Thursday

വിതരണ വൈശിഷ്ട്യം

ഭക്ഷണക്കാര്യത്തില്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ഇന്ത്യയിലെ നാല്‍പ്പത്തഞ്ചുകോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണുകളെ ചൂഴ്‌ന്നുകൊല്ലുന്ന കാഴ്ചകള്‍ക്ക് അറുതിയുണ്ടാക്കില്ലെന്നു വിളിച്ചു പറയുന്നതില്‍ നമ്മുടെ രാജ്യത്തെ ഭക്ഷ്യ പൊതുമേഖലാ സ്ഥാപനങ്ങളും ഭരണാധികാരികളും ഒരിയ്ക്കല്‍ക്കൂടി വിജയിച്ചിരിയ്ക്കുന്നു. വിലക്കയറ്റം വിഷമിപ്പിയ്ക്കുന്ന പാവങ്ങളുടെ നാട്ടില്‍ ചീഞ്ഞു കേടായ ഭക്ഷ്യ ധാന്യത്തിന്റെ അളവുകേട്ടാല്‍ ഇന്ത്യയില്‍ ഒരു പൊതുവിതരണ സമ്പ്രദായം നിലവിലുണ്ടോയെന്നു സംശയിച്ചുപോകും. രാജ്യത്തെ ഒന്നരക്കോടി ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം സുഭിക്ഷമായി ഭക്ഷിയ്ക്കാമായിരുന്ന നൂറ്റി‌എണ്‍പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സര്‍ക്കാര്‍‌ ഗോഡൌണുകളില്‍ ചീഞ്ഞു നശിച്ചതായി കണ്ടെത്തിയിരിയ്ക്കുന്നു. ഒരു നേരത്തെ ഭക്ഷണം‌പോലും നേരേ ലഭിയ്ക്കാത്ത പാവങ്ങള്‍ക്ക് ഇതു സമയത്തിനു വിതരണം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മതിയായ സംരക്ഷണം ഇല്ലാത്ത കാരണത്താല്‍ ഈ വര്‍ഷവും ഭീമമായ അളവില്‍ ഭക്ഷ്യധാന്യം കേടുവരുമെന്ന് എഫ്‌സി‌ഐ അറിയിച്ചിരിയ്ക്കുന്നു. കാലിത്തീറ്റയ്ക്കുപോലും ഉപയോഗിയ്ക്കാന്‍ കഴിയാതെ കുഴിച്ചുമൂടിയ ഭക്ഷ്യധാന്യത്തിന്റെ വിശദ വിവരങ്ങള്‍ നമ്മെ ഞെട്ടിപ്പിയ്ക്കുന്ന വിധത്തിലുള്ളതാണ്.

നെല്ലും അരിയും ഗോതമ്പും ചോളവുമുള്‍പ്പടെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഈ വര്‍ഷവും ഇതിനകം തന്നെ ചീഞ്ഞുനശിച്ചു കഴിഞ്ഞുവത്രെ. ടാര്‍പോളിന്‍ പോലും മൂടാതെ വെയിലും മഴയുമേറ്റ് പഞ്ചാബിലെ എഫ്‌സി‌ഐ ഗോഡൌണുകളില്‍ കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങല്‍ പുഴുതിന്നും ചിഞ്ഞും നശിച്ചുകഴിഞ്ഞു. കേടുവരുന്നതിനുമുമ്പ് പരമാവധി വിലകുറച്ച് ഇതു വിതരണം ചെയ്തിരുന്നെങ്കില്‍ രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയ്ക്ക് അല്‍പ്പമെങ്കിലും കുറവു കണ്ടേനെ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ വിതരണം നടത്താനുള്ള എഫ്‌സി‌ഐയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ലോകത്തെ പട്ടിണിപ്പാവങ്ങളില്‍ പകുതിയും ഇന്ത്യയിലാണെന്നാണു കാഴ്ചപ്പാട്. കാര്യങ്ങള്‍ അങ്ങനെയായിരിയ്ക്കെ ഭക്ഷ്യധാന്യം ഇങ്ങനെ കേടുവന്നു നശിയ്ക്കുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിയ്ക്കാതെ വയ്യ. വിലക്കയറ്റത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരുടെ ശ്രദ്ധ ഈ ദിശയിലേയ്ക്കു കൂടി സഞ്ചരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വളരെ ശക്തമായിത്തന്നെ പ്രതികരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വെറുതേ നശിച്ചുപോകുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്കു വിതരണം നടത്തുന്നതിനു പ്രവര്‍ത്തനങ്ങളുണ്ടാവണം. ഒരുവശത്തു വിശപ്പിന്റെ വിളിയുയരുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം നശിയ്ക്കുന്ന അവസ്ഥ അത്യന്തം സങ്കടകരമാണ്. പോഷകാഹാരം അന്യമായ ജനവിഭാഗങ്ങളില്‍ ഇരുപതു ശതമാനവും ഇന്ത്യയിലാണെന്നത് ഓര്‍ക്കണം. മാത്രമല്ല, ആ വിഭാഗത്തിലെ 43% കുട്ടികളും ഇന്ത്യയില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യധാന്യം ഇങ്ങനെ നശിയ്ക്കുന്നതിനു എന്തുകാരണം പറഞ്ഞാലും അതിനെ ന്യായികരിയ്ക്കാനാവില്ല. രാജ്യത്തെ ജനങ്ങള്‍ക്കു ഭക്ഷണം എത്തിയ്ക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കു തന്നെയാണ്. അതു നശിയ്ക്കാതെ സൂക്ഷിയ്ക്കലും അവരുടെ ബാധ്യതയാണ്. നാലുപേരറിയുമ്പോള്‍ രണ്ടാളെ സസ്പെന്റുചെയ്ത് മാനം കാക്കാന്‍ ശ്രമിയ്ക്കുന്ന നടപടികള്‍ മലര്‍ന്നുകിടന്നു തുപ്പുന്നതിനു സമമാണ്.

