേഷിനു കഴിയുന്നില്ല. ശരീരത്തിന്റെ സ്ഥിതി അങ്ങനെയാണ്.

യാത്ര പറഞ്ഞ് നേരേ കിടങ്ങൂര്‍ പഞ്ചായത്താപ്പീസിലെത്തി. രണ്ടുസെന്റു സ്ഥലം കൈവശമുള്ളതിനാല്‍ സ്ഥലം കിട്ടാന്‍ വകുപ്പില്ലെന്നു പറഞ്ഞു, വീടുള്ളതിനാല്‍ അതിനും. അശരണര്‍ക്കു കിട്ടാനുള്ള അരിയും പയറുമെങ്കിലും കൊടുക്കാന്‍ പഞ്ചായത്തു മെമ്പറോടു പറഞ്ഞു. കണ്ണടച്ചിരുട്ടാക്കുന്ന ജനപ്രതിനിധികള്‍. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യാമെന്ന് ഭംഗിവാക്കായെങ്കിലും പറയാന്‍ അവര്‍ക്കുകഴിഞ്ഞതിനാല്‍ അല്‍പ്പം നീരസം കുറഞ്ഞു. രാജേഷ് ഇപ്പോഴുപയോഗിയ്ക്കുന്ന “വീടും പറമ്പും” നമ്മെ സംബന്ധിച്ചുനോക്കിയാല്‍ വിറകുപുരയായി പോലും നാമുപയോഗിയ്ക്കാന്‍ മടിയ്ക്കും.

നിരാശയോടെ SBT കിടങ്ങൂര്‍ ബ്രാഞ്ചിലേയ്ക്ക്. അവിടെ പക്ഷേ നിരാശപ്പെടേണ്ടിവന്നില്ല. കഴിയും വിധം ബാങ്കിലെ കുടിശ്ശിഖ തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ബാങ്കിനാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അവര്‍ ഉറപ്പുതന്നു. അവിടെനിന്നുതന്നെ കൂടല്ലൂര്‍ ബ്രാഞ്ചിലെ കുടിശ്ശിഖയെക്കുറിച്ച് അന്വേഷിയ്ക്കാനും അവര്‍ മടിച്ചില്ല. അവിടത്തെ ലോണ്‍ കുടിശ്ശിക എഴുതിത്തള്ളിയതായി അറിയാന്‍ കഴിഞ്ഞു. ഒരുപക്ഷേ ഇവിടെയും അതാവര്‍ത്തിയ്ക്കാമെന്ന് അവര്‍ പ്രത്യാശിച്ചു.

രാജേഷിനു കൂട്ടിനായെത്തിയ മിനി അങ്കമാലി സ്വദേശിനിയാണ്. ഈ കൂടിച്ചേരലിന് മിനിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്. അമ്പലത്തില്‍ വച്ച് വിവാഹം കഴിച്ചെങ്കിലും വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മിനിയുടെ ജനനത്തീയതി രേഖകള്‍ കയ്യിലില്ലാത്തതാണു കാരണം. അത് അവര്‍ക്ക് ലഭിയ്ക്കുമെന്നുതന്നെ കരുതാം.

വെള്ളം കയറാത്ത ഏതെങ്കിലും സ്ഥലത്ത് ഒരു ചെറ്റക്കുടില്‍ മാത്രമാണ് അവര്‍ ആഗ്രഹിയ്ക്കുന്നത്. സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം സംരക്ഷിതനായ രാജേഷിനും കുടുംബത്തിനും ആത്മഹത്യയില്‍ നിന്നു മാറിനില്‍ക്കാന്‍ അതുമാത്രമാണു പോംവഴി. രാജേഷിന്റെ വൃദ്ധപിതാവിന്റെ കൈകള്‍ക്ക് ശക്തികുറയരുതേ എന്നു പ്രാര്‍ത്ഥിയ്ക്കാം. മൂന്നുനേരവും പട്ടിണിയായ ഈ കുടുംബത്തിനെ മുഖ്യധാരാ മാധ്യമങ്ങളേതെങ്കിലും സുമനസ്സുകള്‍ക്കു പരിചയപ്പെടുത്തിയിരുന്നെങ്കില്‍ സഹജീവികളെ സ്നേഹിയ്ക്കുന്ന ആരെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്തേനെ.

ദൈവം കൊടുത്ത ആയുസ്സിന്റെ അന്ത്യ നിമിഷം വരെ അവര്‍ക്കു ജീവിയ്ക്കാന്‍ കഴിയട്ടെയെന്നുമാത്രം പ്രാര്‍ത്ഥിയ്ക്കുന്നു... വെള്ളം കയറാത്തിടത്ത് തറനിറപ്പില്‍ ഒരു കുടില്‍ അത് അവര്‍ക്കു ലഭിയ്ക്കട്ടെയെന്നും. ആരെങ്കിലുമൊക്കെ അതിനുവേണ്ടി മുന്നിട്ടിറങ്ങുമെന്നു ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. രാജേഷിന്റെ മൊബൈല്‍‌നമ്പര്‍ ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു, 9744120828. ബൂലോകത്തെ ഒരു സഹജീവി സമ്മാനിച്ചതാണ് ആ മൊബൈല്‍ഫോണ്‍. എന്തെങ്കിലും അത്യാവശ്യം നേരിട്ടാല്‍ വിളിയ്ക്കാന്‍ വേണ്ടി. പക്ഷേ അതു ചെവിയോടു ചേര്‍ത്തുപിടിയ്ക്കാ‍ന്‍ പരസഹായം വേണം. മാധ്യമങ്ങളിലോ മറ്റുമാര്‍ഗ്ഗങ്ങളിലൂടെയോ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിവുള്ളവര്‍ ബൂലോകത്തുണ്ടെങ്കില്‍ ഈ വിഷയത്തിലും അവര്‍ അതിനു ശ്രമിയ്ക്കണമെന്ന് അഭ്യര്‍ത്ഥിയ്കുന്നു.

ഹാറൂണ്‍‌മാഷിന്റെ പോസ്റ്റ്

  22 comments:

  1. കൊട്ടോട്ടീ,എനിക്ക് കമന്‍റ് വര്ന്നില്ല..!
    രാജേഷിന് വേണ്ടത് നമുക്കറിയാം...പലരും ഓഫര്‍
    ചെയ്തിട്ടുണ്ടെങ്കിലും,ആ ഓഫറുകള്‍ കാലവിളംബം
    കൂടാതെ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണമെന്ന് മാത്രം
    ഉണര്‍ത്തുന്നു...

    രാജേഷിനെ വിളിക്കാം : 9744120828

    ReplyDelete
  2. എനിക്കും സഹായിക്കാന്‍ കഴിയും അവരെ, ഞാന്‍ ഒന്ന് നടന്ന് തുടങ്ങിയാല്‍ പോകണം അവിടെ കഴിയുന്നതെല്ലാം ചെയ്യണം.
    ഞാന്‍ എന്റെ കൂട്ടുകാരോടൊക്കെ രാജേഷിനെ കുറിച്ച് പറഞ്ഞിരുന്നു അവര്‍ സാമ്പത്തികമായി സഹായിക്കാം എന്നും ഏറ്റിട്ടുണ്ട്
    നമുക്ക് കഴിയുന്നത് ഒരു 100 രൂപ ആണെങ്കിലും അത് നല്‍കാന്‍ നമുക്ക് മടികാണിക്കാതിരിക്കാം

    ReplyDelete
  3. :( തീര്‍ച്ചയായും സഹായിക്കാം എന്നാല്‍ ആകും വിധം

    ReplyDelete
  4. ഇവിടെ വാക്കുകള്‍ക്കു പ്രസക്തിയില്ലെന്ന് തോന്നുന്നു.ഒരുപാട് ചെയ്യാനുണ്ട്.കുറഞ്ഞ സമയത്തില്‍ നമുക്ക് രാജേഷിനു വേണ്ടി എന്ത് ചെയ്യാം എന്ന് ആലോചിക്കണം.എല്ലാവരും കൂട്ടിനുണ്ടാകും.