പഞ്ചാബിലെ ജലന്തറില്‍ എഫ്‌സി‌ഐ ഗോഡൌണില്‍ മഴയും വെയിലുമേറ്റു നശിയ്ക്കുന്ന ഗോതമ്പു ചാക്കുകള്‍. (ചിത്രം മാധ്യമത്തില്‍ നിന്ന്)

രാജ്യത്തെ അഞ്ചു മേഖലകളിലായി 257 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനം എഫ്‌സി‌ഐയ്ക്കുണ്ട്. പലയിടത്തും സംഭരണശേഷി കവിഞ്ഞിട്ടില്ലെന്നതാണു സത്യവും. ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഇത്രയധികം കരുതല്‍ ശേഖരം നമുക്കുണ്ടായിരിയ്ക്കെ എത്രയും പെട്ടെന്ന് അര്‍ഹതയുള്ളവര്‍ക്കു വിതരണം ചെയ്യാന്‍ എന്തിനു മടിയ്ക്കണം? ലോകത്തിലെ ഏറ്റവും വലുതെന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ പൊതുവിതരണ രംഗത്തിന്റെ ഭാഗമായ റേഷന്‍ കടകളുടെ ഇന്നത്തെ ശോചനീയമാ‍യ സ്ഥിതിയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം സംഭവിയ്ക്കുമെങ്കില്‍ അതു സംഭവിയ്ക്കട്ടെ. ഇങ്ങനെ അറുത്തകൈയ്ക്ക് ഉപ്പിടാത്ത പുണ്യവാളന്മാരായി നമ്മുടെ ഭരണ വിതരണ സംവിധാനം തുടരുന്നത് അപമാനം തന്നെയാണ്. ഭക്ഷണത്തെ ദൈവത്തിനു സമം നിര്‍ത്തുന്ന സമൂഹത്തില്‍ തന്നെ ഇങ്ങനെ സംഭവിയ്ക്കുന്നതാണ് അത്ഭുതം!

  2 comments:

  1. ഈ സ്ഥാപനത്തില്‍ ആദ്യമായി ജോലിയില്‍ കയറുമ്പോള്‍ ചെരുപ്പിട്ട് ഗോഡൌണിനകത്ത് നടക്കാന്‍ പോലും മനസ്സു സമ്മതിച്ചിരുന്നില്ല.പിന്നെ കൂടുതല്‍ കണ്ടപ്പോള്‍ ആ മരവിപ്പെല്ലാം പോയി. 32 വര്‍ഷത്തെ യാന്ത്രിക ജീവിതത്തിനു ശേഷം ഇപ്പോള്‍ തെല്ലൊരശ്വാസം തോന്നുന്നു. ഉന്നതങ്ങളിലെ പിടിപ്പു കേടു കൊണ്ട് ഇങ്ങനെ പല നഷ്ടങ്ങളും സംഭവിക്കുന്നുണ്ട്. മൊത്തത്തില്‍ ഒരഴിച്ചു പണി നടത്തിയാലേ ഇതിനൊക്കെ പരിഹാരമുള്ളൂ.പക്ഷെ അതിനൊക്കെ ആര്‍ക്കുണ്ട് സമയം?

    ReplyDelete

Popular Posts

Recent Posts

Blog Archive