    ReplyDelete
  5. സഹോദരങ്ങളേ..
    നമുക്ക് ഇനിയും എഴുതണ്ട, പറയണ്ട പക്ഷെ 'പ്രവര്‍ത്തിക്കാം'.
    എത്രയും വേഗം ..

    ReplyDelete
  6. ഹറൂൺ മാഷേ.. സാബു മാഷേ.. ഒരിക്കൽ താങ്കൾ പറഞ്ഞു എന്താ‍ ഒരു കൂട്ടായ്മ പ്ലാൻ ചെയ്യുന്നുണ്ടെന്ന്.. നല്ലത്. .എന്നാൽ കഴിവത് ചെയ്യാം.. പോസ്റ്റിനെ പറ്റി ഞാൻ കമന്റുന്നില്ല. .സുഹൃത്തേ..

    ReplyDelete
  7. ഹാറൂന്‍ മാഷിന്റെ ബ്ലൊഗില്‍ വായിച്ചിരുന്നു..
    ഇതു കൂടി വായിച്ചപ്പോള്‍..
    നൊമ്പരമാവുന്നു...

    പ്രാര്‍ഥനകള്‍..
    എന്നാലാവുന്ന സഹായങ്ങളും..

    ReplyDelete
  8. കൊട്ടോട്ടീ...
    ഒരാഴ്ചയായി കുറച്ചു തെരക്കിൽ പെട്ടു.
    സാധ്യമായ ചികിത്സ ഞാൻ ഏർപ്പാടു ചെയ്യാം.
    മഴ തകർക്കുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ അവിടെ താമസം ബുദ്ധിമുട്ടാവും എന്നതിനാൽ ആ സമയം തന്നെ ആയുർവേദ കോളേജാശുപത്രിയിൽ അഡ്മിറ്റാവാം.... അത് അവർക്കൊരു ആശ്വാസമാകും.

    ചികിത്സ മാസങ്ങൾ നീണ്ടേക്കാം...

    നമുക്ക് കഴിയുന്നത്ര ശ്രമിക്കാം. ഞാൻ തിങ്കളാഴ്ചയേ (24-5-10)ഫ്രീ ആകൂ.... അന്ന് എന്നെ ഒന്നു വിളിക്കണേ...

    ReplyDelete
  9. രാജേഷിനു ഞാന്‍ വിളിച്ചിരുന്നു. സംസാരിച്ചപ്പോള്‍ കഷ്ടം തോനി. എന്നാല്‍ കഴിയുന്ന സഹായം ഞാന്‍ ഉടന്‍ ചെയ്യാമെന്നു വാക്ക് നല്‍കിയിട്ടുണ്ട് ( ഹാറൂണ്‍ക്ക പറഞ്ഞ പോലെ ഓഫറുകള്‍ കാലവിളംബം കൂടാതെ പൂര്‍ത്തീകരിക്കാന്‍ നമുക്ക് ശ്രമിക്കാം.)

    ReplyDelete
  10. ഹാഷിം പറഞ്ഞപോലെ ചെറിയ ഒരു തുകയെങ്കിലും കൊടുക്കാന്‍ ശ്രമിക്കാം. പലതുള്ളി പെരു വെള്ളം എന്നു പറഞ്ഞ പോലെ.

    ReplyDelete
  11. എന്റെ വക ഒരു ചെറിയ സഹായം രാജേഷിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഒരു മാസം മുന്‍പ് അയച്ചിട്ടുണ്ട്.

    രാജേഷിനെ സഹായിക്കാന്‍ മുന്‍‌‌കൈയെടുത്ത കൊട്ടോട്ടിക്കാരന് നന്ദി.

    ReplyDelete
  12. മുന്‍പ് പറഞ്ഞിരുന്നെങ്കിലും അയക്കാന്‍ പല കാരണങ്ങള്‍ കൊണ്ട് വൈകിയതില്‍ ലജ്ജതോന്നുന്നു, ഉടനെ അത് ചെയ്യും

    ReplyDelete
  13. ഇന്‍ശാ അള്ളാ ഞാനും എന്തെങ്കിലുമൊക്കെ ചെയ്യാം...

    ReplyDelete
  14. കോട്ടോട്ടി ഏറ്റവും മഹത്തായ ഒരു ദൌത്യം നിറവേറ്റിയിരിക്കുന്നു.

    ReplyDelete
  15. കൊട്ടോട്ടീ - ഹാറൂണ്‍ ചേട്ടന്റെ പോസ്റ്റ് വായിച്ചതിനുശേഷം ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു ഞാന്‍.(സാമ്പത്തിക ബുദ്ധിമുട്ടല്ല, മറ്റ് ചില തിരക്കുകള്‍) ഇപ്രാവശ്യം നാട്ടിലെത്തിയിട്ട് എന്നാലാവുന്നത് നേരിട്ടെത്തിക്കാം. നേരിട്ട് പോയി കണ്ടാലേ എനിക്ക് കിട്ടിയിരിക്കുന്ന സൌഭാഗ്യങ്ങളുടെ വില ശരിക്കും മനസ്സിലാക്കാനും അതിന് സര്‍വ്വേശ്വരനോട് നന്ദി പറയാനും എനിക്കാകൂ.

    ReplyDelete
  16. ഹാറൂണ്‍മാഷ്‌ന്റെ പോസ്റ്റില്‍ നേരത്തേ തന്നെ നമ്മള്‍ സൂചിപ്പിച്ചതു പോലെ കിട്ടുന്ന പൈസ അവര്‍ക്ക് സ്ഥിരജീവിതത്തിന് ഉപയുക്തമാകണം , രാജേഷിന്റെ ചികിത്സയും താമസസൗകര്യവും എത്രയും പെട്ടെന്ന് നടപ്പാക്കണം. ഡോ.ജയന്‍ വഴി അവര്‍ക്ക് എത്രയും പെട്ടെന്ന് ആശുപത്രി പ്രവേശനം ലഭിക്കട്ടെ.

    ആഹാരം , വാസസ്ഥലം, വസ്ത്രം എന്ന പ്രാഥമിക ആവശ്യമാണല്ലോ ആദ്യം നടത്തേണ്ടത്. ഇവിടെ അതിനൊപ്പം ചികിത്സ കൂടി വരുന്നു.

    താങ്കള്‍ പോകുന്ന കാര്യം ഞാന്‍ നേരത്തേ അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ കോട്ടയത്ത് നവജീവന്‍ തോമസ് മാഷെ കാണാന്‍ പറയുമായിരുന്നു. പരിചയമൊന്നുമില്ല, വായിച്ചറിയാം . കോട്ടയത്ത് അദ്ദേഹം സുപരിചിതനാണ്. അതുമല്ല, അവിടെ മനോരമയില്‍ ഒന്നു പോകാമായിരുന്നു. അവര്‍ ഇത്തരം കാര്യങ്ങളില്‍ സഹായിക്കും എന്ന് കേട്ടിട്ടുണ്ട്. രാജേഷിന്റെ അച്ഛനോട് ഒന്നു നേരിട്ട് മനോരമയില്‍ പോകാന്‍ പറഞ്ഞാലും തരക്കേടില്ല.

    പിന്നെ അവിടം വരെ പോകാനും അവര്‍ക്കുവേണ്ടി ബാങ്കില്‍ അന്വേഷിക്കാനും മറ്റും സന്നദ്ധത പ്രകടിപ്പിച്ച താങ്കളുടെ സുമനസ്സിന് മുമ്പില്‍ നമിക്കുന്നു. ഇത്തരം നല്ല കാര്യങ്ങള്‍ താങ്കള്‍ താങ്കളുടെ മക്കള്‍ക്കായി ചെയ്യുന്ന ആത്മീയ ഇന്‍ഷൂറന്‍സ് ആണ്. ഇനിയും കാണാം.

    ReplyDelete
  17. തീര്‍ച്ചയായും സഹായിക്കും! ഇന്ഷാ അല്ലാഹ്

    ReplyDelete
  18. prarthikkam ennum ente prarthanayil ningal undakum..

    ReplyDelete
  19. ഇത് ഇപ്പോഴാണ് കണ്ടത്..എന്തായെന്ന് അറിയാന്‍ താല്‍പര്യമുണ്ട്‌.

    ReplyDelete

Popular Posts

Recent Posts

Blog Archive